പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വായനയുടെ രസതന്ത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ടി. വാസുദേവൻനായർ

ലേഖനം

എന്റെ കാലഘട്ടത്തിൽ വായനയുടെ ഏറ്റവും വലിയ രസതന്ത്രവിദ്യ ഞാൻ കാണുന്നത്‌ ചങ്ങമ്പുഴയുടെ രമണൻ പ്രസിദ്ധീകരിച്ച കാലത്ത്‌ - ഞാൻ അന്ന്‌ കുട്ടിയാണ്‌-എവിടെയോ ഒരു ഗ്രാമത്തിൽ ഒരു കൈയെഴുത്തുപ്രതിയുണ്ട്‌ എന്ന്‌ കേട്ടിട്ട്‌ അത്‌ വാങ്ങാൻ വേണ്ടി വീട്ടുകാർ എന്നെ നിർബന്ധിച്ചയച്ചു. ആ കൈയെഴുത്തുപ്രതി ഒരു രാത്രിയെ വയ്‌ക്കാൻ പാടുളളൂ എന്ന നിബന്ധനയോടെ ഞാൻ വാങ്ങിക്കൊണ്ടുവരുന്നു. അത്‌ വീട്ടിലെ ആളുകളിരുന്ന്‌ പകർത്തി ഉണ്ടാക്കുന്നു. അപ്പോൾ കുട്ടിയായ എനിക്ക്‌ അത്ഭുതം തോന്നി. ഒരു പുസ്‌തകം വായിക്കാൻവേണ്ടി ഇത്ര അധികം ഉത്‌കണ്‌ഠയോ! ആ കാലത്ത്‌ രമണൻ കൂടുതലായി വിറ്റിരുന്നത്‌ ആസ്സാമിൽ ആണ്‌. പക്ഷേ, വായിക്കാനറിയാത്തവർ വായിക്കാനക്ഷരം അറിയുന്നവർ വായിച്ച്‌ കേൾക്കുകയും കുറെ കഴിയുമ്പോൾ ഈ പുസ്‌തകം സ്വന്തമാകണം, സ്വന്തമായി പുസ്‌തകം വേണമെന്നു തോന്നുകയും ചെയ്‌തതുകൊണ്ടാണ്‌ പുതിയ പതിപ്പുകൾ വിറ്റഴിഞ്ഞിരുന്നത്‌.

വായനയുടെ രസതന്ത്രത്തിൽ പ്രവർത്തിക്കുന്നത്‌ കഥയിലെ അല്ലെങ്കിൽ നോവലിലെ മെറ്റീരിയൽ, വസ്‌തു എന്താണ്‌? അതെങ്ങനെ അവതരിപ്പിക്കുന്നു? പ്രമേയത്തിനു പറ്റിയ ശൈലിയാണോ ഞാൻ സ്വീകരിച്ചിരിക്കുന്നത്‌? എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എന്നും അവർക്ക്‌ അനുഭവിക്കേണ്ടി വരുന്നത്‌ ഈ സംഘർഷമാണ്‌. ഏതു രീതിയിൽ എഴുതണം? എല്ലാവർക്കും അവരുടേതായ പ്രമേയമുണ്ട്‌. അതിന്‌ ഏറ്റവും അനുയോജ്യമായ ഒരു ശൈലി കണ്ടെത്തുക.

ഒരു പ്രമേയവും അതിന്‌ അനുയോജ്യമായ ഒരു രൂപഘടനയും ഒത്തുചേരുമ്പോഴാണ്‌ വാസ്‌തവത്തിൽ വായനയുടെ രസതന്ത്രം നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നത്‌. നരേറ്റീവ്‌ തിരിച്ചുവരണം എന്നു പറയുന്നത്‌ വായനയുടെ ഈ രസതന്ത്രം നിലനിർത്താൻ വേണ്ടിയാണ്‌. ഏത്‌ നൂലാമാലകളിലൂടെയും പുറത്തു കടക്കാനുളള ഒരു ത്രെഡ്‌-വായനക്കാരനും അല്ലെങ്കിൽ ആസ്വാദകനും, നോവലിസ്‌റ്റോ കഥാകാരനോ തമ്മിൽ ഈ നൂൽബന്ധം ഉണ്ട്‌. ഇത്‌ നിലനിർത്താൻ കഴിയാത്തിടത്തോളം കാലം നമുക്ക്‌ വായനയുടെ രസതന്ത്രവും നിലനിർത്താൻ പറ്റുകയില്ല. വൈദഗ്‌ദ്ധ്യത്തിന്റേതായ ചില മുദ്രകൾ-നമുക്ക്‌ ആദ്യം രസം തോന്നും. അത്‌ ആവർത്തിക്കുമ്പോൾ വായനക്കാരനിൽ അപ്രീതിയുണ്ടാക്കുന്നു.

ഒരു കവിത&നോവൽ&കഥ വായിക്കുമ്പോൾ അതിന്റെ അവസാനത്തെ വരിയിൽ അത്‌ നില്‌ക്കുന്നില്ല. വായിച്ചു കഴിയുമ്പോൾ വായനക്കാരൻ&വായനക്കാരി തന്റേതായ ഒരംശവും അതിനോട്‌ ചേർത്തുവച്ചുകൊണ്ട്‌ തന്റെ മനസ്സിൽ പുതിയൊരു കവിത&നോവൽ&കഥ ഉണ്ടാക്കുന്നു. ആ തരത്തിലുളള രസതന്ത്രമാണ്‌ വായനയിൽ നടക്കുന്നത്‌. അങ്ങനത്തെ ഒരു രസതന്ത്രം നടക്കുന്നിടത്തോളം കാലം നമ്മൾ ഈ പുസ്‌തകങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല.

എം.ടി. വാസുദേവൻനായർ

1933 ജൂലൈ 15-ന്‌ പൊന്നാനിക്കടുത്ത്‌ കൂടല്ലൂരിൽ ജനിച്ചു. അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. 1956 മുതൽ 68 വരെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ സഹപത്രാധിപർ; പിന്നെ പ്രധാന പത്രാധിപർ. 1981-ൽ വിരമിച്ചു. വീണ്ടും 1988 മുതൽ മാതൃഭൂമി പീരിയോഡിക്കൽസ്‌ എഡിറ്റർ. സാഹിത്യ അക്കാദമി അവാർഡ്‌ (1970), കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1959), വയലാർ അവാർഡ്‌ (1985), ഓടക്കുഴൽ അവാർഡ്‌ (1993), മുട്ടത്തു വർക്കി അവാർഡ്‌ (1994) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ. നിർമാല്യം (1974-ലെ ദേശീയ അവാർഡ്‌), ബന്ധനം, വാരിക്കുഴി, മഞ്ഞ്‌, കടവ്‌ എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി. ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാർഡുകൾ പല തവണ ലഭിച്ചിട്ടുണ്ട്‌. 1995 ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു.

വിലാസം

‘സിതാര’ കൊട്ടാരം റോഡ്‌ കോഴിക്കോട്‌ - 673 006.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.