പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ശരീരമാദ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി.നാരായണൻ

‘ശരീരത്തിനുമേൽ വിജയം വരിക്കുക എന്നതാണ്‌ കളരിയുടെ ഉദ്ദേശം’

ഇന്നുളള ശരീരബോധത്തിൽ നിന്നും ഭിന്നമായ ഒരു ശരീരസങ്കല്പം കേരളത്തിൽ നിലനിന്നിരുന്നു എന്ന്‌ കരുതാൻ വേണ്ട ന്യായങ്ങൾ ഉണ്ട്‌. പുതിയ അറിവുകളും ബോധങ്ങളും വന്നുമൂടി കാണാതായിപ്പോയ ആ ശരീരസങ്കല്പത്തെ ഒരു ഉൽഖനനപ്രക്രിയയിലൂടെ എന്നവണ്ണം പുറത്തെടുക്കുവാനുളള ഒരു ഉദ്യമമാണ്‌ ഈ അന്വേഷണം. കേരളത്തിന്റെ നൃത്തകലകളേയും ദൃശ്യകലകളേയും മനസ്സിലാക്കാൻ ഈ ഉദ്യമം സഹായിച്ചേക്കും. ശരീരത്തിന്റെ ഒരു ചരിത്രം രചിക്കുക എന്നും ഈ ഉദ്യമത്തെ വിശേഷിപ്പിക്കാം. ഇതിനു മുതിരുമ്പോൾ പഴയകാലത്തിന്റെ അവശേഷങ്ങൾ ആയ മൂന്നു ശരീരവ്യവഹാരങ്ങളെ നാം സന്ധിക്കുന്നു. ഇവയിൽ ആദ്യത്തേത്‌ കളരിയും, രണ്ടാമത്തെത്‌ കഥകളിയും, മൂന്നാമത്തെത്‌ കേരളത്തിലെ പ്രത്യേകമായ ചികിത്സാരീതിയുമാണ്‌. കളരി, കഥകളി, ചികിത്സ എന്നിങ്ങനെ പ്രത്യക്ഷ്യത്തിൽ അകന്നതെങ്കിലും ആഴത്തിൽ പരസ്പരം അടുത്ത ഈ മൂന്നു ശരീരവ്യവഹാരങ്ങളെ പരിശോധിച്ചുകൊണ്ട്‌, കേരളത്തിൽ നിലനിന്നിരുന്ന ബ്രാഹ്‌മണേതരവും ഭൗതികവുമായ ഒരു ശരീരബോധത്തെ പുനർനിർമ്മിക്കാനാണ്‌ ഇവിടെ യത്നിക്കുന്നത്‌.

കേരളത്തിലെ ചിരസമ്മതമായ ആയോധനരീതിയാണ്‌ കളരി. പ്രതിരോധത്തിനും ഉപരോധത്തിനും വേണ്ടി ശരീരത്തെ ഒരുക്കിനിർത്തുന്ന ഒരു പരിശീലനരീതിയാണ്‌ അത്‌. കളരിയിൽ ഉപയോഗിക്കുന്ന ശരീരചലനങ്ങളിൽ ചിലതിനെ കാഴ്‌ചക്കാരനു കണ്ടുനിൽക്കാൻ വേണ്ടി ഒരു സൗന്ദര്യവസ്‌തുവായി അവതരിപ്പിക്കുമ്പോൾ അത്‌ ഒരു നൃത്തത്തിന്റെ കൊറിയൊഗ്രാഫിക്കു ജൻമം നൽകുന്നു. കഥകളിക്കളരിയിലും ശരീരത്തെ ഈ വിധം ഉപയോഗിക്കുമ്പോൾ അതിനു ഒടിവു പറ്റാം, ചതവുപറ്റാം. ഒടിവിനേയും ചതവിനേയും ഉഴിഞ്ഞും തടവിയും നേരെയാക്കി, ശരീരത്തെ കേടുതീർത്തുനിർത്തുന്ന പരിരക്ഷാരീതിയാണ്‌ കളരിചികിത്സ. ഈ മൂന്നു ശരീരവ്യവഹാരങ്ങളെ കുറച്ചുകൂടി അടുത്തുനിന്ന്‌ പരിശോധിച്ചാലേ, അവയുടെ പിന്നിലുളള ബോധങ്ങളെ നമുക്ക്‌ മനസ്സിലാക്കാനാവൂ.

