പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

വിഷുദിനാശംസകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

കടന്നുവരുന്ന ഓരോ വിഷുദിനങ്ങളും ഗൃഹാതുരത്വമുണർത്തുന്ന നേരിയ ഓർമകൾ മാത്രമാകുകയാണ്‌. മണ്ണും മനുഷ്യനും തമ്മിലുളള ഏറെ ആഴമുളള ഒരു ബന്ധത്തിന്റെ അടയാളമാണ്‌ ഓരോ വിഷുക്കാലവും. ആചാരവിശ്വാസങ്ങൾക്കുപരി ഒരു കാർഷികസംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലും അതിലേയ്‌ക്കുളള തിരിച്ചുപോക്കിന്റെ വഴിയുമാകുന്നു വിഷുദിനം.

എങ്കിലും ഈ വിഷുദിനം വരണ്ടുപോയ കർഷകമനസ്സുകളുടേതാണ്‌. കാലം തെറ്റി പെയ്യുന്ന മഴയിൽ, കടഭാരത്തിന്റെ വേദനയിൽ ആത്‌മഹത്യ അഭയമാക്കുന്ന കർഷകന്റെ കാലമാണിന്ന്‌. കർഷക മനസ്സ്‌ മണ്ണിനെ വെറുത്തുപോകുന്ന കാലം. ഈ കാലം മാറിയേ തീരൂ. കൃഷിക്കാരന്‌ അഭിമാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരു കാലം വരണം. കടം വാങ്ങി വിത്തിറക്കേണ്ടിവരുന്ന അവസ്ഥ അവസാനിക്കണം. അതിനായി പുതിയൊരു കാർഷിക പദ്ധതിതന്നെ രൂപീകരിക്കേണ്ടതുണ്ട്‌.

പ്രകൃതിയുടെ നാശോന്മുഖമായ ഇടപെടലുകൾ എക്കാലത്തും കർഷകർ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. അതിനെയൊക്കെ പ്രതിരോധിക്കാനും ആ പ്രതിസന്ധികളെ നേരിടാനും കഴിവുളള കർഷകരുടെ നാടായിരുന്നു നമ്മുടേത്‌. ആ ഒരു കഴിവ്‌ കർഷകർക്ക്‌ നഷ്‌ടപ്പെട്ടത്‌ മാറിയ സാമ്പത്തിക അവസ്ഥകൊണ്ട്‌ തന്നെയാണ്‌.

കാർഷിക മേഖല അനുഭവിക്കുന്ന ഈ സാമ്പത്തികമാന്ദ്യതയെ നേരിടാൻ ആധുനികമായ കാർഷിക രീതികൾ തന്നെയാണു ശരണം. നമ്മുടെ തനത്‌ കാർഷികരീതികളെ കൂടുതൽ മെച്ചപ്പെടുത്തുന്ന ഗവേഷണ പദ്ധതികൾക്ക്‌ രൂപം കൊടുക്കണം. കൂടുതൽ പഠനങ്ങൾക്കും മെച്ചപ്പെട്ട പരീക്ഷണങ്ങൾക്കും സാഹചര്യമൊരുക്കണം. നോക്കുകുത്തികളായി മാറുന്ന ഗവേഷണശാലകൾക്ക്‌ പുതിയ ഓജസും വെളിച്ചവും പകരണം. കുറഞ്ഞ ചിലവിൽ കൂടുതൽ വിളവ്‌ എന്നത്‌ ലക്ഷ്യമാക്കണം. അപ്രതീക്ഷിത നഷ്‌ടങ്ങൾ സംഭവിക്കുന്ന കർഷകർക്ക്‌ ഉടനടി സഹായമെത്തിക്കുന്നതിന്‌ വേണ്ടി കൂടുതൽ മെച്ചപ്പെട്ട പദ്ധതികൾ രൂപീകരിക്കണം. കൃഷി ചെയ്‌തു എന്ന പേരിൽ ഒരാൾപോലും ഇനി കേരളത്തിൽ ആത്മഹത്യ ചെയ്യാൻ പാടില്ല. അതിന്‌ സർക്കാർ തലത്തിലും കർഷകതലത്തിലും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. അല്ലാതെ ആകെ തളർന്ന കർഷകന്റെ മുന്നിലൂടെ തിരുവനന്തപുരത്തുനിന്നും ദില്ലിയിലേക്കും തിരിച്ച്‌ തിരുവനന്തപുരത്തേക്കും യാത്ര നടത്തി പരസ്പരം കൂകി തോൽപ്പിക്കുന്ന രാഷ്‌ട്രീയ ശൃഗാലന്മാരെ മാത്രം നമ്പിയിട്ട്‌ കാര്യമില്ല.

ഈ കഠിന കാലത്തും തങ്കപ്പൂക്കുലകൾ ചൂടി കർണികാരം നമുക്ക്‌ കണിയായി ഒരുങ്ങുന്നുണ്ട്‌. ഇത്‌ ഇനിയും വറ്റാത്ത പ്രതീക്ഷയുടെ കിരണം നല്‌കുന്നുണ്ട്‌. ഈ കാർഷിക വർഷാരംഭം വലിയ പ്രതീക്ഷകളുടെ സാക്ഷാത്‌ക്കാരത്തിനുളള തുടക്കമാകട്ടെ എന്ന്‌ പ്രാർത്ഥിക്കാം.... ഏവർക്കും നന്മ നിറഞ്ഞ വിഷുദിനാശംസകൾ.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.