പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിനു പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ പതിനഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

ദൈവത്തിനു പ്രിയപ്പെട്ടവർ

അഞ്ചുവർഷത്തിനു മേലെയായി താൻ മുരുകുന്റെ കൂടെ കൂടിയിട്ട്‌. ഈ അഞ്ചുവർഷക്കാലവും താൻ അയാളോട്‌ വിശ്വസ്തത പുലർത്തി. ഇടയ്‌ക്കൊക്കെ ചില അല്ലറചില്ലറ പിണക്കങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടാകുമെങ്കിലും അതൊരിക്കലും ഒരു പൊട്ടിത്തെറിയിലേയ്‌ക്കോ തീർത്താൽ തീരാത്ത വഴക്കിലേയ്‌ക്കോ ചെന്നെത്തി നിൽക്കാറില്ല. ഒരു കാലിനു അല്പം നൊണ്ടലുണ്ടെങ്കിലും നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ. സ്നേഹസമ്പന്നൻ. തന്റെ ഭൂതകാല ജീവിതത്തെപ്പറ്റി പറയാൻ വിമുഖത കാണിച്ചപ്പോൾ ഇതേവരെ അതിനെപ്പറ്റി ഒന്നും ചോദിക്കാതിരിക്കാനുള്ള സന്മനസ്സ്‌ അയാൾ കാണിച്ചു. ആ മനുഷ്യനും താനും സ്വൈര്യമായി കഴിഞ്ഞുവരവേയാണ്‌ ഇപ്പോഴത്തെയീ പുതിയ സംഭവവികാസങ്ങൾ. ഇതെവിടെച്ചെന്നവസാനിക്കും?