നമുക്ക്‌ കളരിയിൽ നിന്നുതന്നെതുടങ്ങാം. കളരിയുടെ ഉൽഭവം, വികാസം, ഉദ്ദേശം, ചരിത്രം എന്നിവയെക്കുറിച്ച്‌ സമഗ്രമായ പഠനങ്ങൾ അധികമല്ല. കളരി ഒരായോധനരീതിയാണ്‌ എന്നു പൊതുവിൽ പറയും. ഒരു യുദ്ധപരിശീലനമോ സൈനികപരിശീലനമോ ആയും ചിലർ കളരിയെ വീക്ഷിക്കുന്നുണ്ട്‌. പക്ഷെ ഒരു സൈനികവ്യൂഹം മറ്റൊരു സൈനികവ്യൂഹത്തിനോട്‌ ഏറ്റുമുട്ടുമ്പോൾ അനുവർത്തിക്കേണ്ട ടാക്‌റ്റിസ്‌, വ്യൂഹം ചമക്കൽ, യുദ്ധമുറകൾ എന്നിവയല്ല കളരിയിലെ പഠനവിഷയങ്ങൾ. കളരിയിലെ യുദ്ധസങ്കൽപ്പത്തിൽ ശത്രുവിന്റെ ഒരു സൈന്യമേയില്ല. ഒരു സംഘമല്ല. ഒരാളാണ്‌ കളരിയിലെ ശത്രു, അഥവാ ‘മാറ്റാൻ’. ഒരാൾ മാറ്റാനോട്‌ മറ്റൊരാളോട്‌ ആണ്‌ ഏറ്റുമുട്ടുന്നത്‌. വ്യക്തി വ്യക്തിയോട്‌ ഏറ്റുമുട്ടുന്നതിലെ (ഇത്തരം ദ്വന്ദയുദ്ധങ്ങളെയാണ്‌ വടക്കൻപാട്ടുകളിൽ ‘പട’ എന്ന വലിയ വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുന്നത്‌) ആത്‌മരക്ഷയുടേയും ഉപരോധത്തിന്റേയും മാർഗങ്ങൾ ആണ്‌ കളരിയിലെ പാഠങ്ങൾ. ഒരൊറ്റ ആളുടെ രൂപത്തിൽ ഏതു ദിക്കിൽ നിന്നും ശത്രു ചാടിവീഴാം. പിന്നിൽനിന്നു വരുന്ന മാറ്റാനെപ്പോലും കാണാൻ കഴിയുമാറ്‌ മെയ്യു കണ്ണാക്കിയും ശരീരത്തെ ചലനക്ഷമമാക്കിയും അതിനെ വഴക്കിയെടുക്കുക എന്നതാണ്‌ കളരിയുടെ സന്ദേശം. ഇങ്ങനെ വഴങ്ങിയ ശരീരത്തിന്‌ യദൃച്ഛയാ വന്നുചേരുന്ന ഒരധികസൗകര്യം മാത്രമാണ്‌ ആയുധം. ആയുധത്തിനല്ല ശരീരത്തിനാണ്‌ കളരിയിൽ പ്രാധാന്യം എന്നർത്ഥം. ഒരു യുവാവ്‌ ചുരുങ്ങിയത്‌ ആറുകൊല്ലമെങ്കിലും പഠിച്ച്‌ ശരീരത്തെ വഴക്കിയെടുത്ത്‌ ‘ഒറ്റ’യും പയറ്റാൻ കഴിഞ്ഞാലേ അവന്‌ ആയുധം നൽകുകയുളളു. എളുപ്പത്തിൽ പടയാളികളുടെ ഒരു സൈന്യത്തെ രൂപീകരിക്കാൻ പറ്റിയ രീതിയല്ല ഇതെന്ന്‌ വ്യക്തമാണല്ലോ.

