പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചരിത്രം പേറുന്ന മഹാബലിക്കഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുന്നുകുഴി എസ്‌.മണി

ഓണാഘോഷം എന്നു തുടങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയുവാന്‍ പോന്ന തെളിവൊന്നും ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം, ഓണത്തെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നുമുണ്ട്.

ഈ ഐത്യഹ്യങ്ങളിലും സങ്കല്പങ്ങളിലും 'മഹാബലിക്കഥ'യുണ്ട്, 'പരശുരാമക്കഥ'യുണ്ട്, 'വാമനാവതാരക്കഥ'യുമുണ്ട്. അതൊന്നുമല്ല, ഓണം ഒരു വിളവെടുപ്പുത്സവകാലംകാര്‍ഷികോത്സവംആണെന്ന പ്രബലമായ മറ്റൊരു അഭിപ്രായവുമുണ്ട്.

ബ്രഹ്മാണ്ഡപുരാണത്തോട് ബന്ധപ്പെട്ട് 'കേരള മാഹാത്മമ്യ'ത്തിന്റെ അവസാനഭാഗത്ത് ഓണത്തെക്കുറിച്ച് ഇങ്ങനെ ഒരു ശ്ലോകം കാണുന്നു.

'ശ്രാവണേ സംസ്ഥിതേ ദാന്‍

ശ്രവണര്‍ക്ഷേ ദ്വിങ്ങോത്തമാഃ

ആഗമിഷ്യാവിമ ഭൂവ്

കേരള സ്മിന്‍ സുവര്‍ഷജേ' (അഃ99 ശ്ലോ.12)

ഇതില്‍ പരശുരാമന്‍ കേരള ബ്രാഹ്മണരെ ശപിക്കുന്നതും, ശാപമോചനം നല്കുന്നതുമാണ് സന്ദര്‍ഭം. ആണ്ടിലൊരിക്കല്‍ അദ്ദേഹം കേരളത്തില്‍വന്ന് അഭിശപ്തരായ സ്വന്തം ജനങ്ങളെ കണ്ടുകൊളളാമെന്ന് വാഗ്ദാനം ചെയ്യുന്നു.

പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്ന് കരുതുന്ന ഉണ്ണുനീലി സന്ദേശത്തില്‍ ഓണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും അതില്‍ ഓണം ഒരു ഉപമയാക്കിയിരിക്കുന്നു. ഇതില്‍നിന്നും ഓണാഘോഷത്തിന്റെ പഴക്കത്തെ സംബന്ധിച്ച് ഒരു ഊഹം ലഭ്യമാണ്.

തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് 2?!ാം വാല്യം 47?!ാം പേജില്‍ പരാമര്‍ശവിധേയമാകുന്ന ഒരു ശിലാരേഖയില്‍ പത്താം നൂറ്റാണ്ടിലെ ഒരു ചെലവു കണക്കുകാണാം. അതില്‍ 'പൂരാടം തുടങ്ങിയ ഓണത്തളവു'കാണിച്ചിരിക്കുന്നു. ഇതനുസരിച്ചു നോക്കുമ്പോഴും ഓണത്തിന്റെ കാലപ്പഴക്കമേറുന്നുണ്ട്.

ക്രിസ്തുവിനുശേഷം 62ഉം 67ഉം കാലങ്ങള്‍ക്കിടയില്‍ ഓണാഘോഷം ആരംഭിച്ചതായി ആറ്റൂര്‍ കൃഷ്ണപിഷാരടി പറയുന്നു. ആഘോഷങ്ങള്‍ക്ക് ആദ്യം നേതൃത്വം വഹിച്ചത് 36 പെരുമാക്കന്‍മാരില്‍ ഒടുവിലത്തെ ആളായ ഭാസ്‌ക്കര രവിവര്‍മ്മ പെരുമാളായിരുന്നു. കേരളം ഭരിച്ചിരുന്ന ആദിചേരവംശ സ്ഥാപകനും ആദ്യപുരാണങ്ങളില്‍പോലും പ്രസിദ്ധനുമായ മഹാബലി ചക്രവര്‍ത്തിയുടെ സ്മരണക്കായിട്ടാണ് ഭാസ്‌ക്കര രവിവര്‍മ്മ തലസ്ഥാന നഗരമായ തൃക്കാക്കരവച്ച് ഓണാഘോഷത്തിന് ആരംഭം കുറിച്ചത്. തൃക്കാക്കര വച്ചു നടക്കുന്ന ഓണാഘോഷങ്ങളില്‍ കേരളക്കരയിലെ സര്‍വ്വ രാജാക്കന്മാരും പ്രഭുക്കന്മാരും ജനങ്ങളും പങ്കെടുക്കണമെന്നാണ് പെരുമാളിന്റെ കല്പന.

