പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

മുൻപേ പറക്കുന്ന തീവ്രവാദം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

‘ലോക രാഷ്‌ട്രങ്ങളിൽ ഏറ്റവും ഭയക്കേണ്ടതും അപകടം പിടിച്ചതുമായ ഇരുപത്‌ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പെടും’ ഇത്‌ ബ്രിട്ടനിലെ ട്ലഗ്രാഫ്‌ പത്രത്തിലെ നിഗമനമാണ്‌. ഇംഗ്ലണ്ടിൽ നിന്നും ക്രിക്കറ്റ്‌ കളിക്കാൻ വരുന്നവരും ടൂറിസ്‌റ്റുകളായി വരുന്നവരും ഇന്ത്യയിലേക്ക്‌ പോകണമോ എന്നത്‌ രണ്ടാമതൊരുവട്ടം കൂടി ആലോചിക്കണമെന്നും ടൂറിസ്‌റ്റുകൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും പോകേണ്ടതെന്നും കൂടി അനുബന്ധമായി വാർത്തയിലുണ്ട്‌. സ്‌ഫോടനങ്ങളും ആർത്തനാദവും വെടിയൊച്ചയും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ തെളിഞ്ഞുവരുമ്പോൾ ഇങ്ങോട്ട്‌ ടൂറിസ്‌റ്റുകളായി വരുന്നവരെക്കുറിച്ച്‌ മാത്രമല്ല ഈ നാടിന്റെ പോക്ക്‌ തന്നെ എങ്ങോട്ടാണെന്നോർത്ത്‌ ആകുലപ്പെടേണ്ട അവസ്‌ഥയാണിപ്പോൾ. കഴിഞ്ഞ ഒരു വർഷക്കാലമായി ഏതെങ്കിലും ഒരു സ്‌ഫോടനമോ പൊട്ടിത്തെറിയോ, കൂട്ടുക്കുരുതിയോ ഇല്ലാതെ ഒരു മാസവും കടന്നു പോയിട്ടില്ല എന്നുകൂടി ഓർമ്മിക്കുക.

വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ ഈ രാജ്യത്തുള്ളവർ തന്നെ അവരെത്ര ന്യൂനപക്ഷമായാലും തയ്യാറാവുന്നുവെന്നത്‌ ഒട്ടൊരു നടുക്കത്തോടെ മാത്രമേ കാണാനാകൂ. മുബൈ സ്‌ഫോടനങ്ങൾ നടത്തിയ പാക്‌പരിശീലനം നേടിയ തീവ്രവാദികൾക്ക്‌ പുറംകടലിൽകൂടി കടന്ന്‌ വരാനും ഇവിടെ വന്നപ്പോൾ അവർക്ക്‌ വേണ്ട സുരക്ഷിത താവളമൊരുക്കാനും സ്‌ഫോടനവസ്‌തുക്കളും ആയുധങ്ങളും കൈമാറാനും ഈ നാട്ടുകാരിൽ തന്നെ അഞ്ചാം പത്തികളായി പ്രവർത്തിക്കുന്ന കുറെ പേരെങ്കിലും ഉണ്ടെന്ന്‌ വരുമ്പോൾ, അവരെ ഭാരതീയരെന്ന്‌ വിളിക്കുന്നത്‌ ഈ രാജ്യത്തിന്‌ തന്നെ നാണക്കേണടാണ്‌. മാലെഗാവ്‌ സ്‌ഫോടന പരമ്പരകളിൽ സംശയിക്കേണ്ട സ്‌ഥാനത്ത്‌ ഒരു സന്യാസിനി കൂടി ഉണ്ടെന്ന അറിവ്‌ ഒരു ഞെട്ടലോടെ മാത്രമെ ഓർക്കാനാവൂ. സ്‌ഫോടനങ്ങളിൽ പങ്കാളികളായവർക്ക്‌ ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കാൻ സൈനികോദ്യോഗസ്‌ഥരിൽ ചിലരും പങ്കാളികളായുണ്ടെന്ന്‌ വരുമ്പോൾ ഈ രാജ്യത്തന്റെ സുരക്ഷിതത്തെക്കുറിച്ചും ആശങ്കപെടേണ്ടിയിരിക്കുന്നു. മുബൈ സ്‌ഫോടനങ്ങളിൽ പങ്കെടുത്തവരെല്ലാം പാകിസ്‌ഥാനിൽ നിന്ന്‌ ആവശ്യമായ ട്രെയിനിംഗും നിർദ്ദേശങ്ങളും ലഭിച്ചവരാണെന്നുകൂടി ഓർക്കുക. പത്ത്‌ ചാവേർ പടയാളികളായി വന്നവരിൽ ഒരാളെ മാത്രമേ ജീവനോടെ പിടികൂടാൻ പറ്റിയുള്ളുവെങ്കിലും ആ ഒരാൾ അന്വേഷണോദ്യോഗസ്ഥനോട്‌ നിഷേധാത്മകമായ നിലപാടാണ്‌ അനുവർത്തിക്കുന്നത്‌ എന്നാണ്‌ പുറത്ത്‌ വന്നവാർത്ത. ജീവനോടെ പിടികൂടിയാൽ മറ്റുള്ളവരുടെ നിലപാടിലും മാറ്റം വരുമെന്ന പ്രതീക്ഷ അസ്‌ഥാനത്താണ്‌.

