പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഭിഷഗ്വരന്റെ സ്‌മരണകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷോത്തമൻ. കെ.കെ

ആശുപത്രിയുടെ കൂറ്റൻ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു വലത്തോട്ട്‌ തിരിഞ്ഞു കാറ്‌ ഞാവൽ മരത്തിന്റെ അരികിലോട്ട്‌ പാർക്ക്‌ ചെയ്‌തു. ഉച്ചയാവുമ്പോഴേക്ക്‌ ഇവിടെ തീരെ വെയിൽ വീഴില്ല. ഒരു കുഴപ്പമേയുള്ളൂ. കാറിനു മുകളിലേക്ക്‌ പഴുത്തു വീഴുന്ന ഞാവൽ പഴങ്ങൾ. ചില ദിവസങ്ങളിൽ കാറിനു പുറത്തും ചില്ലിലും നിറയെ വയലറ്റ്‌ പൊട്ടു തൊട്ടിട്ടുണ്ടാവും. ഈ കാമ്പസ്‌ നിറയെ ഞാവൽ മരങ്ങളാണ്‌. ഉണങ്ങി വീണ ഇലകൾ ഒരു കിടക്കയുടെ കനത്തിലായിരിക്കുന്നു, ഇലകളിലും മണ്ണിലും ഞാവൽ പഴത്തിന്റെ വയലറ്റ്‌ നിറം. കാർ ലോക്ക്‌ ചെയ്‌തു വെറും കൈയും വീശി കിഴക്കേ പ്രവേശന കവാടത്തിലേക്ക്‌ നടന്നു പോകുമ്പോൾ ആരോ ചോദിക്കും പോലെ തോന്നി. "where is your over coat. where are your shoes. Are you a medical studentഃ വർഷങ്ങൾക്കു അപ്പുറത്ത്‌ നിന്നു, ഒരു ഗുരുനാഥന്റെ വാക്കുകൾ, വിദ്യാർത്ഥി ജീവിത്തിലെ, ഒരു ദിവസം ഓവർ കോട്ട്‌ ധരിക്കാതെ വാർഡിൽ വന്ന ദിവസം.“ ഒരു ഭിഷാഗ്വരന്റെ വാക്കിലും നോക്കിലും വസ്‌ത്ര ധാരണത്തിലും പ്രാധാന്യമുണ്ട്‌, അത്‌ രോഗിക്ക്‌ നമ്മളിലുള്ള വിശ്വാസം കൂട്ടും. വിശ്വാസമാണ്‌ പകുതി.” മണ്മറഞ്ഞു പോയ അദ്ദേഹത്തിന്റെ ആത്‌മാവ്‌ പൊറുക്കില്ല. "you are professor in a big institution, do you think you are a good modelഃ വിദ്യാർത്ഥികൾക്ക്‌ മുഴുവൻ മാതൃക ആവണം, ജീവിതത്തിലും കെട്ടിലും മട്ടിലും. സീ ബീ സീ സാറും, സഹദേവൻ സാറും കൃത്യം എട്ടു മണിക്ക്‌ കാറിൽ വന്നിറങ്ങി വാർഡിലേക്ക്‌ നടന്നു പോകുന്നത്‌ നോക്കി നിന്നത്‌. ചുളിവുകൾ വീഴാതെ ഓവർ കോട്ടിട്ടു, ടൈ കെട്ടി, കറുത്ത്‌ മിനുങ്ങുന്ന ഷൂ, കൈയിലെ സൂട്ട്‌കേസും ഫ്ലാസ്‌കും. സായിപ്പിന്റെ രീതികൾ അവരുടെ തലമുറ ന്യായീകരിച്ചിരുന്നു. എല്ലാവരും സായിപ്പിന്റെ നാട്ടിലെ വലിയ ഡിഗ്രികൾ നേടി വന്നവർ. മനസ്സ്‌ കൊണ്ടു ആ രീതിയോട്‌ വിയോജിപ്പാണ്‌. അവരിൽ നിന്നും പകർന്നു കിട്ടിയ അറിവും അനുഭവങ്ങളും ഒരുപാട്‌ നന്മകൾക്കും മുൻപിൽ അവരുടെ അഭിപ്രായത്തോടുള്ള, അവരുടെ രീതികളോടുള്ള വിയോജിപ്പ്‌ അലിഞ്ഞു പോകുന്നു. ആ ഓർമകൾക്ക്‌ മുൻപിൽ നമിച്ചതോ, അതോ കുറ്റബോധം കൊണ്ടോ മുൻപോട്ടു നടന്നത്‌ തല കുനിച്ചായിരുന്നു.

