പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സൂഫിസം സൂപ്പിസത്തിലേക്ക് ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെ സ്വര്‍ണ്ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അത് സ്വീകരിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള്‍, സ്വര്‍ണ്ണപ്പാത്രത്തിനകത്താണെങ്കിലും മത്സ്യത്തിനതൊരു ബന്ധനമാണെന്ന് തോന്നിയതിനാല്‍ സൂഫി, മത്സ്യത്തെ ഒരു തടാകത്തില്‍ ഉപേക്ഷിച്ചു. പിന്നെ, പാത്രംകൊണ്ട് തനിക്കെന്ത് പ്രയോജനം എന്ന് ചിന്തിച്ച് അതും തടാകത്തിലേക്കെറിഞ്ഞു.

അടുത്ത ദിവസം, മത്സ്യത്തിന്റെ അവസ്ഥയെന്തായിരിക്കും എന്നറിയാന്‍ ചെന്നപ്പോള്‍ പാത്രം തടാകത്തില്‍ തന്നെയുണ്ട്‌; മത്സ്യം പാത്രത്തിനകത്തും ! സംഭവം കഥയായിരിക്കാമെങ്കിലും ഇതാണ് സൂഫി. അല്ലെങ്കില്‍ , ഇങ്ങിനെയായിരിക്കണം സൂഫികള്‍. ഭൂത കാലത്തിന്റെ മാറാപ്പ് ചുമക്കുന്നവരോ ഭാവിയുടെ സ്വപ്നരഥത്തില്‍ സഞ്ചരിക്കുന്നവരോ ആയിരുന്നില്ല സൂഫികള്‍ എന്നതിന്റെ നിദര്‍ശനം മാത്രമാണീ കഥ.

'സൂഫി' എന്ന വാക്ക് ജര്‍മ്മന്‍ സംഭാവനയാണെന്നും അതേസമയം 'സൂഫിയ' എന്നത് ഗ്രീക്ക് പദമാണെന്നും പറയുന്നവരുണ്ട്. അറബിയിലെ 'തസവ്വുഫ് ' എന്ന ധാതുവില്‍ നിന്നോ 'സുഫ' ന്ന പദത്തില്‍ നിന്നോ ആയിരിക്കാം 'സൂഫി'യുടെ ജന്മം. പ്രാചീന സൂഫികള്‍ 'സുഫാ ' അതായത് കമ്പിളി വസ്ത്രം ധരിച്ചിരുന്നവരായിരുന്നതിനാല്‍ കിട്ടിയതാണ് ഈ പേര് എന്ന പക്ഷക്കാരുമുണ്ട്. ദൈവത്തെ കണ്ടുമുട്ടുകയെന്ന വിശ്വ മോഹന മുഹൂര്‍ത്തം സമാഗതമായപ്പോള്‍, കമ്പിളി വസ്ത്രധാരിയായിരുന്ന മൂസാനബിയോട് പാദുകങ്ങള്‍ അഴിച്ചു മാറ്റാന്‍ കല്പ്പിക്കപ്പെട്ടിരുന്നു. (പ്രപഞ്ച സൃഷ്ടിപ്പിന് നിദാനമായ പ്രവാചക തിരുമേനിയുടെ പാദരക്ഷകള്‍ക്കാകട്ടെ അത്തരമൊരു വിലക്കുണ്ടായിരുന്നില്ല !)

വിഖ്യാതങ്ങളായ പ്രണയ കാവ്യങ്ങലെല്ലാം രചിക്കപ്പെട്ടത് സൂഫി പശ്ചാത്തലങ്ങളില്‍ നിന്നാണ്. പ്രണയ ഭാജനം പക്ഷേ പ്രപഞ്ചനാഥനായിരിക്കുമെന്ന് മാത്രം. 'ലൈല മജ്നു' എന്ന വിശ്വ പ്രസിദ്ധ പ്രണയ കാവ്യത്തിലെ ലൈല ദൈവത്തിന്റെ പ്രതീകമാണ്. കമിതാക്കളില്‍ കാണപ്പെടാറുള്ള അന്ധതയും ബധിരതയും തന്നെയാണ്, ദൈവമെന്ന ലൈലയില്‍ ഉന്മത്തനായ മജ്നുവിലും കാണുന്നത്. ദുനിയാവിനെ വിട്ട് പരലോക ചിന്തയില്‍ മാത്രം അഭിരമിക്കുന്ന യഥാര്‍ത്ഥ സൂഫികള്‍ പോലും ഞെട്ടിയുണരാനും സ്വതം തിരിച്ചു പിടിക്കാനും പൊരുതേണ്ട കാലത്താണ്, ചില അഭിനവ സൂഫികള്‍, കമ്പിളി വസ്ത്രത്തിന് പകരം കാഷായ വസ്ത്രം ധരിച്ച് നടക്കുന്നത് ! മതത്തെ കച്ചവടങ്ങള്‍ക്ക് അനായാസം വിനിയോഗിക്കാന്‍ കഴിവില്ലാത്ത ഉത്തരേന്ത്യ പോലുള്ള സംസ്ഥാനങ്ങളിലെ 'അര്‍ദ്ധ' മുസ്ലിങ്ങള്‍ക്ക്‌ ഇത്തരം വേഷങ്ങള്‍ ഭൂഷണമാകുമ്പോള്‍ , കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതിനു വേണ്ടിയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതിനു വേണ്ടിയോ ആണ് കേരളത്തിലെ ചില മതനേതാക്കള്‍ സംഘി സൂഫികളാകുന്നത് !

