പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിന്‌ പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ എട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

ദൈവത്തിന്‌ പ്രിയപ്പെട്ടവർ

വള്ളിയെ കൊണ്ടുവന്നതിന്‌ ശേഷം ആദ്യമായിട്ടാണ്‌, അവളെ പിരിഞ്ഞ്‌ നിൽക്കുന്നു - രണ്ടുമൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്‌ക്ക്‌ മുരുകൻ ഒരുങ്ങുന്നത്‌. വള്ളിക്കാണെങ്കിൽ ഇതാലോചിക്കാൻ കൂടി വയ്യാ. ഒറ്റയ്‌ക്ക്‌ കഴിയുന്നതിൽ പേടിയുണ്ടായിട്ടല്ല. പലപ്പോഴും മുരുകൻ നേരം വെളുക്കാറാവുമ്പോൾ വന്നു കയറിയ അനുഭവമുണ്ട്‌. എന്നാലും ആള്‌ വരുമല്ലോ എന്നൊരു സമാധാനം. എത്ര കൂറ്റാക്കൂരിരുട്ടത്തായാലും ഏത്‌ മഴയത്തായാലും മുരുകന്റെ വിളിയും ആ മുട്ടും വള്ളിക്ക്‌ സുപരിചിതമാണ്‌. എങ്ങനെയൊക്കെ ബോധംകെട്ടുറങ്ങിയാലും മുരുകൻ വന്ന്‌ - ‘എടീ വള്ളീ വാതില്‌ തൊറ-’ എന്ന ഒറ്റപ്രാവശ്യത്തെ വിളി മതി, ചാടിപ്പിടഞ്ഞെഴുന്നേൽക്കാൻ. ഇപ്പോൾ ഭയപ്പെടേണ്ട കാര്യമില്ല. ഒരാൺതുണ. അവന്‌ കഷ്ടിച്ച്‌ അഞ്ചുവയസ്സേ പ്രായം കാണൂ. എങ്കിലും ഒരാളുണ്ട്‌​‍്‌ എന്ന സമാധാനം. എന്നാലും മുരുകനെ പിരിഞ്ഞ്‌ രണ്ടുമൂന്ന്‌ ദിവസം കഴിയുക - ആലോചിക്കാനേ വയ്യ.

അവസാനം അവൾ പറഞ്ഞു;

‘ഈ ദൂരയാത്ര ങ്‌ക്ക്‌ വേണ്ടിയല്ല. മൊതലാളിക്ക്‌ വേണ്ടിയാ - മൊതലാളിക്ക്‌ കാറുണ്ട്‌. ന്നാ - കാറിപ്പൊയ്‌ക്കൂടെ? വേഗം വരാല്ലോ’ അവൾ പറയുന്നതിൽ കാര്യമൊണ്ട്‌ മൊതലാളിക്ക്‌ വേണ്ടിയാണേൽ കാറെടുത്തുകൂടെ? പക്ഷേ ഇത്രയും ദൂരം കാറാരോടിക്കും? മൊതലാളിയുടെ ഡ്രൈവർ സുഖമില്ലെന്ന്‌ പറഞ്ഞ്‌ വരുന്നില്ല. ചിലപ്പോൾ അവൻ നാട്ടിലും പോയേക്കും. അങ്ങനെയാണെങ്കിൽ കുറച്ചു ദിവസത്തേയ്‌ക്ക്‌ നോക്കേണ്ട. പക്ഷേ മുരുകൻ അതൊന്നും പറയാൻ പോയില്ല. അപ്പോൾ പറഞ്ഞതിങ്ങനെ-

