പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിനു പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

ദൈവത്തിനു പ്രിയപ്പെട്ടവർ

നിധി കിട്ടിയ പോലായിരുന്നു വള്ളിക്ക്‌. കാണാതെപോയ അമൂല്യവസ്തു ഏറെ നാളുകൾക്ക്‌ ശേഷം തിരിച്ചു കിട്ടിയതുപോലെ. മുരുകൻ വരുന്നത്‌ കണ്ട പയ്യൻ ഓടി അകത്തേയ്‌ക്ക്‌ വന്നു പറഞ്ഞു.

‘കള്ളൻ കള്ളൻ’.

വേഗം മുൻവശത്തേക്കുവന്ന വള്ളി കണ്ടത്‌ ഒരു കമ്പിൽ കോർത്ത മൂന്നുനാലു കരിമീനുമായി വരുന്ന മുരുകനെയാണ്‌. പക്ഷെ മുരുകൻ ‘കള്ളൻ’ എന്ന വിളി കേട്ടതിലെ ദേഷ്യവും എന്നാൽ പയ്യനെങ്ങനെ ഇവിടെ വന്നുവെന്നതിലെ ആകാംക്ഷയും പരിഭ്രമവും കലർന്ന ഒരു ഭാവമാറ്റത്തോടെയാണ്‌ തിണ്ണയിലേക്ക്‌ കയറിയത്‌.

‘ഏതാടീ ഈ ചെക്കൻ?

വള്ളിയമ്മയുടെ മുഖത്ത്‌ നാണവും സന്തോഷവും കലർന്ന ഒരു ഭാവം. അവൾ പുഞ്ചിരിയോടെ പറഞ്ഞത്‌ മുരുകൻ ചോദിച്ച ചോദ്യത്തിനുത്തരമായിരുന്നില്ല.

’അവനെന്നെ ‘അമ്മേ’ന്ന്‌ വിളിച്ചു‘.

’ങ്‌ഹേ..‘

മുരുകൻ അമ്പരന്നുപോയി. വള്ളി തന്റെ കൂടെവന്നിട്ട്‌ വർഷം അഞ്ചു കഴിഞ്ഞു. ഒരു കുട്ടിയില്ലാത്ത ദുഃഖം അവൾക്കുണ്ട്‌. പരോക്ഷമായിട്ടെങ്കിലും അവൾ പല പ്രാവശ്യം അത്‌ സൂചിപ്പിച്ച്‌ കഴിഞ്ഞു. ഒരു കുട്ടിയുടെ അച്ഛനാവേണ്ട സമയം കഴിഞ്ഞെന്ന്‌ മുരുകനും അറിയാം. ആദ്യമാദ്യമൊക്കെ വള്ളിയുടെ ആഗ്രഹം കേൾക്കുമ്പോൾ പറയുമായിരുന്നു.

’എടീ നമ്മളൊരു ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനിയും സമയമുണ്ടല്ലോ‘.

ഒന്നുരണ്ടുവർഷമൊക്കെ അങ്ങനൊരു സമാധാനത്തോടെ കടന്നുപോയെങ്കിലും തങ്ങളുടെ ആഗ്രഹം സഫലമാക്കാൻ സാധിക്കുന്നില്ലല്ലോ എന്നൊരാശങ്കയും വിഷമവും രണ്ടുപേർക്കുമുണ്ട്‌. പക്ഷെ അവർ പരസ്പരം അത്‌ പങ്കിട്ടില്ലെന്നു മാത്രം.

എന്ത്‌ കൊണ്ട്‌ നീ ഗർഭിണിയാവുന്നില്ല എന്നു ചോദിക്കാൻ മുരുകന്‌ പേടി. കുഴപ്പം തന്റെ ഭാഗത്താണെങ്കിലോ?

