പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ക്രിസ്‌മസ്‌ ചിന്തകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

എഡിറ്റോറിയൽ

ആദ്യമായി എല്ലാ വായനക്കാർക്കും പുഴയുടെ ക്രിസ്‌മസ്‌ നവവത്സരാശംസകൾ.

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്‌ ദൈവവിശ്വാസവും ശാസ്‌ത്രവും, സ്വപ്‌നം കാണാനുളള കഴിവുമാണ്‌. ഇവ മൂന്നും സമാന്തരമായ ചലനശേഷിയിലൂടെ കാട്ടിലെ കായ്‌കനികൾ തേടുക എന്ന ഒരേ ലക്ഷ്യം മാത്രമുണ്ടായിരുന്ന മനുഷ്യനെ വന്യമൃഗങ്ങളെ ഭയന്ന്‌ മരക്കൊമ്പുകളിൽ നിന്ന്‌ ഇറക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സൈബർയുഗ ഏകലോകത്തിലെത്തിച്ചു. 1940 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റൂസ്‌ വെൽറ്റിനോടു പരാജയപ്പെട്ട വെൻഡൽ വിൽക്കി എന്ന ബുദ്ധിജീവി രാഷ്‌ട്രീയനേതാവ്‌ തനിക്കുളള ഒരു സ്വപ്‌നം പുസ്‌തകരൂപത്തിലാക്കിയിരുന്നു. ഏകലോകം എന്ന അതിപ്രശസ്‌തമായ ആ പുസ്‌തകം ഗാന്ധിയൻ ചിന്തകളെ അന്തർദ്ദേശീയരാഷ്‌ട്രീയത്തിന്റെ ചൂളയിലിട്ട്‌ തിളക്കി മിനുക്കി. ഒരു ലോകം. അതിരുകളില്ലാത്ത, യുദ്ധമില്ലാത്ത, പ്രാകൃതികവിഭവങ്ങളെ എല്ലാ മനുഷ്യർക്കും ഒന്നുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ലോകം. വെൽക്കിയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനുളള കഴിവ്‌ ഇന്ന്‌ ശാസ്‌ത്രം നേടിക്കഴിഞ്ഞു.

