പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഈന്തത്തണലിൽ ഇത്തിരിനേരം > കൃതി

ഈന്തപ്പനയിൽ വിളയുന്ന മധുരനൊമ്പരസ്‌മൃതികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മമ്മു കണിയത്ത്‌

ഈന്തത്തണലിൽ ഇത്തിരിനേരം

ഗൾഫ്‌കാരന്റെ ആഗമന സുഗന്ധം പരന്നതെങ്ങനെയെന്നറിയില്ല... നേരം വെട്ടംവെച്ചതേയുളളൂ കടന്നൽക്കൂടെളകിയ മട്ടായിരുന്നു, സന്ദർശക വൃന്ദം...!

ഫോറിൻ ലുങ്കിയും സ്‌പ്രേയും മുതൽ വിസ ചോദിച്ചുവരെ ദേശവാസികൾ. കൂട്ടത്തിൽ കണ്ണായ പ്ലോട്ടുകൾ കാണാൻ ക്ഷണിച്ചു കൊണ്ടെത്തിയ പറമ്പു ബ്രോക്കർമാരുമുണ്ടായിരുന്നു.

വ്യാപാരത്തിനും കിന്നാരത്തിനുമെല്ലാം പറ്റിയ പരുവത്തിലാണല്ലോ ബാക്കിയുളേളാന്റെ ഗൃഹ-താപ നിലകളും. തലേലെരിയണ കനലീന്ന്‌ തീകായാനെത്തിയ പണ്ടാറക്കാലന്മാരോടെനിക്ക്‌ നല്ല പുന്നാരോയിരുന്നന്നേരം. എന്നിട്ടും വിനയപൂർവ്വമായിരുന്നു എന്റെ സമീപനം.

“വിസയൊന്നും ഞാൻ കൊണ്ടുവന്നില്ല. സാധനങ്ങള്‌ വാങ്ങാനും പറ്റീല്ല.. സ്ഥലത്തിന്റെ കാര്യം പിന്നീടാകട്ടെ..”

മാനം കാക്കണോല്ലോ. കാത്തുവച്ച്‌ അറേബ്യേന്ന്‌ കൊണ്ടുവന്നതീന്ന്‌ അഞ്ചാറീന്തപ്പഴോം കട്ടഞ്ചായേം കൊടുത്ത്‌ നല്ലവാക്കും പറഞ്ഞോരോന്നിനേം ഒഴിവാക്കിക്കൊണ്ടിരുന്നു. അല്ലാതെന്താ ചെയ്‌യ്യാ.. ഒളളതു പറഞ്ഞാൽ ഒരുത്തനും വിശ്വസിക്കില്ല.

അവൻ എടുപ്പത്‌ വാരിപ്പോന്നു. മറ്റുളേളാര്‌ പോയി നാന്നാകണോണ്ടുളള കണ്ണുകടിയാണെന്നേ കേൾക്കുന്നോൻ വിചാരിക്കൂ... എന്നാലീപ്പരാതിയിൽ കഴമ്പില്ലെന്ന്‌ തീർത്തുപറയാനും വയ്യ.

ചില ഗൾഫ്‌ വി.ഐ.പികളുടെ വിപുലമായ ദുഷ്‌പ്രചരണമാണ്‌ ഈ ധാരണക്കു പ്രേരകമാകുന്നത്‌.

തന്നെപ്പോലെ ഇനിയാരും പോയ്‌ സമ്പാദിക്കേണ്ടെന്ന ദുഷ്‌ടലാക്കോടെ സാദ്ധ്യതകളും സാഹചര്യവുമുണ്ടായിട്ടും സഹജീവിനെ സഹായിക്കാത്ത നിർഗുണരുടെ സംഖ്യ ചെറുതല്ല. അസൂയാർഹമായ സുഖസമൃദ്ധിയിൽ വിളഞ്ഞു നിൽക്കുമ്പോഴും-അന്യന്റെ ദുരന്തങ്ങൾ ആത്മകഥയായി വിസ്‌തരിച്ചും, ‘ഇല്ലളളാപ്പാട്ട്‌’ പാടിയും ഇവർ തടിയൂരുന്നു. ഇത്‌ ഫോറിൻ വാഴ്‌വിന്റെ ഉദാത്താംശം. അതിദാരുണമായ മറുവശം ഇപ്പോൾ-ഗൾഫ്‌ ജീവിത സമ്പന്നതയുടെ പഴയ ഏകമാനസ്വഭാവം തന്നെ നഷ്‌ടപ്പെടുത്തിയിരിക്കയാണ്‌.

ഗൾഫ്‌ ഉദ്യോഗാർത്ഥിയൊരുവൻ പ്ലെയിനേറിക്കഴിഞ്ഞാൽ രക്ഷപ്പെട്ടുവെന്ന മുൻകാലവിശ്വാസത്തിന്‌ കോട്ടം സംഭവിച്ചു കഴിഞ്ഞു. നന്മയിലേക്കുതന്നെയാണോ അവൻ ചെന്നിറങ്ങുന്നതെന്ന സംഗതി ഉറപ്പാക്കാനാകില്ല.

ഒരുപക്ഷെ കെണികളും നരകയാതനകളുമാകാം അവനെ കാത്തിരിക്കുന്നത്‌. അത്രക്ക്‌ കളങ്കപ്പെട്ടിരിക്കയാണ്‌ കാര്യങ്ങളെവിടെയും.

അങ്ങനെ പ്രവാസമെന്നത്‌ തീരാശാപമായും കലാശിക്കുന്നു; എനിക്കു പിണഞ്ഞതുപോലെ.

ഈടില്ലാതൊരു പത്തുർപ്പിക കിട്ടാൻ നിവൃത്തിയില്ലാത്ത സ്ഥാനത്തിന്‌ വൻതുക മുടക്കി അത്രയൊന്നും സ്വന്തമല്ലാത്തൊരുവനെ രക്ഷപ്പെടുത്താൻ തുനിയാന്നൊക്കെപ്പറയുന്നത്‌ മുതുപിരാന്താണെന്ന്‌ പിന്നിലോതി കൊളംകലക്കാനും ആളുകാണും.

ഇതൊക്കെയും മാനിച്ച്‌ സഫലമാകാതെയെങ്കിലും നടത്തിയ സഫറിന്‌ സഹായിച്ച സജ്ജനത്തോടെന്തു സമാധാനം പറയുമെന്നുളളതാണെന്റെ സങ്കടം.

സ്‌റ്റഡീടൂറിന്‌ പോകാനൊന്നുമല്ലല്ലോ ത്യാഗങ്ങൾ സഹിച്ചവരെനിക്കു വഴിയൊരുക്കിയത്‌. അതെനിക്കും നന്നായറിയാം.

