പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ജനാധിപത്യവ്യവസ്‌ഥ ശക്‌തമാവണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

രാജ്യം സ്വതന്ത്രമായതിന്റെ 64-​‍ാം വാർഷികം കൊണ്ടാടുകയാണ്‌ നമ്മൾ. പതിവ്‌ പോലെ - പ്രസിഡന്റ്‌, പ്രധാനമന്ത്രി, സംസ്‌ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാർ - ഇവരുടെയൊക്കെ സ്വാതന്ത്ര്യദിന സന്ദേശം - ദൃശ്യശ്രാവ്യ വാർത്താമാധ്യമങ്ങളിൽക്കൂടി കാണാനും കേൾക്കാനും വായിക്കാനുമാവുന്നത്‌ ആവർത്തന വിരസമായ സന്ദേശങ്ങളായിരിക്കും. പറയാനുള്ളതെന്തെല്ലാമെന്ന്‌ സാധാരണജനങ്ങൾക്കൊക്കെ കാണാപാഠമായി മാറിക്കഴിഞ്ഞു.

ഇന്ത്യ സ്വതന്ത്രമായതോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പാക്കിസ്‌ഥാനിലും - പിന്നീട്‌ സ്വാതന്ത്ര്യം പ്രാപിച്ച ലോകമെമ്പാടുമുള്ള നിരവധിരാജ്യങ്ങളിലും സ്വാതന്ത്ര്യംലഭിച്ചതിന്‌ ശേഷമുള്ള രാജ്യപുരോഗതിയും സംഭവവികാസങ്ങളും നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്‌ത്‌ അഭിമാനം കൊള്ളുകയായിരുന്നു, ഭരണകർത്താക്കളും ജനങ്ങളും ഇക്കഴിഞ്ഞ ഏതാനും വർഷം മുമ്പ്‌ വരെ. പക്ഷേ, കഴിഞ്ഞ കുറെവർഷങ്ങളായി നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഈ രാജ്യത്തിന്‌ ഭൂഷണമെന്ന്‌ പറയാവുന്ന കാര്യങ്ങളാണോ?. ലോകത്ത്‌ വിഭാഗീയചിന്താഗതികളും മതതീവ്രവാദവും അഴമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും, കൊലയും കൊള്ളിവയ്‌പും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഇൻഡ്യയും കയറിപ്പറ്റിയിരിക്കുന്നു. ഇക്കഴിഞ്ഞ ഒറ്റവർഷം കൊണ്ട്‌തന്നെ മാധ്യമങ്ങൾവഴിയും റൈറ്റ്‌ ടു ഇൻഫർമേഷൻ ആക്‌ടിലൂടെയും വെളിച്ചത്ത്‌ വന്ന പലതും - പരമോന്നത പദവിലിരിക്കുന്നവർ തൊട്ട്‌ താഴത്തെ തട്ടിലുള്ളവർവരെയുള്ള ഭരണകൂടത്തിൽ കടന്നുകയറിയ അഴിമതിയുടെയും കെടുകാര്യസ്‌ഥതയുടെയും അതിക്രമങ്ങളുടെയും കഥകൾ - ലോകത്തിലെ - ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രമെന്ന ഊറ്റം കൊള്ളുന്ന നമ്മുടെ രാജ്യത്തിന്‌ ഒട്ടും ഭൂഷണമല്ല.

ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്‌റ്റ്‌ 15-ന്‌ തന്നെ കാശ്‌മീരിനെചൊല്ലിയുള്ള വിഭാഗീയതയിലൂന്നിയുള്ള കലഹം തുടങ്ങിയിരുന്നു. പിന്നീട്‌ മറ്റ്‌ സംസ്‌ഥാനങ്ങളിലേയ്‌ക്കും പ്രാദേശികമനോഭാവം വളർത്തുന്ന വിഭാഗീയ പ്രസ്‌ഥാനങ്ങൾ ഉടലെടുത്തു. അധികം താമസിയാതെ തന്നെ പ്രാദേശിക വാദത്തോടൊപ്പം മതതീവ്രവാദവും ഇവയോടൊപ്പം വേറിട്ടോ - കൂട്ടമായോ രൂപംകൊണ്ട്‌ രാജ്യമെമ്പാടും ഒരു കലാപഭൂമിയാക്കിമാറ്റാനുള്ള ശ്രമങ്ങൾ വളർന്നുവന്നു. തിരഞ്ഞെടുപ്പിൽ വോട്ട്‌ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇവയെ പലതിനെയും താലോലിക്കാനും ഉൾക്കൊള്ളാനും മുഖ്യധാരയിലുള്ള രാഷ്‌ട്രീയപാർട്ടികൾവരെ തയ്യാറായതോടെ - കലാപങ്ങളും അക്രമങ്ങളും കൊള്ളിവയ്‌പും കൊലപാതകവും - ഇന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു സാധാരണ സംഭവമെന്നരീതിയിലായിക്കഴിഞ്ഞു. ഭരണകൂടങ്ങൾ വരെ അങ്ങിനെയാണ്‌ നോക്കികാണുന്നുവെന്നത്‌ ഈ രാജ്യത്തിന്‌ സംഭവിച്ച ഏറ്റവും വലിയ ശാപമാണ്‌. ഏറ്റവും അവസാനം ഇക്കഴിഞ്ഞ ജൂലായ്‌ മാസം അവസാനം കാശ്‌മീർ താഴ്‌വരയിൽ മാത്രം സായുധസേനയുടെ വെടിവേറ്റ്‌ മരിച്ചവരുടെ എണ്ണം 59 കഴിഞ്ഞു. പാർലമെന്റിൽ കഴിഞ്ഞാഴ്‌ച ആഭ്യന്തരമന്ത്രി പ്രസ്‌താവിച്ച കണക്കാണിത്‌. മരണസംഖ്യ ഇനിയും ഏറുമെന്നാണ്‌ അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്‌. മതതീവ്രവാദത്തോടൊപ്പം രാഷ്‌ട്രീയ തീവ്രവാദപ്രസ്‌ഥാനങ്ങളുയർത്തുന്ന കലാപങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയുടെ വടക്കുകഴിക്കൻ സംസ്‌ഥാനങ്ങളിലും ചില ദക്ഷിണേൻഡ്യൻ സംസ്‌ഥാനങ്ങളിലും - മരണമടയുന്നവരുടെ സംഖ്യ സായുധസേനയുടേതുൾപെടെയുള്ള കണക്ക്‌ ഞെട്ടിക്കുന്നതാണ്‌. ഇവിടെയൊക്കെ നമ്മുടെ ഭരണകൂടത്തിന്റെ പല നയങ്ങളും പ്രഖ്യാപനങ്ങളും സ്‌ഥിരതയില്ലാത്തവയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. കലാപം അടിച്ചമർത്താൻ വേണ്ടി വന്നാൽ പട്ടാളത്തെവരെ ഇറക്കാമെന്ന്‌ പറയുന്ന മന്ത്രി. പിറ്റേദിവസം പറയുക ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ്‌. ഈ ആശയക്കുഴപ്പങ്ങൾ മുതലാക്കാൻ ശ്രമിക്കുന്നവരാണ്‌ പ്രതിപക്ഷമുൾപ്പെടെയുള്ള രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾ.

