പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മലയാളത്തിലെ ആദ്യ നടന്റെ തിരോധാനത്തിന്‌ മുപ്പത്തിയേഴ്‌ വയസ്സ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

മലയാള സിനിമാനടീനടന്മാർക്ക്‌ ആദ്യമായി മേൽവിലാസമുണ്ടാക്കിക്കൊടുത്ത നടൻ സത്യൻ അന്തരിച്ചിട്ട്‌ ഇപ്പോൾ 37 വർഷം പിന്നിടുന്നു. പക്ഷേ ഈ നടന്റെ തിരോധാനം സൃഷ്‌ടിച്ച ശൂന്യത ഇപ്പോഴും ശൂന്യമായിത്തന്നെ കിടക്കുന്നു.

സത്യന്റെ ആദ്യചിത്രം ‘ആത്മസഖി’ പുറത്തിറങ്ങുന്നത്‌ 1952ലാണ്‌. സാങ്കേതികവിദ്യ തീർത്തും അന്യമായ അക്കാലത്ത്‌ സിനിമാരംഗത്തുളളവർ അനുഭവിച്ച ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ഇന്നോർക്കുമ്പോൾ ഒരു പഴങ്കഥപോലെ തോന്നാം. ശബ്‌ദലേഖനം, ഛായാഗ്രഹണം, എഡിറ്റിംഗ്‌, ലൈറ്റ്‌ അറേഞ്ച്‌മെന്റ്‌, പശ്ചാത്തലസംഗീതമൊരുക്കൽ തുടങ്ങി ഏറെക്കുറെ എല്ലാ മേഖലകളിലും ഇൻഡ്യൻ സിനിമതന്നെ പിന്നോക്കാവസ്ഥയിലായിരുന്ന സമയത്ത്‌, മലയാള സിനിമയുടെ സ്ഥിതി എന്തായിരുന്നുവെന്ന്‌ ഊഹിക്കാവുന്നതേയുളളൂ. തീർത്തും സുരക്ഷിതമല്ലാത്ത, ഒരുറപ്പും പറയാനാവാത്ത ഈ രംഗത്തേയ്‌ക്ക്‌ സർക്കാർ സർവ്വീസിലെ ഭേദപ്പെട്ട ജോലി (സബ്‌ ഇൻസ്‌പെക്‌ടറായിരുന്നു ഈ സമയം) രാജിവച്ച്‌ തന്റെ 40-​‍ാമത്തെ വയസ്സിൽ വന്നതിന്‌ പിന്നിൽ ആത്മവിശ്വാസം പകർന്ന ചങ്കൂറ്റവും, സിനിമ എന്ന കലയോടുളള അഭേദ്യമായ അഭിനിവേശവും മാത്രമായിരുന്നു. ഭാര്യയും മൂന്ന്‌ കുട്ടികളുമുളള മദ്ധ്യവയസ്സ്‌ പിന്നിട്ട ഒരാൾ ജോലി ഉപേക്ഷിച്ച്‌ സിനിമാരംഗത്തേയ്‌ക്ക്‌ വന്നത്‌ കുറെ കടന്ന കയ്യായിപ്പോയി എന്നാണ്‌ സത്യനെയും സത്യന്റെ ചുറ്റുപാടുകളെയും അറിയാമായിരുന്നവർ പറഞ്ഞിരുന്നത്‌.

വർഷത്തിൽ നാല്‌, അഞ്ച്‌ അല്ലെങ്കിൽ ആറ്‌ എന്ന തോതിലായിരുന്നു, അക്കാലത്ത്‌ ചിത്രങ്ങളിറങ്ങിയിരുന്നത്‌. സ്ഥിരം നിർമ്മാതാക്കളെന്ന്‌ പറയാമായിരുന്നവർ മെരിലാൻഡ്‌ സ്‌റ്റുഡിയോ ഉടമ സുബ്രഹ്‌മണ്യവും ഉദയാ സ്‌റ്റുഡിയോ ഉടമ കുഞ്ചാക്കോയും മാത്രമായിരുന്നു. വർഷത്തിൽ ഒന്ന്‌ അല്ലെങ്കിൽ രണ്ട്‌ - അത്രയും ചിതങ്ങളേ അവരും നിർമ്മിച്ചിരുന്നുളളൂ. മദ്രാസ്‌ ആയിരുന്നു, അന്ന്‌ തെക്കേ ഇൻഡ്യൻ സിനിമകളുടെ സിരാകേന്ദ്രം. കേരളത്തിലെ സ്‌റ്റുഡിയോകളിൽ നിർമ്മിച്ച ചിത്രങ്ങൾ പോലും ലാബ്‌വർക്ക്‌​‍്‌, എഡിറ്റിംഗ്‌, റി-റിക്കാർഡിംഗ്‌ തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങൾക്ക്‌ പോലും മദ്രാസിൽ പോകണമായിരുന്നു.