സാമ്പത്തിക ഉന്നമനം ലാക്കാക്കി തന്നെയായിരുന്നല്ലോ എന്റെ പുറപ്പാടും. അല്ലാതെ സന്ദർശകനായി കാഴ്‌ചകൾ കാണാനോ സഞ്ചാരിയായി കുറിപ്പുകളെഴുതലോ ഒന്നുമായിരുന്നില്ല ലക്ഷ്യം. നന്നാക്കാന്ന്‌ ആരെങ്കിലും വിചാരിച്ചാലും നന്നാകാത്തതാണു ജന്മമെങ്കിൽപിന്നെ എന്തു പറഞ്ഞിട്ടെന്താ? ഒപ്പം അനുഭവിക്കാനുളേളാർക്കും വേണോത്രെ, യോഗം. തലേലെഴുത്ത്‌ നന്നായിരിക്കണോന്ന്‌ ചുരുക്കം. അല്ലെങ്കി-ക്കണ്ടില്ലേ?

കൊല്ലം പത്തുപതിനഞ്ചായി തോട്ടുംമുഖത്തെ പരീത്‌ ഗൾഫീപ്പോയിട്ട്‌. ആർക്കെന്തു പ്രയോജനം..! എഴുത്തൂല്ല പത്തുപൈസേയില്ല. ഇവ്‌ട പലാരുണ്ടാക്കി വിറ്റാണ്‌- വീപാത്തും പിളേളരും ഉപജീവനം നടത്തണത്‌.

എന്നാപ്പിന്നയാക്കിങ്ങ്‌ പോന്നൂടെ. വെല്ലനേർച്ചീണ്ടാ- ഗൾഫീപ്പോയ്‌ കെടക്കണോന്ന്‌.. ആ.. ആർക്കറിയാം.

അതേസമയം ഒറ്റട്രിപ്പുകൊണ്ടുതന്നെ സ്‌പോൺസറായ അറബിനേം മിണ്‌ങ്ങി കോടികളുടെ മൊതലും കടത്തിപ്പോന്ന്‌ നാട്ടുപ്രമാണികളായി വാഴുന്നവരുമുണ്ടല്ലോ, കൺമുന്നിൽത്തന്നെ...!

ഇത്തരം കൊലച്ചതിക്കാരും ഭാഗ്യവാന്മാരെന്നുതന്നെ വിളിക്കപ്പെടുന്നു. ഏതായാലും പോയ്‌വന്നോർക്കറിയാല്ലോ, അത്ര എളുപ്പത്തിലാരെയും കോടീശ്വരനാക്കുന്ന മറ്റുമായാജാലങ്ങളൊന്നുമവിടില്ലെന്ന്‌.

അപ്പോൾ പ്രവാസത്തിലെ ഭാഗ്യനിർഭാഗ്യങ്ങളുടെ മാനങ്ങൾ ഏറുകയാണ്‌.

ഞാമ്പറഞ്ഞല്ലോ-ബോംബെക്കെന്നെ കൂട്ടിക്കൊണ്ടുചെന്ന്‌ സുൾഫീടെ കൃപീല്ലാത്ത കൃപാ ഇന്റർനാഷണൽ ട്രാവൽസിനു കൈമാറുന്നത്‌ എടവനക്കാടൻ ഒരു ഹംസയാണെന്ന്‌. ഹംസമായ്‌വന്ന്‌ കംസനായ്‌ത്തീർന്ന അംസ, എന്റെ മഹല്ലീപ്പെട്ട അയാൾടൊരു ബന്‌ധു ഖാൽദിക്കാ നൽകിയ വീരഗാഥ ശ്രവിച്ചാണന്നീ കംസനെ ഞാൻ സമീപിക്കുന്നത്‌.

ഒരു മാസത്തിനകത്ത്‌ എന്നെ ഗൾഫിലെത്തിക്കണകാര്യം താനേറ്റെന്ന്‌ പ്രഥമസംഗമത്തിൽത്തന്നെ ഹംസമെനിക്ക്‌ വാക്കുതന്നു.

ഹോ- എന്തേ, ഞാനിത്ര വൈകീ..?

ഇവിടെയെത്താൻ ഞാനെന്തേ ഇത്രേം വൈകീ.. എന്ന കുറ്റബോധത്താൽ ഞാനങ്ങ്‌ വല്ലാണ്ടായി. അംസാ ആന്റ്‌ കമ്പനീടെ ജാദു-ജാലവിദ്യ എനിക്കു നന്നേ ഇഷ്‌ടപ്പെട്ടു.

അന്നൊക്കെ വിസക്കു പണോം കൊടുത്ത്‌ വർഷങ്ങളായിട്ടും പോകാനാകാതെ ജനം ബോംബെക്കെടന്ന്‌ നട്ടം തിരിയലേയുളളൂ.

മുടക്കുമുതൽ മാത്രമല്ല, തടിയും അപകടത്തിലാകലാണ്‌ പതിവ്‌. ആ സ്ഥാനത്തിതാ കാര്യങ്ങൾ ചടപടാന്ന്‌-ഫടാഫട്ട്‌!

ഇച്ചിരി കഞ്ഞിവെളളം.. ച്ചിരി വൈക്കോല്‌... ന്നൊക്കെപ്പറഞ്ഞ ലാഘവത്തിലെടുക്കാവുന്നതേയുളളൂ വ്യവസ്ഥകളും. അതായത്‌ സൂചിപ്പിക്കുന്ന ചെറുസംഖ്യേം ചുമന്ന്‌ ഇവടന്ന്‌ ബോംബേൽ ചെല്ലണ്‌... അപ്പത്തന്ന വിസയെടുത്ത്‌ മെഡിക്കൽ നടത്തിത്തർവേണ്‌..

അഡ്വാൻസ്‌ ചോദിച്ച പതിനഞ്ചോ ഇരുപതോ കൊടുക്കണം. പിന്നെ പറഞ്ഞ ദിവസത്തിനുളളിൽ ശേഷക്രിയകളും നടത്തികേറ്റിവിടേണങ്ങാട്‌...

ഒരു വിഘ്‌നോം കൂടാതെയെത്താം- സ്വർഗ്ഗനരകങ്ങളിൽ!

ഇക്കാലത്ത്‌ ഇത്രേംനല്ല മൻഷേരുമുണ്ടല്ലോ-എന്നാരും പറഞ്ഞുപോകും. അത്രയ്‌ക്ക്‌ സുഗമവും... സുന്ദരവും... പോരാ, ശുദ്ധവുമായ പാർട്ടിക്കാര്‌.

ഹംസ പറഞ്ഞുവിട്ട്‌ പിന്നീട്‌ ഹലാക്കിലായ മുൻഗാമികളാം ഹതഭാഗ്യരുടെ ലിസ്‌റ്റും കൂടി നിരത്തിയതോടെ കമിഴ്‌ന്നടിച്ചു വീഴുകയായിരുന്നല്ലോ ഞാനും.

