പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

പുതിയ രാഷ്‌ട്രീയ ഭാഷ്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

പന്ത്രണ്ടാമത്‌ നിയമസഭാതെരഞ്ഞെടുപ്പിന്റെ ലഹരിയിലാണ്‌ കേരളം. പലർക്കും ഇതൊരു ഉത്സവമാണ്‌, ചിലർക്ക്‌ കച്ചവടവും. ഈ തെരഞ്ഞെടുപ്പു കച്ചവടത്തിൽ മുൻപില്ലാത്തവണ്ണം പറയാൻ മടിച്ച പലതും മറനീക്കി പുറത്തുവരുന്നത്‌ ഈ കാലത്തിന്റെ ദൗർഭാഗ്യം എന്നേ കരുതേണ്ടൂ. ജാതിമതസംഘടനകൾ മുന്നോട്ടുവയ്‌ക്കുന്ന വിലപേശലുകൾ, സമദൂരസിദ്ധാന്തങ്ങൾ, പ്രതിഫലവോട്ടുകൾ എന്നിവ ആശയപരമായ സാമൂഹ്യപുരോഗതിയുടെ രാഷ്‌ട്രീയത്തിനുമേൽ ചില കാർമേഘങ്ങൾ ഉരുണ്ടുകൂടപ്പെട്ട അവസ്ഥയാണ്‌ വെളിവാക്കുന്നത്‌. പാർട്ടിയുടെ രാഷ്‌ട്രീയദർശനങ്ങളെന്നൊന്ന്‌ ഇല്ലായെന്ന്‌ വരുത്തിത്തീർത്ത്‌ അധികാര രാഷ്‌ട്രീയത്തിന്റെ ശീതളഛായയിൽ തിന്നും കുടിച്ചും മേയുന്ന ആധുനിക പൊളിറ്റിക്കൽ ആചാര്യന്മാർ ജാതി-മതസംഘടനാനേതാക്കളുടെ വീട്ടുപടിക്കൽ വാലുചുരുട്ടി നില്‌ക്കുന്ന കാഴ്‌ച മാറിനിന്നുനോക്കിയാൽ കുറച്ചേറെ അറപ്പുളവാക്കുന്ന ഒന്നാണ്‌.

ഇത്‌ രാഷ്‌ട്രീയ സംഘടനകളുടെ കുഴപ്പം മാത്രമല്ല, മലയാളികളുടെ പുതിയകാലമനസ്സിന്റെ പോരായ്‌മ കൂടിയാണ്‌. നവോത്ഥാനകാലത്ത്‌ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നു പറഞ്ഞ നാരായണഗുരുവും, അതിനുമപ്പുറം ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌, വേണം ധർമ്മം’ എന്ന്‌ ഉദ്‌ഘോഷിച്ച സഹോദരനയ്യപ്പനുമൊക്കെ ഉടച്ചുനീക്കാൻ ശ്രമിച്ച ജാതി-മതബോധത്തിന്റെ ഭീതിപ്പെടുത്തുന്ന ഉയർത്തെഴുന്നേല്പാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളെ പണയപ്പെടുത്തി കോളേജുകളും, സ്‌കൂളുകളും മറ്റുസ്ഥാപനങ്ങളും സമുദായ സംഘടനകൾക്ക്‌ പകുത്തുനല്‌കുമ്പോൾ വീർത്തുവരുന്നത്‌ സമുദായനേതാക്കളുടെ മാത്രം കീശയാണെന്നറിയാതെ എന്റെ സമുദായത്തിനിത്ര കിട്ടിയെന്ന്‌ വീമ്പിളക്കുന്ന ഒരു സാധാരണ മലയാളിയുടെ രാഷ്‌ട്രീയ-സാമൂഹ്യഗ്രാഫ്‌ കുത്തനെ താഴോട്ടുകുതിക്കുകയാണ്‌.

പറഞ്ഞുനിർത്തിയത്‌ മലയാളിയുടെ ആധുനിക രാഷ്‌ട്രീയബോധത്തിന്റെ ഒരു ചെറിയ വശം മാത്രമാണ്‌. ഇതിനെയൊക്കെ സമൂലം വിമർശിക്കേണ്ടതും തെറ്റുതിരുത്തേണ്ടതുമായ സാഹിത്യ സാംസ്‌കാരിക ബുദ്ധിജീവികളുടെ നില ഏറെ പരുങ്ങലിലാണ്‌ എന്ന വസ്‌തുതയും മറന്നുകൂടാ. സർക്കാർ ചെലവിൽ ലോകം മുഴുവൻ ചുറ്റിക്കാണാനും, ഏതെങ്കിലുമൊക്കെ കമ്മറ്റികളുടെ തലപ്പത്തു കയറിയിരിക്കാനും കാത്തിരിക്കുന്ന ഇവരൊക്കെ ഒന്നു കൂവാൻ പോലും കഴിയാതെ വായ്‌മൂടിക്കെട്ടപ്പെട്ട കുറുക്കൻമാരായി മാറിയിരിക്കുകയാണ്‌. (വ്യത്യസ്തരായവരെ ഒരുപക്ഷെ കണ്ടേക്കാം) ആദ്യം ഇവർ സീറ്റുതന്നതുകൊണ്ട്‌ ഇവരുടെ സ്ഥാനാർത്ഥിയായെന്ന്‌ യാതൊരുളുപ്പുമില്ലാതെ പ്രസ്താവനകൾ നടത്തുന്ന പുനത്തിൽ കുഞ്ഞബ്ദുളളയെപോലുളള സാഹിത്യപ്രവർത്തകർ എന്തുപാഠമാണ്‌ പുതിയ തലമുറയ്‌ക്ക്‌ നല്‌കുന്നത്‌ എന്നത്‌ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്‌. ഇതിനെയൊക്കെ തമാശയായി കരുതുന്നത്‌ ഏറെ അപകടകരം തന്നെ.

ചാനലുകളിലൂടെയും, പത്രങ്ങളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും പലവിധ വേഷങ്ങളിലും, പക്ഷം പിടിച്ചും പിടിക്കാതെയും വരുന്ന രാഷ്‌ട്രീയ പേക്കൂത്തുകളുടെ വിവരങ്ങൾ ഒരു പൈങ്കിളിസീരിയൽ കാണുന്ന ഗൗരവത്തോടെപോലും ഉൾക്കൊളളാത്ത മലയാളി നാലുചുവരുകൾക്കുളളിൽ തളച്ചിടപ്പെടുകയാണ്‌. എങ്കിലും ചിലപ്പോഴൊക്കെ അവനും പ്രതികരിക്കണമെന്നു തോന്നും -തോന്നണം.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.