അലുമിനിയ ഫ്രൈമിൽ കട്ടിയുള്ള കണ്ണാടി ചില്ലുകൾ, തുറന്നാൽ തനിയെ അടയുന്ന വാതിലുകൾ, പുതിയ കെട്ടിടത്തിൽ ഓ പീ വിഭാഗത്തിലേക്കുള്ള പ്രവേശനം രാജകീയം, പക്ഷെ ഓ പീ ടിക്കറ്റിനു വരിയിൽ നില്‌ക്കുമ്പോൾ തളർന്നു വീണാൽ പോലും ഒന്നിരിക്കാൻ ഇരിപ്പിടങ്ങൾ കുറവ്‌. സർക്കാർ കാര്യങ്ങൾ അങ്ങനെയാണ്‌. ആനയെ വാങ്ങാം, തോട്ടി ഇല്ലെങ്കിലെന്താ. ഓ പീ ടിക്കറ്റിനുള്ള വരി എട്ടു മണി ആവുമ്പോൾ തന്നെ നീണ്ടു നീണ്ടു വന്നു ഒന്നാം നിലയിലേക്ക്‌ നടന്നു പോകാനുള്ള വഴി തടസ്സപ്പെടുന്നുണ്ടായിരുന്നു. വരിക്കടുത്തെത്തിയപ്പോ സ്‌നേഹ ബഹുമാനങ്ങൾ, നിശബ്‌ദമായ ചലനങ്ങൾ, വരിയിൽ താനേ വിടവുണ്ടായി. കടന്നു പോകാൻ ഇടം കിട്ടി, ഒന്നാം നിലയിലേക്ക്‌ കയറാനുള്ള കോണിപടികളിലേക്ക്‌ ഇത്തിരി ധൃതിയിലാണ്‌ നടന്നത്‌. വരിയിൽ നിന്നിരുന്ന ഒരാൾ വരി വിട്ടു ഇത്തിരി നേരം എന്റെ പുറകെ വന്നതും ഒപ്പം എത്താതെ തിരികെ വരിയിലേക്ക്‌ ചേർന്നതും ശ്രദ്ധിച്ചു. നേരിയ മുഖ പരിചയം ഓർത്തെടുക്കാൻ പറ്റിയില്ല.

ഹാജർ പുസ്‌തകത്തിൽ ആദ്യത്തെ ഒപ്പ്‌ എന്നത്തേയും പോലെ എന്റേത്‌ തന്നെ. തലേ ദിവസം വന്ന സർക്കുലറുകൾ വായിച്ചും കുറിപ്പുകൾ തയ്യാറാക്കിയും മേശക്കു പുറകിൽ തന്നെ ചടഞ്ഞിരുന്നു. വൈകി എത്തുന്നവരെ, ഉഴപ്പന്മാരെ നേർവഴി നടത്താൻ. എട്ടരക്ക്‌ ശേഷം ഒപ്പിടാൻ അനുവദിക്കില്ല. ഹാജർ പുസ്‌തകം മാറ്റി വെക്കും എന്നാണ്‌ വെപ്പ്‌. ഒരിക്കലും നടപ്പാക്കിയിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ബാലൻ മാഷിന്റെ കൈയിൽ പിടിച്ച ചൂരൽ, ആരെയും അടിച്ചതായി ഓർമയിൽ ഇല്ല. അച്ചടക്കം നടപ്പാക്കാൻ ചൂരൽ കൈയിൽ ഉണ്ടായാൽ മതി എന്ന മാഷിൽ നിന്നു പഠിച്ചു.

സീരിയസ്‌ ആയ കേസുകൾ കണ്ടതിനു ശേഷം, വാർഡിൽ അത്യാവശ്യം വേണ്ട കാര്യങ്ങളെപറ്റി അന്വേഷിച്ചു, തലേന്നത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചതിന്‌ ശേഷമേ ഓ പി യിലേക്ക്‌ പോകാൻ പറ്റൂ. പ്രൊഫസ്സറെ തന്നെ കാണണം, മറ്റാരെയും കാട്ടരുത്‌ എന്ന നിർബന്ധം ഉള്ള കൂട്ടർ, പുറമേ നിന്നു റെഫർ ചെയ്‌തു വരുന്നവർ കാത്തു നിൽക്കും.

