പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

കേരളം കത്തുവാൻ പോകുന്നു....?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ആഗോള മുതലാളിത്തത്തിന്‌ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും കണ്ടേക്കാം. ഇത്‌ ആഗോളമുതലാളിത്ത വ്യവസ്ഥയ്‌ക്ക്‌ വിധേയരാകുന്നവരുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെ അനുസരിച്ചായിരിക്കാം ഉണ്ടാവുക. കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളവത്‌ക്കരണം ഭൂരിപക്ഷ ജനങ്ങൾക്കും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും എന്നതിന്‌ തർക്കമില്ല.

പൊതുവെ പറയുകയാണെങ്കിൽ കേരളത്തിൽ ആഗോളവത്‌ക്കരണം, സ്വകാര്യവത്‌ക്കരണം തുടങ്ങിയ നവമുതലാളിത്തത്തിന്റെ രീതികൾക്ക്‌ ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കിയിരുന്നത്‌ ഇവിടുത്തെ സി.പി.ഐ (എം) അടക്കമുളള കമ്യൂണിസ്‌റ്റ്‌ പാർട്ടികളും ശക്തമായ കെട്ടുറപ്പുളള തൊഴിലാളി സംഘടനകളുമാണ്‌. ഇക്കൂട്ടരെ അമർച്ച ചെയ്യാതെ നമ്മുടെ നാട്ടിൽ വേരുറപ്പിക്കാൻ തങ്ങൾക്ക്‌ കഴിയില്ലെന്ന്‌ നവമുതലാളി വ്യവസ്ഥയ്‌ക്ക്‌ വ്യക്തമായറിയാം.

ഇതിൽ സി.പി.ഐ. (എം) അടക്കമുളള പ്രഖ്യാപിത കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ തികച്ചും ആഢംബര പ്രസ്ഥാനങ്ങളായി മാറുകയും, സമൂഹത്തിന്റെ മാറ്റം, അതിന്റെ ആവശ്യകത, എന്നിവയെക്കുറിച്ചുളള ചർച്ചകളിൽ നിന്നും, പ്രവർത്തികളിൽനിന്നും മാറി, അധികാരം, സ്വന്തം സാമ്പത്തിക സുരക്ഷിതത്വം, സുഖലോലുപത എന്നീ കാഴ്‌ചപ്പാടുകളിലേയ്‌ക്ക്‌ കുടിയേറുകയും ചെയ്‌തു. സ്വാഭാവികമായി ഇവർ മുതലാളിത്ത രീതിയിലേയ്‌ക്ക്‌ അറിഞ്ഞോ അറിയാതെയോ ചേർന്നുപോയി. ഇതൊക്കെ കൊണ്ടുതന്നെ കേരളം സമരഭൂമിയായി മാറിക്കൊണ്ടിരിക്കുമ്പോൾ സി.പി.എം. പാർട്ടി സെക്രട്ടറിക്ക്‌ സിംഗപ്പൂരിലേയ്‌ക്ക്‌ വിനോദയാത്ര പോകുവാൻ യാതൊരുളുപ്പും ഉണ്ടാകുന്നില്ല. അങ്ങിനെ നവമുതലാളിത്തത്തിന്റെ പ്രമുഖ ശത്രു സ്വയം കീഴടങ്ങി എതിരാളികൾക്കൊപ്പം ‘ജയ്‌’വിളിക്കുകയാണ്‌. ഇനി മുതലാളിത്ത വിരുദ്ധർ ആദ്യം സമരം ചെയ്യേണ്ടത്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടികൾ എന്നു ഘോഷിക്കപ്പെടുന്നവർക്കെതിരായിരിക്കണം എന്ന്‌ പറയുന്നവരും ഇപ്പോൾ ഏറെയുണ്ട്‌.

