പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ദൈവത്തിന്‌ പ്രിയപ്പെട്ടവർ > കൃതി

ഭാഗം ഃ ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ.ചന്ദ്രശേഖരൻ

കറുത്തിരുണ്ട മാനം. ആഞ്ഞടിക്കുന്ന കാറ്റ്‌. ഇടയ്‌ക്കിടയ്‌ക്ക്‌ ചില കൊള്ളിയാൻ വീശുന്നുണ്ടെങ്കിലും മഴ പെയ്യാൻ കുറച്ചുകൂടി സമയമെടുത്തേക്കും.

കാറ്‌ നഗരത്തിലേയ്‌ക്ക്‌ പ്രവേശിച്ച സമയമായിരുന്നു. സന്ധ്യയോടടുക്കുന്നതേ ഉള്ളുവെങ്കിലും ഇരുട്ട്‌ ഇപ്പോഴേ വീണുതുടങ്ങി. മഴ പെയ്യുമോ എന്ന ആശങ്കമൂലമാവണം, ചെറുകിട കടക്കാരെല്ലാം കടകൾ അടയ്‌ക്കാനുള്ള ശ്രമമാണ്‌. നിരത്ത്‌ പൊതുവെ വിജനം.

കഴുത്തിലെ മൂന്നു പവൻ തൂക്കമുള്ള മാലയിലൂടെ ഇടതുകൈ ഇടയ്‌ക്കിടയ്‌ക്ക്‌ തെരുപിടിച്ചുകൊണ്ട്‌ ശിവാനന്ദൻ പിൻസീറ്റിൽ ചാരികിടക്കുകയാണ്‌.

‘എന്തെങ്കിലും ഒന്നു ചിന്തിക്കൂ മനുഷ്യാ’ ശിവാനന്ദൻ സ്വയം പറഞ്ഞു. പറഞ്ഞതു ഉച്ചത്തിലാണെങ്കിലും ഡ്രൈവർ അത്‌ കേട്ടഭാവം നടിച്ചില്ല. തന്റെ മുതലാളിക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ സ്വയം സംസാരിക്കുന്ന ശീലമുണ്ട്‌. എന്തെങ്കിലും ചിന്തിച്ച്‌ തലപുണ്ണാക്കിക്കൊണ്ടിരുന്നാലേ പുതിയ പുതിയ ഐഡിയകൾ തലയിൽ കേറൂ എന്നാണ്‌ അദ്ദേഹം പറയാറ്‌. വണ്ടി ഓടിക്കാത്ത സമയം ഡ്രൈവർ ബാലനോടും മുതലാളി ഇങ്ങനെ പറയും. പെട്ടെന്നോർക്കാപ്പുറത്ത്‌ ഒരു വെളിപാടുപോലെ കിട്ടുന്ന ചിന്താശകലങ്ങൾ കൊണ്ടാണ്‌ ലോകത്തിനിന്നീ കാണുന്ന പുരോഗതി കൈവരിക്കാനായത്‌ എന്നാണ്‌ മുതലാളി പറയുന്നത്‌. ശാസ്‌ത്രജ്ഞന്മാരും കവികളും ചിന്തകരും ഇങ്ങനെ നിരന്തരം ചിന്തിച്ചതുകൊണ്ടല്ലേ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും കാവ്യ സങ്കല്പങ്ങളും ലോകം കീഴ്‌മേൽ മറിക്കുന്ന പുതിയ തത്വസംഹിതകളും രൂപവൽക്കരിക്കപ്പെട്ടത്‌?

അതുകൊണ്ട്‌ ചിന്തിക്കുക. ജോലിയില്ലാതെ വെറുതെയിരിക്കുമ്പോഴും മനസിനെ പുണ്ണാക്കുന്ന സംഘർഷങ്ങളൊന്നുമില്ലാത്തപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കണം. അങ്ങനത്തെ അവസരങ്ങൾ വളരെ വിരളമായേ ലഭിക്കുകയുള്ളൂ.

