പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിനു പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ മൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

ദൈവത്തിനു പ്രിയപ്പെട്ടവർ

‘എടാ കണ്ണുണ്ടായാൽ പോരാ കാണണം’ എന്നാ പ്രമാണം. ശിവാനന്ദൻ മുതലാളി ഉപദേശിക്കാൻ തുടങ്ങി. ബാക്കി എന്തും സഹിക്കാം. ഈ ഉപദേശമാണ്‌ സഹിച്ചുകൂടാത്തത്‌.

മുരുകൻ ഒന്നും മിണ്ടാതെ തലയും കുമ്പിട്ട്‌ നിന്നതേയുള്ളൂ.

“എടാ പാണ്ടീ, നിന്നോടാ പറഞ്ഞെ”

‘ഉവ്വ്‌’ മുരുകൻ ഇപ്പോഴും മുതലാളിയുടെ മുഖത്തേക്കു നോക്കുന്നില്ല. മുതലാളി മുരുകനെ അടിമുടി പരിശോധിച്ചു. ആറേഴ്‌വർഷം മുമ്പ്‌ തന്റെ കൂടെ വന്ന ആ ഞൊണ്ടിപ്പയ്യന്റെ ഓർമ്മയാണ്‌ മുതലാളിക്കിപ്പോഴും. ആരോടൊക്കെ തർക്കിക്കുകയും ബഹളം കൂട്ടുകയും ചെയ്താലും തന്നോട്‌ മാത്രം ഒന്നും മിണ്ടില്ല. നടപ്പില്ലാത്ത കാര്യം ചെയ്യണമെന്ന്‌ പറഞ്ഞാലും മറിച്ചൊരു വാക്കു പറയില്ല. ഒരു പക്ഷേ, ചെട്ടിയാർ സാറിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിച്ചതിലുള്ള നന്ദികൊണ്ടാവാം, ഇപ്പോഴും കാർ വിട്ടപ്പോഴേയ്‌ക്കും വന്നിരിക്കുന്നു. ഈ മഴയത്ത്‌, എവിടെയെങ്കിലും മൂടിപ്പുതച്ചുറങ്ങാൻ കൊതി തോന്നുന്ന ഈ അവസരത്തിലും വന്നിരിക്കുന്നു.

ശിവാനന്ദന്‌ അൽപം വിഷമം തോന്നാതിരുന്നില്ല. ഇനിയിപ്പോൾ ഞാൻ കണ്ട പയ്യനെ ഒന്നന്വേഷിക്കണമെന്നു പറഞ്ഞാലും മുരുകൻ പോകും. ഇപ്പോൾ തങ്ങളുടെ സംഘത്തിൽ കുട്ടികളൊന്നുമില്ലെങ്കിലും അവനെ കൊണ്ടുവരാൻ പറഞ്ഞാൽ മുരുകൻ റെഡി. രാത്രി ഈ അസമയത്താണെങ്കിൽപ്പോലും ആറേഴ്‌ കിലോമീറ്റർ ദൂരം നടന്ന്‌ അവനെ കണ്ടുപിടിച്ച്‌ തങ്ങളുടെ താവളത്തിൽ എത്തിച്ചതിനുശേഷം മാത്രമേ അയാൾ വീട്ടിൽ പോകൂ. ഇതാണ്‌ മുരുകന്റെ സ്‌റ്റൈല്‌. പറഞ്ഞാൽ അത്‌ പിന്നത്തേയ്‌ക്ക്‌ മാറ്റിവയ്‌ക്കില്ല. ഡ്രൈവർ പോയിക്കഴിഞ്ഞു. ഇനി താൻ തന്നെ ഡ്രൈവ്‌ ചെയ്ത്‌ പേകേണ്ടിവരും.