“യാത്ര മൊതലാളിക്ക്‌ വേണ്ടി മാത്രമല്ല, എനിക്കും കൂടി വേണ്ടീട്ടാന്ന്‌ നിനക്കറിയാല്ലോ. നിന്നോട്‌ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പണ്ട്‌ ഞാൻ ചില ബിസിനസ്‌ നടത്തിയിരുന്നത്‌. അതിന്റെ കൊറെ പൈസ പിരിഞ്ഞുകിട്ടാനുണ്ട്‌. അതുപോലെ രണ്ടുമൂന്നു പേർക്ക്‌ കൊടുക്കാനുമുണ്ട്‌. ശരിക്കും പറഞ്ഞാൽ നേരാംവണ്ണം എല്ലാം നടക്കുകയാണേൽ കിട്ടാനുള്ളത്‌ മേടിച്ച്‌ കൊടുക്കാനുള്ളവർക്ക്‌ കൊടുത്താൽ പിന്നൊന്നും മിച്ചം കാണില്ല. എങ്കിലും നമുക്കൊരു മനസ്സാക്ഷിയില്ലെ? കിട്ടാനുള്ളതിനേക്കാൾ കൊടുക്കാനുള്ളത്‌ കൊടുത്തു കഴിഞ്ഞാൽ മനസ്സിലെ എല്ലാ ഭാരവും തീരും. പണ്ടാരോ പറഞ്ഞതുപോലെ പരലോകത്ത്‌ ചെന്ന്‌ കണക്കെടുക്കുമ്പോൾ പറയാം. എന്റെ ജോലി ഞാൻ ചെയ്തു. മനസ്സിലൊരു കരടുമില്ല.

വള്ളിക്ക്‌ ഈ മാതിരി കാര്യമൊന്നും അറിഞ്ഞുകൂടാ. അറിയാവുന്നതിത്ര മാത്രം. ഇപ്പോൾ മുരുകൻ പോകുന്നത്‌ മൊതലാളിക്ക്‌ വേണ്ടിയാണ്‌. കൂട്ടത്തിൽ പണ്ടത്തെ എന്തോ ചില ഇടപാടുകളുള്ളത്‌ അതും തീർക്കാൻ നോക്കും. അത്രമാത്രം. പക്ഷേ തനിക്കുള്ള പ്രശ്നം തങ്ങളെ ഒറ്റയ്‌ക്കാക്കി രണ്ടുമൂന്നു ദിവസത്തേയ്‌ക്ക്‌ മാറിനിൽക്കുന്നുവെന്നതാണ്‌. പാതിരാത്രിക്ക്‌ എത്ര ബോധം കെട്ടുറങ്ങുന്ന അവസ്ഥയിലും മുരുകന്റെ വിളി കേട്ടാൽ ചാടി പിടഞ്ഞെണീക്കുമായിരുന്നു. ഇനി ഇപ്പോൾ മുരുകൻ വരുന്നതുവരെ ഉറങ്ങാൻ പറ്റുമോ എന്നതാണ്‌ സംശയം. ഇന്നാള്‌ വരില്ല - അതുകൊണ്ട്‌ സ്വസ്ഥമായുറങ്ങാം എന്നു കരുതുന്നതും വെറുതെ.

തൊട്ടുമുന്നിൽ കട നടത്തുന്ന അന്തുക്കായ്‌ക്ക്‌ മുരുകനെയും വള്ളിയേയും പേടിയാണ്‌. പലപ്പോഴും ഗൂഢാഭിലാഷത്തോടെ മുരുകൻ ഇല്ലാത്ത അവസരത്തിൽ ചുറ്റുവട്ടത്ത്‌ വന്നിട്ടുണ്ടെങ്കിലും വള്ളിയുടെ കൂസലില്ലായ്മയും തന്റേടവും മുരുകൻ ഏത്‌ സമയത്തും വരാമെന്ന വിചാരവും അവനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിച്ചിട്ടേയുള്ളൂ. മുരുകനെ ഭയപ്പെടേണ്ട ആളാണെന്ന്‌ അന്തുക്കായ്‌ക്ക്‌ അല്ലെങ്കിലും തോന്നിയിട്ടുണ്ട്‌. അനാഥാലയത്തിലെ കുട്ടികൾ ചാടി പോകുന്നത്‌ ഒതുക്കാൻ വേണ്ടി ഉയർന്ന പോലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മുരുകനെ അന്വേഷിച്ചുവരുന്നതു കാണുമ്പോൾ ആൾ നല്ല പിടിപാടും സ്വാധീനവും ഉള്ളവനാണെന്ന ധാരണ അന്തുക്കായുട മനസ്സിൽ സ്ഥിരപ്രതിഷ്‌ഠ നേടാൻ കാരണമായിട്ടുണ്ട്‌. അതുകൊണ്ട്‌ അന്തുക്കാ ആ ഭാഗത്തേയ്‌ക്ക്‌ തിരിഞ്ഞു നോക്കുന്നില്ല എന്ന്‌ തന്നെ പറയാം.

