പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സ്വപ്നവും നിര്‍വചനവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

സമയത്തെപറ്റി ആരെഴുതിയാലും വായിക്കുക എന്റെ താത്പര്യമാണ് ‘’ ചിത്രശലഭമെണ്ണുന്നത് മാസങ്ങളെയല്ല നിമിഷങ്ങളെയാണ് . എന്നാലുമത് ആവശ്യത്തിന് സമയമുണ്ട് അതിലധികം സൗന്ദര്യവുമുണ്ട് ‘’ എന്നു ഭാരതത്തിന്റെ അഭിമാനമായ കവി ഠാക്കൂര്‍ എഴുതി ( ഠാക്കൂറിനെ , ടാഗോര്‍ ആക്കിയത് ഇംഗ്ലണ്ടുകാരാണ് . ) ഏതാണ് അഞ്ചു കൊല്ലം മുമ്പ് അതോട് ചേര്‍ത്ത് ഇങ്ങനെയൊരു കുറിപ്പ് ഞാനെഴുതി വച്ചിരുന്നു 'നിര്‍വചിക്കേണ്ടതിനേ വിലയുള്ളു. ബാക്കിയുള്ളവയ്ക്കു വ്യാഖ്യാതാവ് കല്‍പ്പിക്കുന്ന വിലയേ ഉള്ളു. മൗലികമായതിനൊന്നും വ്യാഖ്യാനമില്ല' . ഇത് വായിക്കുന്നവര്‍ക്ക് അല്‍പ്പം ആശയ കുഴപ്പം ഉണ്ടായിട്ടുണ്‍റ്റെങ്കില്‍ കഷമിക്കു . അതു മാറും ശ്രദ്ധിക്കു: ' നിര്‍ വചിക്കുക എന്നു പറയുന്നതു തന്നെ വചനത്തെ ഒഴിവാക്കുക എന്നാണ് ‘ നിര്‍’ എന്ന ഉപസര്‍ഗം ചേര്‍ക്കുമ്പോളാണ് ഇല്ലായ്മയാണ് ശബ്ദത്തില്‍ ആദേശിക്കപ്പെടുന്നത്. അപ്പോളാണ് നിര്‍വചനം എന്നാല്‍ മൗനം എന്നാണ് അതായത് വചിക്കാതിരിക്കല്‍ എന്നാല്‍ സാമാന്യ പ്രയോഗത്തില്‍ നന്നായി വിചാരിച്ച് പറയുക അര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിക്കുക എന്നൊക്കെയാണ് ആ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ എത്ര ശ്രമിച്ചാലും നിര്‍വചിക്കാനാവാത്ത സമസ്യകളാണ് ജനനവും, മരണവും ,സ്നേഹവും, ക്രൂരതയുമൊക്കെ. ഇവയെ പറ്റി പറയുന്നതൊക്കെയും നിരുക്തിയിലേക്കാണു നയിക്കുക. കവിയെഴുതിയത് തന്നെ ഇതിനു തെളിവാണ് ഏതാ‍നും നിമിഷങ്ങള്‍ കൊണ്ട് എണ്ണാവുന്ന ചിത്രശലഭത്തിന്റേയും മണിക്കൂറുകള്‍ കൊണ്ടെണ്ണാവുന്ന പൂവിന്റേയും ജീവനു ലഭ്യമായ അതേയര്‍ത്ഥം തന്നെയല്ലേ നൂറു വര്‍ഷത്തിനു ശേഷം മണ്ണായി തീരുന്ന ഒരു മനുഷ്യനോ അല്ലെങ്കില്‍ ഒരു മരത്തിനോ ഉള്ളതും ? പക്ഷെ, എന്താണ് ഈ അര്‍ത്ഥം? കിട്ടുന്ന ത്ര സമയം മുഴുവന്‍ ജീവിക്കുക അത്ര തന്നെ. അതിനപ്പുറത്തുള്ളതെല്ലാം വെറും ‘ നിര്‍വചങ്ങളല്ലേ? ജീവിതത്തിനു വെറും ഒരു നിമിഷത്തിന്റെ വിലയേയുള്ളു. ഓരോ നിമിഷത്തിനുമെന്നാല്‍ ഒരു മുഴുവന്‍ ജീവന്റെ തന്നെ വിലയുണ്ട്!.

