പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

സുതാര്യഭരണം ജനങ്ങള്‍ക്ക് ഭാരമാകരുത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റര്‍

കേരളം ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്താണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗികമായ രേഖകള്‍ പറയുന്നത്. പക്ഷെ ഈ ഒന്നാം സ്ഥാനം നാടൊട്ടൊക്കു നടക്കുന്ന തട്ടിപ്പുകളിലും വെട്ടിപ്പുകളിലും ഇരയാകുന്നവരുടെ പേരുകള്‍ കാണുമ്പോള്‍ തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ കേരളനാടിനെ പാടെ ഉലച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ഇരയായവരുടെ പേരുകള്‍ വെളിപ്പെടുത്തുമ്പോഴാണ് ഈ സംശയം പുറത്തുവരുന്നത്.

നാടൊട്ടുക്കുള്ള ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്പനി വക കെട്ടിടങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്ന വാഗ്ദ്ധോരണിയുടെ മുന്നില്‍ വീണുപോയവര്‍ അഭിഭാഷകരും, റിട്ടയേര്‍ഡ് ന്യായാധിപന്മാരും, പ്രൊഫസര്‍മാരും, പോലീസുദ്ദ്യോഗസ്ഥരും വ്യവസായ സ്ഥാപനങ്ങളില്‍ തലപ്പത്തിരിക്കുന്നവരുമാണ്. തട്ടിപ്പു നടത്തുന്ന ബിജു നാരായണനും കൂട്ടു പ്രതി സരിതാ. എസ്. നായരും ഈ പരിപാടി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ഓരോരുത്തരുടേയും കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ വരെ കൈക്കലാക്കി കോടികള്‍ വരെ സമ്പാദിച്ചെന്നുമുള്ള വാര്‍ത്തകള്‍ വരുമ്പോള്‍‍ ഇവിടത്തെ പോലീസിനോ ഇന്റെലിജന്റ് സംവിധാനത്തിനോ ഇത് മണത്തറിയാന്‍ കഴിഞ്ഞില്ല എന്നതിന് പ്രധാന കാരണമായി കാണുന്നത് ഇവരുടെ പിടുത്തം കാതലുള്ള പുളിങ്കൊമ്പിലായതു കൊണ്ടാണ്. നമ്മുടെ രാഷ്ടീയ തലപ്പത്തുള്ളവരും ഭരണ സിരാകേന്ദ്രങ്ങളിലുള്ളവര്‍ വരെ ഇവരുടെ വലയിലെ കണ്ണികളാകുകയോ ഇഷ്ട തോഴരായി മാറുകയോ ചെയ്യുമ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം ഈ പരിപാടി തുടര്‍ന്നും നടത്താനുള്ള അവസരങ്ങളേറും.

ബിജു രാധാകൃഷ്ണനും സരിതാ നായര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം കണക്കാക്കിയതിലുമൊക്കെ ഏറെയാണെന്ന് മനസിലായത് തട്ടിപ്പിനു കളമൊരുക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ പെഴ്സണല്‍ സ്റ്റാഫും ഗണ്മാനും ഒക്കെയുള്ളവരുടെ പേരുകള്‍ വെളിയില്‍ വരികയും ചെയ്തപ്പോള്‍‍ മാത്രമാണ്. ഈ കൂട്ടുകമ്പനി നടത്തി സമാഹരിച്ച പണത്തിന്റെ കണക്കുകള്‍ വെളിയില്‍ വരാന്‍ തുടങ്ങിയതോടെ തട്ടിപ്പ് തുക 1000 കോടിക്കു മേലെ വരുമെന്നും ചിലപ്പോള്‍‍ പതിനായിരം വരെയാകാമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പറയുന്നു. ഇതിനു വേണ്ടി ഏറ്റവും കൂടൂതല്‍ ഫോണ്‍കോളുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാവുമ്പോള്‍‍ ഈ ഗവണ്മെന്റ് ‘ സുതാര്യഭരണം’ വരുത്തി വച്ച വിനയായി അതിനെ കേരളം കാണേണ്ടി വരും. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആര്‍ക്കും എപ്പോഴും ഏത് സമയത്തും കടന്നു ചെല്ലാമെന്നുള്ള സൗകര്യം ലഭിക്കുമ്പോള്‍ തട്ടിപ്പു നടത്തേണ്ടവരുടെ വിളയാട്ടം നടത്താനുള്ള സൗകര്യം സുഗമമായി ലഭിക്കുകയായിരുന്നു. സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലെന്നും ഓഫീസില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രമേ ഫോണെടുക്കുകയുള്ളു വെന്നും പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലെ മന്ത്രിമാരില് ‍ഏറ്റവും കൂടുതല്‍ ഫോണ്‍ കോളുകള്‍ നടത്തി ഖജനാവിന്റെ പണം ചെലവാക്കുന്നത്. സുതാര്യ ഭരണത്തിന്റെ വീഴ്ചയ്ക്കു സാധാരണക്കാരായ നികുതിദായകര്‍ വരെ ഭാരം ചുമക്കേണ്ട അവസ്ഥ.