‘എടാ മുരുകാ തനിക്കീ രാത്രി ഈ പെരുമഴയത്ത്‌ പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോവണ്ട. ആറേഴ്‌ കിലോമീറ്റർ ദൂരെ വൈദ്യരുപടിക്കൽ ഒരു കടത്തിണ്ണേൽ ഒരു പയ്യനെ കണ്ടു. നമ്മുടെ സംഘത്തിൽ ഇപ്പോൾ കുട്ടികളൊന്നുമില്ലെന്നേ. അവനെ കണ്ടപ്പോ പിടിച്ചുകൊണ്ടുവന്നാലെന്താന്ന്‌ തോന്നി. അതോണ്ടാ തന്നെ വിളിച്ചെ. ഏതായാലും ഇനീപ്പം ഈ മഴേത്ത്‌’

‘സാരമില്ല മൊതലാളി ഞാനിപ്പം തന്നെ പോവാം’

‘ഇനീപ്പോ’

‘ഇനീപ്പോ എന്താ? മുരുകൻ കാര്യഗൗരവത്തോടെയാണ്‌ പ്രശ്നം കൈകാര്യം ചെയ്യുന്നത്‌

’അല്ലാ ഇനീപ്പോ അവൻ നമ്മളുദ്ദേശിക്കുന്നപോലെ തെണ്ടിപ്പയ്യനല്ലെങ്കിലോ. മഴ വന്നപ്പോൾ കയറി നിന്നതാണേലോ - മുമ്പൊരിക്കൽ നമുക്ക്‌ പറ്റീത്‌ പോലെ‘

മുരുകൻ ചിരിച്ചുപോയി. സംഘം തുടങ്ങിയ ഇടയ്‌ക്കാണ്‌. ബസ്‌സ്‌റ്റാൻഡിൽ കീറിയ ഷർട്ടും നിക്കറുമിട്ട്‌ കണ്ട പയ്യനെ കൂട്ടിക്കൊണ്ടുവന്ന കാര്യമാണ്‌ മുതലാളി പറയുന്നത്‌. അന്ന്‌ തങ്ങൾ രണ്ടുപേരുംകൂടി അവനെ ക്രോസ്‌ ചെയ്തു. അൽപം ഭീഷണിപ്പെടുത്തിയാണ്‌ ക്യാമ്പിലെത്തിച്ചത്‌. അപ്പോൾ മുതൽ പയ്യൻ കരച്ചിലായി. കൊച്ചു പയ്യനാണെങ്കിലും അവൻ ചെന്നുപെട്ടത്‌ ഒരുകൂട്ടം ഭിക്ഷക്കാരുടെ ഇടയിലാണ്‌. അതിൽ കണ്ണുകാണാൻ വയ്യാത്തവരും ഞൊണ്ടികളും കയ്യില്ലാത്തവരും ഒറ്റക്കാലൻമാരും എല്ലാമുണ്ട്‌. ഓരോരുത്തർക്കും ഹാളിൽ ഓരോ കിടക്ക വിരിക്കാനുള്ള സ്ഥലത്ത്‌ തലയ്‌ക്കലായി അവരുടെ ചമയത്തിന്‌ വേണ്ട സാധനങ്ങൾ കണ്ട്‌ പയ്യൻ അന്തംവിട്ടു. പപ്പടം, കറുത്ത്‌ കുറുകിയ എണ്ണ, ചുവപ്പും കറുപ്പും കലർന്ന ചായക്കൂട്ടുകൾ കരി അരച്ചത്‌ മുതൽ കീറത്തുണികളും പാട്ടയും തകരപ്പാത്രങ്ങളും വരെ. എല്ലാംകൊണ്ടും ഭയവും വെറുപ്പും തോന്നിക്കുന്ന അന്തരീക്ഷം. പയ്യൻ ഇങ്ങനൊരു സീൻ കാണുന്നത്‌ ആദ്യമായാണ്‌. അവൻ കരഞ്ഞില്ലെങ്കിലേ അത്ഭുതത്തിനവകാശമുള്ളൂ.

