പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഈന്തത്തണലിൽ ഇത്തിരിനേരം > കൃതി

അംബ്രോസ്‌ കേറോഫ്‌ സുലേമാൻ മുനാവർ അൽഹർബി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

ഈന്തത്തണലിൽ ഇത്തിരിനേരം

പ്രവാസിയുടെ സ്വകാര്യത കൈമാറാൻ കത്തുകൾക്കു പ്രഥമസ്ഥാനമായിരുന്നു, അടുത്തകാലം വരെയും. ഗൾഫ്‌ ജീവിതത്തിൽ എഴുത്തുകൾക്കുള്ള പ്രാധാന്യം നെഞ്ചിലേറ്റി കത്തുപാട്ടുകളെന്ന സംഗീതോല്പന്നം തന്നെ മലയാളിയെ ആവേശഭരിതരാക്കുകയുണ്ടായി.

ഇന്ന്‌ - അതെല്ലാം പഴങ്കഥകളാക്കിക്കൊണ്ട്‌ ആശയവിനിമയത്തിന്റെ നൂതനവിദ്യകൾ വിചാരിക്കുന്നവന്റെ വിളിപ്പുറത്തെത്തിക്കുവാൻ കാലം കരുത്താർജ്ജിച്ചു കഴിഞ്ഞു. അതോടെ എഴുത്തുകുത്തുകൾക്ക്‌ വംശനാശം സംഭവിക്കാനും തുടങ്ങി. ഇതുമൂലം സംസ്ഥാനത്ത്‌ പ്രതിമാസം രണ്ടരലക്ഷം രൂപയാണ്‌ തപാൽ വകുപ്പിന്‌ നഷ്ടമെന്നാണ്‌ അധികാരികളുടെ കണക്കുക്കൂട്ടൽ.

എന്റെ അറേബ്യൻ ജീവിതകാലം, ഗൃഹാതുരത്വത്തിന്റെ ഹൃദയത്തുടിപ്പുകൾ പകർത്താൻ കത്തുകൾ തന്നെയായിരുന്നു ഏകാശ്രയം. രണ്ടുതലക്കൽ ആകാംക്ഷയോടുള്ള കാത്തിരിപ്പിനൊടുവിൽ ‘അവിടത്തെപ്പോലെ ഇവിടെയും സുഖ’മെന്നുള്ള വായനാനുഭവത്തിന്റെ അനുഭൂതിയൊന്നു വേറെ തന്നെയായിരുന്നു....!

അൽഖസ്സീമിലെ സുബയ്‌ പോസ്‌റ്റിലേക്ക്‌ ബീവി എനിക്കയച്ച കത്ത്‌ ഒരിക്കൽ ദിശതെറ്റിപ്പോയ ഒരു സംഭവമുണ്ടായി. എയർമെയിൽ ഇല്ലന്റാണ്‌ ഉരുപ്പടി. അറേബ്യയിൽത്തന്നെ ‘ഫവാറ’ എന്ന സ്ഥലത്തെ പോസ്‌റ്റോഫീസിലെ തുറന്ന ബോക്സിൽ ഏതാണ്ട്‌ മൂന്നുമാസക്കാലമത്‌ ചലനമറ്റു കിടന്നു. ഇത്‌, മലപ്പുറം സ്വദേശി ഒരു അബ്ദുൾ ഹമീദിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരു ദിവസമാക്കത്ത്‌ പൊട്ടിച്ച നിലയിൽ കാണപ്പെടുകയും തുടർന്ന്‌ അയാളത്‌ കവറിലാക്കി ഒരു കുറിപ്പുസഹിതം എന്റെ അഡ്രസ്സിൽ അയക്കുകയുമുണ്ടായി.