മുമ്പൊരിക്കല്‍ ' ദ ഹിന്ദു' ദിനപ്പത്രത്തില്‍, ഒരു സൂഫി സംഘടനയുടെ ലേബലില്‍ വന്ന, തീവ്രവാദം പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സൗദി അറേബ്യയും വഹാബികളുമാണെന്ന വാര്‍ത്തയുടെ അടിസ്ഥാന രാഹിത്യത്തെ കുറിച്ച് ഡോ. ഹുസൈന്‍ മടവൂര്‍ സത്വര പ്രതികരണം നടത്തിയിരുന്നു. 'വഹാബിസം' എന്ന പ്രയോഗം തന്നെ ഇസ്ലാമിന് അന്യമാണെന്നും അത് മുസ്ലിം പണ്ഡിതന്മാര്‍ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടാന്‍ ‍ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. ഉത്തരേന്ത്യയില്‍ ദയൂബന്തികളും ബറേല്‍വികളും തമ്മില്‍ ഒന്നിക്കാതിരിക്കാന്‍ വേണ്ടിയുള്ള സംഘ പരിവാര അജണ്ടകളും മുസ്ലിങ്ങളില്‍ ഐക്യം ഉണ്ടാകാതിരിക്കാനും തീവ്രവാദികള്‍ ഉണ്ടാകാനും ഐ.ബി പോലും നടത്തിയ ഭയാനകങ്ങളായ തന്ത്രങ്ങളും യു. എം. മുക്താര്‍, ഡല്‍ഹിയിലെ സൂഫി സമ്മേളനാനന്തരം വിശദവിശകലനം നടത്തുകയുണ്ടായി. ഉടുക്കാന്‍ കഴിയാത്തത് വലിച്ചു കീറുക എന്ന മനശ്ശാസ്ത്ര പരമായ പ്രധിരോധ രീതിയായ 'ഡിങ്ക' മതത്തെ പോലെ തന്നെയാണ്, ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന 'കാന്ത' മതവും. " ബി.ജെ.പിയുമായി മുസ്ലിംകളെ അടുപ്പിക്കാന്‍ ദക്ഷിണേന്ത്യയിലും ലക്ഷദ്വീപിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ നീക്കം നടന്നിരുന്നു. ലക്ഷദ്വീപില്‍ കാന്തപുരത്തെ കൂട്ട്പിടിച്ച് ബി.ജെ.പി യൂണിറ്റ് ഉണ്ടാക്കുമെന്നും ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അന്നത്തെ ബി.ജെ.പി കേരളഘടകം പ്രസിഡന്റായ പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു..." (മുജീബ് ഫൈസി)

സംഘികള്‍ക്ക് ജയ് വിളിക്കാന്‍ കേരളത്തിലും ചില മുസ്ലിം മങ്കികള്‍ ഉള്ളതിനാലും കേരളത്തിലെ , ഇരു വിഭാഗം സുന്നികളില്‍ ഒരു കൂട്ടര്‍ പ്രവാചക ചര്യകളുടെ ആത്മാവ് അന്ത: പ്രജ്ഞയില്‍ വിനിവേശിപ്പിക്കുന്നവരും മറ്റൊരു വിഭാഗം , പ്രവാചക ക്ലേശം, കഅബ കഴുകിയ വെള്ളം തുടങ്ങിയവ കൊണ്ട് തങ്ങളുടെ ബിസിനസ്സ് പ്യാപരിപ്പിക്കുന്നവരുമായതിനാല് ‍ സാമ്പത്തികമായ വലിയ അന്തരം ഇരുവര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നതിനാലും, തറവാട്ടിലേക്കുള്ള മടക്കമോ ലയനമോ സമീപ ഭാവിയില്‍ സംഭവിക്കില്ലെന്നതിനാല്‍ ഒരു സൂഫി സമ്മേളനം നടത്തി തങ്ങളുടെ മതേതര മുഖം പ്രകടമാക്കാന്‍ ബി.ജെ.പി നേതൃത്വം ഉറക്കമിളക്കേണ്ടി വരില്ല. വാഹനത്തിനിടയില്‍ കുടുങ്ങി ചത്തുപോകുന്ന പട്ടികള്‍ക്ക് കിട്ടേണ്ട മാനുഷിക പരിഗണ പോലും തന്റെ വാക്കിലെങ്കിലും , ഗുജറാത്ത് വംശഹത്യയില്‍ മരിച്ചവര്‍ക്ക് നല്‍കാതിരുന്ന നരേന്ദ്ര മോഡിയെന്ന പ്രധാനമന്ത്രിക്ക് ന്യു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ചതുപോലെ, സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്ത് ബുദ്ധിമുട്ടേണ്ടിയും വരില്ല.

അബു ഹാസം എന്ന സൂഫി തനിക്ക് പ്രായമേറെ ആയപ്പോള്‍ പറഞ്ഞത്, "ഒരിക്കല്‍ സൂഫിസം പേരില്ലാത്തതായ യാഥാര്‍തഥൃമായിരുന്നു. ഇപ്പോള്‍ സൂഫിസം യാഥാര്‍തഥൃമില്ലാത്ത ഒരു പേരായിരിക്കുന്നു" എന്നാണ്. ഭാരത മാതാവിന് ജയ് വിളിക്കുന്ന ചില 'സൂപ്പി' കള്‍ ചുമലിലേറ്റപ്പെട്ട് 'സൂഫി' കളായി കൊണ്ടാടപ്പെടുന്ന ഈ 'സംഘ' കാലത്ത് , ഇന്ത്യന്‍ സൂഫിസവും യാഥാര്‍തഥൃമില്ലാത്ത ഒരു പേരാവുകയാണോ ?

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്


E-Mail: ata_karuvarakundu@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.