പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഈന്തത്തണലിൽ ഇത്തിരിനേരം > കൃതി

അൽഖർജിലെ അൽഖർണി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

റിയാദിലെ, കിങ്ങ്‌ ഖാലിദ്‌ ഇന്റർ നാഷണൽ എയർപോർട്ടിൽ യാത്രാ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ - ഐഡന്റിറ്റി സൂചകങ്ങളേന്തിയവരുടേയും അല്ലാത്തവരുടേയും തിരക്കായിരുന്നു. വരുന്നവരെ എതിരേൽക്കാൻ - മുന്തിയ കമ്പനിക്കാരുടേയും മറ്റും ആളുകളാണ്‌, അങ്ങനെയെത്തുക പതിവ്‌. തുക്കടാ പാർട്ടികളൊന്നും തിരിഞ്ഞു നോക്കാറില്ല. വരണവനെത്തിക്കൊള്ളും, ഓട്ടോമാറ്റിക്കലി!

എന്തായാലും എനിക്കധികം ആധിയില്ലായിരുന്നു. ഞങ്ങൾ മൂന്നാളുണ്ടല്ലോ എന്നതാണ്‌ അതിനു പ്രധാന കാരണം. ബോംബെയിൽ ‘മാഹിം’ലെ ട്രാവൽ ഓഫീസിൽവച്ച്‌ തലേന്നു രാത്രിയാണ്‌ മൂവരും തമ്മിൽ ഒത്തുചേരുന്നതും പരിചിതരാകുന്നതും. ഒരേ അറബിയുടെ അടുത്താണ്‌ ഞങ്ങൾക്കെത്തേണ്ടത്‌. തൃശൂർ ‘കൊമ്പത്തെക്കടവി’ലെ സുരേഷ്‌, തിരുവനന്തപുരം എടവായിലുള്ള സജീവ്‌ പിന്നെയീ ഞാനും ചേർന്നതാണ്‌ മൂവർസംഘം. ഇലക്‌ട്രീഷ്യനായ സുരേഷ്‌ - എക്സ്‌ ഗൾഫാണ്‌. കൂട്ടിന്‌ അങ്ങനൊരാളെക്കിട്ടിയത്‌ യാത്രാവൈഷമ്യങ്ങൾ ലഘൂകരിക്കാൻ ഏറെ സഹായകരമായി. ഏറെക്കാലമായി ബോംബെ ‘മലാഡി’ൽ സഹോദരിയോടൊത്തായിരുന്നു പ്ലമ്പറായ സജീവിന്റെ വാസം.

കൂട്ടാളികളുടെ ക്വാളിറ്റി കേട്ടറിഞ്ഞതോടെ ഒരു ചതി ഉറപ്പായി.... മെഡിക്കൽ നടത്തിയിട്ടുള്ള വിസ എനിക്കു നഷ്ടമായിരിക്കുന്നു! എങ്കിൽ ട്രേഡ്‌ രഹിതനായ ഞാൻ ഏതെടങ്ങേറിലാണ്‌ ചെന്നുപെടുക എന്ന ആശങ്ക ഏറുകയായിരുന്നു. പിന്നെ, പഴയ ആന്തമാൻ സമ്പാദ്യമായ്‌ എനിക്കും ഹിന്ദി വശമുണ്ട്‌ - ഇവരെപ്പോലെ. അതേയുള്ളൊരു സാമ്യബലം പറയാൻ. എടവനക്കാട്ടുകാരൻ ഒരു ഹംസയാണ്‌ - ബോംബെയിൽ ടങ്കർ സ്‌ട്രീറ്റിലെ ‘കൃപ’ ഇന്റർനാഷണലിൽ എന്നെ കൂട്ടിക്കൊണ്ടുവന്നത്‌. അവിടെ നിന്ന്‌ അന്നു തന്നെ കൃപയിലും വലിയവനായ അബു അലിയുമായി ബന്ധപ്പെടുകയും അറബി ഇന്റർവ്യൂ നടത്തുക വഴി ഹോസ്‌പിറ്റൽ ക്ലീനിംഗ്‌ വിസ തരപ്പെടുകയായിരുന്നു.

