പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അതിശ്രേഷ്ഠമീ ശ്രേഷ്ഠ പദവി ... പക്ഷേ, ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാസര്‍ റാവുത്തര്‍, ആലുവ

കൊല്ലവര്‍ഷം 1189 ചിങ്ങം ഒന്ന് .... ഭൃഗുരാമദേശത്തെ കണ്ണീര്‍കയത്തിലാക്കി പ്രളയ ദുരന്തം സംഹാരതാണ്ഡവമാടിയ ദുര്‍ദിനങ്ങളെ പിന്തള്ളിക്കൊണ്ടുള്ള ഒരു പുതുവര്‍ഷ പിറവി ... മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം അന്ന് ഒരു അനുഗ്രഹീത ധന്യദിനമാണ്. വര്‍ഷങ്ങള്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരുപ്പിന്റെ ഉള്‍ക്കുളിരാര്‍ന്ന ചാരിതാര്‍ത്ഥ്യ മുഹൂര്‍ത്തമാണ്. നമ്മുടെ മാതൃമലയാളത്തിന് മഹത്തായ ശ്രേഷ്ഠ പദവി കൈവന്നിരിക്കുന്നു !!... അതിന്റെ ഔദ്യോഗികപരമായ വിളംബരദിനം സമുചിതമായി ആചരിക്കാന്‍ തീരുമാനിച്ച പുതുവര്‍ഷദിനത്തില്‍ മലയാളിസമൂഹം ഒന്നടക്കം ആനന്ദസായൂജ്യരാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഭാഷാ വിദഗ്ദ്ധ സമിതി കണിശവും, വിപുലവുമായ പഠനങ്ങള്‍ക്കും, സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ നമ്മുടെ ഹൃദയംഗമമായ മാതൃഭാഷയ്ക്ക് ശ്രേഷ്ഠ പദവി നല്‍കണമെന്ന് കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിനു മുമ്പില്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2013 മെയ് 23- ആം തിയ്യതി വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ശ്രേഷ്ഠ പദവിയുടെ സുവര്‍ണ്ണ കിരീടം ഭാഷാസുന്ദരിയുടെ ശിരസ്സില്‍ പ്രൗഢിയോടെ ചാര്‍ത്തിക്കൊടുത്തു. ഇത് കേവലം ഒരു അലങ്കാരമോ, അംഗീകാരമോ മാത്രമല്ല, ഉപരിയായി, വരാനിരിക്കുന്ന ഭാഷാപരമായ വന്‍ കുതിച്ചുചാട്ടത്തിന്റെ രാജ്യാന്തര സ്വീകാര്യതകൂടിയാണ്.

ശ്രേഷ്ഠ ഭാഷാ പദവിയെന്ന അതുല്യ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കടുത്ത അഗ്നി പരീക്ഷണങ്ങളും, ഉഗ്രകടമ്പകളുമാണ് ബന്ധപ്പെട്ട പണ്ഡിത പ്രതിനിധികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. പലപ്പോഴും പരാജയത്തിന്റെ കയ്പുനീര്‍ നുണയേണ്ടിവന്നെങ്കിലും, നിരാശരാകാതെ, അചഞ്ചലരായി, തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുതന്നെ ഗമിച്ചു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ശ്രേഷ്ഠ ഭാഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് 2010 മെയ് 6 ന് പ്രധാനമന്ത്രിയെ കാണുകയും, ശ്രേഷ്ഠ ഭാഷയുടെ ആവശ്യകത ഉന്നയിക്കുകയും ചെയ്തു. അനുഗ്രഹീത കവി ശ്രീ. ഓ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തില്‍ സുഗതകുമാരി, ഭാഷാ വിദഗ്ധരായ പുതുശ്ശേരി രാമചന്ദ്രന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, എന്നിവര്‍ ഉള്‍പ്പെട്ട സംഘം ‘മലയാള ഭാഷയുടെ സവിശേഷതകളും, ചരിത്രവും’ വിവരിക്കുന്ന ഒരു സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഈ വിഷയം കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പരിഗണനയ്ക്ക് അയച്ചു. അക്കാഡമിയാകട്ടെ, ഈ വിഷയം ആഴത്തില്‍ പഠിച്ച് ശുപാര്‍ശ നല്‍കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും, അക്കാഡമി ചെയര്‍മാനുമായ ബി. എച്ച്. കൃഷ്ണമൂര്‍ത്തിയുടെ, ‘മലയാളത്തിന് ആഴത്തിലുള്ള വേരുകളില്ലെന്ന’ ആക്ഷേപത്തോടെയുള്ള പഠനറിപ്പോര്‍ട്ട് കേന്ദ്ര വിദഗ്ധ സമിതി അംഗീകരിച്ചുകൊണ്ട് കേരളത്തിന്റെ ആവശ്യം പാടെ നിരാകരിക്കുകയായിരുന്നു. ഇതില്‍ അതൃപ്തരായ പ്രവര്‍ത്തകര്‍, ‘തങ്ങളുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെ’ന്നു കാട്ടി വീണ്ടും പ്രധാനമന്ത്രിയെ കാണുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നീട് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫും ചേര്‍ന്ന് പലതവണ പ്രധാനമന്ത്രിയെ കാണുകയും, ആദിദ്രാവിഡ ഭാഷയില്‍ തമിഴും, തെലുങ്കും, മലയാളവും, കന്നടയും ഒരുപോലെ ഉള്‍പ്പെട്ടിരുന്നു എന്നുള്ള പ്രോഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചരിത്ര നിരീക്ഷണങ്ങളെ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ വാദഗതി അറിയിക്കുകയും ചെയ്തു. ശ്രീ. എ.കെ. ആന്റണി, ശ്രീ. വയലാര്‍ രവി തുടങ്ങിയ ക്യാബിനറ്റ് മന്ത്രിമാരും, മറ്റു എം. പി. മാരും ഈ ആവശ്യത്തിനു പിന്തുണയേകി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വീണ്ടും ഉപസമിതി യോഗം ചേര്‍ന്നപ്പോള്‍ കേരളത്തിന്റെ വാദം വ്യക്തമായി അവതരിപ്പിക്കാന്‍ സാധിച്ചു. കേരളത്തില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ മലയാളം സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ ശ്രീ. കെ. ജയകുമാര്‍, ഭാഷാ വിദഗ്ധരായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രോഫ. ബി. ഗോപിനാഥന്‍ ഇവരെക്കൂടാതെ പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേനംകുളത്തെ ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗിസ്റ്റിഗ്‌സിലെ ഭാഷാവിദഗ്ധര്‍ തയ്യാറാക്കിയ നാലു വാല്യങ്ങളുള്ള പഠനപ്രബന്ധം 2011 ജനുവരി 15 ന് കേന്ദ്ര വിദഗ്ധസമിതിക്കു മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. വിശ്വമലയാള മഹോത്സവത്തില്‍ പ്രസിഡന്റായി ശ്രീ. പ്രണാബ് മുഖര്‍ജിയുടെ സാന്നിദ്ധ്യം ഉണ്ടായതും, പുനഃസംഘടിപ്പിച്ച കേന്ദ്ര മന്ത്രിസഭയില്‍ കേന്ദ്ര സംസ്‌ക്കാരിക മന്ത്രിയായി ചുമതലയേറ്റ ചന്ദ്രകുമാരി കഠൌച്ചിന്റെ മുമ്പില്‍ വന്ന പ്രഥമ നിവേദനമായതുകൊണ്ടും ശ്രേഷ്ടപദവിയുടെ സാധ്യത കൂടുതല്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് പുതിയതായി വന്ന കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് വിശ്വനാഥ് തിവാരിയുടെ അധ്യക്ഷതയില്‍ മലയാളത്തിന് ശ്രേഷ്ഠപദവി കരഗതമാവുകയായിരുന്നു.