വള്ളിയുടെ മനോവിഷമം മണിക്കുട്ടനും ഏറെക്കുറെ ഏറ്റുവാങ്ങിയതുപോലെ. ഇന്നലെയിവിടെ വെളുപ്പിനെ വന്നിറങ്ങിയ വാനിൽ തന്നെ, മയക്കുപൊടി എറിഞ്ഞ്‌ തീവണ്ടിയിൽ കയറ്റിയ ആ കള്ളസന്ന്യാസിയും കയറിയിട്ടുണ്ടോ എന്ന ഭയമായിരുന്നു അവന്‌. രാത്രിയേതോ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോഴാണ്‌ അവന്‌ ബോധം തെളിഞ്ഞത്‌. കള്ളസന്യാസിയെറിഞ്ഞ മയക്കുപൊടിയുടെ സ്വാധീനത്തിൽ നിന്നും മോചനം കിട്ടിയതേ ഉള്ളൂ. അതോടെ അവൻ തപ്പിത്തടഞ്ഞെഴുന്നേറ്റു. സന്യാസി വണ്ടിയിലെ കുളിമുറിയോട്‌ ചേർന്ന ഭാഗത്ത്‌ സുഖനിദ്രയിൽ അമർന്നിരിക്കുന്ന. സമയം. അവൻ പേടിച്ച്‌ പേടിച്ച്‌ തീവണ്ടിയിൽനിന്ന്‌ ചാടിയിറങ്ങി. ഒരു പ്രകാരത്തിൽ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തുകടന്നു. പിന്നെ ഒരോട്ടമായിരുന്നു. ഓടി ഓടിത്തളർന്ന്‌ നിൽക്കുമ്പോൾ സന്യാസിയെങ്ങാനും പുറകെവരുന്നുണ്ടോ എന്നു പേടിയാവും. വീണ്ടും ഓട്ടം. പിന്നെ ഓടിത്തളർന്ന്‌ നിന്നത്‌ റോഡരികിൽ നിർത്തിയിരുന്ന ഒരു വാനിന്റെ അടുക്കൽ. അവിടം വരെ, രാത്രിയാണെങ്കിലും തെരുവ്‌വിളക്കുകളുടെ വെളിച്ചം കൂട്ടിനുണ്ടായിരുന്നു. ഇനിയങ്ങോട്ട്‌ വെളിച്ചമില്ല എന്ന അറിവ്‌ അവനെ പേടിപ്പെടുത്തി. അങ്ങ്‌ ദൂരെ നിന്നും ആരോ ഒച്ചവയ്‌ക്കുന്ന ശബ്ദം കേട്ടപ്പോൾ ഒരു താൽകാലിക രക്ഷയ്‌ക്കുവേണ്ടിയാണ്‌ അവൻ വാനിന്റെ പുറത്ത്‌ കയറിപ്പറ്റിയത്‌. വാനിൽ കയറി ഇരിപ്പുറപ്പിക്കുന്നതിന്‌ മുന്നേ തന്നെ വാൻ വിട്ടുകഴിഞ്ഞിരുന്നു. പിന്നെ ഏറെനേരം വാനിൽ തന്നെയിരുന്നുള്ള യാത്ര. ഇടയ്‌ക്ക്‌ പെയ്ത മഴ നനയേണ്ടിവന്നെങ്കിലും കാര്യമാക്കിയില്ല. നേരം വെളുത്ത്‌ തുടങ്ങിയപ്പോഴാണ്‌ ഇവിടെയീ പാലത്തിന്‌ ചുവട്ടിലുള്ള ചായക്കടയുടെ മുന്നിൽ വാൻ നിന്നത്‌. അപ്പോഴും അവന്‌ ഭയമായിരുന്നു. ഇനി വാനിലുള്ളവർ സന്യാസിയുടെ ആൾക്കാരാണെങ്കിലോ? വാനിന്റെ അകത്തുണ്ടായിരുന്നവർ ചായക്കടയിലേയ്‌ക്ക്‌ കയറിയ അവസരത്തിൽ അവൻ ചാടിയിറങ്ങി ഓടി. ആ ഓട്ടം നിന്നത്‌ ഇതാ ഈ വീടിന്റെ മുന്നിൽ. വാതിൽ തുറന്നുവന്ന ഒരു സ്ര്തീ അവനെ കണ്ട്‌ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട്‌ അവരുടെ നോട്ടത്തിൽ സ്നേഹവും കാരുണ്യവും നിഴലിട്ട്‌ നിൽക്കുന്നതുപോലെ അവന്‌ തോന്നി. അങ്ങനെയാണവൻ ഒട്ടൊരു ധൈര്യത്തോടെ വീട്ടുമുറ്റത്ത്‌ നിന്നും തിണ്ണയിലേക്ക്‌ കയറിയത്‌. അവർ ചോദിച്ച ചോദ്യത്തിന്‌ മറുപടിപറയാതെ ഓർക്കാപ്പുറത്ത്‌ അവന്റെ നാവിൽ നിന്ന്‌ വന്നത്‌ ‘അമ്മേ’ എന്ന വിളിയായിരുന്നു. അതോടെ അവളുടെ മാതൃഹൃദയം വിങ്ങി. അവരുടെ കണ്ണുകൾ നിറഞ്ഞു. സ്നേഹവാത്സല്യങ്ങൾ തെളിയുന്ന ആ മുഖഭാവം കണ്ടതോടെ ആത്മവിശ്വാസത്തോടെ പയ്യൻ വള്ളിയുടെ അടുക്കലേക്ക്‌ ചെല്ലുകയായിരുന്നു.

ഇപ്പോഴിതാ - ഈ വീട്ട്‌ മുറ്റത്ത്‌ വന്നുകയറിയ ഒറ്റക്കാലന്റെ കൂടെയുള്ള ആ സ്ര്തീ അവനെ നോക്കി എന്തൊക്കെയോ പുലമ്പുന്നു. ആ നോക്കവും വർത്തമാനവും എല്ലാം തെറ്റുചെയ്ത ഒരു കുട്ടിയെന്നപോലെ കണക്കാക്കിയിട്ടാണ്‌.

ഈ സ്ര്തീയെ അങ്ങ്‌ ദൂരത്തുള്ള പട്ടണത്തിൽ വച്ചു കണ്ട ഓർമ്മ അവനുണ്ട്‌. അവരാരെന്നോ, ഏതെന്നോ ചോദിച്ചാൽ അവനറിയില്ല. അവിടെയുള്ള ഒരു റിക്ഷാക്കാരന്റെ കൂടെയാണിവരെ കണ്ടിട്ടുള്ളത്‌. പലപ്പോഴും മുറുക്കിച്ചുവപ്പിച്ച്‌ വായുടെ ഒരു കോണിൽക്കൂടി ഇടയ്‌ക്കിടയ്‌ക്ക്‌ മുറുക്കാൻ തുപ്പലൊലിപ്പിച്ച്‌ നടക്കുന്ന ഈ തടിച്ചിയെ എങ്ങനെ മറക്കാനാണ്‌?