പ്രസ്‌തുത വിസയ്‌ക്കായ്‌ - ഡോക്ടർ പട്ടൺകർ വശം മെഡിക്കൽ നടത്തുകയും പറഞ്ഞപ്രകാരം പതിനയ്യായിരം കൈപ്പറ്റുകയുമായിരുന്നു, കൃപയിലെ സൂൽഫി - മുൻകൂറായി.

ഇനി വൈകില്ല, ടിക്കറ്റ്‌ ഓ.കെ.യാകുന്ന മുറക്ക്‌ അറീക്കാമെന്നുള്ള ധാരണയോടെയായിരുന്നു നാട്ടിലേക്കുള്ള മടക്കം. പ്രതിഫലമിത്തിരി കുറഞ്ഞാലും, തന്നാലാകണ തൊഴിലാകണേ എന്നതാണെന്റെ പ്രാർത്ഥന. ഹോസ്‌പിറ്റൽ വിസയിൽ യാതനയുടെ യാതൊരംശവുമില്ലെന്നും പേടിയ്‌ക്കേണ്ടെന്നും കണ്ടുമുട്ടിയ എക്സുകളുടെ അഭിപ്രായം കൂടി കേട്ടതോടെ ആശ്വാസം കൊള്ളുകയായിരുന്നു. എന്നാൽ മെഡിക്കലിലെന്തോ അൺഫിറ്റുണ്ടെന്നും പറഞ്ഞാണ്‌ ബോംബെക്കെന്നെ വീണ്ടും വിളിക്കുന്നത്‌. എന്നിട്ട്‌ കൃപയിലെ മൂർത്തി ഡോക്ടർ പട്ടൺകർ സമക്ഷം എന്നെ ഹാജരാക്കുന്നു... എന്തൊക്കേയോ കടലാസുപണികളും നടക്കുന്നു. ഒരു പിടിയും കിട്ടിയില്ലെങ്കിലും എന്തോ കള്ളക്കളിക്കു വിധേയനാകുമെന്ന തോന്നൽ എനിക്കുണ്ടായി. സംശയത്തോടെ ഞാനതു തിരക്കുകയും ചെയ്തു. എന്നാൽ, അങ്ങനെയൊന്നുമില്ലെന്നു തന്നെയായിരുന്നു പ്രതികരണം.

പിന്നെയും നാട്ടിലേയ്‌ക്ക്‌ പോന്നു. മാസങ്ങൾക്കുശേഷം വീണ്ടും വിളി വന്നു. അങ്ങനെയാണ്‌ പുറപ്പാട്‌. കുവൈറ്റ്‌ എയർ വെയ്‌സിൽ ഓഫറുകളുടെ കാലമായിരുന്നു, അത്‌. പത്തു ടിക്കറ്റിന്‌ ഒന്നു ഫ്രീ; അതോ അഞ്ചിനോ എന്നോർക്കുന്നില്ല. അതുകൊണ്ടാകാം - ഞങ്ങൾക്ക്‌ പാസ്‌ കുവൈറ്റ്‌ എയർവെയ്‌സിൽ ഏർപ്പാടാകാൻ കാരണം. കുവൈറ്റിൽ വന്നിറങ്ങി, അവിടെ നിന്നും മറ്റൊരു ഫ്ലൈറ്റിനാണ്‌ റിയാദിൽ ഞങ്ങളെത്തിയിട്ടുള്ളത്‌. അങ്ങനെ അന്തംവിട്ടു നിൽക്കുമ്പോൾ അതാ, രണ്ട്‌ അറബികളെത്തി ഞങ്ങളുടെ പാസ്‌പോർട്ട്‌ വാങ്ങുകയുണ്ടായി. അതോടെ ചെറിയൊരാശ്വാസം. എന്നാൽ അവർ ഏതോ ഏജന്റുമാർ മാത്രമായിരുന്നെന്നു വേണം പറയാൻ. കാരണം, പാസ്‌പോർട്ടുകളേൽപ്പിച്ച്‌ അവർ കിളവനായ ഒരു ഡ്രൈവർക്ക്‌ ഞങ്ങളെ കൈമാറുകയായിരുന്നു. അപ്പോൾ ഏതാണ്ടൊരേ ഭാഗത്തേക്കുള്ള യാത്രക്കാരെ കണ്ടെത്തുകയായിരിക്കാം അവരുടെ ദൗത്യം. യാത്രയ്‌ക്കിടെ അതു മനസിലാക്കാനായി. ഞങ്ങൾക്കെത്തേണ്ടത്‌ ‘അൽഖർജ്‌’ലാണ്‌. അൽഖർജ്‌ ഒരു കൊച്ചു നഗരസുന്ദരിയാണെന്നും അവളിപ്പോൾ വളർച്ചയുടെ പടവുകളിലാണെന്നുമെല്ലാം യാത്രാമദ്ധ്യേ കേട്ടറിഞ്ഞതോടെ ആരെങ്കിലും ചോദിക്കും മുമ്പേ പറയാൻ അഭിമാനവും അന്തസ്സുമായിരുന്നു - ഞങ്ങൾ അൽഖർജിലേക്കാണെന്ന്‌. യാത്രക്കാർ തികഞ്ഞു. കാർ അൽഖർജിലേക്കുള്ള പ്രയാണമാരംഭിച്ചു. രാത്രി - പകൽപോലെ. റിയാദ്‌ എയർപോർട്ടിൽ നിന്നും ഖർജിലേക്ക്‌ തൊണ്ണൂറ്റഞ്ച്‌ കിലോമീറ്റർ ദൂരമുണ്ടെന്ന്‌ റോഡരികിലെ ചൂണ്ടുപലക പറയുന്നു. ഓട്ടത്തിനിടയിലും യഥാസമയം - പാതയോരത്തെ മണലിൽ തന്നെ ഡ്രൈവർ നിസ്‌കാരം നിർവ്വഹിക്കുകയുണ്ടായി.

