പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഈന്തത്തണലിൽ ഇത്തിരിനേരം > കൃതി

സുലൈമാൻ ഇവനൊരു കർബാൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

ഈന്തത്തണലിൽ ഇത്തിരിനേരം

സഊദിയുടെ വീട്ടിൽ ജോലിക്കായ്‌ ഹൈദരാബാദുകാരനായ ഹേമാം ഹുസൈന്റെ ഒഴിവിൽ ഞാനെത്തുന്നതോടെ എനിക്കൊരു ശത്രു പിറക്കുകയായിരുന്നു. ഹുസൈന്റെ കൂട്ടുപണിക്കാരൻ ബംഗ്ലാദേശിയായ സുലൈമാനായിരുന്നു, അത്‌. ഹേമാം ഹുസൈൻ ആളു പാവമാണെന്ന്‌ ഒറ്റനോട്ടത്തിലേ അറിയാം. അറബിയുടെ വീട്ടിലെ മുഖ്യാംഗത്തെപ്പോലെയാണ്‌ ഹുസൈൻ. ഏതാണ്ട്‌ പത്തുപതിനഞ്ചുവർഷക്കാലത്തെ സഹവാസം അവനെയുമൊരു കാട്ടറബിയാക്കിത്തീർത്തിട്ടുണ്ടെന്നു പറയാം.

പല്ലു തേപ്പ്‌, കുളി, തുടങ്ങിയ ശൗച്യകൃത്യങ്ങൾ അനാവശ്യമെന്നു കരുതുന്നവനാണ്‌ അറബിയെപ്പോലെ ഹുസൈനും. അറബിയെ പ്രീതിപ്പെടുത്താൻ പോന്ന മുന്തിയ ലക്ഷണങ്ങളാണിതൊക്കെ. എല്ലാംകൊണ്ടും വലിയ കാര്യമാണ്‌ വീട്ടുകാർക്കൊക്കെയും ഹുസൈനോട്‌. ഏതഴുക്കിൽ കയ്യിട്ടുവാരാനും, അവന്‌ അറപ്പില്ല. പോത്തുപോലെ പണിയെടുക്കും. സ്വന്തം വീട്ടിലെ സ്വാതന്ത്ര്യത്തോടും മനഃസാന്നിദ്ധ്യത്തോടെയുമാണ്‌ അറബിക്കോട്ടയിലെ അവന്റെ ജീവിതം. മണ്ണിനോടും തൊഴിലിനോടുമൊക്കെ അത്രയ്‌ക്ക്‌ അടുപ്പവും കൂറുമുള്ള ജനതയുടെ അംശമാണല്ലോ അവൻ. ആ ജന്മപശ്ചാത്തലം തന്നെയാകാം, ഇക്കാര്യങ്ങളിലവനു തുണയാകുന്നതും, മറിച്ച്‌ വാക്കിലും നടപ്പിലുമാണല്ലോ നമ്മുടെ കേമത്തം.

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനു വേണ്ടിയാണ്‌ ഹുസൈന്റെ ആദ്യത്തെ മടക്കയാത്രയിപ്പോൾ. പുറപ്പെടും മുൻപ്‌ ഒരൊറ്റദിവസത്തെ തൊഴിൽ പരിശീലനമാണ്‌ ഹുസൈൻ എന്ന ഗുരുവിൽ നിന്നും ഭാവിജീവിതപാഠമായി എനിക്കു പകർന്നു കിട്ടിയിട്ടുള്ളത്‌. താനിനി തിരിച്ചുവരില്ലെന്ന സത്യവും, അറബിയോട്‌ അറിയിക്കാതെ രഹസ്യമായി അവനെന്നോടു മാത്രം പറഞ്ഞിട്ടുണ്ട്‌.

ഹുസൈനെ അനുഗമിച്ച്‌ റിയാദ്‌ എയർപോർട്ടുവരെ ഖാലിദും പോയിരിക്കുകയാണ്‌. ഹുസൈന്റെ മട്ടൊന്നുമല്ല; തീർത്തും വിഭിന്നനാണ്‌ സുലൈമാൻ. തനി ക്രൂരൻ. ആടുകളെ മേച്ചും തൊഴിച്ചും, അവന്റെ മനവും മരുക്കാടായതാണോ...?

ഒരുപക്ഷേ, രണ്ടുമൂന്നുവർഷത്തെ അറബിയുടെ വീട്ടിലെ നരക ജീവിതമാകാം, അവനെയൊരു ധിക്കാരിയാക്കിത്തീർത്തിട്ടുള്ളത്‌. ഏതായാലും, ഇതിനകം സൗഹൃദം നിലവിലുള്ള സുലൈമാന്റെ തനിനിറം പുറത്തുവരാൻ തുടങ്ങിയത്‌ ഹുസൈൻ പോയതിന്റെ പുറകെയുള്ള എന്റെ വരവോടെയാണ്‌. ആദ്യമായ്‌ കാണുന്ന അപരിചിതത്വത്തിൽ അവനുറച്ചു നിന്നു. അവന്റെ തൊഴിലിലെ അതികഠിനമായ അംശമാണ്‌ ഏത്‌ പ്രതികൂല കാലാവസ്ഥകളേയും അതിജീവിച്ച്‌ കാലാടാനും മരുപ്പച്ച തിന്നാനുമായി ആടുകളെയും കൊണ്ട്‌ വെളുത്താലിരുട്ടുവോളം നിർബന്ധമായ മരുപ്രയാണം.

