പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

നന്ദിഗ്രാം അടയാളപ്പെടുത്തുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

നന്ദിഗ്രാം ഒരു അടയാളപ്പെടുത്തലാണ്‌. ഇരകളാക്കപ്പെടുന്നവർക്ക്‌ കാലമോ ദേശമോ രാഷ്‌ട്രീയ വ്യതിയാനമോ ബാധകമല്ല എന്ന പുതിയൊരു തിരിച്ചറിവിലേക്കാണ്‌ നാം ചെല്ലുന്നത്‌. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖലക്കായി കൃഷിഭൂമി ഏറെറ്റടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിയ ഗ്രാമീണർക്കു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പിലും സംഘട്ടനത്തിലുമായി ഒരു സ്‌ത്രീ ഉൾപ്പെടെ പതിനാലു പേരാണ്‌ കൊല്ലപ്പെട്ടത്‌. ടാറ്റാ കമ്പനിക്കായി സിംഗൂരിൽ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴും ഏതാണ്ട്‌ സമാനമായ അവസ്ഥയാണ്‌ നേരിടേണ്ടിവന്നത്‌.

ഒരു ജനതയ്‌ക്ക്‌ തങ്ങളുടെ ദേശത്തെ കൈവിടേണ്ടിവരിക എന്നത്‌ ഏറ്റവും ദുരന്തകരമായ അവസ്ഥയാണ്‌. ഒരുവന്റെ ദേശസങ്കല്പം പലപ്പോഴും റാഡ്‌ക്ലിഫ്‌ രേഖയോ മക്‌മോഹൻ രേഖയോ നിർണയിക്കുന്ന ഇടങ്ങളിലാകണമെന്നില്ല. മറിച്ച്‌ തന്റെ ശരീരം തൊടുന്ന, അനുഭവിക്കുന്ന പരിസരങ്ങളായിരിക്കും അവ. ഒരുവന്റെ കൃഷിഭൂമി നഷ്ടപ്പെടുക എന്നത്‌ ദേശസ്നേഹത്തിന്റെ കണ്ണിലൂടെ വേണം ദർശിക്കാൻ. തന്റെ കൃഷിഭൂമി കയ്യടക്കുന്നതും, തന്റെ കുടിലിനെ ബുൾഡോസറിനാൽ തകർക്കുന്നതും, താൻ നട്ട പൂച്ചെടിപോലും പിഴുതെടുക്കുന്നതും അവന്‌ അധിനിവേശത്തിന്റെ കയ്പു നീരായിരിക്കും നൽകുക. അത്‌ ചെയ്യുന്നത്‌ ഗവൺമെന്റായാലും സ്വകാര്യവ്യക്തിയായാലും ഒന്നു തന്നെ ഫലം. ഭാരതം സ്വതന്ത്രമായതുപോലുമറിയാത്ത ഗ്രാമീണ ജീവിതങ്ങൾക്ക്‌ അവരുടെ ദേശം കാലുറപ്പിച്ച മണ്ണു തന്നെയാണ്‌.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെയും യു.എസി.ന്റെ ഇറാഖ്‌ അധിനിവേശത്തെയും ഓർത്ത്‌ കണ്ണുനീർ പൊഴിക്കുന്നവർ ഇൻഡോനേഷ്യയിലെ സലീംഗ്രൂപ്പിനായി കൃഷിഭൂമി ഏറ്റെടുക്കാൻ ഒരുമ്പെടുമ്പോൾ ഓർക്കണമായിരുന്നു ഇതെല്ലാം ഒരേ തൂവൽപക്ഷികളാണെന്ന്‌. നിറവും മണവും മാത്രമേ മാറിയിട്ടുള്ളൂവെന്നും. കാഴ്‌ചയിൽ ചെറുതായി തോന്നുമെങ്കിലും മുത്തങ്ങയിലെ വെടിവെയ്‌പുപ്പോലും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. കാരണം ഇരകളുടെ ദുരന്തം എല്ലായിടത്തും ഒരുപോലെയാണ്‌.

