പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

എന്റെയെഴുത്തിന്റെ ഉറവ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

വീടിനോട്‌ ചേർന്ന്‌ ഒരു കിണറുണ്ടായിരിക്കുക കേരളീയർ സർവ്വസാധാരണമായി അനുഭവിക്കുന്ന ഒരനുഗ്രഹമാണ്‌. എന്നാൽ വീടിനടുത്ത്‌ ഒരു പുഴയോ അരുവിയോ ഉണ്ടെങ്കിൽ അതെത്ര വലിയ ഒരു ദാനമാണെന്നു പറഞ്ഞറിയിക്കാൻ വയ്യാ. മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ തീരത്ത്‌ തമാസിക്കുന്ന ഞാൻ, ചെറുപ്പകാലങ്ങളിലെന്നപോലെ ഇന്നും, ഇടയ്‌ക്കിടയ്‌ക്ക്‌ പുഴയുടെ ഒഴുക്കിനെതിരേ മുകളിലേയ്‌ക്ക്‌ നടന്നുകയറാറുണ്ട്‌. അവിടവിടെയായി ഉയർന്നുനില്‌ക്കുന്ന കരിംശിലകളിൽ തത്തിക്കളിക്കാൻ പാദങ്ങളെ അനുവദിച്ചുകൊണ്ട്‌ ചിരപരിചിതരെപ്പോലെ വളഞ്ഞ്‌ പുളഞ്ഞു നൃത്തമാടിയും ചാടിമുറിഞ്ഞും ജലധാരകൾ മന്ദമന്ദം ഒഴുകിക്കൊണ്ടിരിക്കും. ഒഴുക്കിനെതിരെ നീന്തിത്തുടിക്കുന്ന മത്സ്യത്തെപ്പോലെയായിരുന്നു എന്നുമെന്റെ രീതികൾ, ജലത്തിന്റെ അദൃശ്യശക്തികളെപ്പറ്റി ഞാൻ ബോധവാനായിത്തീർന്നതും അങ്ങനെയാവാം. ഒഴുക്കിനെതിരേ പോയാലേ, സ്വന്തം ശക്തി പ്രകടിപ്പിക്കാനാവൂ എന്നതിനാലാകാം മത്സ്യത്തിനും ഈ സ്വഭാവമുള്ളത്‌.

അങ്ങനെയൊരവസരത്തിലാണ്‌ അവളെന്റെ കണ്ണിൽപെട്ടത്‌. കാലുകൾ പതയുന്ന വെള്ളത്തിലിട്ടാട്ടിക്കൊണ്ട്‌, ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു അവൾ. ഏകാന്തതയിൽ, എന്തൊ ചിന്തിച്ചുകൊണ്ട്‌, ഭയപ്പെടാതെ, ഞാൻ നീട്ടിയ കൈവിരലുകളിൽ കോർത്തുപിടിച്ചുകൊണ്ടവൾ എഴുന്നേറ്റു. നടക്കൂ ഞാനുമുണ്ട്‌, അവൾ മൊഴിഞ്ഞു, ഇടക്കെല്ലാം കാലുകൾ നനച്ചും കല്ലുകളിൽ കൂടി ചാടിയും ഞങ്ങൾ പോയ ദൂരം അറിഞ്ഞതേയില്ല. ഇരുട്ടിയപ്പോൾ, ‘വീണ്ടുമൊരിക്കൽ’ എന്ന്‌ മാത്രം പറഞ്ഞ്‌, മൂടൽമഞ്ഞുപോലെ അവൾ നടന്നകന്നു. അവശേഷിച്ചത്‌ പറഞ്ഞറിയിക്കാനാവാത്ത ഒരു കുളിർമ്മ.

