പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

റിസപ്ടര്‍ എന്ന വില്ലന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. വേണു തോന്നയ്‌ക്കൽ

മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുകയും തലമുറകളിലൂടെ കടന്നു പോവുന്നതുമായ രോഗങ്ങളാണ് പാരമ്പര്യ രോഗങ്ങള്‍. ഹിമോഫീലിയ, മംഗോളിസം, ആല്‍ബിനിസം തുടങ്ങിയവ പാരമ്പര്യരോഗങ്ങളുടെ ഗണത്തില്‍ പെടുന്നു.

ഈവക രോഗങ്ങള്‍ മാത്രമല്ല അലര്‍ജിക്, ആസ്ത്മ, ഹേഫിവര്‍ എന്നിവയും അമ്മമാരില്‍ നിന്നു കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യ ഘടങ്ങളായി ജീനുകളിലൂടെ സംക്രമിക്കുന്നുവെന്ന് ഒരു ആംഗ്ലോ ജാപ്പനീസ് ഗവേഷണ സംഘം അഭിപ്രായപ്പെടുന്നു.

ശരീരത്തിനുള്ളില്‍ കടക്കുന്ന പൊടിപടലങ്ങള്‍ പൂമ്പൊടി തുടങ്ങിയവയുടെ നേര്‍ക്ക് ശരീരത്തിലെ പ്രതിരോധകോശങ്ങളുടെ പ്രതിഷേധമാണ് അലര്‍ജിക്ക് കാരണമാകുന്നത്. ശരീരത്തിനുള്ളില്‍ കടക്കുന്ന രോഗജന്യ വസ്തുക്കളെ ചെറുത്തു പോരാടി നമ്മെ രക്ഷിക്കാനുള്ള പ്രതിരോധസംവിധാനമാണിത്. എന്നാല്‍ പ്രതിരോധ കോശങ്ങളുടെ അമിതമായ ഉത്തരവാദിത്വബോധം ആകെ തകരാറിലാക്കുന്നു.

അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കടക്കുന്ന ചില‍ ജീനുകള്‍ നാസ്വാദ്വാരം, ശ്വാസകോശം എന്നിവിടങ്ങളില്‍ കാണുന്ന പ്രതിരോധ കോശങ്ങളെ സ്വാധീനിക്കുന്നു. അതിനാല്‍ അവ പൂമ്പൊടി തുടങ്ങിയ സാധാരണ അലര്‍ജനുകളോട് പ്രതിരിക്കാന്‍ കാരണമാകുന്നു.

ഇത്തരം പഠനം ഇതാദ്യമല്ല. മറ്റു ചില ജനിതക ശാസ്ത്രജ്ഞന്മാര്‍ കൂടി ഇതേക്കുറിച്ച് പഠിക്കുകയുണ്ടായി. ഓക്സ്ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പ്പിറ്റലിലെ ജൂലിയന്‍ ഹോപ്കിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജനിതക ശാസ്ത്രഞ്ജര്‍ പാരമ്പര്യമായി അലര്‍ജി അനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ ഡി. എന്‍ .എ ഘടന പഠിച്ചു. അലര്‍ജിക് ആസ്തമ തുടങ്ങിയ രോഗങ്ങള്‍ തലമുറകളിലേക്ക് സംക്രമിക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഈ പഠനങ്ങള്‍.

ഇത്തരം രോഗങ്ങള്‍ക്ക് വിധേയമാവാനിടയുള്ള 60 കുടുംബങ്ങള്‍ പഠനവിധേയമാക്കി. അതില്‍ 10 കുടുംബങ്ങളില്‍ പെട്ടവരില്‍ ഒരു പ്രത്യേക തരം ജീന്‍ കണ്ടെത്താനായി . ഈ പ്രത്യേക ഇനം ജീന്‍ കണ്ടവരില്‍ അലര്‍ജിക് സ്വഭാവവും ശ്രദ്ധയില്‍ പെട്ടു. ആകെ 23 ജോടി ക്രോമോസോമുകളാണല്ലോ മനുഷ്യശരീരത്തില്‍ ഉള്ളത്. അതില്‍ പതിനൊന്നാമത് ക്രോമസോമിലാണ് ഈ ഇനം ജീന്‍ കണ്ടത്.

അത്ഷിമേഴ്സ് ഡിസീസ്, സ്കിസോഫ്രേനിയ തുടങ്ങിയ രോഗങ്ങളിലും ജനിതക സ്വധീനമുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രത്യേക ഇനം ജീനിന്റെ സ്വധീനം‍ കണ്ടെത്താനായില്ല. അതുപോലെ തന്നെ അലര്‍ജിയുടെ കേസിലും ഒരു പ്രത്യേക തരം ജീനിന്റെ സ്വധീനമല്ല മറിച്ച് ഒന്നിലേറെ ജീനുകള്‍‍ തന്നെയുണ്ടാവണം എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.