പക്ഷെ ആധുനിക ശാസ്‌ത്രത്തിന്‌ അതിന്റേതായ ഒരു ഭസ്‌മാസുരത്വമുണ്ട്‌. പുരാണകഥയാണ്‌. ഭസ്‌മാസുരന്‌ കഠിനമായ തപസ്യയുടെ ഫലമായി ലോകത്തെ കീഴടക്കാനുളള കഴിവ്‌ കിട്ടി. ശത്രുവിന്റെ തലയിൽ ഭസ്‌മാസുരൻ വിരൽകൊണ്ട്‌ ഒന്നു തൊട്ടാൽ മതി ശത്രു ഭസ്‌മമാകും. ഭസ്‌മാസുരൻ എതിരാളികളെയെല്ലാം ഈ കഴിവുപയോഗിച്ച്‌ ഇല്ലാതാക്കി. അവസാനം ഈ കഴിവ്‌ പ്രദാനം ചെയ്‌ത പരമശിവൻ പോലും നിസ്സഹായനായി. നിവർത്തിയില്ലാതെ വന്നപ്പോൾ മഹാവിഷ്‌ണു അതിസുന്ദരിയായ മോഹിനിയുടെ വേഷം പൂണ്ട്‌ ഭസ്‌മാസുരനെ കബളിപ്പിച്ച്‌ സ്വന്തം തലയിൽ വിരൽ തൊടുവിച്ച്‌ അയാളെ ഭസ്‌മമാക്കിയാണ്‌ ലോകത്തെ രക്ഷിച്ചത്‌. ആധുനികശാസ്‌ത്രം ലോകത്തെ വിരൽ തൊട്ട്‌ കീഴടക്കാനുളള കഴിവ്‌ നേടിക്കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അമേരിക്ക ആറ്റം ബോംബിട്ട്‌ ജപ്പാനിലെ ഹിരോഷിമനഗരത്തെ ഇല്ലാതാക്കി. ഒറ്റനിമിഷം കൊണ്ട്‌ ഒന്നര ലക്ഷം പേർ മരിച്ചു. ലോകം കണ്ട ഏറ്റവും വിനാശം വിതച്ച ഈ ദുരന്തത്തിനു മുന്നിൽ തല കുനിച്ച്‌ ഉടനെ തന്നെ ജപ്പാൻ കീഴടങ്ങാൻ പോകുന്നു എന്ന വിവരം അമേരിക്കൻ ഭരണാധികാരികൾക്കു ലഭിച്ചു. പക്ഷെ അവർ രണ്ടാം ദിവസം ഒരു ആറ്റം ബോംബു കൂടി ഇട്ട്‌ അടുത്തുളള നാഗസാക്കി നഗരത്തെയും നശിപ്പിച്ചു. യുദ്ധത്തിന്റെ ഭാഗമായി ആദ്യത്തെ ബോംബിടീലിനെ ന്യായീകരിച്ച ഹിംസകർ പോലും ഈ അനാവശ്യമായ രണ്ടാമത്തെ ബോംബിടീലിൽ സ്‌തബ്‌ധരായി. 80000 ലേറെ പേരാണ്‌ അന്ന്‌ കൊല്ലപ്പെട്ടത്‌. ലക്ഷക്കണക്കിന്‌ ആൾക്കാർക്ക്‌ അംഗഭംഗം വന്നു. ഈ രണ്ടാം കൊല ഒരുതരത്തിലും ഒരു യുദ്ധതന്ത്രത്തിലും ഉൾപ്പെടാത്തതായിരുന്നു. തികച്ചും അനാവശ്യമായിരുന്ന ഈ രണ്ടാമത്തെ ബോംബിടീലിന്‌ ശാസ്‌ത്രം ഒരു കാരണം പറഞ്ഞു. ആദ്യത്തെ ബോംബും രണ്ടാമത്തെ ബോംബും രണ്ടുതരത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ആദ്യത്തേത്‌ പരീക്ഷിച്ചു. പക്ഷെ രണ്ടാമത്തേതും പരീക്ഷിക്കാതെ ഇതിൽ ഏതാണ്‌ മെച്ചം എന്ന്‌ എങ്ങിനെ അറിയും?

ശാസ്‌ത്രം എന്ന ഭസ്‌മാസുരനു മുന്നിൽ മനുഷ്യൻ എന്ന പരമശിവൻ സ്‌തബ്‌ധനായി നിന്നുപോയി. ഇന്നും നിൽക്കുകയാണ്‌.

ഇവിടെയാണ്‌ ക്രിസ്‌മസിന്റെ പ്രസക്തി.

ക്രിസ്‌മസ്‌ ഇന്ന്‌ ഒരു ക്രിസ്തീയ ആഘോഷമല്ല. ലോകമെമ്പാടുമുളള ജനം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ചിരിയുടെയും നന്മയുടെ വിജയത്തിന്റെയും ദിനമായാണ്‌ ക്രിസ്‌തുദേവനെ വരവേൽക്കുന്നത്‌. ഇന്ത്യയും അതുപോലെയുളള മതേതരത്വസമൂഹങ്ങൾ മാത്രമല്ല, ലോകത്തെ ഏറ്റവുമധികം മുസ്ലീങ്ങൾ വസിക്കുന്ന ഇന്തോനേഷ്യ പോലെയുളള മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും ക്രിസ്‌മസ്‌ ഒരു ദേശീയാഘോഷമായി കൊണ്ടാടുകയാണ്‌.

ശാസ്‌ത്രം കൊണ്ടുവരുന്ന ഭസ്‌മാസുരനെ തോൽപ്പിക്കാൻ ദൈവം നമുക്കു നൽകുന്ന ശക്തമായ ആയുധമാണ്‌ സ്‌നേഹത്തിന്റെ ഈ സുദിനം.

നമുക്ക്‌ ക്രിസ്‌മസ്‌ ആഘോഷിക്കാം ഏകലോകത്തിനായി, മാനവികത നിറഞ്ഞ, ഭസ്‌മാസുരത്വം കൈവെടിഞ്ഞ ശാസ്‌ത്രപുരോഗതിക്കായി.

കെ.എൽ. മോഹനവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.