വള്ളിക്ക്‌ എന്തുകൊണ്ടോ കുഴപ്പം തന്റെ ഭാഗത്തല്ല എന്നൊരു തോന്നൽ മനസിലുണ്ട്‌. താനെപ്പോഴും റെഡിയാണ്‌. പിന്നെവിടാ കുഴപ്പം? മുരുകന്റെയാണോന്ന്‌ ചോദിച്ചാൽ ’അല്ല‘ എന്ന ഉത്തരമേ അവൾക്കും ഉള്ളൂ. ഒരുപക്ഷേ ദൈവം തങ്ങൾക്കത്‌ വേണ്ടെന്ന്‌ വച്ചിരിക്കുകയാവും, അങ്ങനെയാണവൾ സമാധാനിക്കാൻ ശ്രമിച്ചത്‌. ഒന്നുരണ്ടു പ്രാവശ്യം അവൾ സൂചിപ്പിച്ചതാണ്‌. നമുക്കേതെങ്കിലും ഒരാശുപത്രിയിൽ പോയി ഒരു ഡോക്ടറെ കണ്ടാലോ എന്ന്‌. പക്ഷേ മുരുകൻ സമ്മതിച്ചില്ല.

’എടീ അവിടെ ആർക്കൊക്കെ കൈക്കൂലി കൊടുക്കണം? നോക്കണ ഡോക്കിട്ടർസാറിന്‌ കൊടുക്കണത്‌ മനസിലാക്കാം. പിന്നെ അവിടത്തെ നേഴ്‌സുമാര്‌ വരും. അതും പോട്ടെന്ന്‌ വയ്‌ക്കാം. തൂപ്പുകാരിക്കും ശിപായിക്കും പിന്നെ അവിടെ ചുറ്റിക്കറങ്ങുന്ന അലവലാതികൾക്കും ഒക്കെ കൊടുക്കണം. ഇതെല്ലാം കഴിഞ്ഞാലും ഫലമുണ്ടാവുമോന്ന്‌ എന്താ ഉറപ്പ്‌? എടീ ദൈവം തരുമ്പോ തരട്ടെ. അല്ലേ, ദൈവവിധിയെന്ന്‌ മാത്രം കരുതിയാ മതി.‘

പക്ഷേ ഇതൊക്കെയാണേലും മുരുകന്‌ ഈയൊരു കാര്യത്തിൽ വിഷമമുണ്ട്‌. ഏതു പെണ്ണും കുറെക്കഴിയുമ്പോൾ ഒരു കൊച്ചിനെ താലോലിക്കാനാഗ്രഹിക്കുമെന്ന്‌ അവൻ മനസിലാക്കി വച്ചിട്ടുണ്ട്‌. അവളുടെ ജീവിതം പൂർത്തിയാകണമെങ്കിൽ ഒരു കുഞ്ഞ്‌ ’അമ്മേ‘ന്ന്‌ വിളിക്കണമെന്ന്‌ അവൻ മനസിലാക്കി കഴിഞ്ഞു. തനിക്കും അങ്ങനെ ഒരാഗ്രഹമില്ലേന്ന്‌ ചോദിച്ചാൽ സംശയമില്ല - ഉണ്ട്‌ എന്നു തന്നെയാണ്‌ മറുപടി. ഡോക്ടറെ കണ്ടില്ലെങ്കിലും മുരുകന്‌ ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്‌ - കുഴപ്പം തന്റെ ഭാഗത്ത്‌ തന്നെയാണെന്ന്‌. കിടക്കപ്പായയിൽ ഒരു പെണ്ണിനെ തൃപ്തിപ്പെടുത്തുന്നതുകൊണ്ടു മാത്രം കാര്യമായില്ലല്ലോ. വള്ളിയറിയാതെ ഒരു ഡോക്ടറെ കണ്ടാലോ എന്ന്‌ ഈയിടെ മുരുകനും തോന്നിത്തുടങ്ങി. ഒരു കുഞ്ഞിനെ തരാൻ കഴിയാത്തവന്റെ കൂടെ പൊറുക്കേണ്ടെന്ന്‌ തീരുമാനിച്ച്‌ അവൾ സ്ഥലം വിടുമോ എന്ന പേടിയും ഈയിടെ അവനെ അലട്ടിത്തുടങ്ങിയിട്ടുണ്ട്‌. കുത്തഴിഞ്ഞ തന്റെ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയും വന്നത്‌ അവൾ വന്നതിനു ശേഷമാണ്‌.