ശിവാനന്ദൻ ഓർമ്മവച്ച കാലം മുതലേ കച്ചവടവുമായി ബന്ധപ്പെട്ട്‌ നിൽക്കുന്നതായിട്ടാണ്‌ തെളിഞ്ഞുവരുന്നത്‌. അച്ഛൻ നടത്തുന്ന സ്‌റ്റേഷനറി കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന ജോലി. സ്‌കൂളിൽ ഒൻപതാം സ്‌റ്റാൻഡേർഡിൽ അന്തസായി തോറ്റു. അച്ഛൻ പറഞ്ഞു ഃ “നീ പഠിച്ചതൊക്കെ മതി. വാ എന്റെ കൂടെ വാ... അത്യാവശ്യം കണക്കൊക്കെ നിനക്കറിയാമല്ലൊ അല്ലേ?

ശിവാനന്ദന്‌ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. സ്‌കൂളിലെ മാസ്‌റ്റർമാരുടെ തല്ലും പരിഹാസവും ഇല്ലാതെ കഴിയാമല്ലോ എന്നത്‌ ശിവാനന്ദനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌.

സ്‌കൂളിൽ മോശക്കാരനായിരുന്നെങ്കിലും കടയിലെ ജോലിയിൽ സമർത്ഥനാണെന്ന്‌ അച്ഛൻ മനസ്സിലാക്കി. അത്യാവശ്യം എങ്ങോട്ടെങ്കിലും മാറണമെങ്കിലോ, ഉച്ചയൂണു കഴിഞ്ഞ്‌ വീട്ടിൽ അല്പസമയം കിടക്കണമെങ്കിലോ ഇപ്പോൾ സാവകാശം കിട്ടിയിരിക്കുന്നു. സാധനങ്ങൾ എടുക്കാൻ ടൗണിൽ പോണമെങ്കിൽ - ശിവാനന്ദനെ കടയിലിരുത്തി പോവുക അല്ലെങ്കിൽ അവന്റെ കൈയ്യിൽ ലിസ്‌റ്റ്‌ കൊടുത്തുവിടുക - ഏതെങ്കിലും ഒന്ന്‌ തനിക്ക്‌ ചെയ്യാമെന്നായി.

ഒരു വർഷത്തെ സ്‌റ്റോക്കെടുപ്പ്‌ കഴിഞ്ഞപ്പോൾ ശിവാനന്ദന്റെ അച്ഛൻ ഒരു സാഹസിക പ്രവൃത്തി ചെയ്‌തു. കടയുടെ പേർ ‘ഓം മുരുക സ്‌റ്റേഷനറി മാർട്ട്‌’ എന്ന പേരിന്റെ താഴെ ‘പ്രൊപ്രൈറ്റർ ജി. തങ്കപ്പനാചാരി’ എന്നത്‌ മാറ്റി ‘ജി. തങ്കപ്പനാചാരി ആന്റ്‌ സൺ’ എന്നാക്കി.

അതുവേണ്ടിയിരുന്നില്ല എന്നാണ്‌ - ഈ ഉടമസ്ഥാവകാശത്തിൽ പങ്കാളിയായി വരുന്നത്‌ മകനാണെങ്കിലും ഒരാൾക്കൂടി വന്നതു കണ്ടപ്പോൾ - തങ്കപ്പനാചാരിയുടെ സുഹൃത്തുക്കൾ പറഞ്ഞത്‌. ഇനിയും പ്രായപൂർത്തി തികഞ്ഞിട്ടില്ലാത്ത പയ്യനെ പാർട്ട്‌ണറാക്കുക!

അവരിൽ ആരുടെ നാക്കാണ്‌ കരിംനാക്കായി മാറിയതെന്നറിഞ്ഞുകൂടാ - അറംപറ്റിയതുപോലെയായിരുന്നു സംഭവ വികാസങ്ങൾ. ബോർഡും സ്ഥാപിച്ച്‌ മുപ്പതു ദിവസം കഴിയുന്നതിനു മുമ്പ്‌ ജി. തങ്കപ്പനാചാരി മരണമടഞ്ഞു. ടൗണിൽ സ്‌റ്റേഷനറി സാധനങ്ങൾ എടുക്കാൻ പോയ അവർ തിരിച്ച്‌ വീട്ടിൽവന്നത്‌ ശവമായിട്ടാണ്‌. വീട്ടിൽക്കിടന്ന്‌ മരിക്കാൻ യോഗമില്ലെന്ന്‌ പറഞ്ഞാൽ മതിയല്ലോ.

പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്ത നാട്ടുകാർക്ക്‌ പറഞ്ഞു നടക്കാനൊരു വിഷയമായി ‘ മകൻ കാലുകുത്തിയതോടെ അച്ഛൻ വടി!’ പക്ഷേ ശിവാനന്ദൻ കുലുങ്ങിയില്ല. സ്‌റ്റേഷനറി കടയുടെ പേർ കട നിർത്തുന്നതുവരെയും ‘ഓം മുരുക സ്‌റ്റേഷനറി മാർട്ടും’ എന്നും പ്രൊപ്രൈറ്റർ ജി. തങ്കപ്പനാചാരി ആന്റ്‌ സൺ‘ എന്നും തന്നെ തുടർന്നു.

പക്ഷേ സ്‌റ്റേഷനറിക്കടയുടെ ആയുസ്‌ പിന്നീട്‌ രണ്ടുകൊല്ലമേ ഉണ്ടായുള്ളൂ. ഇടയ്‌ക്കിടെയുള്ള സെയിൽ ടാക്സുകാരുടെ വരവും ബിൽ പരിശോധനയും തൊട്ടടുത്ത്‌ തന്നെ പുതിയ കടകൾ വന്നതും എല്ലാം ശിവാനന്ദന്റെ കടയെ ബാധിച്ചു. കട ഒന്നു വിപുലീകരിക്കാനായി കടയോട്‌ ചേർന്ന്‌ ഒരു വെജിറ്റബിൾ ഫ്രൂട്ട്‌ സ്‌റ്റാൾ തുടങ്ങിയതാണ്‌ കുഴപ്പമായത്‌. സാധനങ്ങളുടെ വിലയിൽ വരുന്ന വ്യത്യാസം അറിയാതെയുള്ള കച്ചവടവും ഇടയ്‌ക്കിടെ കട അടച്ചിടുമ്പോൾ വരുന്ന നഷ്ടവും (ബന്ദ്‌, ഹർത്താൽ തുടങ്ങിയ പരിപാടികൾ നാട്ടിൻപുറത്തേക്കും വ്യാപിച്ചു തുടങ്ങിയിരുന്നു) എല്ലാംകൊണ്ടും അച്ഛനോളം സമർത്ഥനല്ല താൻ എന്ന ബോധം വന്നതോടെ ഒരുനാൾ കട വാടക കുടിശികയോടുകൂടി - കടയിലെ സാധനങ്ങൾക്ക്‌ ഒരു കമ്മതിവിലയിട്ട്‌ കെട്ടിട ഉടമസ്ഥനെ ഏല്പിക്കുമ്പോൾ കയ്യിൽ കിട്ടിയത്‌ കഷ്ടി അയ്യായിരം ഉറുപ്പിക.

ഈ അയ്യായിരവും വച്ചൊരു കളി അതായിരുന്നു മനസിലെ പ്ലാൻ. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. വേറെ പ്രാരാബ്ധങ്ങളൊന്നുമില്ല. പെണ്ണു കെട്ടാനുള്ള പ്രായം ഇനിയും ആയിട്ടില്ല. വയസ്‌ ഇരുപത്‌ കഴിഞ്ഞതേയുള്ളൂവെങ്കിലും ചില ആലോചനകൾ വരുന്നുണ്ട്‌. പക്ഷേ ശിവാനന്ദൻ വഴങ്ങിയില്ല. ഇപ്പോഴേ കുരുക്കു കഴുത്തിലിടണോ എന്നാണ്‌ ആലോചനയുമായി വന്നവരോട്‌ ചോദിച്ചത്‌.