ക്യാമ്പിലെ തന്റെ വിശ്വസ്തരായ ഒന്നുരണ്ടുപേരെ പയ്യന്റെ കാര്യം ചുമതലപ്പെടുത്തി അവർ മടങ്ങി. ശിവാനന്ദൻ മടക്കത്തിൽ ഓവർ ബ്രിഡ്‌ജിനരികെ തന്റെ താവളത്തിൽ കൊണ്ടുവിട്ട്‌ മടങ്ങാൻ നേരം പറഞ്ഞു “അവനെന്തോ അപകടത്തിൽ പെട്ടതാ. നിൽക്കുമെന്ന്‌ തോന്നുന്നില്ല. ങ്‌ഹാ.... ഏതായാലും വന്നില്ലെ... രണ്ടുദിവസം നോക്കാം...”

പിറ്റേന്ന്‌ നേരം പുലർന്നതേയുള്ളൂ. മുതലാളി തന്റെ വീട്ടുമുറ്റത്ത്‌ വന്നപാടെ അണച്ചുകൊണ്ടും പരിഭ്രാന്തിയോടെയും ആണ്‌ വിളിക്കുന്നത്‌ “മുരുകാ ഒന്നു വേഗം വാടാ”

“എന്താ മൊതലാളി? ഉറക്കപ്പായീന്നെഴുന്നേറ്റ്‌ വരുന്ന വരവാണ്‌ മുരുകന്റേത്‌. വള്ളി തന്റെ കൂടെ വന്നിട്ടേയുള്ളൂ. എങ്കിലും മുതലാളി വീട്ടുമുറ്റത്ത്‌ തന്റെ പേര്‌ ചൊല്ലി വിളിക്കുന്നത്‌ കേട്ടപ്പോൾ എന്തോ അപകടം പറ്റിയതായി മുരുകന്‌ തോന്നി. വാതിൽ തുറന്ന്‌ പുറത്തേക്ക്‌ വന്ന തന്റെ അരികിൽ കയ്യിൽ നിവർത്തിയ ഒരു പേപ്പറുമായിട്ടാണ്‌ മുതലാളീടെ നിൽപ്‌.

”എടാ അവൻ നമ്മളുദ്ദേശിക്കണപോലത്തെ കൊച്ചനല്ല. ഏതോ നല്ല കുടുംബത്തിലെയാ“ ’കാണാനില്ല‘ എന്ന കുറിപ്പും ഫോട്ടോയും. നിവർത്തിപ്പിടിച്ച പേപ്പറിൽ പയ്യന്റെ അടുത്ത കാലത്തെടുത്ത ഫോട്ടോ. സ്‌കൂൾ യൂണിഫോം വേഷത്തിലാണ്‌. പുഞ്ചിരിച്ചുകൊണ്ട്‌ നിൽക്കുന്ന ആ ഫോട്ടോ കണ്ടപ്പോഴേ മനസിലായി മുതലാളി എന്തുകൊണ്ടാണ്‌ ഭയപ്പെടുന്നതെന്ന്‌.

ഉടനെതന്നെ ഭിക്ഷക്കാർ വിവരമറിയും. അതിൽ അറുമുഖം എന്നൊരുവനുണ്ട്‌. എന്ത്‌ ക്രൂരകൃത്യവും ചെയ്യാൻ മടിക്കാത്തവൻ. ഒറ്റക്കണ്ണനാണ്‌. നേരത്തെ തമിഴ്‌ നാട്ടിലായിരുന്നു. ചെറുപ്പത്തിൽ അവനെ ഓർമ്മവയ്‌ക്കുന്നതിന്‌ മുൻപ്‌ പിടിച്ചുകൊണ്ടുവന്ന്‌ കണ്ണിൽ എന്തോ എരിയുന്ന സാധനം അരച്ച്‌ ചേർത്ത്‌ സംഘത്തിൽ ചേർത്ത വൈരാഗ്യം മുഴുവനും അവൻ തീർക്കുന്നത്‌ പുതുതായി വരുന്ന കൊച്ചുപയ്യന്മാരോടാണ്‌. അന്നവന്റെ രണ്ടുകണ്ണും പോയായിരുന്നെങ്കിൽ അവനീ ക്രൂരതകളൊന്നും ഇപ്പോൾ മറ്റുള്ളവരോട്‌ കാട്ടില്ലായിരുന്നു.