എത്ര രാത്രിയായാലും തന്നെ കാത്തവൾ ഇരിപ്പുണ്ടെന്ന ഒരാശ്വാസവും ആ സന്തോഷവും മനസിലേയ്‌ക്ക്‌ വരുമ്പോൾ എത്ര ദൂരെയായാലും കൂടണയാൻ തോന്നുന്ന ഒരു വികാരം. ഒരാൾ കാത്തിരുപ്പുണ്ട്‌ എന്ന വിചാരമാണ്‌ ഏതവന്റേം ജീവിതം അർത്ഥവത്താക്കുന്നത്‌ എന്ന ഫിലോസഫിയൊന്നും മുരുകനറിയില്ലെങ്കിലും അതിന്റെ സുഖവും സന്തോഷവും വിഷമവും എന്താണെന്ന്‌ അവനറിയാം.

വള്ളിക്ക്‌ പേടി അതല്ല - ഒരു കുഞ്ഞിനെ തരാത്തതിന്റെ പേരിൽ മുരുകൻ തന്നെ ഇറക്കിവിടുമോ എന്നാണ്‌. മൂന്നുനാലു വർഷമായി ആ ചിന്ത അവളെ അലട്ടിത്തുടങ്ങിയിട്ടുണ്ട്‌. കുഴപ്പം തന്റെയല്ല എന്ന ഒരു വിശ്വാസം അവൾക്കുണ്ടെങ്കിലും അതെങ്ങനെ അയാളെ ബോധ്യപ്പെടുത്തും എന്ന ചിന്തയാണ്‌ കൂടുതൽ വിഷമിപ്പിക്കുന്നത്‌. സ്നേഹമുള്ള ഈ മനുഷ്യന്റെ കൂടെ കൂടിയതിനുശേഷമാണ്‌ അല്ലലില്ലാത്ത ഒരു ജീവിതം അവൾക്കു കിട്ടിയത്‌. ഓർമ്മവച്ച അന്നു മുതൽ മുരുകനെ കണ്ടുമുട്ടുന്നതുവരെയുള്ള ആ കാലഘട്ടം - അതിനിടയിൽ അല്പം ആശ്വാസം തരുന്ന ഒരു - ചെറുബാല്യം - അതൊഴിച്ചാൽ എന്നും ദുരിതമായിരുന്നു.

അവൾ ഈയിടെയായി ദിവസവും സന്ധ്യയ്‌ക്ക്‌ തൊട്ടടുത്തുള്ള ദേവീ ക്ഷേത്രത്തിൽ പോയി തൊഴുന്നുണ്ട്‌. ചൊവ്വാഴ്‌ചയും വെള്ളിയാഴ്‌ചയും ദിവസങ്ങളിൽ മുരുകന്റെ പേരിലും തന്റെ പേരിലും അർച്ചന നടത്തും. പക്ഷേ രണ്ടുകൂട്ടർക്കും ജനിച്ച നക്ഷത്രം അറിയില്ല. നക്ഷത്രം പറയാതെ എങ്ങിനെ അർച്ചന നടത്തുമെന്ന്‌ ചോദിച്ചപ്പോൾ അവളൊന്നും മിണ്ടാതെ നിന്നതേയുള്ളൂ. അവസാനം പ്രതിവിധി പറഞ്ഞുതന്നത്‌ ദേവസ്വം ഓഫീസിലെ ചീട്ടെഴുതുന്ന ആൾ തന്നെ. ദേവിയുടെ പേരിൽ അർച്ചന നടത്തണം. നിങ്ങൾക്ക്‌ ഗുണമേ കിട്ടൂ.

ഏതായാലും അതിന്റെ ഫലമാണോ ഈ കുട്ടിയെന്ന്‌ അവൾ സംശയിക്കുന്നു. അർച്ചന തുടങ്ങിയിട്ട്‌ ഒരുമാസം പോലുമായില്ല. അതിനു മുന്നേ തന്നെ അഞ്ചാറുവയസുള്ള ഒരു മിടുക്കൻ കുട്ടി ’അമ്മേന്ന്‌‘ വിളിച്ചു വന്നിരിക്കുന്നു. ഈയിടെ രാവിലത്തെ വണ്ടിയ്‌ക്ക്‌ വന്ന ഒരു കാക്കാലത്തി കൈനോക്കി പറഞ്ഞത്‌ അവളോർത്തു;

’അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട. മിടുക്കനൊരു കുട്ടിയെത്തന്നെ കിട്ടും‘

’നീ എന്ത്‌ വങ്കത്തമാണ്‌ കാട്ടുന്നത്‌?‘

മുരുകൻ കുറച്ചുറക്കത്തന്നെ ചോദിച്ചു.

