പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചിത്രശാസ്‌ത്രഗ്രന്ഥങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.വി.മാധവവാര്യർ

ലേഖനം

സ്‌ഥാവരങ്ങളോ ജംഗമങ്ങളോ ആയിട്ടുളള മൂന്നുലോകത്തിലുമുളള വസ്‌തുക്കളുടെ രൂപവും ഭാവവും വേണ്ടവിധം ചേർന്ന നിർമ്മാണത്തെ ചിത്രമെന്നു പറയുന്നു. കേവലം രൂപഭദ്രതയോ ഭാവഭദ്രതയോ മാത്രമായാൽ പോര. കണ്ണാടിയിൽ പ്രതിഫലിച്ചുകാണും പോലെ രൂപവും ഭാവവും തനിപ്പകർപ്പാവണമെന്നർത്ഥം. പ്രതിരൂപമില്ലെങ്കിലും രസഭാവാഭിവ്യഞ്ജകമായാൽ ആ വിന്യാസരീതിയും ചിത്രങ്ങൾതന്നെ. നിറങ്ങളുടെ ഭാവവ്യഞ്ജകത്വവും രേഖകളുടെ ഭാവാവിഷ്‌കാരചാതുരിയുമാണ്‌ അവയെ ആസ്വാദ്യങ്ങളാക്കുന്നത്‌.

ഭാവവർണ്ണരസാദികളെക്കുറിച്ചുളള ഉത്തമബോധം അവയുടെ ആവിഷ്‌കാരത്തിൽ അത്യധികം ആവശ്യമാണ്‌. സർവ്വാംഗദൃശ്യകരണം എന്നാൽ എല്ലാ അംഗങ്ങളും കാണത്തക്കവിധം ഉണ്ടാക്കൽ എന്നർത്ഥം. അതായത്‌ പ്രതിമ. ഇതിനെ പൂർണ്ണചിത്രം എന്നു പറയുന്നു. തൂൺ, ചുമർ മുതലായവയിൽ പതിഞ്ഞിരിക്കത്തക്കവിധം കുറേഭാഗം മാത്രം കാണുന്ന ചിത്രത്തെ അർദ്ധചിത്രം എന്നു പറയുന്നു. ഇവ രണ്ടും നീളം, വീതി, കനം എന്നിവയുളളതാണ്‌. എന്നാൽ ദ്വിമാനമായി നിർമ്മിക്കുന്ന ചിത്രങ്ങളും ഉണ്ട്‌. ഇവയെ ചിത്രാഭാസങ്ങൾ അഥവാ ആലേഖ്യങ്ങൾ എന്നു പറയുന്നു (ചിത്രാഭാസം എന്നാൽ ചിത്രംപോലെ തിളങ്ങുന്നത്‌). ദ്വിമാനതലത്തിലാണെങ്കിലും ത്രിമാനതല നിർമ്മിതിപോലെ ശോഭിക്കുന്നത്‌ എന്നർത്ഥം. ആലേഖ്യവിഭാഗത്തിൽ കളംവര (ധൂളീചിത്രം), പുസ്തം (തോൽപ്പാവക്കൂത്തിലും മറ്റും ഉപയോഗിക്കുന്ന ചർമ്മനിർമ്മിത ചിത്രം), സ്യൂതം (തുന്നൽപണി), കഥാചിത്രങ്ങൾ (ഓലയിൽ വരയുന്ന പുരാണകഥാരൂപങ്ങൾ) എന്നിവയുൾപ്പെടുന്നു.