ഹുസൈൻ വിട്ടുപോകുന്നതോടെ ഇത്തരം ഏറിയ ദുരിതങ്ങളിൽ നിന്ന്‌ മോചനമായല്ലോ എന്ന്‌ സ്വപ്നം കണ്ടിരുന്നവനാണ്‌ സുലൈമാൻ. ഒറ്റക്കാവുമ്പോൾ എല്ലാത്തിനേം ഒരു പാഠം പഠിപ്പിക്കാം എന്ന വാശി. പിന്നെ ഹുസൈന്റെ റോളിൽ വിലസാമെന്ന പൂതിയും. അവന്റെ കണക്കുകളെല്ലാം തെറ്റിച്ചുകൊണ്ട്‌ അപ്രതീക്ഷിതമായുള്ള എന്റെ രംഗപ്രവേശം ഒന്നു മാത്രമാണ്‌ എന്നോട്‌ വെറുപ്പിനും ശത്രുതയ്‌ക്കുമുള്ള കാരണം.

ആദ്യദിനം തന്നെ തൊഴിൽ തർക്കം അരങ്ങേറി. സുലൈമാൻ പറഞ്ഞു ഃ

“അജപാലന്റെ റോൾ ഇനി ഭായിക്കാണ്‌.... എനിക്കിനി, വീട്ടിലെ മറ്റു ജോലികൾ നോക്ക്യാ മതി... എന്നോടെല്ലാം ഖാലിദ്‌ പറഞ്ഞേല്പിച്ചിട്ടുണ്ട്‌...”

ഞാനുടൻ എതിർത്തു “ഇവിടെ ഞാൻ, നിന്റെ പണിക്കാരനല്ല... ഞാനേയ്‌ ഒരു കേരളീയനാ... അടവൊന്നും എന്നോടു വേണ്ട. ഖാലിദ്‌ അങ്ങനെ പറയില്ല... പറഞ്ഞാലും, ആടുകളേയും കൊണ്ട്‌ അറിയാക്കാടുകൾ താണ്ടാൻ എന്നെക്കിട്ടില്ല...”

നമ്മുടെ രമണവേഷം എന്റെ തലയിൽ കെട്ടിവയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി സുലൈമാൻ. എന്റെ സംസാരബലം അവനെ തളർത്തിയോ...?

“എന്നാപ്പിന്നെ, ഓരോ ദിവസവം മാറിമാറിപ്പോയാലോ...?

”പോയാലും കൊള്ളാം, പോയില്ലെങ്കിലും കൊള്ളാം... ഈ പണിയിൽ മാത്രം ഞാനൊരിക്കലും പങ്കാളിയാകില്ല... അതു തീർച്ച...“

ഫിലിപ്പീനിയേയും ബംഗ്ലാദേശിയേയുമൊക്കെ സംബന്ധിച്ച്‌ പരാതിയുണ്ടെങ്കിൽ, വിസയിൽ പറഞ്ഞ തൊഴിൽ ലഭ്യമാകാത്തപക്ഷം എംബസിയിടപെട്ട്‌ അതവന്‌ വാങ്ങിക്കൊടുത്തിരിക്കുമെന്നാണ്‌ കേൾക്കുന്നത്‌. എന്നാൽ ഇന്ത്യാക്കാരനെ ഏതറബിക്കും എന്തുവേണമെങ്കിലും ചെയ്യാം. അവനെക്കൊണ്ടെന്തും ചെയ്യിക്കാം. ഒരെമ്പസ്യേം പേടിക്കണ്ട. ആ നിലയ്‌ക്ക്‌ കരാർ പ്രകാരമുള്ള തൊഴിലിൽ തന്നെയാണല്ലോ, അവൻ. പിന്നെന്തിനാ കരയിൽ പിടിച്ചിട്ട ഈ മീനിന്റെ വകയൊരു കരൾ ദാനം...?

തന്നെയുമല്ല, ഇവനെയൊക്കെ തുടക്കത്തിലേ നിലക്കു നിറുത്തിയില്ലെങ്കിൽ തലയിലിരുന്ന്‌ ചെവിയുണ്ണും. ഭീഷണിയൊന്നും വിലപ്പോകില്ലെന്നു കണ്ട്‌ മനസ്സാ എന്നോടങ്കം കുറിക്കയായിരുന്നു, ആ ബംഗ്ലാബന്ധു. പിന്നെ, എന്നെ ഉപദ്രവിക്കാനുള്ള അവസരമുണ്ടാക്കലായിരുന്നു, അവന്റെയും ലക്ഷ്യം. തമ്മിൽ മിണ്ടുകപോലും അപൂർവ്വം. യാതൊരു ജീവിത സൗകര്യങ്ങളുമില്ലാത്ത ഇടുങ്ങിയ ഒരു കൊച്ചുമുറിയിൽ അങ്ങനെ വലിയ രണ്ടു ശത്രുക്കൾ ജീവിച്ചു പോന്നു. ഞങ്ങൾ ജെയ്‌ ഭാരതായും ജെയ്‌ ബംഗ്ലായായും.

