പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ഒരു രാജി വിവാദം കൂടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

നിർഭാഗ്യകരമായ ഒരു വിവാദത്തിനുകൂടി സാംസ്‌കാരിക കേരളം സാക്ഷ്യം വഹിക്കുകയാണ്‌. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന്‌ ശ്രീ അടൂർ ഗോപാലകൃഷ്‌ണൻ രാജിവച്ചു. അടൂരായതുകൊണ്ടാവും നിയമപരമായി സാംസ്‌കാരിക വകുപ്പുമന്ത്രിക്ക്‌ സമർപ്പിക്കേണ്ട രാജി കേരളമായ കേരളത്തിലെ മുഴുവൻ വകുപ്പുകളുടെയും മന്ത്രിയായ ഇ.കെ.ആന്റണിക്കാണ്‌ സമർപ്പിച്ചത്‌. അവാർഡു നിർണയത്തിൽ കൈകടത്തി, ആറന്മുള പൊന്നമ്മയ്‌ക്ക്‌ ജെ.സി. ദാനിയൽ പുരസ്‌കാരം നൽകിയില്ല, തുടങ്ങിയ കാരണങ്ങൾ രാജിക്ക്‌ പിന്നാലെ അടൂർ നിരത്തുകയും ചെയ്‌തു. പ്രതികരണമറിയാൻ വന്ന പത്രക്കാരോട്‌ മന്ത്രി കാർത്തികേയൻ തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്‌തു. അതോടെ തീരേണ്ടിയിരുന്നു പ്രശ്‌നം. കാരണം രാജിവെക്കാനും അതിനു കാരണങ്ങൾ നിരത്താനുമുളള അവകാശം ആർക്കുമുണ്ട്‌. കാരണങ്ങൾക്ക്‌ മറുപടി നൽകാനുളള അവകാശം എതിർകക്ഷിക്കും.

പക്ഷേ ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്‌. കേരളത്തിലെ മൂന്നൂറു ലക്ഷത്തിൽപരം ജനാധിപത്യ വിശ്വാസികളുടെ പ്രതിനിധിയായ (സാങ്കേതികാർത്ഥത്തിലെങ്കിലും) മന്ത്രിയോട്‌, പ്രസ്‌തുത മന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള ഒരു സ്ഥാപനത്തിൽ സർക്കാർ നൽകുന്ന സഹായധനവും പ്രതിഫലവും സ്വീകരിച്ച്‌ പ്രവർത്തിച്ചു പോന്ന ഒരുദ്യോഗസ്ഥന്‌ നിരക്കുന്ന തരത്തിലായിരുന്നില്ല അടൂരിന്റെ മറുപടിയെന്ന്‌ പറയാതെ വയ്യ.

മാത്രവുമല്ല അടൂർ ചെയർമാൻ സ്ഥാനമേൽക്കുന്നതിനുമുമ്പ്‌ അക്കാദമി എന്ന സ്ഥാപനത്തെയും ഇടതുമുന്നണി അതുണ്ടാക്കിയതിന്‌ പിന്നിലുളള ലക്ഷ്യത്തേയും കുറിച്ച്‌ എളിയ തോതിലെങ്കിലും ചിന്തിക്കാമായിരുന്നു. മുഖ്യമന്ത്രിയല്ല മുത്തുപട്ടർ വിളിച്ചിട്ടായാലും ഒരു സർക്കാർ സ്ഥാപനത്തിൽ അടൂരിനെപ്പോലെ തന്നിൽ വിശ്വാസമുളള അഥവാ തന്നിൽ മാത്രം വിശ്വാസമുളള ഒരു കലാകാരൻ പണിയെടുക്കരുതായിരുന്നു.

ഒന്നുകൂടിയുണ്ട്‌... മലയാള സിനിമയ്‌ക്ക്‌ പ്രകടമായി രണ്ടു ധാരകളുണ്ടെന്നും അതിൽ മുളങ്കാടുകളിൽ വസന്തം വരുമ്പോലെ വ്യാഴവട്ടത്തിലൊരിക്കൽ പൊട്ടിമുളക്കുന്ന സമാന്തര സിനിമകൾ കാണാൻ പ്രേക്ഷകനെ കൊട്ടകയിൽ പിടിച്ചിരുത്തുന്ന, ഈ വ്യവസായത്തെ, കലയെ ഒക്കെ പരിപോഷിപ്പിച്ചു വരുന്ന ഒരു ധാരയാണ്‌ വാണിജ്യ സിനിമയെന്ന്‌ സാധാരണക്കാരനായതുകൊണ്ട്‌ കാർത്തികേയൻ മനസ്സിലാക്കി, അടൂരിനത്‌ മനസ്സിലാവാതെ പോയി. ആ രണ്ടാം ധാരയ്‌ക്ക്‌ അടൂരിന്റെ സ്വന്തം ക്യാമറാമാൻ മങ്കട രവിവർമ്മയേക്കാൾ കേമൻ പ്രിയദർശനാണ്‌. അടൂരിനോളം ബുദ്ധിയില്ലെങ്കിലും ഈ വ്യവസായത്തിൽ ഒരുപിടി ആളുകൾക്ക്‌ തൊഴിലുണ്ടാക്കി കൊടുത്ത വ്യക്തിയാണ്‌ പ്രിയൻ. ഇത്‌ അടൂരിന്‌ മനസ്സിലാവണമായിരുന്നു.

വിവാദത്തിൽ ഒരു പക്ഷത്ത്‌ മന്ത്രി. മറുപക്ഷത്ത്‌ അടൂർ....

ഹാലിളകാൻ കാത്തുനിന്നിരുന്ന സംസ്‌കാരിക മൊത്തക്കച്ചവടക്കാർ മന്ത്രിക്കെതിരെ വാളെടുത്തെത്തി. ഇടക്കൊക്കെ നമുക്ക്‌ മാറിച്ചിന്തിച്ചുകൂടേ...

*കേരളത്തിലെ അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവെല്ലിന്റെ വേദി സ്ഥിരമായി തിരുവനന്തപുരമാക്കണമെന്നും ഭദ്രദീപം കൊളുത്താൻ ആറന്മുള പൊന്നമ്മ തന്നെ വേണമെന്നും ശഠിക്കുന്ന അടൂർ രാജിവെച്ചപ്പോൾ കാസർഗോഡുളള ഒരു ചലച്ചിത്രാസ്വാദകൻ ഇങ്ങനെ ചോദിച്ചു. “ദൈവം ഇടയ്‌ക്കിടെ സിനിമാലോകത്തും ഇടപെടാറുണ്ടല്ലേ?”

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.