പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ​‍െദൈവത്തിനു പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ പതിനേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

കോവിലിൽ ഉച്ചപ്പൂജ കഴിഞ്ഞ്‌ നടയടയ്‌ക്കാൻ നേരത്താണ്‌ ആനപ്പന്തലിന്റെ അറ്റത്തുള്ള തൂണുചാരി ഒരു സ്ര്തീ ദൂരെയെങ്ങോ തറയ്‌ക്കുന്ന മിഴികളോടെ ഇരിക്കുന്നത്‌ ശാന്തിക്കാരൻ നമ്പൂരി കണ്ടത്‌. അവരുടെ മടിയിൽ ഒരാൺകുട്ടി തലവച്ചുറങ്ങുന്നു. കോവിലിന്‌ തൊട്ട്‌ തെക്കുമാറിയുള്ള ഓഫീസ്‌ മുറിയോട്‌ ചേർന്നുള്ള ഒരു ചാർത്തിലാണ്‌ ശാന്തിക്കാരൻ നമ്പൂരിയും കീഴ്‌ശാന്തിയും താമസിക്കുന്നത്‌.

“ആരാ - നിങ്ങൾക്കെന്ത്‌ വേണം?”

നമ്പൂരി സ്ര്തീയോടു ചോദിച്ചു. സ്ര്തീയൊന്നും മിണ്ടുന്നില്ല എന്ന്‌ കണ്ടപ്പോൾ നമ്പൂരി വീണ്ടും ചോദ്യം ആവർത്തിച്ചു. ഇക്കുറി കുറച്ചുറക്കെത്തന്നെ. നമ്പൂരിയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട്‌ തങ്ങൾക്കവകാശപ്പെട്ട ചോറും വാങ്ങി പോകാനൊരുങ്ങുകയായിരുന്ന കഴുകക്കാരി ജാനുവമ്മയും അങ്ങോട്ടു വന്നു. അവരുടെയും കൂടി അന്വേഷണമായപ്പോൾ വള്ളിക്ക്‌ പിടിച്ചു നിൽക്കാനായില്ല. അവൾ പൊട്ടിക്കരഞ്ഞു. നിർത്താതെയുള്ള കരച്ചിൽ കേട്ട്‌ മണിക്കുട്ടൻ ഞെട്ടിയുണർന്നു. അമ്മയെ ആരോ പേടിപ്പിക്കുന്നതുപോലാണവന്‌ തോന്നിയത്‌. അവൻ വള്ളിയെ കെട്ടിപ്പിടിച്ചു.

‘എന്താ കുട്ട്യേ - ചോദിക്കണ കേട്ടില്ലെ? നീയെന്താ ഇവിടെത്തന്നെയിരുന്നുകളഞ്ഞെ? നടയടച്ചു കഴിഞ്ഞാൽ ഇവിടെയാരും ഇരിക്കാൻ പാടില്ല. ഇവിടെ താമസക്കാര്‌ ഈ നമ്പൂരിമാര്‌ മാത്രേയുള്ളു. ഇനി വൈകിട്ട്‌ അഞ്ച്‌ മണിക്കേ കോവിൽ തുറക്കൂ. അതുവരെ ഇവിടെയാരേം കയറ്റില്ല. കുട്ടിക്കെന്താ വേണ്ടെ?

ഓഫീസടച്ച്‌ താക്കോലും എളിയിൽ തിരുകി പോകാനൊരുങ്ങുകയായിരുന്ന, ക്ഷേത്രക്കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ മാനേജർ - അയാൾക്ക്‌ വള്ളിയെ മനസ്സിലായി. ഓവർ ബ്രിഡ്‌ജിനടുത്തെ അന്തുക്കായുടെ പിന്നിൽ താമസിക്കുന്ന നൊണ്ടിയുടെ ഭാര്യ.

“നീയാ - മുരുകന്റെ ഭാര്യയല്ലെ? നിനക്കെന്ത്‌ പറ്റി ഇവിടെ വന്നിരിക്കാൻ? മാനേജർ കുറുപ്പ്‌ മുരുകനുമായുള്ള പരിചയംവച്ച്‌ ആ ചോദ്യം ചോദിച്ചതോടെ കഴകക്കാരിക്ക്‌ ആളെ മനസ്സിലായി. വല്ലപ്പോഴുമൊക്കെ ഇവൾ ഇവിടെ തൊഴാൻ വരുന്നത്‌ കണ്ടിട്ടുണ്ട്‌. പക്ഷേ, അന്നൊന്നും ഈ പയ്യനെ കണ്ടതായി ഓർമ്മയില്ല.