ആരായിരുന്നവൾ? ഹവ്വയെ സമ്മാനമായി കിട്ടിയപ്പോൾ ആദാമനുഭവിച്ചതും ഈ വിധമൊരു അതിശയസാന്നിദ്ധ്യമായിരുന്നിരിക്കണം. ഈ അനുഭൂതിക്കല്ലേ ദൈവം സ്‌ത്രീയെന്നു പേരിട്ടത്‌? പുരുഷനിൽ നിന്നുത്ഭവിച്ച്‌, അവനിൽത്തന്നെ അലിഞ്ഞില്ലാതാകാൻ കൊതിക്കുന്ന ഒരു നീരുറവയുടെ നിറവ്‌! ജീവനെ നിലനിർത്തുന്ന രക്തധമനികൾ ഹൃദയത്തെയെന്നപോലെ, ജീവപുഷ്‌ടിക്കുവേണ്ടി മനുഷ്യസമൂഹങ്ങൾ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു. സമുദ്രത്തിൽനിന്ന്‌ ഉയർന്നുവന്ന പർവ്വതനിരകൾ അമ്മയെ തൊടുവാനായി മെല്ലെ മെല്ലെ നീട്ടുന്ന കൈകളാണ്‌ പുഴകളും നദികളുമെന്ന്‌ ഭാരതത്തിന്റെ കവി ഭാവന ചെയ്‌തിട്ടുണ്ടല്ലോ. നീരുറവുകളും അവയുടെ ഒഴുക്കും എന്നും മനുഷ്യമനസ്സുകളെ ആനന്ദിപ്പിക്കുക മാത്രമല്ല, അവന്‌ സർഗ്ഗശക്തിയായി പരിണമിക്കുകയും ചെയ്യുന്നു. അത്തരമൊരു സർഗ്ഗസാന്നിദ്ധ്യമാണ്‌ ഭാഷയോടും എഴുത്തിനോടുമുള്ള എന്റെയഭിവാഞ്ഞ്‌ചയെ വളർത്തിയെടുത്തത്‌.

യാത്രചെയ്‌ത്‌ ക്ഷീണിതനായ യാക്കോബ്‌, വഴിവക്കിലൊരു കിണർ കണ്ടപ്പോൾ, അതിനടുത്തു ചെന്നിരുന്നു, വിശ്രമിക്കുവാൻ, അതിസുന്ദരിയായ റാഹേൽ അവളുടെ ആട്ടിൻപറ്റത്തെയുംകൊണ്ട്‌ ആ വഴിക്ക്‌ വന്നതപ്പോഴാണ്‌. മൂടുകല്ല്‌ ഉന്തിമാറ്റി ആടുകൾക്ക്‌ വെള്ളം കൊടുക്കാൻ യാക്കോബ്‌ അവളെ സഹായിച്ചു. താൻ അന്വേഷിച്ചു വന്ന അമ്മാവന്റെ ഇളയ മകളാണ്‌ നിറഞ്ഞ അഴകായി അടുത്തു നിൽക്കുന്ന റാഹേൽ എന്നറിഞ്ഞതേ, സന്തോഷാതിരേകത്താൻ അവളെ ചുംബിച്ച്‌ അയാൾ പൊട്ടിക്കരഞ്ഞു. അവളെ ജീവിതപങ്കാളിയായി നേടുവാൻ, പതിനാലു നീണ്ട വർഷം അയാൾ അമ്മാവന്‌ ദാസ്യവേല ചെയ്‌തു. ഹൃദയസ്‌പർഷിയായ ഈ പ്രണയകഥ ബൈബിളിലെ ഉല്‌പത്തി പുസ്‌തകം, അദ്ധ്യായം 29-ൽ വായിക്കാം. അതവസാനിക്കുന്നത്‌, ഈ മനോഹര വാക്യത്തോടെയാണ്‌ “അവളോടുള്ള പ്രേമം നിമിത്തം ആ നീണ്ട കാലം ഏതാനും നിമിഷങ്ങൾ പോലെ അയാൾക്ക്‌ തോന്നി.”

