പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

പുതിയ ഇന്ത്യ, പുതിയ തുടക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റര്‍

ഇന്ത്യ പുതിയൊരു തുടക്കത്തിലാണ്. രാഷ്ട്രീയമായി വലിയൊരു മാറ്റം രാജ്യത്ത് ഉണ്ടായിക്കഴിഞ്ഞു. ജനാധിപത്യ രീതിയില്‍ ഇതത്ര അസാധാരണമല്ല. മാറ്റങ്ങള്‍ ഉണ്ടാകുക ജനാധിപത്യത്തിന്റെ ഗുണമേന്മയായി കരുതുകയുമാകാം. എങ്കിലും നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധം ഏതാണ്ട് പൂര്‍ണമായി വിജയിച്ചത് ചര്‍ച്ച ചെയ്യേണ്ട ഒന്നായി മാറിക്കഴിഞ്ഞു. കേവല രാഷ്ട്രീയത്തിന് അപ്പുറത്താണ് മോഡിയുടെ വിജയ മന്ത്രം രാഷ്ട്രം ഏറ്റെടുത്തത് എന്ന കാരണം കൊണ്ടുതന്നെ ചര്‍ച്ച ചെയ്യുക തന്നെവേണം. ഒരു മാറ്റമുണ്ടാകുമ്പോള്‍ ചിലവ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. ചില കൂടിച്ചേരലുകളും ഉണ്ടാകുമെന്നതും സ്വാഭവികം. മോഡിയുടെ അത്യപൂര്‍വ വിജയത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥയിലുണ്ടായ നഷ്ടപ്പെടലുകള്‍ എന്താണെന്നും പുതുതായി ലഭിച്ചവ എന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരാനന്തരം ഇന്ത്യന്‍ ദേശീയത, മതേതരം എന്ന അസ്തിത്വത്തിനു ചുറ്റുമായിരുന്നു. സ്വാതന്ത്ര്യം എന്ന അടിസ്ഥാന ആവശ്യത്തിന് മതേതരമായ പോരാട്ടം അനുപേക്ഷണീയമാണെന്ന് അക്കാലം ആവശ്യപ്പെട്ടിരുന്നു. ഈ മതേതരം എന്ന ഭൂമിക തന്നെയായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശവപ്പെടുന്ന കോണ്‍ഗ്രസിന്റെ സത്തയും സ്വഭാവവും. ആ ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് ഇന്ത്യയില്‍ വേരുറപ്പിച്ചതും. അത് രാജ്യത്തിലെ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയതും.

എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം യാഥാര്‍ഥ്യമായിട്ട് ഏതാണ്ട് എഴുപതാണ്ടുകള്‍ തികയാന്‍ പോകുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ തീവ്രതയും അതിന്റെ ആത്മാവും അനുഭവിച്ചവരും തിരിച്ചറിഞ്ഞവരും കാലയവനികയിലേക്കു ഏതാണ്ടൊക്കെ മറഞ്ഞു കഴിഞ്ഞു. ഗാന്ധിയെ ഒരു മിത്തായി കണക്കാക്കുന്ന പുതു തലമുറയുടെ കാലമാണിത്. സ്വാതന്ത്ര്യ സമരം മുന്നോട്ടുവച്ച പലതും അപരിചിതമാകുന്ന കാലം. ഇവിടെ അക്കാലം മുന്നോട്ടുവച്ച പല തത്വങ്ങളും വിലയില്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. ഇത് തിരിച്ചറിയാതെ പോയതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായതും ഇത് വ്യക്തമായി മനസിലാക്കിയതാണ് മോഡി നയിച്ച ബിജെപിയുടെ വിജയം സാധ്യമാക്കിയതും.

മതേതരം എന്ന ദേശീയതയ്ക്കു മേല്‍ എളുപ്പം വയ്ക്കാവുന്ന ഹൈന്ദവത എന്ന ദേശീയത ബിജെപി നേരത്തേ തന്നെ മനസിലാക്കിയിരുന്നു. അതിന്റെ പ്രയോഗ തലങ്ങള്‍ ബാബറി മസ്ജിദിലൂടെ ലോകം കണ്ടതാണ്. ഇന്ത്യയുടെ ഏതു ഭാഗത്തും വിജയകരമായി പരീക്ഷിക്കാവുന്ന ഏക ദേശീയതയായി ഹൈന്ദവതയെ ബിജെപി തിരിച്ചറിഞ്ഞു. എന്നാല്‍ ഈ ഒരു ദേശീയതയെ മാത്രം ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ അതിശക്തമായ അടിത്തറ പണിയാന്‍ കഴിയില്ലെന്ന വ്യക്തമായ ധാരണയില്‍ നിന്ന് ബിജെപിക്കു ലഭിച്ച ഉത്തരമായിരുന്നു ഗുജറാത്തില്‍ നിന്നുള്ള മോഡി.

നരേന്ദ്രമോഡി ഒരു പാഠപുസ്തകമാകുന്നത് അങ്ങനെയാണ്. ഹൈന്ദവത എന്ന വിശാലവും എന്നാല്‍ എതിര്‍ക്കാന്‍ എളുപ്പമുള്ളതുമായ ഒരു ദേശീയതയെ വികസനവുമായി ചേര്‍ത്തു വച്ചു നടത്തിയ ഒരു രാഷ്ട്രീയ രസതന്ത്രമാണ് മോഡിയുടെ വിജയം. ഒരു നേതാവിന്റെ സമ്പൂര്‍ണമായ വിജയം. ഇതെങ്ങനെ സംഭവിച്ചു എന്നത് ഒരു പഠനവിഷയം തന്നെയാണ്. അത് പഠിക്കുക തന്നെ വേണം. പൗരാണികവും പലപ്പോഴും അപകടകരവുമാകുന്ന ഒരു ദേശീയതയെ ചേര്‍ത്ത് വികസനം മന്ത്രവുമായി മോഡി ഇന്ത്യന്‍ ജനതയെ അഭിമുഖീകരിച്ചപ്പോള്‍ അത് വല്ലാത്തൊരു രാസപ്രവര്‍ത്തനമായി മാറി. ഇത് വിജയത്തിനുള്ള അടിത്തറയുമായി. ബിജെപിയുടെ വിജയം ഒരു യാഥാര്‍ഥ്യവുമായി.

ഇനി കാലമാണ് തെളിയിക്കേണ്ടത്. ഇന്ത്യയുടെ 15-മത് പ്രധാനമന്ത്രിയായി മോഡി അധികാരമേറ്റു കഴിഞ്ഞു. മരണത്തിന്റെ വ്യാപാരിയെന്നു വിശേഷിപ്പിക്കപ്പെട്ടവന്‍, ഇന്ത്യയുടെ അഭിമാനമെന്ന തലത്തിലെത്തി. ആ വിശ്വാസത്തെ നരേന്ദ്രമോഡി എത്രമാത്രം കാത്തുവയ്ക്കും എന്നതാണ് ചോദ്യം. അത്തരമൊരു ശേഷി കാലം അദ്ദേഹത്തിനു നല്‍കും എന്നാണ് പ്രതീക്ഷിക്കേണ്ടത്. ഹൈന്ദവ തീവ്രത എന്ന പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലില്‍ നിന്ന് നരേന്ദ്രമോഡിക്ക് ഇന്ത്യയെ ഉണര്‍ത്താനാകുമെന്ന് കരുതാം..

എഡിറ്റര്‍


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.