ലളിതമായി പറഞ്ഞാല്‍ ആശയവിനിമയത്തിനുള്ള സ്വാഭാവികമായ ഉപാധിയാണ് ഭാഷ. മര്‍ത്യകുലത്തിനു ലഭ്യമായ ദൈവീക വരദാനമാണിത്. മനുഷ്യര്‍ സാമൂഹ്യ ജീവിയാണെന്നിരിക്കേ ഒട്ടേറെ ചിന്തകളും, അനുഭവങ്ങളും അതിനോടു ബന്ധപ്പെട്ട വികാര വിചാരങ്ങളും സഹജീവികളെ അറിയിക്കാനുള്ള അനല്പമായ താല്പര്യം അവനുണ്ടായിരിക്കും. പരസ്പരമുള്ള ആശയപരവും, ചിന്താപരവുമായ ഈ ആദാന പ്രദാന പ്രക്രിയയ്ക്ക് മനുഷ്യര്‍ സ്വീകരിച്ച അര്‍ത്ഥ ഗര്‍ഭമായ ശബ്ദ സങ്കേതങ്ങളുടെ വികസിത രൂപമാണ് ഭാഷ. മാതൃഭാഷ ഓരോ വ്യക്തിക്കും നല്‍കുന്ന ആവാസപരമായ സുരക്ഷിതത്വബോധവും, പരിസരബോധവും, സംസ്‌ക്കാരികപരമായ സ്വത്വബോധവും ഒന്നുവേറെ തന്നെയാണ്. ഒരു വ്യക്തി തന്റെ ചുറ്റുപാടുകളെ സൂഷ്മതലത്തില്‍ ഗ്രഹിക്കുന്നതും, തന്റെ ലോകബോധത്തിലേയ്ക്ക് സ്വാംശീകരിക്കുന്നതും സ്വന്തം ഭാഷയില്‍ക്കൂടിയാണ്. മാതൃഭാഷയില്‍ തന്നെയാണ് അവന്റെ സംസ്‌ക്കാരവും മനോവ്യാപാരവും. കേരളത്തിന്റെ സംസ്‌ക്കാരം എന്നത് മലയാളഭാഷ നല്‍കുന്ന വിപുലമായ സംഭാവനകളുടെ ശ്രേണീബന്ധമാണ്. ഭാഷ അംഗീകരിക്കപ്പെടുമ്പോള്‍ കേരളീയ പൈതൃകസംസ്‌കൃതികളേയും കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. അത് വലിയൊരു കാര്യമാണ്.