’നിനക്കറിയ്യോ ഇതിന്റെയൊക്കെ പുറകെവരുന്ന കോലാഹലം? ചിലപ്പോൾ കൂട്ടം തെറ്റി വന്നതോ, വല്ലവനും കട്ടുകൊണ്ടുവന്നതോ ആയിരിക്കും. ഇനി പോലീസോ, പട്ടാളോ ഒക്കെ വരും. നമ്മള്‌ കട്ടോണ്ട്‌ വന്നതാന്ന്‌ പറഞ്ഞ്‌ നമ്മളെ തല്ലിച്ചതയ്‌ക്കും‘.

അതുകേട്ടപ്പോൾ വള്ളിക്കും പരിഭ്രമമായി. പക്ഷേ അടുത്ത നിമിഷം അവൾ പറഞ്ഞു;

’ഇവനെ ഞാൻ കൊടുക്കില്ല. അവൻ ഇവിടെ വന്നു കയറിയതല്ലേ?‘

മുരുകന്‌ വരുന്നത്‌ കടിച്ചു തിന്നാനുള്ള കലി. അടുത്ത നിമിഷം ഇവളൊരു മണ്ടിയായിപ്പോയല്ലോ എന്നോർത്ത്‌ ദുഃഖിക്കുന്നുമുണ്ട്‌. ഇതിന്റെയൊക്കെ വരുംവരായ്‌മകൾ എങ്ങനെയെന്ന്‌ ഇവളെ എങ്ങനെയാണ്‌ പറഞ്ഞ്‌ മനസിലാക്കേണ്ടത്‌?

’എടീ പെണ്ണേ...‘

മുരുകൻ കോപമടക്കി പറഞ്ഞു.

’ഇവൻ ചെലപ്പം ഏതെങ്കിലും വലിയ വീട്ടിലെ ആയിരിക്കും. വല്ലവനും കാശ്‌ പിടുങ്ങാൻ വേണ്ടി പിടിച്ചോണ്ട്‌ പോന്നതായിരിക്കും. അവിടന്ന്‌ ചാടി പോന്നതാവാം. അതല്ലേ ഏതെങ്കിലും ഒരുത്തൻ പിച്ചതെണ്ടുന്നവരുടെ കൂട്ടത്തിൽ ചേർക്കാൻ കട്ടോണ്ട്‌ വന്നതാകാം. രണ്ടായാലും കേസാ - പോലീസ്‌ വരും. അവന്റെ ആൾക്കാരും പിന്നാലെ വരും.‘

’ദേ..ങ്ങളൊന്നും പറയേണ്ട..ങ്ങള്‌ ചെയ്യണതും ഇതല്ലെ? വഴിയരികീ കെടക്കണോരെ പിടിച്ച്‌ അവിടെ കൊണ്ടു ചേർക്കുകയല്ലേ ങ്‌ടെ ഇപ്പോഴത്തെ ബിസിനസ്‌!‘

’എന്ത്‌ പറഞ്ഞ്‌ നീ....?‘

മുരുകൻ മുന്നോട്ടാഞ്ഞു. പക്ഷേ മുന്നോട്ടുവച്ച കാൽ മുരുകന്‌ പിൻവലിക്കേണ്ടിവന്നു. വള്ളിയെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ആ പയ്യൻ....