സിനിമാനിർമ്മാണം ശുഷ്‌കിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു. അന്നൊക്കെ നിർമ്മാതാക്കൾ തന്നെ പണം മുടക്കി ചിത്രങ്ങൾ നിർമ്മിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ വിതരണക്കാരുടെ കയ്യിൽ നിന്നോ, തീയേറ്റർ ഉടമകളുടെ കയ്യിൽ നിന്നോ പണം ലഭിക്കുമായിരുന്നില്ല. മാർവാഡികളുടെ കയ്യിൽ നിന്നും കൊളളപ്പലിശയ്‌ക്ക്‌ പണം വാങ്ങി പടം പിടിച്ചവരുമുണ്ട്‌. ആദ്യ സിനിമയോടെ തന്നെ കടംകയറി ഉളളതെല്ലാം വിറ്റ്‌ തുലച്ച്‌ പെരുവഴിയിലായ നിർമ്മാതാക്കളും അന്നുണ്ട്‌. (മലയാളത്തിലെ ആദ്യചിത്രമായ വിഗതകുമാരൻ നിർമ്മിച്ച്‌ സംവിധാനം ചെയ്‌ത ജെ.സി. ദാനിയേലിന്റെ ദുരന്തം തന്നെ ഉദാഹരണം). ഇങ്ങനെയൊക്കെ വിപരീത പരിതഃസ്ഥിതികൾ നിലനില്‌ക്കുന്ന സമയത്താണ്‌ സത്യന്റെ വരവെന്ന്‌ ഓർക്കുക.

എം.ടി. വാസുദേവൻനായരുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ “താരത്തിന്റെ മാറ്റിനി ഐഡലിന്റെ ചിത്രത്തിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ശരീരപ്രകൃതി. കരിവീട്ടിയുടെ നിറം ഉയരം കുറഞ്ഞ ദേഹം, പൊരുത്തമില്ലാത്ത കൈകാലുകൾ, കുറുകിയ വിരലുകൾ- ഒരു നായകന്‌ വേണമെന്ന്‌ ഇൻഡ്യൻ സിനിമ ധരിച്ച്‌ വച്ച യാതൊന്നും അദ്ദേഹത്തിനില്ല. പക്ഷേ ഒരു യഥാർത്ഥ നടന്‌ വേണ്ട അഭിനയനൈപുണി വേണ്ടുവോളമുണ്ടായിരുന്നു.” പ്രായവും അദ്ദേഹത്തിനെതിരായിരുന്നു. തിക്കുറിശ്ശിയേക്കാൾ അഞ്ച്‌ വയസ്സും ആറന്മുള പൊന്നമ്മയേക്കാൾ മൂന്ന്‌ വയസ്സും കൂടുതലുണ്ടായിരുന്നു. പക്ഷേ 1954 ൽ പുറത്തിറങ്ങിയ നീലക്കുയിലിലെ ശ്രീധരൻ മാസ്‌റ്റർ എന്ന കഥാപാത്രം പ്രസിദ്ധമായതോടെ തന്റെ തീരുമാനം ശരിയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നിയിരിക്കണം. എന്നിട്ടും ഒരു ചിത്രം പോലും കിട്ടാത്ത ഒരുവർഷവും സത്യനെ സംബന്ധിച്ചിടത്തോളം പിന്നീടുണ്ടായി.