ഇന്ത്യയില്‍ പൊതുവേ ചെറുതും വലുതുമായി 700 ല്‍പരം ഭാഷകളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതില്‍ 22 ഭാഷകളെ മാത്രമാണ് ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ കേവലം 15 എണ്ണത്തിനുമാത്രമാണ് കറന്‍സിയില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ മലയാളത്തിനുമുമ്പ് ശ്രേഷ്ഠ ഭാഷാ പദവി സ്വായത്തമായിട്ടുള്ള ഇതര ഭാഷകള്‍ നാലണ്ണമാണ്. 2004 ല്‍ തമിഴിനാണ് ആദ്യമായി ശ്രേഷ്ഠ പദവി ലഭിക്കുന്നത്. ഭരണഘടനയുടെ 351 ആം വകുപ്പ് പ്രകാരം ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മൂലഭാഷയെന്ന നിലയില്‍ സംസ്‌കൃതത്തിനു പ്രത്യേകം പരിഗണന നല്‍കുകയും, അടുത്തവര്‍ഷം തന്നെ സംസ്‌കൃതത്തിനും ശ്രേഷ്ഠ ഭാഷാ സ്ഥാനം നല്‍കുകയും ചെയ്തു. 2008 ല്‍ കന്നടയ്ക്കും, അതേവര്‍ഷം തന്നെ തെലുങ്കിനും ശ്രേഷ്ഠ ഭാഷാപദവി നല്‍കി ആദരിച്ചു. എന്നാല്‍ ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട ഇന്ത്യയിലെ ഇതര ഭാഷകള്‍ക്ക് 1200 വര്‍ഷത്തേക്കാള് ‍അധികം പഴക്കമില്ലാത്തതുകൊണ്ടാണ് ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുന്നത്. മലയാളം മൂലദ്രാവിഡ ഭാഷയുടെ സ്വനപരവും, രൂപിമപരവുമായ സ്വഭാവങ്ങള്‍ മിക്കവാറും എല്ലാംതന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭാഷയാണ്. ആയതിനാല്‍ എന്തുകൊണ്ടും അര്‍ഹതയുള്ള അംഗീകാരം തന്നെയാണ് ഭാഷയ്ക്കു ലഭിച്ചതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മലയാളത്തിന് 1500 വര്‍ഷത്തെ പഴക്കം അവകാശപ്പെടാനില്ലെന്നും, അത് കേവലം തമിഴിന്റെ വകഭേദം മാത്രമാണെന്നുമാണ് എതിര്‍ വിഭാഗം വാദിച്ചത്. ഈ വാദമുഖത്തെ ഖണ്ഡിച്ചുകൊണ്ട് കേരളത്തില്‍ നിന്നുള്ള പണ്ഡിതന്മാര്‍ മലയാളഭാഷ രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രൗഡഗാംഭീര്യമുള്ള ഭാഷയാണെന്നു വസ്തുനിനിഷ്ഠമായി സ്ഥാപിച്ചു.

1. ബി.സി. 270-300 കാലഘട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ട അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനത്തില്‍ ‘കേരളം’ എന്ന പദം കാണുന്നുണ്ടത്രേ. ഇതാണ് മലയാളത്തിന്റെ നിശ്ചിത പഴക്കത്തെ കാണിക്കുന്ന പ്രഥമ വിവരണം. ‘കേതലപുത’ എന്ന വിസ്മയകരമായ പരാമര്‍ശമാണ് എതിര്‍വാദത്തെ നിശബ്ദമാക്കിയത്. കൂടാതെ, ക്രിസ്തുവിനു ഒന്നും രണ്ടും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ച സഞ്ചാരിയായ പ്ലീനിയും, ടോളമിയും, പെരിപ്ലസ്‌കാരനും ‘കേര ബത്രോസ’് എന്ന പദത്തിലൂടെയാണ് കേരളത്തെ സൂചിപ്പിക്കുന്നത്.

2. മറ്റൊരു പ്രധാനപ്പെട്ട രേഖയാണ് തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും കണ്ടെടുത്ത ബി.സി ഒന്നാം നൂറ്റാണ്ടിലേതെന്നു തെളിഞ്ഞ 2100 വര്‍ഷങ്ങള്‍ പഴക്കമുള്ള ‘പുളിമാന്‍ കൊമ്പ് വീരക്കന്‍ ലിഖിതം’. അതില്‍ മലയാള ഭാഷയില്‍ മാത്രമായുള്ള വ്യാകരണങ്ങള്‍ ഉണ്ടെന്നു കാണപ്പെടുന്നു. കൂടാതെ, എടയ്ക്കല്‍ ലിഖിതങ്ങള്‍, എറണാംകുളത്തെ പട്ടണം ലിഖിതങ്ങള്‍, നിലമ്പൂരില്‍ നിന്നും ലഭിച്ച ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട നെടുങ്കയം ലിഖിതങ്ങള്‍ എന്നിവകളിലെല്ലാം മലയാളത്തിന് 1500 വര്‍ഷത്തിലേറെയാണ് പഴക്കമെന്നു കാണിക്കുന്നു.

3. പ്രാചീന കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ കൊടുങ്ങല്ലൂരിലെ ചേരചക്രവര്‍ത്തിയുടെ അനുജനും, ചിലപ്പതികാരം കര്‍ത്താവുമായ ഇളംങ്കോവടികള്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഒരു അനുഗ്രഹീത കവിയാണ്. പ്രസ്തുത ഗ്രന്ഥത്തിലെ വഞ്ചീകാണ്ഠത്തിലുള്ള ധാരാളം പദങ്ങള്‍ മലയാളികള്‍ ഇന്നും സംസാരത്തില്‍ ഉപയോഗിക്കുന്നു. ഇത് മലയാളത്തിന്റെ നിശ്ചിത പഴക്കത്തെ അരക്കിട്ടുറപ്പിക്കുന്നു.

4. മൂലദ്രാവിഡ ഭാഷയില്‍ വിരചിതമായ സംഘകാല സാഹിത്യത്തിലെ ഏറെക്കുറേ പകുതിയും മലയാള പദങ്ങളും, വ്യാകരണങ്ങളുമാണ്. സംഘകാല കവികളില്‍ നാല്പതോളം പേരും കേരളീയരാണത്രേ. സംഘകൃതികളിലെ ഭാഷയില്‍ നിന്നും തെളിയുന്ന വസ്തുത തമിഴ് മലയാളം ഭാഷകള്‍ക്ക് ഉണ്ടായ ഒരു പൊതുവായ പ്രാഗ് രൂപത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഇന്നത്തെ മലയാളവും തമിഴും.