വാക്കുകള്‍ ഉരുത്തിരിഞ്ഞു വരുന്നതിനെ പറ്റിയുള്ള അന്വേഷണം എപ്പോഴും രസാവഹമാണ് ഉദാഹരണത്തിന് ‘ ആപേക്ഷികം’ ഒന്നിനെ അപേക്ഷിച്ച് , അല്ലെങ്കില്‍ ആശ്രയിച്ച് മാത്രം മറ്റൊന്നിന് ‍ അസ്തിത്വം കല്പീക്കുന്നതിനെയാണ് ആപേക്ഷികം എന്നു പറയുന്നത്. പ്രപഞ്ചമെന്നത് തന്നെ മനുഷ്യമനസിന്റെ ആപേക്ഷികതകൊണ്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എന്നു തെളിയിക്കാനും കൂടിയാണ് ഐന്‍സ്റ്റീന്‍ The Relavity Theory ഉണ്ടാക്കിയത്. അതനുസരിച്ച് സമയം, ഇടം എന്നീ മാനങ്ങള്‍ക്ക് ആപേക്ഷികമായിട്ടല്ലാതെ ഒരര്‍ത്ഥവുമില്ല. അതായത്, ചലിക്കുന്ന എന്തെങ്കിലും ഇല്ലെങ്കില്‍ , സംയത്തിനോ ഇടത്തിനോ പൊരുളില്ല . എവിടെയെങ്കിലും സ്ഥിരമായും വ്യത്യസ്തമായും നിലകൊള്ളുന്ന എന്തെങ്കിലുമായി തട്ടിക്കാനാവുന്നില്ലെങ്കില്‍ , വേഗം പോലും അനുഭവപ്പെടുകയില്ലെന്ന വിമനയാത്രയില്‍ നിന്ന് ഏവര്‍ക്കുമറിയാം. സമയവും ഇടവും ഇല്ലെങ്കില്‍ വേഗവും ഇല്ല. അത് യാന്ത്രികമായ വിലയിരുത്തലില്‍ ഇവ മൂന്നും , യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ടി മനസുണ്ടാക്കുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണ് . മനസില്ലാതായാല്‍ , ഇവ മൂന്നും പിന്നെയില്ല . ഇവ മൂന്നും ഇല്ലെങ്കില്‍ , പ്രപഞ്ചമെവിടെ? അധികമാരും ഇതൊന്നും ചിന്തിക്കുന്നില്ലെങ്കിലും , സംഗതി വളരെ ഗൗരവമാണ് , ഗഹനീയവുമാണ്. കാരണം, നമ്മുടെ തന്നെ ഉണ്മയേയും ഇല്ലായ്മയേയും നിശ്ചയിക്കുന്ന വിവക്ഷകളാണിവ. ! നാമില്ലെങ്കില്‍ ( ഞാനില്ലെങ്കില്‍) പിന്നെയാരുടേതാണ് ഈ വിവക്ഷകള്‍? ആകെ കുഴഞ്ഞില്ലേ കാര്യങ്ങള്‍ ? കുഴഞ്ഞു മറിഞ്ഞ ഈ ആശയക്കുഴമ്പിനാണ് ‘ മായ’ എന്നു പേരിട്ടിരിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം.

തത്ത്വചിന്തയുടെ ഉത്ഭവം തന്നെ ‘ ഞാന്‍ ‘ ആണ്. പടിഞ്ഞാറ്, ദെകാര്‍ത്തിന്റെ ‘ ഞാന്‍ ചിന്തിക്കുന്നു , അതുകൊണ്ട് ഞാനുണ്ട് - Cogito, ergo sum - എന്ന ലത്തീന്‍ സമവാക്യത്തിലാണ് അതിന്റെ തുടക്കം . ഒന്നു കൂടി കടത്തി ചിന്തിച്ചാല്‍, എന്റെയെന്നല്ല, എല്ലാ അസ്തിത്വവും ‘ ഞാന്‍’ എന്ന ചിന്തയിലാണ് ഉറപ്പിച്ചിരിക്കുന്നത്. തനതായി ( സ്വന്തം കാലില്‍ നില്‍ക്കുന്ന) അസ്തിത്വങ്ങളുണ്ടെങ്കില്‍ തന്നെ, അവയും എന്റെ ബോധത്തില്‍ സ്ഥലം പിടിക്കുന്നത് ‘ എന്റെ ‘ സൃഷ്ടിയായിട്ടാണ് . അല്ലാതെ പറ്റില്ല തന്നെ. ഇതിനു വേറൊരു തെളിവും വേണ്ട - ഞാനെന്ന ബോധം നഷ്ടമാകുന്നതതോടെ , എല്ലാ അസ്തിത്വവും എന്നെ സംബന്ധിച്ചിടത്തോളം ഇല്ലായ്മയായിത്തീരുകയാണല്ലോ.