അവൻ തന്നെ തുറിച്ച്‌ നോക്കുന്നു. ഒരു നിശ്ചയദാർഢ്യം ആ കണ്ണുകളിൽ. അവന്റെ കണ്ണുകളുമായിടഞ്ഞപ്പോൾ മുരുകന്‌ പിന്നോക്കം പോകേണ്ടിവന്നു. അതോടെ വള്ളി പയ്യനെ വാരിയെടുത്ത്‌ അവന്റെ മുഖത്തും കഴുത്തിലും നെറ്റിയിലും മാറിമാറി തുരുതുരാ ചുംബനവർഷം നടത്തി. മുരുകന്‌ മനസിലായി ഇനി എന്തൊക്കെ പറഞ്ഞാലും വള്ളിയുടെ മനസ്‌ മാറ്റി എടുക്കുക ബുദ്ധിമുട്ടാണെന്ന്‌. ഒരു കുഞ്ഞിന്‌ വേണ്ടിയുള്ള അവളുടെ ദാഹം കാണുമ്പോൾ അവളെ കുറ്റപ്പെടുത്താനും വയ്യ. ഒരു കുഞ്ഞിനെ നൽകാൻ കഴിയാത്തതിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നില്ലല്ലോ എന്ന്‌ സമാധാനിക്കാൻ ശ്രമിച്ചാലും ആ നിശബ്ദത തന്റെ നേർക്കുള്ള വലിയ ഒരു ശിക്ഷതന്നെയാണെന്ന്‌ അവന്‌ തോന്നിത്തുടങ്ങി. എങ്കിലും ഒരവസാനശ്രമമെന്നു മുരുകൻ പറഞ്ഞു

’അവൻ ഇവിടെ നിൽക്കുന്നതിലല്ലാ വെഷമം, അവനെ ഇവിടെ അന്വേഷിച്ചാരെങ്കിലും വന്നാൽ ചെലപ്പോ ജയിലഴി എണ്ണേണ്ടിവരും. നമ്മള്‌ രണ്ടുപേരും തൂങ്ങും‘.

പക്ഷേ വള്ളിക്ക്‌ ഉറച്ച ആത്മവിശ്വാസമാണ്‌. അവനെ അന്വേഷിച്ചാരും വരില്ല. അവനെ ദൈവം നമുക്കുവേണ്ടി തന്നതാണ്‌. കോവിലിൽ എല്ലാ ചൊവ്വാഴ്‌ചയും വെള്ളിയാഴ്‌ചയും പോയി മനംനൊന്ത്‌ പ്രാർത്ഥിക്കുന്നതു കൊണ്ട്‌ അമ്മ തന്ന അനുഗ്രഹമാണ്‌. അവസാനം മുരുകൻ പയ്യന്റെ നേരെ തിരിഞ്ഞു.

’എടാ ചെക്കാ നീ എവിടത്തെയാ...? നിന്റെ പേരെന്താ..? നീയെങ്ങനെയിവിടെ വന്നു...?

പയ്യൻ മിണ്ടാതെ നിന്നതേയുള്ളൂ. മുരുകൻ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു. പക്ഷേ, അവൻ മിണ്ടുന്നില്ല. മുരുകന്‌ അതോടെ ദേഷ്യമായി.

‘എടാ നിന്റെ നാവിറങ്ങിപ്പോയോ...? ഞാനിവിടെ വന്നപ്പോ കള്ളൻ കള്ളൻ എന്നുപറഞ്ഞ്‌ കൂവണ കണ്ടല്ലോ...?

ഒട്ടും താമസമുണ്ടായില്ല. വള്ളിയുടെ പ്രതികരണം വന്നു.

’അത്‌ നിങ്ങള്‌ കള്ളന്റെ സ്വഭാവം കാണിക്കണതുകൊണ്ട്‌...‘

’എന്താ നീ പറയണെ? നിനക്ക്‌ കൊറെ കൂടുന്നുണ്ട്‌. വന്നുവന്ന്‌ എന്തും പറയാന്നോ?

വള്ളി ഒന്നും മിണ്ടിയില്ല. അവൾ പയ്യനെയും കൂട്ടി മുറിയ്‌ക്കകത്തേക്കു കയറി.

‘എടീ വള്ളീ... പെണ്ണേ നീ പറയണ കേക്ക്‌...’

ഇത്തവണ മുരുകന്റേത്‌ അപേക്ഷയായിരുന്നു.

‘നിനക്കറിയാമോ നമ്മളൊക്കെ പാവങ്ങളാ... ചെക്കൻ അവന്റെ സ്വന്തം ഇഷ്ടത്തിന്‌ ഇവിടെ വന്നതാന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്ക്വോ...? എലവന്ന്‌ മുള്ളേല്‌ വീണാലും മുള്ള്‌ എലേ വീണാലും കേട്‌ എലയ്‌ക്കാ... അതോണ്ടാ...’