ടൗണിൽ ഗവൺമെന്റ്‌ ആശുപത്രിയ്‌ക്ക്‌ തൊട്ടുമുന്നിൽ ഒരു പെട്ടിക്കട. പുറമ്പോക്കിലാണ്‌. വാടകയുടെ പ്രശ്നമില്ല. വല്ലപ്പോഴും ഏമാന്മാരെ സന്തോഷിപ്പിച്ചാൽ മതി. പെട്ടിക്കടയുടെ ഉടമസ്ഥാവകാശം തറയോടുകൂടി കയ്യിൽ കിട്ടിയപ്പോൾ തന്നെ അയ്യായിരവും തീർന്നു. വീട്ടിലെ എരുത്തിൽ നിന്നും രണ്ട്‌ മൂരിക്കുട്ടൻമാരെ പിടിച്ചു കൊടുത്തപ്പോഴേ കടയിലേയ്‌ക്കുള്ള സാധനങ്ങൾ വാങ്ങിവയ്‌ക്കാനുള്ള കാശ്‌ തികഞ്ഞുള്ളൂ. ബീഡി, സിഗരറ്റ്‌, മുറുക്കാൻ കൊണ്ടൊന്നും ആശുപത്രി പരിസരം വിജയിക്കയില്ലെന്ന്‌ മനസിലാക്കാൻ കുറെ നാളുകളെടുത്തു. വൈകുന്നേരം ആവുന്നതോടെ തൊട്ടടുത്തുള്ള പെട്ടിക്കടയിലാണ്‌ തിരക്ക്‌. ആശുപത്രിയിൽ രോഗികൾക്ക്‌ കൂട്ടിനു വരുന്നവർക്കും ആശുപത്രി വരാന്ത അഭയമാകുന്നു. സാമൂഹ്യവിരുദ്ധർക്കും ആവശ്യമുള്ള സാധനങ്ങൾ തന്റെ കടയിലില്ല എന്നതാണ്‌ മുഖ്യകാരണമെന്ന്‌ മനസിലാക്കാൻ ഒരു മാസക്കാലത്തെ സമയമെടുത്തു. മുട്ടയിൽ നിന്നും വിരിഞ്ഞവർവരെ ഉപയോഗിക്കുന്ന ഓരോന്നിന്റെയും പേര്‌ കേട്ട്‌ അന്തംവിട്ടുപോയി.

സർബത്തെന്ന്‌ പറഞ്ഞ്‌ തൊട്ടടുത്തുള്ള കടകളിൽ കൊടുക്കുന്ന സാധനം ഇവിടെയും കിട്ടുമെന്നായപ്പോൾ ആൾക്കാർ ശിവാനന്ദന്റെ കടയിലും വന്നുതുടങ്ങി. രാത്രിയാകുമ്പോൾ സാമൂഹ്യപ്രവർത്തകരെന്ന്‌ പറഞ്ഞ്‌ വരുന്നവർക്കും വേണ്ടത്‌ മാന്യമായ ലഹരിസാധനം തന്നെ. പക്ഷേ, വില അധികം ആവാനും പാടില്ല. സാമൂഹ്യപ്രവർത്തനത്തിന്റെ സമയം രാത്രി ഏഴുമണിവരെയേ ഉള്ളൂ. പിന്നീടവർക്ക്‌ വേറൊരു മുഖമാണ്‌. സ്‌ട്രീറ്റ്‌ലൈറ്റ്‌ പോലും ഇല്ലാത്തത്‌ വലിയൊരനുഗ്രഹം. പകൽ മദ്യവർജ്ജനത്തെപ്പറ്റി പ്രസംഗിച്ച ഒരുവൻ രാത്രിവന്ന്‌ തന്റെ പതിവ്‌ സോഡയെന്ന നിലയിൽ ചോദ്യം എറിഞ്ഞപ്പോഴാണ്‌ സാമൂഹ്യ പ്രവർത്തനത്തിന്‌ പല തലങ്ങളുണ്ടെന്ന്‌ മനസിലായത്‌. ദോഷം പറയരുതല്ലോ. ഈ പകൽമാന്യൻമാർ പൊതുവേ നിരുപദ്രവികളാണ്‌. രാത്രിസമയം അവരുടെ കൂടെ വരുന്ന മദിരാക്ഷികളെ കണ്ടാലും കണ്ണടയ്‌ക്കണം. അത്രമാത്രം. ആശുപത്രി വരാന്ത മാത്രമല്ല, മതിലിനോട്‌ ചേർന്നുള്ള മോർച്ചറിയും ഉപയോഗമില്ലാത്ത അവസരത്തിൽ അവർ പ്രയോജനപ്പെടുത്താറുണ്ട്‌ എന്നറിഞ്ഞ്‌ ശിവാനന്ദൻ ഞെട്ടിപ്പോയിട്ടുണ്ട്‌. വാച്ചറെ കണ്ടാൽ എന്തും സാധിക്കുമെന്നുള്ള അവസ്ഥ. രണ്ടുമൂന്നു കൊല്ലക്കാലം അങ്ങിനെ കഴിഞ്ഞു.