നാലാം നിലയിൽ ലുകെമിയ കിടത്തി ചികിത്സിക്കുന്ന സ്‌പെഷ്യൽ റൂമിൽ റോസ്‌മേരിയെ കാണണം, ഇന്നലത്തെ കൗണ്ട്‌ കുറവായിരുന്നോ, എന്ന്‌ കീമോ തെറാപ്പി കൊടുക്കാൻ പറ്റുമോ എന്ന്‌ നോക്കണം, സോപ്പ്‌ ഇട്ടു കൈ കഴുകി, മാസ്‌ക്‌ ധരിച്ചു റൂമിൽ കയറിയപ്പോ തീരെ പ്രതീക്ഷിക്കാത്ത പോലെ എല്ലാരുടെ മുഖത്തും അമ്പരപ്പ്‌. ഈ നേരം ഞാൻ വരും എന്ന്‌ കരുതിയില്ല. റോസ്‌ മേരിയുടെ അമ്മ ഫിഷ്‌ ടാങ്കിൽ വെള്ളം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌. മൂന്നും നാലും മാസം മറ്റാരുമായും സഹാവാസമില്ലാത്തവർക്ക്‌ മാനസികോല്ലാസത്തിന്‌, പുസ്‌തകങ്ങളും പാട്ടും, ടി.വി ചാനലിലെ പാട്ടും കാർട്ടൂണുകളും ഒരുക്കിയിട്ടുണ്ട്‌. ഫിഷ്‌ടാങ്കും നീന്തി കളിക്കുന്ന സ്വർണ മത്സ്യങ്ങളും റൂമിലേക്ക്‌ സമ്മാനമായി കിട്ടിയതാണ്‌. അതിന്റെ പുറകിലെ കഥ ഇവർക്കറിയില്ല. ചുവരിൽ മിക്കി മൗസും ടോമും ജെറിയും. ഒരുപാട്‌ രാത്രികൾ ചിലവഴിച്ചു വരച്ചു വെച്ചത്‌ കഴിഞ്ഞ ബാച്ച്‌ ഹൗസ്‌ സർജൻസി കഴിഞ്ഞു പോയ നജീബ്‌, പെയിന്റ്‌ ചെയ്യുന്ന ഡോക്‌ടർ ചേട്ടന്‌ ഉയരത്തിലേക്ക്‌ പെയിന്റ്‌ പാത്രം പിടിച്ചു കൊടുത്തു കൊച്ചനിയന്മാർ രാവു പകലാക്കി ചെയ്‌ത ചുവർ ചിത്രങ്ങൾ. അതിനിടയിൽ സ്വന്തം പേരെഴുതി വെച്ച വിഷ്‌ണു, കഴിഞ്ഞ മാസം ചികിത്സ മുഴുമിപ്പിച്ചു, ഈ കൊല്ലം ക്ലാസ്സിൽ പോകുന്നു.

ഇപ്പോൾ നാല്‌ പേരാണ്‌ മുറിയിൽ, അവരുടെ അമ്മമാരും, റോസ്‌ മേരി ഒഴികെ എല്ലാരും കൈയിൽ കത്രികയും, കടലാസും, കളർ പെൻസിലും ഒക്കെയായി എന്തോ വലിയ തയ്യാറെടുപ്പിലായിരുന്നു. റോസ്‌ മേരി മാത്രം എല്ലാം നോക്കി കൊണ്ടു ആസ്വദിച്ചു കിടപ്പാണ്‌. എന്നെ കണ്ട പാടെ അമ്മമാരും മക്കളും മാസ്‌കിനു തിരച്ചിലായി, കടലാസുകളും കത്രികയും കിടക്കക്കടിയിലേക്ക്‌ കാണാതായി. എന്റെ മുഖത്തെ ഗൗരവം ഒരു ചിരിയായി മാറി. പിന്നെ ആ ചിരി അലയായി നിറമുള്ള ചിത്രങ്ങളിലേക്ക്‌ കുസൃതികളിലേക്ക്‌ ഞങ്ങൾ ഒരു മനസ്സായി ഒരുമിച്ചു. പുറം ലോകത്തിന്റെ വർണ ഭംഗികൾ നിഷേധിക്കപ്പെട്ട കുട്ടികൾ, കുട്ടികളുടെ മനസ്സുള്ള കുറെ പേരും കൂടി ഒരു കൊച്ചു കളിപ്പന്തലിനകത്തു, ഒരിക്കൽ കൂടി കണ്ണൻ ചിരട്ടയും ചോറും കറിയും പങ്കുവെക്കുന്ന നിമിഷങ്ങളിലേക്ക്‌.