അങ്ങനെ നോക്കുമ്പോൾ കളരി പഠനത്തിന്റെ ഉദ്ദേശം ഒരു വലിയ പടയാളി സംഘത്തെ രൂപീകരിക്കുക എന്നല്ല മറിച്ച്‌, മറ്റെന്തോ ആണെന്ന്‌ വരുന്നു. എതിരാളിയിൽ നിന്ന്‌ തന്റെ ശരീരത്തെ രക്ഷിക്കാൻ കഴിയുംവിധത്തിൽ, ആ ശരീരത്തെ തികഞ്ഞ വഴക്കവും ചലനക്ഷമതയും വിനിയോഗശേഷിയും ഉളളതാക്കി മാറ്റുക എന്നതാണ്‌ ഉദ്ദേശം. വശത്തുനിന്നും വരുന്ന മാറ്റാനേയും അറിയാവുന്ന മട്ടിൽ ശരീരത്തെത്തന്നെ ഒരു ഉണർച്ചയും അറിവും ആക്കി നിർത്തലാണത്‌. ഋഷിമാർ എങ്ങനെ മനസ്സിനെ സ്വാധീനതലത്തിലാക്കുന്നുവോ അതുപോലെ ശരീരത്തിനെയും സ്വാധീനിക്കലാണ്‌ അത്‌ എന്നും പറയാം. ആരംഭത്തിൽ കളരിയുടെ ഉദ്ദേശം ഉപരോധമോ ആത്‌മരക്ഷയോ ഒക്കെ ആയിരുന്നിരിക്കാം. പിന്നീടത്‌ ശരീരത്തെ ജയിക്കുക എന്ന വേറൊരു ഉദ്ദേശത്തിനു ജന്‌മം നൽകിയെന്ന്‌ വേണം ഊഹിക്കാൻ. കലകളുടെയും ക്രിയകളുടെയും ചരിത്രം പരിശോധിച്ചാൽ തുടക്കത്തിൽ അവയ്‌ക്കുണ്ടായിരുന്ന ആനുഷംഗികമായ ഉദ്ദേശങ്ങൾ പിൽക്കാലത്ത്‌ സ്വയം ലക്ഷ്യമാകുന്ന നിരവധി ദൃഷ്‌ടാന്തങ്ങൾ ഇതുപോലെ കാണാം.

അപ്പോൾ വിനിയോഗക്ഷമവും തനിക്കധീനവും ആക്കിമാറ്റിക്കൊണ്ട്‌ ശരീരത്തിനുമേൽ വിജയംവരിക്കുക എന്നതാണ്‌ കളരിയുടെ ഉദ്ദേശം എന്ന്‌ ഉറപ്പിച്ച്‌ പറയാമോ? അങ്ങനെ തീർത്ത്‌ പറയുന്നത്‌ തീർച്ചയായും ഒരത്യുക്തിയായിരിക്കും. എന്നിരുന്നാലും അത്തരത്തിലുളള ഒരു ‘ശരീരവിദ്യാഭ്യാസപദ്ധതി’യുടെ സ്വഭാവങ്ങൾ കളരിയിലെ പഠനരീതിയിലുണ്ട്‌ എന്ന്‌ വിശ്വസിക്കാനാണ്‌ തെളിവുകൾ വഴികാട്ടുന്നത്‌. വടക്കെ മലബാറിൽ ഇന്നും അഞ്ചോ ആറോ വയസ്സുളള കുട്ടികൾ തലയിൽ ഒരു കുടന്ന എണ്ണയും പൊത്തിക്കൊണ്ട്‌ കളരിയിൽ പോകുന്നത്‌ സാധാരണഗതിയിൽ എല്ലാവരും പളളികൂടത്തിൽ പോകുന്ന അതേരീതിയിലാണ്‌. ചിലർ ഇത്രയും എത്തുന്നതിന്‌ മുമ്പ്‌ കൊഴിഞ്ഞുപോയെന്നുവരും. ഭാവിയിൽ എന്നോ വരാനിരിക്കുന്ന ഒരു യുദ്ധത്തിലേക്കുളള കൂലിപ്പടയാളിയെ നിർമ്മിക്കുവാനല്ല അവനെ ഇങ്ങനെ രക്ഷിതാക്കൾ കളരിയിലേക്കയക്കുന്നത്‌. കളരിയിൽ കലാപവാസന, യുദ്ധപ്രിയത്വം, ഹിംസാതൃഷ്‌ണ തുടങ്ങിയ മനോഭാവങ്ങൾ പോഷിപ്പിക്കപ്പെടുന്നതേയില്ല എന്നതാണ്‌ സത്യം. തല്ലും പിടിയും ലഹളയും നടത്തുന്നവനെ കളരിയിൽ കയറ്റുകയില്ല എന്നതാണ്‌ ചട്ടം എന്ന്‌ ഏഴുവർഷം കളരി അഭ്യസിച്ച വി.അശോകൻ എന്ന സുഹൃത്ത്‌ പറയുന്നു. മര്യാദ, വിനയം, അച്ചടക്കം തുടങ്ങിയ മൂല്യങ്ങളെയാണ്‌ കളരി ഊന്നി പറയുന്നത്‌.