'പത്തുപ്പാട്ടില്‍'

രണ്ടായിരം വര്‍ഷത്തോളം പഴക്കം ചെന്ന 'പത്തുപ്പാട്ടിലും' ഓണത്തെക്കുറിച്ച് പറയുന്നുണ്ട്. പത്തുപ്പാട്ടില്‍ വിവിധ ഉത്സവങ്ങള്‍ വര്‍ണ്ണിക്കുന്നതിനിടയില്‍ 'മായോന്‍' പിറന്ന നല്ല നാളായ ഓണത്തേയും ഒരു ഉത്സവമായി കൊണ്ടാടിയിരുന്നതായി വര്‍ണ്ണിക്കുന്നുണ്ട്. ക്രി.മു.രണ്ടാം നൂറ്റാണ്ടിനടുത്തു ജീവിച്ചിരുന്നുവെന്ന് കരുതുന്ന മാങ്കുടി മരുതനാര്‍ എന്ന കവിയാണ് 782 അടികളുളള പത്തുപ്പാട്ടിലെ 'മധുരൈക്കാഞ്ചി'യുടെ കര്‍ത്താവ്. മധുരൈക്കാഞ്ചിയില്‍ ഓണം മധുരയില്‍ ആഘോഷിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഓണാഘോഷത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രാചീനമായ രേഖയും ഇതാണെന്ന് കരുതുന്നു.

മഹാബലിയെ ജയിച്ച വാമനന്റെ സ്മാരകമായിത്തന്നെയാണ് മധുരയിലും ഓണാഘോഷം നടത്തിയിരുന്നത്. ഏഴു ദിവസമായിരുന്നു മധുരയിലെ ഓണാഘോഷം. ഏഴു ദിവസം സന്ധ്യയ്ക്ക് ആറാട്ടോടുകൂടിയാണ് ഓണാഘോഷത്തിന് തിരശ്ശീല വീണിരുന്നത്. ഉത്സവപ്പിറ്റേന്ന് മധുര ഭരിച്ചിരുന്ന പാണ്ഡ്യന്‍ നെടുഞ്ചെഴിയാന്‍ പണ്ഡിതന്‍മാര്‍ക്കും, സ്ഥാനികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തിരുന്നു. കൊച്ചി രാജാക്കന്മാര്‍ തൃക്കാക്കരയില്‍ നടത്തിവന്നിരുന്ന 'അത്തച്ചമയ'ത്തേയും, 'ഓണപ്പുടവ'യേയും ഇത് അനുസ്മരിക്കുന്നു.

ആന്ധ്ര സംസ്ഥാനത്തെ തിരുപ്പതിയിലും, തമിഴ്‌നാട്ടിലെ തന്നെ തിരുക്കൊട്ടിയൂരിലും ഓണാഘോഷം നടന്നിരുന്നതായി കാണാം. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരി അല്‍ബുറണി, 1154ല്‍ വന്ന അല്‍ ഇദ്രാസി, 1159ല്‍ വന്ന ബഞ്ചമിന്‍ തുടങ്ങിയവരും, ബുദ്ധസന്യാസിയായ അഗസ്ത?!്യാനന്ദനും ഓണാഘോഷം കേരളത്തില്‍ നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാബലിക്കഥ ഐതിഹ്യമോ യാഥാര്‍ത്ഥ്യമോ?

ഓണത്തെ സംബന്ധിച്ച ഐതിഹ്യങ്ങളില്‍ ഏറ്റവും പ്രചുരപ്രചാരം നേടിയിട്ടുളളത് മഹാബലിയുടെ കഥയ്ക്കാണ്. മഹാബലിയുടെ കഥ അറിയാത്ത മലയാളികള്‍ ഉണ്ടെന്നു തോന്നുന്നില്ല. ആ കഥകളില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് ഞാനിവിടെ പറയുന്ന മാവേലിയുടെ കഥ.

ആരാണ് ഈ മാവേലി? ഹിരണ്യവംശക്കാരനായ മാവേലി അസുര ചക്രവര്‍ത്തിയെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം അസുരനായിരുന്നില്ല. ഇതേ സംബന്ധിച്ച് പലര്‍ക്കും പല ന്യായീകരണങ്ങള്‍ ഉണ്ടാവാം. പക്ഷെ യഥാര്‍ത്ഥത്തില്‍ മാവേലി ദ്രാവിഡകുലത്തില്‍പ്പെട്ട ആളാണ്. വിരോചനന്റെ പുത്രനായിട്ടാണ് മാവേലി ജനിച്ചത്. അദ്ദേഹത്തിന്റെ ഗുരുവാകട്ടെ ശുക്രാചാര്യരും. ചില ചരിത്രകാരന്മാര്‍ നാഗന്മാരുടെ ചക്രവര്‍ത്തിയാണ് മാവേലിയെന്നും പില്‍ക്കാലത്ത് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നില്‍ നിഗൂഢമായ ചില ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അതിലൊന്നാണ് മഹാബലിയെ കേരളത്തിലെ നായരാക്കുന്ന വിദ്യ. കേരളത്തിലെ നായന്മാര്‍ നാഗന്മാരായിരുന്നുവെന്ന് പറയുന്നത് ബലിയെ ചതിക്കുഴിയില്‍പ്പെടുത്താനായിട്ടാണ്. കേരളത്തിലെ നായന്മാര്‍ക്ക് നാഗന്മാരുമായി യാതൊരു ബന്ധവുമില്ല. നാഗാരാധന നടത്തുന്നവരെല്ലാം നായന്മാരായി ചിത്രീകരിക്കുന്നതിലും യാതൊരു സത്യവും കാണുന്നില്ല. കേരളത്തില്‍ നായന്മാരല്ലാത്തവരും നാഗാരാധകരായിട്ടുണ്ട്. അവരില്‍ ആദിമ നിവാസികളില്‍പ്പെട്ട പുലയരും, പറയരും ഉള്‍പ്പെടുന്നുണ്ട്. ഇവരെയെല്ലാം നാഗന്മാരാണെന്നും നായന്മാരാണെന്നും പറഞ്ഞാല്‍ ഇതില്‍പ്പരം ഒരു അസംബന്ധം വേറൊന്നില്ല.

