പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കണ്ടൽക്കാടുകളുടെ ജീവശാസ്‌ത്രം -പ്രകൃതിയുടെ നീരുറവപോലെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിനേശൻ കണ്ണപുരം

ലേഖനം

കേരളത്തിലെ പരിസ്ഥിതിവ്യവസ്ഥയെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്‌ കണ്ടൽക്കാടുകൾ.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിത്യഹരിത സസ്യമായി ജനസഹസ്രങ്ങൾക്ക്‌ കൗതുകവും കാരുണ്യവും നൽകി കോട്ടമതിലിന്റെ ഗാംഭീര്യം ധ്വനിപ്പിക്കുന്ന തലയെടുപ്പോടെ തഴച്ചുവളർന്ന കണ്ടൽക്കാടുകൾ ഇന്നലെകളുടെ കാഴ്‌ചകളാണെങ്കിൽ ഇന്നത്‌ ഉപ്പുകാറ്റേറ്റ്‌ ദ്രവിച്ചുപോയ കൽമതിൽപോലെ കാഴ്‌ചകളിൽ നിറയുകയാണ്‌.

നദികളാൽ സമ്പന്നമായ കേരളത്തിൽ നദീതടങ്ങളോടനുബന്ധിച്ച്‌ സ്വാഭാവികമായ രീതിയിൽ രൂപപ്പെട്ടിട്ടുളള കണ്ടൽവനങ്ങൾ നമ്മുടെ മണ്ണിനോടും വെളളത്തോടും മനുഷ്യനുൾപ്പെടെയുളള മറ്റ്‌ ഇതര ജീവികളോടും കാട്ടുന്ന പ്രകൃതിദത്തമായ പുണ്യകർമ്മം പ്രപഞ്ചസീമകളോളം വലുതാണ്‌.

ഈ തിരിച്ചറിവുണ്ടായിട്ടും ഇന്നലെകളിൽ നിന്നും ഇന്നിലേക്കുളള മനുഷ്യന്റെ മാനസികമായ പരിണാമം മറ്റ്‌ പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതുപോലെതന്നെ അതിന്റെ അറവുകത്തി കണ്ടൽവനങ്ങളുടെ ചോട്ടിലും പ്രഹരമേൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ആസുര മുതലാളിത്തത്തിന്റെ ആർത്തിയിൽ കണ്ടൽവനങ്ങൾ വേരറ്റു വീഴുമ്പോൾ സംശുദ്ധമായ നമ്മുടെ മണ്ണും വെളളവും മലീമസമാവുകയും അവയിലൂടെ ജീവന്റെ പ്രകാശപൂരിതമായ നിലനിൽപ്പിനുമേൽ ഉപ്പുകാറ്റു വീശുകയും ചെയ്യുന്നു.

വ്യക്തിനേട്ടങ്ങൾക്കുവേണ്ടി കണ്ടൽവനങ്ങൾ വെട്ടി നിലംതരിശാക്കിയിടുമ്പോൾ ഇതിന്റെ പ്രത്യഘാതം അനുഭവിക്കേണ്ടിവരുന്നത്‌ ഒരു പ്രദേശത്തെ ജനസമൂഹം മുഴുവനുമാണ്‌. ഇവർക്ക്‌ നഷ്‌ടപ്പെടുന്നത്‌ ശുദ്ധജലത്തിന്റെ ലഭ്യതയും കൃഷിനാശവും.

തീരപ്രദേശത്തു കഴിയുന്നവരുടെ കുടിവെളളത്തിൽ ഉപ്പുരസം കലരാതെ സൂക്ഷിക്കുന്ന ഒരു ഫിൽട്ടർ യൂണിറ്റാണ്‌ കണ്ടൽവനങ്ങൾ. നദിയിലെയും മറ്റും ഉപ്പുവെളളത്തെ കണ്ടൽചെടികളുടെ വേരുകൾ ആഗിരണം ചെയ്യുന്നത്‌ കൊണ്ട്‌ ശുദ്ധജലകേന്ദ്രങ്ങളിലേക്ക്‌ ഭൂഗർഭത്തിലൂടെ ഉപ്പുവെളളം കയറാനുളള സാധ്യത കണ്ടൽവനങ്ങളുടെ സാന്നിധ്യം കൊണ്ട്‌ പൂർണ്ണമായും ഇല്ലാതാവുന്നു. നമ്മുടെ കുടിവെളളത്തെ സംരക്ഷിക്കുന്ന ഈ കണ്ടൽവനങ്ങളെയാണ്‌ നാം നമ്മുടെ സ്വാർത്ഥലാഭത്തിനുവേണ്ടി വെട്ടി നശിപ്പിക്കുന്നത്‌.