നേരെവാ നേരേപോന്നാണിവരുടെ സേവനലക്ഷ്യമെന്ന്‌ പ്രത്യക്ഷത്തിൽ വിലയിരുത്തിയെങ്കിൽ- റോങ്ങ്‌!

ചതിയുടെ പുതുപുത്തൻ ശൈലികൾ പയറ്റുകയാണിവരും.

മഹാനഗരത്തിലെ നക്ഷത്രഹോട്ടൽ മുറിയിൽവച്ച്‌ അറബീടെ സാന്നിദ്ധ്യത്തിൽ വിസയും പേരുകേട്ട ഡോക്‌ടറുടടുത്ത്‌ന്ന്‌ മെഡിക്കലും നടത്തുന്നതോടെ, ഏതാണ്ടൊക്കെ നടക്കും എന്നുതന്നെയാകും ഉദ്യോഗാർത്ഥിയുടെ വിചാരം.

സംഖ്യ മുഴുവനും കയ്യോടെ കൊടുത്താലും തെറ്റില്ലെന്നുവരെ തോന്നിപ്പോകും..

യാത്രാ പരിപാടിയുടെ പ്രഥമഘട്ടം വിജയകരമാംവിധം ഉറപ്പായ നിലക്ക്‌ അഡ്വാൻസും കൊടുത്ത്‌ ഉടനെ വിളിക്കുമെന്ന വാക്കും വിശ്വസിച്ച്‌ നാട്ടിൽ വന്ന്‌ കാത്തിരിപ്പും തുടങ്ങുന്നു..

ടിക്കറ്റൊക്കെയാകേണ്ട താമസമല്ലേയൂളളൂ. എന്തിനു പേടിക്കണം..

ട്രാവൽസ്‌കാരിങ്ങനെ മെഡിക്കൽ നടത്തി അഡ്വാൻസും മേടിച്ച്‌ ഒന്നുരണ്ടെണ്ണത്തിനെയൊന്നുമല്ല പറഞ്ഞയച്ചിട്ടുളളത്‌. നിരവധി നിരവധികാണും. ഇങ്ങനെ സ്വരൂപിക്കുന്ന വൻതുകകൊണ്ടാണിവരുടെ കളി.

കാൻഡിഡേറ്റിന്റെ കൺമുന്നിലാടിയ മെഡിക്കൽ നാടകവും മറ്റും വെറും പ്രഹസനമായ്‌ മാറുകയാണ്‌..

വിശ്വാസവഞ്ചനയറിയാതെയെങ്കിലും കാലദൈർഘ്യത്താൽ മുമ്പ്‌ മുൻപുളേളാർ പ്രശ്‌നമുണ്ടാക്കിത്തുടങ്ങുന്ന മുറക്കാണ്‌ പിന്നെക്കണ്ടവനെ കിട്ട്യ വിസേൽ കേറ്റി വിടണത്‌. അവർക്കെന്തു നോക്കാൻ..?

കാലതാമസത്തിനുളള കാരണമായ്‌ ചൂണ്ടിക്കാണിക്കാൻ ഓഫീസ്‌ തടസങ്ങളും കടലാസ്‌ തകരാറുകളുമെന്ന പതിവു പല്ലവിയും. അതാണല്ലോ എനിക്കും പറ്റ്യപറ്റ്‌.

അന്ന്‌ കൃപക്കാർ അബുഅലിയിൽ അറബി നടത്തി ഇന്റർവ്യൂവിൽ എന്നെ ഹാജരാക്കി ഹോസ്‌പിറ്റൽ വിസ സംഘടിപ്പിക്കയായിരുന്നല്ലോ.

പ്രാഥമിക ചടങ്ങുകളും നടത്തി നാട്ടിൽ വന്നു കാത്തിരിപ്പും തുടങ്ങി. പറഞ്ഞപോലെ പദ്ധതി നീങ്ങാത്തതിൽ ഞാനാകെ വിഷമിച്ചു.

ഐശ്വര്യാനഗറിൽ സുൽഫിയെത്തേടിയും എടവനക്കാട്‌ ഹംസാനെ അന്വേഷിച്ചും നടപ്പോടുനടപ്പുതന്നെ.

ശല്യം മൂത്തതോടെ ബോംബേന്ന്‌ വിളിവന്നു. മെഡിക്കലിൽ ചില്ലറ കുഴപ്പമുണ്ടെന്നും അതൊന്ന്‌ ക്ലിയർ ചെയ്യാനായി എത്തണമെന്നുമാണ്‌ സമാചാരം.

ഞാനെത്തിയപ്പോൾ മുൻനിശ്ചയം പോലെയാണ്‌ കൃപയിലെ മൂർത്തി മെഡിക്കൽ നടത്തിയ ഡോക്‌ടർ പട്ടൺകറുടെ സന്നിധിയിലെന്നെ കൊണ്ടുചെന്നത്‌. അയാളുടെ സമക്ഷം എന്തോ കളളക്കളിയാണവിടെ നടക്കുന്നതെന്ന്‌ എന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു. മൂർത്തിയോട്‌ ഞാനാക്കാര്യം എടുത്തുചോദിച്ചപ്പോൾ അങ്ങനെയൊന്നും തെറ്റിദ്ധരിക്കേണ്ടെന്നവർ ആണയിട്ട്‌ പറയുകയാണുണ്ടായത്‌.

യഥാർത്ഥത്തിൽ മറ്റു വിസയിലേക്ക്‌ ആ മെഡിക്കൽ പേപ്പേഴ്‌സ്‌ ചെയ്‌ഞ്ച്‌ ചെയ്യുകയായിരുന്നു. സത്യം മനസ്സിലാക്കാൻ ഏറെ വൈകി. പിന്നീട്‌ എന്നിൽ നിന്നു തട്ടിത്തെറിപ്പിച്ച ഹോസ്‌പിറ്റൽ വിസയുടെ മേന്മകൂടി കണ്ടറിഞ്ഞപ്പോൾ മൂർത്തിയോടെനിക്കുളള രോഷം ഏറുകയായിരുന്നു. എന്നോടവനന്ന്‌ ഒരു വാക്ക്‌ സൂചിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലുമെനിക്കീ ഗതിവരില്ലായിരുന്നു.

പുരാവൃത്തങ്ങളോരോന്നുമോർത്ത്‌ ഉറക്കം വരാതെ കിടക്കുമ്പോൾ വെല്ലോണോം നേരോന്ന്‌ വെളുത്തുകിട്ടീരുന്നെങ്കാ ഹംസാനെച്ചെന്ന്‌ രണ്ട്‌ തെറ്യേങ്കിലും വിളിക്കാമായിരുന്നെന്നോർക്കും. അതോണ്ട്‌ ഫലോന്നൂല്ല. പളളീലേക്കെടുത്ത മയ്യത്തുപോലെ പോയതുപോയി. എന്നാലും വെറുതെയൊന്ന്‌ വെരട്ടാന്നുമാത്രം. മനഃശാന്തിക്കുതകിയാലോ.