ഈ പ്രായക്കൂടുതലും ശരീരപ്രകൃതിയും കറുത്തനിറവും വച്ചുകൊണ്ട്‌ തന്നെ അദ്ദേഹം കാമുകന്റെയും തൊഴിലാളിയുടെയും പോക്കിരിയുടെയും ഭർത്താവിന്റെയും അച്‌ഛന്റെയും വേഷത്തിൽ ഇമേജ്‌ നോക്കാതെ അഭിനയിച്ചു. അക്കാലത്ത്‌ പല ചിത്രങ്ങളിലും സത്യന്റെ അച്‌ഛൻ വേഷത്തിൽ വന്നിരുന്ന മുത്തയ്യയുടെ തന്നെ അച്‌ഛനായും സത്യൻ ഒരു പടത്തിൽ പ്രഗത്‌ഭമായ അഭിനയം കാഴ്‌ചവച്ചിട്ടുണ്ട്‌. (അരപ്പവൻ) 27 വയസ്സുളള ശങ്കരാടി ആദ്യമായി മലയാള ചലച്ചിത്രലോകത്തേയ്‌ക്ക്‌ വരുന്നത്‌ 54 വയസ്സുളള സത്യന്റെ അച്‌ഛനായിട്ടാണ്‌ (കടലമ്മ). തന്നേക്കാൾ പ്രായംകുറഞ്ഞ തിക്കുറിശ്ശിയും ആറന്മുള പൊന്നമ്മയും നിരവധി ചിത്രങ്ങളിൽ സത്യന്റെ അച്‌ഛനുമമ്മയുമായി വന്നിട്ടുണ്ട്‌. നായകവേഷം ധാരാളം കെട്ടിയ ഈ നടൻ തന്നെ കൃഷ്‌ണകുചേലയിൽ വസുദേവരുടെയും ശകുന്തളയിൽ കണ്വമഹർഷിയുടെയും ചെറുവേഷങ്ങളിൽ വന്നിട്ടുണ്ട്‌. പക്ഷേ ഈ നടൻ തന്നെ തന്റെ അവസാന കാലചിത്രങ്ങളായ വാഴ്‌വേമായത്തിലും അനുഭവങ്ങൾ പാളിച്ചകളിലും ശരശയ്യയിലുമൊക്കെ നായകനായിരുന്നുവെന്ന കാര്യം ഓർക്കുക.

ഇന്നും സ്‌മരണകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന നിരവധി വേഷങ്ങൾ ഓരോന്നായി പ്രേക്ഷകന്റെ മനസ്സിലേക്ക്‌ കടന്ന്‌ വരുന്നു. കോളേജ്‌ ലബോട്ടറിയിൽ വച്ചുണ്ടായ ഒരു പരീക്ഷണത്തിൽ പൊളളലേറ്റ മുഖത്തിന്റെ ഒരുഭാഗം വികൃതമായി മാറിയ യക്ഷിയിലെ പ്രൊഫസർ, മുടിയനായ പുത്രനിലെ ഈ ലോകത്തോടുതന്നെ വെല്ലുവിളിച്ച്‌ നീങ്ങിയ ധിക്കാരിയായ രാജൻ, ധിക്കാരിയും അതോടൊപ്പം സ്‌നേഹസമ്പന്നനുമായ ഓടയിൽനിന്നിലെ പപ്പു, സാഹസികമായി പുറംകടലിലേയ്‌ക്ക്‌ വളളവുമായി ചെന്ന്‌ ചുഴിയിലകപ്പെട്ട്‌ മരണം വരിച്ച ചെമ്മീനിലെ പളനി, വടക്കൻപാട്ടിലെ വീരപുളകിതമായ കളരിപ്പയറ്റ്‌ യോദ്ധാക്കളായി മാറിയ തച്ചോളിഒതേനൻ, ആരോമൽ ചേകവർ, താൻ ചെയ്യുന്നതെല്ലാം ശരി എന്നുറച്ച്‌ വിശ്വസിക്കുന്ന കരിനിഴലിലെ കേണൽ, കരകാണാക്കടലിലെ തോമാ, പിടിവാശിയിലുറച്ച്‌ നിന്ന്‌ വിട്ടുവീഴ്‌ചയില്ലാതെ വിപരീതധ്രുവങ്ങളിൽ നിൽക്കുന്ന കടൽപ്പാലത്തിലെ അച്‌ഛന്റെയും മകന്റെയും വേഷം, ഒരു പെണ്ണിന്റെ കഥയിലെ നിറഞ്ഞുനിൽക്കുന്ന വേഷവുമായി മാധവൻതമ്പി, ഒരു കമ്മ്യൂണിസ്‌റ്റുകാരന്റെ നിയന്ത്രണ വിധേയമല്ലാത്ത സ്വഭാവവിശേഷമുളള അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, സംശയത്തിന്റെ പേരിൽ ഭാര്യ നഷ്‌ടപ്പെട്ട്‌ ദുരന്തം വരിക്കേണ്ടിവന്ന വാഴ്‌വേ മായത്തിലെ സുധീന്ദ്രൻ- അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. സത്യൻ അഭിനയിച്ച ചില ചിത്രങ്ങൾ ഹിന്ദിയിൽ റീമേക്ക്‌ ചെയ്‌തപ്പോൾ വാഴ്‌വേമായത്തിന്റെ റീമേക്കിൽ രാജേഷ്‌ ഖന്നയും കടൽപ്പാലത്തിന്റെ റീമേക്കിൽ അച്‌ഛൻ വേഷമെടുത്ത പ്രഗത്‌ഭനടൻ അശോകകുമാറും പരാജയപ്പെടുകയാണുണ്ടായത്‌. യക്ഷി 90കളിൽ പുനർനിർമ്മാണത്തിന്‌ തുനിഞ്ഞപ്പോൾ നായകന്റെ വേഷം വന്നുവീണ- ഒന്നിലധികം തവണ ഭരത്‌ അവാർഡ്‌ നേടിയ സൂപ്പർ സ്‌റ്റാർ നടൻ തനിക്കാ വേഷത്തോട്‌ നീതി ചെയ്യാനാവില്ലെന്ന്‌ പറഞ്ഞു പിന്മാറുകയായിരുന്നു. കരിനിഴൽ റീമേക്ക്‌ ചെയ്യാൻ നേരം കേണലിന്റെ വേഷം ചെയ്യാൻ നിയുക്തനായ മറ്റൊരു ഭരത്‌നടനും പിന്മാറിയതിനാൽ ആ ചിത്രവും പുനർജനിച്ചില്ല.

