പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഇനിയുമൊരു സ്വാതന്ത്ര്യസമരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

തീവ്രവാദസംഘടനകൾ രാജ്യമാസകലം പേടിപ്പെടുത്തണ ഭീകരാവസ്‌ഥ സൃഷ്‌ടിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം കടന്നുവരുന്നത്‌. ഇൻഡ്യ സ്വാതന്ത്രമായ ഘട്ടത്തിൽ കാശ്‌മിരിൽ മാത്രം ഒതുങ്ങി നിന്ന വിഭാഗീയ പ്രവണത പിന്നീട്‌ പഞ്ചാബ്‌, ആസ്സാം, വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ എന്നീ പ്രദേശങ്ങളിലൂടെ വളർന്ന്‌ പന്തലിച്ച്‌ ദക്ഷിണേൻഡ്യൻ സംസ്‌ഥാനങ്ങളിലേയ്‌ക്കും വ്യാപിച്ചിരിക്കുന്നു.

രാജ്യത്തിന്റെ കാർഷിക വ്യവസായിക വികസനങ്ങൾ പഞ്ചവത്സര - പദ്ധതികളിലൂടെ പ്രാവർത്തികമാക്കാമെന്ന ജവഹർലാൽ നെഹ്‌റുവിന്റെ സ്വപ്‌നം ഒരളവോളം ഫലപ്രാപ്‌തിയിലെത്തുകയുണ്ടായി. അതിന്റെ ഫലമായി പലസംസ്‌ഥാനങ്ങളിലും കാർഷിക പരിഷ്‌കരണ നിയമങ്ങളും വിദ്യാഭ്യാസ നിയമങ്ങളും തൊഴിൽ നിയമങ്ങളും നടപ്പിലായെങ്കിലും അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേയ്‌ക്കെത്തിയില്ല എന്നത്‌ രാജ്യത്ത്‌ പലയിടങ്ങളിലും അസ്വരസങ്ങളും വിവാദങ്ങളും തലപൊക്കാൻ കാരണമായി. ജെമിന്ദാരി സമ്പ്രദായം ഇന്നും പല സംസ്‌ഥാനങ്ങളിലും പൂർണ്ണമായും തുടച്ചുനീക്കാനായിട്ടില്ല. അവിടെയൊക്കെ ആദിവാസികളും ഹരിജനങ്ങളും വരേണ്യവിഭാഗത്തിന്റെ ചൂഷണത്തിന്‌ വിധേയമാകുന്നു. ഇവരുടെയിടയിലാണ്‌ സംഘടനാ പ്രവർത്തനങ്ങളിലൂടെ ഉദ്‌ബുദ്ധരാക്കുന്ന പ്രവണതകൾക്ക്‌ തുടക്കമിട്ടത്‌. പക്ഷേ, അധികാരവർഗ്ഗം ഇവയെ അടിച്ചമർത്താൻ ശ്രമിക്കുന്നതോടെ അസ്വരസങ്ങളും കലാപങ്ങളും തലപൊക്കുകയായി. 1967-ൽ ബംഗാളിലെ നക്‌സൽബാരി എന്ന സ്‌ഥലത്ത്‌ ചാരുമജുംദാർ, കനുസന്യാൽ ഇവരുടെ നേതൃത്വത്തിൽ ആരംഭമിട്ട പ്രസ്‌ഥാനം പിൽക്കാലത്ത്‌ നക്‌സൽബാരി എന്ന പേരിൽ ഇൻഡ്യയിലെ പല സംസ്‌ഥാനങ്ങളിലേയ്‌ക്കും പടർന്ന്‌ പിടിച്ചു. നക്‌സൽ പ്രസ്‌ഥാനം ഇന്ന്‌ നക്‌സൽ ബാരിയിൽ ഇല്ലാതായി എന്ന്‌തന്നെ പറയാം. പക്ഷേ മാവോയിസ്‌റ്റ്‌ പ്രസ്‌ഥാനമെന്നും മാവേയിസ്‌റ്റ്‌, ലെനിനിസ്‌റ്റ്‌ മാർകിസ്‌റ്റ്‌ പ്രസ്‌ഥാനമെന്നും പലപേരിൽ അവ പല സംസ്‌ഥാനങ്ങളിലും വിഘടിതവും വിഭാഗിയവും ആയ പ്രവർത്തനങ്ങളിലൂടെ അവർ ഗവൺമെന്റിനെതിരെ കലാപക്കൊടി ഉയർത്തുന്നുണ്ട്‌.

