പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ലോകം കാല്‍പന്തിലേക്ക്...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റര്‍

ലോകം വീണ്ടും കാല്‍പന്തുകളിയുടെ വിസ്മയങ്ങളിലേക്കൊതുങ്ങുന്നു. എത്ര ആവര്‍ത്തിച്ചാലും വിരസമാകാത്ത ഒരു സുന്ദര സ്വപ്‌നം പോലെ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ഇക്കളിയെ സ്‌നേഹിക്കുന്ന ഏതൊരുവന്റെയും ആവേശമാണ്. ജൂലൈ 13ന് ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ കപ്പുയര്‍ത്താനായുള്ള ഏറ്റുമുട്ടല്‍ അവസാനിക്കും വരെ ആവേശത്തിളപ്പില്‍ തന്നെയാകും ലോകം. മറ്റേതു കളിക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ഫുട്‌ബോള്‍ എന്നതു തന്നെയാണ് ഇതിന്റെ മഹത്വം. ഓരോ ലോകകപ്പും ഓരോ വിസ്മയങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഒരു അത്ഭുത പ്രതിഭയെ, ഒരു അപ്രതീക്ഷിത കുതിപ്പുമായെത്തിയ ആരുമറിയാത്ത ഒരു ടീമിനെ, ഒരു മാജിക്കല്‍ ഗോളിനെ, ഒരു വിസ്മയ മുന്നേറ്റത്തെ ഇങ്ങനെ ഏതെങ്കിലുമൊന്നിനെ ഓരോ ലോകകപ്പും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എത്രയെത്ര പ്രതിഭകള്‍, അവരുടെ അതിമാനുഷികം പോലുള്ള ചലനങ്ങള്‍കൊണ്ട് ഒരു തുകല്‍പ്പന്തില്‍ മഹാകാവ്യങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഇത്തവണയും പ്രതീക്ഷിക്കാം അത്തരമൊരു അമൂല്യ നിമിഷത്തെ..

ലോകകപ്പ് മലയാളിക്ക് എന്നും ആവേശമാണ്. രാത്രിയും പകലുമെന്നില്ലാതെ മലയാളി ഇക്കാലമത്രയും പന്തിനൊപ്പം ചലിച്ചുകൊണ്ടിരിക്കും. ബ്രസീലുകാരനായും, അര്‍ജന്റീനക്കാരനായും, സ്പാനിഷ് പതാകയേന്തിയും, ഫ്രാന്‍സിനെ നെഞ്ചിലേറ്റിയും ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞും മലയാളി ലോകകപ്പിന്റെ ഭാഗമാകുന്നു. എങ്കിലും ഇന്നുവരെ ആ കളത്തില്‍ പന്തുതട്ടാനായില്ല എന്ന ഇന്ത്യക്കാരന്റെ വേദന ഒരു ചെറുവിങ്ങലായി ഇടനെഞ്ചില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും അവന്‍.

ഒരിക്കല്‍ ഇന്ത്യയ്ക്ക് അതിനുള്ള ഭാഗ്യം കയ്യെത്തുംദൂരത്ത് ലഭിച്ചതാണ്. 1950 ബ്രസീലില്‍ നടന്ന ലോകകപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇന്ത്യ നേടി. ബൂട്ടിട്ടു മാത്രമേ കളിക്കാനാകൂ എന്ന നിബന്ധനയോ, പണമില്ലാത്തതിന്റെ തടസമോ എന്തോ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരുപക്ഷ ഇന്ത്യ അന്നു കളിച്ചിരുന്നെങ്കില്‍ തിരുവല്ലക്കാരനായ പാപ്പന്‍ ലോകകപ്പ് ഫുട്‌ബോള്‍ തട്ടിയ ആദ്യത്തെ മലയാളിയായി മാറിയേനെ. അന്ന് അത്രം മോശവുമായിരുന്നില്ല ഇന്ത്യന്‍ ടീം. ചിലപ്പോള്‍ ചെറിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാനും കഴിഞ്ഞേനെ.

അതൊക്കെ ഓര്‍മകള്‍.. നഷ്ട സ്വപ്‌നങ്ങള്‍. ഇക്കാലത്ത് ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത കിട്ടാകനി തന്നെയാണ്. പല കാരണങ്ങളും അതിനുണ്ടാകാം. ന്യായീകരണങ്ങളും നിരത്താം. എന്നാല്‍ ഒന്നേറ്റുമുട്ടാന്‍ മാത്രം ത്രാണിയില്ലാത്ത ഒരു സംഘമായി പലപ്പോഴും ഇന്ത്യന്‍ ടീം മാറുന്നത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു നീറ്റലാണ്. ഒരുപക്ഷെ ഇതൊക്കെ മാറിയേക്കും.. അതിനുള്ള സാധ്യതകള്‍ തുറന്നുകാണുന്നുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിന്റെ വരവ് ഒരുഅത്ഭുതം സൃഷ്ടിച്ചേക്കാം. ലോകോത്തര കളിക്കാര്‍, പരിശീലകര്‍, സൗകര്യങ്ങള്‍ എല്ലാം ഇന്ത്യന്‍ ഫുട്‌ബോളിനെ മാറ്റിയേക്കാം. അതിനായി കാത്തിരിക്കാം... ഒപ്പം ഈ ലോകകപ്പ് ഉത്സവമാക്കാന്‍ നമുക്കും ചേരാം ആവേശത്തിമര്‍പ്പില്‍....

എഡിറ്റര്‍


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.