ഇത്തരം പ്രതിസന്ധികളിലാണ്‌ ഭാഷാ സ്വാധീനം തുണയാകുന്നത്‌. പിടിച്ചു നിൽക്കണമെങ്കിൽ അതിജീവിക്കാനും, നിലനിൽക്കാനും എല്ലാം തന്നെ ഇവിടെ ഹിന്ദി അറിഞ്ഞേ പറ്റൂ... ദേശീയ ഭാഷയാണെന്നിരിക്കിലും ഹിന്ദി ഇന്ത്യാക്കാരനെ സംബന്ധിച്ചിടത്തോളം, പല ഭാഷകളിൽ ഒന്നു മാത്രം. അത്‌, ഇന്ത്യക്കാരനല്ലേ അറിയൂ; പ്രത്യേകിച്ചും തെക്കന്‌. ഹിന്ദി... ഹിന്ദിയെന്ന്‌ ഇന്ത്യാക്കാരനെ വിളിക്കുന്ന അറബിക്കോ - മറ്റു വിദേശികൾക്കോ ഈ സത്യമൊട്ടറിയില്ലതാനും.

അവിടെ, ഒരു ഹിന്ദി വന്നിട്ടുണ്ട്‌... അവന്‌ ഹിന്ദിയറിയില്ലെന്ന്‌ അറബിയും ബംഗ്ലാദേശിയുമൊക്കെ അത്ഭുതം കൂറുന്നതിന്റെ പൊരുളതാണല്ലോ!

ഉത്തരേന്ത്യയിലെ ഏത്‌ വ്യത്യസ്ത ഭാഷക്കാരനെയും ഹിന്ദി വശമെങ്കിൽ കൈകാര്യം ചെയ്യാം. ബംഗ്ലാദേശിയേയും പാക്കിസ്ഥാനിയേയും മെരുക്കാം. അറബികൾ പലർക്കും ഹിന്ദിവശമാണ്‌. ഗൾഫിലേക്ക്‌ പോകുന്നവൻ അത്യാവശ്യമറിഞ്ഞിരിക്കേണ്ടത്‌, അറബ്‌ അല്ല. നമ്മുടെ ഹിന്ദി തന്നെയാണ്‌.

തർക്കം പരിഹരിക്കപ്പെടാതെ വന്നപ്പോൾ സുലൈമാൻ അജയാനം തുടർന്നു. എന്റെ കസ്‌റ്റഡിയിൽ സൂക്ഷിക്കേണ്ട ആടുകളെ പരിപാലിച്ചും, ഗോതമ്പ്‌, സവാള, മാതളം മുതലായ കൃഷിയിടങ്ങൾ നനച്ചുകൊണ്ട്‌ ഞാനും പ്രവർത്തിയാരംഭിച്ചു. ആടുകളെ അതിന്റെ പാട്ടിനു വിട്ടിട്ട്‌ ഏതോ സദീക്കിന്റെ റൂമിൽ ഉറക്കവും കളിയുമാണ്‌ സുലൈമാന്റെ പതിവു പരിപാടിയെന്ന്‌ അടുത്തിടെ ഖാലിദ്‌ കണ്ടെത്തുകയുണ്ടായി. അതിലവനെ ശാസിക്കുകയും, തല്ലുകയും ചെയ്തു. എന്ത്‌ ഫലം...? തല്ലും താക്കീതുമവന്‌ പുല്ല്‌!

മിണ്ടാനോ പറയാനോ മരുന്നിനൊരു മലയാളിയെ കിട്ടാത്ത മരുക്കാട്ടിലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വീർപ്പുമുട്ടിച്ചു. വൈരാഗ്യം വെടിഞ്ഞ്‌ കൂടെയുള്ള നീചനോട്‌ ചങ്ങാത്തം കൂടാൻ പോലും കൊതിച്ചു. പക്ഷേ, അതത്ര ഫലിച്ചില്ല. വേണ്ട അത്രകണ്ടു കൊച്ചാകാൻ ഒരു ചെറായിക്കാരനെ ഒരിക്കലും കിട്ടില്ല. ഈ കുത്ത, വല്ല ഡേഷ്‌ലേക്കും പോട്ടെ എന്ന്‌ ഞാനും നിനച്ചു.

ഈ സാഹചര്യത്തിലാണ്‌ എന്നിൽ കൗതുകമുണർത്തികൊണ്ട്‌ ഒരാൾ, കാരുണ്യത്തിന്റെ കൈത്തിരിയുമായ്‌ കടന്നുവരുന്നത്‌. നാട്ടിലാണെങ്കിൽ ആജ്ഞാപിക്കുന്ന മൊതലാളത്തിയുടെ സ്ഥാനത്തുള്ളൊരു നാരി. അങ്ങിനെയൊരുവൾ ഈ പൊന്നറേബ്യയിൽ ഇത്ര ചെറുതാകാമോ, ഇങ്ങനെ പെരുമാറാമോ...?