മണിക്കൂറുകൾ... ഞങ്ങളിപ്പോൾ അൽഖർജിലെ വീഥികളിലാണ്‌. ഇതിനകം പലരെയും കിളവൻ അതാതിടങ്ങളിൽ ഇറക്കുകയുണ്ടായി. കാർ ഓരം ചേർത്തു നിറുത്തിയിട്ട്‌ ഒരു സൂപ്പർ മാർക്കറ്റിലേക്കാണ്‌ അയാൾ ഞങ്ങളെ മൂന്നാളെയും വിളിച്ചു കൊണ്ടുപോയത്‌. അവിടെ ക്യാഷ്‌ കൗണ്ടറിലിരുന്ന അറബിയുടെ പക്കൽ ഞങ്ങളുടെ പാസ്‌പോർട്ടും ഏൽപ്പിച്ചു. കടയുടമ ഡ്രൈവർക്കു കൂലി കൊടുക്കുന്നതിനിടെ അവിടുത്തെ മലയാളികൾ സന്തോഷത്തോടെ ഞങ്ങളെ എതിരേൽക്കുകയായിരുന്നു. മലയാളിക്ക്‌ കണ്ടാലറിയാല്ലോ മറ്റൊരു മലയാളിയെ, എവിടെ വച്ചായാലും! ‘ഡ്രൈവർ വന്നില്ലേ... ഇന്നവൻ വന്നില്ലേ...?’ എന്നൊക്കെ ചോദിക്കുന്നുമുണ്ട്‌, അവർ. ഞങ്ങളാകപ്പാടെ ഒരു സ്വപ്നലോകത്തായിരുന്നു. കൊള്ളാം.. ഇവിടെയാണോ പണി...? ഇതെങ്ങിനെ സംഭവിച്ചു...ആ അപ്പം തിന്നാപ്പോരെ, കുഴിയെണ്ണണോ....? വേണ്ട. രക്ഷപ്പെട്ടു, എന്നു തന്നെ ഉറപ്പിച്ചു. ഇതൊക്കെത്തന്നെയാണല്ലോ - ഗൾഫിന്റെ മറിമായം! പറഞ്ഞുകേൾക്കുന്നതായിരിക്കില്ല, നേരിടേണ്ടിവരിക. ഗുണദോഷങ്ങളുടെ ഗതി - തിരിച്ചും മറിച്ചും പ്രതീക്ഷിക്കണം.

