പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിനു പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ പതിനെട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

ദൈവത്തിനു പ്രിയപ്പെട്ടവർ

വിഫലമായ മറ്റൊരന്വേഷണത്തിന്റെ നിരാശയോടെ മടങ്ങുകയായിരുന്നു, സേലത്തു നിന്നു മുരുകനപ്പോൾ.

ശിവാനന്ദന്റെ ബിസിനസ്സിന്റെ ഒരു പഴയ ഇടപാടുകാരനെന്ന നിലയിലാണ്‌ മുരുകൻ സേലത്ത്‌ പ്രൈവറ്റ്‌ ബസ്‌സ്‌റ്റാൻഡിനടുത്ത്‌ ‘പരാശക്തി’ ലോഡ്‌ജിൽ ചെന്നത്‌. തടിച്ചിയായ ഒരു സ്ര്തീയെ മാത്രമേ അവിടെ കാണാൻ കഴിഞ്ഞുള്ളൂ. എങ്ങനെ ഇവരോട്‌ ശിവാനന്ദൻ മുതലാളിയുടെ കുടുംബകാര്യം ചോദിക്കും എന്ന ആശങ്കയിലായിരുന്നു, മുരുകനപ്പോൾ. രണ്ട്‌ മൂക്കിലും ഓരോ മൂക്കുത്തിയിട്ട്‌, ഇരട്ടത്താടിയും ചീർത്ത കവിളും കുറുകിയ കണ്ണുകളുമുള്ള ഈ സത്വം ഇപ്പോൾ തന്നെ വിഴുങ്ങുമോ എന്ന്‌ ചിലപ്പോഴെങ്കിലും മുരുകന്‌ തോന്നി. താനേതോ കുറ്റകൃത്യം ചെയ്തത്‌ കണ്ടുപിടിക്കപ്പെട്ട മട്ടിലായിരുന്നു അവരുടെ നോട്ടവും സംസാരവുമെല്ലാം. ആദ്യം തമിഴിൽ തുടങ്ങിയെങ്കിലും ആള്‌ മലയാളിയാണെന്നറിഞ്ഞപ്പോൾ പിന്നെ സംസാരം മലയാളത്തിലായി. താൻ തെലുങ്കനാണെന്ന്‌ പറഞ്ഞാൽ ഒരുപക്ഷേ, ഇവർ സംസാരം തെലുങ്കിൽ തുടങ്ങിയേക്കാനും മതി. എന്നാലും ഭാഷയിൽ തമിഴ്‌ചുവ കലർന്നിരുന്നു.

“നീങ്ക ചൊന്നത്‌ ശരിയാവാം. എനിക്കറിയില്ല. ഇവടെ അങ്ങനൊരാളില്ല‘. ഈ മറുപടിയാണ്‌ ആദ്യം പറഞ്ഞതെങ്കിലും മുരുകൻ പോകുന്നില്ല എന്ന്‌ കണ്ടപ്പോൾ സത്വം വീണ്ടും ചോദ്യമായി.

”നീങ്ക അന്ത ശിവാനന്ദന്റെയാരാന്നാ ശൊല്ലിയേ...?“

വീണ്ടും മുരുകൻ നേരത്തെ പറഞ്ഞത്‌ തന്നെ ആവർത്തിച്ചു. ശിവാനന്ദന്റെ ബിസിനസ്സിൽ കുറെ കാശ്‌ കിട്ടാനുണ്ട്‌. തൃശൂരിലുള്ള തന്റെ കടയിൽ വന്ന്‌ പമ്പ്‌ സെറ്റുകൾക്ക്‌ വേണ്ടി കുറെ തുക അഡ്വാൻസ്‌ മേടിച്ചോണ്ട്‌ പോയതാണ്‌. ആളെ പിന്നെ കണ്ടിട്ടില്ല.

സത്വത്തിന്‌ സമാധാനമായി. പിന്നൊരു ചിരിചിരിച്ചു. അവർ കുലുങ്ങിച്ചിരിച്ചപ്പോൾ ഏതോ ഒരു മില്ലിലെ മെഷീനറി പ്രവർത്തനസമയത്ത്‌ മുഴങ്ങുന്ന വലിയ ഒച്ചയും ബഹളവും പോലെയായിരുന്നു. മുറുക്കിച്ചുവപ്പിച്ചിരുന്ന അവർ ചിരിക്കുമ്പോൾ തെറിക്കുന്ന തുപ്പൽ ദേഹത്ത്‌ വീഴാതിരിക്കാനായി മുരുകൻ കുറച്ച്‌ ദൂരെ മാറി, വാതിൽക്കലായി നിന്നു.