അതേ ഖാലിദിന്റെ ഹോർമയുടെ സമീപനവും സഹകരണവും ആശ്വാസത്തിലേറെ ആശ്ചര്യമായിരുന്നു എന്നിലുണർത്തിയത്‌. മറ്റാരുടെയും സാന്നിദ്ധ്യമില്ലെന്നു കണ്ടാൽ എന്തിനുമേതിനുമവരെന്നെ സഹായിച്ചു പോന്നു. ഖാലിദാണെങ്കിൽ സദാസമയവും അൽഖർജിൽ അലിയുടെ കുടി - കാഴ്‌ച, സങ്കേതത്തിലുമാണ്‌. അവർ സമ്മാനിച്ചിട്ടുള്ള ഖാലിദിന്റെ ‘തോബ്‌’ എന്ന അറബിക്കോട്ടാണ്‌ ഇവിടെയെന്റെ വേഷം. ലോഹ പോലുള്ളോരീ നീളൻ കോട്ട്‌ വേറെയുമുണ്ട്‌, എന്റെ പെട്ടിയിൽ. കുടിവെള്ളമെടുക്കാൻ ചെല്ലുംനേരം മുന്തിയ ഇനം തമർ (ഈന്തപ്പഴം) ആപ്പിൾ, ഓറഞ്ച്‌​‍്‌ അങ്ങനെ പലതുമവരെനിക്കു തന്നുവിടും. ചിലപ്പോൾ ചോദിക്കും ഃ

”ഫീ, ദിജാജ്‌... അഫ്‌ ഗാ...“

കോഴി വേണോ... ഉണ്ടോ...

ഞാനൊന്നും പറയേണ്ട. ഫ്രിഡ്‌ജിൽ നിന്നും ‘അൽവത്താനിയ’ പാക്കറ്റെടുത്തു തരികയായ്‌. വിഭവങ്ങളുമായ്‌ വിരുന്നുകാരണഞ്ഞാലും എനിക്കൊരോഹരി റൂമിലെത്തും. ഇടയ്‌ക്കിടയ്‌ക്ക്‌ എന്റെ കർമ്മ ഭൂമിയായ മസ്‌റയിലേക്കും വരാറുണ്ടവർ. അത്‌, ഓണറുടെ റോളിലെ മേലന്വേഷണത്തിനൊന്നുമല്ല, സൗഹൃദത്തിനു തന്നെ. അപരിഷ്‌കൃതാറബിയിൽ അവരെന്തൊക്കെയോ ചോദിക്കുന്നു... പറയുന്നു...

പരസ്ര്തീയുടെ മുന്നിൽ പച്ചമലയാളം പോലും പിഴക്കുന്നവനാണു ഞാൻ. പിന്നെയുണ്ടോ ഈ പ്രാകൃത ഭാഷയ്‌ക്കൊരു പ്രതിവചനം...? വ്യത്യസ്ത വലുപ്പത്തിൽ രണ്ടു കമ്പുകളൊടിച്ചെടുത്തിട്ട്‌ അവർ പറയും ഃ

”ഹാദാ, കബീർ....“ ഇത്‌ വലുത്‌.

”ഹാദാ, സഗീർ....“ ഇത്‌ ചെറുത്‌.

എളുപ്പത്തിലെന്നെ അവരുടെ ഭാഷ പഠിപ്പിക്കാനുള്ള ഒരുത്തിയുടെ, വിഫലശ്രമം. എല്ലാം കേട്ടുകൊണ്ട്‌ ഞാനവളുടെ ആകെ വെളിയിലുള്ള പിടയ്‌ക്കുന്ന മിഴികളിലേക്കു നോക്കി നിൽക്കും. അപ്പോൾ അവളൊരു മുഖസ്തുതി പറയും ഃ

”ക്വയ്സ്‌... അബ്ദുർ റഹ്‌മാൻ... ക്വയ്സ്‌...“

അവളുടെ വാക്കുകളുടെ ആന്തരാർത്ഥങ്ങളിലേക്കു കടക്കാനൊന്നും, ഞാൻ തുനിഞ്ഞിട്ടില്ല.

ഒരിക്കൽ ഒരു ചെറുസീൻ എന്റെ മുന്നിലരങ്ങേറി. അവരുടെ വീട്ടുമുറ്റത്ത്‌ കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഏൽപ്പിക്കാനായി ഞാൻ ചെല്ലുംനേരം വിസ്തരിച്ചിരുന്നു കുഞ്ഞിനെ മുലയൂട്ടുകയാണ്‌, ഖാലിദിന്റെ ഹോർമ. അസ്ഥാനത്തു വന്നുപെട്ട കുറ്റബോധത്താൽ മുന്നോട്ടാഞ്ഞ കാല്‌ പെട്ടെന്ന്‌ പിന്നോട്ടെടുക്കയായിരുന്നു ഞാൻ - ലജ്ജയോടും, ഭീതിയോടെയും. എന്നാൽ

”താൽ... അബ്ദുർ റഹ്‌മാൻ...താഹ്‌മാൽ...“

വാ, അബ്ദുർ റഹ്‌മാൻ...വന്നാട്ടെ...