കേരളത്തിൽ നദികളെയും കുന്നുകളേയും കൊന്നുകൊണ്ടിരിക്കുന്നതുപോലെ കണ്ടൽവനങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. കണ്ടൽവനങ്ങൾ വെട്ടിനികത്തി ടൂറിസ്‌റ്റ്‌ കോംപ്ലക്‌സുകൾ പോലുളള മന്ദിരങ്ങൾ പണിയുന്ന കാഴ്‌ചയാണ്‌ പലയിടങ്ങളിലും കണ്ടുവരുന്നത്‌. ഇവിടെ കണ്ടൽകാടുകൾ സംരക്ഷിക്കാൻ ശക്തമായ നിയമം വേണമെന്ന മുറവിളി അംഗീകരിക്കപ്പെടാതെ പോകുമ്പോൾ കണ്ടൽക്കാടുകളുടെ കടയ്‌ക്കൽ കത്തിവെക്കുന്നവരെ പ്രതിരോധിക്കാനും പ്രതിഷേധിക്കാനുമുളള ഊർജ്ജം നിഷ്‌പ്രഭമായി പോകുന്നു.

കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നതുപോലെ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാനുളള കൊട്ടയായി കണ്ടൽക്കാടുകൾക്കിടം കണ്ടെത്തുന്നവരും ഇവിടെ ധാരാളമുണ്ട്‌. ഇത്‌ മറ്റൊരു ദുരന്തമുഖമാണ്‌ കാട്ടിത്തരുന്നത്‌.

അറവുശാലകളിൽ നിന്നായാലും കച്ചവടസ്ഥാപനങ്ങളിൽ നിന്നായാലും മറ്റുപ്രദേശങ്ങളിൽനിന്നും വരുന്ന വണ്ടികളിൽ നിന്നായാലും തളളുന്ന അവശിഷ്‌ടങ്ങൾ പുഴയോരങ്ങളിലും കണ്ടൽക്കാടുകൾക്കിടയിലും മറ്റും കിടന്ന്‌ ജീർണിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. ഈച്ചയാർക്കുന്ന, കാക്കകൾ കൊത്തിവലിക്കുന്ന, പട്ടികളും പൂച്ചയും കുറുക്കനും താവളമാക്കി മാറ്റിയ മാലിന്യങ്ങൾ നിറഞ്ഞ കണ്ടൽവനങ്ങളുടെ പരിസരം രോഗാണുപ്രസരണകേന്ദ്രങ്ങൾ തന്നെയാണ്‌. ജീർണ്ണിച്ച അവശിഷ്‌ടങ്ങളിൽ പൊതിഞ്ഞു കിടക്കുന്ന ഈച്ചകൾ പകർച്ചവ്യാധികളുടെ വാഹകരാണ്‌. പട്ടികൾ ഉണ്ടാക്കുന്ന ഭീതിയും ചെറുതല്ല. കണ്ടൽക്കാടുകളിലും മറ്റും നിക്ഷേപിക്കുന്ന അവശിഷ്‌ങ്ങളിൽ ഇവർ പരസ്‌പരം കടിപിടി കൂടുമ്പോൾ പേവിഷ ബാധയേറ്റ നായ ഇതിലുണ്ടെങ്കിൽ വരുത്തുന്ന വിപത്ത്‌ ചെറുതൊന്നുമായിരിക്കില്ല. കാക്കകളും മോശമല്ലാത്ത രീതിയിൽ മനുഷ്യരെ ദ്രോഹിക്കുന്നുണ്ട്‌. ഇവിടെ കാക്കയേയും പട്ടിയേയും പൂച്ചയേയും കുറ്റം പറയുന്നതിൽ അർത്ഥമില്ല. പ്രകൃതി അവർക്ക്‌ നൽകിയ മാർഗ്ഗം അവർ കൊണ്ടുനടക്കുന്നു. ഈ മാർഗ്ഗത്തിന്‌ സജീവത പകരാൻ മനുഷ്യന്റെ ബോധപൂർവ്വമായ പ്രവൃത്തി കാരണമാകുന്നുവെന്നതാണ്‌ ഖേദകരം.

