പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > എന്റെ ഗ്രാമം > കൃതി

പാവക്കൂത്ത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. പി. മാലങ്കോട്

നാം മലയാളികള്‍ക്ക് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് പരിചിതമാണല്ലോ. എന്നാല്‍ എന്റെ ദേശക്കാര്‍ക്ക് അതുമാത്രമല്ല തമിഴ് കവി കമ്പരുടെ കമ്പരാമായണവും ഏറെ പരിചിതമാണ്. എങ്ങനെയാണെന്നോ? പാവക്കൂത്ത് വഴി.

പാവക്കൂത്ത് അവതരിപ്പിക്കുന്നവരെ പുലവര്‍(കൂത്തുകവി) എന്ന് വിളിക്കുന്നു. ഇത് പാലക്കാട് ജില്ലയില്‍ കണ്ടുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലാരൂപമാണ്.

രണ്ടാഴ്ചകൊണ്ട് (രാത്രികളില്‍) കമ്പരാമായണം മുഴുവനാക്കുന്ന കഥാപാത്രങ്ങളെ തോല്‍പ്പാവകള്‍ വഴി, സന്ദര്‍ഭത്തിനനുസരിച്ച് കൊണ്ടുവരുന്നു. നീളത്തിലുള്ള തിരശീലകളുടെ പിന്നില്‍ പാവകളെ നിരത്തുകയാണ്. നാളികേര വിളക്കുകളുടെ വെളിച്ചത്തില്‍ പാവകളുടെ നിഴല്‍ നല്ലപോലെ കാണികള്‍ക്കു ദൃശ്യമാകും. പുലവര്‍ പറയുന്ന കഥ കേള്‍ക്കാം.

ഓലപ്പായും തലയിണയും എടുത്തു കുത്തുമാടത്തിനു മുന്നിലുള്ള പറമ്പില്‍ കിടന്നുകൊണ്ട് കൂത്ത് കാണാം. ഉറക്കം വന്നാല്‍ സുഖമായ കാറ്റുകൊണ്ട് ഉറങ്ങാം. സ്‌കൂള്‍ അവധിക്കാലമായതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍, ചില കുട്ടിക്കുറമ്പന്മാര്‍ അടങ്ങുന്ന ചെറിയ സംഘം, പുറത്തുകിടന്നു ബോറടിക്കുമ്പോള്‍ പതുക്കെ കൂത്തു മാടത്തിനകത്തു കടക്കും. അവിടത്തെ കല്‍ത്തിണ്ണയിലോ താഴെയോ കിടക്കും. നിശബ്ദരായി പുലവര്‍ക്കും കൂട്ടാളികള്‍ക്കും ശല്യമുണ്ടാക്കാതിരുന്നാല്‍ മതി. പ്രശ്‌നമൊന്നുമില്ല.

അങ്ങനെ ഒരു ദിവസം, കൂടെയുള്ള ഒരു പയ്യന്‍ (പ്രഭാകരന്‍) മുകളില്‍ തിണ്ണയില്‍ കിടക്കുകയായിരുന്നു. താഴെ വെളിച്ചപ്പാടും. ഉറക്കത്തില്‍ പ്രഭാകരന്‍ അതാ കിടക്കുന്നു, വെളിച്ചപ്പാടിന്റെ മീതെ. ചക്ക വെട്ടിയിട്ടതു പോലെയായിരുന്നു വീഴ്ച. വെളിച്ചപ്പാട് ഞെട്ടി എഴുന്നേറ്റു. പിന്നത്തെ കാര്യം പറയാനുണ്ടോ. പുലവന്മാരെ ശല്യം ചെയ്യാത്തവിധം ആംഗ്യഭാഷയില്‍, ക്രൂദ്ധനായിക്കൊണ്ട്, ഞങ്ങളെ അവിടെനിന്നും ഓടിച്ചു.

എന്തായാലും, ആ സംഭവം കുറേക്കാലത്തേയ്ക്ക് ഞങ്ങള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വകവയായി. പ്രഭാകരന്‍ ഇന്നില്ല.

കൂത്തിലെ പല ഭാഗങ്ങളും വളരെ താത്പര്യജനകമായിരിക്കും. ഉദാഹരണമായി ലങ്കാദഹനം. ഒരു പുലവര്‍, ഹനുമാന്റെ പാവയെ തിരശീലയുടെ പിന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചുകൊണ്ടു പോകും. മറ്റൊരു പുലവര്‍, ഹനുമാന്റെ വാലിന്റെ സ്ഥാനത്ത് ഒരു കൊച്ചു പന്തം കൊളുത്തിയതും പിടിച്ചുകൊണ്ട് അതിനനുസരിച്ച് ഒപ്പം നീങ്ങും. ഇതു നിഴല്‍ക്കൂത്തായി പുറമെനിന്നു കാണാന്‍ നല്ല രസമായിരിക്കും. അകമ്പടിക്ക് നല്ല വാദ്യമേളവും ഉണ്ടായിരിക്കും.

ഒരു ദിവസത്തെ കൂത്ത് നടത്തുന്നതിനും മറ്റും നല്ല ചെലവ് വരും അത് ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നതിന് അനുസരിച്ചും മറ്റും ഓരോ തറവാട്ടുകാര്‍ ഏറ്റെടുക്കും.

കഥയുടെ അവസാനം, ശ്രീരാമ പട്ടാഭിഷേകം. ഇതിനെയാണ് ഇവിടെ കൂത്തഭിഷേകം എന്നു പറയുന്നത്. പകലും രാത്രിയും മൂന്ന് ആനകള്‍ എഴുന്നെള്ളത്തും വേലയും ഒക്കെ ഇതിന്റെ ഭാഗമാണ്.

യശഃശരീരനായ സംവിധായക പ്രതിഭ അരവിന്ദന്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള ( ഐഎഫ്എഫ്‌കെ)യുടെ ലോഗൊ രൂപകല്പന ചെയ്തിരിക്കുന്നത് ഈ തോല്‍പ്പാവക്കൂത്തിലെ പാവയെ ആസ്പദമാക്കിയാണ്.

Previous Next

ഡോ. പി. മാലങ്കോട്

2, Anagha CHS

Pandit Deendayal Road

Near Vishunagar Post Office

Dombivli West - 421 202.

Thane Dist. Maharashtra.


E-Mail: drpmalankot@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.