എന്നാൽ... ആ ഉൻമേഷത്തിനും ഉത്സാഹത്തിനും ആയുസ്സില്ലായിരുന്നു. കാറീന്ന്‌ ബാഗും മറ്റും എടുക്കാനായി തിരഞ്ഞനേരം കടയുടമ ഡ്രൈവറെ തിരിച്ചുവിളിച്ചു. അയാൾ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിഃ അതായത്‌ അദ്ദേഹത്തിന്റെ സൂപ്പർമാർക്കറ്റിലേക്ക്‌ ആൾക്കാർ വരാനുണ്ട്‌. പക്ഷേ, അത്‌ ഞങ്ങളല്ലെന്ന്‌ ചുരുക്കം. എന്നിട്ട്‌ കൊടുത്ത കൂലി ഡ്രൈവറിൽ നിന്ന്‌ തിരിച്ചു വാങ്ങുകയും ചെയ്‌തു കടയുടമ. ഒരൊറ്റ നിമിഷം കൊണ്ട്‌ - ഞങ്ങളനാഥരായ്‌; തെരുവിലേക്കിറങ്ങി പിന്നെയും.

ഞങ്ങളുടെ പാസ്‌പോർട്ടിന്റെ പിന്നിലെഴുതിയൊട്ടിച്ച അഡ്രസ്‌ നോക്കിയാണു കിഴവന്റെ നീക്കം. എന്നാൽ - ഇന്ത്യയിൽ നിന്നും ചെന്ന അറബ്‌, പാവത്തിനൊട്ടും പിടികിട്ടുന്നില്ലെന്നുറപ്പ്‌. സംശയിച്ചേറെ സഞ്ചരിച്ച ശേഷം, ആളെ മനസിലായ മട്ടിൽ പോക്കറ്റ്‌ റോഡരികിലെ ഒരു വീട്ടിലേക്ക്‌ ഞങ്ങളെ കൊണ്ടുപോവുകയായിരുന്നു. സഹിക്കാനാകാത്ത തലവേദനയും വിശപ്പും കൊണ്ട്‌ തലചായ്‌ക്കാൻ ഒരിടം കിട്ട്യാമതിയായിരുന്നെന്നായിരുന്നു അപ്പോഴത്തെ അവസ്ഥ. റോഡരികിലെ ഇരുനില കെട്ടിടത്തിനു മുന്നിൽ വിരിച്ചിട്ട കാർപെറ്റിൽ, നിറയെ വിഭവങ്ങൾ - ഖാവ, ഈന്തപ്പഴം, സുലൈമാനി...

ചെന്നതിലും പ്രായം കൂടിയ ഒരു കിളവനാണ്‌ അവിടെയുണ്ടായിരുന്നത്‌. അയാളുടെ കൈയ്യിൽ ഡ്രൈവർ ഞങ്ങളുടെ പാസ്‌പോർട്ട്‌ കൊണ്ടുപോയി കൊടുക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ - സന്തോഷം കൊണ്ടയാൾക്ക്‌ നിൽക്കക്കള്ളിയില്ലാതായി. തങ്ങളുടെ കീഴിൽ പണിക്കാരെത്തിയെന്നാൽ മറ്റുള്ളോരുടെ മുന്നിൽ അഭിമാനിയാണ്‌ അറബി. വീടിനു മുകളിലേക്കു നോക്കി അയാളെന്തൊക്കയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു. കൂലി കുറച്ചു കൊടുത്തതിന്റെ പേരിൽ പോകാതെ നിൽക്കയാണ്‌ ഞങ്ങളെ എയർപോർട്ടിൽ നിന്നും കൊണ്ടുവന്ന കിളവനറബി. ഒടുവിൽ മുകളിൽ നിന്നു തന്നെ വീട്ടുകാരന്റെ ആരോ എറിഞ്ഞുകൊടുത്ത പത്തു റിയാൽ കൂടി എടുത്തിട്ടാണ്‌ ഡ്രൈവർ പിരിഞ്ഞത്‌.