എന്നെ പേരെടുത്തു വിളിച്ചുകൊണ്ട്‌ അകത്തിരുന്ന നിറകുടവും കൂടി പുറത്തേക്ക്‌ - അതേ, എന്റെ കണ്ണിലേയ്‌ക്ക്‌ എടുത്തിടുകയായിരുന്നു ആ അറേബ്യൻസുന്ദരി. ഞാനാകെ വൈബ്രേഷനിലായി. പരീക്ഷയോ ഇതു പരീക്ഷണമോ, എന്നറിയാതെ മാല എറിഞ്ഞുകൊടുത്തിട്ട്‌ ജീവനും കൊണ്ടോടുകയായിരുന്നു, ഞാൻ.

ഇത്തരം സമീപനങ്ങളോടും സാന്നിധ്യങ്ങളോടും പണ്ടേ എനിക്കു പേടിയാണ്‌. തലപോണ വിഷയത്തിൽ തലയിടാനൊട്ടും താൽപര്യമില്ല. വന്നേടം കൊണ്ട്‌ പല പെൺദൂഷ്യക്കഥകളും ഞാൻ കേട്ടിട്ടുണ്ട്‌.

കിളവനായ അറബിയറിയാതെ പുതുഭാര്യ യുവഡ്രൈവറുമൊത്ത്‌ കിടക്ക പങ്കിടുന്നതും, അറബിപ്പെണ്ണിന്റെ കാമഭ്രാന്ത്‌ പേടിച്ച്‌ ഓടിപ്പോയ മസ്‌റപ്പണിക്കാരന്റേതുമൊക്കെ അവയിൽ ചിലതു മാത്രം.

വന്നുകിട്ടിയാലും ചെന്നു മേടിച്ചാലും, പിടിക്കപ്പെട്ടാൽ ശിക്ഷ വരുത്തനുതന്നെ. എന്റെ സുഹൃത്ത്‌ ബെന്നിയുടെ അനുഭവം വ്യക്തമാക്കും.

”നീയിപ്പോ എന്റടുത്ത്‌ വന്നില്ലെങ്കീൽ... എന്ന നീ കേറിപ്പിടിച്ചെന്ന്‌, ബാബയോടു ഞാമ്പറയും... അപ്പോ, പോലീസ്‌ വന്ന്‌ നിന്നെ കൊണ്ടുപോകും... അറിയാലോ... ഞാമ്പറേണതനുസരിച്ചാ നിനക്ക്‌ നല്ലത്‌...“

തക്കം കിട്ടിയ ഒരറബിപ്പെൺകൊടിയുടെ വികാരരംഗമാണിത്‌. പ്രസ്തുത പ്രതിസന്ധഘട്ടം എങ്ങനെ തരണം ചെയ്തുവെന്ന്‌ ഞാനദ്ദേഹത്തോടു ചോദിക്കുന്നില്ല.

ഇവിടെ കാത്തുവെച്ചൊരു നിമിഷം വിനിയോഗിക്കും പോലുള്ള എന്റെ വീട്ടുകാരിയുടെ പെരുമാറ്റത്തിൻ പൊരുളറിയാതെ ഞാൻ വിഷമിച്ചു. അവളുടെ ഉദ്യമം ദുരുദ്ദേശപരമാകല്ലേ എന്നായിരുന്നു, എന്റെ പ്രാർത്ഥന.

നിയമത്തിന്റെ മുന്നിലിവിടെ വീർപ്പുമുട്ടുന്നവരാണു സ്ര്തീകൾ. സർവ്വാംഗം മറച്ചേ അന്യന്റെ മുൻപിൽ പ്രത്യക്ഷപ്പെടാവൂ. വെളിയിലുള്ള പ്രദർശനാനുമതി രണ്ടു കണ്ണുകൾക്കു മാത്രം.

എന്നാലോ സ്വന്തം വീട്ടുവളപ്പിൽവച്ച്‌ യാദൃശ്ചികമായെങ്ങാൻ ഇവളെയൊക്കെ കണ്ടുമുട്ടിയാൽ കോരിത്തരിച്ചുപോകും! അവരുടെ അവയവമുഴുപ്പും അവയൊതുങ്ങാത്ത വസ്ര്തധാരണവും അത്രമേലവരെ സെക്സിയാക്കുന്നു... പ്രധാനമായ പ്രസവാവധിപോലും അറബിപ്പെണ്ണിനാവശ്യമില്ല. ഏറിയാലൊരാഴ്‌ചത്തെ ഇടവേള. പാഴാക്കാനൊന്നും, അവർക്ക്‌ സമയമില്ല. സംഗതികളേതും വേഗത്തിൽ പൂർവ്വസ്ഥിതി പ്രാപിക്കയായി. അതറേബ്യയിലെ ആഹാരത്തിന്റെ ഗുണം. അന്തരീക്ഷശുദ്ധി.