കലകൾക്കെല്ലാം ജീവൻ കൊടുക്കുന്നത്‌ രസഭാവങ്ങളാണ്‌. അവയെ സംബന്ധിച്ച്‌, ഭരതമുനിയുടെ നാട്യശാസ്‌ത്രം, മമ്മടഭട്ടന്റെ കാവ്യപ്രകാശം, ആനന്ദവർദ്ധനന്റെ ധ്വന്യാലോകം, ജഗന്നാഥപണ്‌ഡിതരുടെ രസഗംഗാധരം മുതലായ ഗ്രന്ഥങ്ങളിൽ സവിസ്തരം വിവരിച്ചിട്ടുണ്ട്‌. സാഹിത്യം, നാട്യം, നൃത്തം, സംഗീതം, വാദ്യം മുതലായ കലകളുടെ മർമ്മവും മാർഗ്ഗവും അറിഞ്ഞ്‌ രേഖകളിലൂടെയും വർണ്ണങ്ങളിലൂടെയും ചിത്രകലയെ ജീവസ്സുറ്റതാക്കാൻ സഹായകമായ നിർദ്ദേശങ്ങൾ ഉൾക്കൊളളുന്ന ഏതാനും ഗ്രന്ഥങ്ങളുണ്ട്‌. ചിത്രകലയെ മാത്രം സമ്പൂർണ്ണമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം ഉണ്ടോ എന്നറിയില്ല. ആനുഷംഗികമായി ചിത്രശാസ്‌ത്രത്തെ പ്രതിപാദിക്കുന്ന വളരെ ഗ്രന്ഥങ്ങളുണ്ട്‌. വിഷ്‌ണുധർമ്മോത്തരപുരാണം, ശില്പരത്നം, അഭിലഷിതാർത്ഥചിന്താമണി, ബൃഹത്‌സംഹിത, തന്ത്ര സമുച്ചയം, നാട്യശാസ്‌ത്രം, കാശ്യപീയം, സമ്പൂർണ്ണചിത്രലക്ഷണം, ഉത്തമനവതാലാലങ്കാരസൂത്രം, വിദ്ധസാലഭഞ്ഞ്‌ജിക, മാനസോല്ലാസം എന്നിവ ചിത്രകലാജ്ഞാനത്തിന്‌ സഹായകങ്ങളാണ്‌. ഇവയിൽ സമ്പൂർണ്ണ ചിത്രലക്ഷണം മുതലായ നാലുഗ്രന്ഥങ്ങളെക്കുറിച്ച്‌ കേട്ടറിവേയുളളൂ. മറ്റുളളവയിൽ വിഷ്‌ണുധർമ്മോത്തരപുരാണം, ശില്പരത്നം, അഭിലഷിതാർത്ഥ ചിന്താമണി എന്നീ ഗ്രന്ഥങ്ങളാണ്‌ പ്രധാനം.

