പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

എന്റെ രാജ്യം, എന്റെ സ്വപ്‌നം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഇങ്ങനെ ചിലർ ലോകത്തിൽ അപൂർവ്വം; ഒരു ഗാന്ധി, ഒരു മണ്ടേല, ഒരു അരാഫത്ത്‌...സ്വാതന്ത്ര്യമെന്തെന്ന്‌ ജീവിതം കൊണ്ട്‌ വരച്ചു കാട്ടിയവരാണിവർ. ത്യാഗത്തിന്റെ വിശുദ്ധമായ വഴികളിലൂടെ ഓരോ ജനതയേയും പ്രതീക്ഷയുടെ വലിയ ലോകങ്ങളിലേക്ക്‌ കൈപിടിച്ച്‌ ഉയർത്തിയവർ....

വേദനയോടെ, പാലസ്തീന്റെ നിറഞ്ഞ ചിരി കാണാൻ കൂട്ടാക്കാതെ അരാഫത്ത്‌ വിശുദ്ധമായ മറ്റേതോ ലോകത്തിലേക്ക്‌ മടങ്ങിപ്പോയി. ഒരു വലിയ ജനതയുടെ പ്രതീക്ഷയുടെ ആൾരൂപത്തിനുമുകളിൽ ഇരുണ്ട തിരശീല വീണു. ‘ഇനിയെന്ത്‌?’ എന്ന വലിയൊരു ചോദ്യത്തിനു മുന്നിൽ പാലസ്തീൻ ജനത ഭീതിതമാകുകയാണ്‌. ആക്രമണങ്ങളാൽ ആത്മാവ്‌ നഷ്‌ടപ്പെട്ട ഈ ജനതയുടെ ജീവവായുവായി മാറുകയായിരുന്നു അറാഫത്ത്‌. തോക്കും വാക്കും ഒടുവിൽ സമാധാനത്തിന്റെ ഒലീവിലയുമായും പാലസ്തീനെന്ന സ്വപ്നത്തിനുവേണ്ടി അരാഫത്ത്‌ പോരാടി. പാലസ്തീനെന്ന വികാരം ലോകജനതയ്‌ക്ക്‌ മുന്നിൽ യാഥാർത്ഥ്യമാക്കാൻ അറാഫത്തിനു കഴിഞ്ഞു. എന്തിന്‌ ഇസ്രയേലിനുപോലും പാലസ്തീനെന്ന സത്യത്തിനുനേരെ കണ്ണടയ്‌ക്കാനായില്ല. ആയുധമുപേക്ഷിച്ച്‌ സ്വാതന്ത്ര്യം തേടിയുളള പുതുയാത്രകൾക്കിടയിൽ സമാധാനത്തിനുളള നോബൽ സമ്മാനം അറാഫത്തിനെ തേടിയെത്തി. ലോകം ഈ മഹാന്‌ സമ്മാനിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇത്‌. ഈ സമ്മാനം ഒപ്പം പങ്കിട്ടതാകട്ടെ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി യിത്‌സാക്‌ റാബിനും വിദേശകാര്യമന്ത്രി ഷിമോൺ പെരസുമാണ്‌. സമാധാനത്തിന്റെ ചെറിയ പ്രകാശങ്ങൾ ഉണർന്നുവെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കുകയായിരുന്നു. റബീൻ ഇസ്രയേൽ തീവ്രവാദിയുടെ വെടിയേറ്റ്‌ വീണതോടെ തുടർന്ന്‌ വന്ന ഇസ്രയേൽ ഭരണകൂടങ്ങൾ സമാധാനപ്രക്രിയയ്‌ക്ക്‌ തുരങ്കം വച്ചു. പിന്നേയും പാലസ്തീൻ ജനതയ്‌ക്കുനേരെ ബുൾഡോസറുകളും ടാങ്കുകളും ഇരച്ചു കയറികൊണ്ടിരുന്നു. ഒടുവിൽ അരാഫത്തിന്റെ മരണവും വലിയൊരു ബുൾഡോസറായി പാലസ്തീൻ ജനതയുടെ മാറിനുമുകളിലൂടെ ഇരച്ചുകയറുകയാണ്‌.

ഇന്ത്യയുടെ എന്നത്തെയും സുഹൃത്തായ അരാഫത്തിന്റെ ജനതയ്‌ക്കുമേൽ നമുക്കേറെ ആകാംക്ഷയുണ്ട്‌. അരാഫത്തില്ലാത്ത പാലസ്തീൻ ജനതയുടെ വിധി എന്തെന്ന്‌ പ്രവചിക്കുക വയ്യ. അധികാരവടംവലികളും ശക്തമായ നേതൃത്വമില്ലായ്‌മയും ഇപ്പോൾ അനുഭവിക്കുന്നതിലേറെ വേദനകൾ ഇനിയും ഇവർക്കു സമ്മാനിച്ചേക്കാം. മുസൽമാനും, ക്രിസ്‌തുമതവിശ്വാസികൾക്കും അടക്കം ഏതൊരു മനുഷ്യനും തനിക്കൊരു രാജ്യമുണ്ടാവുകയാണെങ്കിൽ സ്വാതന്ത്ര്യത്തോടെ കടന്നുവരാം എന്ന്‌ പ്രഖ്യാപിച്ച ഈ മനുഷ്യസ്‌നേഹിയായ എഞ്ചിനീയർ നമുക്ക്‌ നല്‌കുന്ന വലിയൊരു സന്ദേശമുണ്ട്‌. ജീവിതത്തിന്റെ എഞ്ചിനീയറിംഗ്‌ സ്വാതന്ത്ര്യമാണെന്ന്‌. അറാഫത്തെന്ന വലിയ മനുഷ്യന്‌ ലോകം നല്‌കേണ്ട ഏറ്റവും വലിയ സ്‌നേഹം, പാലസ്തീനെന്ന രാജ്യത്തിനു വേണ്ടിയുളള പ്രാർത്ഥനയാണ്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.