“എല്ലാവരും കൂടി തയ്യാറെടുപ്പിലാണ്‌ സാറേ. അടുത്താഴ്‌ച ദീപാവലിക്ക്‌ വേണ്ടി.”

അപ്പോഴാണ്‌ ഓർത്തത്‌, കഴിഞ്ഞ എട്ടു വർഷമായി മുടങ്ങാതെ നടത്തുന്ന കൂട്ടായ്‌മ. കഴിഞ്ഞ ഇരുപതു വർഷമായി ഈ രോഗം മാറിപ്പോയവരും ഇപ്പോ ചികിത്സയിലുള്ളവരും, വിദ്യാർത്ഥികളും, ചികിത്സകരും കൂടി ഒരു ദിവസത്തെ ഒത്തു കൂടൽ. വർഷങ്ങൾക്കു മുൻപ്‌ ചികിത്സ കഴിഞ്ഞ ധന്യ, മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്‌, ബിജു നല്ലൊരു ആശാരിയാണ്‌, ഷിന്റോ കഴിഞ്ഞ ദീപാവലിക്ക്‌ വന്നത്‌ നവ വധുവിനെയും കൊണ്ടാണ്‌, അവന്റെ കല്യാണ ആൽബവും കൊണ്ട്‌. ജീവിതത്തിന്റെ ഒരു മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഓർമ്മകൾ, ആരുടെ മനസ്സിലെ ചിത്രങ്ങൾക്കാണ്‌ കൂടുതൽ മിഴിവ്‌. ഒരു ദിവസം പാട്ടും നൃത്തവും, കഥാപ്രസംഗവും കഴിയുമ്പോൾ കഴിഞ്ഞ വർഷത്തെ കഥാകാരന്മാരിൽ ചിലരെ കൂട്ടത്തിൽ കാണാതെ കണ്ണുകൾ തേടി നടക്കുന്നതും, കണ്ണീരിന്റെ നനവും വിതുമ്പലും പാട്ടിൽ അലിഞ്ഞു പോകുന്നതും തിരിച്ചു നടന്നപ്പോഴാണ്‌ റോസ്‌ മേരി ചോദിച്ചത്‌ സാറേ അർച്ചന ചേച്ചി എന്നാ ഇനി വരുന്നത്‌. ചേച്ചിക്കൊപ്പം ചിലവഴിച്ച ഒരാഴ്‌ച അവളെ ചേച്ചിയുടെ ഒരു ആരാധിക ആക്കിയിരുന്നു. കഥയും കടം കഥയും, പ്രസംഗവും, കഥാ പുസ്‌തകങ്ങളിലെ, ചുണ്ടനെലിയെ വഴി കാട്ടാൻ, പ്രശ്‌നോത്തരികൾക്ക്‌ ഉത്തരം കാണാൻ, എത്ര പെട്ടെന്നാണ്‌ ചേച്ചി ഓരോന്നിന്റെ ചുരുളഴിക്കുന്നത്‌. നല്ല മാതിരി നൃത്തം ചെയ്യുമായിരുന്നു. ഭരനാട്യം, കുച്ചിപുടി, എന്നൊക്കെ ചേച്ചി പറഞ്ഞാണ്‌ അറിയുന്നത്‌. ആൽബവും കാട്ടിതന്നിട്ടുണ്ട്‌. കഴിഞ്ഞ വാർഷികോൽസവത്തിന്റെ നാൾ.

“വരും, ഞാൻ വിളിച്ചു ചോദിക്കാം.”