ഗവേഷകരുടെ പഠനത്തില്‍ പത്ത് കുടുംബങ്ങളാണല്ലോ ഒരു പ്രത്യേക ഇനം ജീന്‍ കണ്ടെത്തിയത്. ഈ ജീന്‍ അമ്മയില്‍ നിന്നും എപ്രകാരമാണ് സന്താനങ്ങളിലേക്ക് വ്യാപിച്ചത് പിതാവിന്റെ ജീനുകള്‍ക്ക് ഇതുമായുള്ള സ്വാധീനം ആദിയായവയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇന്നും വ്യക്തമല്ല. ഈ ജീന്‍ മാതാവിലൂടെ മാത്രമല്ല പിതാവിലൂടെയും കുട്ടികളിലേക്ക് വ്യാപരിക്കുമോ എന്നു കൂടി പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ഗവേഷണസംഘം അഭിപ്രായപ്പെടുന്നു.

അതിനൊന്നാം നമ്പര്‍ ക്രോമസോമില്‍ കാണുന്ന ഈ ജീന്‍ എപ്രകാരമാണ് അലര്‍ജിയുണ്ടാക്കുന്നതെന്നറിയേണ്ടതുണ്ട്. നാസാദ്വാരങ്ങള്‍, ശ്വാസകോശങ്ങള്‍ എന്നിവയെ പൊതിയുന്ന ശ്ലേഷ്മസ്തരത്തിലും ത്വക്കിലും കാണപ്പെടുന്ന പ്രതിരോധ കോശങ്ങളാണ് മാസ്റ്റ് സെത്സ്. ഈ മാസ്റ്റ്സെല്‍സിന്റെ ഉപരിതലത്തില്‍ ഒരു തരം ‘ റിസ്പ്ടര്‍’ നെ ഉത്പാദിപ്പിക്കാന്‍ ഈ പ്രത്യേക തരം ജീന്‍ കാരണമാവുന്നു. ഈ റിസ്പക്ടര്‍ ‘ ഇമ്മുണോഗ്ലോബുലിന്‍ - ഇ' എന്ന ആന്റി ബോഡിയുമായിട്ടാണ് ബന്ധിച്ചിരിക്കുന്നത്. ഇമ്മുണോഗ്ലോബുലിന്‍ - ഇ ആണ് അലര്‍ജിക്കു കാരണം.

അലര്‍ജിയുണ്ടാക്കുന്ന ഫാറിന്‍ബോഡിയാണ് അലര്‍ജന്‍ . ഇമ്മുണോഗ്ലോബുലിന്‍-ഇ ഏതെങ്കിലും അലര്‍ജനുമായി ബന്ധപ്പെടുന്നതിന്റെ ഫലമായി ചില ജൈവരാസ പ്രതിപ്രവര്‍ത്തങ്ങള്‍ അവിടെ നടക്കുന്നു. അതിന്റെ ഫലമായി മാസ്റ്റ് സെല്‍സ് പൊട്ടി ഹിസ്റ്റമിന്‍ സെറോട്ടോനിന്‍ , ഹെപ്പാരിന്‍ തുടങ്ങി ചില രാസവസ്തുക്കള്‍‍ പുറത്തു വരുന്നു . ആസ്തമയുടേതായ അലര്‍ജിക് ലക്ഷണങ്ങള്‍‍ കാണിക്കാന്‍ കാരണമാകുന്നു.

ഹിസ്റ്റമിന്‍ രക്തക്കുഴലുകള്‍ ചുരുക്കുന്നതിന്റെ ഫലമായി ശരീരത്തില്‍ നിറയെ കൊച്ചു കൊച്ച് മുഴകളൊ തടിപ്പുകളൊ ഉണ്ടാവാം . ശ്വാസനാളികള്‍ ചുരുക്കുന്നതിന്റെ ഫലമായാണ് ശ്വാസതടസമുണ്ടാകുന്നത്. ആസ്തമ രോഗികളുടെ പ്രധാന ബുദ്ധിമുട്ടുമതാണ്. നമ്മെ ഏറെ ക്ലേശിപ്പിക്കുന്ന ഈ അലര്‍ജി നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള ഒരു പ്രതിഭാസമാണ് എന്ന് നാം അറിയണം.

മാസ്റ്റ്സെല്‍സുമായി ബന്ധമുള്ള ഇമ്മുണോഗ്ലോബുലിന്‍ - ഇ ആണ് അലര്‍ജിക്ക് ആസ്തമയ്ക്കു കാരണമെന്ന് നാം കണ്ടു കഴിഞ്ഞു. ഇമ്മുണോഗ്ലോബുലിന്‍ - ഇ യുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന റിസ്പടര്‍ ആണ് ഇവിടെ വില്ലന്‍. റിസ്പടറും ഇമ്മുണോഗ്ലോബുലിന്‍ - ഇ യും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നതോടെ നമുക്ക് പാരമ്പര്യമായി കണ്ടുവരുന്ന ഈ രോഗങ്ങളെ തടയാം. മാത്രവുമല്ല ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ പാരമ്പര്യരോഗങ്ങളെ മിക്കതിനേയും കടപുഴക്കി എറിയാം. അതിലേക്കു വേണ്ട സാങ്കേതിക മാര്‍ഗങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഇനിയും സമയമെടുക്കും.

ഡോ. വേണു തോന്നയ്‌ക്കൽ


Phone: 09946099996




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.