പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വിഷുവും ഈസ്റ്ററും നന്മ കൊണ്ടുവരട്ടെ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റര്‍

ഒരു തെരഞ്ഞെടുപ്പു ചൂടിന്റെ ലഹരിക്കിടെയാണ് ഇത്തവണ വിഷും ഈസ്റ്ററും എത്തുന്നത്. വേനല്‍ച്ചൂടിന്റെ തീഷ്ണതയ്ക്ക് ഇടയ്ക്കു പെയ്ത മഴ ആശ്വാസമായി. നാട്ടുപറമ്പുകളിലും വീട്ടുമുറ്റങ്ങളിലും കണിക്കൊന്നയും മാമ്പഴക്കാലവും പൂത്തുനില്‍ക്കുന്നു. വിശ്വാസ നൊയമ്പിന്റെ ആത്മസംതൃപ്തിയിലാണ് ക്രിസ്തീയ സമൂഹം. കലണ്ടറിലെ തുടര്‍ച്ചയായ അവധിച്ചുവപ്പില്‍ കുടുംബങ്ങളുടെ യാത്രാക്കാലവുമാകുന്നു ഈ മേടപ്പുലരികള്‍.

വിഷുവും ഈസ്റ്ററും നന്മയുടെയും ഉയര്‍പ്പിന്റെയും അടയാളങ്ങളാണ്. നമുക്കാകട്ടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണിവ. ഇവയെ തിരിച്ചുപിടിക്കുക എന്നതു തന്നെയാണ് വിഷുക്കാലവും ഈസ്റ്ററും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും. ഏതായാലും ഇക്കാലത്ത് എത്തിയ തെരഞ്ഞെടുപ്പില്‍ ആ തിരിച്ചുപിടിക്കല്‍ നാം നടത്തിയോ എന്നത് ഉത്തരം ലഭിക്കണമെങ്കില്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണം. ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത രണ്ടു കാര്യങ്ങളായിരുന്നു. ഒന്ന് ഡല്‍ഹിയില്‍ തരംഗം സൃഷ്ടിച്ച ആം ആദ്മി പാര്‍ട്ടി, രണ്ട് സ്ഥാനാര്‍ഥിക്കൂട്ടത്തില്‍ യോഗ്യന്മാര്‍ ആരുമില്ലെന്നു വിളിച്ചു പറയാന്‍ അവസരമൊരുക്കിയ ' നോട്ട'. വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു പറയാനാകില്ലെങ്കിലും ചില തിരച്ചറിവുകള്‍ക്ക് ഇവയുടെ സാന്നിധ്യം സഹായകമാകുക തന്നെ ചെയ്യും. നെറിവില്ലാത്ത രാഷ്ട്രീയ നിലപാടുകളുടെയും മുന്നണി ബന്ധങ്ങളുടെയും അക്രമ വാസനകളുടെയും അടിവേരില്‍ കത്തിവയ്ക്കുന്നതാകും ഇവയ്ക്കു ലഭിക്കുന്ന വോട്ടുകള്‍. നോട്ടയ്ക്കും എഎപിക്കും ലഭിക്കുന്ന വോട്ടുകള്‍ ഒരു പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തമാകും എന്നാണ് കരുതേണ്ടത്. ഒരര്‍ഥത്തില്‍ ഇവ രണ്ടും പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകള്‍ പോലെയാണ്. എക്കാലവും നിലനില്‍ക്കുന്ന മഹത്തര രചനകളെന്നു വിലയിരുത്താനാകില്ലെങ്കിലും കാലത്തെ മുന്നോട്ടു തള്ളിയ, പലരെയും തിരുത്താന്‍ പ്രേരിപ്പിച്ച അഗ്നിസമാനമായ രചനകളായിരുന്നു വര്‍ക്കിയുടേത്. പൊന്‍കുന്നത്തിന്റെ വരികളില്‍ നീറിപ്പിടഞ്ഞവര്‍ ഏറെയുണ്ടായിരുന്നു. വലിയ വെളിച്ചം വീശലുകളായിരുന്നു അവ. ഒരിടവേളയില്‍ ശുദ്ധീകരണ പ്ലാന്റായി പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ നിലകൊണ്ടു. അത്തരമൊരു ശുദ്ധീകരണ പ്രക്രിയയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നമ്മെ കാണിക്കുകയെന്ന് വ്യക്തമാണ്. എഎപിയും നോട്ടയും അവസാന ഉത്തരങ്ങളല്ല എന്നു വ്യക്തം. എന്നാല്‍ ഇവ നേടുന്ന വോട്ടുകള്‍ പലരെയും തിരുത്താന്‍ പര്യാപ്തമാക്കും എന്നു തീര്‍ച്ച. മറിച്ച് ഇരു വിഭാഗത്തിനും കിട്ടുന്ന വോട്ടുകള്‍ തുലോം കുറവാണെങ്കില്‍ ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിച്ച രാജാവിനെ ലഭിക്കും എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വരും. തെരഞ്ഞെടുപ്പിനു ശേഷം നാം കാണുന്ന വിഴുപ്പലക്കലുകളും ജയില്‍ സന്ദര്‍ശനങ്ങളും വര്‍ഗീയ പ്രസ്താവനകളും തിരുത്തപ്പെടാതെ മുന്നോട്ടു പോകും.

തിന്മയെ അഗ്നിക്കിരയാക്കി നന്മയെ ഉയര്‍പ്പിക്കുന്ന കാലത്ത് നടന്ന തെരഞ്ഞെടുപ്പ് അത്തരമൊരു തിരുത്തല്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം...

വിഷു- ഈസ്റ്റര്‍ ആശംസകള്‍.

എഡിറ്റര്‍


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.