മാലിന്യങ്ങളുടെ നിക്ഷേപം കണ്ടൽക്കാടുകളുടെ വളർച്ചയ്‌ക്ക്‌ പ്രതികൂലാവസ്ഥ സൃഷ്‌ടിക്കുമെന്നതിൽ തർക്കമില്ല. ഇതുമൂലം നഷ്‌ടപ്പെടുന്നത്‌ ജൈവവൈവിദ്ധ്യങ്ങളുടെ സംരക്ഷണമാണ്‌. ഇതും മനുഷ്യരെ ബാധിക്കുന്ന സംഗതിയാണ്‌. മാത്രമല്ല മാലിന്യങ്ങൾ ജനിപ്പിക്കുന്ന രോഗങ്ങളും കുന്നിൻമേൽ കുരുവെന്നപോലെ മനുഷ്യർക്ക്‌ അലോസരമായി തീരുന്നു. ഈ പരിണിതഫലത്തിന്‌ തടയിട്ട്‌ മുന്നേറാൻ പ്രകൃതിസ്‌നേഹികളുടെ പ്രയത്‌നത്തിനു കഴിയണം. കണ്ടൽവനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ശാസ്‌ത്രീയത വാക്കുകൾക്കുപരി പ്രവർത്തിപഥത്തിലാണ്‌ സജീവമായി കാണിക്കേണ്ടത്‌. മുതിർന്നവരിലെന്നതുപോലെ തന്നെ കുട്ടികളിലും കണ്ടൽവനങ്ങളെക്കുറിച്ച്‌ അവബോധം വളർത്തിയെടുക്കുക മർമ്മപ്രധാനമായ കാര്യമാണ്‌. കാരണം നാളെയുടെ കാലാവസ്ഥ കുട്ടികളുടെ കരങ്ങളിൽ സുരക്ഷിതമാക്കേണ്ടതുണ്ട്‌. ക്ലാസ്‌മുറിയിലെ പരിസ്ഥിതി ബോധവൽക്കരണ പഠനത്തിൽ കണ്ടൽക്കാടുകൾ ഒരു പ്രധാന അദ്ധ്യായമായി കൂട്ടിച്ചേർക്കുകയാണ്‌ പ്രാഥമികമായ എളുപ്പമാർഗ്ഗം. കൂടെ പ്രകൃതി നടത്തമെന്ന സിലിബസുണ്ടാക്കി കണ്ടൽക്കാടുകൾ കണ്ടറിയാനുളള അവസരം കൂടി കുട്ടികൾക്ക്‌ ഉണ്ടാക്കിക്കൊടുക്കണം.

കേരളത്തിൽ 1650 ഹെക്‌ടർ കണ്ടൽക്കാടുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഭദ്രമായി കിടക്കുന്നത്‌ 148 ഹെക്‌ടർ മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുമ്പോൾ ക്ഷയിച്ചുപോയതും ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമായ ആയിരത്തിയഞ്ഞുറോളം ഹെക്‌ടർ സ്ഥലത്തെ കണ്ടൽക്കാടുകൾ പുനർജ്ജീവിച്ചു കൊണ്ടുവരാൻ കുട്ടികൾക്കു നൽകുന്ന ബോധവൽക്കരണത്തിലൂടെ കഴിയണം.

കണ്ടൽവനങ്ങൾ ഒരത്ഭുത പ്രതിഭാസമാണെന്ന തിരിച്ചറിവ്‌ കുട്ടികളിൽ ജനിപ്പിച്ചാൽ തീർച്ചയായും ജൈവ വൈവിദ്ധ്യ സംരക്ഷകരായ കണ്ടൽക്കാടുകളെ ഇവർ പ്രണയിച്ചു തുടങ്ങും.

നമ്മുടെ കടലോരത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിത്തട്ടുകളിലും തീരപ്രദേശത്തെ ചതുപ്പിലും, നദീമുഖത്തെ തുരുത്തുകളിലും സമൃദ്ധമായി വളരുന്ന ഈ നിത്യഹരിത രക്ഷകനെ നമ്മുടെ കുട്ടികൾ സ്വപ്‌നം കണ്ടുതുടങ്ങും.

