പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

എന്നിലെ നീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആനന്ദൻ ചെറായി

കവിത

വിശ്യപ്രകൃതിതൻ ചൈതന്യ സുസ്‌മിതം

പുഷ്‌പിച്ചുലാവും പുലർകാല ദീപ്‌തി നീ

ആദ്യാനുരാഗ മുകുളങ്ങൾ കൂമ്പുന്ന

താമരച്ചോലതന്നിക്കിളിയാണു നീ.

പ്രണയ വർണങ്ങൾ തന്നാഗ്നേയ വീണയി-

ലീണം പകരും സുരശ്രുതിയാണു നീ

ചെമ്മുന്തിരിച്ചാർ പകരുന്ന സന്ധ്യത-

ന്നന്തഃരംഗത്തിൻ ചഷകമാകുന്നു നീ.

അഞ്ജനക്കണ്ണെഴുതീടുന്ന രാവിന്റെ-

യജ്ഞാത ഭാവ പ്രഹർഷമാകുന്നു നീ

പൂത്തിരുവാതിരപ്പാൽ നിലാപ്പൊയ്‌കയിൽ

നീന്തിത്തുടിക്കും മരാളികയാണു നീ.

നീല ഞരമ്പുകൾ കെട്ടിപ്പുണരുന്ന

വളളിക്കുടിലിന്റെയുന്മാദമാണു നീ

വേഗം തപിക്കുന്ന കന്മദക്കെട്ടിലെ

വൈകിത്തിളയ്‌ക്കുന്ന നീർത്തടമാണു നീ.

ഏതു മഹാമൗന പീഠവും നൂപുര-

ധ്വനികൊണ്ടിളക്കുന്ന തന്ത്രമാകുന്നു നീ

സംഘർഷ സംഗ്രാമ ധൂമയൂഥങ്ങളിൽ

സൗവർണ ഗന്ധക സന്ദേഹമാണു നീ.

കണ്ണീർക്കയങ്ങളിൽ കാണാത്ത നോവുക-

ളുപ്പിട്ടുവയ്‌ക്കും വിഷാദമാകുന്നു നീ

ഗർഭാശയത്തിലെപ്പൊളളും കനവുകൾ-

ക്കുളളിലൊരാർദ്രമാം തൂമുലപ്പാലു നീ.

ആഷാഢമേഘം മുടിയുലച്ചീടുന്ന

രോഷാകുല വർഷ വേഷപ്പകർച്ച നീ

എണ്ണിയാൽ തീരാത്ത ശോകകോശങ്ങളാൽ

മണ്ണിനെ മൂടുന്ന ബ്രഹ്‌മാണ്ഡമാണു നീ.

അറുപത്തിനാലു കലകൾക്കും കല്‌പനാ-

തല്‌പമൊരുക്കുന്ന മാസ്‌മരമാണു നീ.

നീറുന്ന വാഴ്‌വിന്റെ നെഞ്ചകം തന്നിലും

നറുതേൻ മൊഴികൾതൻ ലേപനമാണു നീ.

വിസ്‌മരിച്ചീടുമ്പോളോർത്തു പോകുന്നൊരു

വിസ്‌മയ വൈരുദ്ധ്യ വൈഭവമാണു നീ

എന്നെയൊന്നാകവേയാഴ്‌ത്തിയുയർത്തുന്നൊ-

രെന്നിലെ ശക്തി സ്വരൂപിണിയാണു നീ!


ആനന്ദൻ ചെറായി

വിലാസം

കരിമ്പാടം ,

ചേന്ദമംഗലം പി.ഒ,

എറണാകുളം.

683512
Phone: 0484 519611
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.