അപ്പോള്‍ ഞാനെന്ന ചിന്തയാണ് സ്വന്തം അസ്തിത്വമായി നമുക്കനുഭവപ്പെടുന്നത്. ബാക്കിയെല്ലാം എനിക്ക് ആപേക്ഷികമായും . ഓരോ ‘ ഞാനും’ മറ്റൊന്ന് പോലെയല്ലാത്തതുകൊണ്ട്, ഓരോ ഞാനും മറ്റെല്ലാം വ്യത്യസ്തമായി കാണും. എന്തെങ്കിലും രണ്ടു പേര്‍ ഒരേ അര്‍ത്ഥം കാണുക വിരളമായതിനാല്‍ അടിപിടി ധാരാളമാകുന്നു എന്നതും നിത്യാനുഭവം. അല്‍പ്പം കൂടി കടത്തി ചിന്തിച്ചാലോ ? അനന്തവും സ്ഥിരവുമായ മറ്റൊന്നിന് ആപേക്ഷികമായിട്ടല്ലാതെ , ഞാന്‍ എന്റെ ബോധപ്രക്രിയ പോലും നിലനില്‍ക്കുകയില്ല അലപാസ്തിത്വമായ എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് വസ്തുത പക്ഷെ, കാതലുള്ള ( ആപേക്ഷികമല്ലാത്ത) അസ്തിത്വം ( അനന്തബോധം ) സ്വാശ്രിതവും മങ്ങലില്ലാത്തതുമാ‍ായിരിക്കണം . മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അവയെല്ലാം അതിന് ആപേക്ഷികമായിരിക്കുകയും വേണം കാരണം, അല്പാസ്തിത്വങ്ങളുടെ മാത്രം നിയമാണ്, ആപേക്ഷികത. അനന്ത ബോധത്തില്‍ അലിയുക എന്നൊന്നു സാദ്ധ്യമാണെങ്കില്‍ അതിനര്‍ത്ഥം ആപേക്ഷികതയെ മറികടക്കുക എന്നാണ് അതാകട്ടെ സ്വത്വത്തിന്റെ തന്നെ നിരാകരണമല്ലാതെ വേറൊന്നുമല്ല താനും.

ഈ ചിന്ത ഒരു തരത്തില്‍ മഹത്തരമാണെങ്കിലും , അതില്‍ സായൂജ്യത്തിന്‍ വകയൊന്നുമില്ല. കാരണം അനന്തമായത് ഉണ്ടെങ്കില്‍ അത് സമ്പൂര്‍ണ്ണവുമാണ്. എല്ലാ വിധത്തിലും സമ്പൂര്‍ണ്ണമായതിലേക്ക് അപൂര്‍ണ്ണമായ ജീവാത്മാവിന് ലയിക്കാനാവില്ല. എന്നു മാത്രമല്ല, യുക്ത്യാനുസരണം , അപൂര്‍ണ്ണമായ മറ്റൊരസ്തിത്വവും പരമമായ സമ്പൂര്‍ണ്ണതക്ക് വെളിയില്‍ അനുവദിക്കാനേ ആവില്ല. അതുകൊണ്ട് ഈ വിഷയത്തോട് ചേര്‍ത്ത് പരക്കെ പറയാറുള്ള ‘ നദി സമുദ്രത്തില്‍ ലയിക്കുന്നതുപോലെ’ എന്നത് കാതലില്ലാത്ത ഒരുപമായാണ് രണ്ടിലൊന്നേ ബുദ്ധിക്കു മുമ്പിലുള്ളു. : ഒന്നുകില്‍ ഇപ്പോള്‍ തന്നെ നാം ( ഞാന്‍) അനന്തസത്തയുടെ ഭാഗമാണ്. അല്ലെങ്കില്‍ നമ്മുടെ അസ്തിത്വം വെറും ശൂന്യതയാണ്. എന്തിന്റെയോ ഓര്‍മ്മയുടെ ഒരു കുമിള മാത്രമാണ് അതു പൊട്ടുന്നു. അതോടെ ഒന്നും ബാക്കിയില്ലാതാവുന്നു. എന്നാല്‍ ഒരു തരി ബുദ്ധി വൈഭവത്തിലൂടെ ഇവ രണ്ടും നമുക്ക് യോജിപ്പിക്കാം. അനാദിയും അനന്തവുമായ സംശുദ്ധബോധത്തിന്റെ വെറും സ്വപ്നമാണ് നാം എങ്കിലോ? അതു തുടരുകയോ , ഏത് നിമിഷവും തീര്‍ന്നു പോകയോ ആകാം! സ്വപ്നത്തിനു സ്വയം നിയന്ത്രിക്കാനാവാത്തതു പോലെ , നമ്മുടെ ഈ ജീവിതത്തിനും ഒരൊറ്റ സാദ്ധ്യതയേ ഉള്ളു , ജീവിക്കുക!.