കണ്ടൽക്കാടുകളുടെ ജീവശാസ്‌ത്രം പ്രകൃതിയുടെ നീരുറവപോലെ പരിശുദ്ധമാണെന്ന ബോധം ഉണ്ടാവുമ്പോൾ കരയിലെ മണ്ണൊലിച്ചുപോകാതെ കാവൽനിൽക്കുന്ന, ജലമലിനീകരണത്തെ തടയുന്ന, ജലജീവികളുടെ പ്രജനന കേന്ദ്രമായ, കടലാക്രമണത്തിൽ നിന്ന്‌ സംരക്ഷണം നൽകുന്ന, നീർപക്ഷികളുടെ ആവാസകേന്ദ്രമായ, തീരപ്രദേശങ്ങളിലെ ലവണാംശം കുറയ്‌ക്കുന്ന കണ്ടൽക്കാടുകളോട്‌ കുട്ടികൾക്ക്‌ ബഹുമാനം തോന്നിത്തുടങ്ങും.

മറ്റ്‌ പച്ചിലക്കാടുകളിൽനിന്നും ഭിന്നമായി കണ്ടൽക്കാടുകളുടെ വളർച്ചയും നിലനിൽപ്പും അതിന്റെ തീരത്തുച്ചെന്ന്‌ കണ്ടുപഠിക്കുന്ന ഒരാൾക്ക്‌ കണ്ടലുകൾ പാഴ്‌ചെടികളാണെന്ന മിഥ്യാധാരണ പൂർണ്ണമായും മാറും.

കുട്ടികൾ ഉൾപ്പെടെയുളള പൊതുസമൂഹത്തെ ചേർത്ത്‌ ഇത്തരം പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാൽ കണ്ടൽ വളരുന്നയിടം പാഴ്‌ഭൂമിയല്ലെന്ന ബോധം വളർത്തിയെടുക്കാൻ കഴിയും.

ഒരിക്കൽ പുഴയോരത്തെ കണ്ടൽക്കാടുകൾക്കരികിലൂടെ നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന കുട്ടി ചോദിച്ചു. ഇതെന്താ ചതുപ്പിൽ നിറയെ കൊച്ചുകൊച്ചു കമ്പുകൾ നാട്ടിയിരിക്കുന്നതെന്ന്‌. കുട്ടി ചോദ്യം ചോദിച്ചയുടൻ മൂന്നാലു കമ്പുകൾ ചവിട്ടിപ്പൊട്ടിച്ചു കുസൃതി കാണിച്ചപ്പോൾ അത്‌ പൊട്ടിക്കരുതെന്നും സൂചിവേരുകളാണെന്നും പറഞ്ഞപ്പോൾ സൂചിവേരുകൾ എന്തെന്നറിയാൻ കുട്ടിക്ക്‌ ആകാംഷയായി.

കണ്ടൽവളരുന്നതിന്റെ ചുറ്റുവട്ടവും ഉപ്പുരസമുളള വെളളത്തിൽ ഓക്‌സിജന്റെ അളവ്‌ വേണ്ടുവോളമില്ലാത്തതു കാരണം കാണ്ഡത്തിലും വേരുകളിലും കാണപ്പെടുന്ന വായു അറകൾ കൊണ്ടാണ്‌ കണ്ടൽചെടികൾ ഓക്‌സിജന്റെ കുറവ്‌ പരിഹരിക്കുന്നതെന്നും മാത്രമല്ല മണ്ണിൽ ഓക്‌സിജൻ പൂർണ്ണമായും ഇല്ലാത്ത സാഹചര്യമായതുകൊണ്ട്‌ കണ്ടൽക്കാടുകൾ വളരുന്ന മണ്ണിനടിയിലെ വേരുകളിൽ നിന്നും സൂര്യപ്രകാശത്തിനഭിമുഖമായി വളരുന്ന സൂചിവേരുകളാണ്‌ ശ്വസനക്രിയ പ്രധാനമായും നടത്തുന്നതെന്നും പറഞ്ഞുകൊടുത്തപ്പോൾ കുട്ടി ഓമനത്തത്തോടെ സൂചിവേരികളിൽ തലോടുന്നത്‌ കാണാൻ കഴിഞ്ഞു. ഇത്തരം ഓമനത്വഭാവം പൊതുജനങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ സൂചിവേരുകളെ മാലിന്യംകൊണ്ടു മൂടാനോ കണ്ടൽക്കാടുകളെ വെട്ടിനിരത്താനോ തോന്നുകയില്ല. മറിച്ച്‌ കണ്ടലിന്റെ പ്രകൃതിയോട്‌ അടുത്തുകൂടാൻ ഇവരുടെ മനസ്സ്‌ കൊതിക്കും.