കേസരി ബാലകൃഷ്ണപ്പിളളയെപ്പോലുളള ചരിത്രകാരന്മാര്‍ മഹാബലിക്ക് ഇറാന്‍ ജന്മവും കല്പിക്കുന്നുണ്ട്. മാത്രമല്ല അദ്ദേഹം നര്‍മ്മദാനദീ തീരത്ത് യാഗം നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പുത്രന്‍ ബാണന്റെ രാജധാനി ആസാമിലായിരുന്നുവെന്നും കൂടി പറഞ്ഞുവെയ്ക്കുന്നുണ്ട്. അതെസമയം ആര്‍.എസ്.ആശാരി 1986 നവം.9ന് മാതൃഭൂമിയില്‍ എഴുതിയ ഒരു കത്തില്‍ മഹാബലി കാംരൂപ് ജില്ലയിലാണ് ഭരണം നടത്തിയിരുന്നതെന്ന് സമര്‍ത്ഥിക്കുന്നു. ഇറാന്‍കാരനായ മഹാബലി ആസാമിലെ കാംരൂപ് ജില്ലയില്‍ ഭരണം നടത്തിയിട്ട് കേരളത്തില്‍ എങ്ങിനെ കയറി ഭരിച്ചുവെന്നത് സാംഗത്യമല്ലാത്തതാണ്. ഒന്നുകില്‍ മഹാബലി കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗക്കാരനായ ദ്രാവിഡ രാജാവ് അല്ലെങ്കില്‍ ആദ്യത്തെ ചേരചക്രവര്‍ത്തി. രണ്ടായാലും ദ്രാവിഡകുല ജാതനാണ് വിരോചനപുത്രനായ മഹാബലി.

'കേരളത്തില്‍ മാത്രം എത്രയോ നൂറ്റാണ്ടുകളായി കൊണ്ടാടിവരുന്ന ഓണമഹോത്സവം മഹാബലിയുടെ സ്മാരകമായിട്ടുളളതാണെന്നും, അതുകൊണ്ടാണ് അക്കാലത്ത് മഹാബലിയുടെയും തൃക്കാക്കരയപ്പനായ ശിവന്റെയും, തെക്കേക്കരയപ്പനായ വിഷ്ണുവിന്റെയും രൂപങ്ങള്‍ ഉണ്ടാക്കി മഹാബലിയെ നടുവിലും തെക്കേക്കരയപ്പനെ തെക്കും തൃക്കാക്കരയപ്പനെ വടക്കുമായി പ്രതിഷ്ഠിച്ച് പൂജിച്ചു വരുന്നതെന്നും ഉളള സംഗതിയുംകൂടി ചേര്‍ത്തു നോക്കുമ്പോള്‍ ആദ്യപുരാണങ്ങളില്‍ പ്രസിദ്ധനായി കാണുന്ന മഹാബലി തന്നെയായിരിക്കണം ചേരരാജവംശത്തിന്റെ ആദിപുരുഷനെന്നും സാമാന്യമായി വിചാരിക്കാവുന്നതാണ്.