സമയം ബലഹീനവും, യുഗങ്ങൾ പോലും അർത്ഥരഹിതവുമാകുന്നത്‌ യാക്കോബിന്റെ മാത്രം അനുഭവമല്ല. മനുഷ്യചരിത്രത്തിൽ ഇതാവർത്തിക്കപ്പെടുന്നുണ്ട്‌, ഓരോ തവണയും സ്‌ത്രീ അവളുടെ സ്‌നേഹസാന്നിദ്ധ്യപ്രഭാവം പ്രകടിതമാക്കുമ്പോൾ അതിന്‌ സമാനമായിട്ടെന്തുണ്ട്‌? അരുവികളും പുഴകളുമുണ്ട്‌, കാരണം, സ്‌ത്രീയുടേതെന്നപോലെ, ഭൂമിയുടെ ഗന്ധവും ചുംബനങ്ങളും ചോർന്നിറങ്ങുന്നത്‌ ഉറവരൂപത്തിലാണ്‌. എല്ലാം കനിഞ്ഞിറങ്ങുന്ന ജലമർദ്ദശക്‌തിയുടെ ഉറവിടങ്ങളാണ്‌ ഇവ രണ്ടും - സ്‌ത്രീയും ഭൂമിയും. ജീവിതം തന്നെ ഒരുറവയാണ്‌. ചലനമാണതിന്റെ സത്ത. അതിന്റെ തേജസ്സാണ്‌ വിജ്ഞാനം. കിണഞ്ഞുതിരയുന്നവർ അതിനെ കണ്ടെത്താതിരിക്കില്ല. ഓരോ സ്‌ത്രീയും നദിപോലെയാണ്‌. പുഞ്ചിരിയും കണ്ണീരും കലർന്ന ഒരു പുഴ പോലെ. നിറഞ്ഞു തുളുമ്പി, പ്രകാശപൂരിതയായി അങ്ങനെയൊരുവൾ അടുത്തു നിന്നപ്പോൾ, എനിക്കെഴുതാതെ പറ്റില്ലെന്നായി.

ഒരിക്കൽ ഞാനവളോട്‌ പറഞ്ഞു. “എന്നിൽ നിന്ന്‌ നിന്റെ കണ്ണുകളെ പിൻവലിക്കൂ, അവയെന്നെ അസ്വസ്‌ഥനാക്കുന്നു. ഹെശ്‌ബോനിലെ ബാത്രബിം കവാടത്തിനടുത്തുള്ള ജലാശയങ്ങൾ പോലയാണ്‌ നിന്റെ കണ്ണുകൾ” (ഉത്തമഗീതം 6ഃ6& 7ഃ4) ഒരുദ്യാനധാര, ജീവനുള്ള ഒരു കിണർ, വാഗമൺ-പീരുമേട്‌ മലകളിൽ നിന്നൊഴുകുന്നയരുവികൾ, ഇവയുടെ ഹൃദയഹാരിത എത്രയോ തവണയാണ്‌ എന്റെയുമനുഭവമായിത്തീർന്നത്‌! സമുദ്രത്തിൽനിന്നുത്ഭിച്ച്‌, വീണ്ടുമൊരിക്കൽ അതിലേയ്‌ക്ക്‌ ചെന്നെത്താനായി, കുണുങ്ങിക്കുണുങ്ങി ഓടിയടുത്തുക്കൊണ്ടിരിക്കുന്ന ഈ പുഴയുടെ തീരത്ത്‌, എത്രയോ പ്രാവശ്യം ഞാനവളെ വീണ്ടും തിരഞ്ഞുനടന്നു, കണ്ടെത്തുംവരെ, അപ്പോഴെല്ലാം, മഴ കിട്ടാത്ത മരുഭൂമിയെപ്പോലെ, മൃദുലമായി അവൾ കേഴും, “എന്നോട്‌ സംസാരിക്കൂ, എന്തെങ്കിലും പറയൂ. മൗനപ്രിയനായ ഞാൻ നിശബ്‌ദതയുടെ വിരിമാറ്റി അവളെ ഉറ്റുനോക്കും, എന്തെങ്കിലും പറഞ്ഞു തുടങ്ങും, എന്നെ അധൈര്യപ്പെടുത്താതിരിക്കാൻ, അവൾ ഒരു വശത്തേയ്‌ക്ക്‌ കണ്ണുകളെ ചലിപ്പിക്കും പക്ഷേ, കാതും മനസ്സും എപ്പോഴും തുറന്നുവച്ചിരുന്ന അവളുടെ സാമീപ്യം എന്നെ ചഞ്ചലനാക്കിയിരുന്നു. അവളുടെ കൂർമ്മക്ക്‌ സ്വീകാര്യമാകും വിധം വ്യക്തമോ വടിവൊത്തതോ ആയിരുന്നില്ല എന്റെ ചിന്താസരണികൾ. ”പറയൂ, ഞാൻ കേൾക്കുന്നു, നിന്റെ മനഫലകത്തിൽ കുറിച്ചിട്ടതൊക്കെ എന്നെയും കാണിക്കൂ“, അവളെന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. ആദ്യമായുപയോഗിക്കുന്ന ഒപ്പുകടലാസിന്റെ ആർദ്രതയോടെ, അനുകമ്പകൊണ്ടവൾ എന്റെ വാക്കുകളെ ഒപ്പിയെടുത്തു. മഷിയുടെ അധികനനവ്‌ സ്വയം പതിച്ചെടുത്ത്‌, എന്റെ ചിന്തകൾക്കവൾ രൂപവും തെളിവും സമ്മാനിച്ചു. നിറങ്ങളുടെയും മഷികളുടെയും പടർപ്പിൽനിന്നവൾ എനിക്കായി ആശയകുസുമങ്ങളെ സൃഷ്‌ടിച്ചുകൊണ്ടിരുന്നു. അവളുടെ ആത്മാവിൽ.