കഷ്ടകാലം വന്നത്‌ പുതിയ സിറ്റി കമ്മീഷണറുടെ രൂപത്തിൽ, അയാളുടെ കീഴിൽ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡ്‌ ആദ്യമേ കൈവച്ചവരുടെ കൂട്ടത്തിൽ ഭരണത്തിലിരിക്കുന്ന പ്രധാന കക്ഷിയുടെ മുഖ്യപ്രവർത്തകരെക്കൂടിയായപ്പോൾ നഗരമാകെ ഇളകിമറിഞ്ഞു. സർവ്വോദയ പ്രവർത്തകരും മദ്യവർജ്ജനക്കാരനും കൂടെയുള്ള സ്‌ത്രീകളും അകത്തായതിന്റെ പിറ്റേന്ന്‌ രാവിലെ ശിവാനന്ദനെ വീട്ടിൽ നിന്ന്‌ വരുന്നവഴി തന്നെ പൊക്കി. തൊണ്ടിയെടുക്കാനായി ആശുപത്രി പടിക്കൽ വന്നപ്പോൾ കണ്ടകാഴ്‌ച ശിവാനന്ദന്റെ കരളുരുകുന്ന തരത്തിലായിരുന്നു. കടയിരിക്കുന്നിടത്ത്‌ നാല്‌ കല്ലുമാത്രം. കടയും കടയിലെ സാധനങ്ങളും എങ്ങോ പോയ്‌മറഞ്ഞു. പുറംപോക്കിൽ അന്യായമായി കയ്യേറിയതിനെതിരെ ആയിരുന്നു കേസ്‌. ലഹരിപാനീയങ്ങളും കഞ്ചാവും വിറ്റത്‌ ചാർജ്ജ്‌ ചെയ്യുന്നത്‌ വേണ്ടെന്ന്‌ വയ്‌ക്കാനുള്ള സന്മനസ്‌ അവര്‌ കാട്ടി. ഈയൊരു സൗമനസ്യം കാട്ടിയതിന്റെ പിന്നിൽ കൂടെകൂടെ വന്ന്‌ തന്റെ വിഹിതം വാങ്ങിയിരുന്നു എസ്‌.ഐ. ആണെന്നറിഞ്ഞപ്പോൾ - ഈ ലോകത്ത്‌ ഇങ്ങനെയും ചിലരുണ്ട്‌ എന്ന സമാധാനമായിരുന്നു ശിവാനന്ദന്‌.

കോടതിവിധി കഴിഞ്ഞ്‌ ശിവാനന്ദനെ വെറുതെ വിട്ടു. പക്ഷേ, അതോടെ അയാൾ പെരുവഴിയിലായി എന്നു പറയുന്നതാവും ശരി. കട പോയി, കയ്യിലൊരു കാശുമില്ല, നാട്ടിൻപുറത്തുള്ള വീട്ടിലെ തൊടിയിലുള്ള അല്ലറചില്ലറ കൃഷികൾ കൊണ്ടെന്തു പ്രയോജനം?