ആദ്യപുരാണഗ്രന്ഥങ്ങളില്‍ വളരെ ബലവാനായ ഒരസുര രാജാവായും മഹാവിഷ്ണു തന്നെ അദ്ദേഹത്തിന്റെ ദ്വാരകപാലകന്റെ സ്ഥാനം വഹിക്കത്തക്കവിധത്തിലുളള മഹാപുരുഷനായും വര്‍ണ്ണിച്ചു കാണുന്ന മഹാബലി വാസ്തവത്തില്‍ ഒരു ദ്രാവിഡ രാജാവായിരിക്കണം. സത്യവാനും, മഹാപരാക്രമിയും, ധര്‍മ്മിഷ്ഠനുമായിരുന്ന അദ്ദേഹം ആര്യന്മാരുടെ ദ്രാവിഡ ദേശങ്ങളിലേയ്ക്കുളള ആക്രമണം തടുത്തുനിര്‍ത്തിയെന്നുമാത്രമല്ല ആര്യാവര്‍ത്ത ഭൂമിയെപ്പോലും ജയിച്ചു കീഴടക്കി ഭരിച്ചുവന്നു. ബലവാനും പ്രജാക്ഷേമ തല്‍പരനുമായ അദ്ദേഹത്തെ യുദ്ധം കൊണ്ട് ജയിക്കാന്‍ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍, ആര്യപ്രധാനന്മാര്‍ ഉപായംകൊണ്ട് ജയിക്കാന്‍ ശ്രമിച്ചു തുടങ്ങി. അതിനായി വലിയ തപസ്വിയും നിത്യബ്രഹ്മചാരിയും ദിവ്യശക്തിയുളളയാളുമായ വാമനമൂര്‍ത്തിയെ ശരണം പ്രാപിച്ചു. അതിന്റെ ഫലമായി ആ വാമനമൂര്‍ത്തി തക്ക അവസരം നോക്കി മഹാബലിയെച്ചെന്ന് കാണുകയും തപോനിഷ്ഠകൊണ്ടും മറ്റും തന്നെപ്പറ്റി വളരെ ബഹുമാനമുളള ആ രാജാവിനെക്കൊണ്ട് തനിക്കാവശ്യമുളളതു തരാമെന്ന് വാഗ്ദാനം ചെയ്യിക്കുകയും ചെയ്തു. പിന്നെ രാജ്യം മുഴുവനും ദാനമായി തരണമെന്നപേക്ഷിച്ചു. സത്യനിഷ്ഠനായ മഹാബലി രാജാവ് ലേശംപോലും സംശയിക്കാതെ രാജ്യം മുഴുവനും അദ്ദേഹത്തിന് ഉദാരപൂര്‍വ്വം ദാനവും ചെയ്തു. രാജാവിന്റെ ആ വിധത്തിലുളള സത്യനിഷ്ഠയും, ധര്‍മ്മിഷ്ഠതയും കണ്ടപ്പോള്‍ ചതിപ്പാന്‍ വന്ന വാമനമൂര്‍ത്തിപോലും അദ്ദേഹത്തിനധീനനായിത്തീര്‍ന്നു. എന്നിട്ട് കേരളരാജ്യം മഹാബലിക്കുതന്നെ തിരികെ കൊടുക്കുകയും താനും ഉത്തമനായ ഒരു രാജാവിന്റെ സമീപത്തില്‍ തന്നെ താമസിപ്പാനുറക്കുകയും ചെയ്തു'വെന്നാണ് ആറ്റൂര്‍ കൃഷ്ണപിഷാരടി തന്റെ 'കേരളചരിത'ത്തില്‍ മാവേലിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

മഹാബലിയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തിയത് നീതിയോ?

മറ്റൊരു ഐതിഹ്യകഥ ഇങ്ങനെയാണ്. പ്രജാക്ഷേമ തല്പരനും ധര്‍മ്മിഷ്ഠനുമായ മഹാബലി കേരളം ഭരിച്ചുകൊണ്ടിരുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ദാനധര്‍മ്മിഷ്ഠമായ ഭരണം ദേവന്‍മാര്‍ക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു. അവരുടെ സ്ഥാനമാനങ്ങള്‍തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെ ദേവന്മാര്‍ മഹാവിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു. ഇതുതന്നെ തക്കമെന്ന് കരുതി മഹാവിഷ്ണു വാമനന്റെ അവതാരമെടുത്ത് ഭൂമിയിലെത്തുകയും മഹാബലി ചക്രവര്‍ത്തിയെ സമീപിച്ച് തനിക്ക് തപസ്സു ചെയ്യുവാന്‍ മൂന്നടി സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടു.

ദാനധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തി മൂന്നടി സ്ഥലം അളന്നെടുത്തുകൊളളുവാന്‍ വാമനനോട് പറഞ്ഞു. വാമനന്‍ നിമിഷനേരം കൊണ്ട് ആകാശത്തോളം വളര്‍ന്ന് വലുതാവുകയും രണ്ടടികൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്നെടുക്കുകയും മൂന്നാമത്തെ അടിക്കുളള സ്ഥലം ആവശ്യപ്പെടുകയും ചെയ്തു. ധര്‍മ്മിഷ്ഠനായ മഹാബലി മറിച്ചൊന്നും ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു. പക്ഷെ മൂന്നാമത്തെ അടിയില്‍ വാമനന്റെ ചതിവ് മനസ്സിലാക്കാത്ത മഹാബലി തന്റെ തല വാമനനുമുന്നില്‍ കാട്ടിക്കൊടുത്തു. വാമനന്‍ കാലുയര്‍ത്തി മഹാബലിയുടെ തലയില്‍വച്ച് മൂന്നാമത്തെ അടിക്കായി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി. അതിനുമുന്‍പ് മഹാബലി വാമനനോട് ഒരുവരം ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ വന്നുകാണാന്‍ അനുവദിക്കണമെന്ന്. അന്ത്യാഭിലാഭം വാമനന്‍ അനുവദിച്ചു. അങ്ങിനെ വര്‍ഷത്തിലൊരിക്കല്‍ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്നതാണ് തിരുവോണമായി കേരളീയര്‍ കൊണ്ടാടുന്നത്.

