പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഉയർത്തെഴുന്നേല്പില്ലാത്ത രാഷ്‌ട്രീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഒന്ന്‌ ചീഞ്ഞാൽ മറ്റൊന്നിന്‌ വളമാകും എന്നത്‌ വെറുമൊരു പഴഞ്ചൊല്ലിൽ ഒതുങ്ങുന്നതല്ല. മറിച്ച്‌ കുറച്ചൊക്കെ ശാസ്‌ത്രീയതയും അതിലുണ്ട്‌. തന്റെ വളർച്ചയ്‌ക്ക്‌ മറ്റുളളവരെ വളമാക്കുവാൻ ശ്രമിക്കുമ്പോൾ സ്വയം വളമായി തീരുന്നവരേയും നാം കാണാറുണ്ട്‌. ശോഭനാജോർജ്ജ്‌ അങ്ങിനെ സ്വയം വളമായി തീർന്നവരാണ്‌.

കെ.വി.തോമസിനെതിരെ വ്യാജ ഹവാല രേഖ ചമച്ചത്‌ എന്തിനെന്നും ആർക്കുവേണ്ടിയെന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല. മറിച്ച്‌ കേരളരാഷ്‌ട്രീയത്തിന്റെ നെറിവുകെട്ട ചില രീതികളെക്കുറിച്ച്‌ സൂചിപ്പിക്കാതെ വയ്യ. ശോഭനാജോർജ്ജ്‌ ചെറിയൊരു ഉദാഹരണം; പിടിക്കപ്പെട്ടപ്പോൾ വലിയ കളളിയായി എന്നുമാത്രം. (ഇതുവരെയും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും നമുക്കിങ്ങനെ വിശ്വസിക്കാൻ പറ്റൂ). കേരളജനതയും, പത്രമാധ്യമങ്ങളും ഒരു മിന്നായംപോലെ വന്ന്‌ സൂര്യനായ്‌ തിളങ്ങിനിന്ന ശോഭനയുടെ അപ്രതീക്ഷിത അസ്തമനത്തിന്റെ രസകരമായ നിമിഷങ്ങളെ ആസ്വദിക്കുകയാണ്‌ (ശോഭനയടക്കം പലരും ഒരു ‘ഉയർത്തെഴുന്നേൽപ്പ്‌’ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും). ശോഭനയുടെ തിളക്കമുളള ചിത്രത്തിന്റെയും, മറ്റു ഫീച്ചറുകളുടേയും കഥകളിൽ മാധ്യമങ്ങൾ സമയവും സ്ഥലവും കളയുമ്പോൾ ഹവാലവഴി കേരളത്തിലേയ്‌ക്കൊഴുകിയ 360 കോടി രൂപ സൃഷ്‌ടിച്ച ഭീകരന്തരീക്ഷം ആരും ഓർക്കുന്നില്ല. പല വ്യക്തികളുടേയും രാഷ്‌ട്രീയ, വർഗ്ഗീയ, തീവ്രവാദ സംഘടനയുടേയും ഖജനാവിലേയ്‌ക്കാണ്‌ ഈ പണപ്രളയം നടന്നിരിക്കുന്നതെന്ന്‌ തീർച്ച. മണിച്ചന്റെ പക്കൽനിന്നും മൊത്തമായിതന്നെ വലിയൊരു തുക വിഴുങ്ങിയ മാർക്സിസ്‌റ്റ്‌ പാർട്ടിയും ഇതിൽ നിന്നും വ്യത്യസ്‌തമാണെന്ന്‌ പറയുന്നതെങ്ങനെ? ഉണ്ണാനിരിക്കുമ്പോൾ വിളി വരുന്നതുപോലെ കേരളരാഷ്‌ട്രീയത്തിൽ കയറിയിറങ്ങിക്കളിക്കുന്നവരുടെ രാഷ്‌ട്രീയബോധവും സംശയിക്കപ്പെടേണ്ടതാണ്‌ എന്നുകൂടി ഇതിനോട്‌ ചേർത്തു വായിക്കണം. കാർഗിൽ യുദ്ധത്തിൽ വീരമരണം വരിച്ച ജവാന്മാർക്കുവേണ്ടി നടത്തിയ ശവപ്പെട്ടി കച്ചവടത്തിൽ അടിച്ചുമാറ്റിയ കോടികളുടെ കണക്കുകളിൽ ദേശാഭിമാനം കൊളളുന്ന ദേശസ്‌നേഹ രാഷ്‌ട്രീയ പ്രവർത്തകരുടെ കേരളവിഭാഗത്തിന്റെ പ്രവർത്തനങ്ങളും വേറെ തരത്തിലല്ല.

പിടിക്കപ്പെട്ടപ്പോൾ ശോഭന മാത്രം തൊട്ടുകൂടാത്തവളായി. പിടിക്കപ്പെട്ടപ്പോൾ സത്യനേശനും തൊട്ടുകൂടാത്തവനായി. ഇങ്ങനെ ചിന്തിച്ചാൽ പിടിക്കപ്പെടാത്ത പതിനായിരങ്ങളുടെ ഇടയിൽനിന്നാണ്‌ ഈ ഒന്നോ രണ്ടോ പേർ ക്രൂശിക്കപ്പെടുന്നത്‌. ശോഭനയോട്‌ സഹതാപം മാത്രമെയുളളൂ. ലോകം മുഴുവൻ കൊളളക്കാരെകൊണ്ട്‌ നിറഞ്ഞിരിക്കുമ്പോൾ ഈ ചെറിയ കളളിയെ ക്രൂശിലേറ്റിയതെന്ത്‌?

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.