5. പഴക്കമേറിയ ദ്രാവിഡ വ്യാകരണ ഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലെ നാല്പതു ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രം യോജിക്കുന്നവയാണെന്നതാണ് ശ്രദ്ധേയം. ഭദ്രകാളിപ്പാട്ടിലെ ‘കേശവാദി പാദ’ സ്തുതിയ്ക്കും, യാത്രക്കളിയിലെ ‘നാലുപാദ’ത്തിനും ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടോളം പഴക്കമുണ്ട്. മേല്‍ ഉദ്ധരിച്ച അടിസ്ഥാന രേഖകള്‍ക്കു പുറമെയാണ് ഒരു തമിഴ് ബ്രാഹ്മണനായ ഉള്ളൂരിന്റെ താഴെ ചേര്‍ത്തിരിക്കുന്ന നിലപാടുകള്‍. ‘മലയാളത്തെ തമിഴിന്റേയും അമ്മയാകാന്‍ യോഗ്യതയുള്ള ഭാഷ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഈ വക വസ്തുതകളില്‍ നിന്നും മലയാളത്തിന് 1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ളതായി തെളിഞ്ഞിരിക്കുന്നതിനാല്‍ മലയാളത്തെ ശ്രേഷ്ഠ ഭാഷയായി ഗണിക്കേണ്ട പ്രാഥമീക മാനദണ്ഡം പൂര്‍ത്തിയാകുന്നു. രണ്ടാമതായി, ഇതര ഭാഷകളില്‍ നിന്നും വേറിട്ട സാഹിത്യ പ്രസ്ഥാനമുണ്ടായിരിക്കണം. തനതു സംസ്‌ക്കാരവും, ചരിത്രവും ഉണ്ടായിരിക്കണം. പ്രത്യേക ഭാഷയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ ഉണ്ടായിരിക്കണം. പിന്നെ, തലമുറകളായി പരിപാലിക്കപ്പെടുന്ന ജീവിത ദര്‍ശനങ്ങളും, പാരമ്പര്യവും ഭാഷയില്‍ പ്രതിഫലിക്കണം എന്നൊക്കെയാണ് മറ്റു മാനദണ്ഡങ്ങള്‍.

കേരളം, മാഹി, ലക്ഷദീപ് എന്നിവിടങ്ങളിലുമായി അഞ്ചു കോടി ജനങ്ങളുടെ മാതൃഭാഷ മലയാളമാണ്. മലയാളികളില്‍ 97 ശതമാനവും മാതൃഭാഷയില്‍ സംസാരിക്കുന്നവരാണ്. വിപുലമായ സാഹിത്യ സമ്പത്തിനേയും, സ്വന്തമായ ലിപിയേയും അടിസ്ഥാനപ്പെടുത്തി യുനസ്‌കോ തയ്യാറാക്കിയ ഭാഷാ പട്ടികയില്‍ മലയാളത്തിന്റെ സ്ഥാനം 26 -ാംമത്തേതാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. അതുപോലെ ജനസംഖ്യാടിസ്ഥാനത്തില്‍ വിശകലനം ചെയ്താലും ദ്രാവിഡ ഭാഷകളില്‍ മലയാളത്തിന്റെ സ്ഥാനം നാലാമത്തേതാണ്. പെന്‍സില്‍വാനിയ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇങ്ങിനെ എല്ലാംകൊണ്ടും അര്‍ത്ഥപൂര്‍ണ്ണമായ മലയാളത്തെ ശ്രേഷ്ഠ ഭാഷയായി പരിഗണിക്കപ്പെട്ടതില്‍ ഉപസമിതി സത്യസന്ധത കാണിച്ചു എന്നു ഭാഷാ പ്രേമികള്‍ വിശ്വസിക്കുന്നു. 2013 കാലഘട്ടത്തില്‍ ശ്രേഷ്ഠ ഭാഷയായി തിരഞ്ഞെടുക്കപ്പെട്ട മാതൃമലയാളത്തിന് അതിവിപുലമായ നേട്ടങ്ങളാണ് ഭാഗ്യരൂപത്തില്‍ കാത്തിരിക്കുന്നത്.

1. ഭാഷാ പരിപോഷണത്തിനും ബന്ധപ്പെട്ട ഭാഷാ വികസനങ്ങള്‍ക്കുമായി വന്‍തുകകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കും. ഇത് ഏകദേശം 100 കോടി രൂപയോളം വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

2. ഭാഷയില്‍ വിരചിതമാകുന്ന ലേഖനങ്ങള്‍ക്കും, പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തപ്പെടും. ഇത് സുമാര്‍ ഒരു ലക്ഷം രൂപ വരെ വരുമെന്നു അനുമാനിക്കുന്നു.

3. ക്ലാസിക് പദവി ലഭിക്കുന്ന മലയാള ഭാഷയേയും, സാഹിത്യത്തേയും, സംസ്‌ക്കാരത്തേയും പറ്റിയുള്ള സമഗ്രപഠനത്തിനായി മികവിന്റെ ഒരു കേന്ദ്രം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കും.

4. കാസര്‍ഗോട് ഉടനെ ആരംഭിക്കാന്‍ പോകുന്ന കേന്ദ്ര സര്‍വ്വകലാശാലയിലും, മറ്റു സര്‍വ്വകലാശാലകളിലും മലയാള ഭാഷാ വിഭാഗങ്ങള്‍ (ചെയര്‍) സ്ഥാപിക്കും.

ശ്രേഷ്ഠമാണ് പക്ഷേ ....

നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യമുള്ള നമ്മുടെ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികള്‍ അനവധിയാണ്. ഒരു ശ്രേഷ്ഠ പദവികൊണ്ടു മാത്രം അവയെല്ലാം പരിഹരിക്കപ്പെടുമെന്നു ലേഖകന്‍ വിശ്വസിക്കുന്നില്ല. രണ്ടു നൂറ്റാണ്ടുകാലം നമ്മെ അടിച്ചമര്‍ത്തി ഭരിച്ച കൊളോണിയല്‍ അധിനിവേശശക്തിയുടെ ശേഷിപ്പുകള്‍ ആഭിജാത്യത്തോടെ സ്വാംശീകരിച്ച് പിന്തുടര്‍ന്ന മുന്‍തലമുറക്കാരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് മാതൃഭാഷയ്ക്ക് ഇത്രമേല്‍ അപചയവും, അവഗണനയുമുണ്ടാകാനുള്ള മുഖ്യ കാരണം. ഒരു വലിയ ജനവിഭാഗത്തിന്റെ സ്വത്വത്തിന്റേയും, സംസ്‌ക്കാര പാരമ്പര്യത്തിന്റേയും മുഖമുദ്രയാണ് മാതൃഭാഷ. വാത്സല്യമൂര്‍ത്തിയായ പെറ്റമ്മയുടെ കനിവാര്‍ന്ന ഭാഷ അവഗണിക്കപ്പെടുന്നുവെന്നുവച്ചാല്‍ സ്വന്തം സ്വത്വവും, സംസ്‌ക്കാരവുമാണ് അന്യം നില്‍ക്കുന്നത്. അത് കേരളീയ പൈതൃകത്തെ നിരാകരിക്കലാണ്. ഈ മനോവൈകല്യം സ്പഷ്ടമായി കാണാന്‍ സാധിക്കുന്നത് ചില റിയാലിറ്റി ഷോകളിലാണ്. ഉല്‍കൃഷ്ടമായ ശുദ്ധമലയാളം പ്രചരിപ്പിക്കേണ്ട സ്ഥാനത്ത് ആംഗലേയകരമായ വികലഭാഷ അരങ്ങുവാഴുമ്പാള്‍ ക്രമേണ, വാമൊഴി വഴക്കവും, വരമൊഴി സാഹിത്യവും, പദസഞ്ചയവും മലയാളികളെ വിട്ട് അകന്നു പോവുകയും, ഭാഷ അതിന്റെ നാശോന്മുഖതയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്യും. ആശയപ്രകാശന മാധ്യമത്തില്‍ നിന്നും സാഹിത്യ സമ്പന്നതയുടെ ഉത്തുംഗശൃംഗത്തിലേയ്ക്ക് വളര്‍ന്ന ഭാഷ, വൈദേശിക ആക്രമണങ്ങളാല്‍ ക്ഷയിച്ച് അതിന്റെ ഉറവയിലേയ്ക്കുതന്നെ മടങ്ങുന്ന ദയനീയ ദൃശ്യമാണ് ദൃശ്യമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന പത്രഭാഷാ ശൈലിയിലുള്ള ചില സൃഷ്ടികളെ ആദരിച്ച് പുരസ്‌ക്കാരങ്ങള്‍ നല്‍കപ്പെടേണ്ടിവരുന്നത് സാഹിത്യ ഗാംഭീര്യത എഴുത്തുകാരില്‍ നിന്നും അസ്തമിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇത് ആശാസ്യകരമായ പ്രവണതയല്ല. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചില പേരെടുത്ത എഴുത്തുകാര്‍ തന്നെയാണ് അതിനു നേതൃത്വം കൊടുത്ത് ഭാഷയുടെ കഴുത്തില്‍ കത്തിവയ്ക്കുന്നത്. സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ എന്ന വ്യാജ്യേന ഞെളിഞ്ഞുനടക്കുന്ന അത്തരം ‘എഴുത്ത് ഭീകരരെ’ കണ്ടെത്തി ഒറ്റപ്പെടുത്തിയാല്ലാതെ നമ്മുടെ സാഹിത്യഭാഷയ്ക്ക് ഒരു പുനര്‍ഭവമുണ്ടാവില്ല.

ഭാഷ പഠിക്കാനും, അതില്‍ വിശേഷാല്‍വൈദഗ്ധ്യമാര്‍ജ്ജിക്കാനും പഠിതാക്കള്‍ നന്നേ കുറവാണ്. മെച്ചപ്പെട്ട തൊഴില്‍ ലബ്ധിക്ക് കാലിക യുഗത്തില്‍ ശാസ്ത്ര-സാങ്കേതിക പഠനങ്ങള്‍ക്കാണ് പ്രാമുഖ്യം. ഭാഷ പഠിച്ചവര്‍ക്ക് ആദരവാര്‍ന്ന തൊഴിലോ, ഉയര്‍ന്ന വേതനമോ കുറവാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. അതുകൊണ്ടാണ് മലയാള ഭാഷയ്ക്ക് അധികാരികളില്‍ നിന്നുമെല്ലാം ഒരുതരം ചിറ്റമ്മനയം അനുഭവപ്പെടുന്നത്. ലോകോത്തര പൗരവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനുള്ള വ്യഗ്രതയില്‍ വിദ്യാലങ്ങളില്‍പ്പോലും, മലയാളം ഒന്നുരിയാടിയാല്‍ പിഴചുമത്തി മാതൃഭാഷയെ ശിക്ഷിക്കുന്നതു കാണാം. അങ്ങിനെ ഒന്നാം ഭാഷയായി ഇംഗ്ലീഷിനെ സ്വീകരിച്ച്, മലയാളത്തെ ഒരുതരം മൂന്നാംകിട ഭാഷയാക്കി അയിത്തം കല്പിക്കുന്നു. തങ്ങളുടെ മക്കള്‍ മണിമണിപോലെ ഇംഗ്ലീഷില്‍ സംസാരിക്കണം. മലയാളം ലോ ക്ലാസ് ലാഗ്വേജാണ്. അത് നമ്മുക്ക് കുറച്ചിലാണ്. ഈ പരിഷ്‌ക്കാരപൊങ്ങച്ചമാണ് ന്യൂ ജനറേഷനില്‍ നിന്നും ഭാഷയെ അകറ്റുന്നത്.

