പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പ്രണയത്തിന്റെ രസതന്ത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. വേണു തോന്നയ്‌ക്കൽ

പ്രണയാതുരത അനുഭവിക്കാത്തവർ വിരളമാണ്‌. അനുരാഗം എന്നും പുത്തനാണ്‌. പേരമക്കൾക്ക്‌ ജന്മമേകിയ മുതുമുത്തശ്ശിക്കും മനസ്സിൽ മായാത്ത ഒരു പ്രണയകാലം ഓർമയിലെത്തി ഗൂഢം ചിരിക്കാനുണ്ടാവും.

പ്രണയത്തിന്‌ അതിന്റേതായ ഒരു ഭാഷയുണ്ട്‌. അത്മാവിന്റെ ഗന്ധത്തിൽ ചാലിച്ചെടുത്തതാണത്‌. ഹൃദയത്തിന്റെ ആഴത്തിൽ ഉറവ പൊട്ടുന്ന പ്രണയം പ്രണയഭാഷയുടെ മാസ്‌മരിക പ്രഭാവത്താൽ കാമുക(കി) ഹൃദയങ്ങളുമായി സംവദിക്കുന്നു.

അദ്യാനുരാഗം എന്നെന്നും ഓർക്കപ്പെടേണ്ടതാണ്‌. എനിക്കും നിങ്ങൾക്കും പല്ലൊഴിഞ്ഞ്‌ മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശിക്കും ഹൃദയതേൻകൂടിൽ ഇക്കിളിയിട്ട സൂക്ഷിക്കുന്ന ഒരു രഹസ്യമുണ്ട്‌ ഒരു സ്വകാര്യസൗഖ്യം. ആദ്യപ്രണയം. ആ സൗഖ്യവും നുണച്ചിറക്കി നാം ഒരു പാട്‌ കാലം ജീവിച്ചിരിക്കുന്നു.

നാം ഓർമകളുടെ ദാസരാണ്‌. നമ്മുടെ മനസ്സുകളിൽനിന്നും ഓർമകളുടെ കനൽ കെടുത്താനാവില്ല. അത്‌ നമ്മുടെ മസ്‌തിഷ്‌കപ്പുരയിൽ പടർന്നുകയറുകയാണ്‌. ഈ പ്രായത്തിലും ഓർമകൾ പുകഞ്ഞുകത്തുന്നു.

നിലാവിന്റെ കുളിർ സന്ധ്യകളിൽ സമൃദ്ധമായ ഏകാന്തതയിൽ കാമുകിയോടൊത്ത്‌ സല്ലപിച്ചതോർമയുണ്ടോ? പ്രണയം പൂത്ത നാളുകളിൽ നാം ആരെയൊക്കെ മനസ്സിലിട്ട്‌ ലാളിച്ചിരിക്കുന്നു. എത്രകാലം ആരോടും പറയാതെ കൊണ്ടുനടന്നിരിക്കുന്നു. ഒഴിവുകാലസന്ധ്യകളിൽ, തൊടിയിൽ പാമ്പുകൾ ഇണചേരുന്നത്‌ നോക്കിയിരിക്കുമ്പോഴും പറമ്പിൽ ചിത്രശലഭങ്ങൾ പറക്കുന്നത്‌ കണ്ടാനന്ദിക്കുമ്പോഴും മനസ്സു നിറയെ പ്രണയം ചാലിച്ച ചിത്രങ്ങളായിരുന്നു.

ഇഷ്‌ടമുള്ളവരോട്‌ ആഗ്രഹം തുറന്നുപറയാനാവാതെ വീർപ്പുമുട്ടിയ നിമിഷങ്ങൾ. അടുത്തു കണ്ടിട്ടും ഏറെനേരം സംസാരിച്ചിരിക്കും അക്കഥ മാത്രം പറയാൻ നാവ്‌ മടിച്ചിരിക്കുന്നു. എത്രവട്ടം കത്തുകൾ എഴുതി തന്റെ പ്രണയശില്‌പത്തിന്‌ നൽകാനാവാതെ ഒക്കെയും നശിപ്പിച്ചിരിക്കുന്നു. പിരിയുമ്പോൾപോലും ആഗ്രഹം പറയാനാവാത്തതോർത്ത്‌ ആരും കാണാതെ എത്രനേരം കരഞ്ഞിരിക്കുന്നു. തലയിണയെ പുണർന്ന്‌ കരഞ്ഞ്‌ ഉറക്കമില്ലാതായ രാവുകൾ. എന്തുമാത്രം കണ്ണുനീർ വെറുതെ ഒഴുക്കിക്കളഞ്ഞു. ഒടുവിൽ ഇഷ്‌ടമില്ലാത്ത പുരുഷന്റെ കൈ പിടിച്ച്‌ പോവുമ്പോൾ ഒന്നും ചെയ്യാനാവാതെ വിങ്ങിയതും മറക്കാനായിട്ടില്ല.