ഒരു യഥാർത്ഥനടൻ തന്റെ കഴിവുകളോടൊപ്പം പരിമിതികളും തിരിച്ചറിയണം. തന്റെ ശക്തി ദൗർബ്ബല്യങ്ങൾ തിരിച്ചറിയുന്ന നടനേ, സ്ഥായിയായ ഒരു സ്ഥാനം അഭിനയരംഗത്ത്‌ നേടിയെടുക്കാനാവൂ. ആ തിരിച്ചറിവ്‌ സത്യനുണ്ടായിരുന്നു. വേലുത്തമ്പി ദളവ സിനിമയാക്കിയപ്പോൾ പ്രധാനവേഷം തേടിച്ചെന്നത്‌ സത്യനെയായിരുന്നു. തിരക്കഥയെഴുതിയ ജഗതി എൻ.കെ. ആചാരിയും സംവിധായകനും വേലുത്തമ്പിദളവയുടെ വേഷം ചെയ്യണമെന്ന്‌ താല്‌പര്യപ്പെട്ടപ്പോൾ ആദ്യം ഒന്ന്‌ പൊട്ടിച്ചിരിച്ച അദ്ദേഹം പറഞ്ഞുവത്രെ. ‘വേലുത്തമ്പി ദളവയോ-ഞ്ഞാനോ? - ആ ശ്രീധരൻ നായരെ (കൊട്ടാരക്കര) വിളിക്കൂ.’ ‘സത്യൻമാഷ്‌ തന്നെ ആക്‌ട്‌ ചെയ്യണമെന്നാണ്‌ ഞങ്ങളുടെയൊക്കെ താല്‌പര്യമെന്ന്‌ പറഞ്ഞപ്പോൾ ’ശരിയാണ്‌- ഐക്യാൻ ആക്‌ട്‌ - ബട്ട്‌ ശ്രീധരൻനായർ വിൽ ലീവ്‌ ഇൻഇക്‌ട്‌.“ ഈ വിവരം അടുത്തകാലത്ത്‌ ഒരു ചാനലിൽ ഒരഭിമുഖത്തിൽ ജഗതി എൻ.കെ. ആചാരിയുടെ മകനായ നടൻ ജഗതി ശ്രീകുമാറാ​‍ും സ്ഥിരീകരിക്കുകയുണ്ടായി. വേലുത്തമ്പി ദളവയാകാൻ പറ്റിയ പൊക്കമോ ആകാരമോ തനിക്കില്ലെന്ന്‌ സത്യനറിയാമായിരുന്നു.