അടുത്തിടെ മാവോയിസ്‌റ്റുകളുടെ വിഭാഗിയമായ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ രൂക്ഷമായത്‌ പശ്ചിമബംഗാളിലെ ലാൽഗദ്‌, ഛാത്തിസ്‌ഗഡ്‌, ബീഹാർ, ഒറീസ്സ എന്നിവടങ്ങളിലാണ്‌. ചില സംസ്‌ഥാനങ്ങളിൽ വിഭാഗീയ പ്രസ്‌ഥാനങ്ങൾക്ക്‌ പുറം രാജ്യങ്ങളിൽ നിന്നുള്ള മതതീവ്രവാദസംഘടനകളുടെയും സഹായം ലഭിക്കുന്നുണ്ട്‌ കാശ്‌മീരിലെ കലാപത്തിന്റെ അലയടി - അവിടംകൊണ്ട്‌ മാത്രം തീരുന്നില്ല. കാശ്‌മീർ തീവ്രവാദികൾക്ക്‌ ചെല്ലും ചിലവും കൊടുക്കാൻ നിയുക്‌തരായ ചാവേർ പടയാളികളെ പാക്കിസ്‌ഥാനിൽ വേരൂന്നിയിട്ടുള്ള ചാര സംഘടനകൾ മാത്രമല്ല. ഇന്ത്യയിലെയും ചില നിഗൂഢപ്രദേശങ്ങളിൽ വെച്ചാണെന്നത്‌ വിഭാഗിയവിഘടിത പ്രവർത്തനങ്ങളുടെ രൂക്ഷത എത്രമാത്രമുണ്ടെന്ന്‌ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം അഹമ്മദാബാദ്‌, ജയ്‌പൂർ, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്‌ എന്നിവിടങ്ങളിലുണ്ടായ ബോംബ്‌ സ്‌ഫോടനങ്ങളും കൊലപാതകങ്ങളും ഇപ്രകാരമുള്ള മതതീവ്രവാദികളുടെ സംഘടനപ്രവർത്തനങ്ങളുടെ ഫലമായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ ഒരളവിൽ കേരളത്തിലും വ്യാപകമായിക്കഴിഞ്ഞു. മതതീവ്രവാദികൾ ചാവേർപടയാളികളെയും സന്നദ്ധഭടന്മാരെയും റിക്രൂട്ട്‌ ചെയ്യുന്നത്‌ ഇപ്പോൾ കേരളം പോലുള്ള ദക്ഷിണേൻഡ്യൻ സംസ്‌ഥാനങ്ങളിൽ നിന്നാണ്‌. അവരുടെ പ്രവർത്തന ഫലങ്ങളുടെ ചില പരീക്ഷണങ്ങൾ മാത്രമാണ്‌, കോയമ്പത്തൂർ ബോംബ്‌ സ്‌ഫോടനവും അതിന്റെ തുടർച്ചയായെന്നോണം കഴിഞ്ഞ ചില വർഷങ്ങളിൽ ഉണ്ടായ കളമശ്ശേരിയിലെ ബസ്‌​‍്സ കത്തിക്കൽ സംഭവവും കോഴിക്കോട്‌, കണ്ണൂർ മേഖലകളിലെ വ്യാപകമായ തിവ്രവാദ സംഘടനകളുടെ ഏറ്റുമുട്ടലും എല്ലാം. തിരക്കേറിയ ബസ്‌​‍്‌റ്റാൻഡിലും, റയിൽവേ സ്‌റ്റേഷനുകളിലും, സ്‌കൂൾ, മാർക്കറ്റ്‌ പ്രദേശങ്ങളിലും നടത്തുന്ന സ്‌ഫോടനങ്ങളിൽ കൊല്ലപ്പെടുന്നത്‌ അധികവും സാധാരണക്കാരും വീട്ടമ്മമാരും കുട്ടികളും. വിവിധസ്‌ഥലങ്ങളിലേയ്‌ക്കായി യാത്രപോവാൻ വരുന്നവരുമാണ്‌. കലാപം നടത്തുന്നവരുടെ ഉദ്ദേശ്യം രാജ്യം കലാപഭൂമിയാക്കി മാറ്റി എങ്ങനെയും തങ്ങളുടെ പ്രവർത്തനം വ്യാപിക്കുക എന്നത്‌ വഴി വിദേശശക്തികളുടെ അജൻഡ നടപ്പിലാക്കുക. എന്നതായി മാറിയിരിക്കുന്നു. ഇപ്രകാരം റിക്രൂട്ട്‌ ചെയ്യപ്പെടുന്നവർ അധികം അഭ്യസ്‌തവിദ്യരും ചെറുപ്പക്കാരുമാണെന്നത്‌ സംസ്‌ഥാന കേന്ദ്രസർക്കാരുടെ കണ്ണുതുറക്കാൻ പര്യാപ്‌തമാവേണ്ടതാണ്‌. ഇതിനിടയിൽ തന്നെ അസ്സാമിലെ ഉൾഫാ തീവ്രവാദികളും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ മിസ്സോ കലാപകാരികളും ഡാർജലിംഗ്‌ ഉൾപ്പെട്ട ഉത്തരബംഗാളിൽ ഗൂർഖാലാൻഡിന്‌ വേണ്ടിയുള്ള പ്രക്ഷോഭവും ആന്ധ്രയിലെ തെലുങ്കാന പ്രസ്‌ഥാനവും - രാജ്യം കലാപഭൂമിയാക്കി മാറ്റുന്നതിന്‌ ആക്കം കൂട്ടുന്നുണ്ട്‌.