ഒരു മാസത്തോളം വീട്ടിൽ ചടഞ്ഞുകൂടി. പത്തുരൂപ പോലും പോക്കറ്റിലില്ലാത്ത അവസ്ഥ ആദ്യമായറിഞ്ഞു. ജീവിതത്തിൽ ഇങ്ങനത്തെ ബുദ്ധിമുട്ട്‌ ഇന്നേവരെ അനുഭവിച്ചിട്ടില്ല. പഠിക്കുന്ന കാലംതൊട്ടേ നാണയത്തിന്റെ കിലുക്കം കേട്ട്‌ നടന്നവനാണ്‌ ഇന്നിപ്പോൾ എങ്ങോട്ടെങ്കിലും ഒന്നു പോണംന്ന്‌ വച്ചാൽപോലും അതിനുള്ള വഴിയില്ല. അമ്മയെ വീട്ടിൽ തനിച്ചാക്കിയിട്ടും പോണം എന്നുള്ളത്‌ വേറൊരു ബുദ്ധിമുട്ട്‌. ചിന്തിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും എപ്പോഴെങ്കിലും പ്രയോജനപ്പെടുമെന്ന്‌ മനസ്സിലാക്കിയത്‌ അന്നാണ്‌. വെറുതെയിരിക്കുമ്പോൾ ഭാവന കാടുകയറാത്ത വിധത്തിൽ എന്തെങ്കിലും ചിന്തിക്കുക. അതുകൊണ്ട്‌ തന്നെ ചില ഉറച്ച തീരുമാനത്തിലെത്താനും കഴിഞ്ഞു. അങ്ങനെയാണ്‌ ശിവാനന്ദൻ ആ സാഹസികത്വത്തിന്‌ തുനിഞ്ഞത്‌.

അമ്മയുടെ പെട്ടിയിൽ കരുതൽ ധനമെന്നോണം സൂക്ഷിച്ചിരുന്ന അച്ഛനുള്ളപ്പോൾ മുതൽ തുടങ്ങിവച്ച ശീലമായിരുന്നു - തുകയിൽ എണ്ണിനോക്കാതെ തന്നെ കുറെ രൂപയെടുത്ത്‌ ഒരു ദിവസം രാവിലെ ടൗണിൽ പോയിട്ടുവരാമെന്നു പറഞ്ഞ്‌ വണ്ടിയിൽ കയറിയതാണ്‌ അമ്മയുടെ കണ്ണീർ കാണാനുള്ള കരുത്തില്ലാത്തതുകൊണ്ട്‌ സത്യം പറഞ്ഞില്ല.

അമ്മ മരിച്ചുപോയെങ്കിലും അമ്മയെക്കുറിച്ചുള്ള ഓർമ്മ ഇന്നും മനസിനെ അലട്ടുന്നു. അതു യാതൊരു മുൻനിശ്ചയവുമില്ലാതെയെന്നവണ്ണം കടന്നുവരികയാണ്‌. അമ്മ എങ്ങനെയായിരുന്നു താനില്ലാത്തപ്പോൾ കഴിഞ്ഞുകൂടിയിരിക്കുക? യാതൊരു അല്ലലുമില്ലാതെ അലട്ടലുമില്ലാതെ കഴിഞ്ഞിരുന്ന അമ്മ പട്ടിണി കിടന്നിരിക്കുമോ? അവസാനം നാട്ടിലുള്ള ചിറ്റപ്പനൊരു കത്തെഴുതി; ”തൽക്കാലം നാട്ടിലേയ്‌ക്കില്ല. അമ്മയുടെ കാര്യങ്ങൾ ചിറ്റപ്പനെ ഏൽപ്പിക്കുകയാണ്‌. നേരിൽക്കണ്ട്‌ യാത്ര പറയാമെന്ന്‌ വച്ചാൽ നിങ്ങൾ സമ്മതിക്കില്ല. ഇനി അവിടെ നിന്നാൽ അച്ഛൻ, നാട്ടിൽ ഒന്നുമല്ലേലിലും സമ്പാദിച്ചിരുന്ന സൽപ്പേരിന്‌ കളങ്കം വീഴ്‌ത്താനേ കഴിയൂ. അതുകൊണ്ട്‌ സ്ഥലം വിടുന്നു. അമ്മയുടെ കാര്യം ചിറ്റപ്പൻ തന്നെ നോക്കണം.