അതിക്രമം നടത്തിയത്‌ താനല്ലെന്നും ‘അന്വേഷി’ പ്രതീക്ഷിച്ച സെക്സ്‌ ലഭ്യമാകാതെ ഉപേക്ഷിച്ച ഉരുപ്പടി - അതിന്റെ മൂല്യമറിയുന്നതുകൊണ്ടുതന്നെ അയച്ചുതരികയാണെന്നും തന്നെ ഒരിക്കലും സംശയിക്കരുതെന്നുമൊക്കെയാണ്‌ ഹമീദിന്റെ അപേക്ഷ. ഹമീദിന്റെ വാക്കുകളെ മുഖവിലക്കെടുത്ത്‌ നന്ദി പ്രകടിപ്പിച്ചു കൊണ്ടുതന്നെ ഞാനയാൾക്കെഴുതുകയുമുണ്ടായി. ഹമീദ്‌ നിർദ്ദോഷിയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. എന്നാൽ അന്യന്റെ കിടപ്പറയിലേക്ക്‌ ഒളിഞ്ഞുനോക്കി സായുജ്യമടയുന്ന ആഭാസന്മാരെപ്പോലെ, വിരഹിണിയായ ഭാര്യ ഭർത്താവിനെഴുതുന്ന കുറിമാനം മോഷ്ടിച്ച്‌ കാമപൂരണം സാധ്യമാക്കുന്ന പ്രവാസികളേറെയാണ്‌... കുറഞ്ഞ പണിയും ഏറിയ വിശ്രമവുമായി ചൊറീം കുത്തി റൂമിലിരിക്കുന്ന പൂവാലന്മാരുടെ ലീലാവിലാസങ്ങൾ ചില്ലറയൊന്നുമല്ല....

സുബയ്‌ലെ താമസവേളയിലാണ്‌ പോസ്‌റ്റാഫീസ്‌ ട്രാജഡികൾ പലതും മനസിലാക്കാനായത്‌. കത്തുകളുടെ സുരക്ഷയെന്നത്‌ വലിയ പ്രശ്നം തന്നെയാണിവിടെ. സ്വന്തമായൊരു ബോക്സ്‌നമ്പർ സമ്പാദിച്ചാൽ ഒരു പരിധിവരെയതു തുണയാകും. എന്നാൽ തുച്ഛമായ സാമ്പത്തികം മോഹിച്ചോ മറ്റോ ബോക്സ്‌നമ്പർ ഒഴിവാക്കുന്നതുമൂലം വന്നുപിണയുന്ന ദുരന്തങ്ങൾ ഏറെയാണ്‌.

കഫിലായ ഖാലിദിന്റെ കേറോഫിലാണ്‌ ഞങ്ങളുടെ എഴുത്തുകളെത്തുന്നത്‌. അറുത്ത കൈക്ക്‌ ഉപ്പ്‌ തേക്കാത്ത ഇവനുണ്ടോ അത്തരം അനാവശ്യങ്ങൾക്ക്‌ ചെലവിടുന്നു...? ആകയാൽ നമ്പർരഹിതർ തന്നെയീ ഞങ്ങളും... ഉൾഗ്രാമമായ സുബയിയിൽ ഒരു പോസ്‌റ്റോഫീസ്‌ ഏർപ്പാടുകൾ കുറഞ്ഞ സമയത്തെ പ്രവർത്തനം മാത്രം. ബോക്സ്‌ നമ്പറില്ലാതെയുള്ള ലെറ്ററുകൾ സന്ദർശകർക്കായുള്ള പുറംപകുതിയിലെ മേശമേൽ ചൊരിഞ്ഞിടുന്നതോടെ, അവരുടെ ചുമതല തീരുന്നു. അവിടം കയറിയിറങ്ങുന്നവന്റെ ഇംഗിതം പോലെയാണ്‌ ബാക്കി കാര്യങ്ങൾ! അറബിയൊരു മുദീറും (മേലധികാരി) ബംഗ്ലാദേശിയായ പ്യൂണുമടങ്ങുന്ന രണ്ടംഗങ്ങളാണ്‌ ഈ പോസ്‌റ്റോഫീസിമല ജോലിക്കാർ. കത്തിന്റെ മേൽവിലാസമറിയാനുള്ള ഇംഗ്ലീഷ്‌പോലും വശമില്ലാത്തവരാണിവർ രണ്ടാളുമെന്നതാണ്‌ ദുഃഖകരമായ സത്യം. മറ്റു പോസ്‌റ്റാഫീസുകളിലേക്കുള്ള കത്തുകളും തെറ്റി വന്നിവിടെ കൂട്ടത്തിൽക്കിടക്കുന്ന കാര്യമീ പാവങ്ങളറിയാത്തതും അതുകൊണ്ടുതന്നെയാണ്‌.

