പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ശാസ്‌ത്രവും പുതിയ രോഗങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

എഡിറ്റോറിയൽ

സ്‌ക്കൂളുകളിലെല്ലാം കമ്പ്യൂട്ടറും ഇന്റർനെറ്റും അതിവേഗം സ്ഥാനം പിടിച്ചു വരികയാണ്‌. തങ്ങളുടെ കുട്ടികളുടെ മുന്നിൽ തുറന്നിടുന്ന വിശാലമായ വിജ്ഞാനത്തിന്റെ ലോകത്തെക്കുറിച്ച്‌ ബഹുഭൂരിപക്ഷം മാതാപിതാക്കളും അജ്ഞരാണ്‌. കമ്പ്യൂട്ടറെന്നാൽ ഒരു മുന്തിയ തരം ടൈപ്പ്‌ റൈറ്റർ എന്നതിനപ്പുറം ചിന്തിക്കാൻ മെനക്കെടാത്തവരുടെ ഭവനത്തിലേക്കാണ്‌ ഈ അറിവിന്റെ മഹാലോകം സുനാമിത്തിരമാലകളുടെ വിസ്‌മയരൂപങ്ങളോടെ ആഞ്ഞടിച്ചു കയറുന്നത്‌.

പത്തു വയസ്സുകാരൻ മകനെ രാവിലെ സ്‌ക്കൂളിലേക്കു തയ്യാറാക്കുന്ന തിരക്കിലാണ്‌ അമ്മ. ഒരു ഗ്ലാസ്‌ ചുടുപാലിൽ മുട്ട പൊട്ടിച്ചൊഴിച്ച്‌ കലക്കി. അമ്മ കുട്ടിയായിരുന്നപ്പോഴും ഇതായിരുന്നു രാവിലെയുളള പോഷകാഹാരം. ശരീരത്തിന്‌ ഉന്മേഷവും ഉറപ്പും നൽകും. പണിയും കുറവ്‌. മകനും മുട്ട ഇഷ്‌ടമാണ്‌. പക്ഷെ അവൻ പറഞ്ഞു. വേണ്ട, അമ്മേ. മുട്ടയിൽ കൊളോസ്‌റ്ററോൾ ഉണ്ട്‌. ഹാർട്ട്‌ അറ്റാക്കിന്‌ ചാൻസ്‌ കൂടുതലാണ്‌. എനിക്ക്‌ ഫിഷ്‌ മതി. പിന്നെ പച്ചക്കറി. ഇലകൾ. അമ്മ അത്ഭുതത്തോടെ ചോദിക്കും. നിന്നോടിതാരു പറഞ്ഞു? മകന്റെ ഉത്തരം അമ്മയെ ആകെ കുഴക്കും. അമ്മേ! ഇന്റർനെറ്റിലുണ്ടായിരുന്നു. അമ്മയും ആഹാരത്തിൽ സൂക്ഷിക്കണം. നാല്‌പതു വയസ്സാകാറാകുമ്പോൾ ശരീരത്തിൽ സെല്ലുകൾക്ക്‌ പ്രവർത്തനശേഷി കുറയും. അമ്മ കൂടുതൽ സൂക്ഷിക്കണം.

മകൻ നിർത്തില്ല. ഇനിയും പറയും. അമ്മേ, നിയാൻഡർത്തൽ മനുഷ്യരായിരുന്നു ഒരുലക്ഷത്തിനാൽപ്പതിനായിരം വർഷം മുമ്പു മുതൽ ഏകദേശം മുപ്പതിനായിരം വർഷം മുമ്പുവരെ ഭൂമി ഭരിച്ചിരുന്നത്‌. ഉന്തിയ നെറ്റിയും തടിച്ച പുരികങ്ങളും ശരീരമാസകലം ഇടതൂർന്ന്‌ രോമവും കൂർത്ത ശക്തിയുളള നഖങ്ങളും ഉണ്ടായിരുന്ന ഇക്കൂട്ടർ കാലക്രമേണ വംശനാശം സംഭവിച്ച്‌ ഭൂമിയിൽ നിന്ന്‌ ഇല്ലാതായി. പകരം ഭൂമി ഭരിച്ചത്‌ പ്രിമേറ്റ്‌ വർഗ്ഗത്തിൽപ്പെട്ട കുരങ്ങന്റെ നേരെ പിൻഗാമികളായ പതിഞ്ഞ നെറ്റിയും നേരെ മുന്നിലേക്കു മാത്രം കാണാൻ പറ്റുന്ന കണ്ണും വിരലിൽ മങ്ങിയ നഖവും വേറിട്ടു നിൽക്കുന്ന തളള വിരലുകളുമുളള നമ്മുടെ മുൻഗാമികൾ. ഈ നിയാൻഡർത്താൽ ശക്തിമാന്മാർ പരാജയപ്പെടാൻ കാരണം എന്തായിരുന്നെന്നോ? ഭക്ഷണം. കൂർത്ത നഖങ്ങളും ശക്തിയുളള പല്ലുകളും ഉപയോഗിച്ച്‌ ഇവർ പോത്തിന്റെയും കുതിരയുടെയും റെയിൻഡിയറിന്റെയും ഇറച്ചി തിന്നും. പ്രിമേറ്റുകളുടെ പല്ലുകൾക്ക്‌ ശക്തി കുറവായിരുന്നു. നഖങ്ങൾ കൂർത്തതല്ല. അവർ പച്ചിലകളും മത്സ്യവും കഴിക്കാൻ തുടങ്ങി. അവരുടെ ആഹാരത്തിൽ മുപ്പതു ശതമാനവും മത്സ്യങ്ങളായിരുന്നു. അമ്മ ഇത്‌ കേട്ട്‌ അത്ഭുതവും അഭിമാനവും കൊണ്ട്‌ പുളകിതയാകും.