ഒന്നോർത്താൽ -ഗൾഫിലെത്തുന്നോൻ ഗുണദോഷങ്ങളിൽ ചെന്നുപെടുന്നതിൽ അയക്കുന്ന ഇങ്ങേയറ്റത്തുളേളാന്‌ വല്ല്യേ പങ്കൊന്നൂല്ല.

യാദൃശ്ച്യാ ഗുണത്തിലായെന്നാൽ വീമ്പിളക്കാമെന്നുമാത്രം. നല്ലതെന്നു വിചാരിച്ചത്‌ കെട്ടതാകാനും മോശമെന്നു നിനച്ചതു മെച്ചപ്പെട്ടതാകാനും മതി. അതാണ്‌ ഗൾഫ്‌!

ഇതൊക്കെ നേരിട്ടറിഞ്ഞ വസ്‌തുതകൾതന്നെ. എന്നാൽ-എന്റെ കാര്യത്തിൽ തർക്കത്തിന്‌ വോയ്‌സുണ്ട്‌. മെഡിക്കൽ നടത്തിയ വിസമാറ്റുക വഴി വിശ്വാസവഞ്ചനയാണ്‌ ചെയ്‌തിട്ടുളളത്‌. അതുകൊണ്ടുതന്നെ ഹംസാനെച്ചെന്നു കണ്ട്‌ ഞാൻ എതിർപ്പിന്റെ സ്വരമറിയിച്ചു. മുന്നറിയിപ്പും താക്കീതും നൽകി.

“സുൽഫിയെക്കാണട്ടെ... എന്തെങ്കിലും പരിഹാരമുണ്ടാക്കാം..... ”

എല്ലാത്തിനുമായ്‌ക്കിട്ടിയ മറുപടിയാണത്‌. പാഴ്‌വാക്കാണതെന്ന്‌ പണ്ടേ എനിക്കറിഞ്ഞുകൂടെ.

അതുകൊണ്ട്‌ ഞാനയാളെ പിന്നീടന്വേഷിച്ചൊന്നും പോയില്ല. പോക്കുവര വേറെ നടത്തിയിട്ടും ഗതിയില്ലാത്തൊരെക്‌സ്‌ ഗൾഫാണയാളും. നടന്ന്‌ വെറുതെ പ്രഷറ്‌ കൂട്ടിട്ടോ ചെരിപ്പ്‌ തേഞ്ഞിട്ടോ ക്യാഫലം?

വല്ലപ്പോഴുമെങ്കിലും വന്നുകിട്ടുന്ന ലീവ്‌ ചാൻസിൽ ഞാൻ പഴയ കണ്ടക്‌ടർ വേഷം തുടരുകയും ചെയ്‌തു.

വണ്ടീല്‌ വച്ചും മറ്റും ഹംസാനെക്കണ്ടാലും ഞാൻ കണ്ടില്ലെന്നു നടിക്കും. മിണ്ടാറുമില്ല..

എന്നാലും എന്നെപ്പറ്റിച്ചവനാണല്ലോന്ന തോന്നൽ- അതു വിട്ടുമാറില്ല.

അങ്ങനെയിരിക്കെ തികച്ചും യാദൃശ്ചികമായാണ്‌ ഒരുനാൾ ദേവസ്വം നടയിൽ വച്ച്‌ രണ്ടു തിരുടന്മാരെ കണ്ടുമുട്ടാനിടയായത്‌. ഓട്ടം കഴിഞ്ഞ്‌ ബസ്സിന്‌ ഡീസലടിക്കുന്ന നേരം. ഏതാണ്ട്‌ എട്ടുമണി രാത്രി.. പമ്പിലെ കൗണ്ടറിൽ പണമടക്കാനുളള തത്രപാടിലാണ്‌ ഞാൻ. സംസാരിച്ച്‌ ചിരിച്ച്‌ നീങ്ങുന്ന വിരുതന്മാരുടെ ലക്ഷ്യം ബാറാണ്‌. ഹംസയും കർണ്ണാടകക്കാരൻ മൂർത്തിയുമായിരുന്നു ആ ഇരുവർ! അത്‌ വിശ്വസിച്ചുറപ്പിക്കാൻ നന്നേ പാടുപെട്ടു. ഇത്തരമൊരു സാഹചര്യമൊത്തുവന്നാൽ എന്തെല്ലാം പ്രവർത്തിക്കാം. പക്ഷെ, ഒന്നിനും മനസ്സുവരുന്നില്ല.

അവടോംകഴിഞ്ഞ്‌.. അമരോം കഴിഞ്ഞു. എന്തൂട്ടാനിയിപ്പോ.. ചോദിക്ക്വാ.. ബാക്ക്യൊളേളാന്നാറും... അങ്ങാടെങ്ങാൻ പോട്ടെ... എങ്കിലും, ചതിയനായ മൂർത്തിയെ ജന്മനാട്ടീക്കിട്ടീട്ട്‌... ഛെ, മോശം..

മനോബലം തിരിച്ചുകിട്ടിയ നിമിഷം ഞാനോടിച്ചെന്ന്‌ അവന്റെ കൈക്ക്‌ പിടിച്ചു. എന്നിട്ട്‌ - ‘ഓർമ്മയുണ്ടോ ഈ മുഖ’മെന്ന മട്ടിൽ.

“എന്താ അറിയ്യ്വോ...?”

എവടന്ന്‌.. മണപ്പുറത്തുവച്ചുകണ്ട പരിച്യം പോലൂല്ല.. അതിനവൻ ആലുവയിൽപ്പോയിട്ടുവേണ്ടേ.. എന്നു ഞാൻതന്നെ തിരുത്തി.

“നീയെന്ന മറക്കാറായിട്ടില്ലല്ല... ഒന്നോർത്ത്‌ നോക്ക്‌...”

ഗൾഫീപ്പോകാൻ ബോംബേല്‌ സുൽഫീടടുത്ത്‌ വർഷങ്ങൾക്കുമുൻപ്‌ ചെന്നുപെട്ട ഉദ്യോഗാർത്ഥിയാണു മൂർത്തി. സാഹചര്യങ്ങളൊടുവിൽ മൂർത്തിയെ സുൽഫീടെ സിൽബന്ധിയാക്കി മാറ്റുകയായിരുന്നു.

നേരിട്ടല്ലെങ്കിലും എന്നോടവൻ ചെയ്‌ത ചതി എങ്ങനെ ഞാൻ മറക്കും, പൊറുക്കും... കാര്യങ്ങൾ ഗ്രഹിക്കാനായതുമുതലുളള കലിയാണെനിക്കവനോട്‌.

