പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നദീജല സംരക്ഷണവും ജലസംരക്ഷണവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എന്‍ കെ സുകുമാരന്‍ നായര്‍

ലോകത്തിലെ എല്ലാ പ്രാചീന സംസ്ക്കാരങ്ങലും നദീതടങ്ങളിലാണ് വികസിച്ചത്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യ സംസ്ക്കാരങ്ങള്‍ വളര്‍ന്നു വന്നിട്ടുള്ളത്. മനുഷ്യസംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നദികള്‍ എന്നു പറയാം. ദൈനം ദിനാവശ്യങ്ങള്‍ക്കു പുറമെ , ഗതാഗതത്തിനും, കൃഷിക്കും, വ്യവസായത്തിനും, ഊര്‍ജ്ജോത്പാദനത്തിനും, ആദ്ധ്യാത്മിക സാംസ്ക്കാരിക പ്രവര്‍ത്തങ്ങള്‍ക്കും ഒക്കെ നദികളെയാണ് ആശ്രയിച്ചിരുന്നത്. നദികള്‍ നമ്മുടെ സംസ്ക്കാരവാഹകരാണ്. നമുക്ക് നദികള്‍ ജലസ്ത്രോതസുകള്‍ മാതമായിരുന്നില്ല. ദേവീദേവന്മാര്‍ക്കും , ഭക്തര്‍ക്കും ഒരേപോലെ നദീജലം തീര്‍ത്ഥമാണ്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്തില്‍ 200 കോടിയില്‍ പരം ജനങ്ങള്‍ക്ക് കുടി വെള്ളം ഒരു കിലോ മീറ്ററിനുള്ളില്‍ ലഭ്യമല്ല. പ്രപഞ്ചത്തിലെ ജീവന്റെ നിലനില്‍പ്പിനാധാരം അന്തരീക്ഷവും ജലവും ആണ്. മാനവരാശിയുടെ പുരോഗതിക്കും ജലവിഭവശേഷിയുടെ സമൃദ്ധി അനിവാര്യമാണ്. അന്തരീക്ഷത്തെയും പരിസ്ഥിതിയേയും നാം എപ്രകാരം സംരക്ഷിക്കുന്നുവോ അപ്രകാരമായിരിക്കും ജലവിഭവ സമൃദ്ധിയും. ജീവന്റെ നിലനില്‍പ്പിനും മനുഷ്യ സംസ്ക്കാരത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനിവാര്യമായ ജലവിഭവ സംരക്ഷണത്തിന് പ്രകൃതി- പരിസ്ഥിതി സംരക്ഷണം അനുപേക്ഷണീയമാണ്. ജലം എല്ലാ പരിസ്ഥിതി ഘടകങ്ങളുടേയും അഭിവാജ്യഘടകമാണ്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ജലം ജീവന്റെ സുപ്രധാന ഘടകമാണ്. ജീവന്റെ നിലനില്‍പ്പിനാധാരമായ ജലത്തിനു പകരം ജലം മാത്രം. ജനസംഖ്യാ വര്‍ദ്ധനവിനനുരോധമായി ജലത്തിന്റേയും ഇതരപ്രകൃതി വിഭവങ്ങളുടേയും ലഭ്യത താരതമ്യേന കുറഞ്ഞു കുറഞ്ഞു വരുന്നു. ഇത്തരമൊരവസ്ഥയില്‍ പ്രകൃതിയുടേയും പരിസ്ഥിതിയുടേയും സംരക്ഷണം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ജലം പരിധിക്കു വിധേയമായ ഒരു പ്രകൃതി സ്ത്രോതസാണ്. ഭൂമിയിലെ ജലത്തിന്റെ മൊത്തം അളവിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഭൂമിയിലെ ജലത്തിന്റെ 97 ശതമാനം മാത്രമാണ് ശുദ്ധ ജലം. അതില്‍ പകുതിയും അപ്രാപ്യമാണ്. ഭൂരിഭാഗവും മഞ്ഞുകട്ടകളില്‍ ഉറഞ്ഞിരിക്കുന്നു. ബാക്കി ജലം കരയിലെ കുളങ്ങളിലും തടാകങ്ങളിലും നദികളിലും മണ്ണിലും ഒക്കെയായി സ്ഥിതി ചെയ്യുന്നു.