പകലത്തെ പങ്കപ്പാടെല്ലാം കഴിഞ്ഞ്‌ പരിമിത പാർപ്പിടമണഞ്ഞാലത്തെ സ്ഥിതി ഏറെ പരിതാപകരമാണ്‌. നേരത്തെ പണി കയറിയ സമീപ മസ്‌റകളിലെ സുലൈമാന്റെ സദീക്കുകകൾ സൈക്കിളിൽ വന്ന്‌ ഞങ്ങളുടെ കൊച്ചു സാമ്രാജ്യം കയ്യടക്കീട്ടുണ്ടാകും. എന്റെ കിടപ്പിടത്തിൽ വൃത്തിഹീനർ കിടന്നുരുളുന്നത്‌, എങ്ങനെ ഞാൻ സഹിക്കും... ചിരീം... ചീട്ടുകളീം... വർത്തമാനോം... പാട്ടും... ആകെയലങ്കോലം, കോലാഹലം... എനിക്കാണെങ്കിൽ കൂട്ടില്ല, കളിയുമറിയില്ല. അവരുടെ കമ്പനിയിൽപ്പെട്ടു കഴിഞ്ഞാൽ ഞങ്ങൾക്കിരുവർക്കുമായുള്ള പാചകവേലയിൽ എന്നെ സഹായിക്കാൻപോലും സുലൈമാന്‌ താല്പര്യമില്ലാതാകും...

കഴുകാനോ കുളിക്കാനോ കഴിയാത്തതിൽ, അല്ലെങ്കിലേ കലികയറി നിൽക്കയാണ്‌ ഞാൻ. വന്നെത്തിയവരാണെങ്കിലോ ബംഗാളിയേ സംസാരിക്കൂ. ഹിന്ദിയിലാണെങ്കിലും സഹിക്കാമായിരുന്നു. എന്റെ പക്കലാണെങ്കിൽ പഴയ ആന്തമാൻ ശേഖരത്തിൽ ചില്ലറ ബംഗ്ലായേയുള്ളൂ.

നൊമഷ്‌ക്കാർ... കീ ദാദൂ, ബാളു ആഷേ... കീ വ്യാപാർ... അപ്പനാർ ബോലൂൺ... താർ പൊറെ...? സർബ്ബനാശ്‌... പിന്നെ, കേട്ടാലേറെ മാലും...

ബംഗ്ലാ ഗായിക റൂണാ ലൈലയുടെ പാട്ടും പരിചിതം.

പ്രിയബീവിക്കൊരു വിരഹക്കുറിയെഴുതാനോ ഒന്നു സ്വൈര്യമായിരിക്കാനോ... സാധിക്കില്ല... എന്റെ സമയം കൂടി അപഹരിക്കാൻ അപ്പോഴാകും ചിലർക്ക്‌ ഹിന്ദിയിൽ കത്തെഴുതി കൊടുക്കേണ്ടിവരിക. ഒരു മലയാളിയെ കിട്ടിയിരുന്നെങ്കിൽ.... തീറ്റാമായിരുന്നു... ചിരിപ്പിക്കാമായിരുന്നു. എന്ന്‌ എല്ലാ കലിയും കൂട്ടിച്ചേർത്ത്‌ ഞാനാശിക്കും. അത്താഴവും വെട്ടി, അർദ്ധരാത്രിയും കഴിഞ്ഞാകും ശല്യഗണങ്ങളുടെ മടക്കം. നിത്യേന ഇതാവർത്തിക്കയാണ്‌. രാത്രി ശാപ്പാടിന്‌ എങ്ങനെയും രണ്ടുമൂന്നുപേർ കാണും. വലിയ പാത്രത്തിന്‌ ചുറ്റും, വട്ടം കൂടിയിരുന്ന്‌ അറബികളെപ്പോലെ കയ്യിട്ടു വലിച്ചുവാരിയാണീ കൂട്ടരുടെ തീറ്റ. ഒപ്പം സംസാരവും. വായീന്ന്‌ പാത്രത്തിൽ വീണുകൊണ്ടിരിക്കും.

ഒരു മലയാളി എങ്ങനെയാണിതു പൊറുക്കുക...? പരമാവധി എന്നെ ദ്രോഹിക്കുക എന്ന സുലൈമാന്റെ പദ്ധതിയുടെ ഭാഗങ്ങളാണീ പരിപാടികളൊക്കെയും. അല്ലെങ്കിൽ അവനു ഞാനും ഒരുപോലെ പങ്കുവഹിക്കുന്ന ഭക്ഷണക്രമത്തിൽ പുറമെ നിന്നും ആളെ കൂട്ടുന്നതിന്റെ അർത്ഥമെന്താണ്‌...? അങ്ങനെ സഹികെട്ട്‌ ഒരു രാത്രിയിൽ ശേഷിച്ച ആഹാരക്കൂട്ടുകെട്ടിൽ നിന്നു കൂടി ഞാനവനോട്‌ വിട പറയുകയായിരുന്നു. ഭാരതപതാക വീണ്ടും ഞാൻ പൊക്കി കെട്ടി. അതവന്‌ ശരിക്കും നൊന്തു.

ഒരു കൊച്ചു പെട്ടിയുടെ വലുപ്പത്തിൽ റൂമിലുള്ള ഫ്രിഡ്‌ജും മറ്റും അവന്റേതാണെന്ന്‌ പണ്ടേയുണ്ട്‌ അവകാശവാദം. എന്റേതായി അതിലിരുന്ന ഹോർമ തന്ന കോഴിയും, പെപ്സിയും മുട്ടയും മുളകുമെല്ലാം, ആ രാത്രിയിലവനെടുത്ത്‌ പുറത്തെറിഞ്ഞു.