കർണ്ണാടകക്കാരനെങ്കിലും കാലങ്ങളായുളള സുൽഫീ സേവനംകൊണ്ട്‌ മലയാളമെന്നല്ല മിക്ക ഭാഷകളുമറിയുന്നവനാണ്‌ മൂർത്തി. എന്നിട്ടും ഞാൻ പറഞ്ഞതു മനസ്സിലാകാത്ത മട്ടിലുളള അവന്റെ നാട്ട്യം എന്നെ ചൊടിപ്പിച്ചു. എന്നിട്ടവൻ ഹിന്ദീല്‌ ഹംസാനോടൊരു ചോദ്യം.

ഇവനെന്താ യീപ്പറേണേന്ന്‌..

തെറിയിൽമുക്കി ഹിന്ദിയിലതിന്‌ ഞാനാണവനുളള മറുപടി കൊടുത്തത്‌.

“നീയൊക്കെച്ചേർന്നെന്നെ രമണ വിസേക്കേറ്റി വിട്ടത്‌ മറന്നല്ലേടാ, തെണ്ടീ.. ശരിയാക്കിത്തരും.. കുത്താക്കാ ബച്ഛാ..”

കിട്ടേണ്ടത്‌ കിട്ട്യേപ്പോ- എത്രപ്പെട്ട്‌ന്നാണെന്നോ കാര്യങ്ങളവനോടിത്തിരിഞ്ഞത്‌.

“ഭായീ.... ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല. എന്നോടു ക്ഷമിക്കണം...”

അവൻ ആ സുൽഫി പറഞ്ഞതനുസരിച്ചെന്നല്ലാതെ, ഒന്നിലും എനിക്കൊരു പങ്കൂല്ല. സത്യം.. “

ഒന്നും എനിക്കറിയണ്ട... നീയന്ന്‌ അവനെ അനുസരിച്ചെങ്കി ഇന്ന്‌ നീ എന്നെ അനുസരിക്കുന്നു. അത്രേയുളളൂ.

സംസാരം മൂർച്ച പ്രാപിച്ച നേരത്തായിരുന്നു സഹപ്രവർത്തകരുടെ അന്വേഷണോം വിളീം. അതോടെ എടുത്ത പണി പൂർത്തിയാകാതെ ഓടിക്കേറി, വണ്ടീം വിട്ടു.

എങ്കിലും ഡ്രൈവർ ജോർജ്‌ പിടികൂടി. അയാൾക്കറിയണമായിരുന്നു എന്താ വിഷയോന്ന്‌. ആശാനൊരു പ്രത്യേക ടൈപ്പാ. അയാളൊരു മൊശടനാണെന്നാണ്‌ പൊതു ധാരണ. ശരിയല്ലത്‌. അതറിയാണോങ്കി ജോർജിനോടെടപഴകണം. അങ്ങോട്ടൊന്നിനുമില്ലാത്തോൻ ഇങ്ങോട്ടു വന്നാൽ വിട്ടുകൊടുക്കുന്നതെന്തിന്‌..! അങ്ങനൊരു പൗരുഷം അയാൾക്കുണ്ടെന്നുമാത്രം.

സംഭവമേതാണ്ടറിയാവുന്ന ജോർജാന്റ്‌ ടീമിനോട്‌ ഞാൻ പറഞ്ഞുഃ ”എന്റെ പഴേഝനോവഞ്ഞലിലെ രണ്ടു കഥാപാത്രങ്ങളാണ്‌. ഓർക്കാപ്പുറത്ത്‌ കണ്ടുമുട്ട്യപ്പോ രക്തം തിളച്ചുപൊന്തി... സാരൂല്ല...

സംഗതിയുടെ പൊരുളറിഞ്ഞപ്പോൾ കൂട്ടുകാർ ചേർന്നെന്നെ തല്ലാത്ത പണി മുഴുവൻ കഴിച്ചു. വണ്ടി നിറുത്തി ഓടിനടന്ന്‌ അവിടമാകെ അരിച്ചുപെറുക്കി. അവരെ കണ്ടെത്താനായില്ല.

“നല്ല അവസരോല്ലേർന്ന്‌.. വിട്ടുകളഞ്ഞില്ലേ.. ബാത്ത്‌ ഹിന്ദീലാകയാൽ കുച്ഛ്‌ മാലും നഹി പഡാ! അല്ലെങ്കി ഞങ്ങളെടപെടൂല്ലേ... അടപ്പെളക്കൂല്ലേ...”

ഓരോന്നും പറഞ്ഞവരെന്നെ ചവിട്ടിക്കൂട്ടുകയായിരുന്നു. അവര്‌ പറേണേലും ന്യായൂണ്ടെന്നെനിക്കും തോന്നാതിരുന്നില്ല. ങാ... എങ്കിലും പോട്ടെ.. പോയ്‌തൊലയട്ടെ..

ഷെഡ്‌ഡിലേക്കുളള വണ്ടി ഗൗരീശ്വരത്തെത്ത്യേപ്പോ- അവരതാ കിഴക്കുവശത്തെ ചെരിപ്പു കടടടുത്ത്‌ നിക്കേണ്‌... വീണുകിട്ടിയ ഊർജ്ജോംകൂടി സംഭരിച്ച്‌ ചാടിയിറങ്ങി രണ്ടെണ്ണത്തിനേം ഞാൻ തടഞ്ഞുവച്ചു. ഒച്ചേം ബഹളോം കേട്ട്‌ പറഞ്ഞനേരം കൊണ്ടാണ്‌ അമ്പലനടേലാളു നെറഞ്ഞത്‌.

എന്തിനേറെ- സംഗതി പുലിവാലായെന്നല്ലേ പറയേണ്ടു. അത്രയ്‌ക്കു കുഴപ്പമായിരുന്നു- കാര്യത്തിന്റെ കിടപ്പു മനസ്സിലാക്കിയ ജനവിധി.

“മമ്മൂക്കാനെ ഞങ്ങക്കറിയാം.. അങ്ങേര്‌ട പണം, ദിവടങ്ങാട്‌ വെച്ചെട്ടെയ്‌ പോയാമതി. ഒന്നും പറേണ്ട... ഇത്‌ സ്ഥലം വേറ്യാ..”

താനടക്കമുളേളാരെയെല്ലാം സൂയ്‌പ്പാക്കി സുൽഫി മുങ്ങീന്നും ഹംസാഭായ്‌നോടന്വേഷിച്ച്‌ വല്ല വിവരോണ്ടോന്നറിയാൻ വന്നതാണെന്നുമൊക്കെ ആണയിട്ടും കരഞ്ഞും പറയുന്നുണ്ടായിരുന്നു മൂർത്തി.