സത്യന്റെ മറ്റൊരു പ്രസിദ്ധമായ നിരാസം അരനാഴികനേരത്തിലെ കുഞ്ഞോനച്ചന്റെ വേഷമാണ്‌. അന്നത്തെ പല സിനിമാ പ്രസിദ്ധീകരണങ്ങളിലും പത്രമാസികകളിലും കുഞ്ഞോനച്ചനായി സത്യൻ വരുന്നുവെന്ന വാർത്ത വന്നതിന്‌ ശേഷമാണ്‌ അദ്ദേഹം പാറപ്പുറത്തിന്റെ ആ പുസ്‌തകം വായിക്കുന്നത്‌. വായന കഴുഞ്ഞതോടെ ഈ വേഷം കൊട്ടാരക്കരയ്‌ക്കാണ്‌ ചേരുക എന്ന്‌ ബോധ്യം വന്ന സത്യൻ ആ വിവരം സംവിധായകനെയും നിർമ്മാതാവിനെയും അറിയിച്ചെങ്കിലും അവർ വഴങ്ങിയില്ല. മുമ്പൊരിക്കൽ അവരുടെ ഒരു ചിത്രത്തിന്റെ സെറ്റിൽ വച്ച്‌ അലമ്പുണ്ടാക്കിയ ഓർമ്മയിൽ, ആ നടൻ യാതൊരു കാരണവശാലും തങ്ങളുടെ ചിത്രങ്ങളിൽ ഉണ്ടാവുകയില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, സത്യനും വഴങ്ങിയില്ല. ‘അരനാഴികനേരം’ ഷൂട്ടിംഗ്‌ തീരുന്നതുവരെ കൊട്ടാരക്കര ശ്രീധരൻനായർ മദ്യപിക്കാതെ താൻ നോക്കിക്കൊളളാമെന്ന്‌ വാക്ക്‌ കൊടുത്തതോടെയാണ്‌ കുഞ്ഞോനാച്ചന്റെ വേഷം കൊട്ടാരക്കരയ്‌ക്കു കിട്ടുന്നത്‌. അതിന്റെയൊക്കെ മെച്ചം നമ്മൾ കണ്ടു. മലയാള സിനിമയിലെ കൊട്ടാരക്കരയുടെ അനശ്വരമായ വേഷങ്ങളിലാന്നായി അരനാഴികനേരത്തിലെ കുഞ്ഞോനാച്ചനും തിളങ്ങി നിൽക്കുന്നു.

തന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും തികച്ചും ബോധാവാനായിരുന്ന ഈ നടൻ ഒരിക്കലും കബളിപ്പിക്കപ്പെടാൻ നിന്നുകൊടുത്തിട്ടില്ല. സിനിമയിലെ അഭിനേതാക്കൾക്ക്‌ അവർ പറഞ്ഞുവച്ച പ്രതിഫലം കിട്ടണമെന്ന വാശി പുലർത്തിയിരുന്നു. യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിരുന്നില്ല. നിർമ്മാതാക്കളെ സാർ എന്ന്‌ വിളിക്കുന്നതിലുപരി അവരെ മുതലാളി, അങ്ങുന്ന്‌ എന്ന്‌ വിളിച്ചവരും ഉണ്ടായിരുന്നു. പ്രൊഡ്യൂസർ വരുമ്പോൾ സംവിധായകൻ വരെ എഴുന്നേറ്റ്‌ നിൽക്കുമ്പോൾ അവരുടെയൊക്കെ മുന്നിൽത്തന്നെ കസേര വലിച്ചിട്ട്‌ ഇരിക്കുമായിരുന്നു. ആദ്യത്തെ പടം നിർമ്മിച്ച പ്രൊഡ്യൂസർ ഒരിക്കൽ സെറ്റിൽ വരുമ്പോൾ ഈ ധിക്കാരം കാട്ടിയ നടന്‌ പിന്നീട്‌ ഏറെ വർഷത്തേയ്‌​‍്‌ക്ക്‌ ഒരു പടത്തിലും അഭിനയിക്കാനവസരം കൊടുത്തില്ല. അങ്ങനെ നിരവധി ശത്രുക്കളെ വരെ ഉണ്ടാക്കിയിട്ടും തന്റെ വ്യക്തിത്വം കളഞ്ഞുകുളിക്കാൻ അദ്ദേഹവും നിന്നു കൊടുത്തിട്ടില്ല. നമ്മുടെ പേരെടുത്ത പല നടീനടന്മാരും- കോടിയിലെത്തി നിൽക്കുന്ന പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്‌റ്റാർവരെയുളളവരും വരെ- വണ്ടിച്ചെക്ക്‌ വാങ്ങി കബളിപ്പിക്കപ്പെട്ട കഥകൾ പറയുമ്പോൾ ഒരിക്കൽപോലും വണ്ടിച്ചെക്ക്‌ ലഭിക്കാത്ത നടൻ എന്ന ബഹുമതിയും സത്യനുണ്ട്‌. നിർമ്മാതാക്കളോട്‌ കണക്ക്‌ പറഞ്ഞ്‌ അവസാനത്തെ പൈസയും വാങ്ങുമായിരുന്ന നടൻ- ഇന്നത്തെ നടീനടന്മാർക്ക്‌ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത നടൻ എന്ന്‌ സത്യനെപ്പറ്റി പറയുന്നത്‌ അതുകൊണ്ടും കൂടിയാണ്‌.