2013 വര്‍ഷം മലയാളം ഭരണഭാഷാ വര്‍ഷമായിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് ഇരട്ടിമധുരമായി മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവിയും ലഭിക്കുന്നത്. എങ്കിലും, ഭരണഭാഷയായി മലയാളത്തെ സര്‍ക്കാര്‍ഫയലുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ പല വകുപ്പുകളും അമ്പേ പരാജയപ്പെട്ടിരിക്കന്നു. 1957 ലാണ് അച്യുതമേനോന്റെ നേതൃത്വത്തില്‍ മലയാളത്തെ ഭരണഭാഷയാക്കുവാനുള്ള ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഡോ. കെ. ഭാസ്‌ക്കരന്‍ നായര്‍, എല്‍.സി. ഐസക്, കെ. ദാമോദരന്‍, പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍ എന്നിവരായിരുന്നു സമിതിയിലെ മുഖ്യ അംഗങ്ങള്‍. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ സര്‍ക്കാര്‍ കേരളത്തിലെ ഭരണഭാഷ മലയാളമാക്കി ഉത്തരവിറക്കി. തുടര്‍ന്ന് 1978 ല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുവാന്‍ അഞ്ചുവര്‍ഷത്തെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിലെ ഒരു നിര്‍ദ്ദേശം, 1980-81 ല്‍ കോടതി നടപടികളെല്ലാം തന്നെ മലയാളത്തിലാക്കണമെന്നതായിരുന്നു. ഭരണഘടനയുടെ 17 -ാം ഭാഗത്തെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദപ്രകാരം സര്‍ക്കാര്‍ഭരണം അതാതുപ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്നു വ്യവസ്ഥചെയ്യുന്നു. ഇത്തരം ഭാഷാപരമായ ഉത്തരവുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാരോ, ഇംഗ്ലീഷ് ഭാഷാ ലോബിയോ അനുവദിച്ചില്ലെന്നു പറയുന്നതായിരിക്കും സത്യം. പണ്ട്, അതായത് 1066 ല്‍ ഇംഗ്ലണ്ട് ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന നോര്‍മന്‍കാരുടെ അധീനതയിലായിരുന്നു. അപ്പോള്‍ സ്വാഭാവികമായും മാതൃഭാഷയായ ഇംഗ്ലീഷ് തഴയപ്പെടുകയും, തല്‍സ്ഥാനത്ത് അധിനിവേശ ഭാഷയായ ഫ്രെഞ്ച് ഭരണ-വിദ്യാഭ്യാസ ഭാഷയായി മാറുകയും ചെയ്തു. ഏകദേശം രണ്ടു നൂറ്റാണ്ടോളം ഈ സ്ഥിതി തുടര്‍ന്നു. പിന്നീട് ഇംഗ്ലണ്ടില്‍ നോര്‍മന്‍ ഭരണം അവസാനിച്ചപ്പോഴും, ഭരണമേഖലയില്‍ നിന്നും പ്രത്യേകിച്ച് കോടതി വ്യവഹാരങ്ങളില്‍ നിന്നും ഫ്രഞ്ച് ഭാഷ പൂര്‍ണ്ണമായും പിന്മാറിയില്ല. അവഗണിക്കപ്പെട്ടു കിടന്ന ഇംഗ്ലീഷ് ഭാഷയെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഗതികെട്ട് ജോര്‍ജ്ജ് രണ്ടാമന്‍ 1731 ല്‍ ഇംഗ്ലണ്ടില്‍ ഒരു ഉത്തരവിറക്കി. ഇനി ആരെങ്കിലും ഇംഗ്ലണ്ടിലെ കോടതികളില്‍ ലാറ്റിനോ, ഫ്രഞ്ചോ സംസാരിച്ചാല്‍ വാക്കൊന്നിന് അന്‍പതു പവന്‍ വീതം പിഴയടയ്ക്കണം. അത് ഫലം കണ്ടു. ഇതുപോലെയുള്ള ഉറച്ചതീരുമാനങ്ങളെടുക്കാന്‍ നട്ടെല്ലും, വകതിരിവുമുള്ള ഭരണകര്‍ത്താക്കളില്ലാത്തിടത്തോളം കാലം കേരളത്തിന്റെ ഭരണഭാഷ സായിപ്പിന്റെ ഭാഷയായി തന്നെ നിലനില്‍ക്കും.