ലൗവ്‌ അറ്റ്‌ ഫസ്‌റ്റ്‌ സൈറ്റ്‌ എന്നുകേട്ടിട്ടുണ്ടാവും. ജീവിതത്തിൽ ആദ്യമായി കണ്ടതാണ്‌. കണ്ണുകളിലേക്കു നോക്കി നാലുകണ്ണുകൾ ഒരു നിമിഷം ഒന്നിടഞ്ഞു. ശരീരമാസകലം എന്തോ ഒന്ന്‌ തരിച്ചുകയറുന്നപോലെ അടിവയർ ഇക്കിളിയിട്ടുണരുന്നു. നിമിഷനേരംകൊണ്ട്‌ മോഹപരവശയായി. കാമത്തിന്റെ അഭിനിവേശം കത്തിപ്പടരുന്നു.

അപരിചിതന്റെ നോട്ടത്താൽ ഉരുകി മറിയുകയാണ്‌. അയാളുടെ ശരീരം, പിന്നെ മുഖം, കണ്ണുകൾ ഒക്കെയും മനസ്സിൽ നിന്ന്‌ മായുന്നില്ല. അപരിചതനായ ഒരു വ്യക്തിയോട്‌ പെട്ടെന്നുണ്ടായ ആർത്തിക്കുള്ള കാരണം? ഏതുതരം രസതന്ത്രമാണ്‌ ഇതിനു പിന്നിൽ പ്രവർത്തിച്ചത്‌? പ്രണയത്തിനും പിന്നെ അടങ്ങാത്ത മോഹത്തിനും കാമത്തിനും എന്താണ്‌ കാരണം? പ്രണയം കാമതൃപ്‌തിക്ക്‌ വഴിപ്പെടുമ്പോൾ പ്രണയതീവ്രത കുറയുമെങ്കിൽ അതിനുത്തരമെന്ത്‌? അവിടെ പ്രവർത്തിക്കുന്ന ആൽക്കെമിയുടെ ഉള്ളടക്കമെന്ത്‌?

ചില രൂപങ്ങൾ നമുക്ക്‌ ഇഷ്‌ടവും അനിഷ്‌ടവുമാവാം. തടിച്ച ശരീരം ചിലർ ഇഷ്‌ടപ്പെടുന്നു. തൊലി എല്ലോടൊട്ടിയ സ്‌ത്രീരൂപമാണ്‌ ചിലരുടെ സൗന്ദര്യസങ്കല്‌പം. മസ്സിലുകളുള്ള വിരിഞ്ഞ മാറാണ്‌ ചില പെൺകുട്ടികളുടെ ഇഷ്‌ടപുരുഷന്റെ രൂപം. ആരോഗ്യമുള്ള അധികം തടിക്കാത്ത ആകൃതിയൊത്ത പെൺശരീരം ആൺകുട്ടികൾ ഇഷ്‌ടപ്പെടുന്നു. മുഖസൗന്ദര്യത്തിലും ഇഷ്‌ടവും ഇഷ്‌ടക്കേടുമുണ്ട്‌.

കാഴ്‌ച ഒരു വലിയ ഘടകമാണ്‌. വിരലുകളുടെ നീളം, കൈക്കുഴയുടെ വലിപ്പം, ചുണ്ടുകളുടെ ആകൃതി, കണ്ണുകൾ, നിറം, തലമുടി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ പ്രണയരസതന്ത്രത്തിന്റെ കാഞ്ചി വലിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ഒരാളിലെ ‘ലൗ മാപ്പ്‌ രൂപപ്പെടുന്നത്‌ അയാൾ കുട്ടിയായിരിക്കുമ്പോഴാണ്‌. അതായത്‌ പ്രായം 5-നും 8-നും മദ്ധ്യേ. സ്വന്തം പിതാവിന്റെ സ്വാധീനം അക്കാര്യത്തിൽ പെൺകുട്ടികളിൽ അധികമാണ്‌. അതിനാൽ ഒരു പെൺകുട്ടിയെ സ്വാധീനിക്കാൻ സ്‌നേഹസമ്പന്നനായ പിതാവിനെ അനുകരിക്കുകയാണ്‌ എളുപ്പം.

നിയന്ത്രിതമായ സെക്‌സ്‌ ആണ്‌ പ്രണയത്തിന്റെ കാതൽ. പരസ്‌പരമടുക്കാനും സംഭോഗത്തിലേർപ്പെട്ട്‌ പ്രകൃതിയെ നിലനിർത്താനുമുള്ള ഒരു വിദ്യതന്നെയാണ്‌ പ്രണയം. കാമാവേശമുണരുമ്പോൾ എപ്പോഴും എവിടെവച്ചും രതിവിശേഷങ്ങളുടെ ഭാഗമാവാനനുവദിക്കുന്നതാണ്‌ നമ്മുടെ സമൂഹമെങ്കിൽ പ്രണയത്തിന്‌ നാം കാണുന്ന തീവ്രതയോ ആർത്തിയോ പവിത്രതയോ ലഭ്യമാകുമായിരുന്നില്ല. പ്രണയം കാമലഭ്യതയുടെ കഥയാണ്‌ പറയുന്നത്‌. നിയന്ത്രിത സെക്‌സിൽ പ്രണയം ഒരു മധുരമായി സൗരഭ്യമായി നമ്മുടെ മസ്‌തിഷ്‌കകോശങ്ങളെ ഇക്കിളിപ്പെടുത്തി മോഹവലയങ്ങളുടെ പ്രഭയിൽ ജ്വലിക്കുന്നു.