ആ കത്തെഴുതി പോസ്‌റ്റ്‌ ചെയ്‌ത്‌ കഴിഞ്ഞപ്പോഴേ സമാധാനമായുള്ളൂ. പിന്നീട്‌ അമ്മയെ കാണുന്നത്‌ മൂന്നുവർഷങ്ങൾക്കുശേഷം നാട്ടിൽ ചെന്നപ്പോൾ. ചിറ്റപ്പൻ ഏതായാലും നല്ലൊരു കാര്യം ചെയ്‌തു. അമ്മയെ അങ്ങേരുടെ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി. അവിടെ വലിയ അല്ലലൊന്നുമില്ലാതെ മരിക്കുന്നേടം വരെ കഴിഞ്ഞു. വീടും പറമ്പും അമ്മ വല്ലപ്പോഴും വന്നു നോക്കുമായിരുന്നു. അമ്മ മരിച്ചതോടെ അതിനും ആളില്ലാതെ വന്നപ്പോഴാണ്‌ ഇനി നാട്ടിൽ കഴിയുന്നില്ല എന്ന്‌ തീരുമാനിച്ച്‌ അത്‌ വിറ്റത്‌. പിന്നീട്‌ നഗരത്തിനടുത്ത്‌ കഴിച്ച്‌ അമ്പത്‌ സെന്റ്‌ വരുന്ന ചെറിയൊരു തെങ്ങിൻ തോപ്പ്‌ വാങ്ങി. നഗരത്തിന്റെ തെക്കേ അറ്റത്ത്‌ ചെറിയൊരു തെങ്ങിൻതോപ്പ്‌ വാങ്ങി. നഗരത്തിന്റെ തെക്കേ അറ്റത്ത്‌ ചെറിയൊരു വീടും വാങ്ങി. പമ്പ്‌ സെറ്റുകളുടെ ഏജൻസി എടുത്ത്‌ വീട്ടിൽത്തന്നെ ഓഫീസും താമസവുമായി കഴിഞ്ഞു.

എന്താണ്‌ പണി എന്ന്‌ ഒരിക്കൽ ചിറ്റപ്പൻ ചോദിച്ചപ്പോൾ വ്യക്തമായൊരു മറുപടി നൽകാനില്ലായിരുന്നു. നിർബന്ധിച്ചപ്പോൾ പറഞ്ഞു ഃ“ഏജൻസി പണിയാണ്‌. വലിയ നഗരങ്ങളിൽ നിന്ന്‌ മോട്ടോർ പമ്പു വാങ്ങി കമ്മീഷൻ വ്യവസ്ഥയിൽ വിൽപന നടത്തുന്ന പണി.” കൂടുതലൊന്നും ചോദിച്ചില്ല. അത്‌ ഭാഗ്യമായി കരുതി.

പെട്ടന്നാണ്‌ വണ്ടി നിന്നത്‌. “ങ്‌...എന്തുപറ്റി?

”വൈപ്പർ വർക്കു ചെയ്യുന്നില്ല. മുമ്പോട്ട്‌ നോക്കീട്ട്‌ കാണാൻ വയ്യാ“ തകർത്ത്‌ പെയ്യുന്ന മഴ. പിൻ സീറ്റിൽ ചാരിയിരുന്ന്‌ ആലോചിച്ചപ്പോൾ പതിവില്ലാതെ മനസ്സിലേക്ക്‌ കയറിവന്നത്‌ ചെറുപ്പകാലത്തെ സാഹസികതകൾ. നന്നെ ചെറുപ്പത്തിൽ ഉത്തരവാദിത്വം തലയിൽ കയറിവന്നതു മുതലുള്ള സംഭവങ്ങൾ ഏറെക്കുറെ അടുക്കോടെ ”എന്നെ ഓർക്കൂ... എന്നെ ഓർക്കൂ“ എന്ന മട്ടോടെ തിക്കിതിരക്കിയപ്പോൾ സമയം മറന്നു. മഴതുടങ്ങിയത്‌ എപ്പോഴായിരിക്കും?