മുതലാളിയുടെ പേടി അറുമുഖത്തിനെയാണ്‌. പോലീസ്‌ വരുന്നതിനുമുന്നേ പയ്യനെ അവിടെനിന്ന്‌ കൊണ്ടുപോരണം. അല്ലെങ്കിൽ ഇനി പ്രശ്നമുണ്ടാക്കുക അറുമുഖമായിരിക്കും. ഒറ്റക്കണ്ണനാണെങ്കിലും ഒരു കാലില്ലെങ്കിലും അറുമുഖത്തിനെ എല്ലാവർക്കും പേടിയാണ്‌. ചുട്ടുപഴുത്ത കമ്പിവരെ കൊച്ചുകുട്ടികളുടെ കണ്ണിൽ പണ്ട്‌ തമിഴ്‌നാട്ടിലായിരുന്നപ്പോൾ ഇറക്കിയിട്ടുണ്ടെന്നാണ്‌ അവൻ ചിലപ്പോഴൊക്കെ പറയുന്നത്‌. വെറും വീമ്പുപറച്ചിലാണെന്ന്‌ തോന്നുന്നില്ല. ആദ്യമൊക്കെ ഇങ്ങനൊരുവൻ സംഘത്തിലുള്ളത്‌ നല്ലതാണെന്ന്‌ മുതലാളിക്ക്‌ തോന്നിയിരുന്നെങ്കിലും പിന്നീട്‌ അവന്റെ പൂർവ്വകാല ചരിത്രവും എന്ത്‌ ക്രൂരതയും ചെയ്യാനുള്ള ദുഷ്ടമനസും കാരണം അവനെ ഒരിക്കൽ എല്ലാ ഇടപാടും തീർത്തുവിട്ടതാണ്‌. പക്ഷേ, പിന്നീട്‌ രണ്ടുമൂന്ന്‌ മാസം കഴിഞ്ഞ്‌ അവൻ വീണ്ടും വന്നു. അവനിവിടെ താമസിച്ചാൽ മതിയെന്നാണ്‌ ഏതായാലും അന്ന്‌ മുതലാളി നല്ലൊരു താക്കീത്‌ കൊടുത്തു. പണ്ടത്തെ ചട്ടമ്പിത്തരവും പ്രമാണിത്തവും എടുത്താൽ കുത്തിമലർത്തി കുടല്‌ പുറത്തെടുക്കുമെന്ന്‌. എല്ലാ അഭ്യാസവും കഴിഞ്ഞിട്ടാണ്‌ താനീ ബിസിനസിലേക്ക്‌ തിരിഞ്ഞത്‌. എന്തെങ്കിലും ചെയ്യണമെങ്കിൽ രണ്ടാമതൊന്ന്‌ ചിന്തിക്കാനില്ല. പെണ്ണു കെട്ടിയിട്ടില്ല, മറ്റു പ്രാരാബ്ധങ്ങളൊന്നുമില്ല. വേണ്ടിവന്നാൽ ജയിലിൽ പോവാൻ വരെ തയ്യാറെടുത്താണ്‌ വന്നിരിക്കുന്നത്‌. പോലീസുകാർ വരെ പേടിക്കുന്ന അറുമുഖത്തിന്റെ മുഖത്ത്‌ നോക്കി ഇത്രയും പറയാൻ ധൈര്യപ്പെട്ടപ്പോൾ അറുമുഖവും പേടിച്ചുപോയി. രണ്ടും കൽപ്പിച്ചിറങ്ങുന്നവന്‌ മുൻപിൽ നോക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട്‌ അടങ്ങിയൊതുങ്ങി ആരുടെയും പരാതി വരാതിരിക്കത്തക്കവണ്ണം കഴിഞ്ഞുകൊള്ളാമെന്ന്‌ വാക്കുകൊടുത്തു. അങ്ങനെയാണ്‌ അറുമുഖം വീണ്ടും സംഘത്തിൽ വന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും അവനെ വിശ്വസിക്കാൻ പറ്റില്ല എന്ന അഭിപ്രായമാണ്‌ മുതലാളിക്ക്‌.