ശ്രദ്ധയിൽപ്പെടുന്നവ പലപ്പോഴും ഞങ്ങൾ തന്നെ തെരഞ്ഞെടുത്തു കൊടുക്കാറുമുണ്ട്‌. പോസ്‌റ്റോഫീസ്‌ സന്ദർശനവും ഇത്തരം സേവനങ്ങളും തന്നെയാണല്ലോ ഞങ്ങളുടെ മുഖ്യകർമ്മം. വരാത്ത കത്തുകൾ തേടിയുള്ള നടത്തം... പോസ്‌റ്റോഫീസിലെ പുറം ബോക്സിൽ പെരുകുന്ന കത്തുകൾ, കൗതുകമുണർത്തും... വിവിധ രാജ്യങ്ങളിൽ നിന്നൊക്കെയെത്തിച്ചേർന്ന വിചിത്രങ്ങളായ സ്‌റ്റാമ്പുകൾ പതിച്ച പത്രികകൾ...! എന്താണവരുടെ ഗമ...? അനാഥമായ്‌ വായിക്കപ്പെടാതെ, വീർപ്പടക്കിക്കിടക്കുന്ന അവയുടെ ഉള്ളടക്കമെന്തായിരിക്കും....? ഉടയോനെക്കാത്ത്‌ വെറുതെയെങ്കിലും അവയുടെ കാവൽക്കാരനാകാനുള്ള ത്വര, മനസ്സിൽ നിറയും...

കണ്ടുകണ്ടിരിക്കെ കത്തുകൾ പലതും കുറയുന്നത്‌, ശുഭലക്ഷണമെന്ന്‌ ധരിച്ചത്‌ തെറ്റി... എന്തെന്നാൽ യഥാർത്ഥ അവകാശികളെത്തിയല്ല അവ പുറപ്പെട്ടുപോയിട്ടുള്ളത്‌. കശ്‌മലന്മാർ അവ കടത്തികൊണ്ടുപോയിട്ടുള്ളതാകുന്നു. പെണ്ണെഴുത്തെന്ന സൂചന കിട്ടിയാൽ പാരായണ വ്യഭിചാരാർത്ഥം തട്ടിക്കൊണ്ടുപോകുന്ന ഞരമ്പുരോഗികളിണിതിനു പിന്നിൽ. ഈ അപകടം പേടിച്ചാണ്‌ സ്ര്തീരചനയെങ്കിൽ ഫ്രം അഡ്രസ്സ്‌ ഒഴിവാക്കേണ്ടതും.

എന്നാൽ വേറെ ചിലർക്കു താല്പര്യം, അത്ഭുതമുളവാക്കുന്ന സ്‌റ്റാമ്പുകളോടായിരിക്കും. അങ്ങനെ വ്യത്യസ്തങ്ങളിൽ ചെന്നെത്തുകയാണ്‌ കത്തുകളിൽ നല്ലൊരുഭാഗം! അയച്ചവരോ കാത്തിരിക്കുന്നവരോ, എന്തറിയുന്നു...? അറേബ്യൻ ഗൾഫിൽ മുസ്ലീമിനേ രക്ഷയുള്ളൂ, അല്ലെങ്കിൽ മുസ്ലീമിനാണ്‌ മുൻഗണന എന്നൊരു ധാരണ പരക്കെയുണ്ട്‌. ഞാൻ മനസ്സിലാക്കിയ സത്യമതല്ല. അറബികൾക്കങ്ങിനെയൊന്നുമില്ല അവന്‌ നേട്ടമുണ്ടാക്കികൊടുക്കുന്ന ആരോടും അവനു താല്പര്യം തന്നെ. എന്നാൽ അറബി ഭവനങ്ങളോടനുബന്ധിച്ചുള്ള കച്ചറപ്പണികൾക്ക്‌ മിക്കവാറും മുസ്ലീമിനെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ; ഉപദ്രവിക്കുന്നുള്ളൂ എന്നതാണ്‌ വാസ്തവം. അറേബ്യൻ ജീവിതവേളയിൽ ഒരു മുസ്ലീം എന്നതിന്റെ പേരിൽ എന്തെങ്കിലും സൗജന്യമോ സൗഭാഗ്യമോ എനിക്കു ലഭ്യമായിട്ടില്ല. മറിച്ച്‌ അർഹിക്കുന്ന മാനുഷിക പരിഗണനപോലും കിട്ടുകയുണ്ടായില്ലെന്നതും എടുത്തു പറയേണ്ടതുതന്നെ. എന്റെ അനുഭവമിതാണെങ്കിലും അമുസ്ലീം എന്ന കാരണത്താൽ എന്റെ സുഹൃത്ത്‌ അബ്രോസിനു നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളും തിരിച്ചടികളും ഇതോടൊപ്പം പറയാതെ വയ്യ.

