പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇനി രക്ഷ പാരമ്പര്യേതര ഊര്‍ജസ്ത്രോതസുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ എം പോള്‍

ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന രീതിയാണ് പരമ്പരാഗതമായി നാം പിന്‍ തുടര്‍ന്നു വന്നിരുന്നത്. സ്വാഭാവികമായും നാട്ടിലെ പ്രധാന നദികളിലെല്ലാം നിരവധി അണക്കെട്ടുകള്‍ ഉയരുകയും ചെയ്തു . ചെറുനദികളിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ച് പ്രധാന അണക്കെട്ടുകളിലേക്ക് അവയിലെ വെള്ളമെത്തിച്ച് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇനിയും ചില വന്‍കിട പദ്ധതികള്‍ പരിഗണനയിലുണ്ട്. എന്നാല്‍ ഇവിടെ വൈദ്യുതി പ്രതിസന്ധി മുമ്പന്നെത്തേക്കാളും രൂക്ഷമാണ്. ഏതാനും വന്‍ കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിച്ചാലും വൈദ്യുതി പ്രതി സന്ധിക്ക് അത് ശാശ്വത പരിഹാരമാവുകയില്ല എന്നുറപ്പ്. കാരണം നമ്മുടെ ജലസംഭരണികള്‍ നിറയ്ക്കുന്നതിന് മഴയെ മാത്രമാണ് നമുക്ക് ആശ്രയിക്കാനുള്ളത്. മഴയുടെ അളവും ക്രമവുമെല്ലാം താളം തെറ്റിയിരിക്കുന്നു.

ആണവോര്‍ജ്ജ നിലയങ്ങളും താപവൈദ്യുത നിലയങ്ങളും നിര്‍മിച്ചു വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ നേരിടുക എന്ന പോം വഴി തേടാന്‍ ഭരണകര്‍ത്താക്കള്‍ മുതിര്‍ന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പ്പാദനത്തിനുള്ള അനന്ത സാധ്യതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് ബഹുസഹസ്രകോടികള്‍ മുടക്കി അപകടസാധ്യ ഏറെയുള്ള അണവോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ ന്യായീകരിക്കത്തക്കതാണ്. അതെന്തായാലും പാരമ്പര്യേതര ഊര്‍ജ്ജസ്ത്രോതസുകള്‍ പ്രയോജനപ്പെടുത്താതെ തരമില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു. സൗരോര്‍ജ്ജം, കാറ്റ്, തിരമാല എന്നിവയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ഊര്‍ജപ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യുന്നു എന്നു കാണുന്നത് ആശാവഹമാണ്.

സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടും മുമ്പ് തന്നെ ഇവിടെ പല സ്ഥാപനങ്ങളും വ്യക്തികളും ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടുന്നതിന് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട് . ഇപ്പോള്‍ സര്‍ക്കാര്‍ കൂടി രംഗത്തു വന്നതോടെ പാരമ്പര്യേതര ഊര്‍ജ്ജ സ്ത്രോതസുകള്‍ ചൂഷണം ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാകുമെന്നു പ്രതീക്ഷിക്കാം.

ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സോളാര്‍ മിഷനിലൂടെ 20.000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 13 -ആം പഞ്ചവത്സരപദ്ധതി കാലത്ത് കേന്ദ്രഗവണ്മെന്റ് ലഷ്യമിടുന്നു.

കേരളത്തില്‍ 10,000 റൂഫ് ടോപ്പ് സോളാര്‍ വൈദ്യുതി പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയും സാങ്കേതികസഹായങ്ങളും നല്‍കുന്നതു വഴി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. 200- 500 വാട്ട് സോളാര്‍ പാനലുകള്‍‍ സ്ഥാപിക്കുന്നതിന് 50,000 രൂപയേ ചെലവ് വരു. എന്നാല്‍ ഇത് പവര്‍ കട്ട് പോലുള്ള പരിമിതമായ സമയത്തേക്ക് വൈദ്യുതി ലഭിക്കുന്നതിനേ ഉപകരിക്കു. എന്നാല്‍ ഒരു കിലോ വാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ഒരു കുടുംബത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ ഏറെക്കുറെ നേരിടാന്‍ കഴിയും. ഇതിന് രണ്ട് ലക്ഷത്തോളം ചെലവ് വരും. ഇതില്‍ 92, 262 രൂപ സബ്സിഡി ലഭിക്കും.

കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ്ജം പ്രയോജനപ്പെടുത്താം. സോളാര്‍ പാനലുകളോടൊപ്പം കാറ്റാടി സ്ഥാപിച്ച് കാറ്റില്‍ നിന്നും കൂടി വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്. കാറ്റ് കുറയുമ്പോള്‍‍ കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കുറയും. ഇതൊഴിവാക്കാന്‍ പുറമെ നിന്ന് വൈദ്യുതി നല്‍കി പ്രവര്‍ത്തനം തുടരാം. ഇതിനായി സൗര വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓഫ്ഗ്രിഡ് വിന്‍ഡ് മില്‍ ഉപയോഗിക്കാം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് താമരശേരി രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് അക്കാഡമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പവര്‍ പ്ലാന്റിന്റെ ശേഷി അഞ്ചു കിലോ വാട്ട് ആണ്. 250 വാട്ടിന്റെ 20 ജര്‍മന്‍ നിര്‍മ്മിത സോളാര്‍ പാനലുകളുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളില്‍ സംഭരിക്കുന്നു. 14 ലക്ഷം രൂപ ഇതിന് ചിലവായതായി സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഡോ. ആന്റണി കൊഴുവനാല്‍ പറഞ്ഞു.

ആശുപത്രികള്‍ , ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ രീതി ഉപയോഗിച്ചാല്‍ ഊര്‍ജസ്വയം പര്യാപ്തത നേടാനും വൈദ്യുതി ബോര്‍ഡിന്റെ മേലുള്ള സമ്മര്‍ദ്ദം അത്ര കണ്ട് കുറയ്ക്കാനും സഹായിക്കും.

വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ചു വരുമാനമുണ്ടാക്കാനും ഈ രീതി സഹായിക്കും. ജര്‍മ്മനി സ്പെയിന്‍, ഇറ്റലി, എന്നിവിടങ്ങളിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് വിജയകരമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുതല്‍ മുടക്കാന്‍ തയാറുള്ള സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ ആവശ്യത്തിലധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റ് നേട്ടമുണ്ടാക്കുന്നു. കേരള വൈദ്യുതി ബോര്‍ഡ് ഇപ്രകാരം സൗരവൈദ്യുതി ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുകയും ഉത്പാദകന്റെ അവശ്യത്തിലധികമുള്ളത് വാങ്ങാന്‍ തയാറാവുകയും ചെയ്താല്‍ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമാകുന്നതോടൊപ്പം ആളുകള്‍ക്ക് ചെറിയ മുതല്‍ മുടക്കില്‍ മെച്ചപ്പെട്ട സ്ഥിരവരുമാനം ഉറപ്പാക്കാനും കഴിയും.

കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കു പുറമെ കൃഷിയോഗ്യമല്ലാത്തതും സൂര്യപ്രകാശം ലഭിക്കുന്നതുമായ തരിശുഭൂമി , കനാലുകളുടെ ഉപരിതലം എന്നിവിടങ്ങളിലും സോളാ‍ര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയും. ഇതു കൂടാതെ അണക്കെട്ടുകളുടെ ജലസംഭരണികള്‍‍ കായലുകള്‍‍ എന്നിവയുടെ ജലോപരിതലങ്ങളില്‍ ഫ്ലോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്. നമ്മുടെ നാടിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അനുയോജ്യമായ ഈ രീതി ഏറ്റവും ചിലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമാണ്. ഇതോടൊപ്പം കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനായാല്‍ ഊര്‍ജ പ്രതിസന്ധി പഴങ്കഥയാകും.

എന്നാല്‍ സോളാര്‍ വൈദ്യുതി സംവിധാനം ഒരുക്കുമ്പോള്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകളും മറ്റും ഗുണമേന്മയുള്ളതാണെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇവയുടെ ഗുണനിലവാരം‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലില്ല. അതുകൊണ്ട് പുതുതായി ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ടു വരുന്നവര്‍ തങ്ങളുപയോഗിക്കുന്ന പാനലുകളും മറ്റും ഗുണനിലവാരമുള്ളവയാണെന്ന് ഉറപ്പുവരുത്താന്‍ ഈ രംഗത്തെ സാങ്കേതിക വിദഗ്ദരുടെ സഹായം തേടേണ്ടതാണ്. സബ്സിഡി ലഭിക്കുന്നതിനും ഇതാവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍‍ സ്വീകരിക്കുകയും സോളാര്‍ പാനലുകളുടെ ഗുണനിലവാരം‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

കടപ്പാട് - മൂല്യശ്രുതി

ഇ എം പോള്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.