അന്ന്‌ വെളുപ്പിനെ തന്നെ മുതലാളിയുടെ കൂടെ ചെന്ന്‌ പയ്യനെ ഒരോട്ടോറിക്ഷയിൽ കയറ്റി റെയിൽവേസ്‌റ്റേഷനിൽ ആക്കി. അവന്‌ പോവേണ്ട സ്ഥലത്തേക്ക്‌ പേപ്പറിൽ പരസ്യത്തിൽ കണ്ട സ്ഥലത്തേക്ക്‌ ടിക്കറ്റെടുത്ത്‌ ട്രെയിനിൽ കയറ്റി വിട്ടുകഴിഞ്ഞപ്പോഴേ സമാധാനമായുള്ളൂ. പിന്നീടവനെക്കുറിച്ചൊന്നും കേട്ടിട്ടില്ല. അന്നത്തെ ആ പേടി മുതലാളിക്കിപ്പോഴുമുണ്ട്‌. വെളുപ്പിനെ കോഴി കൂവുന്നതിനു മുന്നെ അവിടെ പോയാൽ മതി. നയത്തിൽ കാര്യങ്ങൾ ചോദിച്ചറിയുക. നിർബന്ധിക്കേണ്ട.

മുരുകനും സന്തോഷമായി. ഈ രാത്രി ഈ മഴയത്ത്‌ ഇനി അവിടെ പോകേണ്ട കാര്യമില്ലല്ലൊ. വള്ളിയുടെ കൂടെ ഒരു രാത്രി കഴിക്കാമല്ലോ എന്ന സന്തോഷവും മുരുകനുണ്ട്‌. പയ്യനെ കണ്ട സ്ഥലം ഒന്നുകൂടി വിശദമാക്കി പറഞ്ഞു കൊടുത്ത്‌ മുതലാളി മുരുകനെ പോകാനനുവദിച്ചു. പെട്ടെന്ന്‌ അവനെയീ മഴയത്ത്‌ പറഞ്ഞുവിടുന്നത്‌ ഒരു ക്രൂരതയായി മുതലാളിക്ക്‌ തോന്നി. മഴയത്തേക്കിറങ്ങിയ മുരുകനെ വിളിച്ച്‌ മുതലാളി പറഞ്ഞു. ”നിന്റെ പൊണ്ടാട്ടിയില്ലാർന്നേൽ ഞാൻ നിന്നോട്‌ ഇവിടെ കൂടാൻ പറഞ്ഞേനെ. ഇനിയിപ്പം അങ്ങനെ പറയുന്നത്‌ ശരിയല്ലല്ലോ. ഏതായാലും താനീ മഴയത്ത്‌ നടന്നുപോവണ്ട. ഞാൻ കൊണ്ടുവിടാം“. മുതലാളി അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതത്തിനവകാശമുള്ളൂ. എങ്കിലും ’വേണ്ട മുതലാളി ഞാൻ തനിയെ പൊക്കോളാമെന്ന്‌ പറഞ്ഞിട്ടും ശിവാനന്ദൻ അത്‌ കേട്ടില്ല. അയാൾ ഷെഡ്‌ഡ്‌ തുറന്ന്‌ കാറിറക്കി കഴിഞ്ഞിരുന്നു. തുറന്നിട്ടിരുന്ന ഗേറ്റ്‌വഴി പുറത്തു കടന്ന്‌ കാറിലിരിക്കുമ്പോൾ മുതലാളി പറഞ്ഞു. ”പെണ്ണൊക്കെ കെട്ടീട്ടും താനിന്നേവരെ ഒരു കാപ്പിപോലും വിളിച്ചു തന്നില്ല. ങ്‌ഹാ... ഏതായാലും താനിപ്പോൾ ഒന്നും ചിന്തിക്കാറില്ലെന്ന്‌ തോന്നുന്നു. പെണ്ണു കെട്ടിയതിനുശേഷം താനൊരു പുതിയ ഐഡിയായും പറഞ്ഞു കേട്ടിട്ടില്ല. എന്താ സമയം കിട്ടുന്നില്ലായിരിക്കും. ഇപ്പേതു സമയവും പെണ്ണിനെക്കുറിച്ചുള്ള ചിന്തയാ അല്ലേ?