ഇന്ന്‌ സിനിമാരംഗവും ആകെ മാറിമറഞ്ഞു. നിർമ്മാതാക്കളേക്കാളുപരി സൂപ്പർസ്‌റ്റാറുകൾ മേലാളരായിക്കഴിഞ്ഞു. തങ്ങളുടെ ഇമേജിന്‌ കോട്ടം വരാത്ത- എപ്പോഴും ജയിച്ച്‌ നിൽക്കണമെന്ന്‌ താല്‌പര്യം കാട്ടുന്ന അമാനുഷിക കഥാപാത്രങ്ങളാവണമെന്ന്‌ അവർ ശാഠ്യം പിടിക്കുമ്പോൾ ഹിന്ദിയിലെയും തമിഴിലെയും തരംഗങ്ങൾ മലയാള സിനിമയെ കീഴടക്കുന്ന അവസ്ഥയാണ്‌. സാഹിത്യകൃതികൾ സിനിമയാക്കപ്പെടുന്നത്‌ ഇല്ലാതായി. എല്ലാം സൂപ്പർസ്‌റ്റാറുകളുടെ ഇമേജിന്‌ കോട്ടം വരാതെ പടച്ചുണ്ടാക്കുന്ന വെറും മൂന്നാംകിട ചിത്രങ്ങൾ. അതിന്റെ ഫലമോ പുറത്തിറങ്ങുന്ന ചിത്രങ്ങൾ അധികവും താൽക്കാലിക വിജയങ്ങൾ മാത്രം നേടുന്നു. സ്ഥായിയായ ഓർമ്മയിൽ നിലനിൽക്കുന്ന ചിത്രങ്ങൾ വളരെ അപൂർവ്വമായിട്ടേ ഉണ്ടാകുന്നുളളൂ. സാക്ഷരതയിലും സാംസ്‌കാരികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്നുവെന്ന്‌ ഊറ്റംകൊളളുന്ന ഒരു സ്‌റ്റേറ്റിലാണ്‌ ഈ പരിതാപകരമായ അവസ്‌ഥ. വർഷാന്ത്യത്തിൽ കണക്കെടുക്കുമ്പോൾ ലോകസിനിമാരംഗത്തേയ്‌ക്ക്‌ ചൂണ്ടിക്കാണിക്കാൻ പറ്റിയ ചിത്രങ്ങൾ ഇല്ലാതാവുന്നുവെങ്കിൽ അതിന്‌ കുറ്റം പറയേണ്ടത്‌ ഈ സൂപ്പർ സ്‌റ്റാറുകളുടെ പൊളളയായ ഊതി വീർപ്പിച്ച പൊങ്ങച്ചം ഒന്ന്‌ മാത്രം. പിന്നെ അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന നിർമ്മാതാക്കളും സംവിധായകരും. അവിടെയാണ്‌ സത്യനെപ്പോലുളളവർ നൽകിയ- ഇന്നും ഓർമ്മയിൽ തങ്ങുന്ന അനശ്വര കഥാപാത്രങ്ങളുടെ പ്രസക്തി. സിനിമയുടെ ബാല്യകൗമാരദശയിൽ നിലവിലുണ്ടായിരുന്ന എല്ലാ പരിമിതികളെയും അതിലംഘിച്ച - അഭിനയനൈപുണിയിലൂടെ പ്രേക്ഷകമനസ്സിൽ സ്ഥാനം നേടിയ സത്യൻ സൃഷ്‌ടിച്ച ശൂന്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. വീണ്ടും എം.ടിയുടെ വാക്കുകൾ കടമെടുത്ത്‌ കൊണ്ട്‌ തന്നെ അവസാനിപ്പിക്കട്ടെ.

‘മരണത്തെ അകലെ കണ്ടിട്ടും അഭിനയിച്ചും ചിരിച്ചും കളിച്ചും ശകാരിച്ചും തെറിപറഞ്ഞും നടന്നു നീങ്ങിയ അവസാന നാളുകളിലെ സത്യൻ എന്ന മനുഷ്യൻ’- മലയാള സിനിമ ഉളളിടത്തോളം കാലം പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും.

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.