നായരമ്പലം വെളിയത്താംപറമ്പിലുള്ള മേസന്നരിക്കാവേലി ആന്റണി അംബ്രോസിനെ ഞാൻ പരിചയപ്പെടുന്നത്‌, ബത്രയിലെ ഒരു പണിസൈറ്റിൽ വച്ചാണ്‌. ബത്രയിൽ നിന്നും പത്തിപതിനഞ്ച്‌ കി. മീറ്ററകലെ ദുലൈമിയയിൽ സുലേമാൻ മുനാവർ അൽഹർബി എന്ന സഊദിയുടെ കമ്പനിയിലെ അംഗമാണ്‌ മിസ്‌റ്റർ അംബ്രോസ്‌. മികച്ച രീതിയിലുള്ള പ്രവർത്തനവും സഹവർത്തിത്വവുമായിരുന്നു സുലേമാന്റെ കമ്പനിയിലേത്‌. ബത്രയിൽത്തന്നെ വലിയ ബിൽഡിംങ്ങിന്റെ ജോലിയുമായ്‌ ബന്ധപ്പെട്ടാണ്‌ അംബ്രോസ്‌ ആന്റ്‌ പാർട്ടി എത്തിയിട്ടുള്ളത്‌. കുറഞ്ഞ മെയ്‌ന്റനൻസ്‌ വർക്കുമായി ചെന്നതാണ്‌ ഞങ്ങളുടെ ടീം. മുഖപരിചയം കണ്ട്‌ അംബ്രോസ്‌ തിരിച്ചറിയുകയായിരുന്നു എന്നെ. ജെയെമ്മെസ്സിൽ കണ്ടക്ടർ വേഷത്തിലെന്നെ കണ്ടു പരിചയമുണ്ടെന്നു പറയുന്ന വൈപ്പിൻക്കാരനൊരാളെ അൽഖസ്സീമിലെ മരുക്കാട്ടിൽ കണ്ടുമുട്ടിയതിന്റെ സന്തോഷം എന്നെ വീർപ്പുമുട്ടിച്ചു!

ഒരത്ഭുതലോകത്തിൽ - എല്ലാം, എനിക്കു വിചിത്രമായിത്തോന്നി. ഞാൻ തിരക്കിയപ്പോൾ എന്റെ കാലനറബി ഖാലിദിനെപ്പോലെയൊന്നുമല്ല അംബോസിന്റെ സുലേമാനറബി. അവർ തമ്മിലുള്ള തൊഴിൽ വ്യവസ്ഥ തന്നെ തെറ്റില്ലാത്തതായിരുന്നു... പിന്നെ കാലാകാലങ്ങളിൽ കണക്കു തീർത്ത്‌ വേതനവും ലഭ്യം.... അംബ്രോസിന്റെ വിശേഷങ്ങളറിഞ്ഞ സന്തോഷത്താൽ ഞാനറിയാതെ “ജയ്‌ സുലേമാൻ” വിളിച്ചുപോയി. പറഞ്ഞു വന്നത്‌ അംബ്രോസിനുണ്ടായ അനിഷ്ടങ്ങളുടെ കാര്യമാണല്ലോ. അതു പറയാം.

ബസ്സ്‌ സർവ്വീസൊക്കെ ഗൾഫിലുമുണ്ടെന്നാണ്‌ പറയുന്നത്‌. പക്ഷേ അതൊന്നും ആവശ്യത്തിന്‌ കിട്ടീന്ന്‌ വരില്ല. അപ്പോൾ അനിവാര്യമായ്‌ വരുന്ന കൊച്ചുകൊച്ചു യാത്രകളൊക്കെയും ഓസിൽ നടത്താമെന്നത്‌ വലിയൊരാശ്വാസം തന്നെയാണിവിടെ. പാഞ്ഞുപോകുന്ന വാഹനത്തിനു നേരെ കൈ കാണിച്ചാൽ മതി. സഹൃദയത്വമോ സന്മനസ്സോ ഉള്ളവനാണ്‌ അറബിയെങ്കിൽ ഫ്രീസർവീസ്‌ ഉറപ്പ്‌. ചിലപ്പോൾ നിറുത്തി കയറ്റിയില്ലെന്നും വരും. വ്യത്യസ്ത സ്വഭാവക്കാരാണല്ലോ മനുഷ്യൻ എവിടെയും. കയറ്റിയാൽത്തന്നെ യാത്രക്കൂലിയായ്‌ ഒന്നോ രണ്ടോ റിയാൽ വസൂലാക്കുന്നവനെയും അപൂർവ്വമായി കണ്ടുമുട്ടിയേക്കാം. നമ്മുടെ കാര്യം കണ്ട നിറവിൽ നമുക്ക്‌ അവനെ പിച്ചയെന്നും വിളിക്കാം. വണ്ടി നിറുത്തിത്തരുന്നവൻ ഒരുപക്ഷേ കയറ്റുന്നതിനു മുൻപോ ചിലപ്പോൾ കയറിയതിനുശേഷമോ തിരക്കുംഃ