ഇത്രദൂരം തീവണ്ടിയിലും പിന്നെ വാനിലുമൊക്കെയായി ഇവിടെ വന്നപ്പോഴും - ഇതാ ഇവിടെയും അവരെത്തിയിരിക്കുന്നു. മണിക്കുട്ടന്റെ പേടി ഈ തടിച്ചി സന്യാസിയുടെ ആൾക്കാരിലാരെങ്കിലുമാണോ എന്നതാണ്‌.

അറുമുഖവും മീനാക്ഷിയും പോയിട്ടും വള്ളിയുടെ പേടി മാറിയില്ല. അവർ പാലത്തിന്റെ ചുവട്ടിൽ എവിടെയെങ്കിലും മറഞ്ഞുനില്പുണ്ടാകുമോ? അവൾ പരിഭ്രമത്തോടെ ചുറ്റിനും നോക്കി. പിന്നീട്‌ അടഞ്ഞുകിടക്കുന്ന അന്തുക്കായുടെ കടയുടെ പരിസരത്തും നോക്കി. ദൂരെനിന്നും പാഞ്ഞുവരുന്ന തീവണ്ടിയുയർത്തുന്ന ചൂളംവിളി അവളുടെ നെഞ്ചിനകത്ത്‌ നിന്നും ഉയർന്നുവരുന്നതുപോലെ. ഈ പുലർകാലത്ത്‌ ഒരു ദുഃസ്വപ്നം പോലെ വന്ന്‌ ഭയപ്പെടുത്തിയിട്ട്‌ അവരെവിടേയ്‌ക്കാണ്‌ പോയത്‌? ആദ്യം കരുതിയത്‌ ആ സ്ര്തീ മണിക്കുട്ടന്റെയാരെങ്കിലുമായിരിക്കുമെന്നാണ്‌. മുരുകൻ ഇന്നലെ പറഞ്ഞതുപോലെ അവന്റെയാൾക്കാർ അവനെ അന്വേഷിച്ച്‌ പിന്നാലെ വന്നതായിരിക്കുമോ? അതോടെ വള്ളിയുടെ നെഞ്ചിടിപ്പ്‌ കൂടി. ഇന്നലെ രാവിലെ മുതൽ ഇതാ ഈ നിമിഷം വരെ ഒരമ്മയുടെ ആത്മനൊമ്പരവും നിർവൃതിയും അനുഭവിക്കുകയായിരുന്നു. ഇല്ല, ഇവനിഷ്ടമുള്ളടത്തോളം കാലം എന്റെ കൂടെ നിൽക്കും. അവന്റെ സമ്മതമില്ലാതെ അവനെ വിടില്ല..

വള്ളി മുറിക്കകത്തേയ്‌ക്കു കയറി. രണ്ടുപേരും ആരെയോ ഭയപ്പെടുന്നു. അതു രണ്ടുപേർക്കും അറിയാം. എങ്കിലും മുതിർന്ന ഒരാൾ എന്ന നിലയ്‌ക്ക്‌ മണിക്കുട്ടനെ സമാധാനിപ്പിക്കേണ്ടത്‌ തന്റെ ചുമതലയാണ്‌.

‘മണിക്കുട്ടാ - നീ വാ - നിന്നെ അമ്മ ഒന്നു കുളിപ്പിക്കട്ടെ. എന്നിട്ട്‌ നമുക്കിവിടെ അടുത്തുള്ള കോവിലിൽ ഒന്നുപോണം. ആ കോവിലിലെ അമ്മയോട്‌ പ്രാർത്ഥിച്ചാൽ മതി; മോനെ ആരും പിടിച്ചോണ്ട്‌ പോവില്ല.’