വള്ളിയുടെയും മുഖത്തുള്ളത്‌ അപേക്ഷയായിരുന്നു. കണ്ട നിമിഷത്തിൽ തന്നെ പയ്യനെ അങ്ങിഷ്ടമായി. വെളുപ്പിന്‌ മുരുകൻ എഴുന്നേറ്റ്‌ പോയിക്കഴിഞ്ഞപ്പോൾ പതിവുപോലെ അടുക്കളയിൽ കയറി അടുപ്പ്‌ കൂട്ടി. പുറത്തെ പൈപ്പിൽ നിന്ന്‌ വെള്ളമെടുക്കാനായി വന്നതായിരുന്നു. അപ്പോഴാണ്‌ തൊട്ടടുത്ത ചായക്കടയ്‌ക്ക്‌ മുന്നിൽ വന്ന്‌ നിന്ന വാനിന്റെ പിന്നിൽ നിന്നും പയ്യൻ ചാടിയിറങ്ങി തന്റെ വീട്ടുമുറ്റത്തേയ്‌ക്ക്‌ ഓടിവരുന്നത്‌. വാനിന്റെ ഡ്രൈവറും കിളിയും ചായകുടിക്കാനായി കടയിൽ കയറിയ സമയമായിരുന്നു.

ചെക്കൻ എന്തോ കണ്ട്‌ പേടിച്ചതുപോലെയാണ്‌ ഓടിവന്നതെങ്കിലും തന്നെ കണ്ടതോടെ ആശ്വാസം കൊണ്ടതുപോലെ തോന്നി. അൽപനേരം സംശയിച്ചു നിന്ന പയ്യനെക്കണ്ട്‌ വള്ളി ‘എന്താ’ന്ന്‌ ചോദിച്ചപ്പോഴാണ്‌ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ചെറുപുഞ്ചിരിയോടെ ‘അമ്മേ’ന്ന്‌ വിളിച്ച്‌ അടുക്കൽ വന്നത്‌. പിന്നീട്‌ വള്ളിക്ക്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അവൻ തന്റെ സ്വന്തമെന്ന്‌ കരുതി വീട്ടിലേയ്‌ക്ക്‌ വിളിച്ച്‌ കയറ്റി. കട്ടൻ കാപ്പി അനത്തിയത്‌ ആദ്യം കുടിക്കാൻ കൊടുത്തത്‌ അവനാണ്‌. മുരുകനുള്ളത്‌ മാറ്റിവച്ചിട്ട്‌ അവൾ പയ്യനോട്‌ വിശേഷം തിരക്കി.

‘ഊര്‌...? അറിയില്ല. ’പേര്‌...?‘

പയ്യൻ ചിരിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.

’ന്നാ.. നിന്നെ പേരില്ലാക്കൊച്ചേന്ന്‌ വിളിക്കൂ‘ന്ന്‌ പറഞ്ഞപ്പോഴാണ്‌ അവൻ ആദ്യമായി സംസാരിച്ചത്‌.

’....ന്റെ പേര്‌ മണീന്നാ...‘

’മണിക്കുട്ടൻ...? നല്ല പേര്‌... നിന്റെ അച്ഛനും അമ്മയും ആരാ....?

‘അറിയില്ലാന്നർത്ഥത്തിൽ അവൻ കൈകൊണ്ടാംഗ്യം കാട്ടി.

’നിന്നെ ആരാ ഇവ്‌ടെ കൊണ്ടുവന്നെ...?‘

വള്ളിയുടെ അന്വേഷണം സ്നേഹപൂർണ്ണമായപ്പോൾ അവനൊരാത്മവിശ്വാസം വന്നതുപോലെ. അവൻ പറഞ്ഞു;

’....ന്നെ ഒരാള്‌ വണ്ടീക്കയറ്റി. ഒരാള്‌ പിന്നെ തീവണ്ടീക്കേറ്റി... അവ്‌ടന്ന്‌...‘

മുറിഞ്ഞു മുറിഞ്ഞുള്ള ആ സംഭാഷണത്തിൽ കൂടി അവൾ അവന്റെ ദുരന്തകഥ മനസിലാക്കി.