’അപ്പോ അവൻ മോശക്കാരനല്ല. ഇവിടെയവൻ ങ്ങൾക്ക്‌ ആറേഴ്‌ മാസത്തെ വാടക തരാനുണ്ട്‌. അത്‌ തരാതെ മുങ്ങി. പിന്നെ ഇവിടെ ജോലിക്ക്‌ നിന്ന ഒരു പെണ്ണിനേം പെഴപ്പിച്ച്‌ ഒരു കൊച്ചിനേം സമ്മാനിച്ചാ സ്ഥലം വിട്ടെ. അപ്പോ ആള്‌ വേന്ദ്രൻ താൻ‘. ”ആട്ടെ എത്രരൂപാ നഷ്ടമായി?“

മുരുകൻ അറിയാതെ പറഞ്ഞതുക രണ്ടായിരം എന്നായിരുന്നു.

’ഓ - രണ്ടായിരമാ - അതെന്നാ തൊകയാ - ഇവടെ വേറോരോരുത്തര്‌ അന്വേഷിച്ച്‌ വരുമ്പോ പറയണ തൊക അയ്യായിരവും ആറായിരവും ഒക്കെയാ. രണ്ടായിരം രൂപ എന്ന രൂപാ”.

ഇനി എങ്ങനെ മുന്നോട്ട്‌ പോവും? ശിവാനന്ദന്റെ ഭാര്യ സുന്ദരി, അവള്‌ പെറ്റ കുഞ്ഞ്‌ അവരെയൊക്കെ ഇനി എവിടാന്ന്‌ വിചാരിച്ചന്വേഷിക്കും? ഈ സത്വം പറയണത്‌ അങ്ങേര്‌ ജോലിക്ക്‌ നിന്ന പെണ്ണിനെ പെഴപ്പിച്ചെന്നാ. അതൊരുപക്ഷേ മനഃപൂർവ്വം പറയണതാവാം. സ്വന്തം അനുജത്തിയെ ജോലിക്കാരിയാക്കി പറയണമെങ്കിൽ ഇവളൊരു വിളഞ്ഞവിത്ത്‌ തന്നെയാവണം.

‘അമ്മാ - ഇങ്കെ ദൊരൈ എന്നൊരാളില്ലയാ -?“

മുരുകൻ വേറൊരു മാർഗ്ഗം അവലമ്പിച്ച്‌ നോക്കി. ഒരു പക്ഷേ, ആ വിധത്തിലുള്ള അന്വേഷണം എന്തെങ്കിലും പ്രയോജനം ചെയ്താലോ?

’ദൊരൈയാ -? ങ്കക്ക്‌ ദൊരൈയെ പാർത്തിട്ടെന്നാവേണം?

സത്വത്തിന്റെ മുഖത്ത്‌ തെളിഞ്ഞുകണ്ട ഉദ്വേഗം അതെവിടെയെങ്കിലും തന്നെക്കൊണ്ടെത്തിക്കുമോ എന്ന ഭയമായിരുന്നു.

”ഞാനിവിടെ വന്നപ്പോ - ഇവിടെ സ്‌റ്റേഷനിൽ വച്ച്‌ ഒരു പോർട്ടർ ചൊന്നാരിക്കാ - അന്ത ദൊരൈയുടെ ഭാര്യ ഉപേക്ഷിച്ചപോലെ ഒരുവളിരിക്ക്‌. അവളെ കണ്ടാ - എല്ലാം ശുഭമായിത്തീരുമെന്ന്‌‘.

തന്റെ അടവ്‌ ഫലിച്ചുവെന്ന്‌ മുരുകന്‌ അടുത്ത നിമിഷം മനസ്സിലായി. സത്വത്തിന്റെ മുഖത്ത്‌ ഒരു പ്രസന്നഭാവം. തുടർന്ന്‌ ഒരു പുഞ്ചിരി. അത്‌ പിന്നീടൊരു വിടർന്ന ചിരിയായി മാറി. ഈ സത്വത്തിന്‌ ഇങ്ങനെയും ഒരു രൂപഭേദമുണ്ടെന്ന്‌ മുരുകൻ അല്പം മനസ്സമാധാനത്തോടെ വിചാരിച്ചു.