മണിക്കുട്ടനെ കുളിപ്പിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ഇന്നലെ അവൻ ഡ്രസ്സ്‌ വാങ്ങണമെന്ന്‌ പറഞ്ഞിട്ട്‌ അത്‌ വാങ്ങിയില്ലല്ലോ എന്ന ഓർമ്മ വന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞുവരുമ്പോൾ അവന്‌ നിക്കറും ഉടുപ്പും കൊണ്ടുവരാമെന്ന്‌ പറഞ്ഞുപോയ മുരുകൻ പിന്നെ വന്നത്‌ മുതലാളിക്ക്‌ വേണ്ടി ഒരു ദൂരയാത്ര പോണമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌. ആ ധൃതിയിൽ അയാളത്‌ മറന്നുപോയിക്കാണും. ഇനി അവിടെനിന്ന്‌ മടക്കത്തിൽ വരുമ്പോൾ കൊണ്ടുവരാമെന്ന്‌ കരുതിക്കാണും.

മുരുകന്റെ പഴയ ഒരു ഷർട്ടും പാന്റും പണ്ട്‌ ട്രെയിനിൽ ചായവിറ്റ്‌ നടന്ന കാലത്ത്‌ ഉണ്ടായിരുന്നത്‌ അയാൾ പെട്ടിയിൽ ഭദ്രമായി ഇപ്പോഴും സൂക്ഷിക്കുന്നു. പക്ഷേ കോവിലിൽ പോകുമ്പോൾ അതു പോരെന്ന്‌ തോന്നി. അതുകൊണ്ട്‌ പണ്ട്‌ സേലത്തു നിന്ന്‌ പോരാൻ നേരത്ത്‌ ഭാണ്ഡത്തിലാക്കി വച്ചിരുന്ന ഒരു മുണ്ടെടുത്ത്‌ നിവർത്തി അവനെ ഉടുപ്പിച്ച്‌ കഴിഞ്ഞപ്പോൾ വള്ളിക്ക്‌ നിരാശയായി. ഇതവനൊരിക്കലും ചേർച്ചയില്ല. പെട്ടെന്നഴിഞ്ഞു പോവുന്നു. അവനെ കോവിലിൽ കൊണ്ടുപോകാമെന്നു പറഞ്ഞതാണ്‌. ഈ വേഷത്തിൽ എങ്ങനെ പോവാനാണ്‌? പോരാത്തതിന്‌ ഈ വേഷത്തിൽ അവനെ കണ്ടാൽ ആരും ശ്രദ്ധിക്കും. അത്‌ വേറെ കുഴപ്പത്തിലേയ്‌ക്ക്‌ നീങ്ങാൻ കാരണമാകും. അതുകൊണ്ട്‌ കോവിലിൽ പോക്ക്‌ പിന്നീടാവട്ടേന്ന്‌ വച്ചു.

വള്ളി കുളി കഴിഞ്ഞ്‌ സാരി മാറാനായി പെട്ടി തുറന്നപ്പോഴാണ്‌ അത്ഭുതം! പെട്ടിക്കകത്തൊരു കടലാസ്‌ പായ്‌ക്കറ്റ്‌. തുറന്നപ്പോൾ മണിക്കുട്ടനുള്ള ഡ്രസ്സ്‌! ഇതോടെ മുരുകന്റെ പേരിൽ ആരോപിച്ച മറവിയും കാലുഷ്യവും മാറിയെന്നു മാത്രമല്ല, മുരുകന്‌ മണിക്കുട്ടനോട്‌ സ്നേഹമുണ്ടെന്ന്‌ മനസ്സിലായതോടെ ഏറെ ആഹ്ലാദിക്കുകയും ചെയ്തു. അന്നുരാവിലെ മീനാക്ഷിയെ കണ്ടതോടെയുള്ള പേടിയും വിഭ്രാന്തിയും ഏതാനും നിമിഷനേരത്തേയ്‌ക്ക്‌ മറന്നു.

‘മണിക്കുട്ടാ - ഓടി വാ -’

മണിക്കുട്ടൻ കുളികഴിഞ്ഞ്‌ തലേദിവസത്തെ വേഷത്തിൽ തന്നെ മുരുകന്റെ മുറിയിലെ ജനലിലൂടെ വെളിയിലേക്ക്‌ നോക്കി നിൽക്കുകയായിരുന്നു. അവനിപ്പോഴും നോക്കുന്നത്‌ ആ തടിച്ചസ്ര്തീയേയും ഒറ്റക്കണ്ണനേയുമാണ്‌. ഇന്നലെ രാവിലെ വരെ സന്യാസിയെയായിരുന്നു പേടി. പക്ഷേ ഇന്നുമുതൽ ഇവരെയും പേടിക്കേണ്ട അവസ്ഥ.