ഈ കഥയില്‍ ദാനധര്‍മ്മിഷ്ഠനായ ഒരു ചക്രവര്‍ത്തിയെ ദൈവമായി വിശ്വസിക്കുന്ന മഹാവിഷ്ണു വാമനരൂപം പൂണ്ട് വന്ന് പാതാളലോകത്തിലേയ്ക്ക് ചതിച്ച് ചവിട്ടിത്താഴ്ത്തിയത് അന്യായമാണ്. വിശ്വാസികള്‍ക്ക് ന്യായീകരണങ്ങള്‍ ഏറെയുണ്ടെങ്കിലും ദൈവത്തിനുപറ്റിയ പണിയേയല്ല. ഈ സംഭവത്തിലൂടെ വിഷ്ണുവിന് തന്റെ ദൈവികത്വം നഷ്ടപ്പെടുന്നു.

തൃക്കാക്കരക്ഷേത്രവും ഓണവും തമ്മിലുളള ബന്ധം

തൃക്കാക്കര ക്ഷേത്രവും ഓണവും തമ്മില്‍ എന്തോ അഭേദ്യമായ ബന്ധം ചരിത്രത്തില്‍ നിലനില്ക്കുന്നുണ്ട്. ഈ ക്ഷേത്ര സങ്കേതത്തിന്റെ ചരിത്രവസ്തുത പരിശോധിക്കും മുന്‍പ് അവിടത്തെ പ്രതിഷ്ഠയെക്കുറിച്ച് അല്പം പരാമര്‍ശിക്കേണ്ടതുണ്ട്. ഈ ക്ഷേത്രോല്പത്തിയും പുലയരും തമ്മിലുളള ബന്ധം മറ്റൊരു ചരിത്രവസ്തുതയാണ്.

ആര്യബ്രാഹ്മണ കുടിയേറ്റത്തിനുമുന്‍പുതന്നെ തൃക്കാക്കരക്ഷേത്രം നിലനിന്നിരുന്നു. ആര്യന്മാരുടെ വരവിനുശേഷമാണ് വിഷ്ണു ദൈവമായി പ്രതിഷ്ഠിച്ചത്. അതുവരേയ്ക്കും ദ്രാവിഡ ദൈവമായ ശിവനായിരുന്നു പ്രാധാന്യം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയും ശിവനായിരുന്നു. ഇപ്പോള്‍ തൃക്കാക്കരയപ്പന്‍ മഹാവിഷ്ണുവാണെന്ന് ഒരു തര്‍ക്കം നിലവിലുണ്ട്. കൊളവേലി ബാലകൃഷ്ണന്‍ 1986 നവംബര്‍ 16ന് മാതൃഭൂമിയില്‍ എഴുതിയ ഒരു കത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. 'കേരളത്തില്‍ ആദ്യബ്രാഹ്മണരുടെ പ്രവേശനവും നമ്പൂതിരിവാഴ്ചയുടെ ഉയര്‍ച്ചയും വിഷ്ണുക്ഷേത്രങ്ങളുടെ ഉത്ഭവവും ഉണ്ടാകുന്നതിനുമുമ്പുണ്ടായതാണ് തൃക്കാക്കരയിലെ പൗരാണിക ശൈവക്ഷേത്രം. ഈ ക്ഷേത്രത്തിലെ വിഗ്രഹം സ്വയം ഭൂവായ ശിവലിംഗമാണ്. ഇത് പ്രാചീനമാണെന്ന് തെളിവുകള്‍ വേറെയുമുണ്ട്. ക്രിസ്തുവിനുമുന്‍പ് ബി.സി.4?!ാം ശതകത്തില്‍ കേരളത്തില്‍ വന്ന മെഗസ്തനീസ് എന്ന ഗ്രീക്കു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളില്‍ തൃക്കാക്കരയെപ്പറ്റിയും അവിടത്തെ ശിവാലയത്തെപ്പറ്റിയും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനെ കടലലകള്‍ അലട്ടിക്കൊണ്ടിരിക്കുന്നതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ.ഷാന്‍ബെക്കിന്റെ ശേഖരണങ്ങളില്‍ പറഞ്ഞു കാണുന്നു.'

ഓണവും മഹാബലിയും തമ്മിലുളള ബന്ധം തൃക്കാക്കരക്ഷേത്രത്തെയും വാമന പ്രതിഷ്ഠയേയും തുടര്‍ന്നാണ് ആരംഭിക്കുന്നത്. ഇ.ഡി.604ല്‍ ആണ് കേരളപ്പെരുമാള്‍ തൃക്കാക്കരക്ഷേത്രം പണിയിച്ചതെന്ന് 1987 സെപ്തം.13ന് മലയാള മനോരമയില്‍ പെരുമ്പളം രവി എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ഈ പ്രസ്താവം എന്തുമാത്രം ശരിയാണെന്ന് പറയാനാവില്ല. ഇ.ഡി.604ന് വളരെമുന്‍പ് തന്നെ തൃക്കാക്കരക്ഷേത്രം ഉണ്ടായിരുന്നതായി ബി.സി. 4?!ാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച ഗ്രീക്കുസഞ്ചാരി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുളളതില്‍നിന്നും വ്യക്തമാണല്ലോ.

