പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അന്യഭാഷാകൃതികൾ മലയാളത്തിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ലേഖനം

ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3543 ഡഡാട ഡഡാടമാ​‍െ‘പി.കെ.ബാലകൃഷ്‌ണന്റെ ലേഖനങ്ങൾ’ഡഡാടമാപ ഡഡാപ എന്ന പുസ്‌തകത്തിലെ അന്യഭാഷാകൃതികൾ മലയാളത്തിൽ എന്ന ലേഖനത്തിൽനിന്ന്‌.

മലയാളം നോവലിന്റെ രംഗത്തിലെ പരിഭാഷാസമ്പത്ത്‌ ആകെക്കൂടി പരിശോധിച്ചാൽ വേണമെങ്കിൽ നമുക്ക്‌ അഭിമാനകരമായ ഒരു വസ്‌തുത വെളിവാകും. ലോകപ്രസിദ്ധമായ മിക്ക നോവലുകൾക്കും മലയാളത്തിൽ പരിഭാഷയുണ്ട്‌. തീർത്തും ആധുനികരെന്ന്‌ വിശേഷിപ്പിക്കാവുന്ന വിശ്വനോവലിസ്‌റ്റുകളുൾപ്പെടെ ലോകപ്രസിദ്ധരായ നോവലിസ്‌റ്റുകളിൽ എല്ലാവരുടെയും ഒരു കൃതി വീതമെങ്കിലും മലയാളത്തിൽ ഇല്ലാതില്ല. പ്രസിദ്ധരായ ബംഗാളി നോവലിസ്‌റ്റുകളുടെ മിക്ക കൃതികൾക്കും മലയാള പരിഭാഷയുണ്ട്‌. പാശ്ചാത്യ നോവലുകളെ സംബന്ധിച്ചാണെങ്കിൽ ടോൾസ്‌റ്റോയിയുടെ പ്രധാനവും അപ്രധാനവുമായ മിക്ക കൃതികളും മലയാളത്തിൽ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഡോസ്‌റ്റോയേവ്‌സ്‌കി, ടർജനേവ്‌, ഗോർക്കി, ഷൊളക്കോവ്‌ തുടങ്ങിയവരും മലയാളവായനക്കാരന്‌ അഭിഗമ്യർതന്നെ. ബത്സാക്‌ ‘ഫ്‌ളോബർ’ സോള എന്നിങ്ങനെയുളള, ഫ്രഞ്ച്‌ നോവലിന്റെ പ്രജാപതികളും, ഡിക്കൻസ്‌, ബ്രോൺടേ സഹോദരിമാർ, തോമസ്‌ ഹാർഡി എന്നിവരുൾപ്പെടെ ഒട്ടേറെ ബ്രിട്ടീഷ്‌ നോവലിസ്‌റ്റുകളും ‘മലയാളം നോവലിന്റെ’ ലിസ്‌റ്റിൽ വരും. മലയാളപരിഭാഷയിലുളളതിൽ പ്രധാനപ്പെട്ട അന്യഭാഷാ നോവലുകൾ മാത്രം വായിച്ചിട്ടുളള ഒരാൾക്ക്‌, വിശ്വനോവൽ സാഹിത്യവുമായി തനിക്ക്‌ നല്ല പരിചയമുണ്ടെന്ന്‌ നിസ്സംശയം അവകാശപ്പെടാം എന്നതാണ്‌ നില (കർത്താക്കൾ, കൃതികൾ എന്നിവയുടെ പേര്‌ മാത്രം ആസ്‌പദിച്ചാണ്‌ പറയുന്നത്‌).