ദൂരെയേതോ നാട്ടിൽ നിന്നും ഏതോ ഒരു ദുഷ്ടൻ - കാവിവസ്‌ത്രവും താടിയുമുള്ള ഒരൊറ്റക്കണ്ണൻ പിടിച്ചുകൊണ്ടുപോയി തീവണ്ടിയിൽ കേറ്റിയ കഥ പറഞ്ഞു. ഇടയ്‌ക്കേതോ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവൻ അയാളുടെ കണ്ണുവെട്ടിച്ച്‌ സ്‌റ്റേഷനു പുറത്തുകടന്ന്‌ ആൾക്കൂട്ടത്തിൽ മറഞ്ഞു. കുറെ നടന്നപ്പോൾ മഴവന്നു. അടുത്തുള്ള ഒരു കടത്തിണ്ണയിൽ കയറി കിടന്നുറങ്ങിപ്പോയി. നേരം വെളുത്തപ്പോഴാണ്‌ എഴുന്നേറ്റത്‌. ഉടനെ ആരോ അവനെ വിളിക്കുന്നത്‌ പോലെ തോന്നി. അവന്റെ മനസിൽ അപ്പോഴും ഒറ്റക്കണ്ണനായ കാവി വസ്‌ത്രധാരിയാണ്‌. അയാളാണെന്ന്‌ കരുതി ഓടി അവിടെ നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിൽ കയറിയതും വാൻ വിട്ടതും ഒപ്പമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ വാൻ എവിടെവന്ന്‌ നിർത്തി. അങ്ങനെ ഇവിടെയെറങ്ങി.

ഉച്ചയ്‌ക്ക്‌ ഉണ്ണാൻ നേരത്ത്‌ വള്ളി പയ്യന്റെ ആ കഥ മുരുകനോട്‌ പറഞ്ഞു. പയ്യന്‌ നേരത്തെ ചോറുകൊടുത്തിരുന്നു. ഉറക്കമിളപ്പും വിശപ്പും ഒക്കെക്കൊണ്ടാവണം, ഭക്ഷണം കഴിഞ്ഞപാടെ അവനുറങ്ങിപ്പോയി. വള്ളി മുരുകന്‌ മീന്റെ ഒരു വലിയ കഷ്‌ണം കൂടി പ്ലേറ്റിലേയ്‌ക്കിട്ടിട്ട്‌ പറഞ്ഞു..

’...ങ്ങളൊന്നുകൊണ്ടും പേടിക്കേണ്ട. ആരുവന്നാലും ഞാൻ പറഞ്ഞോളാം. മണിക്കുട്ടൻ... വ്‌ടെ വന്നു കേറീതാ. നമ്മള്‌ കട്ടതും പിടിച്ചതും അല്ല. ഒരുപക്ഷേ ദൈവം നമുക്ക്‌....‘

പെട്ടെന്ന്‌ വള്ളി വിതുമ്പിപ്പോയി. അതോടെ മുരുകനും വല്ലാതായി.

ഇതൊക്കെയാണേലും മുരുകനും പയ്യനെ ഇഷ്ടമായിത്തുടങ്ങിയിരുന്നു. അവനെ കുളിപ്പിച്ച്‌ ഒട്ടും ചേർച്ചയില്ലാത്ത തന്റെ പഴയ ഒരുടുപ്പിടുവിച്ച്‌ കിടന്നുറങ്ങുന്ന അവനെക്കണ്ട്‌ അയാൾ ചിരിച്ചുപോയി. ഊണുകഴിച്ചുകൊണ്ടിരുന്നപ്പോൾ വള്ളി ഒന്നുകൂടി അവനരികിൽ ചേർന്നിരുന്നുകൊണ്ട്‌ പറഞ്ഞു

’...ങ്ങള്‌ പോയി രണ്ട്‌ ട്രൗസറും അവന്റെ പാകത്തിന്‌ രണ്ടുടുപ്പും വാങ്ങണം. മണിക്കുട്ടന്‌ വേറെ ഡ്രസില്ല.‘

’ങ്‌ഹാ... നീയവന്‌ പേരൂട്ടോ...?‘

’ഞാനിട്ടതല്ല. അതാ അവന്റെ പേര്‌. അവൻ പറഞ്ഞു‘.

ഊണുകഴിഞ്ഞ്‌ അല്പനേരം വരാന്തയിൽ പാവിരിച്ച്‌ കിടന്നതിനുശേഷം മുരുകൻ ഷർട്ടുമാറി വെളിയിലോട്ടിറങ്ങി. ഇറങ്ങാൻ നേരം വള്ളി വീണ്ടും അവനെ ഓർമ്മിപ്പിച്ചു.