’ഓ വെറുതെ ചിന്തിക്കടെ‘ എന്ന്‌ പറഞ്ഞ്‌ ഭൂതകാലത്തിന്റെ സുഖകരമല്ലാത്ത അവസ്ഥയിൽ തുടങ്ങി നിന്നത്‌ ഓർക്കുന്നു. ആ ഓർമ്മയുടെ മേച്ചിൽപ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞതുകൊണ്ട്‌ മഴ തുടങ്ങിയതും മുറുകിയതും അറിഞ്ഞില്ല. ഇടയ്‌ക്കിടെ മിന്നുന്ന കൊള്ളിയാൻ മൂലം എത്തപ്പെട്ട സ്ഥലം മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ആറേഴ്‌ കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരിക്കുന്നു. സൈഡ്‌ഗ്ലാസ്‌ അറിയാതെ ഒന്ന്‌ താഴ്‌ത്തിയപ്പോൾ പുറമെ നിന്നാഞ്ഞടിക്കുന്ന കാറ്റിൽ കുറെ വെള്ളം മുഖത്തടിച്ചു. പെട്ടെന്ന്‌ തന്നെ ഗ്ലാസ്‌ ഉയർത്തി. പക്ഷേ, അതിനിടയിൽ ഒരു കാഴ്‌ച കണ്ടു. ഒരു കൊച്ചു പയ്യൻ മുറിക്കാലുറയും കീറിയ ഷർട്ടുമിട്ട്‌ അടുത്തുള്ള കടയുടെ വരാന്തയിലേക്ക്‌ ഒതുങ്ങിക്കൂടുന്നു. ഇവൻ മുമ്പ്‌ തന്റെ സംഘത്തിലുണ്ടായിരുന്ന ഒരു പയ്യന്റെ ഓർമ്മയുണർത്തുന്നു. പിന്നെ കുട്ടികളെ വേണ്ടെന്ന്‌ വയ്‌ക്കുന്നിടം വരെ അവനുണ്ടായിരുന്നു. പക്ഷേ അവന്‌ ഇപ്പോൾ ഈ വളർച്ച പോരല്ലോ. കുറച്ചുകൂടി പൊക്കം വച്ചു കാണണം. അതോ അവൻ അനാഥാലയത്തിൽ നിന്നും ഒളിച്ചുപോന്നതായിരിക്കുമോ?

ടൗണിലെ തന്റെ വീടെത്തുന്നതുവരെയും അതൊരു സമസ്യപോലെ മനസിൽ കോർത്ത്‌ നിൽക്കുന്നു. പോർച്ചിൽ കാർ നിർത്തിയപ്പോൾ ശിവാനന്ദൻ ഡ്രൈവറോട്‌ പറഞ്ഞു. ”എടോ നമ്മുടെ കാറ്‌ വൈപ്പർ വർക്ക്‌ ചെയ്യുന്നില്ലാന്ന്‌ പറഞ്ഞ്‌ നിർത്തിയില്ലെ? അരമണിക്കൂറു മുൻപ്‌. അവിടെ അടുത്തുള്ള കടയിൽ ഒരു കൊച്ചുപ്പയ്യനെ കണ്ടാർന്നോ? അവൻ മുമ്പ്‌ നമ്മുടെ സംഘത്തിൽപ്പെട്ടവനായിരുന്നോന്നൊരു സംശയം. മുരുകന്‌ ചിലപ്പം പറയാൻ കഴിയും. താൻ ചെന്ന്‌ മുരുകനെ കൂട്ട്‌“ കൂടുതലൊന്നും പറയാതെ ശിവാനന്ദൻ അകത്തേയ്‌ക്ക്‌ കയറി.

 Next

എം.കെ.ചന്ദ്രശേഖരൻ

558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7.


Phone: 9895033583




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.