ഇന്റർനെറ്റ്‌ അറിവ്‌ സാർവത്രികമാക്കുകയാണ്‌. ഏത്‌ അറിവും പൊടിപ്പും തൊങ്ങലും ചേർത്ത്‌ നിമിഷത്തിനകം ലോകമെമ്പാടും എത്തിക്കാൻ ടെക്‌നോളജിക്ക്‌ ഇന്ന്‌ കഴിവുണ്ട്‌. മനുഷ്യരാകെ കൂടുതൽ കൂടുതൽ ജാഗരൂകരാകാൻ തുടങ്ങിയിരിക്കുകയാണ്‌, ആരോഗ്യത്തിലും ഭക്ഷണത്തിലും. ക്യാപ്പിറ്റലിസവും കമ്യൂണിസവും വഴിമാറിക്കൊടുത്ത കൺസ്യൂമറിസത്തിന്റെ ഒരു പ്രധാന മുഖമുദ്രയാണിത്‌. ഈ കുട്ടി അതിന്റെ ഏറ്റവും നല്ല ഉദാഹരണവും. അഞ്ചുകൊല്ലത്തിനകം നമ്മുടെയെല്ലാം വീടുകളിൽ ഈ ദൃശ്യം സാധാരണയായി മാറും.

ഇൻഫർമേഷൻ ടെക്‌നോളജി നമ്മെ ഭക്ഷണത്തിലൂടെ രോഗവിമുക്തരാക്കുന്ന വിദ്യ മനസ്സിലാക്കിത്തരും. മലമ്പനിയും, പ്ലേഗും, വസൂരിയുമായിരുന്നു ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയിരുന്നവർ. ഭൂമുഖത്തുനിന്നും അവ തൂത്തു മാറ്റപ്പെട്ടു കഴിഞ്ഞു. പകരം വന്ന കാൻസറിനും എയ്‌ഡ്‌സിനും ഈ ദശകത്തിൽത്തന്നെ ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെടും. പക്ഷെ ഈ കടിഞ്ഞാണില്ലാത്ത സത്യവും അസത്യവും വേർതിരിക്കാൻ സംവിധാനമില്ലാത്ത അറിവിന്റെ ലോകം ഒരു പുതിയ മാരകരോഗം മനുഷ്യസമൂഹത്തിന്‌ നൽകുകയില്ലേ? മനസ്സിന്റെ നാമിന്നുവരെ കേട്ടിട്ടില്ലാത്ത രോഗം.

സത്യാസത്യങ്ങൾ വേർതിരിക്കാനാകാത്ത വിജ്ഞാനം യുവതലമുറയ്‌ക്ക്‌ ഏൽപ്പിക്കുന്ന ആഘാതം ഒരു പുതിയ തരം ചിന്താതരംഗങ്ങളിലേക്ക്‌ ബുദ്ധിയെ പ്രവർത്തിപ്പിക്കും. ഇന്ത്യയിലെ നമ്മുടെ ഏറ്റവും പ്രശസ്‌തവും വിജ്ഞാന ലഭ്യതയ്‌ക്ക്‌ സൗകര്യവുമുളള വിദ്യാലയങ്ങളിൽ നിന്നാണ്‌ മതതീവ്രവാദികളുടെയും ഏകാധിപത്യവാദികളുടെയും സ്‌റ്റാലിനിസ്‌റ്റുകളുടെയും യുവപരമ്പര പുറത്തിറങ്ങുന്നതെന്നത്‌ നാം ശ്രദ്ധിക്കണം. സാധാരണ പാവപ്പെട്ട ഇന്ത്യാക്കാരനുമായി കമ്പ്യൂട്ടറിന്റെ ഫ്രെയിമിനകത്തുനിന്നു മാത്രം പരിചയമുളള യുവാവ്‌.