പക്ഷേ, വള്ളിയുടെ കരച്ചിൽ കൂടുന്നതല്ലാതെ അവളൊന്നും മിണ്ടുന്നില്ല. അവളുടെ ഏങ്ങലടി അസഹ്യമായപ്പോൾ നമ്പൂരിമാർ രണ്ടുപേരും കുഴങ്ങി. കോവിലിന്റെ ദർശനം പടിഞ്ഞാറോട്ടായതിനാൽ രക്ഷപ്പെട്ടു. മെയിൻ റോഡിലേയ്‌ക്ക്‌ കടക്കണമെങ്കിൽ കോവിലിന്റെ പിന്നാമ്പുറത്തോടെ വേണം. അതുകൊണ്ട്‌ റോഡിൽകൂടി പോകുന്നവരാരും ഈ കാഴ്‌ച കാണില്ല. എങ്കിലും ഇവിടത്തെ കഥാപാത്രങ്ങൾ ഒരു സ്ര്തീയും കുട്ടിയുമാകുമ്പോൾ വിവരമറിഞ്ഞ്‌ ആൾക്കാർ കൂടിയേക്കാൻ മതി.

നമ്പൂരിമാരുടെ മനോവിഷമം മനസ്സിലാക്കിയ ജാനുവമ്മ വള്ളിയുടെ അടുക്കലേക്ക്‌ ചെന്നു.

’കുട്ടിക്കെന്താ വേണ്ടെ? ഇവിടെ നിന്നിങ്ങനെ മോങ്ങിയാ നാണക്കേട്‌ ഈ നമ്പൂരാർക്കാ. അവര്‌ കൊറേ ദൂരേന്നുള്ളവരാ. കുട്ടി കരയണ കണ്ടാ ആരും അവരെയേ കുറ്റപ്പെടുത്തൂ.‘

അതോടെ വള്ളിയൊന്നു ശാന്തയായി. അവൾ മണിക്കുട്ടനെ ചേർത്തുനിർത്തി സാരിത്തലപ്പുകൊണ്ട്‌ മുഖംതുടച്ച്‌ ജാനുവമ്മയുടെ നേരെ തിരിഞ്ഞു.

’എന്റെ മോനെ കൊണ്ടുപോവാനാരോ നോക്കുന്നു. വീട്ടിലിരുന്നാ ശരിയാവില്ല. അതാ ഇങ്ങോട്ട്‌ പോന്നെ‘

ജാനുവമ്മയ്‌ക്ക്‌ വിശ്വാസം വരുന്നില്ല. ഇവളുടെ മോനെ തട്ടിക്കൊണ്ട്‌ പോയിട്ടെന്ത്‌ ചെയ്യാനാണ്‌. ഒരുപക്ഷേ, ഇവളുടെ തോന്നലായിരിക്കും.

’നിന്റെ മോനെ ആരു കൊണ്ടുപോവാൻ നോക്കുന്നൂന്നാ പറയണെ?‘

’അറിയില്ല. ഇന്നു കാലത്ത്‌ വാതില്‌ തൊറന്നപ്പം കണ്ടത്‌ ഒരൊറ്റക്കണ്ണനെയും ഒരു തടിച്ചിയേയുമാണ്‌. ആ ഒറ്റക്കണ്ണൻ കുട്ടികളെ തട്ടിക്കൊണ്ടുപോണ പിച്ചക്കാരനാന്ന്‌ തോന്നുന്നു.‘

ഇപ്പോഴും ജാനുവമ്മയ്‌ക്ക്‌ വിശ്വാസം വരുന്നില്ല. ജാനുവമ്മ ചോദിച്ചാൽ അവൾക്ക്‌ കാര്യങ്ങൾ തുറന്നു പറയാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന്‌ കരുതി നമ്പൂരിമാരും കുറുപ്പും അനങ്ങാതെ നിന്നതേയുള്ളൂ.

’നിന്നെ ഞാനിതിന്‌ മുമ്പും കണ്ടിട്ടുണ്ട്‌. അപ്പോഴൊന്നും ഈ ചെക്കനെ കണ്ടിട്ടില്ലല്ലോ.‘

ഈ ചോദ്യം അപ്രതീക്ഷിതമായിരുന്നെങ്കിലും വള്ളിയുടെ നാവിൽ നിന്നും പെട്ടെന്നുതന്നെ ഒരു മറുപടി അവളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വന്നു.