ഇതോടൊപ്പം വളർന്നുവരുന്ന മറ്റൊരു വലിയ വിപത്താണ്‌ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയെ കാർന്ന്‌തിന്നുന്ന അഴിമതി. അവയിൽ ഏറ്റവും അവസാനത്തേത്‌ രണ്ട്‌മാസത്തിനകം ഇവിടെ നടക്കാൻ പോകുന്ന കോമൺവെൽത്ത്‌ ഗയിംസിനോടനുബന്ധിച്ചുള ഒരുക്കങ്ങൾ - അവയിലൂടെ സംഘാടകസമിതി സ്വന്തമാക്കിയ 2500 കോടി രൂപയെ ചൊല്ലിയുള്ള വിവാദമാണ്‌. ഒരു വില്ലേജ്‌ അസിസ്‌റ്റന്റോ, താലൂക്ക്‌ ക്ലാർക്കോ, അഞ്ഞൂറോ, ആയിരമോ രൂപ കൈക്കൂലി വാങ്ങുന്ന കേസ്സുകൾ ശിക്ഷിക്കപ്പെടുന്ന വാർത്തകൾ കൊട്ടിഘോഷിക്കുമ്പോൾ കോടികളുടെ അഴിമതി, പണത്തിന്റെയും കയ്യൂക്കിന്റെയും ബലത്തിൽ നീതിപീഠത്തെ വരെ സ്വാധീനിക്കാൻ പാകത്തിൽ തെളിവുകൾ വളച്ചൊടിച്ച്‌ പ്രതികൾ രക്ഷപ്പെടുന്നു. സ്‌പോർട്ട്‌സ്‌ കൗൺസിലിന്റെയും ഇന്ത്യൻ ഒളിംമ്പിക്‌ അസോസിയേഷന്റെയും ചെയർമാൻ കൂടിയായ സുരേഷ്‌ കൽമാഡി ഇവിടെ സംശയത്തിന്റെ നിഴലിലാണ്‌. കൽമാഡി രാജിവയ്‌ക്കണമെന്ന്‌ രാജ്യമെമ്പാടുമുള്ള കായികസംഘടനകളും മാധ്യമങ്ങളും പ്രതിപക്ഷമൊന്നടങ്കമുള്ള രാഷ്‌ട്രീയ കക്ഷികളും ആവശ്യപ്പെടുമ്പോൾ - ഭരണകക്ഷിയുടെ അഖിലേൻഡ്യാ പ്രസിഡന്റോ, പ്രധാനമന്ത്രിയോ പറഞ്ഞാൽ മാത്രമേ രാജിവയ്‌ക്കൂ എന്നാണ്‌ ഇദ്ദേഹം പറയുന്നത്‌. പാർലമെന്റിൽ പലവിഷയത്തിലും നിർണ്ണായക തീരുമാനമെടുക്കേണ്ടുന്ന അവസരത്തിൽ കണ്ണടയ്‌ക്കുന്ന പ്രധാനമന്ത്രിയുള്ളിടത്തോളം കാലം തനിക്കാരെയും പേടിക്കേണ്ട ആവശ്യമില്ലെന്ന്‌ ഇദ്ദേഹത്തിന്‌ ഉറപ്പുണ്ട്‌. ഏതാനും മാസംമുമ്പ്‌ ഭരണകൂടത്തെവരെ പിടിച്ചു കുലുക്കിയ ടെലകോം അഴിമതിക്കേസ്സിൽ പ്രതിസ്‌ഥാനത്ത്‌ വന്ന ഡി എം.കെ. മന്ത്രിയെ സംരക്ഷിച്ചില്ലെങ്കിൽ ഭരണം നഷ്‌ടപ്പെടുമെന്ന അവസ്‌ഥയിൽ, ആ വിവാദത്തിന്‌ നേരെ കണ്ണടച്ച പ്രധാനമന്ത്രി, ഇപ്പോൾ ഈ കോമൺവെൽത്ത്‌ ഗയിംസിന്‌ വേണ്ടി ചെലവഴിച്ച തുകയെചൊല്ലിയുള്ള പതിനായിരം വരെ ചെന്നെത്തിയേക്കാവുന്ന കോടികളുടെ തുകയെപ്പറ്റിയുള്ള വിവാദത്തിനുനേരെയും കണ്ണടയ്‌ക്കുമെന്ന ഉത്തമവിശ്വാസമാണ്‌ സ്‌പോർട്ട്‌സ്‌ കൗൺസിൽ പ്രസിഡന്റുകൂടിയായ കൽമാഡിക്കുള്ളത്‌. ബി.പി.എൽ. വിഭാഗത്തിൽപെട്ട 20-25 ശതമാനം ജനങ്ങൾ ഇപ്പോഴും ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി ബുദ്ധിമുട്ടുന്ന അവസ്‌ഥയിൽ ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രമെന്ന ലോകമെമ്പാടും പെരുമ്പറയടിക്കുന്ന ഇൻഡ്യയുടെ ഇന്നത്തെ അവസ്‌ഥയാണിവിടെ ചൂണ്ടിക്കാണിച്ചത്‌.

കേരളത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യദിനത്തിന്റെ പിന്നാലെ തന്നെ ഓണാഘോഷവും വരുന്നു. രൂക്ഷമായ വിലക്കയറ്റവും അതോടൊപ്പം ഭൂമി കയ്യേറ്റവും - ആദിവാസികളുടെ ഭൂമിവരെ കയ്യേറിയ സംഭവമാണ്‌ ഏറ്റവും അവസാനത്തെ വാർത്ത - അതോടൊപ്പം ക്രമസമാധാനനിലയുടെ തകർച്ചയും, ക്വൊട്ടേഷൻ സംഘത്തിന്റെ വിളയാട്ടവും എല്ലാംകൂടിയാവുമ്പോൾ - സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യദിനവും ഓണവും യാതൊരുവിധ സന്തോഷവും നൽകുന്നില്ല. പക്ഷേ - ജനാധിപത്യ വ്യവസ്‌ഥയിലെ ഏറ്റവും വിലയേറിയ ആയുധം - വോട്ട്‌ സമ്മതിദായകരുടെ കയ്യിലുണ്ടെന്നത്‌ മാത്രമാണ്‌ ശുഭപ്രതീക്ഷ നൽകുന്ന ഏറ്റവും വലിയ ഘടകം. ആ ശുഭപ്രതീക്ഷയിലൂന്നിക്കൊണ്ട്‌ പുഴയുടെ പരസഹസ്രം വരുന്ന വായനക്കാർക്ക്‌ സ്വാതന്ത്ര്യദിനവും ഓണാഘോഷവും നിറപ്പകിട്ട്‌ നൽകട്ടെയെന്നാശംസിക്കുന്നു.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.