വൈജ്ഞാനികപരവും, സാഹിത്യപരവുമായ അതിസമ്പന്നതയുള്‍ക്കൊള്ളുന്ന ഭാഷകളെല്ലാം തന്നെ ശ്രേഷ്ഠവും, മഹത്തരവും, ഉല്‍കൃഷ്ടവുമാണ്. വിശ്വമാനവീക സംസ്‌ക്കാരവും, ആഗോള വൈജ്ഞാനികതയും, ഭാവനാ ശ്രേഷ്ഠതയും വഹിക്കുന്ന മുഖ്യ രാജ്യാന്തര ഭാഷകള്‍ക്കെല്ലാം തന്നെ ഒരു പൊതുവായ പിന്തുടര്‍ച്ചയും, പരസ്പരപൂരക സാമ്യതകളും ഉള്ളവയാണ്. സ്‌നേഹ-സാഹോദര്യ വികാരങ്ങള്‍ നിബന്ധിക്കപ്പെടുന്ന ഭാഷയെ ന്യൂനവൈകാരികതയ്‌ക്കോ, ചൂഷണത്തിനോ ഉപയോഗിക്കുന്നത് മാനവിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കേവലം പഴക്കത്തെ ആധാരമാക്കി കോടികളൊഴുക്കി ഭാഷാരാഷ്ട്രീയം മുതലെടുത്ത് പ്രാദേശീക ഭാഷാ വികാരത്തെ ഇളക്കിവിടുന്നത് ഉചിതമാണെന്നു തോന്നുന്നില്ല. അത്, ദേശങ്ങള്‍ തമ്മിലുള്ള അനാവശ്യ സ്പര്‍ദ്ധയ്ക്കും, അസഹിഷ്ണുതയ്ക്കും വഴിവയ്ക്കും. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജ്ജി ഫയല്‍ ചെയ്തപ്പെട്ടതിന്റെ ചേതോവികാരം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. കൂടാതെ, ഒഡിയ, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളും തങ്ങള്‍ക്കും ശ്രേഷ്ഠപദവി ലഭിക്കണമെന്നു വാശിപിടിച്ചു മുന്നോട്ടു വന്നതിന്റെ മനോവികാരവും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട്, വിശ്വമാനവിക സാഹോദര്യത്തോടെ, വിശാലമായ ഉള്‍ക്കാഴ്ചയോടെ വേണം സമസ്ത ഭാഷകളേയും നോക്കിക്കാണാന്‍, അല്ലാതെ, ഇന്ന ഇന്ന ഭാഷകള്‍ മൂത്തത്, മറ്റുള്ളതെല്ലാം ശിശുക്കള്‍ എന്ന സങ്കുചിതമായ വേര്‍തിരിവ് അനാരോഗ്യകരവും, അനഭിലക്ഷണീയവുമാണ്. പൈതൃക സംസ്‌കൃതീ വാഹകരായ എല്ലാ പ്രാദേശീയഭാഷകളും ഒരുപോലെ വളരണം. അവ അന്യം നിന്നുപോകാതെ സംരക്ഷിക്കപ്പെടേണ്ട് ഇന്നത്തെ തലമുറയുടെ സാംസ്‌ക്കാരികപരമായ ഉത്തരവാദിത്വമാണ്. അതിനു പണച്ചിലവുണ്ടെങ്കില്‍ എല്ലാ ഭാഷയ്ക്കും അതിനു അഹര്‍തയുണ്ട്. അല്ലാതെ തമിഴിനും, മലയാളത്തിനുമൊക്കെയായി വിവേചന ബുദ്ധിയോടെ അത് ചുരുക്കുന്നത് ദേശീയബോധമല്ല. തന്നോടൊപ്പം തന്റെ അയല്‍ക്കാരും പട്ടിണിയില്ലാതെ കഴിയണം എന്ന സാഹോദര്യ സ്‌നേഹമാണ് ഭാഷാ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാവേണ്ടത്.

സത്യത്തില്‍ ശ്രേഷ്ഠ പദവിയ്ക്ക് അര്‍ഹതയുണ്ടോ ?....

“ഇല്ല” എന്നു തന്നെയാണ് പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും, കേന്ദ്ര സാഹിത്യ അക്കാഡമി ചെയര്‍മാനുമായിരുന്ന ബി. എച്ച്. കൃഷ്ണമൂര്‍ത്തിയുടെ വസ്തുനിഷ്ഠാപരമായ വിലയിരുത്തല്‍. മലയാളത്തില്‍ വിരചിതമായ ആദ്യത്തെ സാഹിത്യസൃഷ്ടി ചീരാമനാല്‍ രചിക്കപ്പെട്ട രാമചരിതമാണെന്നു എല്ലാ ഭാഷാവിദ്വാന്മാരും ഒരുപോലെ അംഗീകരിക്കുന്ന ഒരു കാര്യമാണ്. ഇതാകട്ടെ, കേവലം അറുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് അതായാത് 14 -ആം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്. അപ്പോള്‍, മലയാള സാഹിത്യ ഭാഷയ്ക്ക് പറയത്തക്ക പഴക്കമൊന്നുമില്ലയെന്നു തെളിയുന്നു. രാമചരിതത്തിലെ ഭാഷ പ്രാചീന മലയാളമാണ്; അല്ലാതെ ആധുനീക മലയാളമല്ല. എഴുത്തച്ഛനാണ് മലയാളഭാഷയുടെ പിതാവ്. പിതാവിനു മുമ്പുള്ള ശുഷ്‌ക്കമായ ഭാഷയെ മലയാളഭാഷയായി കണക്കാക്കാനാവില്ലെന്നുമാത്രമല്ല, തമിഴും, സംസ്‌കൃതവും, മലയാളവും മൊക്ക കലര്‍ന്നുള്ള എന്തോ ഒരുതരം വിചിത്ര ഭാഷയാണ്, അതായത്, പ്രാചീന മലയാളം. അതിപ്പോള്‍ നിലവിലില്ലതാനും.

“തുനയെനക്കിതിനു മിക്കവരു, മുള്‍ക്കനമേറ-

ചുരുങ്കി നോരകുതിയെന്ററിഞ്ഞു, നല്ലവരെല്ലാം,

പണിയിതര്‍ക്കിവനെനക്കുരുതി നൊയ്യവര്‍കളും,

പകയരാവതിനറപ്പരെന്നോടോപ്പമുടയോര്‍,

പിനങ്ങുവോരില്ലയെന്നും പോരുതുപായിടയിട-

പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം

മണിവര്‍ണ്ണന്‍ മനുചനായ്‌പ്പൊരുത പോര്‍ക്കുടമതന്‍

വഴിയുരൈപ്പതിനു കോലിമതെന്‍ മേതകൊടു ഞാന്‍” ..