നഗരവത്‌ക്കരണത്തിനും വ്യവസായ വികസനത്തിനും വേണ്ടി സർക്കാർ ഏറ്റെടുക്കുന്ന ഭൂമി അധികവും കർഷകരും തൊഴിലാളികളും തിങ്ങിപാർക്കുന്ന ഇടമാണെന്നതും കലാപത്തിന്‌ കാരണമാവുന്നുണ്ട്‌. പശ്‌ചിമബംഗാളിലെ നന്ദിഗ്രാമിലെയും സിംഗൂരിലെയും ബഹുജനപ്രക്ഷോഭം തന്നെ ഉദാഹരണം. പക്ഷേ ഇവിടൊക്കെ കേന്ദ്ര സംസ്‌ഥാനസർക്കാരുകാർ ഒന്നുകിൽ നിഷ്‌ക്രിയരായിരിക്കുകയോ, അല്ലെങ്കിൽ സാധാരണക്കാരുടെയും കൃഷിക്കാരുടെയും പ്രശ്‌നങ്ങൾക്ക്‌ നേരെ കണ്ണടയ്‌ക്കുകയോ ചെയ്യുന്നു. മാത്രമല്ല കേന്ദ്രസംസ്‌ഥാന സർക്കാരുകളുടെ പിടിപ്പുകേടും തീവ്രവാദസംഘടനകളുടെ വളർച്ചയ്‌ക്ക്‌ കാരണമാകുന്നുണ്ട്‌. വടക്കൻ കേരളത്തിൽ മുമ്പ്‌ നടന്ന പലസ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ സംശയിച്ച്‌ അറസ്‌റ്റ്‌ ചെയ്‌തവരേയും ലോക്കപ്പിലാക്കിയവരേയും വരെ ചോദ്യം ചെയ്‌തശേഷം വേണ്ടത്ര തെളിവുകളില്ലെന്ന കാരണം പറഞ്ഞ്‌ മടക്കി വിട്ടവരിൽ ചിലർ പിന്നീട്‌ കാശ്‌മീർ സ്‌ഫോടനത്തിൽ പങ്കെടുത്ത പോലീസുമായുള്ള ഏറ്റുമുട്ടലിൽ മരണമടയുകയോ-പിന്നീട്‌ ഒളിവിൽ പോകുകയോ ചെയ്‌തപ്പോൾ സംസ്‌ഥാന സർക്കാർ അവരെ വിട്ടയച്ചത്‌ ഏറ്റവും വലിയ വിഢ്‌ഢിത്തമായിതന്നെ കാണണം. ഒരു പക്ഷേ സംശയിച്ച്‌ പിടിച്ചവരുടെ രാഷ്‌ട്രീയ സമുദായ പശ്ചാത്തലം നോക്കി അവരെ ലോക്കപ്പിലാക്കിയാൽ അടുത്തുവരുന്ന ലോകസഭാതെരഞ്ഞെടുപ്പിൽ നഷ്‌ടപ്പെടാനിടയുള്ള വോട്ട്‌ബാങ്കായിരിക്കുമോ കാരണം? അന്നത്തെ സംഘംചേരലുകാരിൽ ബോംബ്‌ നിർമ്മാണവും ട്രെയിനിഗും കിട്ടിയ ഒരു കണ്ണൂർകാരനെ ഈയടുത്ത്‌ പിടികൂടാനായതോടെയാണ്‌ ഇതെല്ലാം വെളിച്ചത്ത്‌ വരുന്നത്‌. മുൻ മുഖ്യമന്ത്രിയെ വധിക്കാൻ വരെ ഗൂഢാലോചന നടത്തിയ സംഘമാണവരെന്നകാര്യം ഓർക്കുക.

തിർച്ചയായും ഏറ്റുമുട്ടലുകളും ബോംബ്‌ സ്‌ഫോടനങ്ങളും കൂട്ടക്കുരുതിയും രാജ്യമെമ്പാടും എന്ന രീതിയിൽ നടക്കുമ്പോൾ ഇത്‌വരെ ഇൻഡ്യയിലെ ഏറ്റവും സുരക്ഷിതമായ ഏത്‌ മതാനുയായിക്കും രാഷ്‌ട്രീയക്കാരനും സ്വസ്‌ഥമായി കഴിയാമെന്നു നമ്മളെല്ലാം ഊറ്റം പ്രകടിപ്പിച്ചിരുന്ന ഒരു സംസ്‌ഥാനത്താണ്‌ ഇതെല്ലാമെന്ന ഓർമ്മ വരുമ്പോൾ ഈ മാതിരി അക്രമവാസനകളില്ലാത്ത - അഴിമതിയും കെടുകാര്യസ്‌ഥതയുമില്ലാത്ത ഭരണം കാഴ്‌ചവയ്‌ക്കുന്ന രാജ്യത്തിന്‌ വേണ്ടി ഒരു രണ്ടാം സ്വാതന്ത്ര്യ സമരം വേണ്ടിവരുമോ എന്ന്‌ ആശങ്കയിലാണ്‌ സാധാരണക്കാരായ ജനങ്ങളിപ്പോൾ.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.