’അവൻ സേലത്ത്‌ - എന്റെ ചേച്ചീടെ കൂടായിരുന്നു. ഇന്നലെയാ കൊണ്ടുവന്നെ‘

’നിന്റെ വീട്‌ സേലത്താ - നീ തമിഴത്തിയാ -?‘

’സേലത്താണ്‌. ജനിച്ചതൊക്കെ അവിടാണെങ്കിലും മലയാളമറിയാം‘

’ആട്ടെ, നിന്റെ ഭർത്താവെന്തിയേ? അയാൾക്കെന്താ ജോലി?‘

ഭർത്താവിനെന്താണ്‌ ജോലി? വള്ളിക്കറിയില്ല ഏതോ ഒരു മൊതലാളീടെ കൂടാന്നറിയാം. എന്താണവിടത്തെ ജോലിയെന്നറിയില്ല.

’എന്താ നീയൊന്നും മിണ്ടാത്തെ? നിനക്കറിയില്ലെ?‘

അറിയില്ല എന്നർത്ഥത്തിൽ അവൾ കൈമലർത്തി.

ജാനുവമ്മയ്‌ക്ക്‌ സംശയം വിട്ടുമാറുന്നില്ല. ഭർത്താവിന്റെ ജോലിയറിയില്ല. ഇവളുടെ മോനെ ഏതോ പിച്ചക്കാരൻ കൊണ്ടുപോവാൻ ശ്രമിക്കുന്നത്രെ.

’ഈ പിച്ചക്കാരനെ നീ നേരത്തെ കണ്ടിട്ടുണ്ടോ?

‘ഇല്ല’

‘അത്‌ ശരി. ഒരാളെ കണ്ടപ്പോഴേയ്‌ക്കും അയാൾ നിന്റെ മോനെ കൊണ്ടുപോവാനാന്ന്‌ നീയെങ്ങനറിഞ്ഞു?

ആ ചോദ്യം വീണ്ടും കുഴക്കുന്നതായിരുന്നു. വ്യക്തമായൊരു മറുപടി പറയാനാവില്ല. പക്ഷേ ഒന്നറിയാം. അവളുടെ മോനെ കൊണ്ടുപോവാനാണ്‌ ആ തടിച്ചിയും ഒറ്റക്കണ്ണനും വന്നത്‌. ആദ്യം അവർ രണ്ടുപേരും വന്നു. പിന്നൊരു കാറിൽ വന്നു. കാറിൽ കൂടെ വന്നയാളെ കാണാനായില്ല.

”നിന്റെ ഭർത്താവെന്തിയേ? അയാളെവിടെപ്പോയി?’

ഇത്തവണത്തെ ചോദ്യം കുറുപ്പിന്റെയായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഇതു വെറും കുട്ടിയെ മോഷ്ടിക്കുന്ന പരിപാടിയായിട്ടല്ല തോന്നിയത്‌. ഇതവരുടെ കുടുംബത്തിലെ പ്രശ്നമായിരിക്കും. ഒരു പക്ഷേ, ഇവളുടെ ഭർത്താവുമായി ബന്ധപ്പെട്ട പ്രശ്നം. അയാളെ അന്വേഷിച്ചു വന്നതായിരിക്കും. പക്ഷേ അതിനവൾ പേടിക്കേണ്ട കാര്യമെന്ത്‌?

‘നിന്നോടാ ചോദിച്ചെ? നീ ഞാൻ ചോദിച്ചാലേ പറയുന്നുണ്ടോ? ഇവരെല്ലാം പോവാതെ നിക്കണെ, നിന്റെ കാര്യത്തിനൊരു തീരുമാനമുണ്ടാക്കാനാ“

’അങ്ങേരിന്നലെ മൊതലാളിയുടെ കാര്യത്തിനെവിടോ പോയിരിക്കുവാ. ആ സമയത്താ - എവിടെ നിന്നാന്നറിഞ്ഞുകൂടാ‘