നന്ദിഗ്രാം കേവലരാഷ്‌ട്രീയ ഇടപെടലിന്റെ ബാക്കിയല്ല. മറിച്ച്‌ ബംഗാളിൽ ആരുഭരിച്ചാലും സംഭവിക്കാവുന്ന ഒന്നിന്റെ ഭാഗം മാത്രമാണിത്‌. ആ വിധിയിൽ നറുക്കുവീണത്‌ വർഗരഹിത സമൂഹം സ്വപ്നം കാണുന്ന സി.പി.എം ഗവൺമെന്റിനാണെന്നു മാത്രം. അത്‌ കാലത്തിന്റെ കോമാളിക്കൂത്ത്‌ എന്നു കരുതാവുന്നത്‌ മാത്രം. സി.പി.എമ്മിനു പകരം കോൺഗ്രസായാലും, തൃണമൂലായാലും, ബി.ജെ.പി.യായാലും ഇരകളുടെ ദുരന്തം ഒരുപോലെ തന്നെയായിരിക്കും എന്ന്‌ തീർച്ച. ഇനി സിംഗൂരിന്റെ ക്യാൻവാസിൽ രാഷ്‌ട്രീയ മുതലെടുപ്പുകൾക്കായിരിക്കും എല്ലാവരും ചായം തേയ്‌ക്കുക. ഇത്‌ ലോകത്തിലെ എല്ലാ അരികു ജീവിതങ്ങളുടെയും ഗതികേടാണ്‌.

ഓർക്കുക സിംഗൂരിലെ, നന്ദിഗ്രാമിലെ, പ്ലാച്ചിമടയിലെ എന്നപോലെ നാം നിൽക്കുന്ന ഓരോ കാലടി മണ്ണിനും ആരൊക്കയോ വില പറയുന്നുണ്ട്‌. അവ വിൽക്കപ്പെടുന്നുണ്ട്‌. അത്‌ വികസനത്തിന്റെ പേരിലുമാകാം, അധിനിവേശത്തിന്റെ പേരിലുമാകാം. ഒരു രാഷ്‌ട്രീയദേശം പോലെ ഓരോ മനുഷ്യനും അവനു ചുറ്റും ഒരു ജൈവദേശമുണ്ട്‌. അത്‌ സംരക്ഷിക്കപ്പെടേണ്ടത്‌ അവന്റെ ആവശ്യകതയാണ്‌. ആ ദേശം യുദ്ധങ്ങൾക്കോ കരാറുകൾക്കോ വേണ്ടിയല്ല. ജീവിതത്തിനു വേണ്ടിയാണ്‌. ഇതിനർത്ഥം വികസനമോ, മാറ്റമോ വേണ്ട എന്നല്ല. പക്ഷെ ഒന്നും ഞൊടിയിടയിൽ അറുത്തു മുറിച്ചുകൊണ്ടാകരുത്‌. ഒരു ദേശത്തെ, അവിടത്തെ ജീവിതത്തെ തിരിച്ചറിഞ്ഞു വേണം വികസനവും മാറ്റവും വരുത്താൻ. ഇൻഡോനേഷ്യയിലെ സലിംഗ്രൂപ്പിന്‌ പ്രത്യേക സമ്പദ്‌മേഖല സൃഷ്ടിക്കുന്നത്‌ സമ്പത്തൊന്നുമില്ലാത്ത നന്ദിഗ്രാമിലെ ഗ്രാമീണരുടെ കൃഷിയിടങ്ങൾക്കു മേലാകരുതെന്ന്‌ സാരം. കുറേ പേർ ചീഞ്ഞ്‌ ചിലർക്കു മാത്രം വളമാകുന്ന രീതി മനുഷ്യകുലത്തെ സംബന്ധിച്ച്‌ അത്ര അഭിമാനകരമല്ല.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.