വള്ളിയുടെ വിളിയോടെ അവൻ തിരിഞ്ഞ്‌ നോക്കിയപ്പോൾ കണ്ടത്‌ അവളുടെ കയ്യിൽ പുതിയൊരു ട്ര്സറും ഉടുപ്പും. അതോടെ അവന്റെ മുഖത്തും സൂര്യനുദിച്ചതുപോലുള്ള തെളിച്ചം. വള്ളി അവനെയെടുത്ത്‌ മാറത്തും നെറുകയിലും ഉമ്മവച്ചു. അവളുടെ സന്തോഷം മുരുകൻ മണിക്കുട്ടനെ സ്നേഹിച്ചുതുടങ്ങിയെന്നതറിഞ്ഞതു കൊണ്ടായിരുന്നു. അതോടെ രണ്ടുപേരും കോവിലിലേയ്‌ക്ക്‌ പോവാൻ തീരുമാനിച്ചു.

കോവിലിനകത്തേയ്‌ക്ക്‌ കയറാൻ നേരം വള്ളി പറഞ്ഞു ഃ

‘മോനേ - ഇതമ്മയാണ്‌. നമ്മളെയെല്ലാം കാക്കുന്ന അമ്മ. നല്ലതുവരാൻ വേണ്ടി പ്രാർത്ഥിക്ക്‌. നമ്മുടെ എല്ലാ ആവശ്യങ്ങളും അമ്മയോട്‌ പറഞ്ഞാ മതി. അമ്മ കേക്കും.’

മണിക്കുട്ടൻ കോവിലിനകത്തേയ്‌ക്ക്‌ നോക്കി തൊഴുകൈയ്യോടെ നിന്നു. അവനൊന്നേ പ്രാർത്ഥിക്കാനുണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നും പോകാനിടവരരുത്‌. സന്യാസിയുടെയും ഒറ്റക്കണ്ണന്റെയും ആ തടിച്ച സ്ര്തീയുടെയും ഉപദ്രവം ഉണ്ടാവരുത്‌‘.

ആദ്യം നോക്കിയപ്പോൾ കോവിലിന്നകത്ത്‌ പട്ടും വളയും അണിഞ്ഞ്‌ തെച്ചിപ്പൂമാലയും ധരിച്ച്‌ നിൽക്കുന്ന വിഗ്രഹം. ആരെയോ നോക്കി ദേഷ്യപ്പെടുകയാണോ? പക്ഷേ കുറേ കഴിഞ്ഞപ്പോൾ അമ്മ പുഞ്ചിരിക്കുന്നതുപോലെ. അതോടെ മനസ്സിലെ ഭയം വിട്ടകന്നു.

നെറുകയിൽ ഒരു തുള്ളി കണ്ണുനീർ വീണതറിഞ്ഞ്‌ അവൻ വള്ളിയെ തലയുയർത്തി നോക്കിയപ്പോൾ വള്ളി എന്തൊക്കെയോ കണ്ണടച്ച്‌, കൈകൾ കൂപ്പി പിറുപിറുക്കുന്നു. കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകുന്നു. അവൻ വീണ്ടും കോവിലിന്നകത്തേയ്‌ക്ക്‌ നോക്കി. ഇത്തവണ അവന്‌ ഒന്നുകൂടി അപേക്ഷിക്കാനുണ്ടായിരുന്നു! ’അവന്റെ അമ്മയെ ആരും പേടിപ്പിക്കരുത്‌‘.