ഇതെല്ലാം സൂചിപ്പിക്കുന്നത്‌ സാമൂഹ്യമായ പെരുമാറ്റങ്ങൾക്ക്‌ ചില ചട്ടങ്ങൾ ഉണ്ടാക്കുന്നതും സ്വന്തം ശരീരം എന്ന മാധ്യമത്തെ മെരുക്കുകയും ജയിക്കുകയും ചെയ്യാനുളള മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്നതുമായ ഒരു വിദ്യാഭ്യാസപദ്ധതി കൂടിയാണ്‌ കളരിപഠനം എന്നത്രേ. ‘ഗുരു’, ‘പാഠം’ തുടങ്ങിയ സങ്കല്പങ്ങളും കളരിയിൽ ഒരു വിദ്യ അഭ്യസിക്കുന്നതിന്റെ മാതൃക അടങ്ങിയിട്ടുണ്ട്‌ എന്ന്‌ സൂചിപ്പിക്കുന്നു. ആരാണ്‌ കേരളത്തിൽ കളരി അഭ്യസിച്ച്‌ പോന്നത്‌? തീയർ, നായർ തുടങ്ങിയ രണ്ട്‌ ജാതികളാണ്‌ പരമ്പരാഗതമായി അതു ശീലിച്ച്‌ പോന്നത്‌. ബ്രാഹ്‌മണരും ഒരു കാലത്ത്‌ കളരി പഠനം നടത്തിയിരുന്നു എന്ന്‌ ചിലർ പറയുന്നുണ്ട്‌. പിൽക്കാലത്ത്‌ അവർ അത്‌ ഉപേക്ഷിച്ചു. മാത്രമല്ല ‘ആയുധമെടുക്കുന്ന’ഛാത്രനമ്പൂതിരിമാർ അനുഷ്‌ഠാനസ്ഥാനശ്രേണിയിൽ (റിച്ച്വൽ ഹയറാർക്കി), പദവി കുറഞ്ഞ നമ്പൂതിരിമാരായും തീർന്നു. പൊതുവിൽ അബ്രാഹ്‌മണരുടെ പഠനരീതിയായിരുന്ന കളരി എന്നർത്ഥം. ബ്രാഹ്‌മണർ മനസ്സിനേയും അക്ഷരത്തേയും ശബ്‌ദത്തേയും മുഖത്തേയും ഉപാധിയാക്കി വേദവും ശാസ്‌ത്രവും പഠിച്ചപ്പോൾ ഈ അബ്രാഹ്‌മണർ ശരീരത്തെത്തന്നെ ഒരു ഉപാധിയും ജ്‌ഞ്ഞാനവിഷയവും ആക്കിക്കൊണ്ട്‌ അതിനെത്തന്നെ പഠിക്കാൻ തുടങ്ങി. അങ്ങനെ അബ്രാഹ്‌മണരുടെ ശരീരപഠനപദ്ധതിയായിത്തീർന്നു കളരി.