അഞ്ച്‌ വർഷത്തിന്‌ മേലെയായി താൻ മുരുകന്റെ കൂടെ കൂടിയിട്ട്‌. അടുത്തുള്ള കോവിലിൽ പോയി പരസ്പരം മാലയിട്ട്‌ ഭാര്യാഭർത്താക്കന്മാരായി കഴിയുന്നുവെന്നല്ലാതെ വിവാഹം എന്ന ചടങ്ങ്‌ തങ്ങളെ സംബന്ധിച്ച്‌ ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ അങ്ങേർക്ക്‌ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന മനോവ്യഥയുണ്ട്‌. ഏതായാലും മണിക്കുട്ടൻ വന്നുകയറിയതിനുശേഷം ആ കുറവ്‌ പരിഹരിക്കപ്പെട്ടുവെന്ന്‌ തോന്നിയെങ്കിലും അവനെ താനമ്മയായി കരുതുന്നതുപോലെ അവന്റെ അച്ഛനാകാൻ മുരുകന്‌ കഴിയുമോ? വല്ലവന്റേയും കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ ഏത്‌ പുരുഷനാണ്‌ തയ്യാറാവുക? അത്‌ മാത്രമല്ല അത്‌ തന്റെ പുരുഷത്വത്തെ വരെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നു കരുതി അത്‌ മനസ്സിലൊരു തീക്കനലായി മാറിയെങ്കിലോ? ഏതായാലും മുരുകന്‌ പയ്യനെ ഇഷ്ടമായിത്തുടങ്ങി എന്നത്‌ വള്ളിയെ ആഹ്ലാദിപ്പിക്കുന്നുണ്ട്‌. എങ്കിലും എന്നും ഈ ആഹ്ലാദമുണ്ടാവുമോ?

മണിക്കുട്ടന്റെ കാര്യമോർത്തപ്പോൾ വള്ളിക്ക്‌ വീണ്ടും ഭയമായി. ഇന്നവൻ തന്നെ സ്നേഹിക്കുന്നു. ‘അമ്മേ’ എന്ന്‌ വിളിക്കുന്നു. ശരി തന്നെ. കുറച്ച്‌ മുതിരുമ്പോൾ - തിരിച്ചറിവ്‌ കിട്ടുമ്പോൾ താൻ ‘അമ്മേ’ എന്നു വിളിക്കുന്ന സ്‌ത്രീ തന്റെ അമ്മയല്ല എന്ന ബോധം അവനെ ഭരിക്കാൻ തുടങ്ങുമ്പോൾ - അവൻ തങ്ങളെ ഇട്ടേച്ച്‌ പോവില്ലെന്നെന്താണുറപ്പ്‌? അതോർത്തപ്പോൾ വള്ളിക്ക്‌ ആധി കയറി തുടങ്ങി. അവൻ ‘അമ്മേ’ എന്ന്‌ വിളിക്കുമ്പോൾ കിട്ടിയിരുന്ന ആ സുഖം എത്ര നാളത്തേയ്‌ക്ക്‌ എന്നതായിരുന്നു, അവളുടെ മനസ്സിൽ. മുരുകനെ അവൻ ‘അച്ഛാ’ എന്നു വിളിക്കുമോ? അങ്ങനെ വിളിച്ചെങ്കിൽ മാത്രമേ ‘അമ്മേ’ എന്ന വിളി കേൾക്കുമ്പോഴുള്ള സുഖം പൂർണ്ണമായനുഭവിക്കാൻ പറ്റുകയുള്ളൂ.