അറബി പെണ്ണുപിടിക്കാൻ പോയപോലെ എന്നു കേട്ടിട്ടേയുള്ളൂ. ഇതിപ്പോ - കാള പെറ്റെന്നു കേട്ടപാടെ കയറെടുക്കും മട്ടായിരുന്നു പിന്നീടെല്ലാം. കൂടെ തിന്നാനും കുടിക്കാനുമൊക്കെ കിളവൻ ഞങ്ങളെ ഒരുപാടു ക്ഷണിക്കുന്നുണ്ട്‌. എന്നാലോ, ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്കയാളോടു വെറുപ്പു തോന്നി. പിന്നെ, ആ പാവം ഡ്രൈവർക്ക്‌ മര്യാദയ്‌ക്ക്‌ കൂലികൊടുക്കാത്ത ഇവനോടൊത്ത്‌ ഇനി ജീവിക്കേണ്ടതെങ്കിൽ ഭംഗിയായതു തന്നെ. പറഞ്ഞ നേരം കൊണ്ടാണ്‌ - കിളവന്റെ മകനാണെന്നു തോന്നുന്നു, ഒരു ഹമ്മദ്‌ വണ്ടിയുമായി ചീറി പാഞ്ഞെത്തിയത്‌. വണ്ടി ഞങ്ങൾടെ ശരീരത്തു കൂടി കേറിയോ എന്നുപോലും പേടിച്ചു. ഒറ്റ ലോഡ്‌ സാധനങ്ങൾ കൊണ്ട്‌ വണ്ടി നിറഞ്ഞു - ബഡ്‌, തലയിണ, പുതപ്പ്‌... അവരുടെ തൊഴിലാളി ഹിന്ദിയൊരാൾ അടുത്ത്‌ ലോഡ്‌ജിലുണ്ട്‌. ആ കൂട്ടത്തിലേക്ക്‌ ചേർക്കാനാണ്‌ ഞങ്ങളെ കൊണ്ടുപോകുന്നത്‌. സുരേഷുണ്ടല്ലോ - കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരാൻ. അങ്ങനെ, ഞങ്ങളവിടെ മുമ്പേ വന്ന ബാംഗ്ലൂർ സ്വദേശി അബ്ദുള്ളയുടെ പിൻഗാമികളായിത്തീർന്നു. അന്നയാളുടെ ഭക്ഷണത്തിലൊന്നും പങ്കു കൊണ്ടില്ല. വിളിച്ചിട്ടും. തറയിൽ കിടക്കയിട്ട്‌ വേഗം കിടക്കുകയായിരുന്നു. നേരം വെളുത്ത്‌ അൽഖർജിനെ നോക്കി. കേട്ട പാട്ട്‌ മധുരം, കേൾക്കാത്ത പാട്ടോ അതിമധുരം എന്നാണല്ലോ! കേൾക്കാത്ത പാട്ടുപോലെ മനോഹരമായിരുന്നു ആ മരുനഗരം.

അബ്ദുള്ളയുമായി ഞങ്ങൾ ആശയവിനിമയം നടത്തി. അയാൾക്ക്‌ ഹിന്ദിയറിയാം. മാത്രമല്ല അറബും നന്നായി കൈകാര്യം ചെയ്യും. അബ്ദുള്ളയുടെ കഫീൽ (സ്‌പോൺസർ) ഈജിപ്തിൽ പോയിരിക്കുകയാണ്‌. രതിസുഖം തേടിയാണ്‌ അറബിയുടെ മിസിർയാത്ര ഏറെയും. കഫീൽ നാസറിന്‌ പല പദ്ധതികളുമുണ്ടെന്നും അതിനു മുന്നോടിയായാണ്‌ ഒരോഫീസ്‌ തുറന്ന്‌ അബ്ദുള്ളയെ പോസ്‌റ്റിംഗ്‌ നടത്തീട്ടുള്ളതെന്നുമൊക്കെ അയാൾ വ്യക്തമാക്കി. ഞങ്ങളെത്തിയ ലോഡ്‌ജിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തരം കിട്ടിയപ്പോൾ അബ്ദുള്ളയോട്‌ ഞാൻ കാര്യങ്ങളെല്ലാം വിശദീകരിച്ചു. കൂടെയുള്ള രണ്ടാളും തൊഴിലറിയാവുന്നവരാണെന്നും എന്റെ കാര്യത്തിൽ സഹായിക്കണമെന്നുമെല്ലാം ഓർമ്മപ്പെടുത്തി. അബ്ദുള്ള എന്നെ സമാധാനിപ്പിക്കും. “അതോർത്തൊന്നും ഭായി വിഷമിക്കേണ്ട... ഈ ഓഫീസിൽ തന്നെ ബോയ്‌ ആകാനുള്ള ഏർപ്പാട്‌ ഞാൻ ചെയ്‌തുതരും... പോരെ... നാസർ വരട്ടെ....” എന്നിട്ടയാളെന്നെ റൂം അറേഞ്ച്‌ ചെയ്യേണ്ടതും ക്ലീൻ ചെയ്യേണ്ടതുമായ വിധങ്ങളൊക്കെ പരിശീലിപ്പിക്കും. ശരീരം കൊണ്ട്‌ ചെറുതെങ്കിലും കൂട്ടത്തിൽ പ്രായംകൊണ്ട്‌ മൂപ്പെനിക്കായിരുന്നു. അക്കാരണത്താൽ തന്നെ അബ്ദുള്ളയ്‌ക്ക്‌ എന്നോട്‌ ബഹുമാനമായിരുന്നു. തുടർന്ന്‌ ദിവസേന അബ്ദുള്ളക്കൊപ്പം പോയി ഓഫീസിൽ ഓരോന്ന്‌ ചെയ്‌തുകൊണ്ടിരുന്നു ഞാൻ. ചെലവിനായ്‌ വീട്ടുകിളവൻ- നാസറിന്റെ ബാപ്പ ഒരു ചെറു സംഖ്യയേ ഞങ്ങൾക്കനുവദിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ കുബ്ബൂസും നീട്ടിയ കോഴിച്ചാറുമൊക്കെയാണ്‌ ഭക്ഷണം.