കണ്ടലുകളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത്‌ ഊന്നുവേരുകളും താങ്ങുവേരുകളുമാണെന്നും, ശാഖകളിൽ നിന്നും ഉണ്ടാവുന്ന വേരുകൾ താഴോട്ട്‌ വളർന്ന്‌ നിലത്തുറച്ചു നിന്ന്‌ ശക്തിയായ ഒഴുക്കിനെ അതിജീവിക്കാൻ സഹായിക്കുമെന്നും, ചതുപ്പിൽ വീണാൽ വിത്തു മുളയ്‌ക്കാത്തതു കാരണം മാതൃസസ്യത്തിൽവച്ചു തന്നെ വിത്തുമുളച്ച്‌ തൈ പരുവത്തിലായതിനുശേഷമാണ്‌ കൊഴിഞ്ഞു വീഴുന്നതെന്നും, തീരപ്രദേശത്തെ നീരാവിയും താപനിലയും ഈ കൊച്ചുചെടികൾക്ക്‌ തഴച്ചുവളരാനുളള ഘടകമാണെന്നുമൊക്കെ മനസ്സിലാക്കുമ്പോൾ ഈ അത്ഭുതവൃക്ഷത്തോടുളള ആരാധനയ്‌ക്ക്‌ ആക്കം കൂടുകയേയുളളു.

സുനാമി ഉണ്ടാക്കിയ ദുരന്തം നമ്മൾ കണ്ടതാണ്‌. ഇത്തരം ദുരന്തങ്ങളുടെ ശക്തി കുറയ്‌ക്കാൻ കണ്ടൽക്കാടുകൾക്ക്‌ കഴിയുമെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ കണ്ടൽക്കാടുകളുടെ പ്രകൃതം അതാണ്‌. വേലിയേറ്റവും വേലിയിറക്കവും കൊണ്ടുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും കൊടുങ്കാറ്റിന്റെ ശക്തിയും കുറയ്‌ക്കുവാൻ കണ്ടൽക്കാടുകൾക്ക്‌ സാധിക്കും.

മനുഷ്യർക്കെന്നപോലെ തന്നെ മറ്റ്‌ ജീവികൾക്കും കണ്ടൽക്കാടുകൾ പലരീതിയിൽ രക്ഷാമാർഗ്ഗം ഒരുക്കിയിട്ടുണ്ട്‌. ജലത്തിന്റെ ഊഷ്‌മാവ്‌ ക്രമീകരിച്ചു നിർത്താൻ കണ്ടൽവനങ്ങൾക്ക്‌ കഴിയുമെന്നതിനാൽ ഇവിടങ്ങളിൽ പ്രജനനം നടത്താനും ജീവിക്കാനും മൽസ്യങ്ങൾക്കും കൊഞ്ചുകൾക്കും മറ്റും കഴിയും.

ഇത്രയേറെ സവിശേഷതയുളള ഈ സസ്യജാലത്തെയാണ്‌ നാം ഇന്ന്‌ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ ഇന്ന്‌ വാണിജ്യപരമായ ചെമ്മീൻ കൃഷിക്കും അതുപോലെ ചതുപ്പുനിലം നികത്തി കോൺക്രീറ്റ്‌ മന്ദിരങ്ങൾ പണിയുന്നതിനുമായി കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉളളത്‌. 755 ഹെക്‌ടർ. ഏറ്റവും കുറച്ച്‌ മലപ്പുറം ജില്ലയിലും. 12 ഹെക്‌ടർ. കടലാസിലെ ഈ കണക്ക്‌ ഭൂമിയിൽ കാണില്ലായെന്നത്‌ വേറെ കാര്യം. കാരണം നാം ദിനംപ്രതി കണ്ടൽവനങ്ങൾ ഉൾപ്പെടെയുളളവ നശിപ്പിച്ചുകൊണ്ടു വളരുകയാണല്ലോ. ഇവിടെ നാലുചുമരുകൾക്കിടയിൽ ഇരുന്ന്‌ സെമിനാർ നടത്തിയതുകൊണ്ടുമാത്രം കണ്ടൽക്കാടുകളെ രക്ഷപ്പെടുത്താൻ കഴിയില്ല. കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വാക്കുകളെക്കാൾ ഏറെ ഇവിടെ വേണ്ടത്‌ പ്രവർത്തിയാണ്‌. അതിനായി നാം ആദ്യം ചെയ്യേണ്ടത്‌ നമ്മുടെ മനസ്സിലെ മാലിന്യം നീക്കി പ്രകൃതിക്കുവേണ്ടി ഒരുങ്ങുകയാണ്‌.

ദിനേശൻ കണ്ണപുരം

പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ - 670 331.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.