പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അറിയുക, പങ്കിടുക, അനുഭവിക്കുക.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാർട്ടൂണിസ്‌റ്റ്‌ സുകുമാർ

വളരെ രസകരമായ ബാല്യമായിരുന്നു എന്റേത്‌. ചെറുപ്രായത്തിൽ തന്നെ വരക്കുന്നതിലും നേരം പോക്കു പറയുന്നതിലും വലിയ താല്‌പര്യമായിരുന്നു. രാജപ്പൻ, ചെല്ലപ്പൻ, വേലു, മാധവൻ കുട്ടി തുടങ്ങി സുഹൃത്തുക്കളുടെ നീണ്ട നിര തന്നെ എനിക്കുണ്ടായിരുന്നു. ആറ്റിങ്ങൽ വീരളം ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അമ്മയുടെ അച്ഛൻ. ക്ഷേത്രച്ചുമരുകളിലും തിരുമുറ്റത്തുമാണ്‌ ആദ്യമായി കാക്കറം പൂക്കറം കരിക്കട്ട കൊണ്ട്‌ ചിത്രംവരയുടെ ഹരിശ്രീ കുറിച്ചത്‌. വിരലുകളാൽ പൂഴിയിൽ രസിപ്പിക്കുന്ന ചിത്രങ്ങൾ വരക്കാൻ അന്നേ വലിയ ഇഷ്‌ടമായിരുന്നു. കിളിത്തട്ട്‌, ഗോലി, കളിപ്പന്ത്‌ കളിയിലെല്ലാം വലിയ താല്‌പര്യമായിരുന്നുവെങ്കിലും ആറ്റിങ്ങൽ മുൻസിപ്പൽ വായനശാലയിലെയും തിരുവനന്തപുരം വഞ്ചിയൂർ ചിത്തിരതിരുനാൾ വായനശാലയിലെയും പുസ്‌തകങ്ങളും പ്രസിദ്ധീകരണങ്ങളുമായിരുന്നു എന്റെ കളിക്കൂട്ടുകാർ. വായനയോടായിരുന്നു പ്രധാന താത്‌പര്യം. നാടകങ്ങൾ, പ്രധാനമായും പുരാണ പശ്ചാത്തലമുളളവ, സ്വന്തമായി ഉൾക്കൊണ്ട്‌ അവതരിപ്പിക്കാറുണ്ടായിരുന്നു. കൂട്ടുകാരെല്ലാം സാധാരണക്കാരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്‌ണ മുഹൂർത്തങ്ങളിലായിരുന്നു എന്റെ ബാല്യകാലം. അവർണ്ണ സവർണ്ണ വ്യത്യാസം കൊടികുത്തി വാണിരുന്നു. ബ്രാഹ്‌മണരായിരുന്നുവെങ്കിലും, അച്ഛൻ തികഞ്ഞ ഗാന്ധിയനും ഉല്പതിഷ്‌ണുവുമായിരുന്നതിനാൽ ജാതിഭേതമന്യേ ഞങ്ങൾ ഒരു കുടുംബംപോലെ കഴിഞ്ഞു. സ്വാഭാവികമായും ജാതീയമായ വേർതിരിവുകൾ ഞങ്ങളിൽ അതിരുകൾ സൃഷ്‌ടിച്ചതേയില്ല. ഖദറണിഞ്ഞായിരുന്നു സ്‌കൂളിൽ പോയിരുന്നത്‌. അച്ഛനപ്പൂപ്പൻമാരിൽ നിന്നും സ്വാതന്ത്ര്യ ബോധത്തിന്റെ ബാലപാഠങ്ങൾ അന്നേ സ്വായത്തമാക്കിയിരുന്നു. നേരംപോക്കുകളെ അച്ഛൻ ഉളളുതുറന്ന്‌ അനുമോദിക്കാറില്ലെങ്കിലും വല്യച്ഛൻ എന്റെ വാസനകളെ നന്നായി മനസ്സിലാക്കിയിരുന്നു. മുത്തച്ഛനും വലിയ തമാശക്കാരനായിരുന്നു എന്ന്‌ പിന്നീട്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌.