കളരിയിലെ ശരീരചലനങ്ങൾ ഒരു കാഴ്‌ചക്കാരന്‌ മുമ്പിൽ അവതരിപ്പിക്കുമ്പോൾ, ആസ്വാദ്യം&അനാസ്വാദ്യം എന്ന ഒരു തരംതിരിവിന്‌ അവ വിധേയമാകുന്നു. ഇതിൽ ആസ്വാദ്യമായതിനെ തിരഞ്ഞെടുത്ത്‌ നൃത്തചലനങ്ങളുടെ ഒരു പരമ്പര സൃഷ്‌ടിക്കുന്നു. കഥകളിയുടെ ഒരു ഭാഗം ജനിക്കുന്നത്‌ അങ്ങനെയാണ്‌. കളരിയിലെ പദാവലികൾ കഥകളിക്കളരിയിലും കാണാം. മെയ്യുറപ്പടവുകൾ, ചുഴിപ്പുകൾ, ചാടിക്കെട്ടൽ എന്നിങ്ങനെയുളള ചലനങ്ങൾ കളരിയിൽ ആത്‌മരക്ഷ&ഉപരോധം എന്നീ ആവശ്യത്തിനും കഥകളിയിൽ ആസ്വാദനത്തിനായുളള പ്രകടനം എന്ന ആവശ്യത്തിനും ഉളളതാണ്‌. കളരി അഭ്യസിച്ചുപോന്ന നായൻമാരാണ്‌ കഥകളിയും രൂപീകരിച്ചത്‌. ‘നാട്യശാസ്‌ത്ര’ത്തിൽ വിലക്കപ്പെട്ട യുദ്ധരംഗം, വധരംഗം, നിണമണിയൽ തുടങ്ങിയവ കഥകളിയിലേക്ക്‌ സംക്രമിച്ചതിന്റെ കാരണം ഈ സാഹചര്യമായിരിക്കണം. കളരിയിൽ എന്ന പോലെ കഥകളിയിലും പുരുഷശരീരത്തെ ദീർഘകാലം ഉഴിഞ്ഞാണ്‌ അവനെ ‘അഭ്യസ്‌തവിദ്യ’നായ കഥകളിക്കാരനാക്കുന്നത്‌. കളരിയിൽ ഉപയോഗിക്കുന്ന ശരീരം, കാണിയുടെ “നോട്ട”ത്തിന്റെ കൺവെട്ടത്തിൽ, ആ കാണിയുടെ ആസ്വാദനത്തിന്‌ വേണ്ടി അവതരിപ്പിച്ചാൽ അത്‌ കഥകളിയുടെ ആദ്യഭാഗമായി എന്ന്‌ പറയാം.