വള്ളിയുടെ മനസ്സിൽ ഈവിധ ചിന്തകളൊക്കെ അരങ്ങേറിയപ്പോഴൊക്കെ മുരുകൻ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കുളി കഴിഞ്ഞ്‌ ഡ്രസ്സ്‌ ചെയ്ത്‌ റെഡിയായി വന്നതൊന്നും വള്ളിയറിഞ്ഞതേയില്ല.

‘എടീ - നീയാ ബാഗെടുത്തേ - അതിനുള്ളിൽ രണ്ടുദിവസത്തേയ്‌ക്ക്‌ വേണ്ട തുണിയും ഉടുപ്പുമൊക്കെ എടുത്ത്‌ വയ്‌ക്ക്‌ എന്നിട്ട്‌ നീയൊരു കാപ്പിയനത്ത്‌’.

ഇതിനിടയിൽ മണിക്കുട്ടൻ എഴുന്നേറ്റ്‌ വന്നുകഴിഞ്ഞിരുന്നു. എന്തോ - അവനെ കാണുമ്പോൾ ആദ്യമുണ്ടായിരുന്ന ആ ദേഷ്യമില്ല ഇപ്പോൾ മനസ്സിൽ. മാത്രമല്ല അവന്റെ ഡ്രസ്സ്‌ കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. പണ്ട്‌ താൻ ട്രെയിനിൽ ചായയടിച്ച്‌ നടന്നിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പഴയ ട്രൗസറും കീറിപ്പറിഞ്ഞു തുടങ്ങിയ ആ ഷർട്ടും. അത്‌ ധരിച്ച്‌ കണ്ടപ്പോൾ മുരുകൻ തന്റെ പഴയ ബാല്യത്തെക്കുറിച്ചുള്ള ഓർമ്മ, പതുക്കെ തലപൊക്കുകയായി.

അമ്മയും അച്ഛനുമില്ലാതെ അമ്മാവന്റെ തണലിൽ കഴിഞ്ഞ കാലം. പിന്നീട്‌ ചെല്ലപ്പിള്ളയുടെ കണക്കപ്പിള്ളയായി വീണ്ടുമൊരു അഞ്ചാറുവർഷം. അന്നത്തെ സമ്പാദ്യം ഈ ഞൊണ്ടൽ. പിന്നീടുള്ള - ആശുപത്രിയിൽ കഴിച്ച മൂന്നാലുമാസം. തിരിച്ചു വന്നപ്പോൾ മുകളിലാകാശം താഴെ ഭൂമി - എന്ന മാതിരിയുള്ള അവസ്ഥ. പള്ളയ്‌ക്കടിച്ച്‌ പാട്ടുപാടിയും കപ്പലണ്ടി വിറ്റും കാപ്പി വിറ്റും ട്രെയിനിൽ കഴിച്ചു കൂട്ടിയ നാലഞ്ച്‌ വർഷം വേറെ. അത്‌ കഴിഞ്ഞ്‌ ഇപ്പോൾ ശിവാനന്ദൻ മുതലാളിയുടെ വിശ്വസ്തനായി മാറിയ ആറേഴ്‌ വർഷക്കാലം. അതിൽ തന്നെ ഇക്കഴിഞ്ഞ അഞ്ച്‌ വർഷമായിട്ട്‌ ദൈവത്തെപ്പോലെ ആരാധിക്കുന്നില്ലെങ്കിലും തന്റെ കുറ്റങ്ങളും കുറവുകളും അറിഞ്ഞുകൊണ്ട്‌ തന്റെ കൂടെ കഴിയുന്ന വള്ളി. ആലോചിച്ചു നോക്കുമ്പോൾ തനിക്കീ നിലയിൽ എത്താൻ കഴിയുമെന്നോ ഒരു കുടുംബജീവിതം സാദ്ധ്യമാകുമെന്നോ കരുതിയതല്ലല്ലൊ?