ഗുരുശിഷ്യ ബന്ധത്തിന്റെ പാവനതയെ കുറിച്ച്‌ നിരവധി ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടല്ലോ. ഞങ്ങളുടേത്‌ ഗുരുശിഷ്യ ബന്ധത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ഗവ. മോഡൽ ബോയ്‌സ്‌ ഹൈസ്‌കൂളിലെ കുട്ടൻപിളള സാറിനെ ഞാനിപ്പോഴും ഓർക്കുന്നു. ഇന്ത്യൻ നാഷണൽ ആർമിയിൽനിന്നും സേവനത്തിനുശേഷം മടങ്ങി വന്ന തികഞ്ഞ കോൺഗ്രസ്‌ അനുഭാവിയായിരുന്നു അദ്ദേഹം. ഗവ. ഇന്റർമീഡിയറ്റ്‌ കോളേജിലെ പ്രഫസർ ആനന്ദക്കുട്ടൻ സാറും എന്നിൽ നിറ സ്വാധീനം ചെലുത്തിയ അദ്ധ്യാപക ശ്രേഷ്‌ഠൻമാരിലൊരാളാണ്‌. എസ്‌.എസ്‌.എൽ.സിക്ക്‌ പഠിക്കുമ്പോഴാണ്‌ ചില കഥകളും കവിതകളും എഴുതി തുടങ്ങിയത്‌. 1952-ൽ ശ്രീ കെ. ബാലകൃഷ്‌ണന്റെ പത്രാധിപത്യത്തിലെ കൗമുദി ആഴ്‌ചപ്പതിപ്പിലാണ്‌ ആദ്യമായി എഴുതി തുടങ്ങിയത്‌. പിന്നീട്‌ ശ്രീ കാമ്പിശ്ശേരി കരുണാകരന്റെ ജനയുഗത്തിലും തുടർന്ന്‌ ഹാസ്യ കഥകളിലും ലേഖനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വായിൽ വന്നത്‌ കോതക്ക്‌ പാട്ട്‌ എന്ന ഹാസ്യ കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി അവാർഡിന്‌ അർഹമായി. എന്നിലെ ഹാസ്യരസത്തെയും കാർട്ടൂണിസ്‌റ്റിനെയും രൂപപ്പെടുത്തുന്നതിൽ ബാല്യകാലവും വേനലവധിയും വഹിച്ച പങ്ക്‌ സുപ്രധാനമാണ്‌.

നഗരങ്ങളിലെ കുട്ടികൾക്ക്‌ അവധിക്കാലം എന്നൊന്നുണ്ടോ? ഇപ്പോൾ വെക്കേഷൻ പ്രിപ്പറേഷനുകളുടെ സമയമാണ്‌. എൻട്രൻസ്‌ കോച്ചിങ്ങുകൾ തുടങ്ങി എൽ.കെ.ജി. പ്രവേശനത്തിനുവരെ പരീക്ഷകൾ നടത്തപ്പെടുന്നതിനാൽ കുട്ടികളുടെ അവധിക്കാലം ടി.വിയിലെ ചാനലുകളിലും, ഒരു ക്രിക്കറ്റിലും മാത്രം ഒതുങ്ങുന്നു. സത്യത്തിൽ പുതുതലമുറയുടെ പ്രധാന വിനോദമായ ക്രിക്കറ്റ്‌ ഒരുതരം സാമ്രാജ്യത്തതന്ത്രമാണ്‌. ഇത്‌ മയക്കുമരുന്നുപോലെ മനുഷ്യനെ അടിമപ്പെടുത്തുന്നു. ഈ കളി വളരെ സ്ലോ ആണുതാനും. സ്വാഭാവികമായി കളി കണ്ടിരിക്കുന്ന കുട്ടികൾ പദാർത്ഥമറിയാതെ ഭക്ഷണം കഴിക്കുന്നതിനാൽ ദഹനേന്ദ്രിയത്തിലെ തകരാറ്‌, കാൽ മുട്ടിലെ സ്‌തംഭനാവസ്ഥ ചെറുപ്രായത്തിലെ കണ്ണടയുടെ ഉപയോ ഗം തുടങ്ങി അസംഖ്യം മാനസിക ശാരീരികാരോഗ്യ പ്രശ്‌നങ്ങൾക്ക്‌ വിധേയരാകുന്നു.