എറണാകുളം ജില്ലയില്‍പ്പെട്ട തൃക്കാക്കര ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ പുലയരും പുലയനാടുവാഴികളുമായിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ നിരവധിയുണ്ടായിട്ടും ബ്രാഹ്മണാധിപത്യത്തില്‍ തൃക്കാക്കര ക്ഷേത്രം എങ്ങനെ അകപ്പെട്ടുവെന്നത് ഇന്നും കടങ്കഥപോലെ അവശേഷിക്കുന്നു.

ക്രിസ്തുവിനുപിന്‍പ് 955ലെ ഒരു വട്ടെഴുത്ത് ശാസനം ഇങ്ങനെയാണ്. ക്ഷേത്രമുറ്റത്തെ കല്‍പ്പലകയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 'പെരുവയല്‍ പൂവിയുപുലൈവരും' 1000 വര്‍ഷം മുന്‍പുളള മറ്റൊരു ശാസനത്തില്‍ 'കണ്ണന്‍ പുറൈയന്‍ നാടുവാഴ്കയില്‍ അമൈച്ച തിരുനന്താവിളക്കു...ഇന്നെയ് നാളാലും നിങ്ങളാലും മുട്ടിക്കില്‍ മൂട്ടിരട്ടിച്ചെലുത്തക്കടവര്‍ ഒരാണ്ടുതെകിയ മുട്ടിക്കില്‍ കാരാണ് മൈയിടക്കടവികന്‍. ഇരുപത്തിയൈഞ്ചു തുട നെയ് ചെലുത്തക്കടവര്‍ കാലെത്തു കണ്ണന്‍കുമാരന്‍ അമൈച്ച് വിളക്കിനും ഇപ്പടി അറിയും ചാതുക്കക്കള്‍പെരുമ നൈക്കോട്ടത്ത് കേയവന്‍ ചങ്കരനും കുലചേകിരപട്ടനത്ത് കേയവന്‍ ചങ്കരനും കുലചേകിരപട്ടനത്ത് പോഴാ നാരായണനും വെളളയമ്പിളളി പോഴന്‍ ചാത്താനും അറിയും ഇവകളറിക കയ്യെഴുതി അറിവേന്‍ കമ്മല്‍കോട്ടി രവികന്റെ പോഴന്‍'.

ക്രി.പി.250ല്‍ തൃക്കാക്കര 'കാല്‍ക്കരൈ' നാടുഭരിച്ചിരുന്നത് പുലയനാടുവാഴിയായ 'പുറൈയന്‍' ആയിരുന്നു. പുറൈയന്‍ നാടുഭരിച്ചിരുന്ന സമയത്ത് കാരിലത്ത് കണ്ണന്‍കുമാരന്‍ തൃക്കാക്കരക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ വിളക്കിന്റെ വിവരമാണ് ഈ ശാസനത്തില്‍ കാണുന്നത്. അതുപോലെ തൃക്കാക്കരക്ഷേത്രത്തിലേയ്ക്ക് ഭൂമി ദാനം ചെയ്തവര്‍ ചിറുമറ്റപ്പുഴ കോതൈനാരായണന്‍, തേവന്‍വേന്തന്‍, കോതൈകേരളന്‍, കോതൈ പൊറൈന്‍ എന്നീ പുലയരായിരുന്നു. ക്രി.പി.900 മുതല്‍ 1300 വരെയുളള ക്ഷേത്രരേഖകളില്‍ ദേവസ്വം വസ്തുക്കള്‍ (ക്ഷേത്രവസ്തുക്കള്‍) മുഴുവന്‍ ദാനം ചെയ്തിരുന്നവര്‍ പുലയര്‍ തുടങ്ങിയ അടിസ്ഥാനവര്‍ഗ്ഗക്കാര്‍ മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ തൃക്കാക്കരക്ഷേത്രത്തിന്റെ അവകാശികള്‍ പുലയരായിരുന്നു. അതാണ് തൃക്കാക്കര ക്ഷേത്രവും പുലയരും തമ്മിലുളള ബന്ധം. പക്ഷെ ക്ഷേത്ര പൂജാരിയായി ഒരു ആര്യബ്രാഹ്മനെ നിയമിച്ചതോടെയാണ് ക്ഷേത്രത്തിന്റെ അവകാശം മുഴുവന്‍ ഇന്നുകാണുന്നതുപോലെ സവര്‍ണ്ണരുടെ കൈകളില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഓണാഘോഷത്തിന്റെ തുടക്കം ഈ ക്ഷേത്ര സങ്കേതത്തില്‍ നിന്നാണെങ്കില്‍ അതിന്റെ ആരംഭം പുലയരും പുലയ നാടുവാഴികളുമായിരുന്നുവെന്ന് വ്യക്തമാണ്. പക്ഷെ ഇന്നവര്‍ തൃക്കാക്കര ക്ഷേത്രത്തില്‍ വിഷ്ണു മുതല്‍ മാവേലിവരെയുളള പ്രതിഷ്ഠകള്‍ നടത്തി അത്തച്ചമയവും ഓണാഘോഷവും നടത്തുന്നു.