വിഷ്‌ണുധർമ്മോത്തരപുരാണത്തിലെ തൃതീയകാണ്‌ഡത്തിൽ 35 മുതൽ 43 വരെ അദ്ധ്യായങ്ങളാണ്‌ ചിത്രത്തെ പ്രധാനമായി വിവരിക്കുന്നത്‌. പ്രതിമാനിർമ്മാണത്തെക്കുറിച്ച്‌ ഉപദേശം ആരാഞ്ഞ വജ്രൻ എന്ന യദുവംശരാജാവിന്‌ മാർക്കണ്‌ഡേയമുനി കൊടുക്കുന്ന വിവരണങ്ങളാണ്‌ തൃതീയകാണ്‌ഡം മുഴുവൻ. ഇതിൽ പ്രതിമാനിർമ്മാണത്തോടനുബന്ധമായി സാഹിത്യം, സംഗീതം, ആതോദ്യം, നൃത്തം എന്നിവയെക്കുറിച്ച്‌ വിശദമായ വിവരണാനന്തരമാണ്‌ ചിത്രരചനാമാർഗ്ഗം വിവരിക്കുന്നത്‌. കരണങ്ങൾ, മുദ്രകൾ, രസഭാവങ്ങൾ, രസാഭിവ്യഞ്ഞ്‌ജകവർണ്ണങ്ങൾ മുതലായി വിവിധ വിഷയങ്ങൾ സവിസ്തരം പ്രതിപാദിച്ചുകഴിഞ്ഞ്‌ 35-​‍ാം അദ്ധ്യായത്തിൽ ചിത്രരചനയുടെ ഉപജ്ഞാതാവായ നാരായണമുനിയെ അനുസ്മരിപ്പിച്ചുകൊണ്ട്‌ ചിത്രരചനാ വിവരണം ആരംഭിക്കുന്നു. (യജുർവേദത്തിന്റെ ഉപവേദമായ ഭരദ്വാജഗ്രന്ഥത്തിൽ വിമാനചന്ദ്രിക എന്ന ഗ്രന്ഥത്തിന്റെ രചയിതാവായി പരാമർശിക്കുന്ന നാരായണമുനി). ആയാമോച്ഛ്രായമാനം എന്ന 35-​‍ാം അദ്ധ്യായത്തിൽ ഹംസാദിപുരുഷപ്രമാണം വിവരിക്കുന്നു. 36-​‍ാം അദ്ധ്യായത്തിൽ പ്രമാണവർണ്ണനം തുടരുന്നു. അംഗപ്രത്യംഗമാനം ഉൾപ്പെടെ സാമാന്യമാന വർണ്ണനം എന്ന 37-​‍ാം അദ്ധ്യായത്തിൽ, തലമുടി, കണ്ണ്‌, രേഖയുടെ പ്രാധാന്യം എന്നിവയും പ്രതിമാലക്ഷണവർണനം എന്ന 38-​‍ാം അദ്ധ്യായത്തിൽ വേഷഭൂഷാദികൾ പ്രമാണാനുസാരിത എന്നിവയും ക്ഷയവൃദ്ധി എന്നുപേരായ്‌ 39-​‍ാം അദ്ധ്യായത്തിൽ നവസ്ഥാനങ്ങൾ പതിമൂന്ന്‌ ക്ഷയവൃദ്ധികൾ എന്നിവയും രംഗവ്യതികരം എന്ന 40-​‍ാം അദ്ധ്യായത്തിൽ കുഡ്യ (ഭിത്തി) നിർമ്മാണം, ചിത്രരചനാരംഭകർമ്മങ്ങൾ, വർണ്ണങ്ങൾ മിശ്രവർണ്ണങ്ങൾ, രസസുവർണാദിലേപനവിധി എന്നിവയും വർത്തന എന്ന 41-​‍ാം അദ്ധ്യായത്തിൽ സത്യം, വൈണികം, നാഗരം എന്ന ചിത്രഭേദങ്ങൾ, ചിത്രദോഷങ്ങൾ എന്നിവയും രൂപനിർമ്മാണം എന്ന 42-​‍ാം അദ്ധ്യായത്തിൽ ദേവൻമാർ, മനുഷ്യർ ദേവഗണങ്ങൾ, അസുരൻമാർ, ദേശകാലാനുസാരിവേഷഭൂഷാദികൾ, നദീദേവതകൾ, പരവ്വതാദികൾ, രണഭൂമികൾ, ഋതുഭേദങ്ങൾ എന്നിവയുടെ രൂപകഥനം മുതലായതും; ശൃംഗാരാദി ഭാവകഥനം എന്ന 43-​‍ാം അദ്ധ്യായത്തിൽ രസങ്ങളെക്കുറിച്ച്‌ ലഘുവിവരണം, ദേവാലയാദികളിൽ യോജിക്കുന്ന രസങ്ങൾ വരയാവുന്നവയും അരുതാത്തവയുമായ ചിത്രങ്ങൾ ചിത്രദോഷങ്ങൾ, ഗുണങ്ങൾ, പ്രതിമാനിർമാണതത്വം, പുസ്തവിധി, കാൻവാസ്‌ നിർമ്മിതി മുതലായവയും വിശദമായി പ്രതിപാദിക്കുന്നു. പർവ്വതങ്ങളിൽ സുമേരുപോലെയും പക്ഷികളിൽ ഗരുഡൻപോലെയും മനുഷ്യരിൽ രാജാവ്‌ പോലെയും കലകളിൽ ചിത്രകല ഏറ്റവും ശ്രേഷ്‌ഠമാണ്‌ എന്ന്‌ അനുസ്മരിപ്പിച്ചുകൊണ്ട്‌ ദേവതാ രൂപനിർമ്മാണം എന്ന പ്രതിമാനിർമ്മാണപ്രക്രിയോപദേശത്തിലേയ്‌ക്ക്‌ കടക്കുന്നു.