പിന്നെ, എടംവലം തിരിഞ്ഞാൽ കുശാൽ! എക്സ്‌പയർ ഡേറ്റ്‌ കഴിഞ്ഞതു തിന്നാൻ പേടിയാണ്‌ അറബികൾക്ക്‌. വിൽക്കുന്നവർക്ക്‌ ശിക്ഷയും. സഹമുറിയൻമാരായ സൂപ്പർമാർക്കറ്റ്‌ ജോലിക്കാർ കാർട്ടൺ കണക്കിനാണ്‌ മധുര പലഹാരങ്ങളും മറ്റും കൊണ്ടുവരുന്നത്‌, കാലഹരണപ്പെട്ട വസ്‌തുക്കളായി. നമുക്കെന്തു നോക്കാൻ... വെറുതെ കിട്ടുന്നതല്ലേ... ആർത്തിയോടെ വെട്ടി മിണുങ്ങും. അബ്ദുള്ളയും ഞാനുമിപ്പോൾ ചക്കരയും പീരയുമാണ്‌. ഓഫീസടച്ച്‌ സമയാസമയങ്ങളിലെ സല (നിസ്‌ക്കാരം)ക്ക്‌ പോകുന്നത്‌ ഞങ്ങളൊരുമിച്ചാണ്‌. സജീവും സുരേഷും വേറെ വഴി കറങ്ങി നടക്കും. ഇടയ്‌ക്ക്‌ ഞാനും കൂടും. വേണ്ടപ്പെട്ട രേഖകളൊന്നും കയ്യിലില്ലാതെയാണ്‌ അലച്ചിൽ. പാസ്‌പോർട്ടിന്റെ കോപ്പി മാത്രമേ ഓരോരുത്തരുടേയും പക്കലുള്ളൂ. അതു മതിയായ റെക്കാഡല്ല. പാസ്‌പോർട്ട്‌ കിളവന്റെ കൈവശമാണല്ലോ. ഒരു ദിവസം എന്തിനോ - വെറുതെ, എന്നോടു പേപ്പർ വാങ്ങി നോക്കുകയായിരുന്നു അബ്ദുള്ള. അതോടെ ഞെട്ടിപ്പിക്കുന്ന ഒരു സത്യം പുറത്തുവരികയായിരുന്നു. മുഖഭാവം കണ്ട്‌ കാര്യം തിരക്കിയപ്പോൾ അബ്ദുള്ള പറയുകയാണ്‌ഃ “ഇതിൽ അഡ്രസ്‌ വ്യത്യാസപ്പെട്ടാണല്ലോ, കാണുന്നത്‌... എന്താ പറ്റിയിരിക്കുന്നതാവോ...” എന്റെ സർവ്വ നാഡികളും തളർന്നു. ഇങ്ങനെയുണ്ടോ ഒരു പരീക്ഷണം...? എന്റെ മനോവിഷമം കണ്ട്‌ അബ്ദുള്ള എന്നെ സാന്ത്വനിപ്പിക്കയാണ്‌. “ഒരു പക്ഷെ നാസറിന്റെ ഭാര്യയുടെ ബന്ധത്തിലെ വല്ലവരുടേയും പേരിലാകാം വിസയെടുത്തിട്ടുള്ളത്‌. അതുകൊണ്ട്‌ നിങ്ങളമ്പരപ്പെടേണ്ട ആവശ്യമൊന്നുമില്ല....”