കോവിലിൽ പോവുന്നതും പ്രാർത്ഥിക്കുന്നതും തീർത്ഥം സേവിക്കുന്നതും പ്രസാദം തൊടുന്നതുമെല്ലാം അവനെ സംബന്ധിച്ചിടത്തോളം ഇന്നേവരെ ഉണ്ടാവാത്ത സംഭവങ്ങളാണ്‌. പളനിയുടെ കൂടെ നടക്കുന്ന സമയത്ത്‌ റോഡിലൂടെ - തലയിൽ കാവടി ചൂടി, കവിളിന്റെ ഇരുവശത്തൂടെയും കയറിയിറങ്ങുന്ന കമ്പിയിൽ ചെറുനാരങ്ങ കോർത്ത്‌ നൃത്തം ചെയ്യുന്നവരെ അവൻ കണ്ടിട്ടുണ്ട്‌. ചെണ്ടകൊട്ടും ഒച്ചവയ്പും ബഹളവും അല്ലാതെ ഇങ്ങനെയൊന്നാദ്യമാണ്‌. കാവടിയാട്ടക്കാരന്റെ കവിളിൽ കൂടി കമ്പി കോർത്ത്‌ രണ്ടറ്റത്തും നാരങ്ങ പിടിപ്പിച്ച ആ നൃത്തം കാണുമ്പോൾ അവൻ വല്ലപ്പോഴും തൊഴുതിട്ടുള്ളത്‌ പേടിയോടെയാണ്‌. പളനിയൊരുമിച്ചുള്ള ഊരുചുറ്റലിനിടയിൽ നിരവധി കോവിലുകൾ കണ്ടിട്ടുണ്ടെങ്കിലും ഒന്നിന്റെയും അകത്ത്‌ കയറി തൊഴാനുള്ള അവസരമുണ്ടായിട്ടില്ല.

കോവിലിന്‌ പുറത്തുകടന്നപ്പോൾ വള്ളിക്കും ഒട്ടൊരു സമാധാനം കൈവന്നിരുന്നു. അവളുടെ പേടി വിട്ടകന്നു.

’മോനെന്താ അമ്മയോട്‌ പറഞ്ഞെ?‘

വള്ളി മണിക്കുട്ടനോട്‌ ചേർന്നു നടന്ന്‌ അവന്റെ കൈപിടിച്ചുകൊണ്ട്‌ ചോദിച്ചു. മണിക്കുട്ടന്‌ നാണംവന്നു. കോവിലിൽ അമ്മയോട്‌ തൊഴുതു പ്രാർത്ഥിച്ച കാര്യം അവനെങ്ങനെ അമ്മയോടു പറയും?

’എന്താ മോനെന്നോട്‌ പറയില്ലെ? വേറെയാരുമല്ലല്ലോ. മോന്റെ അമ്മയല്ലെ?

അതോടെ അവൻ നാണത്തിൽ പൂണ്ട പുഞ്ചിരിയോടെ മൊഴിഞ്ഞു.

‘എനിക്കെന്റെ അമ്മയെ എപ്പോഴും വേണമെന്ന്‌’.

ഏതമ്മയെ? കോവിലിലെയോ?‘

’ങ്‌ഹും -?‘ അവൻ വള്ളിയെ തൊട്ടുകൊണ്ടു പറഞ്ഞു ഃ

’ഈ അമ്മയെ‘

വള്ളി - നിരത്താണെന്നോ, മറ്റുള്ളവർ കാണുമെന്നോ ഒന്നും ഓർത്തില്ല. രണ്ടു കൈയ്യും കൊണ്ടവനെ വാരിയെടുത്തു. എന്നിട്ടവ​‍െൻ കവിളത്തും നെറ്റിയിലും മൂർദ്ധാവിലും മാറിമാറി ഉമ്മവച്ചു.

സത്യത്തിൽ അവന്‌ നാണവും ഇക്കിളിയും വന്നു. എങ്കിലും ഈ സന്തോഷം തുടർന്നും കിട്ടാൻ അവനാഗ്രഹിച്ചു. അവൻ അവളെ കഴുത്തിന്‌ ചുറ്റും മുറുക്കിപ്പിടിച്ചു.

പക്ഷേ, പെട്ടെന്നുണ്ടായ ഒരു കാഴ്‌ച ആ സന്തോഷം തുടർന്ന്‌ കൈക്കൊള്ളാൻ വള്ളിക്ക്‌ കഴിഞ്ഞില്ല. തങ്ങളുടെ വീടിന്‌ മുന്നിൽ വന്ന്‌ തിരിച്ചുപോവുന്ന ഒരു കാറിന്റെ ഉള്ളിലിരിക്കുന്നവരെ കണ്ടതോടെ വള്ളിയുടെ നെഞ്ചിടിപ്പു കൂടി. അവൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നിരുന്ന മീനാക്ഷിയേയും അറുമുഖത്തെയുമാണ്‌ കണ്ടത്‌. അവർ തങ്ങളുടെ വീട്ടിൽവന്ന്‌ തങ്ങളെ കാണാതായതു കൊണ്ട്‌ മടങ്ങുകയാണെന്നു വള്ളിക്കു മനസിലായി. കാറോടിക്കുന്നത്‌ ആരാണെന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