തൃശൂർജില്ലയിൽ കുന്നംകുളത്തിനടുത്ത്‌ ചിറമനങ്ങാട്‌ (സേതൂർധ്വകാനനം) പ്രദേശത്ത്‌ 16-​‍ാം നൂറ്റാണ്ടിൽ ജനിച്ചു എന്നു കരുതപ്പെടുന്ന ശ്രീകുമാരൻ രചിച്ച വാസ്‌തുശാസ്‌ത്രഗ്രന്ഥമാണ്‌ ശില്പരത്നം. അതിൽ പൂർവ്വഭാഗത്തിലെ 46-​‍ാമത്തെ അദ്ധ്യായം ചിത്രരചനയെക്കുറിച്ചുളളതാണ്‌. ചിത്രലക്ഷണം എന്നാണ്‌ ഈ അദ്ധ്യായത്തിന്റെ പേര്‌. ചിത്രനിർവ്വചനവും രൂപഭാവകരങ്ങളുടെ പ്രാധാന്യവും വിവരിച്ച്‌ ചിത്രങ്ങളുടെ വൈവിധ്യം, ആലേഖ്യസംയോജനം, വരയരുതാത്തചിത്രങ്ങൾ, ഭിത്തിസംസ്‌ക്കരണവിധി, ഫലകാദിസംസ്‌കരണം, ശുദ്ധമിശ്രവർണ്ണങ്ങൾ, കിട്ടലേഖിനി, തൂലികകൾ, നിറക്കൂട്ടുകൾ എന്നിവയുടെ നിർമ്മാണപ്രക്രിയ, ഋണ്വാദിനവസ്‌ഥാനങ്ങൾ, സൂത്രവിന്യസരീതി, രസലോഹാദിലേപനവിധി, വജ്രലേപനനിർമ്മാണരീതി, മിശ്രവർണ്ണങ്ങൾ, കളംവരകൾ (ധൂളിചിത്രങ്ങൾ)എന്നിവ വിശദമായി വിവരിച്ച്‌ രസഭാവാവിഷ്‌കാരവും രൂപഭദ്രതയും ആണ്‌ ചിത്രത്തെ ചിത്രം (ചിത്തിന്‌, മനസ്സിന്‌ ആനന്ദദായകം) ആക്കുന്നതെന്ന്‌ ഉപസംഹരിക്കുന്നു.

ചാലൂക്യവംശരാജാവായ സോമദേവൻ രചിച്ച ഒരു സംഹിതാഗ്രന്ഥമാണ്‌ അഭിലഷിതാർത്ഥചിന്താമണി. വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന പ്രസ്തുതഗ്രന്ഥത്തിലെ ഒന്നാം പ്രകരണത്തിലെ മൂന്നാം അദ്ധ്യായത്തിൽ 139-​‍ാം പദ്യം മുതൽ 945 വരെയുളള 807 പദ്യങ്ങൾ ചിത്രനിർമ്മാണത്തെപ്പറ്റിയുളളവയാണ്‌. ചായക്കൂട്ടുകൾ, തൂലികൾ, ഭിത്തിസംസ്‌കരണം, അംഗപ്രത്യംഗമാനം, സ്‌ഥാനഭേദങ്ങൾ, സ്‌ഥാനഭേദത്താൽ വരുന്ന ആയാമപരീണാഹവിത്യാസം, മൂർത്തികളുടെ സ്വരൂപകഥനം, കുതിരയുടെ അംഗപ്രത്യംഗമാനം, ആനയുടെ പ്രത്യംഗമാനം സൂത്രവിന്യസരീതി, മറ്റു ജീവജാലാദികളുടെ രൂപാവിഷ്‌കാരത്തിൽ ആശ്രയിക്കേണ്ട തത്വം, വിദ്ധം, അവിദ്ധം, ഭാവചിത്രം, ധൂളീചിത്രം എന്നിവയുടെ സ്വരൂപകഥനം എന്നിവ വളരെ വിശദമായി വിവരിക്കുന്നു. ധൂളീചിത്രത്തെക്കുറിച്ച്‌ മാനസോല്ലാസം എന്ന പുസ്തകത്തിലുണ്ട്‌.