പരിഭാഷകളുടെ ഈ പരപ്പിനെപ്പറ്റി ഞാൻ പരത്തിപ്പറഞ്ഞുവരുന്നത്‌ അതിനെപ്പറ്റി തോന്നാവുന്ന അഭിമാനം രേഖപ്പെടുത്തുവാനെന്നതിലേറെ അതേച്ചുറ്റിയുളള ചില സംശയങ്ങൾ ഉന്നയിക്കുവാനാണ്‌. നോവലിന്റെ മാത്രം രംഗത്തെ ആസ്‌പദിച്ചുളള ചിന്തയിൽനിന്നും ഉയിർക്കൊളളുന്ന ആ സംശയങ്ങൾ മലയാളസാഹിത്യത്തിന്റെ എല്ലാ ശാഖകൾക്കും പ്രസക്തമാണ്‌ എന്നെനിക്ക്‌ തോന്നുന്നു. സംശയമിതാണ്‌ഃ വിശ്വനോവൽ സാഹിത്യത്തിന്റെ അതിരുകളും ആഴവും ശരിക്കും പ്രതിഫലിപ്പിക്കുന്നത്രയും കൃതികൾ മലയാളത്തിലെ എഴുത്തുകാരനും വായനക്കാരനും ഇന്ന്‌ മലയാളത്തിൽ വായിക്കാൻ കിട്ടുമെന്നിരുന്നിട്ടും, മലയാളത്തിലെ തനതായ നോവൽസാഹിത്യം എന്തുകൊണ്ട്‌ ആ പരിണാമങ്ങൾക്കൊത്ത്‌ വളരുന്നില്ല? ആ വിസ്‌തൃതിയും ആ ആഴവും മലയാളത്തിലെ നോവലെഴുത്തുകാരനും മലയാളത്തിലെ നോവൽ വായനക്കാരനും എന്തുകൊണ്ട്‌ സ്വന്തം പ്രവർത്തനത്തിനുളള മാനദണ്ഡമായി മാറുന്നില്ല? വിശ്വനോവലിന്റെ രംഗത്തിലെ പ്രധാനപ്പെട്ട മിക്ക കൃതികളുമായും കർത്താക്കളുമായും മലയാള പരിഭാഷകളിലൂടെ പരിചയപ്പെടാമെന്നിരുന്നിട്ടും, മലയാളിയായ സാഹിത്യാസ്വാദകന്റെ ആസ്വാദന വൈഭവവും ആസ്വാദനതൃഷ്‌ണയും വേണ്ടത്ര മെച്ചപ്പെടാത്തതിന്റെ കാരണമെന്താണ്‌? വായനക്കാരന്റെ അഭിരുചിക്കു വളർച്ചയും മാറ്റവുമുണ്ടായാൽ ആ വളർച്ചയും മാറ്റവും സാഹിത്യരചയിതാവിനുളള പുതിയ ശാസനകളായി മാറുമെന്ന കാര്യം സ്‌പഷ്‌ടം. പ്രസ്‌തുത ശാസനകളാവട്ടെ പുതിയ സാഹിത്യ സൃഷ്‌ടികളിലൂടെ നിശ്ചയമായും സഫലമാകയും ചെയ്യും. പക്ഷേ, മലയാളം നോവലിന്റെ രംഗത്തിൽ ഇതു രണ്ടും സംഭവിച്ചില്ലെന്നു പറഞ്ഞാൽ നോവലെഴുത്തുതൊഴിൽക്കാരൊഴിച്ചുളളവരൊക്കെ അതു സമ്മതിക്കും (തന്റെ ഒരാളിന്റെ കാര്യമൊഴിച്ചാൽ ശേഷിക്കുന്ന മലയാളം നോവലിസ്‌റ്റുകളുടെ മുഴുവൻ കാര്യത്തിലും ഇതു ശരിയാണെന്ന്‌ ഓരോ മലയാളം നോവലിസ്‌റ്റും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ ഇക്കാര്യം സമ്മതിക്കുന്നതായിട്ടാണ്‌ എന്റെ അറിവ്‌).