ഞാൻ തൊട്ടില്ല. കടുത്ത വാശിയോടെ അവനന്ന്‌ സദീക്കുകൾക്കെല്ലാം സ്വാദിഷ്ട സദ്യയൊരുക്കി; കുഴഞ്ഞു മറിഞ്ഞു. സംയമനം പാലിച്ച്‌ ഞാനന്ന്‌ സമ്പൂർണ്ണ പട്ടിണി കിടന്നു. ബന്ധം വഷളായെങ്കിലും ചുമതലാഭാരം അല്പം കുറഞ്ഞപോലെ. എനിക്ക്‌ എന്റെ കാര്യം മാത്രം നോക്ക്യാ മതിയല്ലൊ എന്ന ആശ്വാസവുമായിരുന്നു.

രണ്ടാഴ്‌ച കൂടുമ്പോഴോ മാസത്തിലൊരിക്കലോ കുഗ്രാമത്തിൽ നിന്നും അകലെയുള്ള ചെറുപട്ടണമായ സുബയ്‌ൽ ഖാലിദിന്റെ മകൻ അബ്ദുള്ളയാണ്‌, കാറിൽ ഞങ്ങളെ കൊണ്ടുപോകുന്നത്‌. അത്യാവശ്യം വേണ്ടതായ ഐറ്റംസ്‌ വാങ്ങാനാണീ യാത്ര. പറഞ്ഞേറെ ശല്യം ചെയ്താലേ, ഇതു സാധ്യമാകൂ.. അപ്പോൾ റൂമിൽക്കയറി ഞാനെന്റെ പൂർവ്വചങ്ങാതികളോട്‌ അറബിക്കോട്ടയിലെ എന്റെ അപൂർവ്വ നോവൽ, മിനിക്കഥയായ്‌ അവതരിപ്പിക്കും... അതിലും കഷ്ടത്തിലാണിവിടെ ഞങ്ങടെ കാര്യമെന്നവർ, കഥകളിറക്കുന്നു.

”അവിടെയാകുമ്പോൾ ശമ്പളത്തിനു പോക്കില്ലെ‘ന്നായിരുന്നു, സജീവിന്റെ കണ്ണുകടി. സുബയ്‌ലെ ഖാലിദിന്റെ ഉറക്കക്കമ്പനിയിൽ ഇതിനകം ഒന്നുരണ്ടു ബാച്ചുകളായി അഞ്ചെട്ടാളുകൾ കൂടി വന്നെത്തിയിരുന്നു. ദിവസങ്ങളോ തീയതിയോ ഒന്നും അറിയുന്നില്ല.... അന്വേഷിക്കാറുമില്ല. അതുകൊണ്ട്‌ കാര്യമൊന്നുമില്ലല്ലോ! എന്നാൽ വെള്ളിയാഴ്‌ച അതു ഞാൻ തൊട്ടറിയുന്നു. അബ്ദുള്ളയും അനുജൻ ഹമ്മദും ചേർന്ന്‌ ഒരു ലൊഡക്കു കാറിൽ മണൽക്കാട്ടിലെ പള്ളിയിൽ ഞങ്ങളെ ജുമാ നമസ്‌ക്കാരത്തിന്‌ കൊണ്ടുപോകും. അറബി തോബും, ഉറുമാലും കെട്ടിയവരെ മാത്രമേ ആ പള്ളിയിൽ കാണാറുള്ളൂ. സെയിൽസ്‌മാന്റെ വിസയിലെത്തി പന കയറുന്ന ഒരു കോഴിക്കോട്ടുകാരനെ ഞാനവിടെ കണ്ടുമുട്ടി. ആ സാധുവിന്റെ കരച്ചിൽ ഇന്നും, ഞാൻ കേൾക്കുന്നു.

നാട്ടുബദുക്കളും ചുറ്റുവട്ടത്തുള്ള മസ്‌റപ്പണിക്കാരായ വരവു ബദുക്കളും മാത്രം സമ്മേളിക്കുന്ന ഒരു പള്ളിയാണത്‌. പരിഷ്‌കൃതരെ കാണണമെങ്കിൽ പട്ടണത്തിലെത്തണം. മസ്‌റയിൽ ഈന്തപ്പനത്തടങ്ങൾക്കു ദാഹജലം പകർന്നു നിൽക്കെ ഒരു ദിവസം ഹസമാമ അടുത്തേക്കു വന്നു. പെട്ടെന്നുള്ള അവരുടെ പ്രത്യക്ഷപ്പെടൽ എന്തെങ്കിലും ആജ്ഞകളുമായിട്ടാകും. അന്നു പക്ഷേ ഏറെ മയമുള്ള സമീപനം! എന്റെ കൈപിടിച്ച്‌ വിരലുകൾ ഞൊടിച്ചുകൊണ്ട്‌ എന്തൊക്കെയോ അവരെന്നോടു പറയുന്നുണ്ട്‌. “ആ ബംഗ്ലാദേശി നിന്നെ. വല്ലാതെ എടങ്ങേറാക്കുന്നുണ്ടല്ലേ..” കൊള്ളാം. അതുപിന്നെ പറഞ്ഞിട്ടുവേണോ...? അവനെയേൽപ്പിക്കുന്ന ജോലിയുടെ സിംഹഭാഗവും എന്നെക്കൊണ്ടാണല്ലോ ചെയ്യിക്കാറ്‌. കണ്ടുവരുന്ന ഹസമാമ എത്രയോ തവണ എന്നെ മോചിതയാക്കിയിരിക്കുന്നു... എന്നിട്ടോ? അവനെ നിർത്തിക്കൊണ്ടു തന്നെ അരിശം തീർക്കും ഃ

“ഹാദാ... കർബാൻ... അബ്ദുർ റഹ്‌മാൻ ക്വയ്‌സ്‌...