ശിവാനന്ദൻ അന്ന്‌ വിളിച്ചുകൊണ്ടുവന്ന്‌ ഇവിടെ വണ്ടിയിറങ്ങുമ്പോൾ ഇനി എന്ത്‌ - എന്ന ചിന്തയായിരുന്നു. ആദ്യം കരുതിയത്‌ അങ്ങേർ വലിയ ഉദ്യോഗസ്ഥനോ അതല്ലെങ്കിൽ ഏതെങ്കിലും വലിയ ബിസിനസ്‌ നടത്തുന്ന ആളോ മറ്റോ ആയിരിക്കുമെന്നാണ്‌. പക്ഷേ ട്രെയിനിൽ ഇവിടെ വന്നിറങ്ങിയപ്പോഴാണ്‌ ആ സത്യം അറിയുന്നത്‌. അങ്ങേര്‌ തന്നേക്കാളും ശോചനീയമായ നിലയിലാണ്‌. നാളെ മുതൽ എങ്ങനെ കഴിയുമെന്ന ചിന്തയിലാണ്‌, ആ മനുഷ്യനും. സ്‌റ്റേഷനിൽ വന്നിറങ്ങി തൊട്ടെതിരെയുള്ള ഹോട്ടലിൽ അങ്ങേർ കയറിയപ്പോൾ കൂടെ താനും കയറി. അങ്ങേർ ഒരു ചായയ്‌ക്ക്‌ ഓർഡർ നൽകിയുള്ളൂവെങ്കിലും സപ്ലൈയർ കുറച്ചു വകതിരിവുള്ള കൂട്ടത്തിലായിരുന്നു. അയാൾ രണ്ടു കാപ്പി കൊണ്ടുവന്നു. ശിവാനന്ദൻ കാണാതെ അയാളുടെ പിന്നാമ്പുറത്തുള്ള ഒരു കസേരയിലാണ്‌ മുരുകനിരുന്നത്‌. കാപ്പികുടി കഴിഞ്ഞ്‌ പൈസ കൊടുക്കാൻ നേരത്താണ്‌ രണ്ടു കാപ്പിയുടെ ബില്ലാണ്‌ എന്ന്‌ മനസ്സിലാക്കിയത്‌. സംശയിച്ചു തിരിഞ്ഞു നോക്കുമ്പോഴാണ്‌ താനും വിടാതെ പിന്നാലെയുണ്ടെന്നറിയുന്നത്‌.

നീ പോയില്ലേ?- എന്ന ചോദ്യത്തിന്‌ ഒന്നും പറയാതെ അങ്ങേരുടെ മുഖത്ത്‌ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

നീ വീട്ടിപ്പോ - എന്ന്‌ പറഞ്ഞപ്പോഴാണ്‌ പൊട്ടിക്കരഞ്ഞുപോയത്‌. അന്നത്തെ തന്റെയാ നിയന്ത്രണം വിട്ടുള്ള പൊട്ടിക്കരച്ചിൽ ശിവാനന്ദന്റെ മനസ്സലിയിച്ചു. അയാൾ അല്പനേരം ആലോചിച്ച്‌ നിന്നതിനുശേഷം ഹോട്ടലുടമയുടെ നേരെ തിരിഞ്ഞു.

‘നിങ്ങൾക്ക്‌ സ്‌റ്റേഷനിലോ മറ്റു കടകളിലോ ചായയോ മറ്റോ കൊണ്ടുകൊടുക്കാൻ ആളെ വേണോ?

നിരാശയായിരുന്നു മറുപടിയുടെ ഫലം. പിന്നീടെന്ത്‌ വഴി? മൂന്നാല്‌ മിനിട്ട്‌ നേരം ശിവാനന്ദൻ അങ്ങനെ തന്നെ നിന്നു. വീണ്ടും തിരിഞ്ഞ്‌ ഹോട്ടലുടമയോട്‌ പറഞ്ഞു;

’ഇവനെ നിങ്ങൾക്ക്‌ വിശ്വസിക്കാം. കാലല്പം നൊണ്ടിയാണെങ്കിലും നല്ല ചൊറുചൊറുക്കുള്ളവനും കാര്യപ്രാപ്തിയുള്ളവനുമാണ്‌‘.

ഹോട്ടലുടമ അവനെ വിളിച്ചു. പേരു ചോദിച്ചു. അതിന്‌ മറുപടി പറഞ്ഞെങ്കിലും പിന്നത്തെ ചോദ്യത്തിന്‌ മറുപടി എന്ത്‌ പറയണമെന്നറിയാതെ ശങ്കിച്ചു നിന്നു.