മുകളിൽ വിവരിച്ച അടിസ്ഥാനപരിസരങ്ങളെപ്പറ്റി എതിർപ്പില്ലാത്തവർക്ക്‌, ആ അപഗ്രഥനത്തിന്റെ ഫലമായി സ്വീകരിക്കാവുന്ന നിഗമനം ഒന്നുമാത്രമാണ്‌. മലയാളത്തിലേക്കു പരിഭാഷ ചെയ്യപ്പെട്ടിട്ടുളള മഹത്തായ അന്യഭാഷാനോവലുകൾ മലയാളസാഹിത്യത്തിന്റെ അസ്സൽ ഭാഗമായി മാറിയിട്ടില്ല എന്നതാണ്‌ ആ നിഗമനം. ഒരു ഭാഷയിലെ അസ്സൽ കൃതികളും ആ ഭാഷയിലേക്കു പരിഭാഷചെയ്‌തു വരുന്ന ഒരു കൃതിയും തമ്മിൽ എന്നും, ഏതു ഭാഷയിലും, ഒരുതരം തിരിവു നിലനില്‌ക്കുമെന്ന മൗലികസത്യം വിസ്‌മരിച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്‌. ഒരു ഇംഗ്ലീഷുകാരന്റെ ആസ്വാദനശക്തിയെ സംബന്ധിച്ചിടത്തോളം ഒരു ഷെക്‌സ്‌പിയർ നാടകവും എഷ്‌കലസ്സിന്റെ നാടകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും തമ്മിൽ എന്നും വലിയ ഒരന്തരമുണ്ടാവും. എങ്കിൽക്കൂടിയും ആ ക്ലാസ്സിക്കൽ ഗ്രീക്കുനാടകം ഇംഗ്ലീഷുഭാഷാഭിജ്ഞൻ ശരിക്കും മനസ്സിലാക്കിയില്ലെന്നോ, ഹൃദയവേദനം ചെയ്‌തില്ലെന്നോ പറയാനാവുകയില്ല. അവന്റെ സാഹിത്യപരിചയത്തിന്റെയും സാഹിത്യമാനദണ്ഡത്തിന്റെയും ഒരു ഭാഗംതന്നെയാണ്‌ പരിഭാഷയിലൂടെ പരിചയിച്ച ആ ഗ്രീക്കുകൃതിയും. എന്നാൽ മലയാളപരിഭാഷയിലുളള മഹത്തായ അന്യസാഹിത്യകൃതികൾ മലയാളത്തിലെ സാഹിത്യരചയിതാവിനെയും സാഹിത്യാസ്വാദകനെയും സാരമായി സ്വാധീനിക്കുന്ന ഒരു ഘടകമാകാതെ-ഘടകമാവാൻ കഴിവില്ലാതെ-വളയത്തിനു പുറത്താണിന്നു നില. മലയാളസാഹിത്യത്തിന്റെ സ്വകീയമായ വ്യക്തിത്വത്തിനും മലയാളവായനക്കാരന്റെ ആസ്വാദനവൈഭവത്തിനും പുറത്ത്‌, തീർത്തും അന്യമായ ഒരു നിലനില്പാണ്‌ മലയാള പരിഭാഷയിലുളള അന്യഭാഷാകൃതികൾക്കുളളത്‌.

പക്ഷം ചേർന്നുളള ഒരു യുക്തിവിചാരരീതിയുടെ ഫലമായി നാം ചെന്നു പറ്റുന്ന, വിഭാഗികമാത്രപ്രസക്തിയുളള ഒരു നിഗമനം അല്ലിത്‌. വസ്‌തുതകളിലേക്ക്‌ പരക്കെ കടന്ന്‌ ചിന്തിച്ചാൽ ആർക്കും അക്കാര്യം ബോധ്യമാവും. ടോൾസ്‌റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ മലയാളപരിഭാഷയിൽ മാത്രം വായിക്കുന്ന, മലയാളം മാത്രമറിയുന്ന, സഹൃദയന്റെ അനുഭവമെന്താണെന്ന്‌ നാം ഇനിയും തിരക്കി അറിയേണ്ടതായിട്ടാണിരിക്കുന്നത്‌. പരിഭാഷയെപ്പറ്റി കുറ്റം പറയാനാവാത്ത ‘കറമസോവ്‌ സഹോദരന്മാ’രുടെ കാര്യത്തിലും, മലയാളം മാത്രമറിയുന്ന മലയാളിയുടെ നില ഏറെ വ്യത്യസ്‌തമായിരിക്കാൻ ഇടയില്ല. സാഹിത്യകലയുടെ പരമാവധി നേട്ടമായ ഒരു താത്ത്വിക മഹാപ്രപഞ്ചവുമായി താൻ പരിചയപ്പെട്ടുവെന്ന തോന്നൽ അയാൾക്ക്‌ ഉണ്ടായിക്കാണുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമാണ്‌. വാസ്‌തവമിങ്ങനെയാണെങ്കിൽ അതിന്റെ കാരണമെന്ത്‌ എന്ന പ്രശ്‌നത്തെപ്പറ്റി നാം ഗൗരവപൂർവ്വം ചിന്തിച്ചേ മതിയാവൂ.

