പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ലക്ഷ്യം സന്തുഷ്ടകുടുംബം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

അടുത്ത ഒരു ദശകത്തിനുള്ളില്‍ത്തന്നെ ഇന്ത്യ ലോകശക്തികളില്‍ ഒന്നായിത്തീരുമെന്നാണ് യു.എന്നി ലെ രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. എങ്കിലും ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധന ഈ വളര്‍ച്ചക്ക് വിഘാതമാകാതെ സൂക്ഷിക്കേണ്ട കരുതല്‍ നപടികള്‍ ഇന്ത്യ സ്വീകരിക്കണമെന്ന ഒരു നിര്‍ദ്ദേശവും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലോകജനസംഖ്യ നൂറുകോടി കവിഞ്ഞ രണ്ട് രാജ്യങ്ങളേ നിലവിലുള്ളൂ. ചൈനയും ഇന്ത്യയും. ജനസംഖ്യാ പെരുപ്പം ഇന്നത്തെ നിലക്ക് പോയാല്‍ ഇന്ത്യ ചൈനയെ മറികടക്കാന്‍ അധികനാള്‍ വേണ്ട എന്നാണ് പാശ്ചാത്യ ശാസ്ത്ര - സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇന്നിപ്പോള്‍ ലോകത്ത് പത്ത് പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനാണ്- ഇന്ത്യ സ്വതന്ത്രമായതിനുശേഷം സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കുടുംബാസൂത്രണ പരിപാടികളൊന്നും ഫലപ്രദമായിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പുകള്‍ തുടങ്ങിയതിനുശേഷം കാര്‍ഷികരംഗത്തും ആരോഗ്യപരിപാലനരംഗത്തുമെല്ലാം ഇന്ത്യ വളരെയേറെ മുന്നോട്ടു പോയെങ്കിലും വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ ഈ നേട്ടങ്ങളുടെയൊക്കെ ഫലശ്രുതി ഇല്ലായ്മ ചെയ്യുന്നതിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ ഐ റ്റി- ഇലട്രോണിക് മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ പാശ്ച്യാത്യ രാജ്യങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. യു.എസ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കാനായി ധാരാളം ഐ.റ്റി എഞ്ചിനീയര്‍ ബിരുധദാരികള്‍ ചേക്കേറിക്കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാരായും നേഴ്സുമാരായും ജോലി നോക്കുന്നവര്‍ വേറെ. പക്ഷെ - ജനപ്പെരുപ്പം ഏറുന്നതിനാല്‍ തൊഴിലില്ലായ്മയും അതോടൊപ്പം ഭക്ഷ്യ ദൌര്‍ലഭ്യവും വിലക്കയറ്റവും - ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറുന്നു. ഇന്ത്യ നേടിയെടുക്കുന്ന നേട്ടങ്ങളൊക്കെ വീതം വച്ച് നല്‍കുകയാണെങ്കില്‍ ഓരോ പൗരനും ലഭിക്കുന്ന നേട്ടം തുച്ഛമായിരിക്കും. ലോകത്തേത് വികസ്വര രാജ്യത്തേക്കാളും അഴിമതി ഇവിടെ കൂടീ വരുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ജനപ്പെരുപ്പവും ഒരു കാരണമാണ്. വിദ്യാഭ്യാസരംഗത്ത് നമ്മുടെ രാജ്യം വളരെയേറെ മുന്‍പോട്ട് പോയിട്ടുണ്ടെങ്കിലും തൊഴിലില്ലാത്ത അഭ്യസ്ത വിദ്യരുടെ എണ്ണം ഏറുന്നതിനാല്‍ വിദേശത്തായാലും സ്വദേശത്തായാലും അവര്‍ക്ക് ലഭിക്കുന്ന ജോലികള്‍ക്ക് പരിമിതിയുണ്ട്. ബിരുദധാരികളും പ്രൊഫഷണല്‍ രംഗത്ത് വിജയം നേടുന്നവരും വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ കൂലിവേലക്ക് വരെ പോകാന്‍ നിര്‍ബന്ധിതരായി തീരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യവസായ വിപ്ലവം വഴി ധാരാളം കൃഷിയിടങ്ങള്‍ ഫാക്ടറികളായും വാണിജ്യ സ്ഥാപനങ്ങളായും റോഡുകളുമായി മാറുന്നതോടെ കൃഷി മേഖല ഇപ്പോള്‍ ഏറെക്കുറെ വളര്‍ച്ച മുട്ടിയ അവസ്ഥയിലാണ് . വ്യാപകമായ വന കയ്യേറ്റവും - രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ അതിന് കൂട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വന്ന് വെള്ളപ്പൊക്കം, വരള്‍ച്ച,കടലാക്രമണം ഇവയൊക്കെ കാരണം ഭക്ഷ്യക്ഷാമവും വിലക്കയറ്റവും - നിത്യമായ ഒരവസ്ഥയിലാണ്. ബി. പി എല്‍ മേഖലയിലുള്ളവര്‍ക്ക് എന്തൊക്കെ സൌജന്യങ്ങള്‍ ചെയ്താലും പട്ടിണി മരണങ്ങളും മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കലും പാടെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റില്ലെന്നു മാത്രമല്ല ഓരോ വര്‍ഷം കഴിയുംതോറും അവയൊക്കെ കൂടിക്കുടി വരികയാണ് ചെയ്യുന്നത്. സാമ്പത്തിക ഭദ്രതയുടെ അടിത്തറ ഇളകുന്ന സാഹചര്യം വരുമ്പോള്‍ സമ്പന്നരും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യ നേടിയെടുത്ത നേട്ടങ്ങളൊക്കെ ഫലം കാണാതെ വരും. ഇവിടെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും സാമ്പത്തിക മേഖലയിലെയും ആരോഗ്യമേഖലയിലെ വിദഗ്ദരും ഗവണ്മെന്റിതര സംഘടനകളും സാമുദായികനേതാക്കന്‍മാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകത വന്നുചേരുന്നത്.