മുന്‍ വിധികളും ആപേക്ഷികമായ അഭ്യൂഹങ്ങളും അടിസ്ഥാനമാക്കിയുള്ള തത്ത്വചിന്തക്കും മനശാസ്ത്രത്തിനും എതിരായിട്ടെന്നോണം ഉയിര്‍കൊണ്ട ദാര്‍ശനികവിചാരമാണ് Existentialism. സന്മാര്‍ഗ ചിന്തകള്‍ക്കെന്നല്ല , യാതൊരു ആപേക്ഷികതയ്ക്കും ഇടം നല്‍കാതെ, ചേതനയില്‍ അങ്കുരിക്കുന്നതെല്ലാം വിലമതിച്ച് അതിനെ പ്രതിഭയുടെ പ്രകാശനമെന്നു വകവെച്ചു കൊടുക്കുന്ന രീതിയാണ് അതിന്റേത്. ഭാവി ഭൂതങ്ങള്‍ക്ക് പ്രാധാന്യമില്ല . ഇപ്പോള്‍ ഇവിടെയുള്ളതും അനുഭവവേദ്യമാകുന്നതുമെന്തോ , അതു മാത്രമാണ് പ്രധാനം. അതായത്, ഈ നിമിഷം മാത്രമാണ് വിലയുള്ളത്.

എല്ലാത്തിന്റേയും നിരാകരണമെന്നതിനേക്കാള്‍ , മനുഷ്യബുദ്ധിയിലുള്ള വിശ്വാസം മാത്രമാണ് ഈ ചിന്താ രീതിയെ താങ്ങി നിറുത്തിയത്. അതേ സമയം, യാഥാര്‍ത്ഥ്യത്തെ പിടിച്ചു വച്ചു വിശകലനം ചെയ്യാനും നിത്യസത്യങ്ങളില്‍ അവയെ ഒതുക്കാനും മനുഷ്യനാവില്ല എന്ന എളിമയും അസ്തിത്വവാദികള്‍ക്കുണ്ട്. അവര്‍ക്ക് മതത്തിന്റെ പിടിവാശികള്‍ തുലോം ജല്പനങ്ങളായി തരം താഴുന്നു. മനുഷ്യന് പ്രപഞ്ചത്തില്‍ സവിശേഷമായ ഒരു സ്ഥാനവും പദവിയുമില്ല. ഇവ്വിധ പിടിവാശികളെല്ലാം പൊള്ളയായ അഹന്തയും മിഥ്യയുമാണ്. ഒന്നിനും ശാശ്വതമെന്ന പരിവേഷത്തിന് അര്‍ഹതയില്ല എന്നതാണതിന്റെ പൊരുള്‍ തേന്‍ നുകരുന്നതിനിടക്ക് മനോഹരിയായ ഓരോ പൂവും പൂമ്പാറ്റയും ഈ സന്ദേശം കൈമാറുന്നുണ്ടാവാം.

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.