’ആട്ടെ തമ്പി - ഉങ്കക്കിപ്പം എന്നാ വേണം? ശിവാനന്ദനെ വേണോ? അവൻ തരാനുള്ള പൈസ വേണോ? അതോ അവ​‍െൻ പെണ്ണിനെ - അതാ നോട്ടം?

“അവനെവിടെയുണ്ടെന്ന്‌ പറഞ്ഞാമതി. അവൻ മുങ്ങിയതാണെങ്കിൽ അവന്റെ പെണ്ണുമ്പിള്ള താമസിക്കുന്നേടം പറഞ്ഞു താ. എനിക്കവനെവിടുണ്ടെന്നറിയാൻ പറ്റൂല്ലൊ‘

’ങ്‌ഹും - കൊള്ളാം തമ്പീടെ വേല കൊള്ളാം. ശിവാനന്ദനെ കിട്ടിയില്ലെങ്കി അവന്റെ പൊണ്ണ്‌ - ന്താ - പോയ കാശ്ശ്‌ അങ്ങനെ മൊതലാക്കാനാ‘.

സത്വത്തിന്റെ ഇപ്പോഴത്തെ ഭാവം കാര്യങ്ങൾ അനുകൂലമായ നിലയിലേയ്‌ക്കെത്തിക്കുമോ എന്ന സംശയമായി വീണ്ടും താനിവിടെ വരുമ്പോൾ ആദ്യം കണ്ട ആ ഭാവം മുഖത്ത്‌.

”തമ്പീ - ശിവാനന്ദൻ പോയവഴി തെരിയില്ല. അവനുടെ പൊണ്ടാട്ടി ഇവിടൊരാശുപത്രിയിൽ ഒരു കൊച്ചിനെ പെറ്റു. കൊച്ചിനെ അവളൊരു റിക്ഷാവാലയ്‌ക്ക്‌ കൊടുത്തു. പൈസയ്‌ക്ക്‌ വേണ്ടിവിറ്റു. വേലുണ്ണീന്ന്‌ പേരാക്കും അന്ത റിക്ഷാവാലയ്‌ക്ക്‌. വേലുണ്ണീടെ കൂടെപ്പോയ അന്തപ്പൊണ്ണ്‌ അവിടെനിന്നും പോയെന്ന്‌ കേട്ടാച്ച്‌. പെണ്ണല്ലയാ - അവളുടെ വേല വേലുണ്ണീടെ അടുത്തും നോക്കി. വേലുണ്ണിക്ക്‌ അന്നൊരു പെണ്ണിരുക്ക്‌ അവള്‌ വിടുമോ? രണ്ടുപേരും പൊരിഞ്ഞ ശണ്‌ഠ. ഒരുനാൾ അവൾ അവളുടെ പുരുഷനെ തേടി കേരളത്തുക്ക്‌ പോയാന്ന്‌ കേട്ടാച്ച്‌.

മുരുകൻ വിഷമത്തിലായി. കുഞ്ഞിനെ അവള്‌ വിറ്റെന്നു പറയുന്നു. വേലുണ്ണീന്ന്‌ പേരുള്ള ആ റിക്ഷാക്കാരൻ വിറ്റിരിക്കാം. പക്ഷേ അവൾ നാട്ടിലേയ്‌ക്ക്‌ പോയെന്നും പറഞ്ഞാൽ പിന്നെന്ത്‌ വഴി? ഇനി ഇവിടെ നിന്നിട്ട്‌ പ്രയോജനമില്ല.

’അമ്മാ - അന്ത വേലുണ്ണിയെ പാക്കതുക്ക്‌ മുടിയുമാ -?

അവരുടെ മുഖത്ത്‌ വീണ്ടുമൊരു സംശയത്തിന്റെ നിഴൽ. ഇവന്റെ ഉദ്ദേശം എന്താണ്‌? ശിവാനന്ദനെയല്ല അവനന്വേഷിക്കുന്നതെന്ന്‌ വ്യക്തം. അയാൾ കൊടുക്കാനുള്ള പൈസ മുതലാക്കാൻ അവന്റെ പെണ്ണിനെ തപ്പുകയാണോ? അതോ അവന്റെ കൊച്ചിനെയോ? ഇവനിവിടെ നിന്നാലും കാൽക്കാശിന്‌ പ്രയോജനമുള്ള മട്ടില്ല. നാലുകാശുള്ളവനാണെന്ന ലക്ഷണമൊന്നും കാണുന്നില്ല. വേലുണ്ണിയെ കാണണമെങ്കിൽ പോട്ടെ.