“മണിക്കുട്ടനുടുപ്പ്‌”

’കൊണ്ടുവരാം. പെടയ്‌ക്കാതിരി. അതിനാ ഞാൻ പോണെ. അതിനു മുന്നേ മൊതലാളിയോട്‌ വിവരം പറയണം‘.

’അയ്യോ... വേണ്ട. മൊതലാളി....‘

വള്ളി പേടിച്ചുപോയി.

’....ന്നിട്ട്‌ വേണം അവനെ ങ്ങ്‌ടെ ആ കൂട്ടത്തിൽ ചേർക്കാൻ...‘

’നീ പേടിക്കേണ്ട. മൊതലാളിയോട്‌ കാര്യം പറഞ്ഞാ.. അങ്ങേർക്ക്‌ മനസിലാവും. അതാ അങ്ങേരുടെ ഏറ്റവും വലിയ ഗുണം... പിന്നെ... ഞാൻ വരുമ്പോ അവന്‌ ഡ്രസും കൊണ്ടേ വരൂ... പോരെ... നീ പോയി സമാധാനമായി ചോറുണ്ണ്‌.‘

മുരുകനും മണിക്കുട്ടനെ ഇഷ്ടപ്പെട്ട്‌ തുടങ്ങിയെന്ന്‌ വള്ളിക്ക്‌ ബോധ്യമായി. അവൾ ഊണ്‌ കഴിച്ചതിനുശേഷം ഒരു പ്രവൃത്തി ചെയ്‌തു. മുറിയിലുണ്ടായിരുന്ന ഒരു ഭഗവതിയുടെ പടമുള്ള കലണ്ടർ അവൾ കിടപ്പു മുറിയിൽനിന്ന്‌ വിളക്കു കത്തിക്കുന്നതിന്റെ പിന്നിൽ ചുവരിൽ ആണിയടിച്ച്‌ തൂക്കിയിട്ടു. ഇനിയൊരുണ്ണികൃഷ്ണന്റെ പടവും വേണം. മണിക്കുട്ടൻ എന്നത്‌ ഉണ്ണികൃഷ്ണന്റെ പേരാണല്ലോ.. വേറെ ഒന്നുരണ്ട്‌ ദൈവങ്ങളുടെ പടവും വേണം. പിന്നെയവൾ തറയിൽ പാവിരിച്ച്‌ കിടന്നുറങ്ങുന്ന മണിക്കുട്ടന്റെയടുത്ത്‌ ചെന്ന്‌ അവന്റെ നെറ്റിയിൽ ഒരുമ്മകൊടുത്തു. പാവം - നല്ലവണ്ണം എന്തെങ്കിലും കഴിച്ചിട്ട്‌ ഒത്തിരി നാളായി കാണും.

തിരിച്ച്‌ അടുക്കളയിലേക്ക്‌ പോവുന്നതിന്‌ മുമ്പ്‌ അവൾ ആലോചിക്കുകയായിരുന്നു. അവന്‌ കിടക്കാനുള്ള ഇടം തിരിക്കണം. മൂലയിലുള്ള പെട്ടികളെല്ലാം ഒതുക്കി അവന്റെ കിടപ്പിടം അങ്ങോട്ട്‌ മാറ്റാം. അവനുറങ്ങുന്നതുവരൈ താനും കിടക്കാം. പിന്നെ തങ്ങൾക്ക്‌ കിടക്കാനുള്ള ഇടം ഒരു കർട്ടൻ കൊണ്ട്‌ മറയ്‌ക്കണം. പല പദ്ധതികളും അവളുടെ തലച്ചോറിലൂടെ മിന്നിമറഞ്ഞു. ഇനി ഒരു കട്ടിൽ, ഒന്നുരണ്ട്‌ പായ്‌, തലയിണ, ഷീറ്റ്‌.. പിന്നെ അവനെ സ്‌കൂളിൽ ചേർക്കണം. ഇതെല്ലാം കൊണ്ടും മനസിന്‌ ഭാരമുണ്ടാക്കുന്നുണ്ട്‌. എങ്കിലും ഈ ഭാരം ചുമക്കാൻ ഒരു സുഖം.

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.