അണുകേന്ദ്രീകൃതമായ പുതിയ കുടുംബവ്യവസ്ഥിതിയാണ്‌, കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കുന്നത്‌. പുത്തൻ കുടുംബ വ്യവസ്ഥയുടെ ഭാഗമായി കുടുംബബന്ധങ്ങളുടെ ഊഷ്‌മളത കൈ മോശം വരികയും കുട്ടികൾ, രക്ഷാകർത്താക്കളെ ശത്രുക്കളെപ്പോലെ കാണുകയും ചെയ്യുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും റസ്‌ക്യൂ ഹോമുകളിലേക്ക്‌ പറഞ്ഞുവിടുന്നവർ കുട്ടികളെ അനാഥരാക്കുന്നു. സത്യത്തിൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ഒരു തലതിരിഞ്ഞ ആശയമാണ്‌. സ്വഭാവരൂപീകരണമോ, ജനിതകമായ താത്‌പര്യങ്ങളോ മനസ്സിലാക്കാതെ, എൽ.കെ.ജിയിൽ വെച്ചു തന്നെ കുട്ടികളുടെ ഭാവി തീരുമാനിക്കപ്പെടുന്നു. അവരിൽ രക്ഷകർത്താക്കളുടെ തീരുമാനം അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത്‌ കുട്ടികളെ രക്ഷകർത്താക്കളിൽ നിന്നും അകറ്റുന്നു.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അവധിക്കാലം നിർണ്ണായകമായ പങ്കുവഹിക്കുന്നു. മനസ്സും ശരീരവും ഒരുപോലെ ഇളകുന്ന കളികളും, അതിരുകളില്ലാത്ത സൗഹൃദങ്ങളും, ഓടാനും, ചാടാനുമുളള സ്വാതന്ത്ര്യവും ഇന്നത്തെ കുട്ടികൾക്ക്‌ നിഷേധിക്കപ്പെടുന്നു. സ്വപ്‌നം കാണാനുളള കഴിവുകൾ പോലും ഇവിടെ മരവിപ്പിക്കപ്പെടുന്നു. പുത്തൻ അവധിക്കാലങ്ങൾ സ്‌പോൺസേഡ്‌ പ്രോഗ്രാമുകളാണ്‌. തികഞ്ഞ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വെക്കേഷൻ ക്ലാസുകളിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്‌ അനുഗുണമായ എന്തെങ്കിലും നടക്കുന്നുവെന്ന്‌ തോന്നുന്നില്ല. വേനലവധിക്കാലം ഒരു കച്ചവടമാക്കി ചിലർ മാറ്റുന്നു. ഓഫീസുകളിലേക്കോടുന്ന രക്ഷകർത്താക്കൾക്ക്‌ ഇത്‌ ഒരാശ്വാസമായിരിക്കുന്നതിന്റെ കാരണം, പരിഷ്‌കൃതനഗരങ്ങളിലെ കുട്ടികളെ ചീത്തയാക്കുന്നതിൽ പ്രധാന പങ്ക്‌ ലിംഗഭേദമെന്യേ വീട്ടുജോലിക്കാൻ വഹിക്കുന്നു എന്നതു തന്നെ. സകുടുംബം കാണാൻ കാണാൻ കഴിയുന്ന ടി.വി ചാനലുകൾക്ക്‌ സിംഹവാലൻ കുരങ്ങുകളെ പോലെ വംശനാശം സംഭവിക്കുന്നതും വേനലവധിക്കച്ചവടങ്ങൾക്ക്‌ കൂടുതൽ കരുത്തു നല്‌കുന്നു. പലപ്പോഴും ഇത്തരം ക്ലാസുകളിലേക്ക്‌ ഞാൻ ക്ഷണിക്കപ്പെടാറുണ്ട്‌. കുട്ടികളോട്‌ എന്തു സംസാരിക്കുമെന്ന്‌ സംഘാടകരോട്‌ ചോദിച്ചാൽ മറുപടി, സാർ ചില തമാശകൾ പറയൂ എന്നതാകും. ഇവിടങ്ങളിലെ ഫീസ്‌ താങ്ങാവുന്നതിലധികമാണ്‌. വേനലവധി ക്ലാസുകളിൽ, തിരുവനന്തപുരത്തെ ശാസ്‌ത്രസാങ്കേതിക മ്യൂസിയം വ്യത്യസ്‌തത പുലർത്തുന്നു. കുട്ടികളിൽ ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുത്തൻ അറിവുകൾ ഇവിടെ പകർന്നു നൽകപ്പെടുന്നു.