ഇന്ദ്രവിഴാ തിരുവോണമായി മാറി

ചേരനാട് ഭരിച്ചിരുന്ന ആദ്യത്തെ ചേരരാജാവാണ് ഇന്ദ്രവിഴാ എന്ന ആഘോഷത്തിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരിക്കല്‍ തന്റെ മന്ത്രിമാരേയും, പടനായകന്മാരേയും കൊട്ടാരം ഉദ്യോഗസ്ഥന്മാരേയും, ജനപ്രതിനിധികളേയും വിളിച്ചുച്ചേര്‍ത്ത് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതായും ചരിത്രം പറയുന്നു.

കാലാകാലങ്ങളില്‍ കൃഷിക്കുവേണ്ടി മഴ, മഞ്ഞ്, വെയില്‍ എന്നിവ നല്‍കുന്നത് ഒരു ദിവ്യശക്തിയാണെന്ന് ചേരരാജാവ് മനസ്സിലാക്കി. അതാകട്ടെ ഇന്ദ്രദേവനും, ഇന്ദ്രദേവനെ സ്തുതിക്കുന്നതിനുവേണ്ടി കൊയ്ത്ത് കഴിഞ്ഞു വരുന്ന ചിങ്ങമാസത്തിലെ 28 ദിവസം തിരഞ്ഞെടുക്കണമെന്നും പ്രഖ്യാപനമുണ്ടായി. ആ ദിവസങ്ങളില്‍ രാജ്യത്തെ സ്ത്രീ പുരുഷന്മാര്‍ ഒന്നടങ്കം വ്രതാനുഷ്ഠാനത്തോടെ കഴിയണം. ആരംഭ ദിവസം കൊടിയേറി വേണം ആഘോഷങ്ങള്‍ ആരംഭിക്കേണ്ടത്. അന്ന് കുരവ, കൂത്ത്, പഞ്ചവാദ്യം, നൃത്തം എന്നിവയ്ക്കുപുറമേ ആചാരവെടിയും മുഴക്കേണ്ടതാണ്. 28 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ അവസാന ദിവസം മഹാരാജാവ് ഒരു പൊതുമൈതാനത്ത് എഴുന്നെളളിയിരിക്കും. അന്ന് വിഭവസമൃദ്ധമായ സമൂഹസദ്യയും, പുതുവസ്ത്രദാനവും ഉണ്ടായിരിക്കും. വൈകുന്നേരം പൊതുയോഗം ചേരും. അവിടെവച്ച് രാജാവ് ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയും കൂട്ടായ സഹകരണത്തിന് നന്ദി ആശംസിക്കുകയും കര്‍ഷകര്‍ക്കും, കലാകാരന്മാര്‍ക്കും, പണ്ഡിതന്‍മാര്‍ക്കും, ഉദ്യോഗസ്ഥന്മാര്‍ക്കും സമ്മാനങ്ങള്‍ തൃക്കൈകൊണ്ട് സമ്മാനിക്കുകയും ചെയ്തിരുന്നു.

ഈ ആഘോഷങ്ങളില്‍ അയല്‍രാജ്യങ്ങളില്‍ നിന്നും നാടുവാഴികളും, രാജാക്കന്‍മാരും പങ്കെടുത്തിരുന്നതായി ചരിത്രരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. അഗസ്ത?!്യചിത്തനൈ, ചാത്തനാര്, ഇളങ്കോവടികള്‍, തോല്‍കാപ്പിനാര്‍ എന്നിവര്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രമുഖരാണ്. അവരുടെ കുറിപ്പുകളില്‍നിന്നും ചിങ്ങത്തിലെ 28 ദിവസവും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ആര്യബ്രാഹ്മണരുടെ ആക്രമണത്തോടെ രാജ്യവും രാജാക്കന്മാരും ആക്രമിക്കപ്പെടുകയും നാടുകടത്തലിന് വിധേയരാകുകയും ചെയ്തു. അതിനുശേഷം ആര്യന്മാര്‍ മഹാബലിയുടെയും, വാമനന്റെയും കഥകള്‍ കെട്ടിച്ചമച്ച് ഇന്ദ്രവീഴാ എന്ന ആഘോഷം തിരുവോണമായി കൊണ്ടാടാന്‍ ആരംഭിച്ചു. പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ ആരംഭം ഇങ്ങനെ ആയിരുന്നു. പക്ഷെ ആര്യബ്രാഹ്മര്‍ ഇന്നും ഓണം ആഘോഷിക്കാറില്ല.

അസുരശക്തിയെ നിഗ്രഹിച്ച് ഓണം ആഘോഷിച്ചു.

അസുരശക്തിയെ നിഗ്രഹിച്ച് ഓണം കൊണ്ടാടിയ കഥ വെറും കെട്ടുകഥയാണ്. ഈ കഥയില്‍ ഭാഗ്യവശാല്‍ മഹാബലി കടന്നുവരുന്നില്ല.