ഞാനാണ്‌ നല്ലത്‌... അവൻ ചീത്തയാണെന്നും കേട്ടാൽ അവനടങ്ങിയിരിക്ക്വോ...? ഒന്നും ഉരിയാടാനാകാതെ, സ്തംഭിച്ചു നിൽക്കുകയാണ്‌ ഞാൻ.

”കൽഫ്‌... അവന്റെ ശല്യം ഞാനൊഴിവാക്കുന്നുണ്ട്‌...“

അതുകേട്ട്‌ അറിയാതെയാണ്‌ ഞാൻ ഒരടിയങ്ങ്‌ പൊങ്ങിപ്പോയത്‌. എന്റെ വിരലെണ്ണി കൊണ്ടു തന്നെ.

”മൂന്നു മാസത്തിനകം ആ ഹിമാറിനെ പറഞ്ഞു വിടണം... ഇൻശാ അള്ളാ...“

എന്ത്‌...?!

അവരുടെ ഉള്ളിലിരുപ്പ്‌ മുഴുവനുമറിഞ്ഞപ്പോൾ മേലോട്ടുയർന്നതിലും ശക്തിയോടെ ഞാൻ തറപറ്റി. എന്റെ നാവ്‌ വരണ്ടു. തല കറങ്ങി. അതൊരിക്കലും നടക്കാൻ പാടില്ല. എന്തെന്നാൽ - സുലൈമാൻ എന്ന വിരുതൻ ഈ പുലിവാലു മുഴുവനും ഒപ്പിക്കുന്നത്‌ ഖാലിദെന്ന ബദുവിന്റെ തടവിൽനിന്നും പുറത്തുചാടുക എന്ന ലക്ഷ്യത്തോടെയാണ്‌.

ദൂരെയേതോ മസ്‌റയിൽ പണിയെടുക്കുന്ന സുലൈമാന്റെ ജ്യേഷ്‌ഠൻ കൂടെക്കൂടെ വന്ന്‌ അവന്‌ ഓതിക്കൊടുത്തും, ഊർജ്ജം പകർന്നും പോകുന്നുണ്ട്‌. ഖാലിദിന്റെ കസ്‌റ്റഡിയിൽ നിന്നും വിട്ടുകിട്ടിയാലുടൻ വേറെ ഭേദപ്പെട്ട തൊഴിലിൽ കയറ്റാനുള്ള എല്ലാ ഏർപ്പാടുകളും തയ്യാറാക്കി നടക്കുകയാണവൻ. ഖാലിദാണെങ്കിൽ, അവനെ നല്ലരീതിയിൽ ഒഴുവാക്കുന്ന ലക്ഷണവുമില്ല... അതുതന്നെയാണവന്റെ മേൽഗതിക്കു തടസ്സവും. ആയതിനാൽ ഇവരുടെ ശിക്ഷ, അവന്‌ രക്ഷയാണ്‌. ഞാനിതൊക്കെയും ആരോട്‌, എങ്ങിനെയാണ്‌ പറയുക...?

ദുഷ്ടനെങ്കിലും ശത്രുവെങ്കിലും ഇവിടെ എന്റെ നിലനിൽപ്പുതന്നെ, ഒന്നോർത്താൽ അവന്റെ തണലിലാണ്‌. ആട്ടും തുപ്പും കേട്ട്‌ ആടിനെ മേയ്‌ക്കാനും അറബീടേം മക്കടേം തല്ലു കൊള്ളാനും കർബാനെങ്കിലും, ഇന്ന്‌ സുലൈമാനുണ്ട്‌. എന്നെയിപ്പോ, ക്വയ്‌സെന്നും, കോയസ്സനെന്നുമൊക്കെപ്പറയും...

അതുമാറാനധികം നേരം വേണ്ട. അറബിയല്ലേ വർഗ്ഗം... അവനെങ്ങാനില്ലാത്തപക്ഷം ഇക്കൂട്ടരുടെ മേടു മുഴുവൻ എന്നോടാകും... ആ നിലയ്‌ക്ക്‌ നീചാ, നിന്റെ വില ഞാറിയുന്നു. നീ, എന്റെ ബോഡീഗാർഡാകുന്നു. നീയതറിയുന്നുമില്ല... പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ...

അങ്ങനെ എനിക്ക്‌ ആരാധ്യനായ്‌ മാറുകയായിരുന്നു എൻ പ്രിയശത്രു!

Previous Next

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.