കേരളത്തിലെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള ശിശു - വനിത അവകാശസംരക്ഷണ ക്ഷേമസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ജനസംഖ്യാ നിയന്ത്രണവിധേയമാക്കാന്‍ കുടുംബത്തില്‍ ‘കുട്ടികള്‍ രണ്ട് മതി’ എന്ന് വ്യവസ്ഥയാണ് മതമേലദ്ധ്യക്ഷന്‍മാരുടെയും സാ‍മുദായികനേതാക്കന്മാരുടേയും രൂക്ഷവിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന നടപ്പാക്കുന്ന കര്‍ശനമായ വ്യവസ്ഥകള്‍ രാജ്യത്തിനാവശ്യമായ ഭേദഗതികള്‍ സ്വീകരിച്ച് ഇവിടേയും നടപ്പാക്കാവുന്നതേ ഉള്ളു. -‘ നാം രണ്ട് - നമുക്ക് രണ്ട്’ എന്ന തത്വം നടപ്പാക്കണമെന്നും മനപൂര്‍വ്വമായ ലംഘനം വരുത്തുകയാണെങ്കില്‍ അപ്രകാരം കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കളെ - ഇതിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന വനിതാകമ്മീഷന്റെ ശിപാര്‍ശകള്‍ അംഗീകരിച്ചുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നുള്ള കൃഷ്ണയ്യര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്. പക്ഷെ - ഈ പ്രതിഷേധം ഉയര്‍ത്തുന്ന സംഘടനകള്‍ ചൈനക്കു പുറമെ ഗള്‍‍ഫ് മേഖലകളിലെ പല മുസ്ലിം രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ചുരുക്കം ചില പാശ്ചാത്യരാജ്യങ്ങളിലും കുടുംബാസൂത്രണ രംഗത്ത് ഈ മാതിരിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുകയാണ്. ജനസംഖ്യാനിയന്ത്രണം രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് അനിവാര്യമാണെന്ന കാര്യം ഭരണരംഗത്തുള്ളവര്‍ക്കും പ്രതിപക്ഷത്തുള്ളവര്‍ക്കും ബോധ്യമായ കാര്യമായതിനാല്‍ അധികം വിമര്‍ശനം വിളിച്ചു വരുത്താത്ത രീതിയില്‍ എങ്ങനെ നടപ്പാക്കാമെന്നാണ് ആലോചിക്കേണ്ടത്. നിര്‍ദ്ദിഷ്ട ശിപാര്‍ശകള്‍ മുഴുവനും അപ്പാടെ തള്ളിക്കളയണമെന്ന് മതന്യൂനപക്ഷക്കാരുടെ നിലപാട് അര്‍ത്ഥശൂന്യമാണ് . ഇന്ത്യ ഒരു മതേതരരാഷ്ട്രമായിരിക്കുന്നിടത്തോളം - ഏതെങ്കിലും ഒരു മതത്തിനുവേണ്ടി ജ.കൃഷ്ണയ്യരുടെ ശിപാര്‍ശകള്‍ സ്വീകാര്യമല്ല എന്ന വാദം വെറുതെ വിവാദങ്ങള്‍ വിളിച്ചു വരുത്തുകയേയുള്ളു. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് എല്ലാമതവിഭാഗങ്ങളും കൂടിയാലോചിച്ച് യോജിച്ചുകൊണ്ടുള്ള ഒരു നിലപാടിലേക്ക് നീങ്ങുകയാണ് വേണ്ടത്.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.