പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ശ്വേതാമേനോന്റെ സ്വകാര്യത ‘കളിമണ്ണാ‘യി മാറുമ്പോള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

മലയാള സിനിമാരംഗത്ത് പ്രശസ്ത നടിയായ ശ്വേതാ മേനോന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി തന്റെ സ്വകാര്യത ക്യാ‍മറക്കു മുന്നില്‍ അനാവരണം ചെയ്തത് വലിയൊരു വിവാദമായി മാറിയിരിക്കുന്നു. കാഴ്ച, തന്മാത്ര ഏറ്റവും അവസാനം പ്രണയം എന്നീ നല്ല ചിത്രങ്ങള്‍ കാഴ്ച വച്ച ബ്ലസി തന്റെ അടുത്ത ചിത്രമായ കളിമണ്ണില്‍ മാതൃത്വത്തിന്റെ മഹത്വം ആവ്ഷക്കരിക്കാന്‍ വേണ്ടിയാണെത്രെ യഥാര്‍ത്ഥ ജീവിതത്തില്‍ ഗര്‍ഭിണിയായിരുന്ന ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചത്. സ്ത്രീയുടെ ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഒരു സ്ത്രീ മാതാവാകാന്‍ വേണ്ടിയുള്ള കാലഘട്ടം ചിത്രീകരിക്കുന്നതിലൂടെ മാതൃത്വത്തിന്റെ മഹത്വവത്ക്കരണത്തിനായി തന്റെ സ്വകാര്യത മൂവി ക്യാമറക്കു മുന്നില്‍ കാഴ്ച വച്ചു എന്നാണാരോപണം. ശ്വേതയുടെയും ഭര്‍ത്താവിന്റെയും സമ്മതത്തോടു കൂടിയാണെങ്കിലും ഇതെത്രമാത്രം നമ്മുടെ നാട്ടില്‍ അനുവദനീയമാണ് എന്നാണ് ചോദ്യം.

ഈ വാര്‍ത്ത വന്നതോടെ ക്ഷുഭിതനായി ആദ്യം സംസാരിച്ചത് സ്പീക്കര്‍ ശ്രീ. കാര്‍ത്തികേയനാണ്. സ്ത്രീയുടെ ജീവിതത്തിലെ മഹനീയമായ സ്വകാര്യതയെ വില്‍പ്പനച്ചരക്കാക്കുകയാണ് പ്രസവ ചിത്രീകരണത്തിലൂടെ ശ്വേതാമേനോന്‍ ചെയ്തത്. പ്രസവ ചിത്രീകരണം ചിത്രത്തിന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള സംവിധായകന്റെ യത്നത്തില്‍ ശ്വേതാമേനോന്‍ കൂട്ടുനിന്നതിലൂടെ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നാണ് ശ്രീ കാര്‍ത്തികേയന്റെ വിലയിരുത്തല്‍. ഇങ്ങനെയൊരു വാര്‍ത്ത ആഴ്ചകള്‍ മുന്നേ തന്നെ മാധ്യമങ്ങളില്‍ വന്നിട്ടും തൊട്ടതിനും പിടിച്ചതിനും സ്ത്രീശരീരം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ചൂലെടുക്കുന്ന കേരളത്തിലെ മഹിളാ സംഘടനകള്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

അമ്മയാകുക എന്നത് സ്ത്രീ ജീവിതത്തിന്റെ അഭിമാനവും പൂര്‍ണ്ണതയുമാണ്. അത് പ്രേക്ഷകരെ കാണിക്കുക എന്നാല്‍ മാതൃത്വത്തെ അപമാനിക്കുകയാണ് . നടിയുടെ സമ്മതത്തോടെയല്ലായിരുന്നെങ്കില്‍ ബ്ലെസി ചെയ്തത് ഗൗരവമുള്ള കുറ്റകൃത്യമായി മാറിയേനെ. പ്രസവസമയത്ത് മിഡ് വൈഫ്മാര്‍ ( സൂതികര്‍മ്മിണി) മാത്രമാണ് സാധാരണ ഉണ്ടാവുക. എന്തെങ്കിലും പ്രസവസംബന്ധമായ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വരുമ്പോള്‍‍ മാത്രമേ ഡോക്ടര്‍മാര്‍ പോലും പ്രസവമുറിയില്‍ കയറാറുള്ളു.