എന്നിട്ട്‌ ഉറച്ചുനിൽക്കുന്ന താങ്ങിലേയ്‌ക്ക്‌ കൈചുരുളുകളുടക്കി പടർന്നുകയറുന്ന ഹരിതലതയെന്നപോലെ, സ്‌നേഹവായ്‌പ്പിന്റെ നറുമണവുമായി എന്നോടവൾ ചേർന്നുനിന്നു. ആ സാമീപ്യമാണ്‌, നിശബ്‌ദതയിൽ നിന്നു വാക്കുകൾ നെയ്‌തെടുക്കാൻ എനിക്ക്‌ ധൈര്യമേകിയത്‌. ”ഉണ്മയിലേയ്‌ക്കുള്ള ദാഹം ശമിപ്പിക്കാനല്ലേ, നിന്നെ ഞാൻ തിരഞ്ഞുനടന്നത്‌; ഏകാന്തത ഏകാന്തതയെ തേടുമോ?“ എന്നവൾ ചോദിച്ചത്‌ എനിക്കിന്നും മനസ്സിലായിട്ടില്ല. എനിക്ക്‌ മനസ്സിലായതത്രയും ഇവിടെ പകർത്തിയെഴുതാൻവേണ്ടി, Liebesbriefe beruhmter Musiker (പ്രഖ്യാതരായ സംഗീതജ്ഞരുടെ പ്രണയക്കുറിപ്പുകൾ) എന്ന സമാഹാരത്തൽ നിന്ന്‌ ഏതാനും വരികൾ കടമെടുത്ത്‌ ഞാൻ സ്വതന്ത്രതർജ്ജമ ചെയ്യട്ടെ. സംഗീതജ്ഞനായിരുന്ന പീറ്റർ കൊർണലിയൂസ്‌ 6.6.1865-ൽ കൂട്ടുകാരി ബെർത്തായ്‌ക്കെഴുതിയ വരികളാണവ.

ഒന്നു നിൻ കണ്ണുകളെന്നിൽപ്പതിയുകിൽ

വിണ്ണുമിലോകവുമെന്റേതായ്‌ത്തീരുന്നു;

നിന്നിളം കൈകളിലൊന്നമർന്നീടുകിൽ

എന്നിൽ നിറയുന്നു ദൈവീക സ്‌നേഹവും;

നിൻ ചുടുചുംബനമെന്നെപ്പൊതിയുകിൽ

വിസ്‌മൃതമീശനും സ്വർഗ്ഗവും ഭൂമിയും!

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.