“ഫീ, മനജ്ജദ്‌... ഹക്കാമാ...?”

ഹക്കാമയെന്ന നടപ്പുപാസ്‌ കൈവശമുണ്ടോന്നാണ്‌ ചോദ്യം.

“ഫീ, മനജൂദ്‌...? എന്ന അനുകൂല മറുപടിയാണെങ്കിൽ അറബി സസന്തോഷം പറയുംഃ ”മാഫീ മുശ്‌ക്കിൽ“ - സ്വാഗതം! ഇതാണതിന്റെയൊരു മെത്തേഡ്‌.

നമ്മുടെ അംബ്രോസ്‌ - ഒരിക്കൽ പട്ടണത്തിലേക്കുള്ള യാത്രക്കായ്‌ ഒരു കാറിന്‌ കൈകാണിച്ചു. വണ്ടി നിറുത്തി അംബ്രോസിനെ കയറ്റി കാറ്‌ ചീറിപ്പാഞ്ഞുപോയി.... യാതൊരു വിഘ്‌നവും കൂടാതെയായിരുന്നു ഇത്രയൊക്കെയും... മാർഗ്ഗമദ്ധ്യേയാണ്‌ അറബി - നീ മുസ്‌ലീമാണോ... ഹക്കാമയുണ്ടോ... എന്നൊക്കെ തിരക്കുന്നത്‌... എന്തിനേറെ...? പാവം അംബ്രോസ്‌... സത്യം പറഞ്ഞതിന്റെ പേരിൽ അയാളെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു - അറബിയവൻ!

മിക്ക അറബി ഭവനത്തോടനുബന്ധിച്ചും ഒരു പള്ളിയുണ്ടാകും. ഞങ്ങളുടെ കഫീലായ ഖാലിദിന്റെ വീട്ടുവളപ്പിലുമുണ്ട്‌ അങ്ങനെയൊരു മസ്‌ജിദ്‌. ആ വകയിൽ സർക്കാരിൽ നിന്നും വീട്ടുകാരന്‌ - ഒരു തുക വാർഷിക വരുമാനമായ്‌ കിട്ടുമെന്നും അറിയാനായി. മറ്റൊരവസരത്തിൽ ഒരറബിയുടെ വീട്ടിൽ അത്തരമൊരു പള്ളിയുടെ നിർമ്മാണത്തിനെത്തിയതായിരുന്നു അംബ്രോസും കൂട്ടരും... കോണ്ട്രാക്ട്‌ പിടിച്ചിട്ടുള്ളത്‌ അംബ്രോസിന്റെ കഫീൽ സുലേമാൻ മുനാവറാണ്‌. തന്റെ തൊഴിലാളികൾ അമുസ്ലീങ്ങളാണെന്ന കാര്യം വീട്ടുകാരനോട്‌ സുലേമാൻ ആദ്യമേ സൂചിപ്പിച്ചിരുന്നു. അപ്പോൾ - അയാൾക്കത്‌ ‘മാഫീ മുശ്‌ക്കിൽ’ ആയതുമാണ്‌... എന്നാൽ വീട്ടുകാരനറബിയുടെ ബന്ധുക്കളാരോ വിരുന്നുവന്ന ദിവസമാണ്‌ പ്രശ്നം ഗുരുതരമാവുന്നത്‌. അത്‌, വന്നവന്റെ അനാവശ്യമായ കൈകടത്തൽ തന്നെയായിരുന്നു. എവിടെയുമുണ്ടല്ലോ ഇത്തരക്കാർ...