ഉത്തമചിത്രരചനയ്‌ക്ക്‌ സാമുദ്രികലക്ഷണങ്ങളുടെ അറിവ്‌ അത്യാവശ്യമാണ്‌. ബൃഹദ്‌സംഹിതയിൽ പുരുഷ-സ്‌ത്രീ ലക്ഷണങ്ങൾ മൃഗാദികളുടെ ലക്ഷണങ്ങൾ എന്നിവയുടെ വിശദമായ വിവരണം ഉണ്ട്‌. വിവിധതരം പശകൾ, നിറം മങ്ങാതിരിക്കാനും മറ്റും തേയ്‌ക്കാവുന്ന ലേപനങ്ങൾ (വാർണീഷുകൾ) എന്നിവയെക്കുറിച്ചും പ്രതിപാദനം കാണുന്നു. താലമാനം ചിത്രത്തിൽ പ്രധാനമാണ്‌. ഈ വിഷയത്തിൽ തന്ത്രസമുച്ചയം സഹായകമാണ്‌. കടുശർക്കരായോഗം, അഷ്‌ടബന്ധം മുതലായവയെക്കുറിച്ചുളള ജ്ഞാനത്തിനും ഈ ഗ്രന്ഥം സഹായകമാണ്‌. നൃത്തവും ചിത്രവും ഒന്നാണെന്നാണ്‌ വിഷ്‌ണുധർമ്മോത്തരത്തിൽ പറയുന്നത്‌. ചിത്രവിവരണത്തിൽ കാണാത്തത്‌ നൃത്തഭാഗത്തിൽനിന്ന്‌ എടുക്കണമെന്നാണ്‌ ഉപദേശിക്കുന്നത്‌. അതുകൊണ്ട്‌ ഭരതമുനിയുടെ നാട്യശാസ്‌ത്രം ചിത്രകാരന്‌ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്‌. വർണ്ണങ്ങൾ, വർത്തനകൾ രസഭാവങ്ങൾ എന്നിവയെക്കുറിച്ച്‌ പൂർണ്ണജ്ഞാനത്തിന്‌ നാട്യശാസ്‌ത്രജ്ഞാനം അവശ്യം ആവശ്യമാണ്‌. ലോഹങ്ങൾകൊണ്ടുളള പ്രതിമ (അർച്ചനാബിംബങ്ങൾ) നിർമ്മാണത്തിന്‌ കാശ്യപീയത്തിലെ പ്രധാനവിഷയം. ഈ ഗ്രന്ഥവും ചിത്രകാരനു മാർഗ്ഗദർശകമാണ്‌. മേൽവിവരിച്ച ഗ്രന്ഥങ്ങളെല്ലാം സംസ്‌കൃതത്തിൽ എഴുതപ്പെട്ടവയാണ്‌. ഭരതമുനിയുടെ നാട്യശാസ്‌ത്രം ഒഴികെ ഒന്നിനും മലയാളത്തിൽ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടില്ല.

ടി.വി.മാധവവാര്യർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.