’എന്താണ്‌ പറയേണ്ടത്‌? ജന്മസ്ഥലം സേലമാണെന്ന്‌ പറയാമോ? അച്ഛനമ്മമാർ മരിച്ചുപോയിക്കഴിഞ്ഞപ്പോൾ അമ്മാവന്റെ കൂടെ അവിടെ വന്ന്‌ പെട്ടതാണോ? ഇവിടെ തന്റെ ഭാവി ഒരു ത്രാസ്സിലെന്ന പോലെ ബാലൻസ്‌ ചെയ്യുകയാണ്‌. മറുപടി താമസിച്ചാൽ താനിവിടെ നിന്ന്‌ പുറംതള്ളപ്പെടും. പിന്നെയങ്ങോട്ട്‌ കയ്യിലുള്ളത്‌ ട്രെയിനിൽ നിന്നും ഇങ്ങേർ ചെട്ടിയാർസാറിന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങിയ ആ പഴയ പറ്റുപിടിക്കാശ്‌ മാത്രം. ഏറിയാൽ പത്തിരുപത്തഞ്ചു രൂപാ വരും.”

അതുകൊണ്ട്‌ താൻ പറഞ്ഞു ‘സേലത്താണ്‌. അച്ഛനമ്മമാർ ചെറുപ്പത്തിലേ മരിച്ചൂ. ഒരമ്മാവന്റെ കൂടെയായിരുന്നു. കുറെനാൾ മുമ്പ്‌ അങ്ങേരും മരിച്ചു. പിന്നെ -’

പിന്നെ തീവണ്ടിയിൽ ചായ സപ്ലൈ ചെയ്ത്‌ കഴിയുകയായിരുന്നു. അതിന്നത്തോടെ തീർന്നു. ശിവാനന്ദൻ പിന്നീട്‌ ട്രെയിനിൽ വച്ചുണ്ടായ ഏറ്റുമുട്ടലിന്റെ കഥ പറഞ്ഞു.

അല്പനേരം ആലോചിച്ചിട്ട്‌ ഹോട്ടലുടമ പറഞ്ഞു.

‘സത്യത്തിൽ ഞങ്ങൾക്കിവിടെ ആളെ ആവശ്യമില്ല. കൂടുതലാണെന്നു തന്നെ പറയാം. പിന്നെ ഞാനൊരു പണി ചെയ്യാം. ഇവിടെ സ്‌റ്റേഷൻ മാസ്‌റ്റർക്കും മറ്റുള്ളോർക്കും ചായ കൊടുക്കണം. ഇവിടെ അടുത്തുള്ള ഓഫിസിലുള്ളവർക്കും ചായ കൊടുക്കണം. പൈസ കൃത്യമായി വാങ്ങണം. തൽക്കാലം ശമ്പളം പ്രതീക്ഷിക്കേണ്ട. കുറെക്കഴിഞ്ഞ്‌ ആരെങ്കിലും പിരിഞ്ഞുപോവുമ്പോൾ സ്ഥിരമായി പണിക്ക്‌ നിർത്താം. അതുവരെ ശമ്പളമുണ്ടാകില്ല.’

ഒന്നുമില്ലാതെ തെരുവിലേയ്‌ക്ക്‌ അനാഥനെപ്പോലെ ഇറങ്ങേണ്ടിവരുമല്ലോ എന്ന്‌ കരുതിയിരുന്ന തനിക്ക്‌ ഒരു താവളം ഏർപ്പാടാക്കി തന്ന ശിവാനന്ദൻ തന്നെ സംബന്ധിച്ചിടത്തോളം ദൈവം തന്നെ. അങ്ങനെ പറയുന്നില്ലെങ്കിലും മനസിൽ അങ്ങനെ കരുതിത്തന്നെയാണ്‌ കൊണ്ടുനടക്കുന്നത്‌. പക്ഷേ താൻ ദൈവമായി കരുതിയ ആൾ അനാഥനായി മാറുന്ന കാഴ്‌ചയും കാണേണ്ടിവന്നു. വിധിയുടെ വിളയാട്ടമെന്നോ ദൈവനിശ്ചയമെന്നോ പറയാവുന്ന സംഭവങ്ങളാണ്‌ താനീ ഹോട്ടലിൽ വന്നതിന്‌ ശേഷം ഉണ്ടായത്‌. ശിവാനന്ദൻ തൊട്ടെതിരെയുള്ള വലിയൊരു ലോഡ്‌ജോടുകൂടിയ ഹോട്ടലിൽ കാഷ്യറായിട്ടുവന്നു.