മുരുകൻ ചിരിച്ചുകൊണ്ട്‌ ഭവ്യതയോടെ കാറിന്റെ മുൻസീറ്റിൽ ഒന്നുകൂടി ചുരുണ്ടുകൂടിയതേയുള്ളൂ“

”തന്റെ പെണ്ണെങ്ങനാടോ സുന്ദരിയാ?“ മുരുകൻ ചൂളിപ്പോയി. എന്തൊക്കെ ആയാലും അവളെക്കുറിച്ച്‌ വേറാരും സംസാരിക്കുന്നത്‌ കേട്ടാൽ മതി, ഒരു നവോഢയെപ്പോലെ അയാൾ നാണിച്ച്‌ തലതാഴ്‌ത്തും. ആ മുഖം ചുവന്നുതുടുക്കും. മേലാകെ കുളിര്‌ കോരിയിടുന്നതുപോലെ തോന്നും. വീണ്ടും മുതലാളി പെണ്ണുകെട്ടൽ ആഘോഷിക്കാത്തതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ മുരുകൻ പറഞ്ഞു. ”മുതലാളി - മുതലാളിക്കറിയാല്ലൊ അവളുടെ കല്യാണം നേരത്തെ നടന്നതാണെന്നുള്ളത്‌. വളരെ ആഘോഷമായിട്ട്‌ തന്നെ. അത്രേ അറിയാവൂ. അതിൽ കൂടുതലൊന്നും അവള്‌ പറഞ്ഞിട്ടില്ല. അവളേത്‌ നാട്ടുകാരിയാണെന്നുപോലും അറിയില്ല. ഏതായാലും അവളൊരു തെണ്ടിപ്പെണ്ണല്ല. അതെനിക്കുറപ്പാണ്‌. തൃശ്ശിനാപ്പിള്ളിയിൽ മലദൈവത്തിന്റെ നടേൽപോയി വരണവഴിയാർന്നു. കോയമ്പത്തൂര്‌ വന്നപ്പം ഒരു രസത്തിന്‌ ഞാൻ കമ്പാർട്ടുമെന്റ്‌ മാറിക്കയറി. അപ്പോഴാണ്‌ വണ്ടിവിടാറായപ്പോൾ ഒരുത്തി വാതിക്കൽ കമ്പിയേ തൂങ്ങി നിക്കണ്‌. ഒരു പ്രകാരത്തിൽ അവളെ വലിച്ച്‌ അകത്താക്കിയപ്പോഴേ സമാധാനമായുള്ളൂ. നീയെവിടെപ്പോണെന്ന്‌ ചോദിച്ചതേയുള്ളൂ... നിലത്തുകുത്തിയിരുന്ന്‌ കരച്ചിലോടു കരച്ചിൽ. മുഷിഞ്ഞ വേഷം. സാരിയും ബ്ലൗസുമായിരുന്നു. കഴുത്തിൽ കറുത്ത ചരടിൽ കോർത്ത ഒരു താലി. ഇരുപതോ ഇരുപത്തഞ്ചോ പ്രായം. വീണ്ടും നീയെന്തിനാ കരയണേന്ന്‌ ചോദിച്ചപ്പം ഏങ്ങലടിച്ച്‌ കരച്ചിലായി. നെനക്കിട്ട്‌ രണ്ട്‌ പെടയ്‌ക്കണൊന്ന്‌‘ പറഞ്ഞപ്പോ അവൾ കൈ രണ്ടും കൂപ്പി അരുതേയെന്ന്‌ വിലക്കി. പിന്നെപ്പറഞ്ഞ്‌ “സുഖമില്ലാതെ കിടന്നപ്പോ ആശൂത്രി ചെന്നതാ. ഒരാഴ്‌ച കഴിഞ്ഞപ്പോ അവര്‌ തല്ലിയിറക്കി. വീട്ടീചെന്നപ്പോ ചേച്ചീം ചേച്ചീടെ കെട്ടിയോനുംകൂടി പെടയായിരുന്നു. ഇനി അണ്ണന്റെ വകയായിക്കോ” സാറെ - ’അണ്ണാന്നുള്ള അവളുടെ ആ വിളിയിൽ ഞാൻ വീണുപോയി‘ ഞാൻ പറഞ്ഞു “പെണ്ണേ നിന്നെ നുള്ളിനോവിക്കില്ല. അതിനുള്ള കരുത്ത്‌ എനിക്കില്ലാ പക്ഷേ ആവശ്യമില്ലാതെ ഒരുത്തി കരയണ കാണുമ്പോൾ വെഷമം തോന്നും. ചോദിച്ചാ മറുപടീം ഇല്ലെങ്കീ ഞാനെന്ത്‌ ചെയ്യും?” പിന്നെ ഞാൻ പറഞ്ഞു; “പെണ്ണേ നിന്നെ ഞാൻ വീട്ടീകൊണ്ടാക്കാം’ അപ്പം അവള്‌ കാലു പിടിച്ചു. ”എന്റണ്ണാ അതിലും ഭേദം എന്നെ കൊല്ലണതാ... അവര്‌ എറക്കിവിടാൻ കാരണം അവര്‌ പറയണ ആളുടെ അടുത്ത്‌ പോവാഞ്ഞിട്ടാ. ഞാനിനി അങ്ങോട്ട്‌ ചെന്നാ... ഇരുട്ടാവുമ്പോ... രാത്രിവണ്ടിയ്‌ക്ക്‌ വരണവരെ സൽക്കരിക്കണം. അവരുടെ കൂടെ കെടക്കണം. അതിന്‌ ഞാനില്ലാന്ന്‌ പറഞ്ഞപ്പോഴാണ്‌ എന്നെ ചവിട്ടേം തൊഴിക്കേം ഒക്കെ ചെയ്‌തേ.... ഇനി ഞാനങ്ങോട്ടില്ല...“ നെന്റെ കെട്ടിയോൻ എന്തിയേന്ന്‌ ചോദിച്ചപ്പം അവളൊരു കരച്ചില്‌. ഒന്നും മിണ്ടുന്നില്ല. മരിച്ചോന്നു ചോദിച്ചപ്പോ ”ങ്‌ഹാ“ എന്നെന്തോ പറഞ്ഞ്‌ തലയാട്ടി.