വേലുണ്ണിയെ അന്വേഷിച്ച്‌ മുരുകന്‌ വിഷമിക്കേണ്ടിവന്നില്ല. ഇപ്പോൾ റയിൽവേസ്‌റ്റേഷനിൽ പഴയൊരു സൈക്കിൾറിക്ഷയുമായി ചടഞ്ഞുകൂടിയിരിക്കണ കാണാമെന്ന വിവരം സത്വം പറഞ്ഞുതന്നപ്പോൾ നേരെ സ്‌റ്റേഷനിലേയ്‌ക്ക്‌ തിരിച്ചു. പറഞ്ഞപോലെ തന്നെ അവനവിടെ സ്‌റ്റേഷൻമുറ്റത്ത്‌ റിക്ഷയുടെ തണ്ടിൽ ചാരിയിരുന്ന്‌ ബീഡി വലിക്കുന്നു. പണ്ടത്തെ പ്രകൃതം - കൊമ്പൻമീശയും മെലിഞ്ഞ ശരീരവും. ഒട്ടിയ കവിളുമൊള്ള വേലുണ്ണിയെ എളുപ്പം തിരിച്ചറിയാനാകും. വലിച്ചിരുന്ന ബീഡിയുടെ അവസാനത്തെ പുകയുമെടുത്തു പിന്നെയൊന്ന്‌ നീട്ടിത്തുപ്പി മുരുകന്റെ അന്വേഷണത്തെ നേരിട്ടു.

“നിങ്ങൾ കേരളത്തുകാരെ നമ്പാൻ പറ്റില്ല.‘ - അത്രയും സംസാരിച്ചപ്പോൾ തന്നെ അവൻ ചുമച്ചുതുടങ്ങി. ചുമ സഹിക്കവയ്യാതെ വിഷമിച്ച്‌ നിന്ന അവന്റെ സഹായത്തിന്‌ വന്നത്‌ വേറൊരു പോർട്ടറാണ്‌.

’ഇയാൾ പറഞ്ഞത്‌ ശരിയാണ്‌ മലയാളികളെ നമ്പാൻ പറ്റില്ല. രണ്ട്‌ ദിവസം മുമ്പ്‌ അറുമുഖം എന്നൊരുത്തൻ വന്ന്‌ ഇവന്റെ പെണ്ണിനേം തട്ടിക്കൊണ്ട്‌ സ്ഥലം വിട്ടു. അവരെവിടെപ്പോയെന്ന്‌ വിചാരിച്ച്‌ തപ്പാനാ? പണ്ടിവിടെ ഒണ്ടായിരുന്നവനാണെന്നും ഇയാടെ വല്യ ചങ്ങാതിയായിരുന്നു എന്നൊക്കെയാ പറഞ്ഞത്‌. പറഞ്ഞിട്ടെന്തു ഫലം? രാത്രിക്ക്‌ രാത്രി അവൻ ഇയാളുടെ പെണ്ണിനേം കൊറെ കാശുമായി സ്ഥലം വിട്ടു. ഇനിയിപ്പം തന്റെ വരവായി. ഇയാടെ ഉദ്ദേശ്യമെന്താ? ഏതായാലും ഇനിയിവന്റെ വീട്ടിൽ പെണ്ണില്ല‘.

മുരുകൻ ഒന്നും മിണ്ടാതെ മിഴിച്ചു നിൽക്കുകയാണ്‌. ”ഇതവനാണോ?“ അറുമുഖം. അവൻ ഇവടെനിന്നും വന്നതാന്നല്ലെ പറയണെ? അപ്പോ അവനെന്നാ ഇങ്ങോട്ട്‌ പോന്നെ? ചേർത്തല പൂരത്തിന്‌ പോവ്വാന്ന്‌ പറഞ്ഞ്‌ അവിടന്ന്‌ പോയത്‌ ഇങ്ങോട്ടായിരിക്കുമോ?

മുരുകന്റെ അന്ധാളിപ്പും തുറിച്ചുള്ള നോട്ടവും കണ്ട്‌ പോർട്ടർ ചോദിച്ചു.

’നീങ്ക അവനെ തെരിയുമാ?‘ ’

അവൻ ഒറ്റക്കണ്ണനാ? ഒരു കാലില്ലാത്തവൻ. ഒരു കൃത്രിമക്കാലും വച്ചോണ്ടാ നടത്തം. കുറേശ്ശേ താടിയുള്ളവൻ‘.