കയം , രതിനിര്‍വേദം എന്നീ സിനിമകളില്‍ കൂടി ശ്വേ‍താ മേനോന്‍ കഥ ആവശ്യപ്പെടുന്ന മേനിപ്രദര്‍ശനം കാഴ്ച വച്ചിട്ടുണ്ടെങ്കിലും അവയൊരിക്കലും പരിധി വിട്ട് പോകാതെയാവാന്‍ ആ സിനിമകളുടെ സംവിധായകനും ക്യാമറാമാന്മാരും ശ്രദ്ധിച്ചതിനാല്‍ വിവാദങ്ങള്‍ ഒരിടത്തു നിന്നും ഉണ്ടായിട്ടില്ല. നടിയുടെ സമ്മതത്തോടെയാണ് ‘ കളിമണ്ണി’ ലെ രംഗങ്ങള്‍ ചിത്രീകരിച്ചെന്നതിനാല്‍ സംവിധായകന് ഒരു കേസ്സുണ്ടാവാന്‍ വഴിയില്ല. നടിക്ക് സ്വകാര്യത വേണ്ടെന്ന് വയ്ക്കാമെന്നിരിക്കട്ടെ നമ്മുടെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് ഇതെത്രത്തോളം അനുവദനീയമാണ്? ഹോളിവുഡ്ഡ് സിനിമകളില്‍ ‘ ചൂടന്‍’ രംഗങ്ങള്‍ ചിത്രീകരിക്കുകയും പ്രദര്‍ശനശാലകളില്‍ എത്തുകയും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ സെന്‍സര്‍ ബോര്‍ഡ് അവയുടെ സിംഹഭാഗവും കത്രികക്കു വിധേയമാക്കിയുള്ള പ്രദര്‍ശനമായിരിക്കും ‘ അഡല്‍റ്റ്‍സ് ഒണ്‍ലി’ സര്‍ട്ടിഫിക്കറ്റോടു കൂടി നടത്താന്‍ അനുവദിക്കുക. പക്ഷെ ഇത് പോലും പലപ്പോഴും അസാദ്ധ്യമാകുന്ന അവസ്ഥ വരുന്നുണ്ട്. ഇവിടെ ഒരു പരിധിവരെ പ്രേക്ഷകരും കുറ്റവാളികളാണ്. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ ഓടിക്കൂടുന്ന പോലെയായി മാറി പ്രേക്ഷകസമൂഹം. ഈ ഒരവസ്ഥ മുതലാക്കുകയാണ് ഒരു പരിധി വരെ നമ്മുടെ നിര്‍മ്മാതാക്കളും സംവിധായകരും. പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഗുണവശത്തേക്കാളേറെ ഏതെല്ലാം വര്‍ജ്ജിക്കേണ്ടതുണ്ടോ അവയൊക്കെയാണ് സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത്. ഹോട്ടലിലെ ടോയ് ലെറ്റുകളിലും കിടപ്പുമുറികളിലും ഒളിക്യാമറകള്‍ വച്ച് അതിഥികളായെത്തുന്നവരുടെ സ്വകാര്യത പകര്‍ത്തുന്ന ഹോട്ടലുടമകളും അവയ്ക്കു കൂട്ടുനില്‍ക്കുന്ന നിയമപാലകരും ഇവിടുള്ളിടത്തോളം കാലം സ്വകാര്യത ഇന്നിപ്പോള്‍‍ നമ്മുടെ നാട്ടില്‍ അന്യമായി മാറിയിട്ടുണ്ട്.

സിനിമയുടെ കലാപരമായ ആവിഷ്ക്കാരത്തിന് പ്രസവരംഗം ചിത്രീകരിക്കുന്നത് ആവശ്യമെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ എന്തിന് വേണ്ടി ബ്ലെസി ഇത് മുന്‍കൂട്ടി മാധ്യമങ്ങളെ അറിയിച്ചു ? സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണീ നടപടിയെന്നാരെങ്കിലും ആക്ഷേപിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. കാഴ്ച, തന്മാത്ര, പ്രണയം, ഭ്രമരം എന്നീ ചിത്രങ്ങളിലെ പല രംഗങ്ങളും കലാപരമായിത്തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് പ്രേക്ഷകര്‍ക്കനുഭവപ്പെട്ടത് സിനിമ കാണുമ്പോള്‍‍ മാത്രമാണ്. അവിടൊക്കെ താന്‍ സിനിമയിലാക്കുന്ന ദൃശ്യങ്ങള്‍ ഇവയൊക്കെയാണെന്ന് സംവിധായകന്‍ മുന്‍കൂട്ടി വിളംബരം ചെയ്തിരുന്നില്ല. സംവിധായകന്റെ ആവിഷ്ക്കാരത്തെ പറ്റി ആര്‍ക്കും പരാതിയുമുയരുന്നില്ല. ഇവിടെ ആവശ്യമില്ലാത്ത പബ്ലിസിറ്റി കൊടുത്ത് ചിത്രം ഷൂട്ടിംഗ് തീരുന്നതിനു മുന്നേതന്നെ ചിത്രത്തിലെ രംഗങ്ങളെ പറ്റി മാധ്യമങ്ങളെ അറിയിച്ച ബ്ലെസിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.

ശ്വേതാമേനോന് സ്വകാര്യത വേണ്ട എന്നു വയ്ക്കാം. അത് ആ നടിയുടെ സ്വാതന്ത്ര്യം. പക്ഷെ താന്‍ പ്രസവിച്ച കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ തന്റെ ജനനം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടെതാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ ആ കുഞ്ഞിനുണ്ടായേക്കാവുന്ന മാനസികാവസ്ഥ എന്താണെന്ന് ഒരു മാതാവെന്ന നിലയില്‍ ശ്വേതാ മേനോന്‍ ഓര്‍ക്കേണ്ടതായിരുന്നു. അറിയാതെയാണെങ്കിലും സിനിമയില്‍ തന്റെ സ്വകാര്യത ഒരു കച്ചവട തന്ത്രത്തിന് ഭാഗമായി മാറിയെന്ന തിരിച്ചറിവ് ശ്വേതക്ക് ലഭിക്കുക പിന്നീടായിരിക്കും. പ്രേക്ഷകരോടൊപ്പം ആ ദൃശ്യങ്ങള്‍‍ സിനിമാതീയേറ്ററില്‍ വച്ച് കാണുമ്പോള്‍‍ ശ്വേതക്ക് തന്നെ ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയും എന്തായിരിക്കുമെന്ന് നേരത്തേ തന്നെ മനസിലാക്കേണ്ടതായിരുന്നു.

പൊതുജനങ്ങള്‍ക്ക് മേല്‍ കെട്ടി വയ്ക്കുന്ന ഈ സ്വകാര്യത സിനിമാ നിര്‍മ്മാതാ‍വിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുമ്പോള്‍ കുറ്റവാളികള്‍ നടിയും സംവിധായകനുമായിരിക്കും.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.