അന്ന്‌ എന്റെ കൂടെ ഈ പട്ടണത്തിൽ വന്നിറങ്ങി. അവൾക്ക്‌ സ്‌റ്റേഷനടുത്തുള്ള ഹോട്ടലീന്ന്‌ ചോറ്‌ മേടിച്ചു കൊടുത്തു. ആർത്തിയോടെ തിന്നണ കണ്ടപ്പോ പാവം തോന്നി. ഊണ്‌ കഴിഞ്ഞ്‌ പുറത്തുവന്നപ്പോ ഞാൻ ചോദിച്ചു ”നീ ഇനി എന്തു ചെയ്യും?“ ഇതിനോടകം അവൾ കരച്ചിൽ കുറെയൊക്കെ അടക്കിയിരുന്നു. അതോ കരഞ്ഞ്‌കരഞ്ഞ്‌ കണ്ണീരില്ലാതെയായതോ? ”അണ്ണനുപേക്ഷിച്ചാ ഞാനടുത്ത വണ്ടിക്ക്‌ തലവച്ച്‌ ചാവും“ അതോടെ എന്റെ ചങ്ക്‌ പറിക്കണപോലെ. ഏറെ നേരത്തെ ആലോചനയ്‌ക്കുശേഷം ഞാൻ പറഞ്ഞു. ”നെനക്ക്‌ ബുദ്ധിമുട്ടില്ലെ എന്റെ കൂടെ കൂടിക്കോ... പിന്നെ എനിക്കാരുമില്ല. ഞാനൊറ്റയ്‌ക്കാ. വല്യ സൗകര്യമൊന്നുമില്ല“ പാലത്തിന്‌ താഴെയുള്ള പീടികേടെ പിന്നാമ്പുറം കാണിച്ചിട്ട്‌ പറഞ്ഞു ”ഇവിടെ അടങ്ങിയൊതുങ്ങി കഴിയാമെങ്കി കഴിഞ്ഞോ. നിനക്കിഷ്ടമുള്ള കാലത്തോളം“. എന്റെ മൊതലാളി ആ പെണ്ണിന്റെ അപ്പോഴത്തെ മുഖഭാവം ഒന്നുകാണണം. രാത്രിയാണേലും അവളുടെ നെറം കറുപ്പാണേലും - അപ്പം അവളുടെ മൊഖത്ത്‌ സൂര്യപ്രകാശാർന്നു... അന്നാണ്‌ ഈ സന്തോഷംന്ന്‌ വച്ചാ എന്താണെന്ന്‌ ഞാനറിയുന്നെ... ഇന്നിപ്പം കൊല്ലം അഞ്ചായി എന്റെ കൂടെ കൂടീട്ട്‌. മുൻവശത്തെ കടക്കാരൻ അന്തുക്കാ ഒന്നുരണ്ടു തവണ അവളെ ലൈനിട്ടത്‌ ഞാനറിഞ്ഞു. പക്ഷേ ഒരു തവണ പരസ്യമായി ചൂടുവെള്ളം അവന്റെ മൊഖത്തൊഴിച്ചെന്നും അറിഞ്ഞു. അതോടെ ചുറ്റുവട്ടത്തുള്ളവർക്ക്‌ അവളൊരു തന്റേടിക്കാരിയാണെന്ന്‌ ബോധ്യമായി. ഇപ്പം ആവശ്യമില്ലാതെ ആരും അവളുടെ അടുക്കൽ ചെല്ലാറില്ല. അതാ മൊതലാളി എനിക്കൊരു സമാധാനം. മൊതാലാളി ഏത്‌ പാതിരായ്‌ക്ക്‌ വിളിച്ചാലും അവള്‌ തനിച്ചല്ലേന്നുള്ള പേടിയൊന്നും എനിക്കില്ല. അതോണ്ടാ ഞാൻ വരുന്നതും. കാർ റയിൽവേസ്‌റ്റേഷനടുത്തെത്തിക്കഴിഞ്ഞിരുന്നു. ശിവാനന്ദൻ മുരുകന്റെ പഴംപൂരാണം കേട്ട്‌ കാറോടിച്ചതുകൊണ്ട്‌ മഴ നിന്നതും മുരുകന്റെ താവളത്തിനടുത്തെത്തിയതും അറിഞ്ഞില്ല.