രണ്ടാമത്‌, നവമുതലാളിത്തത്തിന്റെ ശത്രു സംഘടിത തൊഴിലാളി സംഘടനകളാണ്‌. ഇവരെ തകർക്കുവാനുളള ഏകവഴി നിലവിലുളള സർക്കാരുകളുടെ നയഭാഗമായി തൊഴിലാളികളുടെ സംഘടിതശക്തി ശോഷിപ്പിക്കുക എന്നുളളതാണ്‌. ഇത്തരത്തിൽ കേരള ഗവൺമെന്റ്‌ കൈകൊണ്ട ചില നടപടികളിലേയ്‌ക്ക്‌ സൂക്ഷ്‌മദൃഷ്‌ടിയോടെ പരിശോധന നടത്തിയാൽ ചില കാര്യങ്ങൾ വെളിപ്പെട്ടുവരും. പുതുതായിറക്കിയ കയറ്റിറക്ക്‌-ചുമട്ടുതൊഴിലാളി സംഘടനകളെ തളർത്തുന്ന ബില്ലും- കളള്‌ ചെത്ത്‌ വ്യവസായ തൊഴിലാളികളെ തകർത്തു കളയുന്ന മദ്യനയവും ഈ രീതിയിൽ കാണേണ്ടതാണ്‌. ഈ രണ്ടുകൂട്ടരുമാണ്‌ കേരളത്തിലെ ഏറ്റവും ശക്തരായ തൊഴിലാളി സംഘടനപ്രവർത്തകർ. ഇതിനെ തകർക്കുക എന്ന ഉദ്ദേശം ആന്റണി സർക്കാരിന്റെ പേരിൽ മാത്രം ചേർക്കാവുന്ന ഒന്നല്ല മറിച്ച്‌ അതിനുമപ്പുറം ഭരണസിരാകേന്ദ്രങ്ങളെ അപ്പാടെ വിഴുങ്ങികൊണ്ടിരിക്കുന്ന ആഗോളവത്‌കരണത്തിന്റെ ആവശ്യകതയാണ്‌. ഇതിനുവേണ്ടി കളള്‌ ചെത്ത്‌ വ്യവസായ തൊഴിലാളി സംഘടനകളെ തകർക്കാൻ തൊഴിലാളികളെതന്നെ ഇല്ലാതെയാക്കുന്ന നയത്തിലേയ്‌ക്കാണ്‌ സർക്കാർ നീങ്ങുന്നത്‌. പരമ്പരാഗത വ്യവസായങ്ങളും തൊഴിലുകളും ഇല്ലാതാകുന്നതോടെ ഇവിടത്തെ തൊഴിലാളിസംഘടനാബോധം ഇല്ലാതെയാകും എന്ന ധാരണ ഇവർക്കുണ്ട്‌.

പുതിയ മദ്യനയത്തിന്റെ ഫലമായി കേരളത്തിൽ ഏഴോളം കളളുചെത്ത്‌ വ്യവസായ തൊഴിലാളികളാണ്‌ ആത്‌മഹത്യ ചെയ്‌തത്‌. ഇതൊക്കെയായിട്ടും ആന്റണി ഒന്നും മിണ്ടുന്നില്ല. മിണ്ടുവാൻ ആഗ്രഹമുണ്ടെങ്കിലും പറ്റുന്നില്ല എന്നതാണ്‌ വാസ്‌തവം. സർക്കാർ നടപടിമൂലം തൊഴിലില്ലാതെയായി ആത്‌മഹത്യ ചെയ്യേണ്ടി വരുന്നവർ കേരളത്തിന്റെ കാഴ്‌ചയായി മാറുന്നത്‌ ആദ്യമാണെന്ന്‌ തോന്നുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്‌ ഇങ്ങനെയും ഒരു മുഖമുണ്ടെന്ന്‌ നാം കാണണം. പട്ടിണി കിടന്ന്‌ സഹപ്രവർത്തകർ മരിക്കുമ്പോൾ ബസ്സിനു തീവച്ചതും, ബാറുകളും, മദ്യറീട്ടെയിൽ ഷോപ്പുകളും തകർത്തതും വലിയ കുറ്റമായി കരുതുക വയ്യ. ഇതൊക്കെ വിചാരണ ചെയ്യപ്പെടണമെങ്കിൽ പട്ടിണികൊണ്ട്‌ ആത്‌മഹത്യ ചെയ്ത തൊഴിലാളികളുടെ മരണത്തിന്‌ സർക്കാർ സമാധാനം പറയേണ്ടിവരും.

ഈ സമരം കളളുചെത്ത്‌ വ്യവസായ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ എന്ന ലക്ഷ്യം മാത്രം കണ്ടുകൊണ്ടിട്ടുളളതല്ല മറിച്ച്‌ നമ്മെ ഞെരിച്ചു കൊല്ലുവാൻ വരുന്ന ഒരു നീരാളിയ്‌ക്കെതിരെയുളള സമരം കൂടിയാണ്‌.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.