എന്നാൽ എനിക്കതൊട്ടും വിശ്വാസമായില്ല. അബ്ദുള്ള വളരെ കറക്ടായിട്ട്‌ രണ്ട്‌ അഡ്രസുകളും വായിച്ചു. അബ്ദുള്ളയുടെ പക്കലെ കഫീലിന്റെ അഡ്രസ്‌ ഃ നാസർ- സാലേ, അൽഖർണി... എന്റേത്‌ ഃ അലി-ബിൻ-അബ്ദുള്ള അൽഹർബി... ഏതായാലും അന്നു തന്നെ ഞങ്ങളുടെ അന്നം മുട്ടി, അതിൽ കൂടുതലെന്തു വേണം, ഞങ്ങളിവിടെയും അന്യർ എന്നതിന്‌! പിന്നെ, നാസർ ഉടനെ എത്തുമെന്ന അറിവു തന്നെ ആശ്വാസമായി. മരുഭൂവിലെ കുളിർകാറ്റു പോൽ. കിടപ്പാടം കാണിച്ച്‌ കടംകൊണ്ട തുക മുടക്കിയൊരു തൊഴിൽ തേടി വന്നവന്റെ ആശാഭിലാഷങ്ങൾ മരുക്കാറ്റിൽ പാറുകയായിരുന്നു... അകത്തോ പുറത്തോ...? പുറത്താകാൻ നൂറ്റൊന്നു ശതമാനം ഉറപ്പ്‌. എങ്കിൽ ഇനിയേതു പെരുവഴിയാണു ശരണം! ഏതായാലും ഈജിപ്തിനു പോയ രതിവീരൻ മടങ്ങിയെത്തി. റിസൽട്ടറിഞ്ഞു. അവിടെ - നാസറിനും വരാനുണ്ട്‌, ആമിലുകൾ. അതും മറ്റാരൊക്കെയാണ്‌. ഇതെന്തൊരു ഗതികേട്‌! പിന്നെ, വഴി തെറ്റിയെത്തിയ ഞങ്ങളെ സമീപത്തുള്ള ഒരോഫീസിലേക്ക്‌ കൈമാറ്റം ചെയ്യുകയായിരുന്നു, നാസർ അൽഖർണി. അവനോന്റെ സാധനങ്ങളൊഴികെ മറ്റൊന്നും എടുത്തുപോകരുതെന്നാണ്‌ കൽപന. ഉടമയാരെന്നറിയാതെ അടിമകൾ ഞങ്ങൾ സങ്കടം കൊണ്ടു നിൽക്കെ ഏതാനും കടലാസു ജോലികൾ പൂർത്തിയാക്കി ഓഫീസിലുള്ളവർ ഞങ്ങളെ മറ്റൊരു സങ്കേതത്തിലേക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു.

എന്നാൽ ഒരു സത്യം ഇവിടെ സൂചിപ്പിക്കാതെ വയ്യ ഃ ഞങ്ങളുടേത്‌, ഒറ്റപ്പെട്ട സംഭവമെന്നേ പറയേണ്ടൂ. കാരണം ഭാഷാപരിജ്ഞാനമോ മുൻപരിചയമോ ഇല്ലാത്ത രാജ്യത്ത്‌ എത്ര സുരക്ഷിതരായാണ്‌ യഥാസ്ഥാനങ്ങളിൽ നാം എത്തപ്പെടുന്നത്‌....! യാത്രപ്പടി പോലും ഈടാക്കാതെ. നമ്മുടെ നാട്ടിലാണിതെങ്കിൽ... എന്താണവസ്ഥ....?

Previous Next

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.