കാറിൽ നിന്നിറങ്ങാൻ നേരം മുരുകൻ പറഞ്ഞു ”ഒരു ദിവസം ഞാൻ മൊതലാളിയുടെ വീട്ടിൽ അവളെ കൊണ്ടുവരുന്നുണ്ട്‌. മൊതലാളിയെപ്പറ്റി പറഞ്ഞപ്പം അവക്കും കാണാൻ കൊതിയൊണ്ട്‌; ഇവിടെയീ ചുറ്റുപാട്‌ സുഖമുള്ളതല്ല. അതോണ്ട്‌ മൊതലാളിയെ ഇങ്ങോട്ട്‌ വിളിച്ച്‌ സൽക്കരിക്കാനൊന്നും സൗകര്യമില്ല“

ശിവാനന്ദൻ ആ പറച്ചിൽ സന്തോഷത്തോടെ സ്വീകരിച്ചു. മുരുകന്റെ ആത്മാർത്ഥതയിലും സത്യസന്ധതയിലും മറ്റുള്ളവരുടെ കഷ്ടപാടിലുള്ള അനുകമ്പയിലും ഒരുൾവെളിച്ചം പകർന്നതുപോലെ. അയാൾ മുരുകനോട്‌ പിറ്റേന്ന്‌ കാണാമെന്ന്‌ പറഞ്ഞ്‌ കാർ തിരിച്ചു.

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.