ഇങ്ങനെ കളരിയിൽ പരിശീലിപ്പിക്കപ്പെടുകയും കഥകളിയിൽ പ്രദർശനവിഷയമാവുകയും ചെയ്യുന്ന ശരീരത്തിന്‌ ഈ പ്രക്രിയയിൽ പല വിധ ഒടിവുകളും ചതവുകളും പറ്റാം. അതുനീക്കി ശരീരത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു പരിരക്ഷാരീതിയാണ്‌ കളരിചികിത്സ. ചികിത്സ എന്ന വാക്ക്‌ ഏതെങ്കിലും ‘രോഗ’ത്തെ ശമിപ്പിക്കുക എന്ന അർത്ഥത്തിലാണ്‌ ഇന്ന്‌ നമ്മൾ ഉപയോഗിക്കുന്നത്‌. “രാഗാദിരോഗങ്ങളെ ശമിപ്പിക്കുക” എന്നാണ്‌ ‘അഷ്‌ടാംഗഹൃദയം’ ആരംഭിക്കുന്നതുതന്നെയും. എന്നാൽ കളരിചികിത്സയിൽ ഈ അർത്ഥത്തിലുളള ഒരു രോഗമേ ഇല്ല. അങ്ങനെയൊരു രോഗചികിത്സയും ഇല്ല. ഉളളത്‌ ചില കേടുപാടുകളേയുളളു. അവ ‘റിപ്പയർ’ ചെയ്‌താൽ മാത്രം മതിയാവും. ശരീരത്തെക്കുറിച്ചുളള ഉയർന്ന ശാസ്‌ത്രജ്‌ഞ്ഞാനത്തിന്റെ ഫലമായ ത്രിദോഷസിദ്ധാന്തങ്ങളോ, അകത്തേക്ക്‌ കുടിക്കാനുളള ഔഷധങ്ങളോ ഒന്നുംതന്നെ കളരി ചികിത്സയിൽ ആവശ്യമില്ല. അത്‌, പൊട്ടിയ ഒരു ചെണ്ടയുടെ വാറ്‌ നേരെയാക്കും പോലെയുളള ഒരു റിപ്പയറിങ്ങാണ്‌. ഒരു സിദ്ധാന്തത്തിന്റേയും അവലംബം അതിന്‌ വേണ്ട. ചെണ്ട നന്നാക്കാൻ പെരുംകൊല്ലന്‌ ആവശ്യമായ തത്വജ്‌ഞ്ഞാനമേ (മെറ്റഫിസിക്‌സ്‌) കളരിചികിത്സയിലെ പ്രായോഗിക ബുദ്ധിക്കും വേണ്ടൂ.

അങ്ങനെ പുരുഷശരീരത്തെ സമ്പൂർണ്ണമായും വറുതിക്ക്‌ നിർത്തുന്ന കളരി എന്ന വിദ്യാഭ്യാസപദ്ധതി, ആ ശരീരത്തെ ഒരു നൃത്തത്തിന്റെ ചലനസ്രോതസ്സാക്കുന്ന കഥകളി എന്ന കലാപ്രകടപദ്ധതി, കളരിയിലും കഥകളിയിലും ഉപയോഗിക്കുന്ന ശരീരത്തെ കുറ്റവും കോട്ടവും തീർത്ത്‌ സജ്ജമാക്കി നിർത്തുന്ന ചികിത്സാപദ്ധതി. ഇങ്ങനെ മൂന്നു പദ്ധതികൾ അടങ്ങിയ ഒരു സമഗ്രശരീരവ്യവഹാരമാണ്‌ കേരളത്തിൽ നിലനിന്ന്‌ പോന്നത്‌ എന്ന്‌ കാണാം. തീർത്തും ഭൗതികമായ, ബ്രാഹ്‌മണ മെറ്റഫിസിക്‌സിൽ നിന്നും വിമുക്തമായ ഒരു ഭൗതികവീക്ഷണമാണ്‌ ഈ വ്യവഹാരങ്ങളിൽ പുരുഷശരീരത്തെക്കുറിച്ച്‌ ഉളളത്‌. ശ്രുതിചേർത്ത വാദ്യംപോലെ ശരീരത്തെ കാണുകയും ഉപയോഗിക്കുകയും ചെയ്യലാണ്‌ ഈ ശരീരബോധത്തിന്റെ ആണിക്കല്ലെന്ന്‌ പറയാം. ഈ ഭൗതികശരീരബോധത്തിന്റെ വളർച്ചയും വികാസവും നിരാസവുമാണ്‌ പിൽക്കാലത്ത്‌ സംഭവിച്ചത്‌ എന്ന്‌ പിന്നീടുളള കലാചരിത്രം സൂചിപ്പിക്കുന്നുണ്ട്‌. വിശദമായ ചർച്ചയ്‌ക്ക്‌ അത്‌ ഇടം നൽകും എന്നതിനാൽ മറ്റൊരവസരത്തിലേക്ക്‌ അത്‌ നീട്ടിവെക്കുന്നു.

കെ.സി.നാരായണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.