ഈ കണ്ണീരും കളേളാമൊന്നും ഇവിടെ ചെലവാകില്ലെന്നും ഇനീം ആരെയൊക്കയോ കുഴീലെറക്കാനാണിവരുടെ പുറപ്പാടെന്നുമായിരുന്നു കൂടിയ ജനത്തിന്റെ കണ്ടെത്തൽ. ചൊട്ടക്ക്‌ സമ്മതിക്കുന്നില്ല ഒരാളും. ഇരുതിരുടരെയുമൊഴിവാക്കാൻ ഞാനവരുടെ കാലുപിടിക്കേണ്ടിവന്നെന്ന്‌ പറഞ്ഞാമതിയല്ലോ.

“ഞാമ്പറേണതൊന്ന്‌ കേൾക്ക്‌... തിരിച്ചൊന്നും കിട്ടാൻ വകുപ്പില്ലാത്ത കേസ്സാ.. ഇവന്മാരെന്നെ പറ്റിച്ചെന്നത്‌ വാസ്‌തവം. പക്ഷെ, ഇനിയൊന്നും പറഞ്ഞിട്ട്‌ കാര്യൂല്ല....എങ്കിലും എന്റെ കണ്ണീവന്നു പെട്ടപ്പോ സഹിക്കാനായില്ല. എന്നാലാ​‍ും, പോട്ടെ.. ആരും ഉപദ്രവിക്കരുതവരെ..”

എന്റെ അപേക്ഷ പെട്ടെന്ന്‌ സ്വീകാര്യമായില്ലെങ്കിലും സാവധാനമവരുടെ മനോവീര്യം ചോരുകയായിരുന്നു. എങ്കിലും എന്തെങ്കിലുമൊരു ധാരണ വേണമെന്നുതന്നെ പലരും ശഠിച്ചു.

അടുത്ത ദിവസം രണ്ടുമൂന്നാളുകൾ തന്റെ വീട്ടിൽ ചെന്നാൽ ഫലപ്രദമായ നടപടിയുണ്ടാക്കാമെന്ന്‌ അതോടെ ഹംസ ഉറപ്പുതന്നു.

അങ്ങനെ നാട്ടുകാരുടെ വെറുപ്പു സമ്പാദിച്ചുകൊണ്ടാണാ ശിങ്കിടികളെ രണ്ടിനേം രക്ഷപ്പെടുത്തിവിട്ടത്‌.

ഹംസാടെ ഉടമ്പടീം കേട്ടങ്ങോട്ട്‌ ചെന്നിട്ടൊരു പ്രയോജനോമില്ലെന്നത്‌ ഏതു പുളളക്കാണറിയാത്തത്‌.

എന്നാലും ജോർജിനൊരു വാശി. നമ്മൾ വാക്കുപാലിക്കണം. ഒപ്പം എന്താണു പറയുന്നതെന്നും അറിയാല്ലോ.

ശരി.

അങ്ങനേണ്‌ ഞാനും ജോർജും പിന്നെ അതിലും വെഷംകൂട്യ വേറൊന്നിനേം കൂട്ടി അയാളുടെ വീട്ടിച്ചെല്ലുന്നത്‌.

ഊട്ടിലെ പഞ്ഞം കണ്ടറിയാൻ തന്നെയാണ്‌ ഉണ്ണി ഞങ്ങളെ ക്ഷണിച്ചത്‌.

മുമ്പാണ്ടായിരുന്ന പറമ്പും വീടും കടംകേറി വിറ്റുപോയി. പിന്നെ പളളിക്കാരും മറ്റും ചേർന്ന്‌ പിരിവിട്ട്‌ പണിതു കൊടുത്തൊരു കൂരയിലാണിപ്പോൾ താമസം. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ.

അയാളുടെ കഷ്‌ടപ്പാടും ബുദ്ധിമുട്ടും കണ്ടുനിന്നാൽ അങ്ങോട്ടെന്തെങ്കിലും കൊടുക്കേണ്ടി വരുമെന്നതാണ്‌ അവസ്ഥ.

അതുകൊണ്ട്‌ കരുതിയ വീര്യമോ കാത്തുവച്ച ശൗര്യമോ ഒന്നുമുപയോഗിക്കാതെ മടങ്ങുകയായിരുന്നു ദൗത്യസംഘം.

അതിനുശേഷം ഈ ഹംസാനെ എവിടെവച്ചു കണ്ടാലും ഞാൻ വെറുക്കുന്നു. എല്ലാം മറക്കുന്നു. അത്‌ ഹംസയല്ലെന്നറിയാനും ഞാൻ പഠിച്ചു. അധികമടുത്ത്‌ നേടിയ അപരിചിതത്വമായ്‌ അതങ്ങനെ തുടരട്ടെ..

ഒളളതുപറഞ്ഞാൽ ആവതുളളകാലമത്‌ മ്മനാട്ടിലും മറുനാട്ടിലും വിദേശത്തുമൊക്കെ അദ്ധ്വാനിച്ചതു മിച്ചം. നാളെക്കുവേണ്ടി നാലുകാശുണ്ടാക്കാനായില്ലെന്നു മാത്രമല്ല- എന്നുമൊരു തൊഴിൽരഹിതനായ്‌ പരിണമിക്കയുമായിരുന്നു. ഇപ്പോളിതാ ഉണ്ടായിരുന്ന ലീവ്‌ ചാൻസും ഫിനിഷ്‌!

എന്നിട്ടും, ഞാനേതാണ്ട്‌ സമ്പാദിച്ചും വന്ന്‌ ആർക്കും കൊടുക്കാതെ വച്ചോണ്ടിരുന്ന്‌ തിന്നേണ്‌ന്നാണ്‌ ഇഷ്‌ടജനമാനസം.

സമ്മർദ്ദങ്ങൾക്കെതിരെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണിന്ന്‌.

എന്താ പറയാ.. നിരപരാധിത്വം തെളിയിക്കപ്പെടാനാകാതെ എവിടെയും തെറ്റിദ്ധരിക്കപ്പെടാനാണു വിധി, പുറം ദ്രോഹികളേക്കാൾ ഉപദ്രവകാരികളായ ശത്രുക്കളിന്ന്‌ അകത്തുളേളാർ തന്നെയായിരിക്കുന്നു...

വേലേം കൂലീമില്ലാതെ കടത്തിന്റെ കനൽക്കൂട്ടിൽ ആർക്കും ഉപദ്രവമാകാതേയും അന്തസ്സുവിടാതെയും അരിഷ്‌ടിക്കുമ്പോൾ തിരിഞ്ഞുനിന്ന്‌ കൂടെപ്പിറപ്പുകൾ തമ്മിൽ കുശുമ്പുന്നതെന്താ..? അവന്റേല്‌ പൂത്തപണോണ്ടെന്ന്‌ തന്നെ..! ഇതൊക്കെ കണ്ടില്ല, കേട്ടില്ലാന്നു വച്ചാമതീന്നല്ലേ- ങ അങ്ങനെതന്നെ കരുതുന്നു.