ഇവരുടെ തട്ടിപ്പ് കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തു തുടങ്ങിയാതാണെന്നും അന്ന് ആദ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വരെ സ്വന്തം ഭാര്യയെ കൊന്ന കൊലക്കേസിലെ പ്രതിയായ മുഖ്യ തട്ടിപ്പുകാരന്‍ ബിജു രാധാകൃഷ്ണന്റെ പേരിലുള്ള കേസ് മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ല എന്നതും ഇപ്പോള്‍ തെളിഞ്ഞു വന്നിരിക്കുന്നു. കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി കുറെ നാള്‍ മുങ്ങി നടന്ന ഈ വിരുതനാണ് സരിത നായരെയും കൂട്ടി കൂട്ടു കച്ചവടം മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെ ഗവണ്മെന്റ് മന്ദിരങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്. അങ്ങിനെ വരുമ്പോള്‍ ഭരണ -പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ സംശയസ്ഥാനത്താണ്.

മുഖ്യമന്ത്രിയുമായുള്ള ബിജു രാധാകൃഷ്ണന്റെ ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്ക് ഒരു ഭരണകക്ഷി എം പി യാണ് കളമൊരുക്കിയതെന്നും കൂടിക്കാഴ്ചയില്‍ കുടുംബകാര്യം മാത്രമാണ് സംസാരിച്ചതെന്നും അത് വെളിയില്‍ വിടാനാവില്ലെന്നും പറഞ്ഞാല്‍ അത് സുതാര്യ ഭരണം എന്ന നിര്‍വ്വചനം തന്നെ അസ്ഥാനത്താക്കുന്നതാണ്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോലുമല്ലാത്ത കുരുവിള എന്ന നാട്ടുകാരനും ഇതില്‍ മുഖ്യ പങ്കാളിയെന്നു മാത്രമല്ല ഒന്നുമല്ലാത്ത പാവം പയ്യന്‍ ഇന്ന് കോടികളുടെ ആസ്തിയുള്ള ഒരാളായി മാറി എന്നാണ് ഇനിയും ഭരണവൃത്തങ്ങള്‍ നിഷേധിക്കാത്ത വാര്‍ത്തകള്.‍

ഇപ്പോള്‍ പോലീസ് പിടിയിലായി കോടതിയില്‍ ഹാജറാക്കിയപ്പോള്‍‍ പ്രതികളുടെ വെളിപ്പെടുത്തലുകളില്‍ സീരിയല്‍ നടി ശാലു മോനോനും പങ്കുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡംഗം കൂടിയായ ഒരു സിനിമാ നടി പോലുമല്ലാത്ത ശാലുമോനോനും ഉന്നതങ്ങളിലുള്ള ബന്ധം വഴിയാണ് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതത്രെ . തട്ടിപ്പു സംഘത്തിന്റെ എണ്ണം നാള്‍ക്കു നാള്‍ കൂടിക്കൊണ്ടിരിക്കുന്നു. ഉയര്‍ന്ന ഗവണ്മെന്റുദ്യോഗസ്ഥനായ ഫിറോസിന്റെ പങ്കുവെളിച്ചത്തായതോടെ, അയാളേയും സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള മാര്‍ഗ്ഗമാണ് നോക്കിയത്. ഈ ബഹളങ്ങള്‍ക്കിടയില്‍ കേരളമൊട്ടാകെ കഴിഞ്ഞ മാസാവസാനം മുതല്‍ തുടങ്ങിയ പേമാരിയും വെള്ളപ്പൊക്കവും മൂലമുണ്ടായ കൊടിയ നാശനഷ്ടങ്ങളെ കുറിച്ച് അസംബ്ലിയില്‍ ചര്‍ച്ച ചെയ്യാനോ ഗവണ്മെന്റ് എടുത്ത് നടപടികള്‍ എന്തെന്ന് വിശദീകരിക്കാനോ ഉള്ള അവസരം പ്രതിപക്ഷ - ഭരണ പക്ഷ ബഹളം മൂലം സാദ്ധ്യമല്ലാതായി. മഴ മൂലം പകര്‍ച്ച പനിയും ഡങ്കിപ്പനിയും ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കറിയാനോ പനിച്ചു വിറച്ച കേരളത്തെ രക്ഷിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്യാനുമുള്ള അവസരവും ലഭിക്കാതെ പോകുന്നു. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഈ സുതാര്യ ഭരണം ആര്‍ക്കു വേണ്ടി? അങ്ങനെയൊരു ചോദ്യമാണ് സാധാരണക്കാരായ പൊതുജനത്തിന് ചോദിക്കാനുള്ളത്.

എഡിറ്റര്‍


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.