ഒരു ജനതയെന്ന നിലയിൽ നമ്മുടെ ചില പ്രത്യേകതകളിലേക്കും, നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പല പ്രത്യേകതകളിലേക്കും വിരൽചൂണ്ടുന്ന അത്തരമൊരന്വേഷണം എന്റെ ഈ ലേഖനത്തിന്റെ പരിധിക്കു പുറത്താണ്‌. എന്നാൽ സാഹിത്യത്തിലെ ഏറ്റവും ജനകീയമായ ശാഖയായ നോവലിന്റെ രംഗത്തിൽ പരിഭാഷകളുടെ ഈ പ്രത്യേകമായ നില ഏറെക്കുറെ അതേ രീതിയിൽ ഇതരസാഹിത്യശാഖകളിലും കാണാവുന്നതാണ്‌ എന്ന്‌ അഭിപ്രായപ്പെട്ടുകൊളളട്ടെ.

നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലേക്ക്‌ ഒന്നോടിച്ചു നോക്കിയാൽ കണ്ണിൽതട്ടുന്ന ചില കാര്യങ്ങളുണ്ട്‌. തമിഴിൽനിന്നു വകതിരിഞ്ഞു പരിണമിച്ചുണ്ടായ ഭാഷയാണ്‌ മലയാളമെന്നാണ്‌ പണ്ഡിതന്മാരുടെ പൊതുവെയുളള തീർപ്പ്‌. അങ്ങനെ തരംതിരിഞ്ഞുണ്ടായ മലയാളത്തിന്റെ പ്രാചീനതമമായ സാഹിത്യസമ്പത്തിൽ തമിഴ്‌സാഹിത്യത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനതകൾ നന്നേ കഷ്‌ടിയാണ്‌. പ്രധാനപ്പെട്ട ആ ഭാഷയിലെ പ്രഗല്‌ഭങ്ങളായ ക്ലാസിക്കുകൾ ഈ സമീപകാലംവരെ മലയാളത്തിൽ പരിഭാഷ ചെയ്യപ്പെട്ടുവരികയുണ്ടായില്ല. എന്നു മാത്രവുമല്ല, മലയാളസാഹിത്യത്തിന്റെ ഉദ്‌ഭവം മുതൽ ഇന്നുവരെ ആ കൃതികൾ പരോക്ഷമായിപ്പോലും നമ്മുടെ സാഹിത്യത്തിലെ സ്വാധീനശക്തികളിലൊന്നായതുമില്ല. കുഴഞ്ഞ ഒരു പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണിത്‌.