എന്നാലും, ചില നേരങ്ങളിൽ.. പറ്റണില്ല. ‘അർത്ഥ’മില്ലാത്തൊരീ അക്ഷരപ്രേമീടെ അലങ്കാരാധികളത്രങ്ങട്‌ പിടിക്കണ്‌ണ്ടാവില്ല, ചെലർക്കെയ്‌... അതന്നെ കാര്യം.

അല്ലെങ്കി, ഇവനക്കൊണ്ട്‌ ശല്യായല്ലോന്നാരെക്കൊണ്ടും പറയിക്കരുതെന്ന്‌ നിനച്ചൊഴിഞ്ഞു പോകുന്നോനോടിങ്ങനുണ്ടോ ഒരുപോര്‌.

പിന്നെ ഈ ഇമേജ്‌- അതൊരേം ഞെട്ടിക്കാനൊന്ന്വല്ല ട്ടോ.. അത്‌ കണ്ട്‌ ങ്ങള്‌ ബേജാറാകണതെന്തിനാ മാഷേ!

അവശതേം നടിച്ച്‌ ഒരുമാതിരി പേക്രപിടിച്ച്‌ നടക്കാതെ വെടിപ്പിലും മെനക്കും മൻഷേന്റ വെട്ടത്ത്‌ നടക്കണതാണോ വിന.

അതോ ഔപചാരികതയുടെ മുഖംമൂടിയണിയാൻ വശൂല്ലാത്തതാണോ. ഒന്ന്വറിയില്ല. അറിയുന്ന സത്യം ഒന്നുളളൂ. ഇതിരിക്കട്ടേന്നും പറഞ്ഞ്‌ എടുത്തുനീട്ടാനില്ലാത്തേന്റെ പേരിൽ ബന്ധുക്കളോരോന്നും മുഷിഞ്ഞും മുറിഞ്ഞും പൊയ്‌ക്കൊണ്ടിരിക്കയാണിന്ന്‌... അതാണ്‌ സഹിക്കാമ്പറ്റാത്തത്‌.

തിരിച്ച്‌ വരവിന്റെ പതനം സൃഷ്‌ടിച്ച ആഘാതം അത്‌, കാലമേറെച്ചെന്നിട്ടും വിട്ടുമാറീട്ടില്ല.. കടബാധ്യതകളുടേതായ ചൂടുകാറ്റൊന്നാഞ്ഞടിച്ചാൽ- തകർന്നു തിരപ്പണമാകുന്ന മണൽ മാളികയിലാണു വാസം.

ഏറെ വൈകീട്ടാണെങ്കിലും എഴുതാനൊരുങ്ങി. വിട്ടുപോന്ന സഹപ്രവർത്തകർക്കായൊരു കുറിമാനം. അറബികൾ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെക്കുറിച്ചും ജയനും സജീവിനുമായ്‌ ചെല്ലേണ്ട ഇരുന്നൂറ്ററുപത്‌ റിയാൽ അവർ വസൂലാക്കീട്ടുളളത്‌ ചോദിച്ചുവാങ്ങണമെന്നൊക്കെ അറിയിച്ചുകൊണ്ട്‌ ക്ഷമാപണത്തോടെ സജീവിന്റെ അഡ്രസ്സിലായിരുന്നു എഴുത്ത്‌.

മനസ്സാന്നിദ്ധ്യം ചോർന്നുപോയ ജീവിത മരവിപ്പിൽ പക്ഷേ- ആ കത്ത്‌ പോസ്‌റ്റ്‌ ചെയ്യാൻപോലും സാധിച്ചില്ലെന്നുളളതാണ്‌ ഖേദകരമായ സത്യം.

കുറുപ്പംപടിയിൽ ശ്രീമാൻ ജയന്റെ വീട്ടിൽപ്പോകാനോ തന്നുവിട്ട ഫോട്ടോകളെത്തിക്കാനോ പറ്റിയില്ല. പിന്നീടതിനൊരുക്കിയ അവസരത്തിലോ ആ ഫോട്ടോകളൊക്കെയും നശിച്ചുപോയിരുന്നു.

ദശാബ്‌ദം കഴിഞ്ഞ്‌ ഇന്നീ രചനക്കിടെ ഞാനാക്കത്ത്‌ പൊട്ടിച്ച്‌ വായിക്കയാണ്‌. ഇത്തരമൊരപൂർവ്വ സുഹൃത്തിനെ എന്റെ ചങ്ങാതികളൊരിക്കലും കണ്ടുകാണില്ല.

സംഭരിച്ചുണ്ടാക്കിയ ഒരാത്മബലത്താൽ സ്‌മരണകളിന്ന്‌ ദൂരെ, ദൂരെ ഈന്തത്തണലോളം വ്യാപിച്ച്‌ ഈ പ്രവാസിക്കുറിപ്പുകൾ തയ്യാറാക്കാനൊരുങ്ങും വേളയിൽ അറേബ്യയിലന്ന്‌ ഖാലിദിന്റെ ആമിലുകളായ്‌ എന്നോടൊപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കളായ സുരേഷ്‌, സജീവ്‌, ജയൻ, ഷാജി, വാസു തുടങ്ങിയോർക്കെല്ലാം ഭൂതവർത്തമാന വിശേഷങ്ങളന്വേഷിച്ചും ഒപ്പം എന്റെ ഉദ്യമമറിയിച്ച്‌ സഹകരിക്കണമെന്നറിയിച്ചും എഴുതുകയുണ്ടായി.

എന്താണാവോ? ആരുടെയും മറുപടി കണ്ടില്ല. അഡ്രസ്സ്‌ വ്യതിയാനമാകാം. അല്ലാതെ കരുതിക്കൂട്ടിയൊരു മൗനമാകില്ല. അതുറപ്പ്‌. അതുകൊണ്ട്‌ ആരെക്കുറിച്ചും ഒരെത്തും പിടീയില്ല. എങ്കിലും നന്ദി അറിയിക്കുന്നതിനൊപ്പം ആയുരാരോഗ്യങ്ങളും നേരുകയാണേവർക്കും.

ഗാനഗന്ധർവ്വന്റെ ശുഭപ്രതീക്ഷപോൽ “ഈ ലോക ഗോളത്തിൽ ഒരു സിരാസന്ധ്യയിൽ ഇനിയുമൊരിക്കൽ നാം കണ്ടുമുട്ടും...” എന്നുതന്നെയാണെന്റെ വിശ്വാസം.

അന്ന്‌ മണൽക്കാട്ടീന്ന്‌ കണ്ടെടുത്ത സൗഹൃദത്തിൽ സജീവസാന്നിദ്ധ്യമായ്‌ ആകെയിന്നു ശേഷിക്കുന്ന സമ്പാദ്യം ശ്രീമാൻ അംബ്രോസ്‌ മാത്രമാകുന്നു.

മണലാരണ്യവാസം വെടിഞ്ഞ്‌ അബ്രോസ്‌ മലരാരണ്യ വാസം തുടങ്ങീട്ട്‌ കുറച്ചു കാലമേ ആകുന്നുളളൂ.