ഇത്രയെല്ലാം ചോദിച്ചിട്ടും ആവശ്യമുള്ള വിവരങ്ങൾ ഒന്നും കിട്ടിയില്ല. ഇതു വെറും കൊച്ചിനെ മോഷ്ടിക്കുന്ന കേസായി ജാനുവമ്മയ്‌ക്കും കുറുപ്പിനും തോന്നിയില്ല. ഇതവളുടെ കെട്ടിയവനുമായി ബന്ധപ്പെട്ട എന്തോ ഒരു പ്രശ്നമായിരിക്കും. പക്ഷേ ഇവളെ ഇവിടെ ഇങ്ങനെ നിർത്താൻ പറ്റില്ലല്ലോ. ഇവിടെയീ ശാന്തിക്കാരൻ നമ്പൂരിമാർ വൈകിട്ട്‌ അഞ്ചുമണിവരെയുള്ള സമയം - അവർ തനിച്ചാണ്‌. അവർ മാത്രമുള്ളപ്പോൾ ഒരു പെണ്ണിനെം കൊച്ചിനേം കൂടി ഇവിടെയാക്കീട്ട്‌ പോയാൽ ശരിയാവില്ല. ഇവളും കൊച്ചും ഇങ്ങനെ പേടിച്ച്‌ നിൽക്കുമ്പോൾ ഉപേക്ഷിക്കാനും തോന്നുന്നില്ല.

കുറുപ്പും ജാനുവമ്മയും കൂടി മാറിനിന്ന്‌ ആലോചിച്ചു. ഇത്രയൊക്കെ മയമില്ലാതെ സംസാരിച്ചെങ്കിലും അവളോട്‌ പുറത്തുകടന്നു പോവാനും പറയാൻ മനസ്സ്‌ വരുന്നില്ല. മാത്രമല്ല, അഭയം ചോദിച്ചു വന്നവളെ ഉപേക്ഷിക്കുന്നതു ശരിയാണോ? അതും ദേവീസന്നിധിയിൽ. മേൽശാന്തി അവരുടെയടുക്കൽ വന്ന്‌ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു.

’ഇവര്‌ വൈകിട്ട്‌ വരെ ജാനുവമ്മയുടെ വീട്ടിൽ നിൽക്കാൻ വിരോധോണ്ടൊ? അപ്പോഴേയ്‌ക്കും ആ സ്ര്തീയുടെ ഭർത്താവ്‌ വരുമായിരിക്കും‘.

’അതു തന്നാ ഞങ്ങളും ആലോചിക്കണെ പിന്നെ -‘

ജാനുവമ്മ പിന്നെയും സംശയിച്ചു. വൈകിട്ടും അയാള്‌ വന്നില്ലെങ്കിൽ എന്തു ചെയ്യും?

’കുട്ട്യേ - നിന്റെ ഭർത്താവ്‌ വൈകിട്ട്‌ വരുമോ?‘

അവൾക്കറിയില്ല, എപ്പോൾ വരുമെന്ന്‌. ചിലപ്പോൾ ഒന്നുരണ്ടു ദിവസം കഴിയുമെന്ന്‌ മാത്രം പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോൾ ജാനുവമ്മ തന്നെ ഒരു തീരുമാനത്തിലെത്തി.

’അവളും കൊച്ചും ഏതായാലും എന്റെ വീട്ടിലേയ്‌ക്ക്‌ പോരട്ടെ. വൈകിട്ടല്ലേ - അപ്പോഴത്തെ കാര്യം അന്നേരം നോക്കാം‘.

ജാനുവമ്മ വള്ളിയോടും മോനോടും തന്റെ കൂടെ പോരാൻ പറഞ്ഞു നടന്നു. പോകുന്ന പോക്കിൽ അവർ കുറുപ്പിനോടു പറഞ്ഞു.

’ഇവളുടെ വീടിനടുത്തുള്ള ആരെയെങ്കിലും പറഞ്ഞേല്പിക്കണം ഇവളുടെ കെട്ടിയോൻ വന്നാൽ ഇവിടെ വരാൻ.‘

കുറുപ്പ്‌ സമ്മതിച്ചു. ജാനുവമ്മ ഇങ്ങനെ സമ്മതിച്ചില്ലായിരുന്നെങ്കിൽ ആകെ കുഴങ്ങിയേനെ. പിന്നത്തെ മാർഗം പോലീസിലറിയിക്കുക എന്നതാണ്‌. പക്ഷേ അതു പുലിവാല്‌ പിടിച്ച പോലാകും. പിന്നെ അവരുടെ അന്വേഷണവും ബഹളവും കൂടിയാവുമ്പോൾ ആർക്കും നിന്നു തിരിയാനുള്ള സമയം കിട്ടില്ല. മുരുകന്റെ വീട്ടിനടുത്തുള്ള അന്തുക്കായെ കണ്ട്‌ ഇടപാട്‌ ചെയ്താൽ മതിയല്ലൊ. അവൻ മുരുകൻ വരുമ്പോൾ വിവരം പറയാൻ ചുമതലപ്പെടുത്താം.

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.