സ്വന്തം പ്രതിഭ ശാസിച്ച സ്വതന്ത്രമാർഗ്ഗത്തിലൂടെ പരാശ്രയം കൂടാതെ മലയാളിയുടെ സാഹിത്യം തരംതിരിഞ്ഞു വളർന്നുവെന്നു മുകളിൽ പറഞ്ഞ വസ്‌തുതയുടെ അടിസ്ഥാനത്തിൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്തെന്നാൽ സംസ്‌കൃതകൃതികളുടെ പരാവർത്തനം, പരിഭാഷ തുടങ്ങിയവയിലൂടെയാണ്‌ മലയാളഭാഷ വികാസം പ്രാപിക്കുന്നതും മലയാളസാഹിത്യം ഉദ്‌ഭവിച്ചു വളരുന്നതും. കൈരളി പിഞ്ചുകാൽ ചവിട്ടിയ കാലത്തെ പ്രാചീനതമമായ കൃതികളും തൽകർത്താക്കളുമാരെന്ന്‌ ഗവേഷണം ചെയ്‌തു ചെല്ലുന്ന സാഹിത്യവിദ്യാർത്ഥി രാമായണകഥയുടെയും മഹാഭാരതത്തിന്റെയും, ചാണക്യന്റെ അർത്ഥശാസ്‌ത്രം വരെയുളള സംസ്‌കൃതമഹാകൃതികളുടെയും പരാവർത്തനങ്ങൾ, പരിഭാഷകൾ തുടങ്ങിയവയിലാണ്‌ ചെന്നുമുട്ടുന്നത്‌-വിശ്വസാഹിത്യത്തിന്റെയും ചിന്തയുടെയും ഏറ്റവും ഉയർന്ന കൊടുമുടികളെന്ന്‌ എക്കാലത്തും വിധിക്കപ്പെട്ടിട്ടുളള കൃതികളുടെ ഉളളടക്കം, കൈകാര്യം ചെയ്യുന്ന ഒരുതരം ഭാഷാവൈകൃതത്തിൽ അസദൃശമായ ഒന്നാണെന്നു തോന്നുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പ്രാരംഭചരിത്രത്തിലെ ഈ വസ്‌തുത മലയാള സാഹിത്യത്തിന്റെ ഉത്‌പത്തി പരിണാമപ്രക്രിയകളുടെ പ്രഥമകണ്ണികളായി അന്വേഷകൻ കണ്ടെത്തുന്നത്‌ അക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യശില്‌പങ്ങളിലും ചിന്താനിബന്ധങ്ങളിലും കടന്ന അവഗാഹമുളള പ്രഗല്‌ഭൻമാർ, പ്രാകൃതമായ ഒരു ഭാഷയിൽ നടത്തുന്ന ഒരുതരം വ്യായാമങ്ങളെയും വിനോദങ്ങളെയുമാണ്‌. നമ്മുടെ സാഹിത്യത്തിന്റെയും ഭാഷയുടെയും ആരോഗ്യകരമായ സഹജപരിണാമപ്രക്രിയ ഇവിടംമുതലേ തടസ്സപ്പെട്ടുവെന്നു തോന്നുന്നു. ഒരുവശത്ത്‌ ഉയർന്ന സംസ്‌കാരവും വിജ്ഞാനവുമുളള കർത്താവും മറുവശത്ത്‌ അയാളുടെ പ്രകൃതമായ കൃതിയും എന്ന രീതിയിൽ ഒരു തീരാവൈരുധ്യം മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ ഉടനീളം കാണാം. ഈ പ്രത്യേകനിലയുടെ ഒരു വശമാണ്‌ അന്യഭാഷകളിലെ ഏറ്റവും മികച്ച കൃതികളൊക്കെ മറ്റേതു പ്രാദേശിക ഭാഷയിലേക്കാളും മുമ്പു മലയാളത്തിലേക്കു പരിഭാഷ ചെയ്യപ്പെട്ട അന്യഭാഷാകൃതികൾ മലയാള സാഹിത്യത്തിന്റെയോ, മലയാളിയുടെ സംസ്‌കാരത്തിന്റെയോ ഭാഗമാകാതെ അന്യങ്ങളായി വളയത്തിനു പുറത്തു വർത്തിക്കുന്നുവെന്ന വസ്‌തുത അതിന്റെ മറുവശവുമാണ്‌. നിരണംകവികളുടെ കാലത്തുതന്നെ ‘ഭഗവദ്‌ഗീത’, ചാണക്യന്റെ ‘അർത്ഥശാസ്‌ത്രം’ തുടങ്ങിയ കൃതികൾക്കു ‘മലയാളത്തിൽ’ പരിഭാഷയുണ്ടെന്നാണ്‌ ഭാഷാചരിത്രം കൊണ്ടു കാണുന്നത്‌. മേല്‌പറഞ്ഞ കൃതികൾക്കു ലോകത്തിൽ ആദ്യമായി പരിഭാഷയുണ്ടായതു മലയാളത്തിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പറയുന്നതു വസ്‌തുതാപരമായി ശരിയാണുതാനും. പക്ഷേ, അത്രതന്നെയോ അതിൽ കൂടുതലോ ശരിയായ മറ്റൊരു വസ്‌തുതയുണ്ട്‌. മേല്‌പറഞ്ഞ കൃതികൾ മലയാളഭാഷയിലൂടെ ഇന്നും മലയാളിക്ക്‌ അനഭിഗമ്യങ്ങളാണെന്നും, മലയാളത്തിൽ അവയുടെ സാക്ഷാത്തായ പരിഭാഷ സുഖകരമല്ലെന്നും ഉളളതാണ്‌ ആ വസ്‌തുത. ഏതു ഭാഷയിലേക്ക്‌ ഒരു കൃതി ഭാഷാന്തരീകരിക്കപ്പെടുന്നുവോ ആ ഭാഷ മാത്രമറിയുന്ന വ്യുൽപന്നമായ ഒരു മനസ്സിന്‌ മൂലകൃതിയുടെ പൂർണ്ണമായ ആശയസമ്പത്തും ഏറെക്കുറെ മുഴുവനേയുളള സൗഷ്‌ഠവവും വേദനം ചെയ്യാനാവുക എന്നതാണല്ലോ പരിഭാഷയുടെ ലക്ഷ്യം. ആ ലക്ഷ്യംവച്ചു വിധിക്കുമ്പോൾ സംസ്‌കൃതസാഹിത്യത്തിലേതുൾപ്പെടെ വിശ്വസാഹിത്യത്തിലെ മഹത്തായ മിക്ക കൃതികൾക്കും ഇന്നു മലയാളത്തിൽ പരിഭാഷയില്ല എന്നും പരിഭാഷ എളുപ്പമല്ല എന്നും പറയേണ്ടിവരും. ഉണ്ടാവാൻ വളരെ പ്രയാസമുളള ഒരു രീതിയിലാണ്‌ ഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നത്തെ നില. മലയാളപരിഭാഷയിൽ ഇന്നു ലഭ്യമായിട്ടുളള അന്യഭാഷാകൃതികളുടെ മഹത്തായ പട്ടിക അസൂയാർഹമാംവണ്ണം നീളമുളള ഒന്നായിരിക്കും. വിശ്വമഹാഭാഷകളിലെ മഹൽകൃതികൾ ഇത്രയധികം പരിഭാഷചെയ്‌തു സ്വരുക്കൂട്ടിയിട്ടുളള ഏതെങ്കിലും പ്രാദേശികഭാഷ വേറെയുണ്ടോ എന്നുതന്നെ സംശയിക്കണം.