മഴ പെയ്തും മഞ്ഞുരുകിയും ഭൂമി കുടിച്ച വെള്ളം കിനിഞ്ഞിറങ്ങിയുമാണ് നദികളില്‍ വെള്ളമുണ്ടാകുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ കൂടി ഒലിച്ചിറങ്ങുന്ന വെള്ളം ചെറിയ ചാലുകളായി സ്വാഭാവികമായ ചരിവുകളിലൂടെ താഴോട്ടൊഴുകുന്നു. ഇവ കൂടിച്ചേര്‍ന്ന് അരുവികളായി, നദികളായി ഒഴുകുന്നു. നദികളിലൂടെ ഒഴുകുന്നത് ഭൂമിയില്‍ ആകെയുള്ള ജലത്തിന്റെ 0.025 ശതതമാനം മാത്രമാണ്. ശുദ്ധ ജലത്തിന്റെ നാലായിരത്തിലൊരംശം മാത്രം. എത്ര അമൂല്യമായ സമ്പത്താണ് നദികളിലൂടെ ഒഴുകുന്ന ജലം എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നാണു വിശേഷിപ്പിക്കുന്നത്. എക്കാലവും ജലസാന്നിധ്യം കൊണ്ട് സസ്യശ്യാമളകോമളമായ ദേശം ആയതുകൊണ്ടാണ് വിദേശികള്‍ കേരളത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത്. പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കടുത്ത ജലക്ഷാമം കേരളത്തിലെല്ലായിടത്തും അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഓരോ വര്‍ഷവും ജലക്ഷാമം കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കും വ്യാ‍പിക്കുന്നതായി കാ‍ണാം. നദീതീരങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാടന്‍ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിരിക്കുന്നു.

കേരളത്തില്‍ ശരാശരി 3100 മില്ലീമീറ്റര്‍ മഴ ലഭിക്കും. ഇത് അഖിലന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയും രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിന്റെ ആറിരട്ടിയുമാണ്. കേരളം നദികളുടെ നാടാണ് പശ്ചിമ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന 44 നദികളുടെയും അവയുടെ 900 ലധികം പോഷക നദികളുടെയും സാന്നിദ്ധ്യം കൊണ്ട് ജലസമൃദ്ധമായ ഭൂപ്രദേശം ജലക്ഷാമത്തിന്റെ പിടിയിലകപ്പെട്ടത് ഓരോ കേരളീയന്റേയും കണ്ണു തുറപ്പിക്കാന്‍ പര്യപ്തമാണ്. വറ്റാത്ത കുളങ്ങളും കിണറുകളും ചാലുകളും ധാരാളമുണ്ടായിരുന്ന കേരളം വേനല്‍ക്കാലമാരംഭിക്കുമ്പോഴേക്കും വറ്റിവരളുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണുന്നത്. ഒരു മാസിക വിശേഷിപ്പിച്ചത് God' s own country എന്നാണ്.

കേരളത്തില്‍ വേനല്‍ക്കാലത്ത് നദീതീരങ്ങളില്‍ പോലും ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് 15 രൂപ കൊടുത്ത് വാങ്ങുന്ന കാഴ്ച സാര്‍വത്രികമായിരിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഓരോ വര്‍ഷവും ജലലഭ്യത പ്രശ്നവും പ്രതിസന്ധിയായി മാറുന്നു. ലഭ്യമായ വെള്ളം തന്നെ വളരെയേറെ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഉപരിതല ജലലഭ്യത നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന നദികളും അവയുടെ കൈവഴികളുമാണ് .

ഒരോ നദീതടത്തിലേയും ഭൂഗര്‍ഭജലവിതാനം നദിയിലെ ജലവിതാനവുമായി നേരിട്ടു ബന്ധപ്പെട്ടാണിരിക്കുന്നത്. നദികളിലെ അടിത്തട്ട് കഴിഞ്ഞ രണ്ടു - മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ ശരാശരി 4- 5 മീറ്റര്‍ താഴ്ന്നിരിക്കുന്നു. എട്ടു മീറ്ററിലധികം താഴ്ന്ന പ്രദേശങ്ങളുമുണ്ട്. തദനുസരമായി ഭൂഗര്‍ഭജലവിതാനവും താഴ്ന്നതാണ് രൂക്ഷമായ ജലക്ഷാമത്തിന്റെ മുഖ്യകാരണം. വേനല്‍ക്കാലങ്ങളില്‍ നദികളിലൂടെയുള്ള ജലപ്രവാഹം ഇല്ലാതായതോടെ ഉപ്പു വെള്ളത്തിന്റെ തള്ളിക്കയറ്റം നദീമുഖത്തു നിന്ന് മുകളിലോട്ട് വന്നുകൊണ്ടിരിക്കുന്നത് നദീജലത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പശ്ചിമഘട്ടമലനിരകളില്‍ നടന്ന വ്യാപകമായ വനനശീകരണം നമ്മുടെ പുഴകളുടെ നാശത്തിനു വഴി തെളിച്ചു. വര്‍ഷക്കാലങ്ങളില്‍ നിബിഢവനപ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളത്തിന്റെ 40- 45 ശതമാനം വനമണ്ണ് സംഭരിച്ചു വയ്ക്കുന്ന വെള്ളം വാര്‍ന്നൊലിച്ച് ചെറിയ നീരുറവകളായി തോടുകളായി വര്‍ഷം മുഴുവന്‍ നദികളിലേക്കെത്തിക്കൊണ്ടിരിക്കുന്നു. മഴക്കാലം അവസാനിച്ചാലും വേനല്‍ക്കാലങ്ങളില്‍ പുഴയുടെ ജലസമൃദ്ധിക്കു കാരണം ഈ വറ്റാത്ത നീര്‍ച്ചാലുകളായിരുന്നു.

അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍ഖനനം നദികളുടെ അടിത്തട്ട് ഭയാനകമാം വിധം താഴുന്നതിനിടയാക്കിയിട്ടുണ്ട്. പുഴകളില്‍ നീരൊഴുക്ക് ക്രമപ്പെടുത്തുന്ന സ്വാഭാവിക തടയണകളായിരുന്നു ഈ മണല്‍ തിട്ടകള്.‍ ജലത്തെ സംഭരിക്കുവാനും ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കുവാനും ഉള്ള കഴിവ് പുഴകള്‍ കള്‍ക്ക് നല്‍കിയിരുന്നത് ഈ മണല്‍ ശേഖരമായിരുന്നു. മണല്‍ നദികളുടെ മജ്ജയും മാംസവുമാണ്. മണല്‍ ഇല്ലാത്ത നദികള്‍ വെറും തോടുകളാണ്.

ചെളി നിറഞ്ഞ അടിത്തട്ടില്‍ നീരൊഴുക്കിന്റെ ഗതിവേഗം വര്‍ദ്ധിക്കുകയും ചെയ്യും. മണല്‍ ശേഖരം നീക്കം ചെയ്യപ്പെട്ടതോടെ പുഴകളിലെ ജലവിതാനം താഴുകയും അതദനുസരണമായി വൃഷ്ടി പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം താഴുകയും ചെയ്തു. വെള്ളപ്പൊക്ക സമയങ്ങളില്‍ ശേഖരിക്കപ്പെടുന്ന നെല്‍ വയലുകളും നീര്‍ത്തടങ്ങളും നികത്തപ്പെട്ടതിനു കാരണം മഴ വെള്ളം മുഴുവനും ഒഴുകി കടലിലെത്തുന്നതിനും കാരണമായി. നീര്‍ത്തടങ്ങളില്‍ വെള്ളപ്പൊക്ക സമയങ്ങളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം കിണറുകളിലും കുളങ്ങളിലും നദികളിലും വേനല്‍ക്കാലങ്ങളില്‍ ക്രമേണ റീചാര്‍ജ്ജു ചെയ്യുന്നതിനുതകുമായിരുന്നു.

കേരളത്തില്‍ കിട്ടുന്ന മഴവെള്ളത്തിന്റെ 70 ശതമാനം ജൂണ്‍ മുതല്‍ മൂന്നു മാസങ്ങളിലായിട്ടാണ് ലഭിക്കുന്നത്. 20- 30 ശതമാനം സെപ്തംബര്‍ മുതല്‍ മൂന്നു മാസങ്ങളായിട്ടും ബാക്കി ആറു മാസങ്ങളില്‍ കിട്ടുന്ന വേനല്‍മഴ ശരാശരി10- 15 ശതമാനം മത്രമാണ്. വര്‍ഷകാലങ്ങളില്‍ പെയ്യുന്ന മഴ വെള്ളം മണ്ണില്‍ ശേഖരിക്കപ്പെടാതെ അതി വേഗം ഒഴുകി പോകാനിടയായതാണ് വേനല്‍ക്കാലങ്ങളില്‍ ഇത്ര കടുത്ത ജലക്ഷാമത്തിനിടയാക്കിയത്. കഴിഞ്ഞ കുറെ കാലങ്ങളിലായി നടന്ന വനനശീകരണവും, അശാസ്ത്രീയവും അനിയന്ത്രിതവുമായ മണല്‍ വാരലും വ്യാപകമായ നീര്‍ത്തടം നികത്തലും എല്ലാം പരിസ്ഥിതി നാശത്തിനും ജലക്ഷാമത്തിനും കാരണമായി.

മനുഷ്യ സംസ്ക്കാരത്തിന്റെ വളര്‍ച്ചയില്‍ ജലസ്ത്രോതസുകള്‍ മഹത്തായ സംഭാവനകളാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ആവാസവ്യവസ്ഥയിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് നദികള്‍ തീരദേശവാസികള്‍ക്ക് ജീവജലം വഹിച്ചു കൊണ്ടു വരുന്ന നദികളും മറ്റു സ്വാഭാവിക ജലസ്ത്രോതസുകളും ഇല്ലാതാക്കുന്ന സ്ഥിതി വിശേഷം ഭാവി തലമുറയോട് ഉത്തരം പറയുവാന്‍ കഴിയാത്ത അവസ്ഥ നമ്മള്‍ക്കുണ്ടാകും. പരിസ്ഥിതി സംരക്ഷണവും , ജലസംരക്ഷണവും പരസ്പരപൂരിതമായി നിലനില്‍ക്കുന്നു. പരിസ്ഥിതി ബോധം നമ്മുടെ സാമൂഹിക ബോധത്തിന്റേയും രാഷ്ട്രീയ ബോധത്തിന്റേയും ഭാഗമാക്കിയെടുക്കേണ്ടിയിരിക്കുന്നു.

കടപ്പാട്:ആശ്രയ മാതൃനാട്

എന്‍ കെ സുകുമാരന്‍ നായര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.