പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള തുറവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

അല്‌പം ആത്മകഥാംശം ക്ഷമിക്കുക. 1970-ൽ ആണ്‌, ഇംഗ്ലണ്ടിൽ നിന്ന്‌ ബോംബെക്ക്‌ പറക്കവേ, ഒരു സെക്കന്റ്‌ ഹാന്റ്‌ ക്യാമറയുപയോഗിച്ച്‌ മുകളിൽ നിന്ന്‌ വെള്ളിമേഘക്കൂട്ടങ്ങളുടെ കുറേ പടങ്ങളെടുത്തു. വീട്ടിലുള്ളവരെ കാണിച്ച്‌ അത്ഭുതപ്പെടുത്തണം. പ്രിന്റെടുക്കാൻ ഫിലിം സ്‌റ്റുഡിയോവിൽ കൊണ്ടുപോയി കൊടുത്തിട്ട്‌, വലിയ പ്രതീക്ഷയോടെ പടങ്ങൾ വാങ്ങാൻ ചെന്നപ്പോൾ ഉണ്ടായത്‌ ഒരു ഞെട്ടലാണ്‌ - ഫിലിമിൽ ഒന്നും പതിഞ്ഞിരുന്നില്ലത്രേ. ക്യാമറായ്‌ക്കുള്ളിൽ അത്‌ കറങ്ങിയതേയില്ല! അന്നു തുടങ്ങിയതാണ്‌ ഫോട്ടോഗ്രാഫിയിലുള്ള വാശിയേറിയ താല്‌പര്യം. നന്നായി പടമെടുക്കാൻ മാത്രമല്ല, ഡാർക്ക്‌റൂമിലെ പണികളെല്ലാം പഠിച്ചെടുത്തു. സൗകര്യമൊത്തുവന്നപ്പോൾ ഒന്നാന്തരം ക്യാമറകൾ വാങ്ങി. ഒത്തിരി പണം ഈ ഹോബിക്കായി ചെലവാക്കി. എന്നാൽ, ഏതാണ്ട്‌ പത്ത്‌ കൊല്ലം മുമ്പ്‌, ഈ ഹരത്തിൽ നിന്ന്‌ ഞാൻ സ്വയം മോചിപ്പിച്ചു. ഫോട്ടോകൾ മാത്രമല്ല, കൈവശമുണ്ടായിരുന്ന, കലാമൂല്യമുള്ള പടങ്ങളുടെ ഒരു വലിയ ശേഖരവും ഞാനുപേക്ഷിച്ചു. ഒക്കെ ചവറ്റുകുട്ടയിൽ. എന്തിനായി ഇവയെല്ലാം ഞാൻ സൂക്ഷിക്കണം എന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരം എനിക്കില്ലായിരുന്നു. എന്തുകൊണ്ട്‌ ഞാൻ തന്നെ, അല്ലെങ്കിൽ മറ്റാരെങ്കിലും, ഇങ്ങനെ നേരത്തേ ഒന്ന്‌ ചോദിച്ചില്ല എന്നത്‌ മാത്രമായിരുന്നു ബാക്കിയായ എന്റെ സങ്കടം.

ഞാനുപയോഗിക്കുന്ന, അല്ലെങ്കിൽ ഉപയോഗിക്കാനാഗ്രഹിക്കുന്ന എന്തിന്റെയും നേരേ ഈ ചോദ്യമെറിയുക അതോടെ ഞാനൊരു തഴക്കമാക്കി. ഉത്തരം തൃപ്‌തികരമല്ലെങ്കിൽ, ആ വസ്‌തു എനിക്കുതകുന്നതല്ല, എന്റെ മനസ്സിലെയും വീട്ടിലെയും ഇടത്തെ ദുഷിപ്പിക്കാനെ അതിടയാക്കൂ എന്നു ഞാൻ വിശ്വസിച്ചു. ഒരു വലിയ സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള തുറവ്‌ ഞാൻ കണ്ടെത്തുകയായിരുന്നു.

കാണാൻ യോഗ്യതയുള്ളതുമായി നേർക്കുനേർ വരുമ്പോൾ, കൈയിൽ ഒരു ക്യാമറ ഇല്ലാതിരിക്കുന്നത്‌, ഒരു വലിയ നേട്ടമാണ്‌. അപ്പോൾ നമ്മുടെ ശ്രദ്ധ കാഴ്‌ചയിലാണ്‌. അതിന്റെ പടമെടുത്തു സൂക്ഷിക്കുന്നതിലല്ല. ക്യാമറ കൈയിലുള്ളപ്പോൾ, കാഴ്‌ച നാം ആ ഉപകരണത്തിന്‌ വിടുന്നു. പടമെടുത്താൽ, അത്‌ സ്‌ഥിരമായി കൈവശമുണ്ടാകുമല്ലോ, എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നത്‌, സത്യത്തിൽ വ്യർത്ഥയുക്തിയാണ്‌. നമുക്കഭിമുഖമായി നിന്നിരുന്നതെന്തോ, അതിന്റെ വിലയും പ്രാധാന്യവും ആ നിമിഷത്തിലെപ്പോലെ പിന്നീടുണ്ടാവില്ല. അതു കാണാനുള്ള അവസരം പണ്ടേ പൊയ്‌പ്പോയി; ഒരു പക്ഷേ, അതു നമുക്ക്‌ നിത്യമായി നഷ്‌ടപ്പെട്ടു കഴിഞ്ഞു. ഒരു വസ്‌തുവിനോടുണ്ടാകേണ്ട പാരസ്‌പര്യം അതിന്റെ പടത്തിന്റെ, വേറൊരു സാദൃശ്യത്തിന്റെ, സാന്നിധ്യത്തിൽ ഒരിക്കലും സംഭവിക്കുകയില്ല. ഇതാർക്കും പരീക്ഷിച്ചുനോക്കാം. സുന്ദരമായ ഒരു പൂവിനു മുമ്പിൽ വെറുംകൈയ്യോടെയും, അതിന്‌ ശേഷം അതിന്റെ പടമെടുക്കാനായി ഒരു ക്യാമറയുമായും ചെന്ന്‌ നില്‌ക്കുക. എന്ത്‌ സംഭവിക്കുന്നു എന്നു സ്വയം നിരീക്ഷിക്കുക.

ഉപഭോഗത്തിന്റെ കയറിപ്പിടുത്തമാണ്‌ ഇന്നെവിടെയും. വീടിനകത്തും പുറത്തും പാഴ്‌വസ്‌തുക്കൾ കുന്നുകൂടുന്നു. വെറും ഇടകൊല്ലികളല്ലവ. മനസ്സിനുള്ളിൽ ഇടവും അവ നശിപ്പിക്കുന്നു എന്നതാണ്‌ ഏറ്റവും പരിതാപകരം. വേണ്ടാത്തതു വേണ്ടെന്നുവയ്‌ക്കാനുള്ള കഴിവാണ്‌ പക്വതയുടെ പ്രഥമ ലക്ഷണങ്ങളിലൊന്ന്‌.

സക്കറിയാസ്‌ നെടുങ്കനാൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.