ഒരു മാസം മുൻപൊരു ഓ പീ ദിവസം വന്നതാണ്‌ അർച്ചന, എട്ടാം ക്ലാസ്സുകാരി മിടുക്കി, ഒന്ന്‌ വീണതാ സ്‌കൂ​‍ൂളിൽ, പേരിനൊരു നീരുണ്ടായിരുന്നു. ഒരാഴ്‌ച കൊണ്ടു മുട്ടിനു താഴെ വേദനിക്കുന്ന മുഴ. എക്‌സറേ കണ്ടപ്പോ തീർച്ചയായി, osteo saarcoma, ഇവിടെ ചികിത്സിക്കാൻ പറ്റില്ല. റെഫർ ചെയ്യേണ്ടിവരും. രോഗം ഉറപ്പാക്കാനുള്ളതും അടിസ്‌ഥാന രീതിയിലുള്ള പരിശോധനകളും ചെയ്‌തു റെഫർ ചെയ്യാം ഒറ്റയടിക്ക്‌ രോഗവിവരം രക്ഷിതാക്കളെ അറിയിക്കാനും ബുദ്ധിമുട്ടുണ്ട്‌. കൂടെയുള്ള വിദ്യാർത്ഥികൾക്ക്‌ അറിവ്‌ പകർന്നു കൊടുത്തു. "so far no spread, she ll get a cure with കീമോതെറാപി ആന്റ്‌ above knee amputation. പൂർണമായി ഒരധ്യാപകൻ മാത്രമായിരുന്നു ഞാൻ അപ്പോൾ. രോഗ നിർണയവും പരിശോധനകളും കഴിഞ്ഞു റെഫർ ചെയ്യാനെടുത്ത ദിവസങ്ങൾക്കുള്ളിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി അർച്ചന.

“പുറത്തെക്കിറങ്ങിയപ്പോൾ, കൂടെയുള്ള പി.ജി ലളിതയോടു ചോദിച്ചു, ”രണ്ടാഴ്‌ച ആയില്ലേ അർച്ചനയെ ആർ സീ സിയിൽ വിട്ടിട്ടു. വിളിച്ചു ചോദിച്ചോ എന്തായി എന്ന്‌“ സാർ രണ്ടു പ്രാവശ്യം ആർ സീ സിയിൽ മാഡത്തെ ഫോണിൽ ട്രൈ ചെയ്‌തു കിട്ടിയില്ല.”

ഓ പിയിൽ എത്തിയപ്പോൾ പത്തു മണി. കാത്തു കാത്തു മുഷിഞ്ഞവർ ആദ്യം ആദ്യം എത്താൻ വരി തെറ്റിച്ചപ്പോൾ, വരി നേരെയാകാൻ എടുത്തു ഒരഞ്ചു മിനിട്ട്‌. നോക്കി തുടങ്ങിയതേ ഉള്ളു, ഒരാൾ പുറകിൽ നിന്നു വരി തെറ്റിച്ചു മുന്നിലേക്ക്‌ കൂടെ നില്‌ക്കുന്നവരുടെ കശപിശ. വന്നയാളോട്‌ കയർത്തു, നിന്നിരുന്ന സ്‌ഥാനത്ത്‌ കൊണ്ടുപോയി നിർത്തിച്ചു, കാലത്ത്‌ എന്റെ പുറകിൽ വന്നയാൾ ആണെന്ന്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. ഗൗരവം വെടിയാതെ കസേരയിലേക്ക്‌ ചെന്നിരുന്നു. അയാൾ അര മണിക്കൂറിനു ശേഷം ക്യുവിൽ നിന്നും എന്റെ മുന്നിലെത്തി ഒരു കടലാസ്‌ എന്റെ മുൻപിൽ നിവർത്തിവെച്ചു.,

“കുട്ടി എവിടെ?”

“സാർ കുട്ടിയെ കൊണ്ടു വരാൻ പറ്റുന്ന കണ്ടീഷൻ അല്ല. ഞാൻ കുട്ടിയുടെ വിവരം പറയാൻ വന്നതായിരുന്നു. ഈ കടലാസ്‌ ഒന്ന്‌ സാറിനെ കാണിക്കുകയെ വേണ്ടിയിരുന്നുള്ളൂ.”