ഇതാണ് രാമചരിതത്തിലെ ഭാഷ. ഭൂമിയിലൊരിടത്തും വ്യവഹാരത്തിലില്ലാത്ത, നശോന്മുഖമായി മണ്‍മറഞ്ഞുപോയ, ആധുനീക മലയാളത്തിന്റെ ഏഴയലത്തുപോലും എത്താത്ത ഈ പ്രാചീന മലയാളത്തിനാണ് ശ്രേഷ്ഠഭാഷാ പദവി നല്‍കി കോടികള്‍ കൈമാറുന്നത്. ഈ പണം കൊണ്ടാണ് ആധുനീക മലയാളത്തെ പരിപോഷിപ്പിക്കേണ്ടത്. ഇത് ഒരുതരം നാടന്‍ചൊല്ലില്‍ പറഞ്ഞാല്‍, “അനിയത്തിയെ കാട്ടി ചേച്ചിയെ കെട്ടിച്ച” പോലെയുണ്ട്.

എ.ഡി. മൂന്നാം നൂറ്റാണ്ടോടെ രചിക്കപ്പെട്ട ഇളംങ്കോഅടികളുടെ ചിലപ്പതികാരം കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വച്ച് എഴുതപ്പെട്ടതാണെങ്കിലും നാളിന്നുവരെ കണക്കാക്കപ്പെട്ടിരിക്കുന്നത് അതൊരു തമിഴ് കൃതിയാണെന്നാണ്. പിന്നെയുള്ളത് ചെപ്പേടുകളും, ശിലാശാസനകളുമാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ സാധാരണക്കാരന്റേതല്ല, മറിച്ച്, കേരളം കീഴടക്കിയ അധികാരികളുടെ ആധാരമെഴുത്ത് ശൈലിയാണ്. പലതിന്റേയും ലിപി വ്യത്യസ്ഥമാണ്. പലതും ഭാഗികമായി മാത്രമേ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് ഇവയെ ആധാരമാക്കിയുള്ള കാലഗണന ബാലിശവും, വാസ്തവവിരുദ്ധവുമാണ്. അതുപോലെയല്ല തമിഴിന്റെ അവസ്ഥ. തമിഴില്‍ ലഭ്യമായ ഏറ്റവും പഴക്കംചെന്ന കൃതി വ്യാകരണങ്ങളുടേയും, കാവ്യങ്ങളുടേയും പഠനഗ്രന്ഥമായ തൊല്‍ക്കാപ്പിയമാണ്. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കൃതിയിലെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ചെന്തമിഴും, കരിന്തമിഴും എന്ന വേര്‍തിരിവുണ്ടാകുന്നത്. എന്നിട്ടും ഉടനെയൊന്നും ശ്രേഷ്ഠപദവി തമിഴിനു ലഭിച്ചില്ല. 2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഡി.എം.കെ മുന്നണി തങ്ങളുടെ അംഗബലത്തിന്റെ പിന്‍ബലത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ശ്രേഷ്ഠ ഭാഷാപദവി നേടിയെടുത്തത്. അതിനേക്കാള്‍ വലിയ അഭ്യാസമുറകളിലൂടെ അങ്കംവെട്ടിയിട്ടാണ് ഇതരഭാഷകളും പ്രസ്തുത പദവി തട്ടിപ്പറിച്ചുവാങ്ങിയത്. എന്തായാലും, കുറുക്കന്മാരുടെ കണ്ണ് നൂറുകോടി വിളയുന്ന കോഴിക്കൂട്ടിലാണ് എന്നത് പകല്‍ പോലെ വ്യക്തം. കാര്യങ്ങള്‍ എങ്ങിനെയൊക്കയായാലും മാതൃഭാഷയ്ക്ക് ശ്രേഷ്ഠപദവി കിട്ടി. കളവും, അഴിമതിയും, തട്ടിപ്പും കൊണ്ട് പൊറുതിമുട്ടിയ കേരളീയ രാഷ്ട്രീയ-സാംസ്‌ക്കാരിക മേഖലയില്‍ നൂറുകോടിക്കുമേല്‍ വട്ടമിട്ടു പറക്കുന്ന ചില ബുദ്ധിജീവി കഴുന്മാരുണ്ട്. സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും, അക്കാഡമികളിലും, സര്‍വ്വകലാശാലകളിലുമെല്ലാം ഭാഷാ പണ്ഡിതരെന്ന വ്യാജ്യേന സൂത്രത്തില്‍ നുഴഞ്ഞു കയറിയ പ്രസ്തുത മൂന്നാംകിട ‘എഴുത്തു ഭീകരര്‍’ ഏതുവിധേനെയും ഈ പണവും തട്ടിയെടുത്ത് ഭാഷയെ നാമാവശേഷമാക്കുമെന്നതില്‍ സംശയിക്കേണ്ട. അങ്ങിനെ, ഏതാനും സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ആരാലും ഉപയോഗിക്കപ്പെടാതെ മലയാള ഭാഷയും, ലിപിയും ഏതെങ്കിലും ഒരു ചരിത്രമ്യൂസിയത്തിലെ ചില്ലിന്‍കൂട്ടിനുള്ളില്‍ ഇരിക്കുന്നത് അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുക്കു കാണാം.

നാസര്‍ റാവുത്തര്‍, ആലുവ

ആലുവ
Phone: 9496181203
E-Mail: nazarrawther@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.