ചോദിച്ചു പറഞ്ഞുവന്നപ്പോൾ - തൊഴിലാളികളാരും മുസ്ലീങ്ങളല്ല... അയാൾ കയർത്തു. ഒച്ചപ്പാടായി. കാഫീർ പള്ളി പണിതാൽ- ഉറക്കില്ലെന്നു തന്നെയായിരുന്നു, ആ മതാന്ധന്റെ വാദം. ഒടുവിൽ അംബ്രോസിനും സംഘത്തിനും ദൗത്യമുപേക്ഷിച്ചു പോരേണ്ടിവന്നു എന്നുള്ളതാണ്‌ നഗ്നസത്യം. ഇത്തരക്കാർ ഒരു ദേശത്തിന്റെയും മാതൃകയല്ല. ഇത്‌ വെറും വ്യക്തിവൈകല്യങ്ങൾ മാത്രം. ഗൾഫിലെ ഒട്ടുമിക്ക പള്ളികളും പണിതിട്ടുള്ളതും പണി നടത്തികൊണ്ടിരിക്കുന്നതും നാനാജാതിമതസ്ഥരുൾപ്പെട്ട സംഘങ്ങൾ തന്നെയാണ്‌. അല്ലാതെ ഇയാൾ വിചാരിക്കുംപോലെ മുസ്ലീങ്ങളൊന്നുമല്ല. മൂഢന്മാർ എന്തറിയുന്നു....? ആയുസ്സിന്റെ കാര്യത്തിലും അനുഗ്രഹീതനാണ്‌ - അറബി. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തന്നെയാകണം, അതിന്റെ രഹസ്യം. നൂറ്‌ വയസ്സൊന്നും അവരെ സംബന്ധിച്ചൊരു പ്രായമല്ല. സെക്സ്‌ വിഷയത്തിലാണെങ്കിലും - പടുകിഴവന്മാർതന്നെയാണ്‌, കേമന്മാർ...

അക്കാര്യം ഇമ്പത്തിൽച്ചൊല്ലി - ആംഗ്യത്തിൽക്കാണിച്ച്‌ ഇന്ത്യക്കാർ ഞങ്ങളെ എളുതാക്കുകയുണ്ടായി, ഒരു മുതുക്കൻ! പരിചയമുള്ളൊരു പോലീസുകാരന്റെ വീട്ടിൽ ലൊട്ടുലൊടുക്ക്‌ പണികൾക്കായ്‌ പോയതാണ്‌ ഞങ്ങൾ ചിലർ. ഉടനവിടെ നടക്കാൻ പോകുന്ന ഒരു കല്യാണം പ്രമാണിച്ചുള്ള അലങ്കാരങ്ങളിലും പങ്കെടുക്കേണ്ടിവന്നു. മണിയറയുടേതായിരുന്നു അവസാന ഡക്കറേഷൻ. വീതിയേറിയ കട്ടിലിനിരു തലക്കലും വലിയ ആൾക്കണ്ണാടികൾ... തുടങ്ങി അമ്പരപ്പിക്കുന്ന സെറ്റിംഗ്‌സായിരുന്ന ശയനമുറിയൊക്കെയും.

അറബിപ്പോലീസിന്റെ മനം കവരുകയെന്ന ലക്ഷ്യത്തോടെ അർത്ഥംവച്ചാണ്‌ ഞങ്ങളൊരുക്കിയ മദനോത്സവവേദി ചൂണ്ടിയൊന്ന്‌ മണിയടിച്ചത്‌.

”കണ്ടില്ലേ...

ഉഗ്രനാക്കീട്ടുണ്ട്‌, എല്ലാം...

ഇഷ്ടപ്പെട്ടോ...?

ഖേദപൂർവ്വം അയാളപ്പോൾ ഒരു സത്യം വെളിവാക്കയാണുണ്ടായത്‌ ഃ “നിങ്ങൾക്കു തെറ്റി... നിക്കാഹ്‌ എനിക്കല്ല.. അബ്ബ(പിതാവ്‌)ക്കാണ്‌...

ഞങ്ങളാകെ ചമ്മിച്ചതഞ്ഞു. ഈ പോലീസുകാരന്റെ ബാപ്പാന്റെ ബാപ്പ കണ്ട്‌ കളിയാക്കിയ കാര്യമാണ്‌ ഞാൻ നേരത്തെ സൂചിപ്പിച്ചത്‌. പിന്നെ, സ്വപിതാവിന്റെ കല്ല്യാണത്തിന്‌ സദ്യവിളമ്പാൻ തയ്യാറെടുത്തു നിൽക്കുന്ന ആ പുത്രനോട്‌ യാത്രചോദിക്കാൻപോലും ഞങ്ങൾ നിന്നില്ല....

Previous Next

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.