ഗാന്ധിജി മുന്നറിയിപ്പ്‌ നൽകിയിരുന്നു. ശാസ്‌ത്രം അസത്യവുമായി കൂടിച്ചേരുമ്പോൾ മനുഷ്യനിൽ ഒരുക്കലുമടങ്ങാത്ത ആസക്തികളുടെ പെരുക്കം ഉണ്ടാകും. അവൻ മൃഗമായി മാറും. നാം ഈ സത്യം എപ്പോഴും ഓർക്കണം. കമ്പ്യൂട്ടറുകൾ ലഭ്യമാക്കുന്ന വിജ്ഞാനം സത്യവുമായി മാത്രം ബന്ധപ്പെടുത്തുന്ന രീതിയിൽ രൂപപ്പെടുത്താൻ ശാസ്‌ത്രം സജ്ജമാകണം. അവിടെയാണ്‌ നമ്മുടെ ശാസ്‌ത്രജ്ഞരുടെ ധിഷണാപാടവം കാണേണ്ടത്‌.

അണു കുടുംബങ്ങളിലാണ്‌ പ്രശ്‌നം ഏറുന്നത്‌. കുട്ടികളോട്‌ അയൽപക്കത്തെ സതീർത്ഥ്യരെക്കാൾ മിടുക്കന്മാരാകാൻ ഉപദേശിക്കുന്ന അച്ഛനും അമ്മയ്‌ക്കും ഒരു മറുചോദ്യം എപ്പോഴും നേരിടേണ്ടി വരും. അയൽപക്കത്തെ മുതിർന്നവരെക്കാൾ എന്തുകൊണ്ട്‌ നിങ്ങൾ മെച്ചപ്പെട്ടവരായില്ല?

കേരളത്തിലെ കുടുംബങ്ങൾക്ക്‌ പ്രശ്‌നം കൂടുതലാണ്‌.

മതം നൽകിക്കൊണ്ടിരുന്ന ആശ്വാസം നമുക്ക്‌ ഇന്ന്‌ അന്യമാണ്‌. തത്വശാസ്‌ത്രങ്ങളും ഇന്ന്‌ അപ്രായോഗികമെന്ന്‌ നാം തീർച്ചപ്പെടുത്തിക്കഴിഞ്ഞു.

ഈയിടെ ഒരു ഗ്രാമപ്രദേശത്തെ കൂട്ടായ്‌മയിൽ സംബന്ധിക്കുകയുണ്ടായി.

എല്ലാം മണ്ണിന്റെ നനവ്‌ ഉൾക്കൊണ്ട കുടുംബങ്ങൾ.

ഞാൻ കേരളത്തിലെ കുടുംബങ്ങളുടെ ബജറ്റിനെ അലങ്കോലമാക്കി. ഭാര്യാഭർത്തൃബന്ധത്തെപോലും ഇളക്കുന്ന ക്ലിനിക്‌ ചികിത്സ, ഇംഗ്ലീഷ്‌ മീഡിയം, മദ്യപാനം ഇവയുടെ ചിലവിനെക്കുറിച്ച്‌ സംസാരിച്ചു. ശരാശരി മൂവായിരം രൂപ ഏറ്റവും കുറഞ്ഞത്‌, മറ്റു സംസ്ഥാനങ്ങളിലെ സമാന്തര കുടുംബങ്ങളെക്കാൾ നാം ഈ മൂന്നു കാര്യങ്ങൾക്കായി ചിലവാക്കുന്നു.

അവർ സമ്മതിച്ചു. പക്ഷെ ഇതിനെക്കാളും ഭികരനായ വസ്‌തു അവർ എനിക്കു കാട്ടിത്തന്നു. തങ്ങളുടെ കുട്ടികളുടെ നോട്ടം.

ഒരു ചെറിയ ഫ്രിഡ്‌ജ്‌ വാങ്ങാൻ പോലും കഴിവില്ലാത്ത, കളർ ടിവി ഇല്ലാത്ത, നല്ല ഒരു ജോടി ഷൂസില്ലാത്ത... എന്ത്‌ അച്ഛനാണിത്‌? വെറും റേഷൻ കാർഡിലെ പേരു കാണിച്ചാൽ മതി, കളർ ടിവി കൊണ്ടുവരാം. അച്‌ഛന്‌ അറിയാൻ പാടില്ലെങ്കിൽ ഞാൻ കാണിച്ചു തരാം.

കുട്ടികളെ ഭയം.

ഒന്നോർത്തു നോക്കൂ.

നമ്മുടെ ഉളളിലും നാം അംഗീകരിക്കാൻ കൂട്ടാക്കാത്ത ഈ ഭയം ഇല്ലേ?

കെ.എൽ. മോഹനവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.