ഒരിക്കൽ സ്‌റ്റേഷനിൽ സ്‌റ്റേഷൻ മാസ്‌റ്റർക്കും മറ്റുള്ളവർക്കും കാപ്പി കൊടുത്ത്‌ വരുന്നവഴിക്കാണ്‌ തന്റെ പേര്‌ ചൊല്ലി ഒരാൾ വിളിക്കുന്ന്‌ കേൾക്കുന്നത്‌. തിരിഞ്ഞ്‌ നോക്കിയപ്പോൾ മാരുതി വിലാസം ഹോട്ടലിന്റെ മുൻവശത്ത്‌ നിന്ന്‌ ശിവാനന്ദൻ തന്നെ വിളിക്കുന്നു!

വളരെ ഭവ്യതയോടുകൂടി ഹോട്ടലിന്റെ മുറ്റത്തേക്കെത്തിയപ്പോഴാണ്‌ അത്ഭുതപ്പെട്ടുപോയത്‌. ശിവാനന്ദൻ അവിടെ ഹോട്ടൽ മാനേജരായി ജോലിചെയ്യുന്നു!

‘എടേ - പണിയിലുള്ള വ്യത്യാസമേ ഉള്ളൂ. നമ്മൾ രണ്ടുപേരും ഇപ്പോൾ ജോലിക്കാരാ. താനന്നു വിചാരിച്ചു കാണും ഞാൻ വലിയൊരു പണക്കാരനോ മൊതലാളിയോ ആണെന്ന്‌. വേഷോം പെരുമാറ്റവും കണ്ട്‌ ആരേയും അളക്കരുത്‌. ഇവിടെ വന്നിറങ്ങുമ്പോൾ ഞാനും അടുത്ത പടി എന്തെന്ന ആലോചനയിലായിരുന്നു. എന്തായാലും തനിക്കും ജോലിയായി - ഇനി നമുക്കെന്നും കാണാം. ങ്‌ഹാ - താൻ പോ - കണ്ടപ്പോ വിളിച്ചെന്നേയുള്ളൂ.

കഷ്ടിച്ചൊരു വർഷമേ ശിവാനന്ദൻ ആ ഹോട്ടലിൽ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അങ്ങേർക്കവിടെനിന്നും പോവേണ്ടിവന്നു. പിന്നീടങ്ങേർ കണ്ടുപിടിച്ച ജീവിതമാർഗ്ഗം തനിക്കിഷ്ടപ്പെടുന്നതായിരുന്നില്ലെങ്കിലും തന്റെ ജീവൻ രക്ഷിച്ച വ്യക്തിയോടുള്ള കടപ്പാട്‌ കണക്കാക്കി താനും അങ്ങേരുടെ കൂടെ കൂടി. തന്റെ വിഷമസ്ഥിതിയും വിമ്മിട്ടവും മനസ്സിലാക്കിയിട്ടോ എന്തോ, ശിവാനന്ദൻ പറഞ്ഞു.