ആവശ്യമായ പുതുവിവരങ്ങളെനിക്കു ശേഖരിക്കാനായതും അദ്ദേഹത്തിൽനിന്നു തന്നെ. എന്റെ കഫീലായ അറബീടെ കീഴിലുണ്ടായിരുന്നോരെല്ലാം നരകിച്ച്‌ നട്ടംതിരിഞ്ഞാണ്‌ തടിതപ്പിയതെന്നറിയുന്നു.

എന്നാൽ പഴേ കൂട്ടത്തിലെ ഒരേ ഒരാൾ ശേഷിക്കുന്നുണ്ടെന്നും അതാരാണെന്നറിയുമ്പോൾ എനിക്കു വിശ്വസിക്കാനാകില്ലെന്നും പറയുമ്പോൾ ജിജ്ഞാസയേറുകയായിരുന്നു.

“ഒരുപക്ഷേ സജീവായിരിക്കും...!”

“അല്ല, ജയൻ..!”

അറബിക്ക്‌ എന്നും തലവേദനയുണ്ടാക്കി മുന്നേറിയും പിന്മാറിയും പോന്ന സാക്ഷാൽ ജയമാധവൻ ആയിരുന്നു ആ നീചനികൃഷ്‌ഠന്റെ ആമിലായ്‌ ബാക്കിയായ വ്യക്തി എന്ന അറിവ്‌ എന്നെ അത്ഭുതപ്പെടുത്തി. ഈന്തപ്പഴം വാറ്റിയുണ്ടാക്കുന്ന ചാരായം പോതുമത്രെ അറബിയെ പ്രീതിപ്പെടുത്താൻ.

അങ്ങനെ വല്ല്യേ ലോഹ്യത്തിലാണത്രെ ഇപ്പോളിരുവരും.

‘അബ്‌ദുർ റഹ്‌മാൻ’ന്നും വിളിച്ച്‌ എന്നിലൂടെ എന്റെ ബാപ്പാനെ പുനരുജ്ജീവിപ്പിച്ച്‌ കൊല്ലാക്കൊല ചെയ്‌തു വിട്ടയച്ച ഖാലിദ്‌ ബിൽ അബ്‌ദുളള അൽഹർബി എന്ന സഊദി തന്നെയാണ്‌.

ഈ വിചാരണക്കു മുന്നിലെ മുഖ്യപ്രതി! ഭേദപ്പെട്ടൊരു ജീവിതസാഹചര്യം എനിക്കുമുണ്ടായ്‌ക്കോട്ടേന്നുളള സന്മനസ്സു കാണിച്ച കുടുംബത്തിലെ ഓരോ അംഗങ്ങളോടുമുളള നന്ദിയും കടപ്പാടും രേഖപ്പെടുത്തുവാൻ കൂടി ഞാനീ അവസരം വിനിയോഗിക്കയാണ്‌. ഈ രചനയുടെ പരമപ്രധാനലക്ഷ്യവും ഒരുപക്ഷേ.. അതുതന്നെയാകാം.

ഈന്തത്തണലിലെയീ നീണ്ട നിരുത്തരവാദ മയക്കത്തിലെ പകൽക്കിനാവുകൾ മറയുകയാണ്‌....

തീപാറുന്ന കണ്ണുകളുമായ്‌ ഹൗസ്സോണറാം ഹസ്സമാമയെത്തി വിളി തുടങ്ങിയിരിക്കുന്നു...

“അബ്‌ദുർറഹ്‌മാൻ... അബ്‌ദുർറഹ്‌മാൻ...”

ഇനി ഞാനുണർന്ന്‌ കർമ്മനിരതനായേ പറ്റൂ. എന്തനിഷ്‌ടമാണാവോ അവരുടെ മസ്‌റയിൽ അരങ്ങേറീട്ടുളത്‌..?

അനുസരണയില്ലാത്ത അവരുടെ ആടുകൾ കാടേറിപ്പോയോ? അതോ കുരുത്തം കെട്ട ഒട്ടകക്കൂട്ടം കേറി ആടിനു ശേഖരിച്ചതൊക്കെയും തിന്നുമുടിച്ചോ...

ഭയഭക്തിയാൽ ഞാൻ ഞെട്ടിയുണർന്നു. പക്ഷെ..

എന്നെ ശാസിക്കാൻ ഹസ്സമാമയില്ല... ശ്വാസംമുട്ടിക്കാനവരുടെ മരുഭൂമിയുമില്ല.. സ്ഥലകാല സന്ദർഭങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു.

കർശനക്കാരിയെങ്കിലും പാവാണാ സാഊദിത്തള്ള. അവരൊക്കെയും ചേർന്ന്‌ സമ്മാനിച്ച ദുർദിനങ്ങളിന്ന്‌ സ്വപ്‌നങ്ങളായ്‌ മാറിയിരിക്കുന്നു.

കരുകരാന്നുളള പച്ചപ്പും ചവർപ്പുമൊക്കെച്ചേർന്ന അരുചികൾ തരണം ചെയ്‌ത്‌ സമ്പൂർണ്ണ മധുരം പ്രാപിച്ച ഈന്തപ്പഴം പോലെ-വിളഞ്ഞു നിൽക്കുന്നു, തിക്താനുഭവങ്ങൾ താണ്ടിവന്ന എന്റെ ഓർമ്മകളിന്ന്‌..

അപ്രിയ സത്യങ്ങൾ ഒരുപാടിനിയും ബാക്കിയാവുന്നു. അവ വിട്ടുപോയ കോളത്തിലെവിടെയെങ്കിലും കാണാമെന്ന ഉറപ്പോടെ വിരമിക്കുമ്പോഴും ഞാനാവർത്തിക്കുന്നതിത്രമാത്രം.

ഒരു മഹാമനസ്‌ക്കന്റെ കരങ്ങളിലാണ്‌ ഇന്നെന്റെ ജീവിത റിമോട്ട്‌? നിർദാക്ഷിണ്യം അദ്ദേഹം വിരലൊന്നമർത്തിയാൽ- കഴിഞ്ഞു, എന്റെ കഥ!

വിനാശമായ്‌ത്തീർന്നൊരു ഗൾഫ്‌ സ്വപ്‌നത്തിന്റെ പൊളളുന്ന യാഥാർത്ഥ്യങ്ങളും, മറ്റും...

അതുവരെയിങ്ങനെ കഥയും വ്യഥയും കലർന്ന ജീവിതമായ്‌ തുടരുന്നു...

Previous Next

മമ്മു കണിയത്ത്‌

വിലാസം

മമ്മു കണിയത്ത്‌,

ചെറായി പി.ഒ.

എറണാകുളം

683514
Phone: 0484-2264183
E-Mail: kmmanaf@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.