ആഹരിക്കുക, ജീവിക്കുക എന്നതാണ്‌ ജീവിതത്തെക്കുറിച്ച്‌ ചിലരെങ്കിലും ധരിക്കുന്നത്‌. നിലനിൽക്കുക, ജൈവവൈവിധ്യത്തിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട പരമ്പരകൾക്ക്‌ ജന്മമേകുക എന്നാണ്‌ പ്രകൃതി ആഗ്രഹിക്കുന്നത്‌. രോഗിയോ പട്ടിണിക്കാരനോ ഔഷധത്തെയോ ആഹാരത്തെയോ കുറിച്ച്‌ ചിന്തിക്കുമ്പോൾ അക്കാര്യങ്ങളിൽ നിന്നും മുക്തനായ ഒരാൾ ഇണയെക്കുറിച്ചും കാമത്തെക്കുറിച്ചും ചിന്തിക്കാനിഷ്‌ടപ്പെടുന്നു.

ശരീരത്തിൽ ലൈംഗിക ഹോർമോണുകളുടെ സ്വാധീനമറിയുന്നതിനു മുമ്പുതന്നെ ആൺകുട്ടികളിലും പെൺകുട്ടികളിലും ലൈംഗികചോദനയുടെ സ്വാധീനം ശ്രദ്ധേയമാണ്‌. എന്നാൽ ലൈംഗിക ഹോർമോണുകളുടെ വരവോടെ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നു. ലൈംഗികതയ്‌ക്ക്‌ ഉൽപ്രേരകമായി വർത്തിക്കുന്നത്‌ ഹോർമോണുകളാണ്‌. അതായത്‌, സെക്‌സ്‌ ഹോർമോണുകൾ; ഒപ്പം പരിസ്‌ഥിതിയും മനസ്സും.

ലൈംഗികത അഥവാ സെക്‌സ്‌ എന്നു പറയുന്നത്‌ ഒരു ജീവിയെ അതാക്കി നിലനിർത്തി പുത്തൻ തലമുറയെ വാർത്തെടുത്ത്‌ ജീവലോകത്ത്‌ തങ്ങളുടെ സാന്നിദ്ധ്യം പ്രഖ്യാപിച്ചുകൊണ്ട്‌ നിലനിൽക്കാനുള്ള ഒരഭൗമപ്രതിഭാസമാണ്‌. അതിന്റെ ആക്‌ടീവ്‌ ഭാഗമാണ്‌ കാമം. കാമം ലൈംഗികേച്ഛയുടെ മുഖമാണ്‌. ആ മുഖത്തിന്‌ ശോഭയേറ്റുന്നതാണ്‌ പ്രണയം. കാമത്തിന്റെ പൂർവരംഗം പ്രണയമാണ്‌.

വിരുദ്ധ സെക്‌സിലുള്ളവർക്ക്‌ പരസ്‌പരമടുക്കാനുള്ള പടമരമാണ്‌ പ്രണയം. പ്രണയാഗ്നി കാമത്തെ ശരീരവുമായി ഇണക്കിച്ചേർക്കുന്നു. പൂവിന്റെ മുഗ്‌ദ്ധത വണ്ടിനെ വരുത്താനെന്നപോലെ പ്രണയത്തിന്റെ നൈർമല്യത കാമത്തിന്‌ വഴിതുറക്കുന്നു. സ്‌ത്രീപുരുഷ ബന്ധങ്ങൾ കൂടുതൽ സ്വതന്ത്രമായ ഇക്കാലത്ത്‌ പ്രണയത്തിന്‌ പഴയ പവിത്രതയും മുഗ്‌ദ്ധതയും ഇല്ലാതാവുന്നു.

പ്രണയത്തിന്റെ നാൾവഴിയിൽ ഹോർമോണുകൾ വാരിനിറച്ച്‌ കാമചോദന വിത്തിട്ട്‌ സെക്‌സിന്റെ അത്ഭുത പരതന്ത്രത അംഗീകരിച്ച്‌ പുതുജന്മങ്ങൾക്ക്‌ വീഥിയൊരുക്കുന്നു. പ്രണയത്തിന്റെ ആൽക്കെമി സംസ്‌കാരത്തോടൊപ്പം ഹോർമോണുകളിൽ ചവിട്ടിക്കുഴച്ച്‌ മണം പിടിപ്പിച്ചതാണ്‌.

കടപ്പാട്‌ ഃ ജ്വാല മുംബൈ.

ഡോ. വേണു തോന്നയ്‌ക്കൽ


Phone: 09946099996
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.