’എല്ലാം നീങ്ക പറഞ്ഞ മാതിരി. ഒറ്റക്കണ്ണ്‌, ഒറ്റക്കാല്‌, കുറേശ്ശെ താടി‘

അവനെന്ത്‌ പ്രായം തോന്നിക്കും?’

‘ഒരമ്പത്‌ - അമ്പത്തഞ്ച്‌’

‘അട പാപി - അറുമുഖം ഇതവൻ തന്നെ”. അപ്പോഴവൻ ചേർത്തലയ്‌ക്കെന്ന്‌ പറഞ്ഞുപോന്നത്‌ ഇങ്ങോട്ടാണ്‌. എന്നിട്ടീ റിക്ഷാക്കാരന്റെ പെണ്ണിനേം തട്ടിക്കൊണ്ടു പോയിരിക്കുന്നു.

’അതെ - ഇതൊക്കെ ശരി- അപ്പം അവൻ നിങ്കളേം പറ്റിച്ചു?‘

ചുമയൊന്നടങ്ങിയപ്പോൾ വേലുണ്ണി പറഞ്ഞു.

വേലുണ്ണി വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. മുഖത്തിന്‌ ഒട്ടും ചേർച്ചയില്ലാത്ത ആ വലിയ മീശയുംവച്ച്‌ അനങ്ങാതെ നിൽക്കുകയാണെങ്കിൽ ശരിക്കും ഒരു നോക്കുത്തി. അല്പസമയം കൂടി വേണ്ടിവന്നു, വേലുണ്ണിയുടെ കിതപ്പൊന്നു മാറാൻ. പിന്നീടവൻ തുടർന്നു.

’മുമ്പവൻ എന്റെ കൂടാർന്നു. പല കേസിലും പ്രതിയാ. അന്നവനെ രക്ഷിക്കാൻ ഞാനേ ഒണ്ടാർന്നുള്ളൂ‘

വേലുണ്ണിയുടെ സംസാരം. പല വിശദാംശങ്ങളും നൽകി. ഒപ്പം കുറേ സംശയങ്ങളും.

അറുമുഖത്തിന്റെ കാല്‌ അപകടത്തിൽപ്പെട്ട്‌ ഒടിഞ്ഞതല്ല. ഏതോ അടിപിടിയിൽ - ആരോ തല്ലി ഒടിച്ചതാണ്‌. ആശുപത്രിയിൽക്കിടന്നപ്പോ അവൻ നല്ലപിള്ള ചമഞ്ഞ്‌ ഡോക്ടർമാരുടെ പ്രീതി സമ്പാദിച്ചു. ആ ഡോക്ടറുടെ സഹായംകൊണ്ട്‌ അവനൊരു കൃത്രികക്കാല്‌ കിട്ടി. പിന്നേം അവൻ പല അടിപിടിക്കേസിലും പെട്ടു. രക്ഷയില്ലാതെ വന്നപ്പം മുങ്ങിയതാ. അന്നിവിടെ ബസ്‌ സ്‌റ്റാൻഡിനടുത്ത്‌ ലോഡ്‌ജ്‌ നടത്തുന്ന ദൊരൈയെന്ന്‌ പേരുള്ള ഒരുത്തന്റെ പൊണ്ടാട്ടിയുടെ അനിയത്തി സുന്ദരിയെന്ന്‌ പേരുള്ള ഒരുത്തിയൊണ്ടായിരുന്നു. അവളെ കെട്ടിയത്‌ ഒരു മലയാളത്തുകാരൻ ആസ്സാമി. ഏതോ ബിസിനസ്സുകാരൻ. ബിസിനസ്‌ പൊളിഞ്ഞപ്പോൾ അവൻ മുങ്ങി. സുന്ദരി വയറ്റുകണ്ണി. അതോടെ ദൊരൈയും പൊണ്ടാട്ടിയും അവളെ ഇറക്കിവിട്ടു. ആശുപത്രീവച്ച്‌ സുന്ദരി പെറ്റു. അന്നവളെ ആശുപത്രീലാക്കീതും പിന്നെ വീട്ടിക്കൊണ്ട്‌ താമസിപ്പിച്ചതും വേലുണ്ണി. ഇതിനിടയിൽ അവളുടെ കുഞ്ഞിനെ ആരോ കട്ടോണ്ടുപോയി. അതോടെ ഒറ്റയാൻതടിയായ സുന്ദരിക്ക്‌ കെട്ടിയവനെ തപ്പിപോകാൻ മോശം. വേലുണ്ണി അവളേം കൊണ്ട്‌ സ്‌റ്റേഷനിൽ ചെന്നു. സ്‌റ്റേഷനിൽ വച്ച്‌ അറുമുഖം കാണുന്നു. അവനെന്തക്കയോ പറഞ്ഞ്‌ വേലുണ്ണി മാറിയ തക്കംനോക്കി അവളേം കബളിപ്പിച്ച്‌ കടന്നുകളഞ്ഞു. ട്രെയിനിൽവച്ച്‌ അവനെ ചോദ്യം ചെയ്ത വേലുണ്ണിയുടെ കൂട്ടുകാരനെയും അവൻ അടിച്ചു ശരിയാക്കി പുറത്തേയ്‌ക്കിട്ടു.