അവർ മണിക്കുട്ടൻ പേടിച്ചപോലെ സന്യാസിയുടെ ആൾക്കാരായിരിക്കും. പക്ഷേ ഇപ്പോൾ കാറിൽ സന്യാസിയില്ല. എങ്കിൽ പിന്നെ അറുമുഖത്തേയും ആ തടിച്ചിയേയും കാറിൽ കൊണ്ടുവന്നയാൾ ആരായിരിക്കും? മണിക്കുട്ടന്റെ അച്ഛനായിരിക്കുമോ? പക്ഷേ അവന്‌ അച്ഛനെപ്പറ്റി അറിയില്ലെന്നാണ്‌ പറയുന്നത്‌. അവന്റെ ഓർമ്മവച്ചനാൾ മുതൽ അവനിങ്ങനെ അലഞ്ഞുതിരിയുന്ന ഒരു അപ്പൂപ്പന്റെ കൂടെയാണെന്നാണ്‌. ഏതായാലും ഇവനേതെങ്കിലും സമ്പന്നകുടുംബത്തിലെ സന്തതിയാവാൻ വഴിയില്ല. പക്ഷേ - കാറിൽ വരണമെങ്കിൽ -?

എങ്കിൽ മണിക്കുട്ടൻ ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്‌ പറയേണ്ടിവരും. വള്ളി ആ നിന്നനില്പിൽ മണിക്കുട്ടനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അവൻ കണ്ണടച്ച്‌ വള്ളിയുടെ കൈകളിൽ അവളുടെ മാറോട്‌ ചേർക്കുന്നു. അവന്റെ ഒരു കൈ വള്ളിയുടെ കഴുത്തിന്‌ വട്ടംചുറ്റി പിടിച്ചിരിക്കുന്നു. തീർച്ചയായും അവനിതുവരെ കിട്ടാത്ത ആഹ്ലാദം ഇപ്പോൾ ലഭിച്ചിരിക്കുന്നുവെന്ന്‌ ആ മുഖം വിളിച്ചു പറയുന്നു. ഒരു പക്ഷെ, അമ്മയുടെ ലാളന ഈ നിമിഷങ്ങളിൽ അനുഭവിക്കുകയാവും. അതോടെ വള്ളിക്ക്‌ മണിക്കുട്ടനെക്കുറിച്ചുള്ള സംശയമെല്ലാം മാറി. ഇവനേതായാലും കള്ളം പറയാനാവില്ല. താൻ സംശയിച്ചതുപോലെ ഇവൻ സമ്പന്ന കുടുംബത്തിലെ സന്തതിയല്ല.

“ഇവൻ എനിക്കായ്‌ നേർന്ന്‌ വച്ചവനാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും - ’ വള്ളി പൊട്ടിക്കരഞ്ഞുപോയി. ഇതുവരെ കളിയും ചിരിയുമായി സന്തോഷിച്ചു നടന്ന വള്ളിക്ക്‌ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിന്റെ കാര്യമറിയാതെ അവൻ പരിഭ്രമിച്ചു. അവൻ പയ്യെ വലതുകൈ കൊണ്ട്‌ വള്ളിയുടെ കണ്ണീർ തുടച്ചു. അതോടെ വള്ളിയുടെ കരച്ചിൽ ഏങ്ങലടിയായി മാറി. നിമിഷങ്ങൾ നീണ്ടുനിന്ന ആ അവസ്ഥയ്‌ക്ക്‌ എന്തോ ഒരു തീരുമാനത്തിലെത്തിയപോലെ വിരാമമിട്ട്‌ കണ്ണീർ തുടച്ചുകൊണ്ട്‌ പറഞ്ഞു; ‘ഇല്ല മോനെ - നിന്നെ ഞാനാർക്കും കൊടുക്കില്ല. ആർക്കും. നീ എന്റെ മോനാ - എന്റെ മോൻ - എന്റേത്‌ മാത്രം’

Previous Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.