വ്യാസഭാരതത്തിന്‌ ലോകത്തിൽ ആദ്യമായി ഒരു ‘പദ്യാനുപദ്യ’ പരിഭാഷയുണ്ടായതു മലയാളത്തിലാണെന്നു നമുക്കറിയാം. ആധുനിക മലയാളസാഹിത്യത്തിന്റെ പ്രഭവംതന്നെ എഴുത്തച്ഛന്റെ വ്യാസഭാരത പരാവർത്തനത്തിലൂടെയാണല്ലോ. വ്യാസഭാരതമുൾപ്പെടെ സംസ്‌കൃതത്തിലെ മിക്ക മഹൽകൃതികൾക്കുമുണ്ട്‌ മലയാളത്തിൽ പരിഭാഷ. അസ്സലുകൾ നന്നായി പഠിച്ചറിഞ്ഞ പണ്ഡിതസാർവ്വഭൗമന്മാരാണ്‌ ആ കൃതികളിൽ പലതും മലയാളത്തിലേക്ക്‌ പരിഭാഷ ചെയ്‌തതും. ബൈബിൾ, ഗ്രീക്ക്‌ ഇതിഹാസങ്ങൾ തുടങ്ങിയവയ്‌ക്കുമുണ്ട്‌ മലയാളത്തിൽ പരിഭാഷ. അതുപോലെ കവിത, നാടകം, നോവൽ എന്നീ ശാഖകളിൽ വിശ്വപ്രസിദ്ധങ്ങളായ മിക്ക കൃതികളും മലയാളത്തിലേക്കു പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘വ്യാസഭാരത’വും ‘ബൈബിളും’ ‘ഭഗവദ്‌ഗീത’യും ചാണക്യന്റെ ‘അർത്ഥശാസ്‌ത്ര’വും ഡോസ്‌റ്റോയേവ്‌സ്‌കിയുടെ ‘കറമസോവ്‌ സഹോദരൻമാരും’ പരിഭാഷയിലൂടെ ഉൾക്കൊളളാൻ കഴിയുന്ന ഒരു ഭാഷ ആശയപ്രകാശനക്കഴിവിൽ ഒന്നാംകിട ഒരു ഭാഷയായിരിക്കേണ്ടതാണ്‌. ആ ഭാഷയുടെ തനതായ സാഹിത്യസമ്പത്ത്‌ ഈ സഞ്ചിതമഹാനിധികളുടെ സ്വാധീനതയിൽ മഹത്തരമായി വളർന്നിരിക്കേണ്ടതുമാണ്‌. എന്നാൽ നമുക്കറിയാം നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചിടത്തോളം സത്യത്തിന്റെ ഇരിപ്പ്‌ ഇങ്ങനെ ഒരു സ്വർണ്ണസിംഹാസനത്തിന്മേലൊന്നുമല്ലെന്ന്‌. നൂതനമായ ചിന്തകളെയോ ആശയങ്ങളെയോ ആവിഷ്‌കരിക്കാൻ ഇടത്തരം കഴിവുമായി ശ്രമിക്കുന്ന മലയാളിയുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുളളികളെ നോക്കി മലയാളത്തിൽ നൂറുകണക്കിനുളള അന്യഭാഷകളിലെ മഹൽകൃതികളുടെ പരിഭാഷകൾ പൊട്ടിച്ചിരിക്കുമെന്നു തോന്നുന്നു.

(കടപ്പാട്‌ ഃ കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ)




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.