ആ പെണ്ണിനേം കൊണ്ടുപോയവൻ പിന്നെ പൊങ്ങിയത്‌ അഞ്ചുവർഷം കഴിഞ്ഞ്‌ മിനിയാന്ന്‌.

അറുമുഖം പറയണത്‌ പെണ്ണ്‌ ബഹളത്തിനിടയിൽ അവനേം പറ്റിച്ച്‌ കടന്നെന്നാണ്‌. അവൻ കൊച്ചീല്‌ ചെന്ന്‌ അവിടെയും രണ്ടുമൂന്ന്‌ കേസിൽ പ്രതിയായി. രണ്ടുദിവസം മുമ്പ്‌ വന്ന അവൻ ഇത്തവണ കൈവച്ചത്‌ വേലുണ്ണിയുടെ ഭാര്യാ മീനാക്ഷിയെ. വന്ന അന്ന്‌ തന്നെ രാത്രി അവൻ അവളേം കൊണ്ട്‌ സ്ഥലംവിട്ടു. ഓരോ വരവിലും പോക്കിലും ഓരോ കേസിൽ പെടും.

പലപ്രാവശ്യം ചുമച്ചും കുരച്ചും ഇടയ്‌ക്കിടെ നിർത്തിയുള്ള വിവരണം കേട്ടപ്പോഴേ മുരുകന്‌ ഒരു കാര്യം ഉറപ്പായി. ശിവാനന്ദൻ മുതലാളിയുടെ ഭാര്യയും കുഞ്ഞും ഇവിടില്ല. ഇനിയിവിടെ നിന്നതുകൊണ്ട്‌ പ്രയോജനമില്ല. അതിനെക്കാളൊക്കെ മുരുകനെ ഉലച്ചത്‌ അറുമുഖത്തെപ്പറ്റിയുള്ള വിവരമാണ്‌. അവനെ എങ്ങനെയെങ്കിലും അവിടെ നിന്ന്‌ പുറത്താക്കണം. അവനിപ്പോഴും തരം കിട്ടിയാൽ മുങ്ങുന്നു. ഓരോ പ്രശ്നമുണ്ടാക്കുന്നു. ഈയിടെയായി അവന്റെ മുഷ്‌ക്കും കൂടുന്നു.

രാവിലെ പത്ത്‌ മണി കഴിഞ്ഞു മുരുകൻ തിരിച്ച്‌ നാട്ടിലെത്തിയപ്പോൾ. അതടഞ്ഞു കിടക്കുന്നു. അതോടെ സ്വതേ അസ്വസ്ഥമായിരുന്നു മനസ്സിൽ വീണ്ടും അശുഭചിന്തകൾ ഉടലെടുക്കുകയായി.

കോവിലിൽപ്പോയാലും വരേണ്ടസമയം കഴിഞ്ഞു. മണിക്കുട്ടനെയും കാണുന്നില്ല.

പെട്ടെന്ന്‌ മുരുകന്റെ മനസ്സിലേയ്‌ക്ക്‌ ഒരു കൊള്ളിയാൻ പോലെ കടന്ന്‌ വന്നത്‌ അറുമുഖവും ആ സ്ര്തീയുമാണ്‌. അവനിവിടെ വന്ന്‌ വല്ല കുഴപ്പവും ഒപ്പിച്ചിരിക്കുമോ?

ഇടനെഞ്ചിൽ ഒരു നെരിപ്പോടുമായാണ്‌ മുരുകൻ ശിവാനന്ദന്റെ വീട്ടിലേയ്‌ക്ക്‌ കുതിച്ചത്‌.

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.