രാവിലെ എട്ടുമണിക്ക്‌ മുൻപ്‌ ക്യുവിൽ നിന്നു പതിനൊന്നു മണി വരെ ഒരു വിവരം പറയാൻ മാത്രം കാത്തിരിക്കേണ്ടി വന്ന ആളിനോട്‌ ക്ഷമാപണം ചെയ്യാൻ എന്റെ ദുരഭിമാനം സമ്മതിച്ചില്ല. ഉള്ളിൽ നേരിയ ഒരു കുറ്റബോധം തോന്നി. ആർ സീ സിയിലെ ഡിസ്‌ചാർജ്‌ സമ്മറി ആണ്‌. ഒരുപാട്‌ തവണ മടക്കിയും നിവർത്തിയും, ആ കടലാസ്‌ ഒരുപാട്‌ പഴക്കം തോന്നിയിരുന്നു, അവിടവിടെ നനവ്‌ കൊണ്ടു അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നു. ഡിസ്‌ചാർജ്‌ കാർഡ്‌ സൂക്ഷിച്ചു വെക്കാത്തതിനു ശകാരവർഷം പതിവാണ്‌, എന്തോ അപ്പോൾ അങ്ങനെ ചെയ്‌തില്ല.

"archana, 13 admitted on,..diagnosed as osteosarcoma... first course chemotheraphy give,. above knee amputation done, review after three weeks for second course." ആ വരികൾ വായിച്ചപ്പോൾ ഒരു നിമിഷം ഒരു മിന്നലേറ്റപോലെ. തിരിച്ചൊന്നും പറയാൻ വാക്കുകൾ ഇല്ലാതായി, ഡിസ്‌ചാർജ്‌ സമ്മറി കടലാസ്‌ എടുത്തു കൂടുതൽ ഒന്നും പറയാതെ പതിയെ അയാൾ പുറത്തേക്കു പോയി.

ഓ പീ യിൽ തിരക്കൊഴിയാൻ ഉച്ചയായി. ഉച്ച കഴിഞ്ഞു പ്രിൻസിപ്പൽ വിളിച്ച മീറ്റിങ്ങിനു പോകണം. അതിനു മുൻപ്‌ അഡ്‌മിറ്റ്‌ ചെയ്‌ത ബാഡ്‌ കേസുകൾ ഒന്ന്‌ കാണണം. വാർഡിലേക്ക്‌ തിരിഞ്ഞപ്പോൾ ആരെയോ കാത്തെന്ന പോലെ നില്‌ക്കുന്നു അയാൾ. വീണ്ടും അഭിമുഖീകരിക്കാൻ പറ്റാതെ മുഖം തിരിച്ചു വാർഡിലേക്ക്‌ നടന്നു.

“സാർ, ഞാൻ സാറിനെ കാത്തിരിക്കയായിരുന്നു, സാറിനോട്‌ മാത്രമായി ഒറ്റയ്‌ക്ക്‌ ഒരു കാര്യം പറയാൻ. ഒരുപാട്‌ പേരുടെ സഹായം കൊണ്ടാണ്‌ ഇവിടെ കാര്യങ്ങൾ നന്നായി ചെയ്യുന്നത്‌ എന്നെനിക്കറിയാം. എന്റെ മോളുടെ വകയായി സാറിത്‌ വെക്കണം, സാറിനു തോന്നുന്ന ആർക്കെങ്കിലും ഇത്‌ കൊടുക്കണം, എന്റെ മോൾക്ക്‌ കഴിഞ്ഞ പിറന്നാളിന്‌ അവളുടെ മുത്തശ്ശൻ സമ്മാനമായി കൊടുത്തതാണ്‌. ഇനി ഇതവൾക്ക്‌ വേണ്ടി വരില്ല.” കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി എന്റെ കൈയിൽ ഏൽപ്പിച്ചു, മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണ്‌ തുടച്ചു ധൃതിയിൽ കോണിപ്പടി ഇറങ്ങി പോയി അയാൾ. റൂമിലെത്തി, പൊതിയഴിച്ചു

രണ്ടു വെള്ളി പാദസരങ്ങൾ, മേശ പുറത്തേക്കു വീണു. ഒരു തേങ്ങലോടെ.

പുരുഷോത്തമൻ. കെ.കെ

തൃശൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജ്‌ ശിശു ചികിത്‌സാ വിഭാഗം മേധാവിയാണ്‌.


E-Mail: drpurushothaman.kk@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.