ലോകം മുഴുവന്‍ നിറഞ്ഞ അസുരശക്തിയെ നിഗ്രഹിച്ച് ദേവശക്തിയെ പ്രതിഷ്ഠിച്ച അവതാരമായിട്ടാണ് വാമനന്‍ പ്രത്യക്ഷപ്പെടുന്നത്. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് വാമനന്‍ അവതരിക്കുന്നത് എന്നാണ് പുരാണ സിദ്ധാന്തം. കേരളത്തില്‍ വാമന പ്രതിഷ്ഠ നടത്തിയിട്ടുളള ഏക ക്ഷേത്രം തൃക്കാക്കരയാണ് (ശിവനെ മാറ്റിയാണ് വാമന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.) അങ്ങനെയാണ് തൃക്കാക്കരയും ഓണാഘോഷവും തമ്മില്‍ ബന്ധിക്കപ്പെട്ടതെന്ന് ആര്യന്മാര്‍ പറഞ്ഞുപരത്തി. പണ്ടുകാലത്ത് ചിങ്ങമാസത്തില്‍ അശ്വതി മുതല്‍ തിരുവോണം കഴിഞ്ഞുളള രേവതി കൂട്ടി ഇരുപത്തിയേഴു ദിവസം തൃക്കാക്കര ക്ഷേത്രത്തില്‍ മഹോത്സവമായിരുന്നു.

അക്കാലത്ത് കേരളത്തിലെ ഓരോ ഗൃഹത്തില്‍നിന്നും ഓരോ ആള്‍ വീതമെങ്കിലും തൃക്കാക്കരക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നായിരുന്നു ചട്ടം. അത്തം മുതല്‍ തിരുവോണം വരെയുളള പത്തുദിവസങ്ങള്‍ ആഘോഷങ്ങളുടെ ശക്തി കൂടുമായിരുന്നു. ഈ ദിവസങ്ങളില്‍ രാജാക്കന്മാരും പ്രഭുക്കന്‍മാരും തൃക്കാക്കരയെത്തണമെന്നും നിയമം അനുശാസിക്കുന്നു. അങ്ങിനെ രാജാക്കന്‍മാരുടെ ക്ഷേത്രത്തിലേയ്ക്കുളള പുറപ്പാടാണ് 'അത്തച്ചമയ'മായി തൃക്കാക്കരക്ഷേത്രത്തില്‍ ആഘോഷിച്ചു പോരുന്നത്. ഈ ആചാരങ്ങള്‍ ഭാസ്‌ക്കര രവിവര്‍മ പെരുമാളുടെ കാലത്താണ് തുടക്കം കുറിച്ചത്. ഇന്ദ്രവിഴയുടെ ചരിത്രമാണ് ഇവിടെയും കാണപ്പെടുന്നത്. എന്നാല്‍ ഇവിടെ വിഷ്ണുവിന്റെ അവതാരമായ വാമനന്‍ എങ്ങിനെ ചരിത്രത്തില്‍ കടന്നുവന്നുവെന്ന കാര്യം അജ്ഞാതമാണ്. പെരുമാള്‍ വാഴ്ചക്കാലത്ത് ശിവഭക്തന്മാരായിരുന്നു അവരെല്ലാം തന്നെ. പില്‍ക്കാലത്ത് ബ്രാഹ്മണമേധാവിത്വം മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ വാമനന്‍ കഥയും, പരശുരാമന്‍ കഥയുമെന്ന് വളരെ വ്യക്തമാണ്.

സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായിട്ടാണ് ഓണാഘോഷം കേരളത്തില്‍ നടന്നിരുന്നതെന്ന് കാണാവുന്നതാണ്. ചിങ്ങമാസാരംഭമാകുമ്പോഴേയ്ക്കും കൃഷിയെല്ലാം കഴിഞ്ഞ് നെല്ലും, കായ്കനികളും മറ്റും കേരളീയ ഗൃഹങ്ങളില്‍ വന്ന് കുമിഞ്ഞു കൂടും. ഈ സമയത്താണ് ഓണം കൊണ്ടാടുന്നത്. ആ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഓണം ഇന്നൊരു ഓര്‍മ്മയായി മാത്രം കേരളീയരില്‍ അവശേഷിക്കുന്നുണ്ട്. പക്ഷെ ആ പഴയകാലത്തെ പ്രതാപശ്വൈര്യത്തിലേയ്ക്ക് കുതിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും ഉളളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുത്ത് ഓണാഘോഷം നിലനിറുത്താന്‍ നമുക്ക് ശ്രമിക്കാം.

കുന്നുകുഴി എസ്‌.മണി

വിലാസം

കുന്നുകുഴി എസ്‌.മണി,

ടി.സി. 13&389, എം.ആർ.എ. 135,

മണക്കുന്നിൽ ഹൗസ്‌,

കുന്നുകുഴി പി.ഒ.

തിരുവനന്തപുരം - 37.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.