പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഒരു തെരഞ്ഞെടുപ്പുകൂടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

എഡിറ്റോറിയൽ

ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു നിർണ്ണായകമായ ഘട്ടമാണിതെന്ന്‌ എനിക്കു തോന്നുന്നു. ഇന്ത്യയും തെക്കനേഷ്യയിലെ മറ്റു രാജ്യങ്ങളും കൊളോണിയൽ ഭരണത്തിൽ നിന്നു മോചിതമായപ്പോൾ ഒരു വരദാനം പോലെ അവർക്കു കിട്ടിയതാണ്‌ ജനങ്ങൾക്ക്‌ സ്വയം തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം. പക്ഷെ സാധാരണ ജനതയ്‌ക്ക്‌ ഉൾക്കൊളളാൻ പറ്റാത്തതായിരുന്നു ഈ സ്വാതന്ത്ര്യം. അവർക്ക്‌ തങ്ങളെ ഭരിക്കാൻ തിളക്കമുളള ഒരു രാജകുടുംബമോ ചക്രവർത്തി കുടുംബമോ ആവശ്യമായിരുന്നു. ഭാഗ്യത്തിന്‌ നെഹ്‌റു (സൗകര്യത്തിന്‌ ഗാന്ധിയുടെ പേരും), ഭൂട്ടോ, മുജിബുർ, ഭണ്‌ഡാരനായ്‌ക്കെ, ആംഗ്‌സാൻ, മാർക്കോസ്‌, സുക്കാർണോ, എല്ലായിടത്തും കുടുംബങ്ങൾ ജനാധിപത്യവ്യവസ്ഥയെ സ്വന്തമാക്കി. സ്വാഭാവികമായും താഴേത്തലത്തിൽ മുഖ്യമന്ത്രി കുടുംബങ്ങളും മന്ത്രികുടുംബങ്ങളും എമ്മെല്ലെ കുടുംബങ്ങളും വളർന്നു പന്തലിച്ചു.

ജനാധിപത്യത്തിന്‌ തികച്ചും വിരുദ്ധമായ ഈ രീതിയുടെ നിലനിൽപ്പിന്‌ ആദ്യം ക്രിമിനലുകളുടെയും പിന്നെ പണക്കാരുടെയും സഹായം ഇവർ തേടി. ഇന്ന്‌ ക്രിമിനലുകളെയും പണക്കാരെയും ഒപ്പം കൂട്ടാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ അവർ എത്തി.

ഈ തെരഞ്ഞെടുപ്പ്‌ ഈ കുടുംബവാഴ്‌ച്ചരീതിയുടെ അന്തിമ വെടിക്കെട്ടാണ്‌ എന്നെനിക്കു തോന്നുന്നു. നമ്മുടെ ജനാധിപത്യം കൗമാരദശയിൽ എത്തിയിരിക്കുകയാണ്‌. നീണ്ട അമ്പത്തഞ്ചിലേറെ വർഷത്തെ ബാല്യം. നമുക്കു യൗവനത്തിലെത്താൻ ഇനിയും താമസിച്ചുകൂടാ.

അന്നുവരെ ഒരു പൗരനെന്ന നിലയിൽ ഞാൻ ദരിദ്രനായിരിക്കും.

നീക്കുപോക്കുകളുടെയും, വോട്ടറുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യാൻ ഉതകുന്ന ജാതിവർഗ്ഗ ഘടകങ്ങളെ അടിസ്ഥാനമാക്കിയും, നേതാവിനോടുളള വിധേയത്വം മാത്രം പ്രധാന കഴിവായും കണക്കാക്കി തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളാണ്‌ വോട്ടറുടെ മുന്നിലേക്ക്‌ വരുന്നത്‌. നമ്മളെ ഭരിക്കാൻ നമ്മുടെ മിടുക്കരായ ചെറുപ്പക്കാരെ തെരഞ്ഞെടുക്കാൻ ഇന്ന്‌ യാതൊരു മാർഗ്ഗവുമില്ല. നാം നിസ്സഹായരാണ്‌. ദരിദ്രരാണ്‌.

പക്ഷെ നാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന്‌ മുന്നോട്ടു പോയിട്ടുണ്ട്‌. ഇപ്പോൾ രണ്ടും വ്യക്തമായി. തൽക്കാലമെങ്കിലും ചേരിതിരിവ്‌ പ്രദർശിപ്പിക്കുന്ന മുന്നണികളിൽ നാം എത്തിയിരിക്കുന്നു. (കേരളത്തിലെ മുന്നണിയല്ല, അവ അപ്രസക്തമാണ്‌. ലോക്‌സഭയിലെത്തിയാൽ അവർ ഒരു മുന്നണിയായി മാറും. തൽക്കാലം നമുക്ക്‌ ഒരു സീരിയൽ യുദ്ധത്തിന്റെ തമാശയായി അവരെ കണക്കാക്കിയാൽ മതി.) കുടുംബവാഴ്‌ച്ചയുടെ അന്ത്യമായിരിക്കണം ഈ തെരഞ്ഞെടുപ്പ്‌ ഇന്ത്യൻ ജനാധിപത്യത്തിന്‌ നൽകേണ്ടത്‌.

നമ്മുടെ വോട്ടറന്മാർ പക്വമതികളായി മാറിക്കൊണ്ടിരിക്കുകയാണ്‌.

നമ്മുടെ ജനാധിപത്യം ഈ തെരഞ്ഞെടുപ്പോടെ യൗവനത്തിലേക്കുളള ആദ്യപടികൾ ചവുട്ടിക്കയറണേ എന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌.

കെ.എൽ. മോഹനവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.