ഞാൻ ജപ്പാനെ ഇഷ്‌ടപ്പെടുന്നത്‌, അവരുടെ ആസൂത്രിതമായ വിദ്യാഭ്യാസ സംവിധാനം കൊണ്ടാണ്‌. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരെ ഉത്തമപൗരന്മാരാക്കി വളർത്തുന്നതിലും അവിടെ ബാല്യകാലത്തിന്‌, പ്രത്യേക ഊന്നൽ നല്‌കപ്പെടുന്നു. ആറു വയസ്സുവരെ കുട്ടികൾ മുഴുവൻ സമയവും കുടുംബത്തോടൊപ്പമാണ്‌ ചിലവഴിക്കുന്നത്‌. കുട്ടികൾ കൈകൾ വീശി സ്‌കൂളിലേക്ക്‌ പോകുന്നു. പുസ്‌തകങ്ങളും അനുബന്ധസാധനങ്ങളും സ്‌കൂളിൽ സൂക്ഷിക്കപ്പെടുന്നു. ഒൻപതു മണി മുതൽ നാലുമണി വരെയുളള അധ്യായന സമയത്തിനുശേഷം കുട്ടികൾക്ക്‌ ഇഷ്‌ടമുളള കളികളിൽ ഏർപ്പെടാവുന്നതാണ്‌. ടെലിവിഷൻ കുട്ടികൾക്ക്‌ ശക്തമായി നിഷേധിച്ചിരിക്കുന്നു. ആവശ്യമെങ്കിൽ ദേശീയ ചാനൽ മാത്രം വീക്ഷിക്കാം. ഷിഫ്‌റ്റ്‌ സമ്പ്രദായത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികളോടൊപ്പം സ്‌കൂളുകളിൽ എത്തി തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു.

പത്തായിരം പിണങ്ങി ഇണങ്ങിക്കിടക്കുന്ന അസംഖ്യം ഞരമ്പുകളുടെ ഒരു കെട്ടാണ്‌ മനുഷ്യൻ. അവന്റെ നട്ടെല്ല്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. കാരണം നട്ടെല്ലുണ്ടെന്ന്‌ തെളിയിക്കുന്ന പ്രവർത്തനങ്ങൾ പൊതുവെ ഇല്ലതന്നെ! ബുദ്ധി ക്രിയാത്മകമായി ഉപയോഗിക്കപ്പെടുന്നില്ല. മരവിച്ച മനസ്സും മജ്ജയും മാംസവും മാത്രം.

എന്റെ യാത്രകൾ എന്നെ പച്ചമനുഷ്യനാക്കുന്നു. നാടിനെയും സംസ്‌ക്കാരത്തെയും നേരിട്ടറിയുവാൻ യാത്രകൾ നിർബന്ധം തന്നെ. എന്റെ യാത്രകൾ നാട്ടിൻപുറങ്ങളിലേക്കാണ്‌.

വരളാത്ത പുഴകൾ

അവശേഷിച്ച നെൽപ്പാടം

ചെടിപൂത്തു നില്‌ക്കുന്നത്‌

അങ്ങിനെ കാഴ്‌ചകളിലൂടെ ഞാൻ നാടിനെ അറിയുന്നു.

നാട്ടിൻപുറങ്ങളിലാണ്‌ അവധിക്കാലം ആഘോഷിക്കപ്പെടുന്നത്‌. ഇവിടെ മമ്മതും, ശങ്കരൻകുട്ടിയും, ജോസഫുമെല്ലാം കളിക്കുകയും മണ്ണിൽ കിടന്നുരുളുകയും ചെയ്യുന്നു. പിന്നീട്‌ പുഴയിൽ യഥേഷ്‌ടം നീന്തി മറിയുന്നു. വേലിക്കെട്ടുകളില്ലാത്തതിനാൽ പങ്കുവെക്കലിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനപാഠങ്ങൾ ഇവിടെ സ്വയം പഠിക്കപ്പെടുന്നു.

അവധിക്കാലം നഷ്‌ടപ്പെടുന്ന കുട്ടികളോട്‌ എനിക്ക്‌ പറയാനുളളത്‌ ഇത്രമാത്രം. നിങ്ങൾ ഗ്രാമങ്ങളിലേക്ക്‌ പോവുക. സമപ്രായക്കാരായ കുട്ടികളോടൊപ്പം ഏഴു ദിവസമെങ്കിലും സഹവസിക്കുക. മാവിൽ കയറി മാങ്ങ പൊട്ടിച്ചു ഉപ്പും കൂട്ടി തിന്നുക. ദാരിദ്ര്യം ദൂരെ നിന്നെങ്കിലും കാണുക. നാട്‌ എന്തെന്ന്‌ അറിയുക, പങ്കിടുക, അനുഭവിക്കുക. അവധിക്കാലം കണ്ടെടുക്കുക.

തയ്യാറാക്കിയത്‌ഃ കെ.ജി. സൂരജ്‌

കാർട്ടൂണിസ്‌റ്റ്‌ സുകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.