’എടാ മുരുകാ ഈ ജോലി ഞാനിഷ്ടപ്പെടുന്നുണ്ടെന്നാണോ നീ വിചാരിക്കണെ? എനിക്കിഷ്ടമല്ല. പക്ഷേ ആ ഹോട്ടൽ മുതലാളി മറ്റുള്ളോരുടെ മുന്നിൽവച്ച്‌ എന്നെ ഇൻസൾട്ട്‌ ചെയ്തപ്പോൾ ഞാനറിയാതെ തന്നെ വന്നുചേർന്ന ഒരു വഴിത്തിരിവാണിത്‌. കസ്തൂരിപ്പറമ്പിൽ ഇങ്ങനെ അനാഥമായ ഒരു കെട്ടിടം ഉണ്ടെന്ന്‌ എങ്ങനറിയാനാണ്‌? ഹോട്ടലുടമ പറഞ്ഞപ്പോൾ ഒരു ലക്ഷ്യവുമില്ലാതെ നടന്നു ചെന്നത്‌. അവിടെ വച്ച്‌ അന്ന്‌ കണ്ടുമുട്ടിയ അറുമുഖം എന്നെ പേടിക്കുന്നെന്നും ആ കെട്ടിടം എന്റേതായി കണക്കാക്കുന്നുവെന്നും കണ്ടപ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞ വിചിത്രമായ ഒരാശയം. വിധിദാതാവിന്റെ എഴുതിവയ്‌ക്കപ്പെട്ട തീരുമാനങ്ങളിൽ ഇങ്ങനേയും ഒരവസ്ഥയുണ്ടെന്ന്‌ കരുതി അറിയാതെ തന്നെ അതിലേയ്‌ക്ക്‌ ചെന്നു പെടുകയായിരുന്നു. പിന്നീടതൊരു ജീവിതമാർഗ്ഗമായി തീർന്നു.

‘എടാ മുരുകാ - ശിവാനന്ദൻ പറഞ്ഞു.

’ഈ ഡയറീം കക്ഷത്തിവച്ചോണ്ട്‌ നാട്ടുകാരുടെ കയ്യീന്ന്‌ കാശും പിരിച്ച്‌ പള്ള വീർപ്പിച്ച്‌ നടക്കണതിൽ നിന്നും എത്രയോ ഭേദമാണിത്‌. മാത്രമല്ല. ഒരു കെയർടേക്കർ പോലെ അവരുടെ ഭാവിക്കുവേണ്ടി പല മാർഗ്ഗങ്ങളും ഞാൻ സ്വീകരിച്ചു. അന്യന്റെ പറമ്പാണെങ്കിലും അവർക്ക്‌ കേറി കിടക്കാനൊരിടം. അവരുടെ സമ്പാദ്യത്തിന്റെ വീതം ഏല്പിക്കുന്നതിൽ ഒരു ഭാഗം അവരുടെ പേരിൽ തന്നെ ബാങ്കിലടച്ച്‌ അവരുടെ ഭാവി സുരക്ഷിതമാക്കുന്നു. പെണ്ണുങ്ങളേം കുട്ടികളേം നമ്മളൊഴിവാക്കുകയാണ്‌. എന്നിട്ടും മൂന്നാല്‌ കുട്ടികൾ വന്നപ്പോൾ നമ്മളുപേക്ഷിച്ചില്ലെന്നു മാത്രം!

ആലോചിച്ച്‌ നോക്കിയപ്പോൾ മുതലാളി പറഞ്ഞതിൽ കാര്യമുണ്ടെന്ന്‌ തോന്നി. ഇപ്പോൾ കസ്തൂരിപ്പറമ്പിലെ ദൈവസഹായം പരസ്പരസഹായം സംഘത്തിൽ തമ്പടിച്ചിരിക്കുന്ന പതിനേഴോളം പേർക്ക്‌ എന്നെങ്കിലും അവിടം വിടേണ്ടിവരികയാണെങ്കിൽ ഒരിക്കലും വെറും തെണ്ടികളായി മടങ്ങിപ്പോവേണ്ടി വരില്ല. അവർ ഉദ്ദേശിക്കാത്തത്ര നിക്ഷേപം അവരുടെ പേരിൽ ബാങ്കിലുണ്ടെന്ന്‌ അവരറിയുന്നുണ്ടോ?

മുരുകൻ വള്ളിയെ സമാധാനിപ്പിച്ച്‌ മണിക്കുട്ടന്റെ മൂർദ്ധാവിൽ തഴുകി സേലത്തേയ്‌ക്ക്‌ രാത്രിവണ്ടി കയറുമ്പോൾ വേറെ ചിന്തിക്കാനൊന്നുമില്ലായിരുന്നു.

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.