ഈ രാജ്യത്ത്‌ ഇക്കഴിഞ്ഞ ആറ്‌മാസക്കാലത്തിനിടയ്‌ക്ക്‌ ആറ്‌ സ്‌ഫോടന പരമ്പരകളാണ്‌​‍്‌ നടന്നത്‌. ഓരോ സ്‌ഫോടനവും നടക്കുമ്പോഴും നമ്മുടെ ആഭ്യന്തരമന്ത്രിയായിരുന്ന ആൾ പറഞ്ഞ വാക്കുകൾ ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ വന്നു കഴിഞ്ഞു. ‘ഞാൻ ശക്തിയായി അപലപിക്കുന്നു.’ ഒരു മിമിക്രി കലാകാരന്റെ പ്രകടനം‘ മുംബൈസ്‌ഫോടനങ്ങളിൽ പങ്കെടുക്കാൻ വന്ന ചാവേറുകൾ കടൽമാർഗ്ഗമാണ്‌ വന്നത്‌ എന്നത്‌ മുബൈക്ക്‌ പുറമെ കൊച്ചി ഉൾപ്പെടെയുള്ള കടൽതീരതുറമുഖങ്ങളെപ്പറ്റിയും വേവലാതിയോടെ മാത്രമേ ഓർക്കാനാവൂ. ഭീകരാക്രമണം വരുന്നുവെന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്ന നിലപാടായിരുന്നു, നമ്മുടെ ആഭ്യന്തര സെക്യൂരിറ്റി വിഭാഗങ്ങൾ അനുവർത്തിച്ചത്‌. മുന്നറിയിപ്പുകളെ അവഗണിച്ചുവെന്ന ആക്ഷേപമുയർന്നപ്പോൾ ആഭ്യന്തരമന്ത്രി അതിനെ നിഷേധിക്കാനും പത്രസമ്മേളനം നടത്താനും വന്ന സമയം ധരിക്കേണ്ടുന്ന ഡ്രസ്സിനെക്കുറിച്ച്‌ മാത്രമായിരുന്നു, അദ്ദേഹത്തിനാശങ്ക.

കുറ്റവാളികളായി വരുന്നവരിൽ ചിലർ ഉന്നതസ്ഥാനീയരായി വരുമ്പോൾ അവരെ സംരക്ഷിക്കേണ്ടുന്ന ബാധ്യത നമ്മുടെ മതങ്ങളും രാഷ്‌ട്രീയ പാർട്ടികളും ഏറ്റെടുത്തതുപോലെ തോന്നുന്നു. തീർത്തും അനാസ്‌ഥ കാണിച്ച മുന്നറിയിപ്പുകളെ അവഗണിച്ച മന്ത്രിയെ സംരക്ഷിക്കേണ്ട ബാധ്യത ഇൻഡ്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷിയുടെ പരമോന്നത സ്‌ഥാനത്തിരിക്കുന്ന ആൾ ഏറ്റെടുത്തെങ്കിൽ മലോഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മദ്ധ്യപ്രദേശിലെ ഒരു സന്യാസിനിയെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ അതിനെ അപലപിക്കാൻ തയ്യാറായി വന്നത്‌ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷയുടെ നേതാവാണ്‌. ഡൽഹി സ്‌ഫോടന പരമ്പരകൾക്ക്‌ ശേഷമുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക്‌ വേണ്ടി മുറവിളികൂട്ടാൻ ഇവിടത്തെ മറ്റൊരു മതതീവ്രവാദരാഷ്‌ട്രീയ പാർട്ടിയും മുന്നോട്ട്‌ വന്നതും ഓർക്കുക. ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉയർന്ന പോലീസുദ്യോഗസ്‌ഥനുവേണ്ടി സംസാരിക്കാൻ ഇവിടത്തെ പത്രങ്ങൾ മാത്രമേ തയ്യാറായുള്ളു.

വോട്ടുബാങ്കിനെ ലക്ഷ്യമാക്കിയുള്ളു കുറ്റവാളികളായി വരുന്നവരെ - സംരക്ഷിക്കേണ്ടുന്ന ബാധ്യത മതങ്ങളും രാഷ്‌ട്രീയ പാർട്ടികളും ഉപേക്ഷിച്ചാൽ മാത്രമേ, ഈ രാജ്യം ഇന്നഭിമുഖീകരിക്കുന്ന ഭീഷണിയിൽ നിന്ന്‌ മോചിതമാവുകയുള്ളു.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.